Read Time:13 Minute


ഡോ. ജയശങ്കർ സി.ബി

Postdoctoral Fellow, Florida State University, Florida, USA

 2020ലെ  World Air Quality Report പ്രസിദ്ധീകരിച്ചു. ലോകത്തിലെ എല്ലാ നഗരങ്ങളിലെയും 2020 ലെ നേർത്ത (പിഎം 2.5) മലിന പദാർത്ഥത്തിന്റെ അളവ് പരിശോധിച്ച് നടത്തിയ പഠനത്തിൽ പറയുന്നത് ലോകത്തിലെ കൂടുതൽ മലിനമായ ആദ്യ 50 നഗരങ്ങളിൽ 35 എണ്ണവും ഇന്ത്യയിലെ നഗരങ്ങൾ ആണെന്നാണ്. IQAir സംഘമാണ് World Air Quality Report എല്ലാ വർഷവും പ്രസിദ്ധീകരിക്കാറ്.

ചരിത്രം

1953 ഡിസംബർ മാസത്തിൽ ബ്രിട്ടന്റെ തലസ്ഥാനമായ ലണ്ടൻ നഗരത്തിൽ രൂക്ഷമായ വായു മലിനീകരണം ഉണ്ടാവുകയും അഞ്ചു ദിവസത്തോളം നീണ്ടു നിന്ന ആ അവസ്ഥ ലണ്ടൻ നഗരത്തെ ആകെ പരിഭ്രാന്തിയിലാക്കുകയും ചെയ്തു. പുക കലര്‍ന്ന മഞ്ഞിനാൽ വിസിബിലിറ്റി കുറവായി, ഗതാഗതം സ്തംഭിച്ചു, പുറത്തു പോയവർ തിരിച്ചു വീട്ടിലെത്തിയപ്പോഴേക്കും മുഖവും മൂക്കും ഒക്കെ കറുത്തു പോയിരുന്നു. പുറത്തിറങ്ങാൻ തന്നെ പേടിച്ച ദിവസങ്ങളായിരുന്നു അവിടത്തെ ജനങ്ങൾക്കത്. ചില ദിവസങ്ങളിൽ അന്തരീക്ഷമർദ്ദം വർദ്ധിക്കുന്നതിലൂടെ ഭൌമോപരിതലം ചൂടുപിടിക്കുകയും താപനില പ്രതികൂലാവസ്ഥ (temperature inversion) ഉണ്ടാകുകയും ചെയ്യുന്നു. ഈ അവസ്ഥ സൾഫർ നിറഞ്ഞ കൽക്കരിയിൽ നിന്നുണ്ടാകുന്ന പുക ആകാശത്തേക്ക് ഉയർന്നു പോകുന്നത് തടയാനിടയാക്കി. ഈ പുക മഞ്ഞുമായി ചേർന്ന് പുക കലര്‍ന്ന മഞ്ഞായി മാറുകയും ചെയ്തു, മാത്രമല്ല അതിൽ സൾഫർ കലർന്നതിനാൽ ചീഞ്ഞ മുട്ടയുടെ മണവും ഉണ്ടായിരുന്നു. ഈ പ്രതിഭാസം പിന്നീട് ഒരുപാട് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുകയും, 4000 ത്തോളം പേരുടെ അകാല മരണത്തിനു കാരണമാകുകയും ചെയ്തു എന്ന് ആദ്യകാല റിപ്പോർട്ടുകൾ പറയുന്നു.

എന്താണ് വായു മലിനീകരണം?

