Malayalam Science Dictionary with meaning of 6018 science terms in Malayalam.
English word | Malayalam Word | Meaning |
---|---|---|
water glass | വാട്ടര്‍ ഗ്ലാസ്. | സോഡിയം സിലിക്കേറ്റിന്റെ കൊളോയ്‌ഡല്‍ രൂപം. ലയിക്കുന്ന സ്‌ഫടികം എന്നും വിളിക്കാറുണ്ട്. സിലിക്കാജെല്‍ ഉണ്ടാക്കുന്നതിനും സോപ്പിലും മറ്റും ഫില്ലറായും ഉപയോഗിക്കുന്നു. |
water of crystallization | ക്രിസ്റ്റലീകരണ ജലം. | ചില പദാര്‍ഥങ്ങള്‍ക്ക് (ഉദാ: ലവണങ്ങളില്‍) ക്രിസ്റ്റല്‍ രൂപം കൊടുക്കാന്‍ അവയോടു ചേര്‍ന്നു നില്‍ക്കുന്ന ജലതന്മാത്രകള്‍. ഉദാ: CuSO4-5H2O, MgSO4-7H2O. |
water of hydration | ഹൈഡ്രറ്റിത ജലം. | ചില ഹൈഡ്രറ്റിത ലവണങ്ങളില്‍ ക്രിസ്റ്റലീകരണ ജലത്തിന്റെ ഒരു ഭാഗം കൂടുതല്‍ ദൃഢമായി പിടിച്ചുവെക്കുന്നു. ഇതിനാണ് ഹൈഡ്രറ്റിത ജലം എന്നു പറയുന്നത്. |
water potential | ജല പൊട്ടന്‍ഷ്യല്‍. | ശുദ്ധജലവും കോശങ്ങളിലെ അല്ലെങ്കില്‍ ലായനികളിലെ ജലവും തമ്മില്‍ സ്വതന്ത്ര ഊര്‍ജത്തിലോ ( Free energy) രാസ പൊട്ടന്‍ഷ്യലിലോ ഉള്ള വ്യത്യാസം. |
water table | ഭൂജലവിതാനം. | ഭൂമിക്കടിയില്‍ ജലപൂരിതമായ പാളികളുടെ മുകള്‍ പരിധിയെ സൂചിപ്പിക്കുന്ന നിരപ്പ്. |
water vascular system | ജലസംവഹന വ്യൂഹം. | എക്കിനോഡേമുകളുടെ ശരീരത്തിലെ കടല്‍ വെള്ളം നിറഞ്ഞിരിക്കുന്ന നാളങ്ങളുടെ വ്യൂഹം. |
watershed | നീര്‍മറി. | ഒരിടത്തേക്ക് മാത്രം ജലം ഒഴുകിപ്പോകുന്നതോ വാര്‍ന്നു പോകുന്നതോ ആയ കരയിലെ ഭാഗം. |
Watt | വാട്ട്. | പവര്‍ അളക്കാനുപയോഗിക്കുന്ന ഏകകം ( W). സെക്കന്റില്‍ 1 ജൂള്‍ എന്ന തോതില്‍ ചെയ്യുന്ന പ്രവൃത്തിക്കു തുല്യം. ജെയിംസ്‌വാട്ടിന്റെ സ്‌മരണാര്‍ത്ഥം നല്‍കിയ പേര്. |
watt hour | വാട്ട് മണിക്കൂര്‍. | വൈദ്യുത ഊര്‍ജത്തിന്റെ ഉപയോഗം അളക്കാന്‍ ഉപയോഗിച്ചുവരുന്ന ഏകകം ( W). 1 വാട്ട് പവറുള്ള ഉപകരണം ഒരു മണിക്കൂറില്‍ ഉപയോഗിക്കുന്ന ഊര്‍ജത്തിന് തുല്യം. വീടുകളിലും മറ്റും ഉപയോഗിക്കപ്പെടുന്ന വൈദ്യുത ഊര്‍ജം അളക്കാന്‍ സാധാരണയായി കിലോവാട്ട് അവര്‍ (kWh) എന്ന ഏകകം ആണ് ഉപയോഗിക്കുന്നത്. ഇതാണ് ഒരു യൂണിറ്റ്. 1 യൂണിറ്റ്= 1kWh=1000Wh. |
