Read Time:57 Minute

TK Devarajan
ടി.കെ.ദേവരാജന്‍

പശ്ചാത്തലം

ചില എഞ്ചിനീയറിംഗ് കോഴ്സുകള്‍  മാതൃഭാഷയില്‍ പഠിക്കാനും പരീക്ഷ എഴുതാനും അനുവാദം നല്കാന്‍ ആൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എഡ്യൂക്കേഷൻ (AICTE) തീരുമാനിച്ചിരുന്നു. എന്നാല്‍ കേരളത്തില്‍ ഈ പദ്ധതി ആവശ്യമില്ല എന്ന് കേരളത്തിലെ സാങ്കേതികവിദ്യാ സർവ്വകലാശാല (KTU)  അറിയിച്ചിരിക്കയാണ്. ഇതിനെതിരെ പല സംഘടനകളും പ്രമേയങ്ങളും മറ്റുമായി രംഗത്ത് വന്നു കഴിഞ്ഞു.  നവമാധ്യമങ്ങളിലും അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള സംവാദങ്ങളുണ്ടായി. അതോടൊപ്പം തന്നെ പൊതുവിദ്യാലയങ്ങളില്‍  ഒന്നാം ക്ലാസ്സുമതല്‍ ഇംഗ്ലീഷ് മീഡിയം അനുവദിക്കുകയും പകുതിയിലേറെ അഡ്മിഷനും ഈ വിധത്തിലായതും വിമര്‍ശനങ്ങള്‍ക്കും മറ്റൊരു പക്ഷത്തിന്റെ അനുമോദനങ്ങള്‍ക്കും ഇടയാക്കുന്നു.

ഭാഷേതരവിഷയങ്ങള്‍ മാതൃഭാഷയായ മലയാളത്തിലാണോ “ആഗോള ഭാഷ”യായ ഇംഗ്ലീഷിലാണോ പഠിപ്പിക്കേണ്ടത് എന്ന തര്‍ക്കം നമ്മുടെ നാട്ടില്‍  പുതിയതല്ല. സെക്കന്ററി തലം വരെ മാതൃഭാഷയിലും പിന്നീട് ഇംഗ്ലീഷിലും എന്നതാണ് എഴുപതുകളുടെ അവസാനം വരെ പൊതുവില്‍ സ്വീകരിക്കപ്പെട്ടത്. ആംഗ്ലോ ഇന്ത്യന്‍ സ്കൂളുകള്‍, കോണ്‍വെന്റ് സകൂളുകള്‍, മോഡല്‍ സ്കൂള്‍ എന്നിങ്ങനെ കൊളോണിയല്‍ പാരമ്പര്യം പേറുന്ന ചില പ്രത്യേക വിദ്യാലയങ്ങളില്‍ മാത്രമാണ് സെക്കന്ററി തലംവരെ ഇംഗ്ലീഷ് മാധ്യമം നിലനിന്നത്.  സ്വാതന്ത്ര്യത്തെ തുടര്‍ന്ന് വളര്‍ന്ന ദേശീയ വികാരത്തിന്റെ ശക്തമായ സ്വാധീനം കൊണ്ടാകാം, ഉന്നതവിദ്യാഭ്യാസം വരെ മാതൃഭാഷയില്‍ ലഭ്യമാക്കാനുള്ള ആസൂത്രണവും അക്കാലത്ത് സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടായി. ശാസ്ത്ര സാങ്കേതിക പദങ്ങള്‍ക്ക് തത്തുല്യമായ മലയാള പദങ്ങള്‍ വികസിപ്പിക്കാനം ശാസ്ത്ര സാമൂഹ്യശാസ്ത്ര വിഷയങ്ങള്‍ക്ക് മലയാളത്തില്‍ പുസ്തകം തയ്യാറാക്കാനും കേരള ഭാഷാ ഇന്സ്റ്റിട്യൂട്ട് സ്ഥാപിച്ചതും പ്രവര്‍ത്തിച്ചതും അതിന്റെ ഫലമാണ്. എന്നാല്‍ എന്തുകൊണ്ടോ മാതൃഭാഷയിലെ ഉന്നത വിദ്യാഭ്യാസം എന്ന ആശയം സമൂഹവും സര്‍ക്കാരും തുടര്‍ന്ന് സ്വീകരിച്ചില്ല. മലയാളത്തില്‍ വളരെ സാധാരണമായി ഉപയോഗിച്ചിരുന്ന ഇംഗ്ലീഷുപദങ്ങള്‍ക്ക് പോലും തത്തുല്യമായ മലയാളപദം വികസിപ്പിച്ചതും അവയില്‍ പലതും അതിന്റെ സംസ്കൃതചുവകൊണ്ട് ഇംഗ്ലീഷിനേക്കാള്‍ ദുഷ്കരമായതും ഒരു കാരണമായി ചിലര്‍ ചൂണ്ടി കാണിക്കാറുണ്ട്.  ഭാഷാ ഇന്സ്റ്റിട്ടൂട്ടിന്റെ പുസ്തകങ്ങള്‍ വിദ്യാര്‍ത്ഥികള്‍ വേണ്ടവിധം സ്വീകരിച്ചില്ല എന്നത് അക്കാരണത്താലാവാം. ഉന്നത വിദ്യാഭ്യാസം, വിശേഷിച്ച് ശാസ്ത്ര സാങ്കേതിക വിദ്യാഭ്യാസം കൈകാര്യം ചെയ്യാന്‍ മാതൃഭാഷ പോരാ എന്ന ചിന്ത സര്‍ക്കാര്‍തലത്തില്‍ തന്നെ നിലനിന്നിരുന്നു എന്നതും യാഥാര്‍ത്ഥ്യമാണ്.

