Read Time:20 Minute

United Nations Environment Programme (UNEP) പ്രസിദ്ധീകരിച്ച പരിസരദിനക്കുറിപ്പിന്റെ മലയാള വിവർത്തനം

ഭൂപ്രദേശത്തെ വീണ്ടെടുക്കാനും മരുവൽക്കരണം തടയാനും വരൾച്ചയെ ചെറുക്കാനുമുള്ള ഏഴു മാർഗ്ഗങ്ങൾ:

ഭൂമിയിൽ ജീവൻ നിലനിർത്തുന്നത് മണ്ണാണ്. വനങ്ങൾ, കൃഷിഭൂമി, പുൽമേടുകൾ, ചതുപ്പുകൾ, പർവ്വതങ്ങൾ എന്നിവയാണ് മനുഷ്യരാശിക്ക് ഭക്ഷണം, വെള്ളം നിലനിൽപ്പിനാവശ്യമായ വിഭവങ്ങൾ എന്നിവ ലഭ്യമാക്കുന്നത്.

എന്നിട്ടും ഭൂമിയിലെ ഇരുനൂറു കോടി ഹെക്ടറിലേറെ പ്രദേശങ്ങൾ നാശോന്മുഖമായിക്കൊണ്ടിരിക്കുകയാണ്. മുന്നൂറു കോടി മനുഷ്യരെ  ഇത് ബാധിക്കുന്നു. നിർണ്ണായകമായ പാരിസ്ഥിതികവ്യൂഹങളും അസംഖ്യം സ്പീഷീസുകളും ഭീഷണി നേരിടുന്നു. കഠിനവും ഏറെനാൾ നീണ്ടുനിൽക്കുന്നതുമായ വരൾച്ചയും മണൽക്കാറ്റുകളും ഉയരുന്ന അന്തരീക്ഷോഷ്മാവും വെളിവാക്കുന്നത് ഊഷരഭൂമികളുടെ മരുവൽക്കരണം തടഞ്ഞുനിർത്തുന്നതിനും ശുദ്ധജലസ്രോതസ്സുകൾ വറ്റിപ്പോകുന്നത് തടയുന്നതിനും ഫലഭൂയിഷ്ഠമായ മണ്ണ് പൊടിമണ്ണായി മാറുന്നത് തടയുന്നതിനും ഉതകുന്ന മാർഗ്ഗങ്ങൾ കണ്ടെത്തുക എന്നത് വളരെ നിർണ്ണായകമാണെന്നാണ്.

ഇതൊരു അസാദ്ധ്യമായ കാര്യമാണെന്ന് തോന്നുമെങ്കിലും അങ്ങനെയല്ല എന്നാണ് വിദഗ്ദ്ധർ പറയുന്നത്. ജൂൺ 5 ന് ഈ ഭൂമിയാകെ ലോകപരിസ്ഥിതിദിനം ആചരിക്കും. മണ്ണിന്റെ ശോഷണം തടയുന്നതിനും തകർന്ന ഭൂവിഭാഗങ്ങളെ വീണ്ടെടുക്കുന്നതിനും ഓരോരുത്തർക്കും എന്തുചെയ്യാനാകുമെന്നതിലേക്ക്  ഈ ദിനാചരണം വെളിച്ചം വീശും.

യു എൻ ഇ പി യുടെ എകോസിസ്റ്റംസ് ഡെപ്യൂട്ടി ഡയറക്ടറായ ബ്രൂണോ പോസ്സി പറയുന്നത് “സർക്കാരുകൾക്കും ബിസിനസ്സ് സ്ഥാപനങ്ങൾക്കും മനുഷ്യരാശി ഭൂമിയോട് ചെയ്ത വിനാശത്തെ തിരിച്ചുപിടിക്കുന്നതിന് ഒരു നേതൃത്വപരമായ പങ്കുവഹിക്കാനാകും എന്നാണ്. എന്നാൽ സാധാരണക്കാർക്കും ഈ വീണ്ടെടുക്കലിൽ പ്രധാന പങ്കുണ്ട്. അത് ഒരു സ്പീഷീസ്  എന്ന നിലയിലുള്ള നമ്മുടെ ഭാവിയ്ക്ക് സുപ്രധാനമാണ്.”

