wave particle duality
തരംഗകണ ദ്വന്ദ്വം.
ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യകാലത്ത് ദ്രവ്യത്തിന്റെ ദ്വന്ദ്വ സ്വഭാവത്തെക്കുറിച്ച് അവതരിപ്പിക്കപ്പെട്ട സിദ്ധാന്തം. ഈ സിദ്ധാന്തമനുസരിച്ച് ദ്രവ്യം തരംഗത്തെപ്പോലെയും കണത്തെപ്പോലെയും പെരുമാറുന്നു. ചില പരീക്ഷണ സന്ദര്‍ഭങ്ങളില്‍ ദ്രവ്യത്തിന്റെ തരംഗസ്വഭാവമാണ് വെളിവാക്കപ്പെടുന്നത്. മറ്റു ചില പരീക്ഷണ സന്ദര്‍ഭങ്ങളില്‍ ദ്രവ്യത്തിന്റെ കണസ്വഭാവം വെളിവാക്കപ്പെടുന്നു. ഉദാഹരണമായി പ്രകാശത്തിന്റെ കണസ്വഭാവം വ്യക്തമാക്കുന്ന ഒന്നാണ് പ്രകാശവൈദ്യുത പ്രഭാവം. അതേ സമയം പ്രകാശം തരംഗമാണ് എന്ന് സ്ഥാപിക്കുന്നതാണ് വിഭംഗനം, വ്യതികരണം തുടങ്ങിയ പ്രതിഭാസങ്ങള്‍. പരസ്‌പര വിരുദ്ധമെന്ന് തോന്നാവുന്ന ഈ സ്വഭാവങ്ങളെ സമന്വയിപ്പിക്കുകയാണ് ദ്വന്ദ്വ സ്വിദ്ധാന്തം ചെയ്യുന്നത്. യഥാര്‍ഥത്തില്‍ ദ്രവ്യമെന്നത് തരംഗത്തിന്റെയും കണത്തിന്റെയും ഭാവങ്ങള്‍ ഉള്ള ഒരു സത്തയാണ്. പരീക്ഷണ സാഹചര്യങ്ങള്‍ക്കനുസരിച്ച് അതിന്റെ കണരൂപമോ തരംഗരൂപമോ പ്രത്യക്ഷപ്പെടുന്നു എന്നുമാത്രം. ലൂയി ദിബ്രായ് എന്ന ശാസ്‌ത്രജ്ഞനാണ് ആദ്യം ഈ പരികല്‌പന മുന്നോട്ടു വെച്ചത്. ഇലക്‌ട്രാണ്‍ തുടങ്ങിയ കണങ്ങള്‍ തരംഗസ്വഭാവം പ്രദര്‍ശിപ്പിക്കുന്നുവെന്ന് പരീക്ഷണങ്ങളിലൂടെ കണ്ടെത്തി. കണത്തോട് ബന്ധപ്പെട്ട ഈ തരംഗങ്ങളാണ് ദ്രവ്യ തരംഗങ്ങള്‍. കണത്തിന്റെയും ദ്രവ്യത്തിന്റെയും വേര്‍പിരിക്കാനാവാത്ത ഈ ദ്വൈതഭാവത്തെ λ =h/p എന്ന സൂത്രവാക്യം വെളിവാക്കുന്നു. ഇവിടെ p കണത്തിന്റെ സംവേഗവും h പ്ലാങ്ക് സ്ഥിരാങ്കവും λ ബന്ധപ്പെട്ട തരംഗത്തിന്റെ തരംഗദൈര്‍ഘ്യവുമാണ്.