Read Time:7 Minute

കാംർലിംഗ് ഓൺസ്

താപനില കേവലപൂജ്യത്തോടടുക്കുമ്പോൾ ലോഹങ്ങൾ അതിചാലക സ്വഭാവം കാണിക്കുമെന്ന് കണ്ടുപിടിച്ച ഡച്ച് ഭൌതികശാസ്ത്രജ്ഞനായ ഹീക്ക് കാമർലിംഗ് ഓൺസിന്റെ (Heike Kamerlingh Onnes 1853-1926)ജനനം. ആദ്യമായി ഹീലിയത്തെ ദ്രാവകരൂപത്തിലാക്കിയത് അദ്ദേഹമാണ്. സൂപ്പർ കണ്ടക്ടിവിറ്റിയുടെ കണ്ടുപിടിത്തത്തോടെ ലോകമറിയുന്ന ഈ ശാസ്ത്രജ്ഞൻ ക്രയോജനിക്‌സിനു പുതുമാനങ്ങൾ നൽകി.

ദ്രാവകരൂപത്തിലുള്ള ഹീലിയം

1904 -ൽ അദ്ദേഹം ഒരു ക്രയോജനിക്‌സ് ലാബോറട്ടറി ആരംഭിച്ചു. കാമർലിംഗ് ഓൺസ് ലാബോറട്ടറി എന്ന് ഇത് അറിയപ്പെട്ടു. 1908 ജൂലൈ 10 ന് ഹീലിയത്തിന്റെ ഊഷ്മാവ് 4.2k (−269 °C) വരെ താഴ്ത്തി ആദ്യമായി ഹീലിയത്തെ ദ്രവീകരിച്ചു. പിന്നീടത് 1.5kവരെ എത്തിച്ചു. വസ്തുക്കളെ കേവല പൂജ്യത്തിനടുത്ത് തണുപ്പിക്കുമ്പോൾ അവ എങ്ങനെ പെരുമാറുന്നു എന്നു പഠിക്കാൻ അദ്ദേഹം ഹാംസൺ-ലിൻഡെ ചക്രം ഉപയോഗപ്പെടുത്തി.

സൂപ്പർകണ്ടക്റ്റിവിറ്റി

1911-ൽ കാമർലിംഗ് 4.2k ഊഷ്മാവിൽ ഖര മെർക്കുറി വയറിനെ ദ്രവീകരിച്ച ഹീലിയത്തിൽ മുക്കിയപ്പോൾ മെർക്കുറിയുടെ വൈദ്യൂതപ്രതിരോധം ഇല്ലാതാകുന്നതായി കണ്ടെത്തി. തുടർന്ന് ടിന്നിലും ലെഡിലും പരീക്ഷണങ്ങൾ നടത്തി. ചില പദാർത്ഥങ്ങൾക്കു താഴ്ന്ന ഊഷ്മാവിൽ പ്രതിരോധം പൂജ്യമാകുകയും അവ വൈദ്യൂതിയെ അനന്തമായി കടത്തിവിടുകയും ചെയ്യുന്നുവെന്ന് അദ്ദേഹം മനസ്സിലാക്കി. ഇതാണ് സൂപ്പർകണ്ടക്ടിവിറ്റി. സൂപ്പർകണ്ടക്ടിവിറ്റിയുടെ കണ്ടുപിടിത്തത്തിന് 1913 -ൽ അദ്ദേഹത്തിന് നോബൽ സമ്മാനം ലഭിക്കുകയുണ്ടായി.