wave | തരംഗം. | സ്‌പേസിലൂടെ/ഒരു മാധ്യമത്തിലൂടെ ഉള്ള ദോലനത്തിന്റെയോ കമ്പനത്തിന്റെയോ സഞ്ചാരം. ഉദാ: വിദ്യുത്-കാന്തിക തരംഗം, ജലതരംഗം, വായുവിലെ ശബ്‌ദതരംഗം. തരംഗസഞ്ചാര ദിശയില്‍ ദോലനം നടക്കുന്നെങ്കില്‍ അനുദൈര്‍ഘ്യതരംഗമെന്നും, തരംഗദിശയ്‌ക്കു ലംബമായി ദോലനം നടക്കുന്നെങ്കില്‍ അനുപ്രസ്ഥ തരംഗമെന്നും പറയുന്നു. ദോലനത്തില്‍ വിസ്ഥാപനം ഏറ്റവും കൂടിയ സ്ഥാനത്തെ ശൃംഗം ( crust) എന്നും ഏറ്റവും കുറഞ്ഞ ഭാഗത്തെ ഗര്‍ത്തം ( trough) എന്നും പറയുന്നു. ഒരേ ദോലനാവസ്ഥയിലുള്ള രണ്ട് സമീപ ബിന്ദുക്കള്‍ തമ്മിലുള്ള അകലമാണ് തരംഗദൈര്‍ഘ്യം. തരംഗങ്ങള്‍ നിയതരൂപമുള്ളവയും ഇല്ലാത്തവയുമുണ്ട്. |
wave equation | തരംഗസമീകരണം. | ക്വാണ്ടം ബലതന്ത്രത്തില്‍, ഒരു കണത്തിന്റെ/വ്യൂഹത്തിന്റെ അവസ്ഥയെ പ്രതിനിധാനം ചെയ്യുന്നതും ഗണിതക്രിയ വഴി വ്യൂഹത്തിലെ കാലാനുസൃതമായ മാറ്റങ്ങള്‍ വ്യുല്‌പാദിപ്പിക്കുന്നതുമായ, പദാര്‍ഥത്തിന്റെ തരംഗസ്വഭാവം ഉള്‍ക്കൊള്ളുന്ന സമീകരണം. |
wave front | തരംഗമുഖം. | തരംഗം സഞ്ചരിച്ചുകൊണ്ടിരിക്കുന്ന മാധ്യമത്തില്‍, വ്യാപന ദിശയ്‌ക്ക് ലംബമായി, ഒരേ കമ്പനാവസ്ഥയിലുള്ള ബിന്ദുക്കളെ ചേര്‍ത്തു സങ്കല്‍പിക്കാവുന്ന പ്രതലം. |
wave function | തരംഗ ഫലനം. | ക്വാണ്ടം ബലതന്ത്രത്തില്‍ ഒരു കണത്തെ/വ്യൂഹത്തെ പ്രതിനിധാനം ചെയ്യാനുപയോഗിക്കുന്ന ഗണിതീയ ഫലനം. ഫലനത്തിന്മേല്‍ അനുയോജ്യമായ ഗണിത ക്രിയകള്‍ നടത്തി വ്യൂഹത്തിന്റെ ഭൗതിക ഗുണങ്ങള്‍ വ്യുല്‍പാദിപ്പിക്കാം. |
wave guide | തരംഗ ഗൈഡ്. | ഉയര്‍ന്ന ആവൃത്തിയുള്ള വിദ്യുത്‌കാന്തിക തരംഗങ്ങളെ അനുയോജ്യ ദിശകളിലേക്ക് നയിച്ചുകൊണ്ടുപോകാനുപയോഗിക്കുന്ന ഉള്ളു പൊള്ളയായ ചാലകം. |
wave length | തരംഗദൈര്‍ഘ്യം. | തരംഗത്തിലെ ഒരേ കമ്പനാവസ്ഥയിലുള്ള രണ്ട് സമീപസ്ഥ ബിന്ദുക്കള്‍ തമ്മിലുള്ള ദൂരം. |
wave number | തരംഗസംഖ്യ. | യൂണിറ്റ് നീളത്തില്‍ അടങ്ങിയിരിക്കുന്ന തരംഗങ്ങളുടെ എണ്ണം. ഇത് തരംഗദൈര്‍ഘ്യത്തിന്റെ വ്യുല്‍ക്രമത്തിന് തുല്യമാണ്. തരംഗസംഖ്യ k = 1/λ. |
