Read Time:4 Minute


ഡോ.ബി.ഇക്ബാൽ

കോവിഡ് പ്രതിരോധ നടപടികൾ കർശനമായി പിന്തുടരുക, അർഹരായവരെല്ലാം വാക്സിൻ സ്വീകരിക്കാൻ ജാഗ്രത കാട്ടുക
കേരളത്തിലെ കോവിഡ് പ്രതിരോധം വിജയകരമാണെന്ന് സീറോ പ്രിവലന്സ് സർവേ റിപ്പോർട്ട്. രക്തത്തിൽ ആന്റിബോഡി പരിശോധിച്ച്‌ രോഗം വന്നുപോയവർ എത്രയെന്ന് കണക്കാക്കാനാണു സീറോ പ്രിവലൻസ്‌ പഠനം നടത്തുന്നത്‌. 2021ഫെബ്രുവരി മാസത്തിൽ നടത്തിയ കേരള കോവിഡ് 19 സീറോ സർവേ പ്രകാരം കേരളത്തിലെ സീറോ പ്രിവലൻസ് 10.76 ശതമാനം മാത്രമാണ്. പൊതുജനങ്ങൾ, ആരോഗ്യ പ്രവർത്തകർ, കോവിഡ് മുന്നണി പോരാളികൾ ഉള്പ്പെടെ ആകെ 20,939 പേരിലാണ് പഠനം നടത്തിയത്.
മുതിര്ന്ന പൗരന്മാരുടെയിടയിലെ സീറോ പ്രിവിലൻസ് 8 ശതമാനം മാത്രമാണ്. സംസ്ഥാനം നടപ്പിലാക്കിയ റിവേഴ്‌സ് ക്വാറന്റൈൻ ഫലപ്രദമാണെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്. ആരോഗ്യ പ്രവർത്തകർക്കിടയിലുള്ള സീറോ പ്രിവലന്സ് 10.5 ശതമാനം മാത്രമാണ്. ആശുപത്രികളിലെ രോഗാണുബാധ നിയന്ത്രണ സംവിധാനവും പ്രതിരോധ സംവിധാനവും ശക്തിപ്പെടുത്തിയത് ഏറെ ഗുണം ചെയ്തുവെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്. കോവിഡ് മുന്നിര പ്രവർത്തകർക്കിടയിലുള്ള സീറോ പ്രിവലന്സ് 12 ശതമാനം മാത്രമാണ്. കേരളം നടത്തിയ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ശാസ്ത്രീയവും വിജയകരവുമായിരുന്നു എന്നതാണ് ഇത് സൂചിപ്പിക്കുന്നത്.
ദേശീയ തലത്തില് 30 രോഗബാധിതരില് ഒരാളെ മാത്രം കണ്ടെത്തി റിപ്പോര്ട്ട് ചെയ്യുമ്പോൾ കേരളത്തിലത് രോഗാണുബാധയുള്ള 4 പേരിൽ നിന്നും ഒരാളെ കണ്ടെത്തി റിപ്പോർട്ട് ചെയ്യുന്നുണ്ട്. കോവിഡ് രോഗികളെ ടെസ്റ്റിലൂടെ കണ്ടെത്തി ഫലപ്രദമായി ചികിത്സ നൽകാനുള്ള സംസ്ഥാനത്തിന്റെ ശ്രമഫലം കൂടിയാണിത്.
2020 മെയ് മാസത്തിലാണ് ഐസിഎംആർ കേരളത്തില് ആദ്യമായി സീറോ പ്രിവലൻസ് സർവേ നടത്തിയത്. മൂന്നു ജില്ലകളിലായി നടത്തിയ ഈ സർവേയുടെ അടിസ്ഥാനത്തില് കേരളത്തിലെ സീറോ പ്രിവലന്സ് 0.3 ശതമാനവും അതേസമയം ദേശീയതലത്തിലേത് 0.73 ശതമാനവും ആയിരുന്നു. ആഗസ്റ്റ് മാസത്തിൽ വീണ്ടും സര്വേ നടത്തിയപ്പോൾ കേരളത്തിലേത് 0.8 ശതമാനവും ദേശീയ തലത്തില് 6.6 ശതമാനവുമായി. ഇതേ മൂന്നു ജില്ലകളില് തന്നെ ഡിസംബര് മാസത്തില് വീണ്ടും സര്വേ നടത്തിയപ്പോൾ കേരളത്തിലെ സീറോ പ്രിവലൻസ് 11.6 ശതമാനവും ദേശീയ തലത്തില് 21 ശതമാനവും ആണെന്ന് കണ്ടെത്തി. ഐസിഎംആര് സീറോ സര്വേകളില് 1200 പേരെ മാത്രമാണ് സംസ്ഥാനത്തു നിന്നും പഠനവിധേയമാക്കിയത്. ആ സ്ഥാനത്താണ് സംസ്ഥാനം 20,000ലധികം പേരെ പഠനത്തില് ഉള്പ്പെടുത്തിയത്.
രോഗപ്രതിരോധത്തിൽ വിജയിച്ചു എന്നതിൽ അഭിമാനിക്കയും ആശ്വസിക്കുകയും ചെയ്യുമ്പോൾ തന്നെ സമൂഹത്തിൽ 90 ശതമാനത്തോളം പേർക്ക് രോഗബാധയുണ്ടാവാനുള്ള സാധ്യതയുണ്ടെന്നും മനസ്സിലാക്കിയിരിക്കേണ്ടതാണ്. കോവിഡ് പ്രതിരോധ നടപടികൾ കർശനമായി പിന്തുടരാനും ( മാസ്ക്, ധാരണം, കൈകഴുകൽ, ശരീരദൂരം പാലിക്കൽ) മുൻ ഗണനാക്രമമനുസരിച്ച് അർഹരായവരെല്ലാം വാക്സിൻ സ്വീകരിക്കാനും ജാഗ്രത പാലിക്കേണ്ടതാണ്.

റിപ്പോർട്ട് പൂർണ്ണ രൂപം വായിക്കാം

  1. REPORT OF THE KERALA COVID-19 (SARS CoV-2 IgG) SEROSURVEY MARCH, 2021
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post മാർച്ച് 24 – ലോക ക്ഷയരോഗദിനം
Next post വായു മലിനീകരണം ഏറ്റവുമധികമുള്ള ലോകത്തെ 50 നഗരങ്ങളിൽ 35 എണ്ണവും ഇന്ത്യയിൽ
Close