Read Time:20 Minute

സുദേവൻ എസ്”

ഡയറക്റ്റർ, കാലാവസ്ഥാ നിരീക്ഷണ നിലയം, തിരുവനന്തപുരം

 

ലോകത്തിന്റെ പല ഭാഗങ്ങളിലും കാണപ്പെടുന്ന മണ്‍സൂണ്‍ എന്ന കാലാവസ്ഥാ പ്രതിഭാസത്തില്‍ ഏറ്റവും ശ്രദ്ധേയമായതാണ് ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലും തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലും ചൈനയിലും ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ അവസാനം വരെ അനുഭവപ്പെടുന്ന മണ്‍സൂണ്‍ കാലാവസ്ഥ.

rain-316579_640

ലോകജനസംഖ്യയില്‍ നല്ലൊരുഭാഗം അധിവസിക്കുന്ന ഈ മേഖലയിലും ഇവിടുത്തെ സാമ്പത്തിക സ്ഥിതിയിലും വളരെ നിര്‍ണായകമായ സ്വാധീനം ചെലുത്തുന്ന ഈ കാലാവസ്ഥാ പ്രതിഭാസം ആഗോളശ്രദ്ധ പിടിച്ചുപറ്റുന്നതില്‍ അത്ഭുതപ്പെടാനില്ല. ഇന്ത്യയുടെ ആഭ്യന്തര ഉല്‍പ്പാദനത്തില്‍ കൃഷിയും അനുബന്ധ വ്യവസായങ്ങളും വളരെ പ്രധാനമാണ്. കൃഷിയുമായി ബന്ധപ്പെട്ട സമ്പദ്ഘടനയിൽ, ഗാർഹികാവശ്യങ്ങൾക്കും ജലസേചനാവശ്യങ്ങള്‍ക്കുമുള്ള ജലവും വൈദ്യുതപദ്ധതികൾക്കും മറ്റ് ഉല്‍പ്പാദന മേഖലകള്‍ക്കും ആവശ്യമായ ജലവും പ്രദാനം ചെയ്യുന്ന ഈ കാലാവസ്ഥാ പ്രതിഭാസം നമ്മള്‍ വളരെ ജിജ്ഞാസയോടെയാണ് നോക്കിക്കാണുന്നത്. 1870കളില്‍ തുടരെയുണ്ടായ വരള്‍ച്ചയും പ്രകൃതിക്ഷോഭങ്ങളും അതുമൂലമുണ്ടായ കെടുതികളും കാലാവസ്ഥാവകുപ്പിന്റെ രൂപീകരണത്തിനും പില്‍ക്കാലത്ത് ഇന്ത്യയില്‍ ഉടനീളം നിരീക്ഷണ കേന്ദ്രങ്ങളും വര്‍ഷമാപിനികളും സ്ഥാപിക്കപ്പെടുന്നതിനും അവയിലൂടെ ശേഖരിക്കുന്ന വിവരങ്ങള്‍ വിവിധ മേഖലകളിൽ ഉപയോഗപ്പെടുത്തുന്നതിനും അവസരം ഒരുക്കി. അതുമൂലം രാജ്യത്ത് പല വര്‍ഷങ്ങളിലും അനുഭവപ്പെട്ട വരള്‍ച്ചയും വെള്ളപ്പൊക്കവും കൃത്യമായി അപഗ്രഥിക്കാനും അവയെ അതിജീവിക്കാനുള്ള കര്‍മപരിപാടികള്‍ ആസൂത്രണം ചെയ്യാനും നാം പ്രാപ്തരായി.

