Read Time:3 Minute

2019ലെ ശാന്തി സ്വരൂപ് ഭട്നാഗർ അവാർഡ് രണ്ട് മലയാളികൾ ഉൾപ്പെടെ 12 പേർക്ക്

ശാസ്ത്ര, സാങ്കേതിക മേഖലയിൽ രാജ്യത്തെ ഉന്നതപുരസ്കാരങ്ങളിലൊന്നായ ശാന്തിസ്വരൂപ് ഭട്നാഗർ പുരസ്കാരം രണ്ടുമലയാളികൾ ഉൾപ്പെടെ 12 പേർക്ക്. സെപ്റ്റംബർ 26 വ്യാഴാഴ്ച ഡൽഹിയിലെ വിജ്ഞാൻഭവനിൽനടന്ന ചടങ്ങിൽ ശാസ്ത്ര-സാങ്കേതിക മന്ത്രാലയമാണ് പുരസ്കാരം പ്രഖ്യാപിച്ചത്. തിരുവനന്തപുരം പേരൂർക്കട സ്വദേശി ഡോ. ആർ.ബി. സുനോജ്, കോട്ടയം സ്വദേശി ഡോ. കെ. സായ്കൃഷ്ണൻ എന്നീ മലയാളികളാണ് പുരസ്കാരം നേടിയത്.
കെമിക്കൽ സയൻസ് വിഭാഗത്തിലാണ് ഡോ. ആർ.ബി. സുനോജിന് പുരസ്കാരം. മുംബൈ ഐ.ഐ.ടി.യിലെ രസതന്ത്രവിഭാഗം പ്രൊഫസറാണ്. ബെംഗളൂരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസസിൽനിന്ന് ഡോക്ടറേറ്റും അമേരിക്കയിലെ ഒഹായോ സ്റ്റേറ്റ് സർവകലാശാലയിൽനിന്ന് പോസ്റ്റ് ഡോക്ടറേറ്റും നേടി.

ബയോളജിക്കൽ സയൻസിലാണ് ഡോ. സായ്കൃഷ്ണന് പുരസ്കാരം. പുണെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജ്യുക്കേഷൻ ആൻഡ് റിസർച്ചിലെ സ്ട്രക്ചറൽ ബയോളജി വിഭാഗം അസോസിയേറ്റ് പ്രൊഫസറാണ്.

ഡോ. സുബിമൽ ഘോഷ് (ഭൗമ, അന്തരീക്ഷ, സമുദ്ര പഠനം, ജ്യോതിശ്ശാസ്ത്രം), ഡോ. മണിക് വർമ(എൻജിനിയറിങ് സയൻസ്), ഡോ. ദിഷന്ത് മയൂർബായ് പഞ്ചോളി, ഡോ. നീന ഗുപ്ത(ഗണിതം), ഡോ. ധീരജ് കുമാർ, ഡോ. മുഹമ്മദ് ജാവേദ് അലി(വൈദ്യശാസ്ത്രം), ഡോ. അനിന്ദ സിൻഹ, ഡോ. ശങ്കർ ഘോഷ് (ഫിസിക്കൽ സയൻസ്), ഡോ. സൗമൻ ബസാക്,(ബയോളജിക്കൽ സയൻസ്), ഡോ. തപസ് കുമാർ മജി (രസതന്ത്രം) എന്നിവരാണ് പുരസ്കാരത്തിനർഹരായ മറ്റുള്ളവർ

ഡോ.നീന ഗുപ്ത
ഡോ.നീന ഗുപ്ത

ഗണിതത്തിൽ പുരസ്കാരം ലഭിച്ച നീനഗുപ്ത അവാർഡ് കരസ്ഥമാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ്. കൊൽക്കട്ടയിൽ ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂറ്റിലെ അധ്യാപികയാണ് 35 കാരിയായ നീന ഗുപ്ത. മലയാളിയായ യമുനാ കൃഷ്ണനായിരുന്നു ഇതിന് മുമ്പ് പുരസ്കാരം ലഭിച്ച പ്രായം കുറഞ്ഞ വനിത. 39 വയസ്സിലാണ് ഇവർക്ക് രസതന്ത്ര വിഭാഗത്തിൽ ഭട്നാഗർ പുരസ്കാരം ലഭിച്ചത്.

ശാന്തി സ്വരൂപ് ഭട്നാഗർ പുരസ്കാരം

ജീവശാസ്ത്രം, രസതന്ത്രം, പരിസ്ഥിതി – കാലാസ്ഥാ ശാസ്ത്രം, ഗണിതം, വൈദ്യശാസ്ത്രം, ഭൌതിക ശാസ്ത്രം, എഞ്ചിനിയറിംഗ്, എന്നീ വിഭാഗങ്ങളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകിയ ഇന്ത്യൻ ശാസ്ത്രജ്ഞർക്ക് സി. എസ്. ഐ. ആർ (Council of Scientific and Industrial Research)
നൽകുന്ന വാർഷിക പുരസ്കാരമാണ് ശാന്തി സ്വരൂപ് ഭട്നാഗർ പുരസ്കാരം. ഇന്ത്യൻ ശാസ്ത്ര സാങ്കേതിക രംഗത്തെ ഏററവും ഉന്നതമായ ബഹുമതിയാണ് ഇത്. CSIRന്റെ സ്ഥാപക ഡയറക്ടറായ പ്രശസ്ത ശാസ്ത്രജ്ഞർ ശാന്തി സ്വരൂപ് ഭട്നാഗറിന്റെ പേരിലാണ് ഈ ബഹുമതി അറിയപ്പെടുന്നത്. ആദ്യമായി ഈ പുരസ്കാരം നൽകപ്പെട്ടത് 1958 ലാണ്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post സ്കാൻഡിയം: മെന്‍ദലീഫ് പ്രവചിച്ച മൂലകം
Next post 2019 ഒക്ടോബറിലെ ആകാശം
Close