Read Time:9 Minute

1. മറേ ഗെൽമാൻ (Murray Gell-Mann)

ദ്രവ്യത്തിന്റെ അടിസ്ഥാനകണങ്ങളിലൊന്നിന് ക്വാർക്ക് എന്ന് നാമകരണം ചെയ്യുകയും അതിന്റെ സാന്നിധ്യം പ്രവചിക്കുകയും ചെയ്ത അമേരിക്കൻ ഭൗതികശാസ്ത്രജ്ഞനായ മറേ ഗെൽമാന്റെ (Murray Gell-Mann 1929-2019) ജനനം. അടിസ്ഥാന കണങ്ങളുടെ വർഗീകരണവും ആയി ബന്ധപ്പെട്ട ഗവേഷണത്തിന് 1969 ലെ നോബൽ പുരസ്കാരം ഉൾപ്പടെ നിരവധി അംഗീകാരങ്ങൾ ലഭിച്ചിട്ടുള്ള അദ്ദേഹം നല്ലൊരദ്ധ്യാപകനെന്ന നിലയിലും രസികനായ ഒരു പ്രഭാഷകൻ എന്ന നിലയിലും പ്രസിദ്ധനായിരുന്നു.

മറേ ഗെല്‍മാൻ
മറേ ഗെൽമാൻ കടപ്പാട് വിക്കിമീഡിയ കോമൺസ്

ഭൗതികശാസ്ത്രത്തിന്റെ ആഴങ്ങളില്‍ വ്യാപരിക്കുമ്പോള്‍ തന്നെ അദ്ദേഹം നല്ലൊരു പക്ഷി നിരീക്ഷകനുമായിരുന്നു. രാസമൂലകങ്ങളുടെ കാര്യത്തിൽ ആവര്‍ത്തനപട്ടികയിലൂടെ ദിമിത്രി മെൻഡലീവിനു  സാധിച്ചതിനു സമാനമായ കണ്ടെത്തലുകളാണ് അടിസ്ഥാന കണങ്ങളുടെ കാര്യത്തിൽ ഗെൽമാൻ നടത്തിയത്.  മേല്‍പറഞ്ഞ വര്‍ഗീകരണത്തിന്റെ അടിസ്ഥാനത്തില്‍ പ്രോട്ടോണിന്റെയും ന്യൂട്രോണിന്റെയും ഉപഘടകങ്ങളായി ക്വാർക്കുകളെ അദ്ദേഹം സൈദ്ധാന്തികമായി പ്രവചിച്ചു.

മറേ ഗെൽമാനെ കുറിച്ച് ഡോ.എൻ.ഷാജി എഴുതിയ ലേഖനം വായിക്കാം

2. ദേശീയ എഞ്ചിനിയേഴ്സ് ദിനം : എം.വിശ്വേശ്വരയ്യയുടെ ജന്മദിനം

ഹൈദരാബാദ് നഗരത്തിന്റെ വെള്ളപ്പൊക്കസംരക്ഷണ സംവിധാനത്തിന്റെ മുഖ്യാസൂത്രണം നടത്തിയതടക്കം നിരവധി പദ്ധതികൾ നടപ്പിലാക്കിയ ഇന്ത്യൻ എഞ്ചിനിയറായ വിശ്വേശ്വരയ്യയുടെ (M. Visvesvaraya 1860-1962) ജന്മദിനമാണ് ദേശീയ എഞ്ചിനിയേഴ്സ് ദിനമായി ആചരിക്കുനന്ത്. ഇന്ത്യയിലെ ഏറ്റവും ഉയർന്ന സിവിലിയൻ അവാർഡായ ഭാരതരത്ന അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.  കൃഷ്‌ണരാജ സാഗർ അണക്കെട്ട്‌, വൃന്ദാവൻ ഗാർഡൻ, മൈസൂർരാജാവ്അയൺ ആന്റ്‌ സ്റ്റീൽ വർക്‌സ്‌-ഭദ്രാവതി, മൈസൂർ സോപ്പ്‌ ഫാക്‌ടറി, ദി ബാങ്ക്‌ ഓഫ്‌ മൈസൂർ (പിന്നീട് ദി സ്റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ മൈസൂർ എന്ന് പേര് മാറ്റി) തുടങ്ങയിവ വിശ്വേശരയ്യ വിഭാവനം ചെയ്ത പ്രമുഖ സ്ഥാപനങ്ങളാണ്.