Rain in Keralaസാധാരണഗതിയില്‍ മെയ്മാസം ഇരുപതാം തീയതിയോടെ ആന്‍ഡമാന്‍ ദ്വീപുകളില്‍ വ്യാപിക്കുന്ന മണ്‍സൂണ്‍ കാലാവസ്ഥ ജൂണ്‍ ഒന്നാം തീയതി കന്യാകുമാരി കടന്ന് വടക്കോട്ട് നീങ്ങി തുടങ്ങും. അഞ്ചാം തീയതി കര്‍ണാടകയും പത്താം തീയതിയോടെ മഹാരാഷ്ട്രയും തെലുങ്കാനയും ഒഡിഷയുടെ തീരപ്രദേശങ്ങളും പശ്ചിമബംഗാളും കടന്ന് ഈ പ്രയാണം ജൂലൈ പതിനഞ്ചാം തീയതിയോടെ രാജസ്ഥാന്‍ ഉള്‍പ്പെടെ രാജ്യം മുഴുവന്‍ വ്യാപിക്കുന്നു. മൺസൂണിന്റെ പ്രയാണവും വ്യാപനവും പല കാലാവസ്ഥാ ഘടകങ്ങളെയും ആശ്രയിച്ചാണിരിക്കുന്നത്. മുൻ പറഞ്ഞ രീതിയിൽ സ്ഥിരതയോടും ചിട്ടയോടും ഉള്ള മൺസൂൺ വ്യാപനത്തില്‍ ചില വര്‍ഷങ്ങളില്‍ മാറ്റം മറിച്ചിലുകള്‍ ഉണ്ടാവുകയും തന്മൂലം, ലഭിക്കേണ്ട മഴയില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാവുകയും ചെയ്യുന്നു. കൃത്യസമയത്തു മണ്‍സൂണ്‍ വ്യാപിച്ചാലും രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ വരള്‍ച്ചയോ അധികമഴമൂലമുള്ള വെള്ളപ്പൊക്കമോ സാധാരണമാണ്. ഈ ഏറ്റക്കുറച്ചിലുകള്‍ ഒരു പരിധിവരെ മുന്‍കൂട്ടി പ്രവചിക്കാനും അതിനെ അതിജീവിക്കാനുള്ള തയ്യാറെടുപ്പുകള്‍ നടത്താനും നമുക്കാകുന്നു. ഒരു മണ്‍സൂണ്‍ കാലഘട്ടത്തിലേക്കുള്ള (June to September) പ്രവചനം കാലാവസ്ഥാ വകുപ്പ് എല്ലാവര്‍ഷവും രണ്ടു ഘട്ടങ്ങളിലായി (ഏപ്രില്‍ മാസത്തിലും ജൂണിലും) നടത്തിവരുന്നു. അപ്രകാരം നടപ്പുവര്‍ഷം ശരാശരി മഴയുടെ 106 ശതമാനം (+/- 4%)ആണ് പ്രതീക്ഷിച്ചിരുന്നത്. തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍കാലം അവസാനിച്ചപ്പോള്‍ നമുക്ക് 97 ശതമാനം മഴ ലഭ്യമായി. മഴയുടെ അളവും അതിന്റെ വ്യാപനവും നല്ലനിലയില്‍ ആയതിനാല്‍ ഭൂരിപക്ഷം സംസ്ഥാനങ്ങളിലും കാര്‍ഷികമേഖലയിലും മറ്റും നല്ല അന്തരീക്ഷം സംജാതമായി.