wave packet | തരംഗപാക്കറ്റ്. | ഊര്‍ജവും ദ്രവ്യവുമൊന്നും തുടര്‍ച്ചയുള്ളതല്ല, അവ ക്വാണ്ടങ്ങളാണ്. അവയ്‌ക്ക് തരംഗസ്വഭാവവുമുണ്ട്. വ്യത്യസ്‌ത ആവൃത്തിയുള്ള അനന്തമായത്ര തരംഗങ്ങളുടെ പ്രബലന വ്യതികരണം ആയി കണത്തെ കണക്കാക്കാം. തരംഗ പാക്കറ്റിന്റെ സ്ഥാനമാറ്റത്തെ കണത്തിന്റെ സ്ഥാനമാറ്റമായും കണക്കാക്കാം. |
wave particle duality | തരംഗകണ ദ്വന്ദ്വം. | ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യകാലത്ത് ദ്രവ്യത്തിന്റെ ദ്വന്ദ്വ സ്വഭാവത്തെക്കുറിച്ച് അവതരിപ്പിക്കപ്പെട്ട സിദ്ധാന്തം. ഈ സിദ്ധാന്തമനുസരിച്ച് ദ്രവ്യം തരംഗത്തെപ്പോലെയും കണത്തെപ്പോലെയും പെരുമാറുന്നു. ചില പരീക്ഷണ സന്ദര്‍ഭങ്ങളില്‍ ദ്രവ്യത്തിന്റെ തരംഗസ്വഭാവമാണ് വെളിവാക്കപ്പെടുന്നത്. മറ്റു ചില പരീക്ഷണ സന്ദര്‍ഭങ്ങളില്‍ ദ്രവ്യത്തിന്റെ കണസ്വഭാവം വെളിവാക്കപ്പെടുന്നു. ഉദാഹരണമായി പ്രകാശത്തിന്റെ കണസ്വഭാവം വ്യക്തമാക്കുന്ന ഒന്നാണ് പ്രകാശവൈദ്യുത പ്രഭാവം. അതേ സമയം പ്രകാശം തരംഗമാണ് എന്ന് സ്ഥാപിക്കുന്നതാണ് വിഭംഗനം, വ്യതികരണം തുടങ്ങിയ പ്രതിഭാസങ്ങള്‍. പരസ്‌പര വിരുദ്ധമെന്ന് തോന്നാവുന്ന ഈ സ്വഭാവങ്ങളെ സമന്വയിപ്പിക്കുകയാണ് ദ്വന്ദ്വ സ്വിദ്ധാന്തം ചെയ്യുന്നത്. യഥാര്‍ഥത്തില്‍ ദ്രവ്യമെന്നത് തരംഗത്തിന്റെയും കണത്തിന്റെയും ഭാവങ്ങള്‍ ഉള്ള ഒരു സത്തയാണ്. പരീക്ഷണ സാഹചര്യങ്ങള്‍ക്കനുസരിച്ച് അതിന്റെ കണരൂപമോ തരംഗരൂപമോ പ്രത്യക്ഷപ്പെടുന്നു എന്നുമാത്രം. ലൂയി ദിബ്രായ് എന്ന ശാസ്‌ത്രജ്ഞനാണ് ആദ്യം ഈ പരികല്‌പന മുന്നോട്ടു വെച്ചത്. ഇലക്‌ട്രാണ്‍ തുടങ്ങിയ കണങ്ങള്‍ തരംഗസ്വഭാവം പ്രദര്‍ശിപ്പിക്കുന്നുവെന്ന് പരീക്ഷണങ്ങളിലൂടെ കണ്ടെത്തി. കണത്തോട് ബന്ധപ്പെട്ട ഈ തരംഗങ്ങളാണ് ദ്രവ്യ തരംഗങ്ങള്‍. കണത്തിന്റെയും ദ്രവ്യത്തിന്റെയും വേര്‍പിരിക്കാനാവാത്ത ഈ ദ്വൈതഭാവത്തെ λ =h/p എന്ന സൂത്രവാക്യം വെളിവാക്കുന്നു. ഇവിടെ p കണത്തിന്റെ സംവേഗവും h പ്ലാങ്ക് സ്ഥിരാങ്കവും λ ബന്ധപ്പെട്ട തരംഗത്തിന്റെ തരംഗദൈര്‍ഘ്യവുമാണ്. |
wax | വാക്‌സ്. | ജലവിശ്ലേഷണത്തിന് വിധേയമാകുമ്പോള്‍ നീളമുള്ള ചങ്ങല തന്മാത്രകളായ കൊഴുപ്പ് അമ്ലങ്ങളും ഏക ഹൈഡ്രാക്‌സി അമ്ലവും തരുന്ന ലിപ്പിഡ്. |
weak acid | ദുര്‍ബല അമ്ലം. | ലായനിയില്‍ ഭാഗികമായി മാത്രം അയണീകരിക്കുന്ന അമ്ലം. ഉദാ: അസറ്റിക് അമ്ലം. |