Read Time:24 Minute

സഹസ്രനാമം കേട്ടു മയങ്ങും സാളഗ്രാമങ്ങൾ

എന്താണ് സാളഗ്രാമങ്ങൾ എന്ന ചോദ്യത്തിന് രണ്ട് തരം ഉത്തരങ്ങളുണ്ട്. ഒന്ന് ഇന്ത്യൻ മിത്തോളജിയുമായി ബന്ധപ്പെട്ട കഥകൾ. രണ്ട് സയൻസ് പറയുന്ന പുതിയ കഥ. രണ്ടും രസകരമാണ്.

കേൾക്കാം

എഴുതിയത് : ഡോ.കെ.പി.അരവിന്ദൻ, അവതരണം : മായ സജി
തിരുവനന്തപുരത്തെ ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ വിഗ്രഹം അനന്തനെന്ന പാമ്പിന്റെ മുകളിൽ മലർന്നു കിടക്കുന്ന വിഷ്ണുവാണ്. ഇന്നുള്ള വിഗ്രഹം 1733ൽ അന്നത്തെ തിരുവിതാംകൂർ മഹാരാജാവ് മാർത്താണ്ഡവർമ്മ പണിയിപ്പിച്ചതാണ്. 18 അടി നീളമുള്ള ഈ വിഗ്രഹത്തിനായി അദ്ദേഹം 12008 സാളഗ്രാമങ്ങൾ നേപ്പാളിൽ നിന്ന് വരുത്തി. ഈ കല്ലുകൾ കടുശർക്കരയോഗത്തിൽ (ചുവന്ന ക‌ൽപ്പൊടി,  ഗോതമ്പു പൊടി, യവം, ചാഞ്ചല്യം, മെഴുക്, നല്ലെണ്ണ, ശര്‍ക്കര, പലതരം ലേപനങ്ങൾ എന്നിവയെല്ലാം ചേർത്തുണ്ടാക്കുന്ന നിർമാണവസ്തു) ചേർത്താണ് വിഗ്രഹനിർമാണം. ഉഡുപ്പി ശ്രീകൃഷ്ണ ക്ഷേത്രത്തിലെ വിഗ്രഹവും മഥുര വൃന്ദാവനത്തിലെ രാധാരമൺ ക്ഷേത്ര വിഗ്രഹവും സാളഗ്രാമ ശിലകൾ കൊണ്ടുണ്ടാക്കിയതാണ്.

എന്താണ് സാളഗ്രാമങ്ങൾ?

നേപ്പാളിലെ കാലി ഗണ്ഡകി നദിയിൽ കാണുന്ന പ്രത്യേക തരം കല്ലുകളാണ് സാളഗ്രാമങ്ങൾ. ചുഴിയുടെ ആകൃതിയിൽ ഉള്ള പിരികൾ അവയിൽ കാണുന്നത് ചക്രത്തെ ഓർമ്മിപ്പിക്കുന്നു. ഒരു പക്ഷെ അതായിരിക്കാം ചക്രായുധധാരിയായ വിഷ്ണുവുമായി ബന്ധപ്പെട്ട ഐതീഹ്യങ്ങൾ ഇവയുമായി ബന്ധപ്പെട്ട് ഉണ്ടാവാനുള്ള കാരണം.

എന്താണ് സാളഗ്രാമങ്ങൾ എന്ന ചോദ്യത്തിന് രണ്ട് തരം ഉത്തരങ്ങളുണ്ട്. ഒന്ന് ഇന്ത്യൻ മിത്തോളജിയുമായി ബന്ധപ്പെട്ട കഥകൾ. രണ്ട് സയൻസ് പറയുന്ന പുതിയ കഥ. രണ്ടും രസകരമാണ്.

പുരാണങ്ങളിലെ കഥകൾ

പത്മ പുരാണം, സ്കന്ദ പുരാണം, ബ്രഹ്മ വൈവർത്ത പുരാണം, വരാഹ പുരാണം, വിഷ്ണു പുരാണം, അഗ്നി പുരാണം, ഭാഗവത പുരാണം എന്നിവയിലൊക്കെ സാളഗ്രാമ ഉത്ഭവ കഥകളുണ്ട്. പല പുരാണങ്ങളിൽ ഉള്ള സാളഗ്രാമ കഥകൾ തമ്മിൽ വ്യത്യാസമുണ്ട്. പ്രധാനമായും ചെറിയ വ്യത്യാസങ്ങളോടെ രണ്ടു കഥകളാണുള്ളത്. രണ്ടിലും വിഷ്ണു കേന്ദ്ര കഥാപാത്രമാണ്.