Weather Predictionഏതെങ്കിലും സംസ്ഥാനങ്ങളിലോ ജില്ലയിലോ ലഭിക്കേണ്ട മഴയുടെ 50ശതമാനം മുതല്‍ 75 ശതമാനം വരെയേ ലഭിക്കുന്നുള്ളൂ എങ്കില്‍ അതിനെ ലഘുവായ വരള്‍ച്ചയെന്നും 50 ശതമാനത്തില്‍ കുറവേ ലഭിക്കുന്നുള്ളൂ എങ്കില്‍ കഠിനമായ വരള്‍ച്ചയെന്നും നിര്‍വചിക്കും. ഇന്ത്യപോലെ അതിവിശാലമായ രാജ്യത്ത് രാജ്യം മുഴുവന്‍ വ്യാപിക്കുന്ന വരള്‍ച്ചയ്ക്ക് സാധ്യതയില്ല. 75 ശതമാനമോ അതില്‍ കുറവോ മഴ രാജ്യത്തിന്റെ 20 ശതമാനം ഭൂപ്രദേശത്തെങ്കിലും അനുഭവപ്പെട്ടാല്‍ അതിനെ ഒരു വരള്‍ച്ചാവര്‍ഷമായി കണക്കാക്കും. കഴിഞ്ഞ ഇരുനൂറില്‍പ്പരം വര്‍ഷങ്ങള്‍ക്കിടയില്‍ (1801 മുതല്‍) ഇത്തരത്തില്‍ 44 വരള്‍ച്ചാവര്‍ഷങ്ങളുണ്ടായിരുന്നു. ഇതില്‍ തന്നെ നാലു തവണ, തുടർന്നുള്ള വര്‍ഷങ്ങളും വരള്‍ച്ചാവര്‍ഷങ്ങള്‍ ആയിരുന്നു. 1832-1833, 1904-1905, 1965-1966, 1971-1972 വര്‍ഷങ്ങള്‍. ഇതില്‍ 1971-72 വര്‍ഷങ്ങളിൽ വരള്‍ച്ചയും യുദ്ധക്കെടുതികളും ഒരേസമയം നമ്മള്‍ അതിജീവിച്ചു. 1918ല്‍ അനുഭവപ്പെട്ട വരള്‍ച്ചയായിരുന്നു ഏറ്റവും തീവ്രമായത്. അന്ന്, 49 ശതമാനം മഴക്കുറവ് രാജ്യത്തിന്റെ 71 ശതമാനം ഭൂപ്രദേശത്തും അനുഭവപ്പെട്ടു. അതിനുശേഷം 1987ല്‍ അനുഭവപ്പെട്ട വരള്‍ച്ച 45 ശതമാനം മഴക്കുറവില്‍ രാജ്യത്തിന്റെ പകുതി പ്രദേശത്തും വ്യാപിച്ചു. രാജ്യത്തെ 5,11,300 ചതുരശ്ര കിലോമീറ്റര്‍ പ്രദേശം വരള്‍ച്ചാബാധിത പ്രദേശമായി കണക്കാക്കാം.

[box type=”warning” align=”” class=”” width=””]വരള്‍ച്ചപോലെ വെള്ളപ്പൊക്കവും നാശം വിതയ്ക്കുന്നുണ്ട്. വരള്‍ച്ച ദീര്‍ഘ കാലം (അടുത്ത നല്ല മണ്‍സൂണ്‍ കാലം വരെ) നിലനില്‍ക്കുമ്പോള്‍ വെള്ളപ്പൊക്കം കുറച്ചുദിവസം മാത്രം അനുഭവപ്പെടുന്നു. രണ്ടു പ്രതിഭാസങ്ങളും രാജ്യത്തിന്റെ സമ്പത്തില്‍ (ജീവജാലങ്ങള്‍ ഉള്‍പ്പെടെ) വലിയ നാശനഷ്ടങ്ങള്‍ വരുത്തുന്നുണ്ട്. അതിനെ, വിശേഷിച്ചും വരള്‍ച്ചയെ നേരിടാന്‍ കൃത്യമായ കര്‍മപരിപാടികള്‍ ആസൂത്രണം ചെയ്യേണ്ടതുണ്ട്. മഹാത്മാഗന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി കഴിഞ്ഞ വരള്‍ച്ചയെ നേരിടുന്നതില്‍ വലിയ പങ്കുവഹിച്ചിരുന്നു.[/box]
india_southwest_summer_monsoon_onset_map_en
തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം ഇന്ത്യയില്‍ | കടപ്പാട് : https://commons.wikimedia.org/wiki/File:India_southwest_summer_monsoon_onset_map_en.svg