മനുഷ്യന്റെ ആരോഗ്യം, നാം ജീവിക്കുന്ന പരിസ്ഥിതി, ജീവിതശൈലി എന്നിവക്കു ദോഷമുണ്ടാക്കുന്ന ഏതെങ്കിലും മാലിന്യങ്ങൾ വായുവിൽ കാണപ്പെടുന്നതിനെയാണ് വായു മലിനീകരണം എന്ന് വിശേഷിപ്പിക്കുന്നത്. പണ്ടുകാലങ്ങളിൽ തന്നെ വായു മലിനീകരണം മനുഷ്യന് പ്രധാന ഭീഷണി ആയിരുന്നു. വെങ്കലയുഗത്തിലും, ഇരുമ്പുയുഗത്തിലും പല ഗ്രാമങ്ങളും വിവിധ ഉറവിടങ്ങളിൽനിന്നുമുള്ള പുകയാലും പൊടിപടലങ്ങളാലും മലിനമായി കാണപ്പെട്ടിരുന്നു. പതിനാലാം നൂറ്റാണ്ടിൽ കൽക്കരി കത്തുന്നതിലൂടെ ഉണ്ടാകുന്ന പുക ലണ്ടൺ നഗരത്തിലെ വായുമലിനീകരണത്തിനു കാരണമാകുന്നു എന്നു തിരിച്ചറിയുകയും കൽക്കരി ഉപയോഗം നിരോധിക്കുകയും ചെയ്തിരുന്നു. 1990 കളിൽ തന്നെ ഇന്ത്യയിലെ നഗരങ്ങളിൽ വായു മലിനീകരണം ഒരു പ്രശ്‌നമായി മാറിയിരുന്നു.

ലോകത്തിലേറ്റവും കൂടുതൽ വായുമലിനീകരണം രേഖപ്പെടുത്തിയ 15 നഗരങ്ങളിൽ 13ഉം ഇന്ത്യയിൽ പട്ടിക പൂർണ്ണരൂപത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക

2020 ലെ വാർഷിക വായു മലിനീകരണ ശരാശരി കണക്കു പ്രകാരമുള്ള പട്ടികയിൽ ഇന്ത്യ മൂന്നാം സ്ഥാനത്താണ് എന്നത് ഭീതിജനകമാണ്. മുൻപൊക്കെ വായു മലിനീകരണം എന്ന് പറഞ്ഞു മാത്രം കേട്ടിരുന്ന ജനങ്ങൾ ഇപ്പോൾ അനുഭവിച്ചറിയാൻ തുടങ്ങിയിരിക്കുന്നു, പ്രത്യേകിച്ചും നഗരങ്ങളിൽ ജീവിക്കുന്നവർ.

ഐ ക്യു എയറിന്റെ കണക്കു പ്രകാരം മലിന പദാർത്ഥത്തിന്റെ (particulate matter 2.5) അളവ് കണക്കിലെടുത്തു ക്രമീകരിച്ച പട്ടികയിൽ ആദ്യ പത്തിൽ ഒൻപതും ഇന്ത്യയിലെ നഗരങ്ങളാണ് (ഗാസിയാബാദ്, ബുലന്ദ്‌ഷഹർ, ബിസ്രാഖ് ജലാൽപൂർ, ഭിവടി, നോയിഡ, വലിയ നോയിഡ, കാൺപൂർ, ലക്നൗ, ഡൽഹി). ലോകത്തിലെ തലസ്ഥാന നഗരങ്ങളിലെ വായുമലിനീകരണ പട്ടികയിൽ ഒന്നാംസ്ഥാനത്താണ് ഡൽഹി നഗരം. ജനസാന്ദ്രത കൂടുതലുള്ള ഇന്ത്യയുടെ തലസ്ഥാന നഗരമായ ഡൽഹിയിൽ മിക്ക ദിവസങ്ങളിലും മലിന വായു ശ്വസിക്കേണ്ട അവസ്ഥയാണ്.
ഇന്ത്യയുടെ പ്രധാന നഗരങ്ങളിലെ PM 2.5 വായു മലിനീകരണത്തിന്റെ സ്ഥിതിവിവരം –  2020ലെ  World Air Quality Reportൽ നിന്നും

എങ്ങിനെ ഉണ്ടാകുന്നു?