സൂറത്തിലെ ജലസേചനസൗകര്യങ്ങൾ, സമീപപ്രദേശത്തെ നഗരങ്ങളായ കൊലാപൂർ, ബൽഗാം, ധർവാർ, ബീജാപൂർ, അഹമ്മദാബാദ്, പൂനെ എന്നിവടങ്ങളിലെ അണക്കെട്ടുകൾ ജലസേചന സൗകര്യങ്ങൾ എന്നിവ ഡിസൈൻ ചെയ്യുന്നതിൽ വിശ്വേശ്വരയ്യയുടെ വൈദഗ്ദ്ധ്യം നിർണായകപങ്കുവഹിച്ചു. ഏറ്റെടുത്ത പദ്ധതികളെല്ലാം തന്നെ നൂതനമായ രൂപകല്പന, നിർമ്മാണം, തുടർന്നുള്ള പരിപാലനം എന്നിവ കൊണ്ട് ശ്രദ്ധേയമായിരുന്നു. ജനകീയവും ലാഭകരവുമായ ഇത്തരം പദ്ധതികൾ ഒട്ടേറെ പ്രദേശങ്ങളുടെ ജലലഭ്യത ഉറപ്പുവരുത്തി. റിസർവോയറിന്റെ ഉയരം കൂട്ടാതെതന്നെ ജലശേഖരണ ശേഷി ഉയർത്താനുള്ള ഇദ്ദേഹത്തിന്റെ ഡിസൈൻ ഏറെ പ്രശംസ പിടിച്ചു പറ്റി. 1903 ൽ പ്രളയത്തെ കാര്യക്ഷമമായി കൈകാര്യം ചെയ്യാൻ കഴിവുള്ള ഗേറ്റ് രൂപകല്ന വിശ്വേശ്വരയ്യയുടെ നിസ്തുല സംഭാവനകളിലൊന്നാണ്. പൂനെയിലെ പ്രളയ ദുരന്ത നിവാരണത്തിനായി ഖടക്വസ്ല (Khadakvasla) അണക്കെട്ടിലാണ് ഗേറ്റ് സംവിധാനം ആദ്യമായി പരീക്ഷിച്ചത്. എട്ട് അടി ഉയരമുള്ള ഈ നിയന്ത്രണ സംവിധാനം പ്രളയ സമയത്ത് താനെ പ്രവർത്തിക്കും. വെള്ളം കുറയുന്ന മുറയ്ക്ക് ഗേറ്റ് താനെ അടഞ്ഞുകൊള്ളും. ഇതുവഴി അപകട സാധ്യതയില്ലാതെതന്നെ അണക്കെട്ടിന്റെ ശേഷി പരമാവധി ഉപയോഗപ്പെടുത്താനും കഴിഞ്ഞു. പില്ക്കാലത്ത് ഈ രൂപകല്പനയ്ക്ക് പേറ്റന്റ് ലഭിക്കുകയും ചെയ്തു. കാവേരി നദിയിലെ കൃഷ്ണരാജ സാഗർ അണക്കെട്ടിലടക്കം ഒട്ടേറെ ജലസേചന സംവിധാനങ്ങളിൽ നൂതനമായ ഗേറ്റ് സംവിധാനം ഏർപ്പെടുത്തുകയും ചെയ്തു. ജലസേചനം, അണക്കെട്ട്, ശുചീകരണം, ഭൂഗർഭജലശേഖരണം, റോഡുകൾ എന്നിവയുടെ രൂപസംവിധാനത്തിൽ ഇടപെടുന്നതിൽ വിശ്വേശ്വരയ്യ ഉൽസാഹ പൂർവ്വം താല്പര്യം കാണിച്ചിരുന്നു. ഫലപ്രദമായ ജല വിഭവ മാനേജ്മെന്റിനായി തയ്യാറാക്കിയ ബ്ലോക്ക് സിസ്റ്റം ഓഫ് ഇറിഗേഷൻ (BSI) കനാൽ വഴിയുള്ള ജലവിതരണം ശാസ്ത്രീയ ജല വിതരണത്തിന്റെ നേട്ടം കർഷകരിലെത്തിച്ചു.എൻജിനീയറിംഗ് രംഗത്തെ അക്ഷീണ പ്രയത്നങ്ങളെല്ലാം ബ്രട്ടീഷ് കോളനി വാഴ്ചക്കാലത്താണ് നടത്തിയതെന്നോർക്കണം. അക്കാലത്ത് ഉന്നത പദവികളെല്ലാം ബ്രിട്ടീഷ് എൻജിനീയർമാർക്ക് മാത്രമായി നീക്കിവെച്ചിരുന്നു. ലളിതജീവിതം നയിച്ചിരുന്ന വ്യക്തിയായിരുന്നു അദ്ദേഹം. 1912-ൽ മൈസൂരിന്റെ ദിവാനായി നിയമിക്കപ്പെട്ടു.1916 ൽ മൈസൂറിൽ സർവ്വകലാശാല സ്ഥാപിച്ചു. ഇന്ത്യയിൽ ഒരു നാട്ടു രാജ്യത്തിൽ സ്ഥാപിതമായ ആദ്യ സർവ്വകലാശാലയായിരുന്നു ഇത്.