കാലവര്‍ഷത്തിന്റെ കേരളത്തിലേക്കുള്ള പ്രവേശനത്തിലും പല വര്‍ഷങ്ങളിലും വളരെ മാറ്റങ്ങള്‍ കണ്ടിട്ടുണ്ട്. ജൂണ്‍ ഒന്നാം തീയതിയോ അടുത്തുള്ള ദിവസങ്ങളോ ആണ് സാധാരണയെങ്കിലും കഴിഞ്ഞ പത്തു വര്‍ഷത്തിനുള്ളില്‍ 2009 ല്‍ മെയ്മാസം 23-ാം തീയതിയും 2005, 2012 വര്‍ഷങ്ങളില്‍ ജൂണ്‍ 5നും ആയിരുന്നു പ്രവേശനം. രേഖപ്പെടുത്തപ്പെട്ട ഏറ്റവും മുന്നേയുള്ള പ്രവേശം, 1918ലും 1955ലും ആയിരുന്നു, മെയ് 11-ാം തീയതി .അതുപോലെ ഏറ്റവും താമസിച്ച പ്രവേശം 1972 ജൂണ്‍ 18-ാം തീയതിയും. പ്രവേശന തീയതി പോലെ തന്നെ പ്രധാനമാണ് അതിന്റെ തീവ്രതയും. ചില വര്‍ഷങ്ങളില്‍ വളരെ ശക്തമായിട്ടാ യിരിക്കും മഴയുടെ തുടക്കം തന്നെ. മറ്റുചില വര്‍ഷങ്ങളില്‍ വളരെ ദുർബലമായിരിക്കും തുടക്കം.. കാലവര്‍ഷത്തിന്റെ പ്രവേശനം നിര്‍വചിക്കപ്പെടുന്നത് മഴയുടെ വ്യാപ്തി നോക്കി മാത്രമല്ല; അന്തരീക്ഷത്തിലെ താഴത്തെ 4.5 കിലോമീറ്റര്‍ മേഖലയിലെ കാറ്റിന്റെ ദിശയും ശക്തിയും ഭൂഉപരിതലത്തില്‍ നിന്നും പ്രസരിക്കുന്ന ഊര്‍ജത്തിന്റെ എത്രകണ്ടു അന്തരീക്ഷത്തിന്റെ ഉപരിതലത്തില്‍ നിന്നും നിര്‍ഗമിക്കുന്നു എന്നതും അതിന്റെ അളവു കോലുകളാണ്. കാലവര്‍ഷത്തിന്റെ കേരള പ്രവേശനം ആകാംക്ഷയോടെയാണ് ഇന്ത്യന്‍ സാമ്പത്തിക മേഖല നോക്കികാണുന്നത്. അതിന്റെ സ്വാധീനം ഓഹരി കമ്പോളത്തിൽ വരെ പ്രതിഫലിക്കുന്നതായി കാണാം.

തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം വടക്കേ ഇന്ത്യയില്‍ നിന്നും സെപ്റ്റംബര്‍ 1-ാം തീയതിയോടെ വിടവാങ്ങാന്‍ തുടങ്ങുന്നു. സെപ്റ്റംബര്‍ 10-ാം തീയതിയോടെ, കച്ച്, രാജസ്ഥാന്‍, ഡെല്‍ഹി എന്നിവിടങ്ങളില്‍ നിന്നും ഒക്ടോബര്‍ 1-ാം തീയതിയോടെ മഹാരാഷ്ട്ര, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ് ഭാഗങ്ങളില്‍ നിന്നും 15-ാം തീയതിയോടെ ഗോവ, ഹൈദരാബാദ്, വിശാഖപട്ടണം മുതലായ സ്ഥലങ്ങളില്‍ നിന്നും പിന്‍വാങ്ങുന്നു. അതിനുശേഷം പിന്‍വാങ്ങല്‍ തുടരുന്നുവെങ്കിലും ആ കാലഘട്ടം വടക്കുകിഴക്കന്‍ കാലവര്‍ഷമായി ദക്ഷിണേന്ത്യയില്‍ അറിയപ്പെടുന്നു. ഡിസംബറോടെ ഈ പ്രതിഭാസവും കേരളത്തില്‍ നിന്നും പൂര്‍ണമായി പിന്മാറും. മേല്‍പ്പറഞ്ഞതില്‍ നിന്നും തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷകാലം ഏറ്റവും കുറവ് രാജസ്ഥാനില്‍ ആണെന്നു കാണാം.