ഒരു കഥയിൽ ജലന്ധരനെന്ന അസുര രാജാവിൻ്റെ ഭാര്യ തുളസിയുടെ (ചില പുരാണങ്ങളിൽ വൃന്ദ) പാതിവ്രത്യവും തപസ്സും കൊണ്ട് നേടിയ ശക്തി കാരണം ഭർത്താവിന് യുദ്ധങ്ങളിൽ പരാജയമേ സംഭവിക്കില്ല. ദേവന്മാർ ശിവനെ കൊണ്ടു വന്നിട്ടും രക്ഷയില്ല. ശിവൻ അപ്പോൾ വിഷ്ണുവിനോട് സഹായം തേടുന്നു. വിഷ്ണു തുളസിയുടെ ഭർത്താവ് ജലന്ധരന്റെ രൂപത്തിൽ വന്ന് അവരുടെ ചാരിത്ര്യം കവർന്നെടുക്കുന്നു. പാതിവ്രത്യത്തിൻ്റെ ശക്തി നഷ്ടപ്പെട്ട തുളസിയ്ക്ക് ഭർത്താവിനെ രക്ഷിക്കാൻ കഴിയുന്നില്ല. ഇത് മുതലെടുത്തു കൊണ്ട് ശിവൻ ജലന്ധരനെ വധിക്കുന്നു. ചതി മനസ്സിലാക്കിയ തുളസി വിഷ്ണുവിനെ ഒരു കല്ല് ആയി മാറാൻ ശപിക്കുന്നു. അങ്ങിനെയാണ് സാളഗ്രാമ ശിലകൾ ഉണ്ടാവുന്നത്. തുളസി സ്വയം ഗണ്ഡകി നദിയായി മാറുന്നു. ചില പുരാണങ്ങളിലുള്ള കഥയുടെ രൂപാന്തരങ്ങളിൽ പുഴയിൽ വസിക്കുന്ന വജ്രകീടമെന്ന പുഴു ഈ ശിലകൾ തുരന്ന് പാടുകൾ ഉണ്ടാക്കുന്നു. ഈ പാടുകളാണ് ചക്രം വരഞ്ഞതു പോലെ കാണുന്നത്.

രണ്ടാമത്തെ കഥയിലും വിഷ്ണുവും ശിവനും കഥാപാത്രങ്ങളാണ്. പാലാഴിമഥനത്തിൽ അസുരന്മാർ തട്ടിക്കൊണ്ടു പോയ അമൃത്‌ തിരിച്ചെടുക്കാൻ മോഹിനി വേഷം പൂണ്ട മഹാവിഷ്ണുവിൽ ശിവൻ ആകൃഷ്ടനാവുന്നു. അവർ ആവേശത്തോടെ കെട്ടിപ്പുണർന്നപ്പോൾ ഉണ്ടായ വിയർപ്പാണ് ഗണ്ഡകി നദിയായത്. വജ്രദന്തമെന്ന പുഴുക്കൾ ശിലകൾ തുരന്ന് സാളഗ്രാമങ്ങൾ ഉണ്ടാക്കുന്ന ഭാഗവും ചില പ്രതിപാദ്യങ്ങളിലുണ്ട്.