ലോകപരിസ്ഥിതിദിനത്തിൽ പാരിസ്ഥിതികവ്യൂഹത്തിന്റെ പുനഃസ്ഥാപനത്തിന് നിർദ്ദേശിക്കപ്പെട്ട പ്രായോഗിക നടപടിക്രമം അനുസരിച്ചുള്ള പരിപാടികളിൽ പങ്കാളികളാകുന്നതിനുതകുന്ന ഏഴു മാർഗ്ഗങ്ങളാണ് താഴെ പറയുന്നത്:

1. കൃഷി സ്ഥായിത്വമുള്ളതാക്കുക-

ആഗോളതലത്തിൽ ചുരുങ്ങിയത് 200 കോടി ജനങ്ങളാണ് അവരുടെ ജീവസന്ധാരണത്തിന് കൃഷിയെ ആശ്രയിക്കുന്നത്. എന്നാൽ നമ്മുടെ ഇപ്പോഴത്തെ ഭക്ഷണരീതികൾ നിലനില്പില്ലാത്തതും മണ്ണിന്റെ ശോഷണത്തിലേക്കു നയിക്കുന്ന  പ്രധാന ഹേതുവുമാണ്. അത് തിരുത്താനായി നമുക്ക് ഏറെ ചെയ്യാന്‍ കഴിയും. സർക്കാരുകൾക്കും സാമ്പത്തികമേഖലകൾക്കും

പരിസ്ഥിതിവ്യൂഹങ്ങളെ സംരക്ഷിച്ചുകൊണ്ടുതന്നെ പുനരുജ്ജീവനപരമായ കൃഷിയെ പ്രോത്സാഹിപ്പിച്ച്  ഭക്ഷ്യോല്പാദനം വർദ്ധിപ്പിക്കാനാകും.

ഇപ്പോൾത്തന്നെ വിവിധ രാജ്യങ്ങളിൽ നിന്ന് കാർഷിക ഉല്പാദകർക്ക് 54000 കോടി യു.എസ്. ഡോളർ ഓരോ വർഷവും സാമ്പത്തികസഹായം ലഭിക്കുന്നുണ്ട്. എന്നാൽ ഈ സബ്സിഡികളുടെ 87 ശതമാനവും വിലനിലവാരം അട്ടിമറിക്കുന്നതിനോ പ്രകൃതിയേയും മനുഷ്യന്റെ ആരോഗ്യത്തേയും തകരാറിലാക്കാനോ ആണ് ഉപയോഗിക്കപ്പെടുന്നത്. ഇത് മനസ്സിൽ വച്ചുകൊണ്ട് കാർഷിക സബ്സിഡികൾ സ്ഥായിത്വമുള്ള കൃഷിരീതികൾക്കും ചെറുകിട കർഷകർക്കുമായി നീക്കിവയ്ക്കുന്നതിന് സർക്കാരുകൾക്ക് കഴിയണം.

കാർഷിക ബിസിനസ്സുകൾക്ക് കാലാവസ്ഥയുമായി ഇണങ്ങിനിൽക്കുന്ന വിളകൾ വികസിപ്പിച്ചെടുക്കാനും, സ്ഥായിത്വമുള്ള കൃഷിരീതികൾ വികസിപ്പിച്ചെടുക്കാനും മണ്ണിനെ നശിപ്പിക്കാത്ത വിധം കീടനാശിനികളും രാസവളങ്ങളും ശരിയായ രീതിയിൽ ഉപയോഗിക്കുന്നതിനും പ്രാദേശിക അറിവുകളെ മെരുക്കിയെടുക്കാനും കഴിയും.

2. മണ്ണിനെ സംരക്ഷിക്കുക:

മണ്ണ് എന്നാൽ കേവലം കാൽച്ചുവട്ടിലെ മണ്ണ് മാത്രമല്ല. അത് ഈ ഭൂമിയുടെ ഏറ്റവും ജൈവവൈവിദ്ധ്യം ഉള്ള ആവാസവ്യവസ്ഥയാണ്. മണ്ണിലാണ് ഏതാണ്ട് 60 ശതമാനം സ്പീഷീസുകളും ജീവിക്കുന്നത്, നാം കഴിക്കുന്ന ഭക്ഷണത്തിന്റെ 95 ശതമാനവും അവിടെയാണ് ഉല്പാദിപ്പിക്കപ്പെടുന്നത്. ആരോഗ്യമുള്ള മണ്ണ് അന്തരീക്ഷത്തിൽ കലരാനിടയുള്ള ഹരിതഗൃഹവാതകങ്ങളെ തടഞ്ഞുവക്കുന്നതിനാൽ ഒരു കാർബൺ സിങ്കായി പ്രവർത്തിക്കുന്നു. അങ്ങനെ കാലാവസ്ഥയെ മെരുക്കുന്നതിൽ സുപ്രധാനമായ ഒരു  പങ്ക് വഹിക്കുന്നു.