rain-measure-meter
മഴമാപിനി | കടപ്പാട് : https://www.flickr.com/photos/brostad/6138910321

അടുത്തതായി കാലവര്‍ഷക്കാലം കേരളത്തില്‍ എങ്ങനെ എന്നു നോക്കാം. ജൂണ്‍ 1-ാം തീയതിയോടെ ആരംഭിക്കുന്ന കാലവര്‍ഷകാലം ഡിസംബറോടെ അവസാനിക്കുന്നു. ഈ കാലയളവിനെ രണ്ടായി കണക്കാക്കാം. ജൂണ്‍ 10-ാം തീയതി മുതല്‍ സെപ്റ്റംബര്‍ 30-ാം തീയതി വരെയുള്ള തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷവും ഒക്ടോബര്‍ 1-ാം തീയതി മുതല്‍ ഡിസംബര്‍ 30-ാം തീയതി വരെയുള്ള വടക്കുകിഴക്കന്‍ കാലവര്‍ഷവും (തുലാവര്‍ഷം) കേരളത്തില്‍ ലഭിക്കുന്ന മഴയുടെ 70 ശതമാനം തെക്കുപടിഞ്ഞാറൻ കാലവര്‍ഷക്കാലത്താണ് ലഭിക്കുന്നത് ( 2040 മി.മീറ്റര്‍). ഇതില്‍ തന്നെ ഭൂപ്രകൃതിയുടെ പ്രത്യേകതകള്‍ കാരണം ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകുന്നു. കേരളത്തിന്റെ തെക്കു നിന്നും വടക്കോട്ട് മഴയുടെ തോത് കൂടുകയും ചെയ്യുന്നു. അതുപോലെ തന്നെ തീരപ്രദേശങ്ങളില്‍ നിന്നും കിഴക്കോട്ടും മഴയുടെ തോത് കൂടും. പശ്ചമഘട്ടമേഖലയില്‍ ഇത് ഏറ്റവും കൂടുതലായിരിക്കും. തെക്കന്‍ കേരളത്തില്‍ പീരുമേട്ടില്‍ ശരാശരി 3770 മി.മീറ്ററും നേര്യമംഗലത്ത് ശരാശരി 3830 മി.മീറ്ററും മഴ ലഭിക്കുമ്പോള്‍ വടക്കന്‍ കേരളത്തില്‍ വൈത്തിരിയില്‍ ശരാശരി 3580 മി.മീറ്ററും കുറ്റ്യാടിയില്‍ ശരാശരി 3380 മി.മീറ്ററും മഴ ലഭിക്കുന്നു.

മഴയുടെ അളവുപോലെ തന്നെ പ്രധാനമാണ് മഴദിനങ്ങളും. 2.5 മി.മീറ്റര്‍ മഴ എങ്കിലും ലഭിക്കുന്ന ദിനങ്ങളെ മഴദിനങ്ങളായി കണക്കാക്കാം. തുടരെയുള്ള ദീര്‍ഘമായ മഴദിനങ്ങള്‍ അഭികാമ്യമല്ല. അതു പ്രകൃതിദുരന്തങ്ങള്‍ക്കും പകര്‍ച്ചവ്യാധികള്‍ക്കും കാരണമാകുന്നു. കേരളത്തില്‍ ജൂണ്‍ – സെപ്റ്റംബര്‍ കാലയളവില്‍ ലഭിക്കുന്ന 2040 മി.മീറ്റര്‍ മഴ 79 മഴദിനങ്ങളിലായിട്ടാണ് നമുക്ക് ലഭിക്കുന്നത്. അതില്‍ 670 മി.മീറ്റര്‍ മഴ 23 മഴദിനങ്ങളിലായി ജൂണിലും 680 മി.മീറ്റര്‍ 24 മഴദിനങ്ങളിലായി ജൂലായിലും 420 മി.മീറ്റര്‍ 19 മഴദിനങ്ങളിലായി ആഗസ്റ്റിലും 240 മി.മീറ്റര്‍ മഴ 13 മഴദിനങ്ങളിലായി സെപ്റ്റംബറിലും ലഭിക്കുന്നു. അതുപോലെ വടക്കുകിഴക്കന്‍ കാലവര്‍ഷം (തുലാവര്‍ഷം) 310മി.മീറ്റര്‍ മഴ 14 മഴദിനങ്ങളിലായി ഒക്ടോബറിലും 190 മി.മീറ്റര്‍ മഴ 9 മഴദിനങ്ങളിലായി നവംബറിലും ലഭിക്കുന്നു.