എണ്‍പതുകള്‍ മുതല്‍ സ്കൂള്‍തലത്തിലും ഇംഗ്ലീഷ് മീഡിയം വ്യാപകമായി വളരാന്‍ തുടങ്ങി. അധ്യാപക വിദ്യാര്‍ത്ഥി സമരങ്ങളിലൂടെ പൊതു വിദ്യാഭ്യാസരംഗത്ത് വളര്‍ന്നു വന്ന അരക്ഷിതാവസ്ഥയെയും ഇംഗ്ലീഷ് നന്നായി കൈകാര്യം ചെയ്യാനറിയുന്നതാണ് വിദ്യാസമ്പന്നന്റെ ലക്ഷണം എന്ന പൊതുബോധവും മുന്‍നിര്‍ത്തി അണ്‍എയി‍ഡഡ് -ഇംഗ്ലീഷ് മീഡിയം സ്കൂളുകള്‍ എണ്‍പതുകളോടെ വലിയ പ്രചാരം നേടി. സര്‍ക്കാരുദ്യോഗസ്ഥരും പൊതു വിദ്യാലയങ്ങളിലെ അധ്യാപകര്‍ തന്നെയും തങ്ങളുടെ  കുട്ടികളുടെ ഇംഗ്ലീഷ് മീഡിയം -അണ്‍എയിഡഡ് സ്കൂളുകളിലേക്ക്  അയച്ചുതുടങ്ങിയതോടെ മികച്ച വിദ്യാഭ്യാസം എന്നാല്‍ സിബിഎസ്ഇ സിലിബസ് എന്ന് വിശേഷിപ്പിച്ച അണ്‍എയിഡഡ്-ഇംഗ്ലീഷ് മീഡിയം കച്ചവടസ്ഥാപനങ്ങള്‍ നടത്തുന്ന പഠന പരിപാടിയാണെന്ന പൊതുബോധം ശക്തമായി. ജാതി-മതാടിസ്ഥാനത്തിലുള്ള സ്ഥാപനങ്ങളാണ് ഇത്തരം വിദ്യാലയങ്ങള്‍ സ്ഥാപിക്കാന്‍ മുന്‍കൈ എടുത്തത് . അതോടെ അവക്ക് സാമൂഹ്യമായ പിന്തുണയും ലഭിച്ചു. പണമില്ലാത്തവര്‍ മാത്രം ഗതികേടുകൊണ്ട് കൊണ്ട് പഠിക്കുന്ന സ്ഥലങ്ങളാണ്  പൊതുവിദ്യാലയങ്ങള്‍ എന്ന ധാരണയും വളര്‍ന്നു.കുട്ടികളുടെ ക്ഷാമം മൂലം പല പൊതുവിദ്യാലയങ്ങളും അണ്‍ എക്കണോമിക് ആയി. ആഗോളവല്‍കരണത്തിന്റെ പശ്ചാത്തലത്തില്‍ കംപ്യൂട്ടര്‍ഭാഷക്കും പുറംജോലികള്‍ക്കും ഇംഗ്ലീഷ് അത്യാവശ്യമായി മാറിയതും ഇംഗ്ലീഷ് മീഡിയത്തിനായുള്ള ജനങ്ങളുടെ ആഗ്രഹം തീവ്രമാക്കി. ഈവിധം വിദ്യാഭ്യാസം നേടിയവരാണ് പ്രൊഫഷനല്‍ വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ ഏറെയും കടന്നവരുന്നത് എന്നത് ആ വിദ്യാഭ്യാസത്തിന്റെ മികവിന്റെ തെളിവായി പലരും വായിച്ചെടുത്തു. കഴിഞ്ഞ ഇടതുപക്ഷ സര്‍ക്കാര്‍ പൊതുവിദ്യാലയങ്ങളിലെ അടിസ്ഥാനസൗകര്യങ്ങള്‍ വികസിപ്പിച്ചതിനോടൊപ്പം ഇംഗ്ലീഷ്‍മീഡിയം അവിടങ്ങളില്‍ ആരംഭിക്കുന്നതിനെ കണ്ണടച്ച് പ്രോത്സാഹിപ്പിച്ചത്   ഇതിന്റെ പശ്ചാത്തലത്തിലാണ്. അണ്‍എയിഡഡ് വിദ്യാലയത്തിലേക്കുള്ള ഒഴുക്ക് കുറക്കാന്‍ അത് സഹായിച്ചു.  അതോടൊപ്പം  ഒന്നാം ക്ലാസ്സുമുതല്‍ ഇംഗ്ലീഷ് മീഡിയത്തില്‍ പഠിക്കുന്ന കുട്ടികളുടെ എണ്ണം അതോടെ കുതിച്ചുയര്‍ന്നു. ഇത് വിദ്യാഭ്യാസ പ്രക്രിയയെ ഏതുവിധത്തില്‍ സ്വാധീനിക്കുമെന്നും സമൂഹത്തില്‍ എന്ത് പ്രത്യാഘാതമുണ്ടാക്കുമെന്ന ഗൗരവമായ ആലോചനക്ക് വിധേയമാക്കേണ്ട കാര്യമാണ്. വിശേഷിച്ച് ജ്ഞാന സമൂഹത്തെ(Knowledge Society)കുറിച്ചും ജ്ഞാനാധിഷ്ഠിത സമ്പദ്ഘടന(Knowledge Economy) യെകുറിച്ചും ചര്‍ച്ചകള്‍ ആരംഭിച്ച സാഹചര്യത്തില്‍.

യഥാര്‍ത്ഥത്തില്‍ ഈ ഇംഗ്ലീഷ് മീഡിയം ഭ്രമം കേരളത്തിലെ മാത്രം പ്രവണതയല്ല ഇന്ന്. മിക്ക അവികസിത രാജ്യങ്ങളിലും വികസ്വര രാജ്യങ്ങളിലും ഈ രീതിയില്‍ വലിയമാറ്റം ആഗോളവല്‍കരണത്തിനു ശേഷം സംഭവിച്ചിട്ടുണ്ട്. അതോടൊപ്പം തന്നെ അത്  കുട്ടികളുടെ പഠനനിലവാരത്തിലും സാമൂഹ്യബന്ധങ്ങളിലും സാംസ്കാരികമണ്ഡലത്തിലും എന്തെല്ലാം മാറ്റങ്ങളും ആഘാതങ്ങളും സൃഷ്ടിക്കുമെന്ന പഠനങ്ങളും ഏറെ നടക്കുന്നുണ്ട്.  എന്തുകൊണ്ടോ ആവിധ പഠനങ്ങള്‍ ഒന്നും തന്നെ കേരളത്തില്‍ നടക്കുന്നില്ല എന്നത് അത്ഭുതകരമാണ്. പകരം മാതൃഭാഷാ മാധ്യമത്തിനും ഇംഗ്ലീഷ് മീഡിയത്തിനും വേണ്ടി വാദിക്കുന്നവര്‍ വ്യത്യസ്തമായ തലങ്ങളില്‍നിന്നുകൊണ്ട് സമാന്തരമായി യുക്തി വിചാരം നടത്തുകയാണ് ചെയ്യുന്നത്.

വ്യക്തിഗതമായ അനുഭവങ്ങളുടെയും അവരുടെ അടുത്ത തലമുറയുടെ ജീവിതസ്വപ്നങ്ങളെയും മുന്‍നിര്‍ത്തിയാണ് ഇംഗ്ലീഷ് മീഡിയത്തിനായി നിലകൊള്ളുന്നവരുടെ വാദം. സാമൂഹ്യ വ്യവഹാരത്തില്‍  ഇംഗ്ലീഷിന് കൈവന്ന  പ്രാധാന്യത്തില്‍ ഊന്നിയാണത്. പുറംനാടുകളില്‍ പോയി തൊഴില്‍ തേടുവാനും ആധുനിക വിജ്ഞാനമേഖലകള്‍ തേടിപ്പിടിക്കാനും ഇംഗ്ലീഷിലുള്ള പ്രാവീണ്യം അനിവാര്യമാണെന്നും, അതിന് ചെറുപ്രായത്തില്‍ തന്നെ ഇംഗ്ലീഷ് പഠിക്കുക മാത്രമല്ല, ഇംഗ്ലീഷില്‍ തന്നെ വിജ്ഞാനപരിചയം സാധിക്കുന്നതാണ് നല്ലതെന്നുമാണ് അവര്‍ വിശ്വസിക്കുന്നത്. മലയാളം മീഡിയത്തില്‍ പഠിച്ച് ഇംഗ്ലീ‍ഷറിയാത്തതിനാല്‍, ഉപരിപഠനസമയത്ത് ഏറെ ബദ്ധിമുട്ടിലായവരുടെയും ഇന്റര്‍വ്യൂവിന് ഇംഗ്ലീഷില്‍ യഥാവിധം മറുപടി പറയാനറിയാതെ വിയര്‍ത്തവരുടെയും  അനുഭവകഥകളും ധാരാളമായി അവര്‍ മുന്നോട്ട് വെക്കുന്നു. പരീക്ഷകളും സാങ്കേതിക വിദ്യാഭ്യാസവും മാതൃഭാഷയിലും ലഭ്യമാവണം എന്ന വാദവും ഇക്കൂട്ടത്തില്‍ പ്രതിരോധിക്കപ്പെടുന്നുണ്ട്. അത് സാങ്കേതിക പദങ്ങള്‍ പലതും മലയാളത്തിലില്ല എന്ന കാരണം കൂടി പറഞ്ഞിട്ടാണ്.

മറുഭാഗത്താകട്ടെ മാതൃഭാഷയായ മലയാളത്തിനു വേണ്ടിയുള്ള വാദം രണ്ട് തലങ്ങളില്‍ നിന്നു കൊണ്ടാണ് ഉയര്‍ത്തപ്പെടുന്നത്.  ഇംഗ്ലീഷ് മാധ്യമം മാതൃഭാഷയെ അപ്രസക്തമാക്കുന്നുവെന്നും, അത് മലയാളം അറിയാത്ത, മലയാളി സമൂഹവുമായി ഇടപെടാന്‍ അറിയാത്ത കേരളീയനെ തന്നെ  സൃഷ്ടിക്കും എന്ന വേവലാതിയാണ്  ഒരുവിഭാഗം ഉന്നയിക്കുന്നത്. ഭാഷ നമ്മുടെ സംസ്കാരമാണെന്നും പെറ്റമ്മയെ പോലെ മാതൃഭാഷയെ സ്നേഹിക്കേണ്ടത് നമ്മുടെ കടമയാമെന്നും അവര്‍ ഉദ്ബോധിപ്പിക്കുന്നു.  ഏത് വിജ്ഞാനസാഹിത്യത്തെയും അവതരിപ്പിക്കാന്‍ തക്കവണ്ണം ക്ലാസ്സിക്കല്‍ പദവിയുള്ള മലയാളം ശക്തമാണെന്നും ചില സാങ്കേതിക പദങ്ങള്‍ക്കാവിധം തത്തുല്യപദം ഇല്ലായെങ്കില്‍ അത് സൃഷ്ടിച്ചുകൊണ്ട് മലയാളത്തെ സമ്പന്നമാക്കാമെന്നുമാണ് അവരുടെ നിലപാട്. അതായത് ഭാഷയുടെ സാംസ്കാരിക റോളിലാണ് അവര്‍ ഊന്നുന്നത്.  സ്വാഭാവികമായും സാംസ്കാരിക മണ്ഡലത്തില്‍ പ്രവര്‍ത്തിക്കുന്നവരാണ്   ഈ വാദക്കാരിലേറെയും.