മണ്ണിനെ ആരോഗ്യമുള്ളതും ഉല്പാദനക്ഷമവും ആയി നിലനിർത്തുന്നതിന് സർക്കാരുകൾക്കും സാമ്പത്തികമേഖലയ്ക്കും മണ്ണിനോട് ആഭിമുഖ്യമുള്ള ജൈവകൃഷിയെ പ്രോത്സാഹിപ്പിക്കാവുന്നതാണ്. മണ്ണിനെ ഉഴുതുമറിക്കാതെ ജൈവസമ്പന്നമായ മേൽമണ്ണിനെ ശല്യപ്പെടുത്താതെ നിലനിർത്താനുതകുന്ന കൃഷിസമ്പ്രദായമായ ഉഴവുരഹിതകൃഷിയെന്ന സാങ്കേതികവിദ്യയെ കാർഷികബിസിനസ്സുകാർക്ക് നടപ്പാക്കാവുന്നതാണ്. മണ്ണിന്റെ വളക്കൂറ് വർദ്ധിപ്പിക്കാനായി കമ്പോസ്റ്റും ജൈവവസ്തുക്കളും മണ്ണിൽ  ചേർക്കാം. തുള്ളി നന, പുതയിടൽ തുടങ്ങിയ സംപ്രദായങ്ങൾ മണ്ണിന്റെ ഈർപ്പം നിലനിർത്തുന്നതിനും വരൾച്ചയുടെ കാഠിന്യം ഏശാതെയിരിക്കാനും സഹായകമാണ്. പഴങ്ങളുടെയും പച്ചക്കറിയുടെയും അവശിഷ്ടമുപയോഗിച്ച് ഓരോരുത്തർക്കും കമ്പോസ്റ്റ് ഉണ്ടാക്കി അവരവരുടെ തോട്ടങ്ങളിലും ബാൽക്കണിയിലെ  ചെടിച്ചട്ടികളിലും ഉപയോഗിക്കാവുന്നതാണ്.

3. പരാഗണസഹായികളെ സംരക്ഷിക്കുക:

പഴങ്ങളും വിത്തുകളും ഉല്പാദിപ്പിക്കുന്ന വിളകളുടെ നാലിൽ മൂന്നും പരാഗണസഹായികളെ ആശ്രയിക്കുന്നുണ്ട്. ഏറ്റവുമധികമുള്ള പരാഗണസഹായി തേനീച്ചകൾ ആണ്. എന്നാൽ അവയ്ക്കാകട്ടെ, വവ്വാലുകൾ, പ്രാണികൾ, പൂമ്പാറ്റകൾ, പക്ഷികൾ, വണ്ടുകൾ എന്നിവയിൽനിന്നൊക്കെ വളരെയധികം സഹായം ലഭിക്കുന്നുണ്ട്. വാസ്തവത്തിൽ വവ്വാലുകളില്ലെങ്കിൽ നമുക്ക് വാഴപ്പഴം, അവക്കാഡോ, മാങ്ങ എന്നിവയോടെല്ലാം എന്നേയ്ക്കുമായി വിടപറയാം. ഇത്രയേറെ പ്രാധാന്യമുണ്ടെങ്കിലും എല്ലാ പരാഗണസഹായികളും വലിയതോതിൽ കുറഞ്ഞുകൊണ്ടിരിക്കുകയാണ്; പ്രത്യേകിച്ച് തേനീച്ചകൾ.

അവയെ സംരക്ഷിക്കാൻ ജനങ്ങൾ വായുമലിനീകരണം കുറയ്ക്കണം, കീടനാശിനികളുടെയും രാസവളങ്ങളുടെയും വിപരീതാഘാതങ്ങൾ കുറയ്ക്കണം, പരാഗണസഹായികൾ വളരുന്ന പുൽമേടുകളും വനങ്ങളും തണ്ണീർത്തടങ്ങളും സംരക്ഷിക്കണം. അധികാരികളും വ്യക്തികളും നഗരങ്ങളിലുള്ള പച്ചപ്പുകൾ വെട്ടിക്കളയാതിരിക്കണം, പ്രകൃതിയുടെ തിരിച്ചുവരവിന് ഉതകുന്ന രീതിയിൽ പരാഗണസഹായികൾക്ക് വളരാനുതകുന്ന കുളങ്ങൾ കൂടുതലായി ഉണ്ടാക്കണം. തദ്ദേശീയമായ വ്യത്യസ്ത ഇനങ്ങളിലുള്ള പൂച്ചെടികൾ നഗരങ്ങളിലും വീടുകളിലും വച്ചുപിടിപ്പിക്കുന്നത് പക്ഷികളേയും പൂമ്പാറ്റകളേയും തേനീച്ചകളേയും ആകർഷിക്കും.