[box type=”info” align=”” class=”” width=””]മഴദിനങ്ങളില്‍ 70 മി.മീറ്ററില്‍ കൂടുതല്‍ ആണെങ്കില്‍ ശക്തമായ മഴയെന്നും 130 മി.മീറ്ററില്‍ കൂടുതല്‍ എങ്കില്‍ അതിശക്തമായ മഴയെന്നും 230 മി.മീറ്ററില്‍ കൂടുതല്‍ എങ്കില്‍ അതീവ ശക്തമായ മഴയെന്നും, ഒരു സ്ഥലത്തു ഇതുവരെ ലഭിച്ചിട്ടുള്ള ഏറ്റവും കൂടിയ മഴയുടെ അത്രയും അടുത്താണെങ്കില്‍ അഭൂതപൂര്‍വമായ മഴയെന്നും വിശേഷിപ്പിക്കാം. ഇതിനുള്ള സാധ്യതയുണ്ടെങ്കില്‍ ബന്ധപ്പെട്ട സംസ്ഥാന സര്‍ക്കാറുകള്‍ക്കും ദുരന്തനിവാരണ അതോറിറ്റിക്കും ജില്ലാതലവന്‍മാര്‍ക്കും മുന്നറിയിപ്പ് നല്‍കുന്നു. ശക്തമായ മഴ 70 മുതല്‍ 100മി.മീറ്റര്‍ വരെ കേരളത്തില്‍ സര്‍വസാധാരണമായതിനാല്‍ നാം അതിനോട് ഇണങ്ങിക്കഴിയും. അതേ സമയം തുടരെയുള്ള ദിനങ്ങളിലെ ഇത്തരം മഴയും, അതിശക്തമായതും അതീവശക്തമായതുമായ മഴയും വളരെ കരുതലോടെ നേരിടേണ്ടതുണ്ട്. അതത് സംസ്ഥാനങ്ങളിലെ ദുരന്തനിവാരണ അതോറിറ്റിയും, കേന്ദ്ര ദുരന്തനിവാരണ അതോറിറ്റിയും അത്തരം സാഹചര്യങ്ങളെ നേരിടാന്‍ പര്യാപ്തമായിരിക്കണം. [/box]

കാലാവസ്ഥാവകുപ്പ് ഈ സാഹചര്യങ്ങള്‍ മുന്‍കൂട്ടി അറിയിക്കുകയും മേല്‍പ്പറഞ്ഞ ഏജന്‍സികള്‍ അത് അപഗ്രഥിച്ച് വേണ്ട നടപടികള്‍ ആവിഷ്‌ക്കരിക്കുകയും ചെയ്യുന്നു. ജനങ്ങളുടെ ജീവനും സ്വത്തിനും ഫലപ്രദമായ സംരക്ഷണം നല്‍കാന്‍ ഈ കൂട്ടായ പ്രവര്‍ത്തനത്തിലൂടെ സാധിക്കുന്നു. ഈ പ്രവര്‍ത്തനത്തെ കുറ്റമറ്റതാക്കാന്‍ കൃത്യമായ വിവരങ്ങള്‍ വളരെ മുന്‍കൂറായി നല്‍കേണ്ടതുണ്ട്. കാലാവസ്ഥാ ശാസ്ത്രത്തിലും അനുബന്ധശാസ്ത്രശാഖകളിലും, പ്രത്യേകിച്ചും വിവരസാങ്കേതികവിദ്യയിലും (വേഗമേറിയതും ശക്തവുമായ കമ്പ്യൂട്ടര്‍ കമ്യൂണിക്കേഷന്‍ ശൃംഖലയോടെയുള്ള) ഉണ്ടായ വികാസം കാലാവസ്ഥാപ്രവചനം വളരെ മുന്‍കൂട്ടി നല്‍കുക‍ സാധ്യമാക്കി. 10 ദിവസം മുന്‍പ് വരെയുള്ള പ്രവചനം ഇപ്പോള്‍ സാധ്യമാണ്. അതുപോലെ തന്നെ ആറ് മാസത്തേക്കുള്ള പ്രവചനങ്ങളും ഒരു സീസണിലേക്കുള്ള പ്രവചനവും ഫലപ്രാപ്തിയിലേക്ക് എത്തിക്കൊണ്ടിരിക്കുന്നു. അതിന്റെ വിന്യാസവും അതു പ്രകാരമുള്ള സര്‍ക്കാര്‍ തലത്തിലുള്ള തയ്യാറെടുപ്പുകളും ഇന്ന് ജനവിശ്വാസം ആര്‍ജിച്ചിരിക്കുന്നതായി കാണാം.