വാഹനങ്ങൾ പുറംതള്ളുന്ന പുക, ഗതാഗതം മൂലം റോഡിനിരുവശത്തും നിന്നും ഉയരുന്ന പൊടിപടലങ്ങൾ, വിവിധതരത്തിലുള്ള കെട്ടിട നിർമാണങ്ങൾ, വൻകിട വ്യവസായങ്ങളിൽ നിന്നുള്ള പുക, വിവിധ തരം മാലിന്യങ്ങൾ കത്തിക്കുമ്പോഴുണ്ടാകുന്ന പുക തുടങ്ങിയവയാണ് വായുമലിനീകരണത്തിന്റെ പ്രധാന ഉറവിടം. പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളിൽ ലക്ഷകണക്കിന് ടൺ ധാന്യം കൊയ്ത ശേഷം അവശേഷിക്കുന്ന കുറ്റി കത്തിക്കുന്നതിനാൽ വടക്കുപടിഞ്ഞാറൻ സംസ്ഥാനങ്ങളിൽ ശീതകാലത്തെ വായുമലിനീകരണം ക്രമാതീതമായി വർധിക്കാറുണ്ട്. ദീപാവലി കഴിഞ്ഞുള്ള ദിവസങ്ങളിൽ ഗംഗാ നദീതട മേഖലയിൽ വായുമലിനീകരണം പതിവാണ്. പടക്കങ്ങളുടെയും വെടിമരുന്നുകളുടെയും ഉപയോഗം വായുമലിനീകരണത്തിന്റെ തോത് കൂട്ടുന്നു. ഉദാഹരണത്തിന്, 2016 ഒക്ടോബർ 30 മുതൽ നവംബർ 7 വരെ ഡൽഹി ഉണ്ടായ പുകകലർന്ന മഞ്ഞ് (സ്മോഗ്) ജനങ്ങളിൽ വളരെയധികം ഭീതി പരത്തിയിരുന്നു. ദേശീയ വായു ഗുണനിലവാര പട്ടിക പ്രകാരം വായുവിലെ നേർത്ത (2.5 മൈക്രോൺ അല്ലെങ്കിൽ അതിലും ചെറുത്) മലിന പദാർത്ഥത്തിന്റെ അളവ് 60 മൈക്രോഗ്രാം പെർ ക്വിബിക്‌ മീറ്ററോ അതിൽ താഴെയോ ആണെങ്കിൽ ആരോഗ്യത്തിന് ഹാനികരമല്ല. പക്ഷേ സ്മോഗ് ദിവസങ്ങളിൽ ഡൽഹിയിൽ നേർത്ത മലിന പദാർത്ഥത്തിന്റെ അളവ് ശരാശരി 793 മൈക്രോഗ്രാം പെർ ക്വിബിക്‌ മീറ്റർ ആയിരുന്നു. ഈ അവസ്ഥ പലരുടെയും ആരോഗ്യസ്ഥിതിയെ വളരെ അധികം ബാധിച്ചിരുന്നു എന്ന് പഠനങ്ങൾ പറയുന്നു. ഈ വർഷവും ദീപാവലിക്ക് ശേഷം, ഡൽഹിയിൽ പലയിടങ്ങളിലും നേർത്ത മലിന പദാർത്ഥത്തിന്റെ അളവ് 400 മൈക്രോഗ്രാം പെർ ക്വിബിക്‌ മീറ്ററിനു മുകളിൽ ആയിരുന്നു.

എങ്ങിനെ നിയന്ത്രിക്കാം?

കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡും, സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡുകളും നഗരങ്ങളിലെ വായുമലിനീകരണത്തെ നിരന്തരം നിരീക്ഷിക്കുകയും മലിനീകരണം കുറയ്ക്കുന്നതിനായി പ്രവർത്തിക്കുകയും ചെയ്യുന്നു. കൂടാതെ മലിന വായു മനുഷ്യന്റെ ആരോഗ്യത്തിനെ വളരെയധികം ബാധിക്കുന്നതിനാൽ മലിനീകരണം കൂടുതലാണെങ്കിൽ ജനങ്ങളുടെ സുരക്ഷക്ക് വേണ്ടി ഈ ബോർഡുകൾ ക്ര്യത്യമായ അറിയിപ്പുകൾ നൽകുന്നു. വ്യവസായശാലകളിൽ നിന്നുള്ള വൻതോതിലുള്ള വായുമലിനീകരണത്തെ കുറച്ചുകൊണ്ടുവരുന്നതിനുള്ള സാങ്കേതികവും നിയമപരവുമായ നടപടികൾ എടുക്കേണ്ടതുണ്ട്. ഒപ്പം തന്നെ വിറകു കത്തിച്ചു വെള്ളം ചൂടാക്കുക, വിറകു കത്തിച്ചുള്ള പാചകം, കാർഷിക അവശിഷ്ടങ്ങൾ കത്തിക്കൽ, മാലിന്യങ്ങൾ കത്തിക്കൽ തുടങ്ങിയവയിൽ നിന്നും ഉണ്ടാകുന്ന പുക മലിനീകരണത്തിന്റെ അളവ് കൂട്ടുന്നു. സ്വകാര്യ വാഹനങ്ങളുടെ ഉപയോഗം കുറച്ച് പൊതുഗതാഗത മാർഗങ്ങൾ ക്ര്യത്യമായി ഉപയോഗിച്ചാൽ ഒരു പരിധിവരെ മലിനീകരണം കുറക്കാം. പെട്രോൾ, ഡീസൽ വാഹനങ്ങളിൽ നിന്ന്  ഇലക്ട്രിക്ക് വാഹനങ്ങളിലേക്കു മാറുന്നതും മലിനീകരണം കുറക്കാൻ സഹായിക്കും. നഗരങ്ങളിലെ റോഡ് ഗതാഗതം കാരണം ഉണ്ടാകുന്ന മലിനീകരണം മാത്രം നിയന്ത്രിച്ചാൽ ഏകദേശം 15-20% മലിനീകരണം കുറയ്ക്കാനാകും. മാത്രമല്ല ഓരോ വ്യക്തിക്കും അവരവരുടെ ജീവിത ശൈലിയിലെ ചെറിയമാറ്റങ്ങൾ പോലും മലിനീകരണം കുറക്കാൻ സഹായിക്കും. കൃത്യമായ ജന പങ്കാളിത്തത്തോടുകൂടെ മാത്രമേ വായു മലിനീകരണം നിയന്ത്രിക്കാൻ സാധിക്കുകയുള്ളൂ.


അധികവായനയ്ക്ക്

  1. World air quality report 2020 ഡൌൺലോഡ് ചെയ്യാം
  2. https://www.iqair.com/world-most-polluted-cities

വായു മലിനീകരണം - ചില അടിസ്ഥാന വിവരങ്ങൾ

വായു മലിനീകരണം:

സ്വാഭാവിക സാന്നിദ്ധ്യത്തിനും ഉപരിയായി മാരകമായേക്കാവുന്ന അളവിൽ വായുവിൽ അടങ്ങിയിരിക്കുന്ന ഏതിനെയും വായു മലിനീകരണത്തിന് കാരണമായി കണക്കാക്കാം. വായു മലിനമാക്കുന്ന ധാരാളം ഘടകങ്ങളുണ്ടെങ്കിലും സി.പി. സി.ബിയുടെ (Central Pollution Control Board) നിർവചനപ്രകാരം നൈട്രജൻ ഡയോക്സൈഡ് (NO2), കാർബൺ മോണോക്സൈഡ് (CO), അമോണിയ (NH3), ഉപരിതല ഓസോൺ (03), സൾഫർ ഡയോക്സൈഡ് (SO2), PM2.5, PM10 എന്നിവയാണ് പ്രധാനികള്‍. ആദ്യം പറഞ്ഞവയൊക്കെ നമുക്കറിയാം.  അവസാനത്തെ PM2.5, PM10 എന്നിവ എന്തെന്ന് പരിചയപ്പെടാം.

എന്താണ്  PM 2.5,  PM 10 ?