4. ശുദ്ധജലപാരിസ്ഥിതികവ്യൂഹങ്ങളെ പുനഃസ്ഥാപിക്കുക:

ശുദ്ധജല പാരിസ്ഥിതികവ്യൂഹങ്ങൾ ഭൂമിയെ ഫലഭൂയിഷ്ഠമാക്കുന്ന ജലചക്രത്തെ നിലനിർത്തുന്നു. അവ കോടിക്കണക്കിന് ആളുകൾക്ക് കുടിവെള്ളവും ഭക്ഷണവും നൽകുന്നു, നമ്മെ വരൾച്ചയിൽ നിന്നും വെള്ളപ്പൊക്കത്തിൽ നിന്നും രക്ഷിക്കുന്നു, അസംഖ്യം സസ്യങ്ങൾക്കും ജീവികൾക്കും ആവാസമൊരുക്കുന്നു. എന്നിട്ടും, മലിനീകരണം, കാലാവസ്ഥാവ്യതിയാനം, അമിത മത്സ്യബന്ധനം, അമിതചൂഷണം എന്നിവകൊണ്ട് അവ ആശങ്കാജനകമായ തോതിൽ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു.

വെള്ളത്തിന്റെ ഗുണമേന്മ വർദ്ധിപ്പിച്ചും മലിനീകരണത്തിന്റെ ഉറവിടങ്ങൾ തിരിച്ചറിഞ്ഞും ശുദ്ധജലപാരിസ്ഥിതികവ്യവസ്ഥയുടെ ആരോഗ്യം മോണിട്ടർ ചെയ്തും ആളുകൾക്ക് ഇത് നിർത്താനാകും. നാശോന്മുഖമായ നദികളെയും തണ്ണീർത്തടങ്ങളേയും 2030 ഓടെ പുനരുജ്ജീവിപ്പിക്കാനുള്ള ശുദ്ധജലചാലഞ്ചിന് വേഗതപകർന്നുകൊണ്ട് രാജ്യങ്ങൾക്കും ഇതിൽ പങ്കാളികളാകാം. തകർന്ന ശുദ്ധജല ആവാസവ്യൂഹങ്ങളിലെ അധിനിവേശ സ്പീഷീസുകളെ പിഴുതുമാറ്റി തദ്ദേശീസ സസ്യങ്ങളെ വീണ്ടും നട്ടുപിടിപ്പിക്കാവുന്നതാണ്. അഴുക്കുവെള്ളം ശുദ്ധീകരിക്കുക, മഴവെള്ളത്തിന്റെ ഒഴുക്ക് നിയന്ത്രിക്കുക, നഗരങ്ങളിലെ വെള്ളപ്പൊക്കം നിയന്ത്രിക്കുക എന്നീ കാര്യങ്ങളിൽ നഗരങ്ങൾക്ക് നേതൃത്വപരമായി പ്രവർത്തിക്കാനാകും.

5.തീരദേശങ്ങളെയും തീരക്കടൽപ്രദേശങ്ങളെയും പുതുക്കുക:

സമുദ്രങ്ങളും കടലുകളും മാനവരാശിയ്ക്ക് ഓക്സിജനും ഭക്ഷണവും ജലവും പ്രദാനം ചെയ്യുന്നതോടൊപ്പം കാലാവസ്ഥാവ്യതിയാനത്തെ ചെറുക്കാനും തീവ്രകാലാവസ്ഥകളോട് പ്രതികിക്കാൻ സമൂഹങ്ങളെ സഹായിക്കുകയും ചെയ്യുന്നു. മുന്നൂറുകോടിയിലേറെ  ജനങ്ങൾ, പ്രത്യേകിച്ച് വികസ്വരരാജ്യങ്ങളിലുള്ളവർ അവരുടെ നിത്യജീവിതത്തിന്  തീരദേശത്തിലെ ജൈവവൈവിദ്ധ്യത്തെയാണ് ആശ്രയിക്കുന്നത്.