3. ഓസ്കാർ ക്ലൈൻ

പ്രപഞ്ചത്തിലെ അഞ്ചാമത്തെ ബലത്തെക്കുറിച്ച് ആദ്യം വിശദീകരിച്ച സ്വീഡിഷ് സെദ്ധാന്തിക ഭൗതികശാസ്ത്രജ്ഞനായ ഓസ്കാർ ക്ലൈനിന്റെ ജനനം (Oskar Benjamin Klein 1894–1977). പ്രപഞ്ചത്തിൽ അഞ്ചാമത്തെ മാനം വൃത്താകൃതിയിൽ ചുരുണ്ടുകൂടി നിൽക്കുന്നു എന്നും അദ്ദേഹം സമർഥിച്ചു.

4.കസീനിയുടെ ഗ്രാൻഡ് ഫിനാലെ

2017 സപ്തംബർ 15 -കൃത്യം മൂന്ന് വർഷങ്ങൾക്കു മുൻപാണ് ശാസ്ത്രലോകത്തെ രോമാഞ്ചമണിയിച്ച ആ നൃത്തം നടന്നത്. 2017 ഏപ്രിൽ 23 മുതൽ സപ്തംബർ 15 വരെ. ശനിഗ്രഹത്തിനെയും അതിന്റെ ചന്ദ്രനായ ടൈറ്റാനെയും കുറിച്ച് പഠിക്കാൻ നാസയും യൂറോപ്യൻ സ്പേസ് ഏജൻസിയും ചേർന്ന് അയച്ച സ്പേസ് ക്രാഫ്റ്റ് ആണ് കസീനി-ഹൈഗൻസ്. ഹൈഗൻസ് ടൈറ്റാനിൽ ഇറങ്ങി അതിനെക്കുറിച്ച് പര്യവേഷണം നടത്താനും, കസീനി മൂന്ന് വർഷം ശനിയെ വലം വെച്ചുകൊണ്ട് ശനിയുടെ വിവിധ സ്വഭാവങ്ങളെ കുറിച്ച് പഠിക്കാനുമായിരുന്നു പ്ലാൻ. പക്ഷെ ആദ്യത്തെ 3 വർഷം കഴിഞ്ഞു വീണ്ടും 3 വർഷവും അതിൽ പിന്നീട് വീണ്ടു 6 വർഷവും കസീനിയുടെ ദൗത്യം നീട്ടി 2017 ൽ കസീനിയുടെ ദൗത്യം അവസാനിപ്പിച്ചു.

1997 ൽ കസീനി പോകുമ്പോൾ ഹൈഗൻസ് എന്ന കൊച്ചു കൂട്ടുകാരനും കൂടെ ഉണ്ടായിരുന്നു. ശനിക്ക് അടുത്തു എത്താറായപ്പോൾ ഹൈഗൻസ് വേർപെട്ട് നേരെ ശനിയുടെ ചന്ദ്രനായ ടൈറ്റാനിലേക്ക് പോയി, കസീനി ശനിയിലേക്കും. 6 വർഷവും 261 ദിവസവും യാത്ര ചെയ്തു ശനിഗ്രഹത്തിനടുത്തെത്തുകയും 13 വർഷവും 76 ദിവസവും ശനി പര്യവേഷണം നടത്തുകയും ചെയ്ത കസീനിക്കു അതിന്റെ അവസാന വർഷമായ 2017 ൽ ഉചിതമായ ഒരു യാത്രയയപ്പ് നല്കാൻ നാസ തീരുമാനിച്ചു. 2000 ആൾക്കാരുടെ നിർദേശങ്ങളിൽ നിന്നാണ് യാത്രയയപ്പിന് “കസീനിയുടെ ഗ്രാൻഡ് ഫിനാലെ” എന്ന പേര് തിരഞ്ഞെടുത്തത്.

വിശദവിവരങ്ങൾക്ക് പി.എം.സിദ്ദാർത്ഥൻ എഴുതിയ “കസീനിയുടെ ഗ്രാൻഡ് ഫിനാലെ”  ലേഖനം വായിക്കാം

Happy
Happy
0 %
Sad
Sad
0 %
Excited
Excited
60 %
Sleepy
Sleepy
20 %
Angry
Angry
0 %
Surprise
Surprise
20 %

Leave a Reply

Previous post എന്താണ് സ്കൂൾ സയൻസ് ലാബുകളുടെ പരിമിതി ?
Next post സ്വർണത്തിന്റെ ശുദ്ധിയും പലനിറത്തിലുള്ള സ്വർണ്ണങ്ങളും
Close