എന്നാല്‍ മറ്റൊരു വിഭാഗക്കാരും മാതൃഭാഷാ മാധ്യമത്തിനു വേണ്ടി ശക്തിയായി വാദിക്കുന്നു. ബോധനസിദ്ധാന്തത്തിന്റെയും പഠനങ്ങളുടെയും അടിസ്ഥാനത്തില്‍ ആണ് അവര്‍ തങ്ങളുടെ മാതൃഭാഷാ മാധ്യമത്തിനുള്ള വാദം മുന്നോട്ട് വെക്കുന്നത്. മാതൃഭാഷയില്‍ പഠിച്ചാലേ കാര്യങ്ങള്‍ യഥാവിധം ഗ്രഹിക്കൂ എന്നും കുട്ടിയുടെ ബുദ്ധിപരവും മാനസികവുമായ വികാസത്തിന് മാതൃഭാഷയിലൂടെയുള്ള   വിദ്യാഭ്യാസം അനിവാര്യമാണെന്നും ചില പഠനങ്ങളെയും വിദഗ്ധാഭിപ്രായങ്ങളെയും ഉദ്ധരിച്ച് അവര്‍ വാദിക്കുന്നു. മാതൃഭാഷയില്‍ പ്രാവീണ്യമുള്ള ഒരാള്‍ക്ക് മറ്റ് ഭാഷകള്‍ അനായാസം പഠിക്കാമെന്നും അതിനാല്‍ ഇംഗ്ലീഷ് പ്രത്യേകമായി പഠിച്ചാല്‍ മതിയെന്നും അവര്‍ അഭിപ്രായപ്പെടുന്നു.  സാമൂഹ്യമായും സാമ്പത്തികമായും പിന്നണിയില്‍ കിടക്കുന്നവരെയാകെ വിദ്യാഭ്യാസ പ്രക്രിയയില്‍ വേര്‍തിരിവില്ലാതെ ഉള്‍കൊള്ളിക്കാന്‍ നിര്‍ബന്ധിതമായ മാതൃഭാഷാബോധനം അനിവാര്യമാണെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. ശാസ്ത്ര സംഘടനകളും വിദ്യാഭ്യാസ വിദഗ്ധരും ആണ്  ഭാഷയുടെ ഈ വൈജ്ഞാനിക തലത്തില്‍ നിന്നുള്ള വാദങ്ങള്‍ അവതരിപ്പിക്കുന്നത്. ഇംഗ്ലീഷ് മീഡിയത്തിനുവേണ്ടി നിലകൊള്ളുന്നത്  പൊതുസമൂഹത്തില്‍ സാമ്പത്തികമായി ഭേദപ്പെട്ട നിലയിലുള്ള വലിയ ഒരു വിഭാഗവും ഉദ്യോഗസ്ഥവൃന്ദവും കച്ചവടവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നടത്തിപ്പുകാരുമാണ്.  മറുഭാഗം പറയുന്ന സിദ്ധാന്തപരമായ സാധൂകരണമോ ഭാഷാസ്നേഹമോ ഒന്നും പ്രസക്തമാണെന്നവര്‍ കരുതുന്നില്ല. പകരം പ്രായോഗികതയും സാമാന്യബോധവും ആണ് അക്കൂട്ടര്‍ മുന്നോട്ട് വെക്കുന്നത്. രാഷ്ട്രീയ പ്രസ്ഥാനങ്ങളും അധ്യാപകവിദ്യാര്‍ത്ഥി സംഘടനകളും മാറിയ സാഹചര്യത്തില്‍ മൗനം പാലിക്കയോ പൊതുബോധത്തിനനുസൃതമായി ഇംഗ്ലീഷ് മീഡിയത്തിനായി നിലകൊള്ളുകയോ ചെയ്യുന്നു. ഇക്കൂട്ടത്തില്‍ മറ്റ് രണ്ട് വിഭാഗങ്ങളുടെ നിലപാടുകള്‍ കൂടി എടുത്തു പറയേണ്ടിയിരിക്കുന്നു. ദേശീയ സംസ്കാരത്തിനായി വാദിക്കയും വൈദേശികമെന്ന കാരണത്താല്‍ മതത്തെയും തത്വശാസ്ത്രങ്ങളെയും ശാസ്ത്രത്തെ തന്നെയും നിരാകരിക്കണമെന്ന് പറയുന്ന ചിലര്‍ സംസ്കാരത്തിന്റെ ഏറ്റവും അടിസ്ഥാനമായ മാതൃഭാഷയിലുള്ള വിദ്യാഭ്യാസത്തിനല്ല, ഇംഗ്ലീഷ് മീഡിയത്തിനാണ് നിലകൊള്ളുന്നതും പ്രചരിപ്പിക്കുന്നതും. അതുപോലെ തന്നെ കൗതുകകരമാണ്, ഏറ്റവും അടിസ്ഥാന വിഭാഗങ്ങളിലൂന്നി സ്വത്വ രാഷ്ട്രീയം പറയുന്നവരുടെ നിലപാടും. ഇംഗ്ലീഷ് മീഡിയമാണ് അധസ്ഥിതരെ രക്ഷിക്കാന്‍ നല്ലത് എന്നാണവരുടെ നിലപാട്!

ഇതിന്റെയൊക്കെ ഫലമായി  ചില അനുഭവങ്ങളിലും സാമാന്യ യുക്തിയിലുമൂന്നി,  ‘മലയാളിക്ക് കൂടുതല്‍ മുന്നേറാന്‍ ഇംഗ്ലീഷ് മാധ്യമത്തിലൂടെയുള്ള പഠനം’ എന്ന ആശയവും പ്രയോഗവും അതിവേഗം സമൂഹത്തില്‍ സ്വീകരിക്കപ്പെടുകയാണ്. എന്നാല്‍ അത് അങ്ങിനെ തന്നെയോ എന്ന് മനസ്സിലാക്കാനും മറ്റുള്ളവരെ മനസ്സിലാക്കിപ്പിക്കാനും ഉതകുന്ന ഗൗരവമായ പഠനമോ രാഷ്ട്രീയ ചര്‍ച്ചയോ ഉണ്ടാകുന്നില്ല.

സൈദ്ധാന്തിക ആശയങ്ങളും സാംസ്കാരിക തനിമയിലൂന്നിയ ഭാഷാസ്നേഹവും ഉന്നയിക്കയല്ലാതെ ഇംഗ്ലീഷ് മീഡിയത്തിനനുകൂലമായ പൊതുബോധം വളരുന്ന സാഹചര്യങ്ങളെ അഭിസംബോധനചെയ്യാനും മാറ്റങ്ങള്‍ നിര്‍ദേശിക്കാനും മാതൃഭാഷാ വാദികള്‍ക്കും കഴിയുന്നില്ല. ഈ സാഹചര്യത്തില്‍ ഇരുപക്ഷവും നില്ക്കുന്ന തലങ്ങളെ മനസ്സിലാക്കി,   ഇരുപക്ഷത്തുമുള്ള രക്ഷിതാക്കളും വിദ്യാഭ്യാസപ്രവര്‍ത്തകരുമായി സംവദിക്കുന്ന ഒരു സാമൂഹ്യ നിരീക്ഷകന്‍ എന്ന നിലയില്‍ ഈ പ്രശ്നത്തെ അവരുടെ വാദങ്ങളെ മനസ്സിലാക്കികൊണ്ട്  വിശകലനം ചെയ്യാന്‍ ശ്രമിക്കയാണിവിടെ.  വൈദഗ്ധ്യത്തിലൂന്നിയ ആധികാരികതയുടെയോ പുതിയ പഠനത്തിന്റെയോ അടിസ്ഥാനത്തിലല്ല, പഠനവിധേയമാക്കേണ്ട അനുമാനങ്ങള്‍ എന്ന നിലയിലാണ് ഈ ആശയങ്ങള്‍ അവതരിപ്പിക്കുന്നതെന്നും പറഞ്ഞുകൊള്ളട്ടെ.

