Read Time:6 Minute
ഫെബ്രുവരി ലക്കം ശാസ്ത്രഗതിയിൽ മുഖ്യവിഷയമായി ചർച്ചചെയ്യുന്നത് ശാസ്ത്രം, ശാസ്ത്രബോധം, ശാസ്ത്ര പ്രചാരണം തുടങ്ങിയ വിഷയങ്ങളാണ്. കവർ സ്റ്റോറി ലേഖനങ്ങളിൽ ആദ്യത്തേത് അനന്ദിന്റേതാണ്. അദ്ദേഹം ശാസ്ത്രഗതിക്കുവേണ്ടി നൽകിയ ‘ശാസ്ത്രം അന്വേഷണത്തിൽനിന്നും അനുസരണയിലേക്ക്’ എന്ന കുറിപ്പിനോടൊപ്പം അദ്ദേഹത്തിന്റെ തന്നെ 2012ലെ ലേഖനവും (ലഗാൻ ടീം ക്രിക്കറ്റ് കളിക്കുമ്പോൾ) പുനഃ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
2021 ഫെബ്രുവരി ലക്കം ശാസ്ത്രഗതി ഉള്ളടക്കം
ശാസ്ത്രത്തിന്റെ സാമൂഹ്യ പ്രയോഗം സംബന്ധിച്ച് ഡോ. കെ എൻ ഗണേഷിന്റെ ലേഖനം (ശാസ്ത്രവും വൈരുധ്യാത്മകതയും) ശാസ്ത്രമാത്ര വാദത്തിനും (സയന്റിസം), ശാസ്ത്രത്തെ കേവലമായി (absolute) സമൂഹ്യ വിഷയങ്ങളിൽ പ്രയോഗിക്കുന്നതിന്റെ അനൗചിത്യത്തിനും എതിരെയുള്ള ഇടതുകാഴ്ചപ്പാടിന്റെ ഒരു വിമർശനം കൂടിയാണ്. ശാസ്ത്രത്തെ സാങ്കേതികവിദ്യയായി തെറ്റായി കാണുന്നതിന്നെക്കുറിച്ചും, തൊഴിലിനുവേണ്ടി മാത്രം ശാസ്ത്രപഠനത്തെ സാങ്കേതികവിദ്യാ പഠനമായി ചുരുക്കുന്നത് അറിവിന്റെ ഉത്‌പാദനത്തെ പ്രതികൂലമായി ബാധിക്കുകവഴി വികസന മേഖലകളിൽ വിദൂര ഭാവിയിൽ രാജ്യത്തെ പിന്നോട്ടടിക്കാൻ കരണമാവുമെന്നും ആർ. വി. ജി. മേനോന്റെവേണം ശാസ്ത്രം ടെക്നോളോജിയ്ക്ക് മുൻപ്‘ എന്ന ലേഖനത്തിൽ ലളിതമായി വിശദീകരിക്കുന്നു. ശാസ്ത്രബോധം ഒരു ജീവിതരീതിയായി മാറേണ്ടുന്നതിന്റെ ആവശ്യകത സാധാരണക്കാരുടെ ചിന്തയിലൂടെ വിശദമാക്കുന്നു വൈശാഖൻ തമ്പിയുടെ ‘ശാസ്ത്രബോധമെന്ന ബോധം‘ എന്ന ലേഖനം. ‘കേരളത്തിലെ സ്വാതന്ത്രചിന്തയുടെ പരിണാമം’ എന്ന ലേഖനത്തിലൂടെ ഗൗരവമുള്ള ഒരു ചർച്ചക്ക് ഷിജു ജോസഫ് തുടക്കമിടുന്നു എന്ന് പറയാം. കഴിഞ്ഞ ഒരു ദശാബ്ദം കൊണ്ട് ആരംഭിച്ചു വളരെ വേഗം വളർന്ന നവ നാസ്തികത അഥവാ സ്വതന്ത്ര ചിന്താ പ്രസ്ഥാനത്തിനു സമീപകാലത്തുണ്ടായ അഭഭ്രംശമാണ്‌ ഈ ലേഖനത്തിൽ ചർച്ചാ വിഷയമാകുന്നത്. ലേഖകൻ ‘വെടിയേറ്റ വൻമരം’ എന്ന സി. രവിചന്ദ്രന്റെ യൂ-ട്യൂബ് പ്രഭാഷണത്തെ ഒരു കേസ് സ്റ്റഡി ആയിത്തന്നെ പഠന-വിമർശന വിഷയമാക്കുന്നുണ്ട്. ശാസ്ത്രപ്രചാരണമെന്നത് അരാഷ്ട്രീയതയിലേക്കുള്ള വഴിമാറലാവരുതെന്നു ഈ രണ്ടുലേഖനങ്ങളും ഓർമിപ്പിക്കുന്നു.