ഈ പുരാണകഥകൾക്ക് തെളിവുകൾ ചോദിക്കുന്നതിൽ അർത്ഥമില്ല. ചോദിച്ചാൽ തന്നെ ഇന്ന പുരാണത്തിൽ ഉണ്ട് എന്നതിലപ്പുറം ഉത്തരമൊന്നും ലഭിക്കുകയുമില്ല. സാളഗ്രാമം പോലുള്ള ശിലകൾ ലോകത്തിൽ പലയിടത്തായി കാണപ്പെട്ടിരുന്നു എന്നതാണ് ഒരു രസകരമായ വസ്തുത. അവിടങ്ങളിലൊക്കെ പലതരം ഐതീഹ്യ കഥകളും ഉണ്ടായിട്ടുണ്ട്. ഉദാഹരണത്തിന് ഇംഗ്ലണ്ടിൽ പാമ്പിൻകല്ലുകൾ (Snake stones) എന്നാണിവ അറിയപ്പെട്ടിരുന്നത്. ഏഴാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന സെയിൻ്റ് ഹിൽഡ എന്ന പുണ്യവാളത്തിയുടെ മാന്ത്രിക ശക്തികൊണ്ട് കല്ലായി മാറിയ പാമ്പുകളാണിവ എന്നായിരുന്നു അവിടത്തെ ഐതീഹ്യം. കട്ബർട്ട് പുണ്യവാളൻ, കൈന പുണ്യവാളത്തി എന്നിവരുമായി ബന്ധപ്പെട്ട സമാനമായ ഐതീഹ്യങ്ങളും ഇംഗ്ളണ്ടിൽ ഉണ്ടായിരുന്നു. കൂടാതെ ഗ്രീസിലും റോമിലുമൊക്കെ ഈ ശിലകളെ പറ്റി ഐതീഹ്യ കഥകൾ നില നിന്നിരുന്നു. പക്ഷെ അവിടങ്ങളിലൊക്കെ ഇന്ന് ഇവ വെറും കഥകൾ മാത്രമാണെങ്കിൽ ഇന്ത്യയിൽ ഇന്നും ഈ കല്ലുകൾ വ്യാപകമായി പൂജിക്കപ്പെടുന്നു. ഇതിനെ പറ്റി സയൻസ് എന്തു പറയുന്നു എന്നൊന്നും ഈ ഭക്തിവ്യവസായത്തെ ബാധിക്കുന്നതേയില്ല.

പക്ഷെ നമുക്ക് സയൻസിനെ അവഗണിക്കാനാവില്ലല്ലോ. അതു കൂടി പരിശോധിക്കാം.

സയൻസ് പറയുന്ന കഥ     

അമ്മോണൈറ്റുകൾ

ഇന്ന് സയൻസ് പറയുന്നത് സാളഗ്രാമ ശിലകൾ ഫോസ്സിലുകളാണെന്നാണ്. കൃത്യമായി പറഞ്ഞാൽ മൊളസ്ക (Mollusca) എന്ന ഫൈലത്തിലെ സെഫലോപോഡ (Cephalopoda) എന്ന ക്ളാസിൽ പെടുന്ന, അന്യം നിന്നു പോയ അമ്മോണൈറ്റ് (Ammonite) ജീവിവർഗ്ഗത്തിലെ പല സ്പീഷീസുകളുടെ ഫോസ്സിലുകളാണിവ.

നീരാളി, കണവ, കൂന്തൾ, നോട്ടിലസ് തുടങ്ങിയ ജീവികൾ അടങ്ങിയ വർഗ്ഗമാണ് സെഫലോപോഡ. ഇവയിൽ നോട്ടിലസിന് മാത്രമാണ് പുറത്ത് കാൽഷ്യം അടങ്ങിയ പുറംതോടുള്ളത്. പക്ഷെ അമ്മോണൈറ്റുകൾ പോലെ വംശനാശം വന്ന പല സെഫലോപോഡുകൾക്കും ഇതുണ്ടായിരുന്നു. ഇവയുടെ പുറംതോട് മാത്രമാണ് ഫോസ്സിൽ ആയി മാറിയിട്ടുള്ളത്. അതിനാൽ ജീവിക്കുമ്പോൾ അവ എങ്ങിനെയായിരുന്നു എന്ന് കൃത്യമായി നമുക്കറിയില്ല. എങ്കിലും നോട്ടിലസുമായി സാമ്യമുള്ള ജീവികളായിരുന്നു അമ്മോണൈറ്റുകൾ എന്നാണ് പൊതുവെ കരുതപ്പെടുന്നത്. സാങ്കൽപ്പത്തിലുള്ള ഒരു ചിത്രം താഴെ നൽകിയിരിക്കുന്നു.