യഥാര്‍ത്ഥ വിഷയങ്ങള്‍ ഇവയല്ലേ?

പഠനമാധ്യമം ഏത് ഭാഷയില്‍ എന്ന പ്രശ്നത്തെയും വാദങ്ങളെയും  ശാസ്ത്രീയമായി സമീപിക്കാന്‍ ഇപ്പറയുന്ന കാര്യങ്ങളില്‍ ആദ്യം വ്യക്തത തേടണം.

  1. എന്താണ് വിദ്യാഭ്യസത്തിന്റെ സാമൂഹ്യവും വ്യക്തിപരവുമായ ലക്ഷ്യം?
  2. പഠന പ്രക്രിയയില്‍ മാധ്യമം ഏത് രീതിയില്‍ സ്വാധീനിക്കുന്നു?
  3. ഭാഷാ പ്രാവീണ്യത്തിലെ ഏതെല്ലാം ഘടകങ്ങള്‍ ഭാഷേതര വിഷയങ്ങളിലെ  ബോധനമാധ്യമത്തില്‍ പ്രസക്തമാണ്?

വിദ്യാഭ്യാസം എന്തിന്?

വളര്‍ന്നു വരുന്ന തലമുറയ്ക്ക് സമൂഹം ആര്‍ജിച്ച അറിവുകള്‍ ലഭ്യമാക്കി , അവരെ കാലികമായ സമൂഹത്തില്‍ ഉള്‍ച്ചേര്‍ക്കാനും ഇടപെടാനും പര്യാപ്തമാക്കുകയാണ്  വിദ്യാഭ്യാസത്തിന്റെ സാമൂഹിക ലക്ഷ്യം. അതില്‍ തന്നെ മൂന്ന് തലങ്ങള്‍ നമുക്ക് കാണാന്‍ കഴിയും .1.ജനിച്ച കുടുംബത്തിനു പുറത്ത് സമൂഹവുമായി  ഇഴുകിചേരാനുള്ള കഴിവ് 2.ചരിത്രം, കല, സാഹിത്യം, വിനോദം തുടങ്ങിയ സമൂഹത്തിന്റെ സാംസ്കാരിക പൈതൃകം മനസ്സിലാക്കാനും ഇടപെടാനുമുള്ള കഴിവ്  3.സമൂഹത്തെ നിരന്തരം നവീകരിക്കുന്നതില്‍, അതായത് കാലഹരണപ്പെട്ടവയെ പുറംതള്ളാനും അനുയോജ്യമായവയെ വികസിപ്പിക്കാനുമുള്ള പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകാനുള്ള കഴിവ്. ഇത് മൂന്നും ചേരുമ്പോഴാണ് ശാസ്ത്രബോധവും സാമൂഹ്യബോധവുമുള്ള ഒരാളായി കുട്ടി പരിണമിക്കുന്നത്.

എന്നാല്‍ സമൂഹം എന്നാല്‍ ഉദ്ദേശിക്കുന്നത് എന്താണ് ?ആ കുട്ടി ജീവിക്കാനും ഇടപെടാനും സാധ്യതയുള്ള പ്രദേശത്താകെയുള്ള ജനതയാണത്. ബാല്യകാലത്തില്‍ ഇടപെടുന്ന സമൂഹത്തോടാവില്ല വളര്‍ച്ചയുടെ വിവിധ ഘട്ടങ്ങളില്‍ ഇടപെടേണ്ടി വരിക.ജീവിക്കുന്ന കാലത്തിനും പ്രദേശത്തിനും അനുസൃതമായി ആ വ്യക്തി അഭിമുഖീകരിക്കുന്ന സമൂഹത്തിന്റെ  വ്യാപ്തിയും സ്വഭാവവും മാറികൊണ്ടിരിക്കും. അതിനാല്‍ ഒരാള്‍ക്ക് ലഭ്യമാവുന്ന വിദ്യാഭ്യാസം വളര്‍ച്ചയുടെ  ഈ ഓരോ ഘട്ടത്തിലും തന്റെ മുമ്പിലുള്ള സമൂഹത്തെ മനസ്സിലാക്കാനും അതില്‍ ഇടപെടാനും പര്യാപ്തമാവും വിധത്തിലാവണം.

ഈ സാമൂഹ്യ ലക്ഷ്യങ്ങളാണ് വിദ്യാഭ്യാസ നയങ്ങള്‍ ആസൂത്രണം ചെയ്യുമ്പോള്‍ സര്‍ക്കാരുകള്‍ പരിഗണിക്കേണ്ടത്. എന്നാല്‍ ഒരു കടുംബം തങ്ങളുടെ  കുട്ടിയെ വിദ്യാഭ്യാസത്തിനായി അയക്കുമ്പോള്‍ ഇതാവില്ല അവരുടെ മുമ്പിലെ ലക്ഷ്യം. “കുട്ടി വളരുമ്പോള്‍ നല്ല വരുമാനവും സാമൂഹിക അംഗീകാരവുമുള്ള തൊഴില്‍ ലഭ്യമാവണം. ആ തൊഴില്‍ നേടുന്നതിന് മറ്റുള്ളവരുമായി മത്സരിക്കാന്‍ ശേഷിയുണ്ടാവണം.” ഒരുശരാശരി കുടുംബത്തിന് ഇതില്‍ കവിഞ്ഞ ലക്ഷ്യങ്ങളൊന്നും ഉണ്ടാകാന്‍ സാധ്യതയില്ല. ഈ വ്യക്തിഗത ലക്ഷ്യം സാമൂഹ്യ ലക്ഷ്യവുമായി പൊരുത്തപ്പെടുന്നതാണോ?  നിര്‍ബന്ധമില്ല. അവ പൊരുത്തപ്പെടുത്തിയെടുക്കേണ്ട ചുമതല സര്‍ക്കാരിനും സാമൂഹ്യ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്കുമാണ്.

വിദ്യാഭ്യാസം ആര്‍ജിക്കുന്ന ആദ്യ ഘട്ടങ്ങളില്‍ തന്റെ ചുറ്റുപാടുമുള്ള പ്രകൃതിയെയും സമൂഹത്തെയും സംസ്കാരത്തെയും  അറിയാന്‍  മാതൃഭാഷയിലൂടെയേ സാധ്യമാവൂ. ബാല്യത്തിലെ ആ അറിവുകളാണ് പിന്നീട് കൂടുതല്‍ വിശാലമായ ലോകത്തെ കുറിച്ചുള്ള അറിവുകള്‍ ശരിയാം വണ്ണം മനസ്സിലാക്കുന്നതിനുള്ള അടിത്തറയാകുന്നത്. അതുപോലെ വിദ്യാഭ്യാസം ലഭിച്ചയാളുടെ സേവനം നാടിന് ലഭിക്കാനാണ് ലക്ഷ്യമിടുന്നതെങ്കില്‍ മാതൃഭാഷയില്‍ ആശയവിനിമയം നടത്താനുള്ള കഴിവിനാണ് മുന്തിയ പരിഗണന നല്‍കേണ്ടത്. എന്നാല്‍ കുറേക്കഴിയുമ്പോള്‍ സ്വന്തം പ്രദേശത്തിനു പുറത്തേക്ക് ചിലരുടെ  ഇടപെടല്‍ വികസിക്കാം. മറ്റ് പ്രദേശത്തെ സേവനങ്ങള്‍ ആശ്രയിക്കേണ്ടിയും വന്നേക്കാം. ഈ  സാധ്യതകള്‍ മുന്നില്‍ കണ്ടുള്ള തയ്യാറെടുപ്പും പ്രധാനമാണ്. ആ നിലയില്‍  ബന്ധപ്പെടുന്നതിനാവശ്യമായ ഭാഷയും അതിനാല്‍ അഭ്യസിച്ചേ തീരൂ. അതിന് ഇംഗ്ലീഷാണ് ഇന്ന് ഏറ്റവും അനുയോജ്യം . അത് മാത്രമല്ല ഉപരിപഠനത്തിലേക്ക് എത്തുമ്പോള്‍ കൂടുതല്‍ വിശാലമായ അറിവുനേടലിനും ഇംഗ്ലീഷ് അനിവാര്യമാണ്. അപ്പോഴും നാം അറിയേണ്ടത് മൂന്നരകോടി ജനസംഖ്യയില്‍ 40 ലക്ഷത്തോളം പേര്‍ മാത്രമാണ് പുറം നാടുകളില്‍ ഉള്ളത് എന്നതാണ്. തീര്‍ച്ചയായും മറ്റ് നാടുകളെ അപേക്ഷിച്ച് അതൊരു വലിയ സംഖ്യതന്നെ. എന്നാല്‍ ബാക്കിവരുന്ന മഹാ ഭൂരിപക്ഷം നാട്ടില്‍ തന്നെയാണ് ജീവിക്കുന്നതും ജോലിചെയ്യുന്നതുംഎന്നത് നാം കാണാതിരുന്നു കൂടാ.  നാളെയും ആസ്ഥിതിയില്‍ മാറ്റമുണ്ടാകില്ല. അതിനാല്‍ മാതൃഭാഷ പഠിക്കാത്തത് ആ നിലയില്‍ നമ്മുടെ നാട്ടില്‍ ജോലിചെയ്യാന്‍ അയോഗ്യരാക്കുന്ന കാര്യമാണ്. മതൃഭാഷ ഒന്നാംഭാഷയായും ഇംഗ്ലീഷ് രണ്ടാം ഭാഷയായും അഭ്യസിക്കുക തന്നെയാണ് അതിനാല്‍ വേണ്ടത്. മാതൃഭാഷ അറിയാത്തവരെ നാട്ടില്‍ ജോലിചെയ്യാന്‍ നിയോഗിക്കുന്നതും അനുവദിക്കുന്നതും അവരുടെ ജോലിയുടെ കാര്യക്ഷമത കുറക്കുമെന്നുള്ള ധാരണ സര്‍ക്കാരിനും സ്ഥാപനങ്ങള്‍ക്കും ഉണ്ടാവുകയും വേണം.