മറ്റു വിഷയ ലേഖനങ്ങളിൽ ‘ആയുർവ്വേദം കത്തി കയ്യിലെടുക്കുമ്പോൾ’ എന്ന ഡോ. ടി. പി. ഷിഹാബുദ്ദീന്റെ ലേഖനം സമീപകാലത്തു ചർച്ചാവിഷയമായ സർജറി വിവാദത്തിന്റെ പശ്ചാലത്തിൽ കേരളത്തിലെ നാട്ടു/ആയുർവേദ ചികിൽത്സാ സമ്പ്രദായങ്ങളുടെ വളർച്ചയിലേക്കുള്ള ചരിത്രപരമായ ഒരന്വേഷണമാണ്. ‘പാരീസ് കരാറിനോട് മുതലാളിത്ത രാജ്യങ്ങൾ ചെയ്തത്‘ എന്ന പ്രൊഫ. പി. കെ. രവീന്ദ്രന്റെ ലേഖനം പരിസ്ഥിതി പ്രവർത്തകർക്കുള്ള ഒരു നല്ല റഫറൻസ് ആണ്. പ്രതേകിച്ചും ട്രംപ് അധികാരമൊഴിഞ്ഞു ജോ ബൈഡൻ അധികാരമേറ്റ്‌ പാരീസ് കരാറിലേക്കു അമേരിക്ക തിരികെ വരുന്ന ഈ സന്ദർഭത്തിൽ. കാലാവസ്ഥാ മാറ്റത്തിന്റെ ഫലമായി സമുദ്രങ്ങളുടെ ചൂട് കൂടിവരുന്നതു സംബന്ധിച്ച പുതിയ വിവരങ്ങൾ പ്രതിപാദിക്കുന്ന ലേഖനമാണ് ഡോ: ഗോപകുമാർ ചോലയിലിന്റെസമുദ്രങ്ങൾക്ക് ഉൾത്താപമേറുമ്പോൾ‘ എന്ന ലേഖനം. പരിസ്ഥിതി പ്രവർത്തകരെ ജാഗ്രത്താക്കാൻ പോന്ന വിവരങ്ങൾ ഈ ലേഖനത്തിലും അടങ്ങിയിരിക്കുന്നു.
തുടർലേഖന പാരമ്പരയിലുള്ള ‘ജീവന്റെ ഉത്ഭവം’ (ഡോ. രതീഷ് കൃഷ്ണൻ) കഴിഞ്ഞ ലക്കത്തിൽ ചർച്ച ചെയ്ത ‘കൊഴുപ്പ് ആദ്യം’ എന്ന ജീവോത്പത്തി പാരികല്പനവച്ച് നിലവിലുള്ള മറ്റു ധാരണകളെ പരിശോധനയ്ക്കു വിധേയമാക്കുന്നു. എൻ. ഇ. ചിത്രസേനൻ വായനയ്ക്ക് ‘The Janus Point: A New Theory of Time’ (by ജൂലിയൻ ബാർബോർ), Numb and Numbers (by വില്യം ഹാർട്സൺ) എന്നീ രണ്ടുപുസ്തകങ്ങൾ പരിചയപ്പെടുത്തുന്നു. വരാനിരിക്കുന്ന ആകാശ കാഴ്ചകൾ, 2020ൽ വംശനാശം സംഭവിച്ച ജീവികൾ, ധരിക്കാവുന്ന വൈദ്യുതകാന്തിക കവചം, ജലത്തിലെ ശുദ്ധീകരിച്ചാലും പോകാത്ത വിഷം എന്നീ ശാസ്ത്രവർത്തകളെക്കുറിച്ച് ഡോ. ദീപ കെ.ജി എഴുതുന്നു.
ഓസ്കാർ വൈൽഡിന്റെ ഹാപ്പി പ്രിൻസ് എന്ന ചെറുകഥയെ ഓർമിപ്പിക്കുന്നു കർഷക സമരത്തെക്കുറിച്ചുള്ള സതീഷിന്റെ (കെ. സതീഷ്) ഹരണഫലം. സതീഷിന്റെ ചിത്രങ്ങളും പ്രദീപിന്റെ (പി. പ്രദീപ്) പ്രൊഫഷണൽ ലേ ഔട്ടും പ്രതീകാത്മകമായ കവർ ചിത്രവും ഡിസൈനും. ഫെബ്രുവരി ലക്കം ശാസ്ത്രഗതി വായനക്കാർക്കായി സമർപ്പിക്കുന്നു.

ശാസ്ത്രഗതി ഇപ്പോൾ ഓൺലൈനായി വരിചേരാം: www.kssppublications.com
കൂടാതെ ഡിജിറ്റൽ പതിപ്പ് Readwhere  Magster എന്നി പ്ലാറ്റ്ഫോമുകളിലും ലഭ്യമാണ്.
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post Snakepedia: കേരളത്തിലെ പാമ്പുകളെ കുറിച്ച് സമഗ്രമായൊരു ആൻഡ്രോയ്ഡ് ആപ്പ്
Next post 2021ൽ വരാനിരിക്കുന്ന ചില ആകാശക്കാഴ്ചകൾ 
Close