പൊതുവെ, ചുരുളാകൃതിയിലുള്ള തോടിൻ്റെ ഒരു ഭാഗം പല അറകളായി വിഭജിച്ചിരിക്കുന്നു. ഈ അറകളിൽ വായു നിറച്ചാൽ വെള്ളത്തിൽ പൊങ്ങി നിൽക്കാൻ അത് സഹായിക്കുന്നു. ഒരറ്റത്തുള്ള വലിയ ഒരറയിൽ ആണ് ശരീരത്തിൻ്റെ മൃദുഭാഗങ്ങൾ ഉണ്ടാവുക. ചിത്രത്തിലുള്ളതുപോലെ അനേകം കൈകൾ (tentacles) ഭക്ഷണം പരതാനും പിടിക്കാനും സഹായിക്കുന്നതായിരിക്കണം.

ഹിമാലയത്തിലെ അമ്മോണൈറ്റ് ഫോസ്സിലുകൾ ആദ്യമായി വിവരിക്കുന്നത് ആൽഫ്രെഡ് ഓപ്പൽ (Alfred Oppel) എന്ന ജർമൻ ഫോസ്സിൽ ശാസ്ത്രജ്ഞനാണ് (പാലിയോൻ്റോളജിസ്റ്റ് – Paleontologist). പാറകളുടെ കാലനിർണയത്തിന് (Stratigraphy) ഫോസ്സിലുകൾ ഉപകരിക്കുമെന്നും അമ്മോണൈറ്റ് ഫോസ്സിലുകളെ എങ്ങിനെ അത്തരത്തിൽ ഉപയോഗിക്കാമെന്നുമുള്ളതിൻ്റെ ഉപജ്ഞാതാവു കൂടിയായിരുന്നു ഓപ്പൽ. ഇരുപതാം നൂറ്റാണ്ടിൻ്റെ ആദ്യദശകത്തിലാണ് ഹിമാലയൻ അമ്മോണൈറ്റുകളെ പറ്റിയുള്ള വിശദമായ പഠനം വരുന്നത്. ആസ്ട്രിയക്കാരനായ വിക്ടർ ഉഹ്‌ലിഗ് (Viktor Uhlig) 1903-10 കാലഘട്ടത്തിൽ നടത്തിയതായിരുന്നു ആ പഠനം. ഈ സമയമാവുമ്പോഴേക്ക് സാളഗ്രാമങ്ങൾ അമ്മോണൈറ്റ് ഫോസ്സിലുകളാണെന്ന കാര്യം ശാസ്ത്രജ്ഞന്മാർക്കെങ്കിലും മനസ്സിലായിരുന്നു.

ലോകത്തിൻ്റെ പല ഭാഗങ്ങളിലുമുള്ള പ്രത്യേക കാലഘട്ടത്തിലെ (400 മുതൽ 65 ദശലക്ഷം വർഷം മുൻപ്) ഊറൽ പാറകളിൽ നിന്ന് ലഭിച്ച അമ്മോണൈറ്റ് ഫോസ്സിലുകൾ അത്ഭുതകരമാം വിധം സാമ്യമുള്ളവയായിരുന്നു. കാലനിർണയത്തിന് ഉതകും വിധം അവയിലെ മാറ്റങ്ങളും സമാനമായിരുന്നു. അവ 65 ദശലക്ഷം വർഷം  മുൻപ് പെട്ടെന്ന് പാറകളിൽ നിന്ന് അപ്രത്യക്ഷമായത്, ഡൈനോസോറുകളുടെ അന്ത്യം കുറിച്ച വൻ വംശനാശം (mass extinction) അവയേയും ബാധിച്ചു എന്ന നിഗമനത്തിൽ ശാസ്ത്രജ്ഞരെ എത്തിച്ചു.

പക്ഷെ, കടലിൽ ജീവിച്ചിരുന്ന അമ്മോണൈറ്റുകളുടെ ഫോസ്സിലുകൾ എങ്ങിനെ ലോകത്തിലെ ഏറ്റവും ഉയരമുള്ള പർവതത്തിൻ്റെ മുകളിൽ എത്തിപ്പെട്ടു? സയൻസിൽ എല്ലാത്തിനും വിശദീകരണം വേണം. അതില്ലാതെ ഒരു തിയറിയും പൂർണമായി അംഗീകരിക്കപ്പെടില്ല. ഈ പ്രശ്നത്തിലേക്ക് വെളിച്ചം വീശുന്നതായിരുന്നു ഭൂഖണ്ടങ്ങളുടെ ചലന സിദ്ധാന്തം (കോണ്ടിനെൻ്റൽ ഡ്രിഫ്റ്റ് തിയറി – Continental drift theory).