പുറംനാടുകളില്‍ ബന്ധപ്പെടാനും തൊഴില്‍ചെയ്യാനും ഉപരി പഠനത്തിനുമെല്ലാമായി  ഇംഗ്ലീഷില്‍ പ്രാവീണ്യം നേടണമെന്നത് ഇന്ന് തര്‍ക്കമില്ലാത്ത കാര്യമാണ്. എന്നാല്‍ കുട്ടികള്‍ എപ്പോള്‍ മുതല്‍, എങ്ങിനെ പഠിക്കണം എന്നതിലാണ് അഭിപ്രായ വ്യത്യാസം. മാതൃഭാഷയില്‍ പ്രാവീണ്യം നേടിക്കഴിഞ്ഞതിനു ശേഷം മറ്റ് ഭാഷകള്‍ പഠിക്കുന്നതാണ്  കൂടുതല്‍ എളുപ്പത്തില്‍ അവ സ്വായത്തമാക്കാന്‍ സഹായകമെന്നാണ് ഒരുപക്ഷം വാദിക്കുന്നത്. എന്നാല്‍ മറുപക്ഷം അതിനോട് ശക്തിയായി വിയോജിക്കുന്നു.

ഇംഗ്ലീഷ് വാക്യഘടനയില്‍ , വായനയില്‍ മാതൃഭാഷയായ മലയാളത്തിന്റെ രീതിയില്‍ നിന്ന് തികച്ചും വ്യത്യസ്ഥമാണ്. മാതൃഭാഷ ഉറച്ച ഒരു കുട്ടിക്ക് ഇംഗ്ലീഷിന്റെ സവിശേഷ രീതികള്‍ ഗ്രഹിക്കാന്‍ പ്രയാസമാണത്രെ. (പഠനത്തിലൂടെ മാത്രം വ്യക്തത വരുത്താവുന്ന കാര്യമാണത്). അതിനാല്‍ വളരെ ചെറിയ ക്ലാസ്സുമുതല്‍ നിത്യ വ്യവഹാരത്തില്‍ (usual communication) മാതൃഭാഷയെ അനുവദിക്കാതെ  ഇംഗ്ലീഷില്‍  പരിശീലിപ്പിക്കുകയാണ്  നല്ലത് എന്ന് അവര്‍ വാദിക്കുന്നു. ഈ വാദത്തിനാണ് ഇന്ന്  സ്വീകാര്യത വര്‍ധിക്കുന്നത്!  വിദ്യാഭ്യാസത്തിന്റെ ഏക ലക്ഷ്യം ഇംഗ്ലീഷ് പഠനമാണെങ്കില്‍  ഈ വാദം ഗൗരവപൂര്‍വ്വം പരിഗണിക്കാം. എന്നാല്‍ വളരുന്ന കുുട്ടിക്ക്  ഗണിതവും ശാസ്ത്രവിഷയങ്ങളും സാമൂഹ്യ വിഷയങ്ങളും പഠിക്കേണ്ടതുണ്ട്.  അവ പഠിക്കാന്‍ മറ്റൊരു ഭാഷയിലുള്ള ബോധനമാണോ നല്ലത് എന്നതാണ്  ഏറ്റവും പ്രസക്തമായ വിഷയം. ഇവിടെയാണ് പഠനം എന്നാല്‍ എന്താണ് എന്ന ചോദ്യം ഏറെ പ്രസക്തമാകുന്നത്.

അറിവ് സമ്പാദനവും പഠന രീതിയും

അറിവുകളെ നാലുതലത്തില്‍ നമുക്ക് ക്രമീകരിക്കാം. ആദ്യതലം വസ്തുതാപരമായ വിവരങ്ങള്‍(Factual knowledge) ആണ്. ഗുരുത്വാകര്‍ഷണ സിദ്ധാന്തം ആരാണ് ആവിഷ്കരിച്ചത് , അതിന്റെ സൂത്രവാക്യമെന്ത് , എപ്പോഴാണ് അത് ആവിഷ്കരിച്ചത് തുടങ്ങിയ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാന്‍ വസ്തുതാപരമായ അറിവ് മതി.  രണ്ടാമത്തെ തരം അറിവെന്നത് അതിന്റെ ആശയതലമാണ് (Conceptual knowledge). ശാസ്ത്രതത്വങ്ങളും സിദ്ധാന്തങ്ങളുമെല്ലാം ആശയചോര്‍ച്ചയില്ലാതെ സ്വന്തം ഭാഷയില്‍ അവതരിപ്പിക്കാനാവുന്നത് ഇത്തരം അറിവിന്റെ ഫലമാണ്. ഗുരുത്വാകര്‍ഷണ നിയമത്തെ സ്വന്തം ഭാഷയില്‍ വിശദീകരിക്കണമെന്ന് കരുതുക,   നിയമത്തിന്റെ ആശയതലം ശരിക്കുള്‍കൊണ്ടാല്‍ മാത്രമേ അത് സാധ്യമാവൂ.  വിണ്ടും ഒരു പടികൂടി കടന്ന് കടന്ന് ഓരോ സിദ്ധാന്തവും  എങ്ങിനെ രൂപപ്പെട്ടുവെന്നും എവിടെയൊക്കെ പ്രയോഗിക്കാനാവുമെന്ന അറിവാണ് അടുത്തത്. ഗുരുത്വാകര്‍ഷണ നിയമം പഠിച്ച ഒരു വിദ്യാര്‍ത്ഥി അതില്‍ നിന്ന് വിദൂരഗ്രഹങ്ങളുടെ മാസ്സ് നിര്‍ണ്ണയിക്കാന്‍, പരസഹായമില്ലാതെ തന്നെ  മാര്‍ഗ്ഗം നിര്‍ദേശിച്ചുവെന്ന് കരുതുക, മൂന്നാമത്തെ തലത്തിലേക്ക് (Procedural knowledge) ആ അറിവ് എത്തിയാല്‍ മാത്രമാണത് സാധിക്കുക.   നിയമത്തെ മറ്റൊരു രീതിയില്‍ തന്നെ അവതരിപ്പിക്കയും അതിന്റെ  പരിമിതികള്‍ കണ്ടെത്തി  അവ മറികടക്കാനുള്ള പുതിയ സൂത്രവാക്യവുമൊക്കെ ആവിഷ്കരിക്കുന്നത് അറിവിന്റെ മറ്റൊരു പടിയിലേക്ക് കടക്കുമ്പോള്‍ മാത്രം സാധ്യമാവുന്ന കാര്യമാണ് (Meta cognetive knowledge). കെപ്ളറുടെ ഗ്രഹചലന നിയമത്തെ ന്യൂട്ടണ്‍ പരിഷ്കരിച്ചതും  ഗുരുത്വാകര്‍ഷണ സിദ്ധാന്തത്തെ സാമാന്യ ആപേക്ഷിക സിദ്ധാന്തത്തിലൂടെ ഐന്‍സ്റ്റീന്‍ പുതിയ രീതിയില്‍ വ്യാഖ്യാനിച്ചതും ഉദാഹരണങ്ങള്‍.