PM 2.5 എന്നാല്‍ atmospheric particulate matter 2.5 എന്നാണ്. പേര് ഇത്തിരി വലുതാണെങ്കിലും സംഗതി ചെറുതാണ്. ചെറുതെന്നു പറഞ്ഞാൽ നമുക്ക് കാണാൻ പറ്റാത്ത അത്രയും ചെറുത്. എന്നു പറഞ്ഞാലും പോര, ഇലക്ട്രോൺ മൈക്രോസ്കോപ്പിലൂടെ മാത്രം കാണാൻ പറ്റുന്ന അത്രയും ചെറുത്. കുറച്ചുകൂടി വ്യക്തത വേണോ? എങ്കിൽ നിങ്ങളുടെ തലയിൽനിന്ന് ഒരു മുടിനാര് പിഴുതെടുക്കുക. ഇനി അതിനെ നീളത്തിൽ മുറിച്ച് 33 നാരുകളാക്കുക. ശ്രദ്ധിക്കണം എല്ലാം ഒരേ വലിപ്പത്തിലായിരിക്കണേ. ചെയ്തോ? ഇപ്പോൾ നിങ്ങളുടെ കൈയിലിരിക്കുന്ന ഒരു നാരിന് ഏകദേശം PM 2.5ന്റ അത്രയും വീതിയുണ്ടാകും. ശാസ്ത്രീയമായി പറഞ്ഞാൽ ഏകദേശം 2.5 മൈക്രോ മീറ്റർ.

എയർ ക്വാളിറ്റി ഇൻഡക്സ് (AQI) :

വായുവിന്റെ ഗുണമേന്മ അടയാളപ്പെടുത്തുന്ന സംഖ്യയാണ് AQI. വായുവിൽ അടങ്ങിയിരിക്കുന്ന നൈട്രജൻ ഡയോക്സൈഡ് (NO2), കാർബൺ മോണോക്സൈഡ് (CO), അമോണിയ (NH3), ഉപരിതല ഓസോൺ (03), സൾഫർ ഡയോക്സൈഡ് (SO2), PM2.5, PM10 എന്നിവയുടെ തോതനുസരിച്ചാണ് AQI തയ്യാറാക്കുന്നത്. ഇന്ത്യയിൽ വിവിധ ഏജൻസികൾ AQI തയ്യാറാക്കുന്നുണ്ട്. സി.പി. സി.ബി (Central Pollution Control Board) വിവിധ ഇടങ്ങളിലെAQI തയ്യാറാക്കി സൂക്ഷിക്കുന്നതാണ് ഇവിടെ ആശ്രയിച്ചിട്ടുള്ളത്. മലിനീകരണത്തിന്റെ അളവ് കണക്കാക്കി നമ്പറുകളായാണ് AQI പറയുന്നത്. AQI കൂടുന്നതനുസരിച്ച് മലിനീകരണവും കൂടുന്നു എന്ന് കണക്കാക്കാം. ഇത് ചില നിറങ്ങളെ അടിസ്ഥാനപ്പെടുത്തി പ്രതിനിധീകരിക്കുകയും ചെയ്യുന്നു. AQ,I ബന്ധപ്പെട്ട നിറം, അതിന്റെ അർത്ഥം എന്നിവ ചുവടെ ചേർക്കുന്നു.

അനൂപ് എ. ലൂക്കയിൽ എഴുതിയ ലേഖനത്തിൽ നിന്നും


ലോക്ക്ഡൗൺ കാലത്ത് അന്തരീക്ഷ മലിനീകരണം എത്ര കുറഞ്ഞു ?


പ്രിപബ്ലിക്കേഷൻ – പുസ്തകം

 

Happy
Happy
33 %
Sad
Sad
17 %
Excited
Excited
0 %
Sleepy
Sleepy
50 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post കേരളത്തിന്റെ കോവിഡ് പ്രതിരോധം വിജയകരം: സീറോ പ്രിവലന്‍സ് സര്‍വേ
Next post വാക്സിൻ വർണ്ണ വിവേചനം
Close