ഭൂഖണ്ഡങ്ങളുടെ ചലനം (Continental drift)

എല്ലാ ഭൂഖണ്ഡങ്ങളും ഇന്നുള്ള അതേ സ്ഥാനത്തായിരുന്നില്ല എക്കാലവും എന്ന് കുറേക്കാലമായി പലരും സംശയിച്ചിരുന്നു.

ഡാർവിൻ്റെ സുഹൃത്തും വഴികാട്ടിയുമായിരുന്ന ഭൂഗർഭശാസ്ത്രജ്ഞൻ ചാൾസ് ലയൽ (Charles Lyell) മുതൽ പലരും, മാറിക്കൊണ്ടിരുന്ന ഭൂഖണ്ഡങ്ങളിൽ വിശ്വസിച്ചിരുന്നു. എന്നാൽ ഇത് ഒരു വിശദമായ തിയറിയായി അവതരിപ്പിച്ചത് 1912 ൽ ആൽഫ്രഡ് വെഗ്‌നറാണ് (Alfred Wegener). ഉഹ്‌ലിഗ് മരിച്ച് ഒരു വർഷത്തിനു ശേഷം. പാൻജിയ (Pangea) എന്നൊരു വൻ ഭൂഖണ്ഡം ആദ്യമുണ്ടായിരുന്നുവെന്നും അത് പല കഷണങ്ങളായി ചിതറിയും ചിലത് പിന്നെ കൂടിച്ചേർന്നുമൊക്കെയാണ് ഇന്നുള്ള ഭൂഖണ്ഡങ്ങൾ ഉണ്ടായതെന്നും അദ്ദേഹം സമർത്ഥിച്ചു. ഇന്നുള്ള ഭൂഖണ്ഡങ്ങൾ ഒരു ജിഗ്സോ പസിൽ പോലെ കൂടിച്ചേർക്കാവുന്നതാണെന്ന്  അദ്ദേഹം വാദിച്ചു. ഉദാഹരണത്തിന്, തെക്കേ അമേരിക്കയുടെ കിഴക്കൻ തീരവും ആഫ്രിക്കയുടെ പടിഞ്ഞാറൻ തീരവും തമ്മിൽ നല്ലതു പോലെ ഫിറ്റ് ചെയ്യാം. മാത്രമല്ല, ഈ രണ്ടു സ്ഥലത്തുമുള്ള പാറനിരകളും അവയിലെ ഫോസ്സിലുകളും സമാനമാണ്. പക്ഷെ, വെഗ്‌നർക്ക് ഭൂഖണ്ഡങ്ങൾ നീങ്ങുന്നതിൻ്റെ പ്രക്രിയ എങ്ങിനെയെന്ന് വിശദീകരിക്കാൻ കഴിഞ്ഞില്ല. അതു കാരണം ഏറെക്കാലം അദ്ദേഹത്തിൻ്റെ കോണ്ടിനെൻ്റൽ ഡ്രിഫ്റ്റ് തിയറി പൊതു സ്വീകാര്യത നേടിയില്ല.

1950 കളായപ്പോഴേക്ക് സ്ഥിതി മാറി. കാന്തിക പഠനങ്ങളും നേരിട്ടുള്ള നിരീക്ഷണങ്ങളും സമുദ്രത്തിൻ്റെ അടിത്തട്ട് ചിലയിടങ്ങളിൽ പരന്നുകൊണ്ടിരിക്കുകയാണെന്ന് (Sea floor spreading) മനസ്സിലാക്കാൻ സഹായിച്ചു. 1960 കളിൽ പ്ലേറ്റ് ടെക്റ്റോണിക്സ് (Plate tectonics – ഫലകചലന സിദ്ധാന്തം) എന്ന സിദ്ധാന്തം രൂപികരിക്കപ്പെട്ടു.