Kerala Droughtഇനി നമുക്ക് ഈ വര്‍ഷത്തെ കേരളത്തിലെ കാലവര്‍ഷക്കാലത്തേക്ക് ഒന്നു തിരിഞ്ഞുനോക്കാം. വളരെ ശുഭാപ്തി വിശ്വാസത്തോടെ ആരംഭിച്ച കാലവര്‍ഷക്കാലം രാജ്യത്തിന്റെ ഭൂരിഭാഗം പ്രദേശത്തും പ്രതീക്ഷയേക്കാള്‍ ഉയര്‍ന്ന് വളരെ ഭദ്രമായ ഒരു സ്ഥിതിവിശേഷത്തിലേക്ക് നയിച്ചപ്പോള്‍ കേരളം മാത്രം ഒറ്റപ്പെട്ട പ്രതീതി സൃഷ്ടിച്ചു. കഴിഞ്ഞ 50 വര്‍ഷ മഴക്കാലചരിത്രത്തില്‍ ഏറ്റവും കുറഞ്ഞ മഴ ലഭിച്ച കാലവര്‍ഷമാണ് കടന്നുപോകുന്നത്. 34 ശതമാനം മഴക്കുറവ് (വയനാട്ടില്‍ 59%, തൃശ്ശൂര്‍ 44%, മലപ്പുറം 34%, മറ്റുജില്ലകളില്‍ 24% മുതല്‍ 36% വരെ) മഴക്കുറവ് രേഖപ്പെടുത്തി. മഴക്കുറവ് പോലെ തന്നെ മഴദിനങ്ങളിലും ഗണ്യമായ കുറവ് ഉണ്ടായി. ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളിൽ വളരെ കുറച്ച് മഴദിനങ്ങളേ ഉണ്ടായുള്ളൂ. ഇത് ആശങ്ക ഉണര്‍ത്തുന്നതാണ്. ഭൂമിയിലെ ജലനിരപ്പില്‍ ഗണ്യമായ കുറവിന് ഇത് കാരണമാകും. അതുപോലെതന്നെ നീരൊഴുക്ക് കുറയുന്നതുമൂലം സംഭരണികളിലെ ജലനിരപ്പ് താഴാനും ഇടയാകും. കാര്‍ഷികമേഖല മുതല്‍ എല്ലാ കര്‍മരംഗങ്ങളിലും ഇത് ദോഷമായി മാറും; നാമുള്‍പ്പെടെ എല്ലാ ജീവജാലങ്ങളുടെയും ആവശ്യങ്ങള്‍ നിറവേറ്റാനുള്ള ഭൂമിയുടെകഴിവിനെ പരിമിതപ്പെടുത്തുകയും ചെയ്യും.

kerala-paddy-field
വയലുകള്‍ – സ്വാഭാവിക ജലസംഭരണികള്‍ | കടപ്പാട് : https://commons.wikimedia.org/wiki/File:Nemmara-paddy.jpg