നാം അവലംബിക്കുന്ന പഠനരീതിയെ അടിസ്ഥാനമാക്കിയാണ് അറിവിന്റെ ഈ ഓരോ തലത്തിലേക്കും നാം എത്തപ്പെടുന്നത്. പഠന രീതിയെ മൂന്നു വിധത്തില്‍ തരം തിരിക്കാം.

  1. ആദ്യത്തേത് പിന്നീട് ഓര്‍ത്ത് അവതരിപ്പിക്കന്‍ ആവും വിധം മനപ്പാഠമാക്കലാണ്. അച്ചടി സാഹിത്യം സാര്‍വ്വത്രികമാകുന്നതിനു മുമ്പ്, ആ വിധം ആവര്‍ത്തിച്ച് ഉരുവിടുന്നതിന്  സഹായകമാകും വിധം താളാന്മകമാക്കി എഴുതി അറിവുകള്‍ ഓര്‍മ്മിച്ചുവെക്കുകയും കൈമാറുകയും ചെയ്യുന്ന രീതി എല്ലാ സംസ്കാരങ്ങളിലും കാലങ്ങളായി നിലനിന്നതാണ്.  കവിതയും കണക്കിലെ ഗുണനപ്പട്ടികയും സൂത്രവാക്യവും ഈ വിധം ഓര്‍ത്തെടുപ്പിക്കുന്നത് അടുത്തകാലം വരെ നമ്മുടെ പഠനസമ്പ്രദായത്തിലെയും രീതിയായിരുന്നല്ലോ. സിനിമാപ്പാട്ടും മറ്റ് ഭാഷകളിലെ ഗാനങ്ങളുമെല്ലാം നമ്മള്‍ പഠിക്കുന്നത് ഈ രീതി ഉപയോഗിച്ചാണ്. അവിടെ അതിന്റെ പിന്നിലുള്ള ആശയം മനസ്സിലാക്കുന്നത് പ്രധാനമല്ല. ഈ വിധം കാര്യങ്ങള്‍ ഓര്‍മ്മിച്ചുവെച്ചു പഠിക്കുന്ന രീതിക്ക് ഭാഷ ഏതായാലും പ്രശ്നമല്ല.ക്വിസ് മത്സരങ്ങളിലും, എന്തിന്, ഒബ്‍ജക്ടീവ് ടൈപ്പ് ആയ  മത്സരപരീക്ഷകളില്‍ പോലും വിജയിക്കാന്‍ പലരും അവലംബിക്കുന്ന രീതിയാണത്.
  2. പാഠഭാഗത്തിലെ ആശയം മനസ്സിലാക്കി പഠിക്കുന്നതാണ് അടുത്ത രീതി. ഭാഷയിലെ സാമാന്യമായ ധാരണ കൊണ്ട് തന്നെ ഇത് സാധ്യമാകും. അതായത് വാക്യഘടനയും പദങ്ങളും ഉദ്ദേശിക്കപ്പെടുന്ന അര്‍ത്ഥത്തില്‍ വായിച്ചെടുക്കാനായാല്‍. ഈ വിധം മനസ്സിലാക്കിയാല്‍ പഠിച്ച കാര്യങ്ങളില്‍ നിന്ന് കൊണ്ട് ചോദ്യോത്തരങ്ങള്‍ നല്കാനും ഒറ്റവാക്കില്‍ ഉത്തരം പറയലുമെല്ലാം വലിയ ബുദ്ധിമുട്ടില്ലാതെ സാധ്യമാക്കാനാവും. പക്ഷേ അവ മനസ്സിലാകുന്നതിനുമുമ്പ്  ഭാഷ ആ വിധം അറിഞ്ഞിരിക്കണമെന്നത് നിര്‍ബന്ധമാണ്. ഇല്ല എങ്കില്‍  ആദ്യ രീതിയില്‍ പഠിച്ച് ഓര്‍ത്തുവെക്കുന്ന ശൈലി കുട്ടി അവലംബിച്ച് ചെറിയ ക്ലാസ്സുകളില്‍ മികവ് കാണിക്കുമെങ്കിലും പിന്നീട്  ഉയര്‍ന്ന  ക്ലാസ്സില്‍ കൂടുതല്‍ വിഷയങ്ങള്‍ പഠിക്കേണ്ട ഘട്ടമെത്തുമ്പോള്‍ ഇത് ദുഷ്കരമാകും.  ഇംഗ്ലീഷ് മീഡിയത്തില്‍ പഠിക്കുന്ന കുട്ടികളില്‍ ഈ രണ്ടുരീതിയും അവലംബിക്കുന്നവരുണ്ട്. ഇംഗ്ലീഷില്‍ അവതരിപ്പിക്കപ്പെട്ട വിഷയ ഭാഗം മാതൃഭാഷയിലാക്കി മനസ്സിലാക്കിക്കുന്ന അധ്യാപകരുണ്ട്. അതുപോലെ വീട്ടിലെത്തിയാല്‍ ആ വിധം പറഞ്ഞുകൊടുക്കാവുന്ന രക്ഷകര്‍ത്താക്കളുമുണ്ട്. ആങ്ങിനെയുള്ളവര്‍ക്ക് പാഠഭാഗത്തെ മാത്രം ആസ്പദമാക്കി ചോദിക്കുന്ന ചോദ്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ ബുദ്ധിമുട്ട് വരില്ല. എന്നു മാത്രമല്ല, ഇംഗ്ലീഷില്‍ കാര്യങ്ങള്‍ വാമൊഴിയായും വരമൊഴിയായും  അവതരിപ്പിക്കുന്നതിന് പരിശീലനം ലഭ്യമാകുകയും ചെയ്യും. മാതൃഭാഷയില്‍ ഈ കഴിവ് വേണ്ടത്ര വികസിക്കില്ല, എന്നാല്‍ ഇംഗ്ലീഷില്‍ സാധ്യമാകയും ചെയ്യും. മാതാപിതാക്കള്‍ അഭ്യസ്ഥ വിദ്യരായ ഇടത്തരക്കാരില്‍ ഇംഗ്ലീഷ് മീഡിയം പ്രിയങ്കരമാകുന്നത്  ഈ വിധം ആശയം മനസ്സിലാക്കിക്കാനും അതേ സമയംതന്നെ ഇംഗ്ലീഷില്‍ മെച്ചപ്പെടാനും സാധിക്കുമെന്നതിനാലാണ്. മാതൃഭാഷാ പ്രയോഗത്തിലെ പ്രാവീണ്യം മത്സരപരീക്ഷകളില്‍ വിഷയമല്ലാതിരിക്കയും, ചോദ്യങ്ങളെല്ലാം പഠിച്ച പാഠഭഗങ്ങളുടെ ഉള്ളില്‍ നിന്ന് മാത്രമാകുകയും , അവയില്‍ ഇംഗ്ലീഷ് ഒരു വിഷയമായി നിലനില്ക്കയും ചെയ്യുന്ന സാഹചര്യത്തില്‍ ഇംഗ്ലീഷ്  പ്രയോഗത്തില്‍ ആര്‍ജിച്ച മേല്‍ക്കൈ മൂലം  മാതൃഭാഷയില്‍ പഠിക്കുന്ന മധ്യവര്‍ഗ്ഗ കുട്ടികളേക്കാള്‍ ഇംഗ്ലീഷ് മീഡിയത്തില്‍ പഠിച്ച കുട്ടികള്‍ മുന്നില്‍ വരാന്‍ നിലവില്‍ സാധ്യത കൂടുതലാണ്.(പക്ഷേ നാടിനെയും വീടിനെയും സംസ്കാരത്തെയും അന്യമായി വീക്ഷിക്കുന്ന മനോഭാവം ഇതിന്റെ ഉപോല്‍പന്നമാണ്).അതേസമയം ക്ലാസ്സ് മുറിയിലും വീട്ടിലും ഈ സാഹചര്യമില്ലാത്ത സാധാരണക്കാരുടെ കുട്ടികള്‍ മനപ്പാഠം പഠിക്കാവുന്നതിന്റെ പരിധിവിടുന്ന ഘട്ടത്തില്‍  അതിവേഗം  പിന്‍തള്ളപ്പെടും. ഇംഗ്ലീഷ് മീഡിയം സാര്‍വ്വത്രികമാകുന്നതോടെ സംഭവിക്കുന്ന പ്രധാന ദുരന്തം അതായിരിക്കും.
  3. പഠനപ്രക്രിയയിലെ മൂന്നാമത്തെ രീതിയില്‍ സംഭവിക്കുന്നതിതാണ്. പാഠഭാഗങ്ങള്‍ സ്വാംശീകരിക്കയും വികസിപ്പിക്കയും തനത് രീതിയില്‍ അവതരിപ്പിക്കാന്‍ പ്രാപ്തി നേടലുമാണത്. ഇവിടെ പാഠഭാഗം ഒരടിത്തറ മാത്രമാണ്. അതിനു പുറത്ത് കുട്ടി അതിനകം ആര്‍ജിച്ച മറ്ററിവുകളെയും നിരീക്ഷണാനുഭവങ്ങളെയും വായനയിലൂടെ പുതുതായികിട്ടുന്ന അറിവുമെല്ലാം ബന്ധിപ്പിച്ചും താരതമ്യം ചെയ്തും തിരുത്തിയും സ്വയം കൂട്ടിച്ചേര്‍ത്തും പാഠഭാഗത്തില്‍നിന്ന് കിട്ടിയ അറിവിനെ  വികസിപ്പിക്കും. പഠിച്ചതില്‍ നിന്ന് തികച്ചും വ്യത്യസ്ഥമായി, എന്നാല്‍ കൂടുതല്‍ തെളിമയോടെ  ആയിരിക്കും വേണ്ട ഘട്ടങ്ങളില്‍ ആ കുട്ടി ആശയം അവതരിപ്പിക്കുക. ഈ രീതി സ്വായത്തമാകണമെങ്കില്‍ അധ്യാപകന്‍ പാഠഭാഗങ്ങളില്‍ നിന്ന് പുറത്തേക്ക് പോയി നിരവധി ഉദാഹരണങ്ങളിലൂടെ, ജീവിതാനുഭവങ്ങളിലൂടെ കുട്ടിയുടെ ആശയതലം വികസിപ്പിക്കാന്‍ പ്രചോദിപ്പിക്കണം.അതിന് അധ്യാപകന്  അനായാസമായി കഴിയണമെങ്കില്‍ മാതൃഭാഷയിലൂടെയേ സാധ്യമാവൂ. കൂടുതല്‍ വായിച്ചും നിരീക്ഷിച്ചും ചിന്തിച്ചും പഠിച്ച ആശയത്തെ വികസിപ്പിക്കാന്‍ കുട്ടിക്കും കഴിയണം.  ചുറ്റുപാടുമുള്ള പ്രകൃതിയോടും സമൂഹത്തോടും അടുത്തിടപഴകാനും സ്വന്തം ഭാഷയില്‍ കേട്ടും പറഞ്ഞും പഠിച്ചു തുടങ്ങിയ, അതിന്റെ തുടര്‍ച്ചയായി തന്നെ പാഠപുസ്തകം അനുഭവപ്പെടുന്ന കുട്ടിക്കേ ഈ ഒരു പഠന രീതി സ്വായത്തമാകൂ. അതായത് പഠനം ആരംഭിച്ച് നിശ്ചിതഘട്ടം വരെയെങ്കിലും  മാതൃഭാഷയില്‍ തന്നെ ഗണിതവും ശാസ്ത്രവും സാമൂഹ്യപാഠങ്ങളും കേള്‍ക്കണം,പഠിക്കണം. കാരണം ഏതൊരാളുടെയും ചിന്ത എന്ന പ്രക്രിയയുടെ അടിത്തറ  മാതൃഭാഷയാണ്. അതായത് തലച്ചോറിന്റെ വികാസസമയത്ത് ആര്‍ജിച്ച വാക്യഘടനയിലും പദങ്ങളിലും ഊന്നിയിട്ട്.