പ്ലേറ്റ് ടെക്റ്റോണിക്സ് (ഫലക ചലനം)

ലിത്തോസ്ഫിയർ (Lithosphere) എന്ന് വിളിക്കുന്ന ഭൂമിയുടെ പുറമ്പാളി പ്രധാനമായും ഏഴു പ്ളേറ്റുകൾ (ഭൂവൽക്ക ഫലകങ്ങൾ) ചേർന്നതാണ്‌. കടലുള്ള സ്ഥലത്ത് ഏതാണ്ട് നൂറു കിലോമീറ്ററും കരയുള്ളിടത്ത് പരമാവധി ഇരുനൂറ് കിലോമീറ്ററും വരെ കട്ടിയുള്ള ഈ പ്ളേറ്റുകൾ അതിനു താഴെയുള്ള അസ്തെനോസ്ഫിയർ (asthenosphere) എന്ന ഭാഗികമായി ഉരുകിയ പാളിയുടെ മുകളിലാണ്‌ നിലകൊള്ളുന്നത്. ലിത്തോസ്ഫിയർ പ്ളേറ്റുകൾക്ക്  ഈ മൃദുപാളിയുടെ മുകളിൽ തെന്നി നീങ്ങാൻ സാധിക്കുന്നു. മുകളിലുള്ള പ്ളേറ്റുകൾ  പരസ്പരം അകലുകയോ കൂട്ടിയിടിക്കുകയോ ഒന്നിനു മുകളിലൂടെ തെന്നിമാറുകയോ ഒക്കെ ചെയ്യുന്നത് ഫലകങ്ങളോടൊപ്പമുള്ള വൻകരകളേയും, കടൽത്തട്ടുകളേയും ഇതോടൊപ്പം ചലിപ്പിക്കുന്നു. വെഗ്‌നർ പണ്ട് വിഭാവനം ചെയ്ത ഭൂഖണ്ഡങ്ങളുടെ ചലനം ഇങ്ങനെ സാധ്യമാവുന്നു.

ഇന്നത്തെ വൻകരകളും ഹിമാലയവും ഉണ്ടായ കഥ

250 ദശലക്ഷം വർഷം മുൻപ് ഭൂമിയിലെ കര മുഴുവൻ ‘പാൻജിയ’ എന്നൊരു സൂപ്പർ വൻകരയിൽ ഒന്നിച്ചായിരുന്നു. 200 ദശലക്ഷം വർഷം ആയപ്പോഴേക്ക് ഇത് വടക്കുള്ള ‘ലോറേഷ്യ’ (Laurasia) തെക്കുള്ള ഗോണ്ഡ്‌വാന (Gondwana) എന്നിങ്ങനെ രണ്ട് ഭൂഖണ്ഡങ്ങളായി വേർപിരിഞ്ഞു. അവയ്ക്കിടയിലുണ്ടായിരുന്ന സമുദ്രത്തിന് ‘ടെത്തിസ്’ (Tethys) എന്നാണ് പേരിട്ടത്. ഇന്നത്തെ വടക്കേ അമേരിക്ക, യൂറോപ്പ്, ഏഷ്യയുടെ ഇന്ത്യ ഒഴിച്ചുള്ള ഭാഗം എന്നിവ അടങ്ങുന്നതായിരുന്നു ലോറേഷ്യ. ഇന്നത്തെ തെക്കേ അമേരിക്ക, ആഫ്രിക്ക, ഇന്ത്യ, ഓസ്ട്രേലിയ, അൻ്റാർട്ടിക്ക എന്നിവയെല്ലാം ഒന്നിച്ച് ഗോണ്ഡ്‌വാനയിലും. പിന്നീട് ഇവയും വിഘടിച്ച് ഇന്നത്തെ വൻകരകളായി. ഗോണ്ഡ്‌വാനയിലെ ആഫ്രിക്കയും തെക്കെ അമേരിക്കയും തമ്മിലകന്നു. ഓസ്ട്രേലിയ, അൻ്റാർട്ടിക്ക, ഇന്ത്യ എന്നിവ വെവ്വേറെയായി. സുമാർ 65 ദശലക്ഷം വർഷം മുൻപ് ഇന്ത്യ അടങ്ങുന്ന പ്ലേറ്റ് വടക്കോട്ട് നീങ്ങാൻ തുടങ്ങി. താരതമ്യേന വേഗത്തിലായിരുന്നു ഈ നീക്കം. സുമാർ 50 ദശലക്ഷം വർഷം മുൻപ് ഇന്ത്യൻ പ്ളേറ്റ് വടക്കുള്ള യൂറേഷ്യൻ പ്ലേറ്റുമായി കൂട്ടിയിടിച്ചതിൻ്റെ ഫലമായി കൂട്ടിമുട്ടിയ ഇടത്തെ കരയും കടലിൻ്റെ തറയും മടക്കുകളായി മേലോട്ട് പൊങ്ങി. ഇതാണ് ഹിമാലയ പർവ്വതമായി രൂപം കൊണ്ടത്. ടെത്തിസ് സമുദ്രത്തിൻ്റെ അടിയിലുണ്ടായിരുന്ന ഫോസ്സിലുകൾ ഹിമാലയത്തിൻ്റെ നെറുകയിൽ എത്തിച്ചേർന്നതിൻ്റെ രഹസ്യം സയൻസ് അനാവരണം ചെയ്യുന്നതിൻ്റെ കഥ ഇതാണ്.