ഈ അമൂല്യമായ സമ്പത്ത് തലമുറകളോളം ലഭിക്കുമെന്നുറപ്പാക്കാൻ സർക്കാരുകൾക്ക് ‘കുൺമിംഗ്- മോണ്ട്രിയോൾ ഗ്ലോബൽ ബയോഡൈവേഴ്സിറ്റി ഫ്രേംവർക്ക്’ നടപ്പാക്കുന്നത് ത്വരിതപ്പെടുത്താനാകും. കണ്ടൽക്കാടുകൾ, ഉപ്പുപാടങ്ങൾ, കടൽച്ചെടിക്കാടുകൾ, പവിഴപ്പുറ്റുകൾ തുടങ്ങിയവ ഉൾപ്പെടുന്ന നീല പരിസ്ഥിതിവ്യൂഹങ്ങളെ പുനഃസ്ഥാപിക്കാൻ രാജ്യങ്ങൾ തയ്യാറാകണം. അതോടൊപ്പം മലിനീകരണം, അമിതപോഷണം, കൃഷിമാലിന്യങ്ങളുടെ ഒഴുക്ക്, വ്യവസായമലിനീകരണം, പ്ലാസ്റ്റിക്‌ മാലിന്യങ്ങൾ എന്നിവയുടെ കാര്യത്തിൽ കർശനമായ നിയമനടപടികളും ഉണ്ടാകണം, അവ ഒലിച്ചിറങ്ങി തീരക്കടലിൽ ചെന്നുചേരാതിരിക്കുന്നതിന്.

പ്ലാസ്റ്റിക്‌ ഉല്പന്നങ്ങൾ പുനരുപയോഗത്തിന് വിധേയമാക്കിയും മറ്റാവശ്യങ്ങൾക്ക് ഉപയുക്തമാക്കിയും പുനശ്ചംക്രമണം ചെയ്തും ആത്യന്തികമായി കടലിൽ എത്തിച്ചേരുന്നതിനെ തടഞ്ഞും പ്ലാസ്റ്റിക്‌ ഉൽപന്നങ്ങളുടെ ഒരു പുനരാവിഷ്കാരം കൊണ്ടുവരുവാൻ വേണ്ടി രാഷ്ട്രങ്ങൾക്ക് അവയുടെ ജീവിതചക്രം പുനഃക്രമീകരിക്കാൻ ശ്രമിക്കാവുന്നതാണ്.

6. പ്രകൃതിയെ നഗരങ്ങളിലേക്ക് തിരികെ കൊണ്ടുവരിക:

ലോകജനസംഖ്യയുടെ പകുതിയിലധികം നഗരങ്ങളിലാണ് അധിവസിക്കുന്നത്. ജനസംഖ്യയുടെ മൂന്നിൽ രണ്ടും 2050 ഓടുകൂടി നഗരവാസികളായിരിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഈ ഭൂമിയിലെ വിഭവങ്ങളുടെ 75 ശതമാനവും ഉപഭോഗം ചെയ്യുന്നത് നഗരങ്ങളാണ്, ആഗോളതലത്തിൽ  മാലിന്യങ്ങളുടെ പകുതിയിലേറെ ഉണ്ടാകുന്നത് നഗരങ്ങളിലാണ്, ഹരിതഗൃഹവാതകത്തിന്റെ 60 ശതമാനവും നഗരങ്ങളിൽ നിന്നുതന്നെയാണ് പുറംതള്ളുന്നത്. നഗരങ്ങൾ വളരുന്തോറും അവയ്ക്കുചുറ്റുമുള്ള പ്രകൃതിദത്തമായ ലോകത്തെ മാറ്റിമറിക്കുന്നു; അത് വരൾച്ചയ്ക്കും മണ്ണിന്റെ ശോഷണത്തിലേയ്ക്കും നയിക്കുന്നു.

എന്നാൽ നഗരങ്ങൾ കോൺക്രീറ്റ് കാടുകൾ ആയിരിക്കണമെന്നില്ല. നാഗരികവനങ്ങൾക്ക് വായുവിന്റെ ഗുണമേന്മ വർദ്ധിപ്പിക്കാനാകും, കൂടുതൽ തണൽ നൽകാനും യാന്ത്രികമായുള്ള ശീതീകരണത്തിനുള്ള ആവശ്യകത കുറയ്ക്കാനുമാകും. നഗരങ്ങളിലെ കനാലുകളും കുളങ്ങളും മറ്റു ജലാശയങ്ങളും സംരക്ഷിക്കുന്നതുവഴി ഉഷ്ണതരംഗങ്ങളെ ലഘൂകരിക്കാനും ജൈവവൈവിദ്ധ്യം സംരക്ഷിക്കാനും കഴിയും. കെട്ടിടങ്ങളിൽ പുരപ്പുറത്തോട്ടങ്ങളും വെർട്ടിക്കൽ ഗാർഡനുകളും സ്ഥാപിക്കുന്നത് പക്ഷികൾക്കും ചെറുപ്രാണികൾക്കും സസ്യങ്ങൾക്കും ആവാസമൊരുക്കും.