എന്നാല്‍ മാതൃഭാഷയില്‍ പഠിച്ചു എന്നതുകൊണ്ടു മാത്രം ഇത് സാധ്യമാകണമെന്നില്ല.  ക്ലാസ്സ് മുറിയും പരിസരവും മാത്രമല്ല , മൂല്യനിര്‍ണ്ണയവും അവസരങ്ങളുമെല്ലാം അതിനായി പ്രേരിപ്പിക്കുമ്പോഴാണ് ആ വിധത്തിലുള്ള പഠനം ഒരു ത്രില്‍ ആയി കുട്ടിക്കനുഭവപ്പെടുക.അത്തരം കുട്ടികള്‍ പ്രകൃതി നിരീക്ഷണവും പരന്നവായനയും സാമൂഹ്യവിഷയങ്ങളിലുള്ള താല്പര്യവുമെല്ലാം  സ്വമേധയാ പ്രകടിപ്പിക്കും. അന്വേഷണം അനായാസമാകും.വായന സ്വാഭാവികമാകും. അറിവ് ആനന്ദമാകും. പഠനം പാല്‍പായസമാകും. അപരിചിതമായ ഭാഷയില്‍ പഠിച്ചു തുടങ്ങുന്ന ഒരു കുട്ടിക്ക്  ഈ വിധം വികസിക്കാന്‍ പ്രയാസംതന്നെയാണ്.

ആശയമണ്ഡലത്തിലെ കാര്യങ്ങള്‍ ചോര്‍ച്ചയില്ലാതെ സ്ഫുടമായി അവതരിപ്പിക്കാനാവുന്നതും വളരെ പ്രധാനമാണ്.  ഓര്‍മ്മയില്‍ വെക്കുന്ന കാര്യങ്ങള്‍ അതേപടി ആവര്‍ത്തിക്കാന്‍ ഭാഷ ഏതായാലും പ്രശ്നമല്ല. എന്നാല്‍ പഠപുസ്കത്തിലെ ആശയങ്ങള്‍ സ്വന്തം രീതിയില്‍ വിശദികരിക്കാന്‍ മറ്റൊരു ഭാഷയില്‍ അത്ര എളുപ്പമായിരിക്കില്ല.  എങ്കിലും ആ ഭാഷയോടുള്ള കുറച്ചുകാലത്തെ പരിചയം കൊണ്ട് ആ പരിമിതി മുറിച്ചു കടക്കാം. എന്നാല്‍ തന്റെ പുതിയ ആശയങ്ങള്‍ തെളിമയോടെയും സമയനഷ്ടമില്ലാതെയും  അവതരിപ്പിക്കേണ്ട ഘട്ടം വരുമ്പോള്‍ അതിന് ഏറ്റവും സഹായകരമാവുക മാതൃഭാഷതന്നെയാണ്. ഇംഗ്ലീഷ് മീഡിയത്തിലെ അധ്യാപകരും ഗവേഷണ തലത്തിലേക്കെത്തിയ പഠിതാക്കളും ഈ ഒരു പ്രശ്നം നേരിടുന്നതായി സമീപകാലത്തു നടന്ന പല അന്തരാഷ്ട്രപഠനങ്ങളിലും എടുത്തു പറയുന്നു.

ഇതൊക്കെയാണെങ്കില്‍ എന്തുകൊണ്ടാണ്  വിദ്യാഭ്യാസം സംബന്ധിച്ച അക്കാദമിക ചര്‍ച്ചകളിലല്ലാതെ ഇതൊന്നും പരാമര്‍ശിക്കപ്പെടാതെ പോകുന്നത്.? പൊതു സമൂഹത്തില്‍ , എന്തിന് അധ്യാപക സമൂഹത്തില്‍ പോലും ചര്‍ച്ചയാകാത്തത്?