കാലാകാലങ്ങളിലൂടെ വൻകരകളുടെ ചലനം കാണിക്കുന്ന ഒരു ചെറു വിഡിയോ താഴെയുള്ള ലിങ്കിൽ അമർത്തിയാൽ ലഭിക്കും.

അവസാന വാക്ക്

പണ്ട് വയലാർ പാടിയതു പോലെ ‘സഹസ്രനാമം കേട്ടു മയങ്ങും സാളഗ്രാമങ്ങൾ’ പുരാണങ്ങൾ രചിച്ചവർ ഉണ്ടാക്കിയ കഥകളാണ്. അവയിൽ  തന്നെ പലരും പറയുന്നത് പല കഥകൾ. വിശദീകരിക്കാൻ കഴിയാത്തത് ശാപവും മോക്ഷവും ഒക്കെ വെച്ച് ഏച്ചുകൂട്ടുന്ന കഥകൾ. മറിച്ച്, സയൻസ് മെനഞ്ഞെടുക്കുന്ന ഫോസ്സിലുകളുടെ കഥ അനേകവർഷത്തെ അന്വേഷണങ്ങളുടെ ആകെത്തുകയാണ്. അവ പരസ്പരപൂരകവും പരസ്പരബന്ധിതവുമാണ്. സർവ്വോപരി, ബൗദ്ധിക സംതൃപ്തി (Intellectual satisfaction) നൽകുന്നതും കൂടുതൽ അന്വേഷണങ്ങൾക്ക് വഴി വെക്കുന്നതുമാണ്.