എച്ച്.ജി. വെൽസ്

ശാസ്ത്രകഥാസാഹിത്യത്തിന്റെ പിതാവെന്നറിയപ്പെടുന്ന എച്ച്. ജി. വെൽസിന്റെ (Herbert George Wells-1866-1946) ജന്മദിനം . കെന്റിലെ കൗണ്ടിയില്‍ ബ്രോംലെ 46 ഹൈസ്ട്രീറ്റില്‍ 1866 ൽജനിച്ചു. പിതാവ്: പൂന്തോട്ട സംരക്ഷകനും ക്രിക്കറ്റ് കളിക്കാരനുമായ ജോസഫ് വെല്‍സ്. 1874 ല്‍ ഒരു അപകടത്തെ തുടര്‍ന്ന് വെല്‍സ് കിടപ്പിലായി. അതോടെ ലൈബ്രറിയില്‍നിന്നും പിതാവ് കൊണ്ടുവന്നിരുന്ന പുസ്തകങ്ങള്‍ വായിക്കലായി ജോര്‍ജ് വെല്‍സിന്റെ ജോലി. ഇത് അദ്ദേഹത്തെ മറ്റൊരു ലോകത്തെയും ജീവിതത്തെയും പരിചയപ്പെടുത്തി. പിന്നീട് അദ്ദേഹം തോമസ് മോര്‍ളി കമേഴ്‌സ്യല്‍ അക്കാദമിയില്‍ വിദ്യാര്‍ഥിയായി ചേര്‍ന്നു. സാമ്പത്തിക ബുദ്ധിമുട്ടുകാരണം 1880 മുതല്‍ 1883 വരെ തുണിക്കടയില്‍ അപ്രന്റീസായി ജോലി ചെയ്യേണ്ടിവന്നു. അതില്‍ പരാജയപ്പെട്ട എച്ച് ജി വെല്‍സ് ഉപ്പാര്‍ക്കില്‍ താമസമാക്കി. അവിടത്തെ വലിയ ലൈബ്രറിയില്‍ അദ്ദേഹം സമയം ചെലവിട്ടു. ജീവശാസ്ത്രത്തിലായിരുന്നു വെല്‍സിന് സവിശേഷ പ്രാവീണ്യം ലഭിച്ചത്. ആദ്യം മുതല്‍ക്കുതന്നെ ഒരു സോഷ്യലിസ്റ്റായിരുന്നു അദ്ദേഹം. സയന്‍സ് ഫിക്ഷന്റെ പേരിലാണ് വെല്‍സ് അറിയപ്പെട്ടത്. അതോടൊപ്പം ചരിത്രം, രാഷ്ട്രീയം, സാമൂഹ്യവിമര്‍ശനം, ടെക്സ്റ്റ് ബുക്കുകള്‍, യുദ്ധനിയമങ്ങള്‍ എന്നീ മേഖലകളിലും അദ്ദേഹം നിരവധി കൃതികള്‍ രചിച്ചു. ദി ഐലന്റ് ഓഫ് ഡോക്ടര്‍ മൊറ്യൂ, ദി ഫസ്റ്റ് മെന്‍ ഇന്‍ ദി മൂണ്‍, ദ ടൈം മെഷീൻ , വാർ ഓഫ് ദ വേൾഡ്സ് മുതലായവയാണ് അദ്ദേഹത്തിന്റെ അതിപ്രശസ്തമായ കൃതികള്‍.

‘ദ ടൈം മെഷീൻ’