നമുക്ക് ഇനി ലഭിക്കാനിരിക്കുന്ന തുലാവര്‍ഷവും ഏപ്രില്‍ മെയ് മാസങ്ങളിലെ വേനല്‍മഴയും തരുന്ന വെള്ളം നല്ല രീതിയില്‍ സംരക്ഷിക്കാന്‍ നമ്മള്‍ ബാധ്യസ്ഥരാണ്. 2015 -ാം ആണ്ട് മണ്‍സൂണ്‍ കാലം 27% മഴക്കുറവിലാണ് അവസാനിച്ചതെങ്കിലും ഓഗസ്‌ററ് സെപ്റ്റംബര്‍ മാസങ്ങളില്‍ നല്ല മഴ ലഭിച്ചതും തുലാവര്‍ഷം പതിവില്‍ കൂടുതല്‍ ലഭിച്ചതും കേരളത്തെ വരള്‍ച്ചയില്‍ നിന്നും രക്ഷിച്ചു. എങ്കിലും എല്ലാ വര്‍ഷവും ആ കനിവ് പ്രകൃതിയില്‍ നിന്നും പ്രതീക്ഷിക്കുന്നത് മൂഢത്വമാകും. ഈ വരുന്ന മഴക്കാലം മഴക്കൊയ്ത്തിനായി നമുക്ക് മാറ്റിവയ്ക്കാം. പരമ്പരാഗതമായ ജലസംക്ഷണരീതികള്‍ (മഴക്കുഴികള്‍, ഭൂമിയുടെ ഉപരിതലം ഇളക്കല്‍ വിസ്തൃതിയുളള പുരയിടങ്ങളില്‍ ബണ്ടുകള്‍ ഇടൽ, വൃക്ഷങ്ങള്‍ക്ക് തടം ഇടൽ, കിണര്‍ റീചാര്‍ജിങ്ങ് ചെയ്യൽ, ചെറിയ നീരൊഴുക്കുകളില്‍ പോലും ഇടവിട്ടു (300 മുതല്‍ 500 വരെ മീറ്റര്‍അകലത്തില്‍) ചെറിയ തടയണകള്‍ നിർമ്മിക്കൽ, കുളങ്ങള്‍ വൃത്തിയാക്കി സംരക്ഷിക്കൽ, കിണറുകള്‍ സാങ്കേതികമായി സധ്യമെങ്കില്‍ ആഴം കൂട്ടൽ, തരിശുകിടക്കുന്ന നെല്‍വയലുകളിലും പറമ്പുകളിലും ജലം സംഭരിക്കാനുള്ള സാഹചര്യം ഒരുക്കൽ, നീര്‍ച്ചാലുകളും നദികളും മലിനമാക്കാതിരിക്കൽ തുടങ്ങി വളരെ ലളിതമായ പ്രവൃത്തികള്‍, സാമൂഹ്യ ഇടപെടലോടെ യുദ്ധാകാലാടിസ്ഥാനത്തില്‍ നടപ്പാക്കി വരാന്‍ സാധ്യതയുള്ളബുദ്ധിമുട്ടുകളെ നമുക്ക് അതിജീവിക്കാം. അതിന് കക്ഷിഭേദമെന്യേയുള്ള പ്രവര്‍ത്തനം പഞ്ചായത്ത് വാര്‍ഡ് തലം വരെ പ്രകൃതിക്ക് ദോഷം ഉണ്ടാക്കാത്ത രീതിയില്‍ നിറവേറ്റാന്‍ വേണ്ട ഇച്ഛാശക്തി നമുക്ക് ഉണ്ടാകുമെന്ന് ആശിക്കാം.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

One thought on “തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം – പ്രവചനവും സാധ്യതകളും

Leave a Reply

Kerala Drought Previous post എൽ നിനോ പോയിട്ടും മഴയ്ക്ക് വരാൻ പേടി
Next post കേരളത്തിലെ വരള്‍ച്ച – വില്ലന്‍ എല്‍നിനോയോ ഡൈപോളാര്‍ ഇഫക്റ്റോ ?
Close