ഒരു ഹിമാലയൻ തട്ടിപ്പ്

ഫോസ്സിൽ വിജ്ഞാനീയം പലപ്പോഴായി ഫ്രോഡ് ഗവേഷണങ്ങൾ നടന്നതും കണ്ടുപിടിക്കപ്പെട്ടതുമായ ഒരു മേഖലയാണ്. ഒരു പക്ഷെ ലോകം കണ്ട എറ്റവും വലിയ ഫോസ്സിൽ തട്ടിപ്പ് പഞ്ചാബ് സർവകലാശാലയിലെ ഒരു ഇന്ത്യൻ പാലിയന്റോളജിസ്റ്റ് വിശ്വജിത് ഗുപ്ത നടത്തിയതായിരിക്കും.  1960-കളിൽ തന്റെ പി.എച്ച്.ഡി പ്രബന്ധത്തിൽ തുടങ്ങി തുടർന്നുള്ള രണ്ട് ദശാബ്ദക്കാലം ഗുപ്ത ഹിമാലയൻ പ്രദേശത്തിന്റെ ഭൂമിശാസ്ത്രത്തിലും ഫോസിൽ റെക്കോർഡിലും നാനൂറിലേറെ പേപ്പറുകൾ പ്രസിദ്ധീകരിച്ചു. , ഹിമാലയത്തിന്റെ ഭൂമിശാസ്ത്രപരമായ രൂപീകരണം മനസ്സിലാക്കുന്നതിന് അടിസ്ഥാനമായി എടുത്ത നൂറുകണക്കിന് ഗവേഷണ പ്രസിദ്ധീകരണങ്ങൾ അദ്ദേഹത്തിന്റേതായി ഉണ്ടായി. പലതിലും അന്താരാഷ്ട്ര പ്രസിദ്ധിയുള്ള പല മുതിർന്ന ഗവേഷകരേയും സഹലേഖകരാക്കി. ഓസ്‌ട്രേലിയൻ ജിയോളജിസ്റ്റ് ജോൺ ടാലന്റ്, ഗുപ്തയുടെ ഗവേഷണത്തെ തുടർന്ന് ഹിമാലയം സന്ദർശിക്കുകയും അവിടെ ഗുപ്തയുടെ ഫോസിലുകൾ ഭൂമിശാസ്ത്രപരമായ ക്രമീകരണങ്ങളുമായി പൊരുത്തപ്പെടുന്നില്ലെന്ന് കണ്ടെത്തി. പിന്നീടുള്ള അന്വേഷണങ്ങളിൽ ഗുപ്ത വ്യാപകമായി തട്ടിപ്പ് നടത്തിയതായി തെളിഞ്ഞു. അദ്ദേഹത്തിന്റെ പേപ്പറുകളിൽ പറഞ്ഞ പല ഖനന സ്ഥലങ്ങളിലും ഗുപ്ത പൊയിട്ടേ ഉണ്ടായിരുന്നില്ല. പ്രബന്ധങ്ങളിൽ കാണിച്ച പല ഫോസ്സിലുകളും യൂറോപ്പിലും മറ്റുമുള്ള ഫോസ്സിൽ കടകളിൽ നിന്ന് വാങ്ങിയതായിരുന്നു. പ്രബന്ധങ്ങളിലെ ചിത്രങ്ങളിൽ പലതും മറ്റുള്ളവരുടെ പഴയ പ്രസിദ്ധീകരണങ്ങളിൽ നിന്ന് മോഷ്ടിച്ചവയായിരുന്നു. വിവാദത്തെ തുടർന്ന് ഗുപ്തയെ പഞ്ചാബ് സർവ്വകലാശാല സസ്പെൻഡ് ചെയ്തെങ്കിലും 2004ൽ റിട്ടയർമെൻ്റിന് തൊട്ടു മുൻപ് കോടതി ഉത്തരവിനെ തുടർന്ന് തിരിച്ചെടുത്തു.

ഇന്ത്യയിലെ സയൻസിനും സയന്റിസ്റ്റുകൾക്കും തീരാക്കളങ്കം ഉണ്ടാക്കി എന്നതു മാത്രമല്ല, വിശ്വജിത് ഗുപ്ത ചെയ്ത കുറ്റം. ഹിമാലയൻ ഫോസ്സിലുകളുടേയും ഭൂവിജ്ഞാനത്തിന്റെയും ഗവേഷണ മേഖലയെ ആകെ വഴിതെറ്റിക്കുകയും തത്ഫലമായി ആ രംഗത്തെ ഗവേഷണത്തെ ആകെ മുരടിപ്പിക്കുകയും ചെയ്തു എന്നതാണ് കൂടുതൽ ഗുരുതരം.

അധിക വായനയ്ക്ക്

  1. Walters, Holly. Shaligram Pilgrimage in the Nepal Himalayas. Amsterdam University Press, 2020. https://doi.org/10.2307/j.ctv180h759.
  2. Emily Osterloff. What is an ammonite? Natural History Museum. https://www.nhm.ac.uk/discover/what-is-an-ammonite.html.
  3. Continental drift and Plate tectonics. Let’s Talk Science. November 9, 2022. https://letstalkscience.ca/educational-resources/backgrounders/continental-drift-and-plate-tectonics.
Happy
Happy
72 %
Sad
Sad
0 %
Excited
Excited
22 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
6 %

Leave a Reply

Previous post വികസിക്കുന്ന പ്രപഞ്ചവീക്ഷണം – LUCA TALK രജിസ്റ്റർ ചെയ്യാം
Next post ഇന്ത്യന്‍ ശാസ്ത്രകോണ്‍ഗ്രസ് – ചരിത്രവും വർത്തമാനവും
Close