ശാസ്ത്രകഥാസാഹിത്യത്തിന്റെ പിതാവെന്നറിയപ്പെടുന്ന എച്ച്. ജി. വെൽസിന്റെ ഏറെ പ്രശസ്തമായ നൊവെല്ലയാണ് 1895-ൽ പ്രസിദ്ധീകരിക്കപ്പെട്ട ‘ദ ടൈം മെഷീൻ’. 19-ാം നൂറ്റാണ്ടിൽ, യു.കെ.യിലെ റിച്ച്മണ്ട് നഗരത്തിൽ, ശാസ്ത്രപണ്ഡിതനായ സമയസഞ്ചാരി, തന്റെ പുതിയ കണ്ടുപിടുത്തമായ ടൈം മെഷീൻ സുഹൃത്തുക്കൾക്ക് പരിചയപ്പെടുത്തുന്നു. ഇങ്ങനെ തുടങ്ങുന്ന കഥ, ശേഷം എത്തി നിൽക്കുന്നത് എ.ഡി. 802701ലാണ്; നൂറായിരം കോടി വർഷങ്ങൾക്കപ്പുറമുള്ള ആരും ദർശിക്കാത്ത ഭാവിലോകം. വിചിത്രവും വിരുദ്ധവുമായ പലതും അരങ്ങേറുന്ന അവിടം, സമയസഞ്ചാരിയിലും വായനക്കാരിലും ഒരുപോലെ കൗതുകവും ഭീതിയും ജനിപ്പിക്കുന്നു.
രണ്ട് തരം ജീവികളെയാണ് വെൽസ് ഭാവി ലോകത്തിൽ പരിചയപ്പെടുത്തുന്നത്. ഭൂമിയുടെ ഉപരിതലത്തിൽ വസിക്കുന്ന ചെറിയ രൂപങ്ങളായ ഇലോയ്കളും (Eloi) ഭൂഗർഭത്തിൽ വസിക്കുന്ന കുരങ്ങു പോലുള്ള മോർലോക്സും (Morlocks). തന്റെ ടൈം മെഷീൻ കാണാതാകുന്നതോടെ ഇവയുടെ ഇടയിൽ അകപ്പെട്ടു പോകുന്ന സമയസഞ്ചാരിയുടെ അവസ്ഥയും തുടർന്നുള്ള സാഹസങ്ങൾ നിറഞ്ഞ ജീവിതവുമാണ് കഥാതന്തു


ലോക അൽഷിമേഴ്സ് ദിനം

തലച്ചോറിന്റെ സങ്കീർണ്ണമായ പ്രവർത്തനങ്ങൾ പതിയെ നശിക്കുന്ന ഡിമൻഷ്യ എന്ന രോഗങ്ങളിൽ പെട്ട രോഗമാണ് അൽഷിമേർസ് രോഗം. പതിയെപതിയെ കാര്യങ്ങൾ മറന്നു തുടങ്ങുന്നതാണ് ഇതിന്റെ ആദ്യ ലക്ഷണങ്ങളിലൊന്ന് ,പുതിയ കാര്യങ്ങൾ പഠിക്കാനുള്ള ശേഷിയാണ് കുറഞ്ഞു തുടങ്ങുക,പഴയ കാര്യങ്ങൾ ഓർമ്മയിലുണ്ടാകും .മറവിയെന്നു പറഞ്ഞെങ്കിലും എല്ലാ മറവിയും അൽഷിമേർസ് രോഗമല്ല.1906 ൽ അലോയ്‌സ് അൽഷിമേർസ് എന്ന ജർമ്മൻ സൈക്യാട്രിസ്റ്റ് മാനസികരോഗ ലക്ഷണങ്ങളുമായി മരണപ്പെട്ട ഒരു സ്ത്രീയുടെ തലച്ചോറിൽ ചില പ്രത്യേക വ്യത്യാസങ്ങൾ കണ്ടെത്തി . അവിടെ നിന്നാണ് അൽഷിമേർസ് രോഗത്തിന്റെ ചരിത്രം തുടങ്ങുന്നത്. ഇന്ന് സെപ്റ്റംബർ 21 ലോക അൽഷിമേർസ് ദിനമാണ്.

അൽഷിമേഴ്സ് രോഗത്തെ കുറിച്ച് അറിയേണ്ട കാര്യങ്ങൾ – വായിക്കാം

 

Happy
Happy
50 %
Sad
Sad
0 %
Excited
Excited
25 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
25 %

Leave a Reply

Previous post മലയാളത്തിൽ സയൻസ് എഴുതുന്ന പുതിയ തലമുറ
Next post വായുമാത്രം ഭക്ഷിച്ചു ജീവിക്കാനാകുമോ?
Close