7. പുനഃസ്ഥാപനത്തിന് സാമ്പത്തികം ഉണ്ടാക്കുക:

ലോകത്തിന്റെ കാലാവസ്ഥയും ജൈവവൈവിദ്ധ്യവും പരിസ്ഥിതിവ്യൂഹവും പുനഃസ്ഥാപിക്കുന്നതിനുള്ള പ്രകൃതിബന്ധിതമായ പരിഹാരമാർഗ്ഗങ്ങൾ സ്ഥാപിക്കുക എന്ന ലക്ഷ്യം 2030 ഓടെ കൈവരിക്കുക എന്നത് സാക്ഷാൽക്കരിക്കണമെങ്കിൽ  സാമ്പത്തികനിക്ഷേപം  54000 കോടി യു എസ് ഡോളറിന്റെ ഇരട്ടിയിലേറെ ആക്കേണ്ടിവരും.

നിലവുള്ള നിക്ഷേപത്തിലെ വിടവ് നികത്തുന്നതിന് സർക്കാരുകൾ മുൻകൂർ മുന്നറിയിപ്പുതരുന്ന സംവിധാനങ്ങളിൽ (ഏർലി വാണിംഗ്) നിക്ഷേപിക്കേണ്ടിയിരിക്കുന്നു. എങ്കിൽ മാത്രമേ വരൾച്ചയുടെ അതിതീവ്രത തടയാനും ഭൂമിയുടെ വീണ്ടെടുപ്പിനും പ്രകൃത്യാധിഷ്ഠിതമായ പരിഹാരമാർഗ്ഗങ്ങൾക്കും പണം കൊടുക്കാൻ കഴിയുകയുള്ളൂ.

സ്വകാര്യമേഖലയ്ക്കും പരിസ്ഥിതിവ്യൂഹത്തിന്റെ തിരിച്ചുപിടിക്കൽ എന്നത് അവരുടെ പ്രവർത്തനമേഖലയുമായി സമന്വയിക്കുകയും ഫലപ്രദമായ മലിനീകരണനിയന്ത്രണമാർഗ്ഗങ്ങൾ നടപ്പാക്കുകയും സ്ഥായിത്വമുള്ള കൃഷി, എക്കോടൂറിസം, ഹരിതസാങ്കേതികവിദ്യ എന്നിവയിൽ സാമ്പത്തികനിക്ഷേപം നടത്തുകയും ചെയ്യാൻ കഴിയും.

വ്യക്തികൾക്കാകട്ടെ, സ്ഥായിത്വമുള്ള സംരംഭങ്ങളിൽ നിക്ഷേപിക്കുന്ന സാമ്പത്തികസ്ഥാപനങ്ങളിലേക്ക് അവരുടെ ബാങ്ക് അക്കൗണ്ടുകൾ മാറ്റുകയും പരിസ്ഥിതിപുനരുജ്ജീവനത്തിനോ ഭൂമിയെ രക്ഷിക്കാനുതകുന്ന പുത്തൻ ആശയങ്ങൾക്കുതകുന്ന ക്രൗഡ് ഫണ്ടിംഗിനോ വേണ്ടി നിക്ഷേപിക്കുകയോ ചെയ്യാം.

https://www.unep.org/news-and-stories/story/seven-ways-restore-land-halt-desertification-and-combat-drought

വിവർത്തനം :

പരിസരദിന ലേഖനങ്ങളും മത്സരങ്ങളും

മുൻവർഷങ്ങളിലെ പരിസ്ഥിതിദിന ടൂൾക്കിറ്റുകൾ സ്വന്തമാക്കാം

കാലാവസ്ഥാമാറ്റം സംബന്ധമായ ലൂക്ക ലേഖനങ്ങൾ

SCIENCE OF CLIMATE CHANGE

climate change science and society10
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post ലിഡാർ കണ്ടെത്തുന്ന ആമസോണിലെ ആദിമ നാഗരികത
Next post ശ്രീലങ്കയിലെ കണ്ടൽക്കാടുകളുടെ പുനഃസ്ഥാപനം
Close