വിദ്യാഭ്യാസത്തെ നമ്മള്‍ വിലയിരുത്തുന്നത് നിത്യജീവിതത്തില്‍ എത്ര പ്രയോഗിക്കാനാവുമെന്ന് നോക്കിയും  സിസ്റ്റം ഒരുക്കുന്ന പരീക്ഷാ ഫലങ്ങളുടെയും അടിസ്ഥാനത്തിലാണ്. ഇതില്‍ നിത്യജീവിതത്തിലെ പ്രയോഗം എന്നത് ഭാഷകളുടെ കാര്യത്തില്‍ മാത്രമാണ് നാം നിരന്തരം ചെയ്യേണ്ടി വരുന്നതും പരിമിതികള്‍ ബോധ്യപ്പെടുന്നതും. അതില്‍ ഒരു ഘട്ടം കഴിഞ്ഞാല്‍ ഒന്നാം ഭാഷയായി ഇംഗ്ലീഷ് മാറുന്നതോടെ മാതൃഭാഷയിലെ കഴിവ് പ്രധാനമല്ലാതാകുന്നു. എല്ലാവവര്‍ക്കും അറിയുന്ന ഒന്ന് എന്ന തോന്നല്‍ മൂലം  മാതൃഭാഷയിലെ മികവ് പൊതു സമൂഹത്തിലും വലിയ വില കല്പിക്കാത്ത ഒന്നാക്കി.(സാഹിത്യകാരന്റെ റോളിലേക്കെത്തിയാല്‍ മാത്രമേഅതിന് മൂല്യമുള്ളു!). എന്നാല്‍ ഇംഗ്ലീഷ് സംസാരിക്കാനറിയുന്നതും  എഴുതാന്‍ അറിയുന്നതും ഉപരി പഠനത്തിലേക്കെത്തുമ്പോള്‍ പലതലങ്ങളില്‍ പരിശോധിക്കപ്പെടുന്നു. ഇംഗ്ലീഷ് മീഡിയം വിദ്യാര്‍ത്ഥികള്‍ക്ക് ഇക്കാര്യത്തില്‍ മാതൃഭാഷയില്‍ പഠിച്ച കുട്ടികളേക്കാള്‍  , മികവുണ്ട്. ചുരുങ്ങിയ പക്ഷം തെറ്റായാലും വിമുഖതകൂടാതെ അവതരിപ്പിക്കാനെങ്കിലും!

അതേസമയം  ഗണിതവും ശാസ്ത്രവും  സാമൂഹ്യ വിഷയങ്ങളും ആകപ്പാടെ പരിശോധിക്കപ്പെടുന്നത്  പഠന സമയത്തെ പരീക്ഷകളിലൂടെയും മത്സര പരീക്ഷകളിലുമായാണ്. അതില്‍ മത്സര പരീക്ഷകളെല്ലാം തന്നെ ഓര്‍മ്മ പരീക്ഷകളാണ്. പഠന സമയത്തെ മൂല്യ നിര്‍ണ്ണയത്തിനായി സി ഇ ഉണ്ടെങ്കിലും അത് ഏത് വിധമാണ് നല്കുന്നതെന്ന് എന്നറിയാന്‍ കുട്ടികളുടെ സ്കോര്‍ഷീറ്റ് നോക്കിയാല്‍ മതി.പിന്നെയുള്ളത് പരീക്ഷകളാണ്. അതില്‍ തന്നെ വ്യത്യസ്ഥ മീഡിയം ഉള്ളത് പത്താം ക്ലാസ്സ് വരെയും. പത്താം ക്ലാസ്സുവരെ  എല്ലാവര്‍ക്കും പ്രൊമോഷന്‍ നല്കുന്ന സാഹചര്യത്തില്‍ വര്‍ഷാന്ത്യ മൂല്യ നിര്‍ണ്ണയത്തിന് യാതൊരു വിലയും കല്പിക്കപ്പെടുന്നില്ല. പത്താം ക്ലാസ്സിലാകട്ടെ ശരാശരി കുട്ടികള്‍ക്ക് പോലും എല്ലാ വിഷയത്തിലും എപ്ലസ് കിട്ടും വിധമാണ് പരീക്ഷാ രീതി. അതായത് ആകപ്പാടെ പരിശോധിക്കപ്പെടുന്നത് അറിവിന്റെ ഒന്നും രണ്ടും തലങ്ങള്‍ മാത്രം.  മൂന്നാം തലത്തിലേതെന്ന് തോന്നിക്കാവുന്ന ചില ചോദ്യങ്ങളുണ്ടാവാം. എന്നാല്‍ അവയെല്ലം മുമ്പ് വന്നതോ ഗൈഡുകളില്‍ ചര്‍ച്ചചെയ്യപ്പെട്ടതോ ആയതിനാല്‍ ഓര്‍മ്മശക്തികൊണ്ട് മറുപടി നല്കാവുന്നവയാണ്. വായനയിലൂടെയും തനത് ചിന്തയിലൂടെയും മേല്‍ക്കൈ നേടാന്‍ സാധ്യതയുള്ള മാതൃഭാഷാ പഠനമാധ്യയമായ കുട്ടിക്ക് തന്റെ മുകവ് പരിശോധിക്കപ്പെടാന്‍ അവസരമില്ല. എന്നാല്‍  ഇംഗ്ലീഷ് പ്രയോഗത്തിലെ മികവിന്റെ ബലത്തില്‍ ഇംഗ്ലീഷ് മീഡിയം വിദ്യാര്‍ത്ഥികള്‍ക്ക്  പരീക്ഷകളിലും സമൂഹത്തിലും മികവ് പ്രകടിപ്പിക്കാനാകുന്നു. ഈ വിധം പഠനത്തിലെ  ഉന്നതശേഷി വിലയിരുത്തുന്നതല്ല ഇന്നത്തെ മൂല്യ നിര്‍ണ്ണയ രീതി എന്നതിനാല്‍ പരന്ന വായനയും ചിന്താശേഷിയുമുള്ള കുട്ടികള്‍ പിന്തള്ളപ്പെട്ടു പോകുന്നു, പാഠപുസ്കങ്ങളിലും ഗൈഡുകളിലും മാത്രം ഒതുങ്ങുന്നവര്‍ വലിയ വിജയം കൊയ്യുന്നു, അംഗീകരിക്കപ്പെടുന്നു. ഇംഗ്ലീഷ് മീഡിയത്തിന് അനുകൂലമായി  സമൂഹത്തില്‍ വളരുന്ന മനോഭാവം ഈ ഒരു സാഹചര്യത്തില്‍ കൂടി വേണം മനസ്സിലാക്കാന്‍.

മാതൃഭാഷക്കായി വാദിക്കുമ്പോള്‍

മാതൃഭാഷയില്‍തന്നെ പഠിക്കണം, ഉന്നത വിദ്യാഭ്യാസവും മാതൃഭാഷയില്‍ ചെയ്യാന്‍ അവസരമുണ്ടാകണം എന്നെല്ലാം പറയുമ്പോള്‍ മാതൃഭാഷ എന്നാല്‍ എന്ത് എന്ന ചോദ്യം വളരെ പ്രധാനമാണ്. ഭാഷാപരമായ സവിശേഷതകള്‍ അഞ്ചുഘടകങ്ങളെയാണ് ആശ്രയിച്ചിരിക്കുന്നത്.

  1. വാക്യഘടന(Syntax)
  2. പദസമ്പത്ത് (Vocabulary)
  3. ഉച്ചാരണം (Pronounciation)
  4. വാക്കുകളുടെ സാന്ദര്‍ഭികാര്‍ത്ഥം(Semantics )
  5. വാക്യങ്ങളുടെ സാന്ദര്‍ഭിക പ്രയോഗം(Pragmatics ).

ഭാഷാ പരമായ തനിമ പരിഗണിക്കുമ്പോള്‍ ഇവയോരോന്നിലും സമാന്തരമായ രീതികളാണ് ഓരോ ഭാഷകള്‍ക്കുമുള്ളത്. വിശേഷിച്ച് മലയാളവും ഇംഗ്ലീഷും പരിഗണിക്കുമ്പോള്‍. ഏത് ഭാഷയിലും സാഹിത്യ രചന നടത്താന്‍ ഈ അഞ്ചുഘടകങ്ങളും അറിഞ്ഞിരിക്കണം. അഥവാ ഇതെല്ലാം ചേര്‍ന്നതാണ് ശുദ്ധമായസാംസ്കാരിക ഭാഷ. എന്നാല്‍ ഭാഷയുടെ അടിസ്ഥാനം വാക്യഘടനയാണ്. പദസമ്പത്തെന്നത് നിരന്തരം വികസിക്കുന്നതാണ്. അവയില്‍ പലതും മറ്റ് ഭാഷകളില്‍ നിന്ന് കടം കൊണ്ടവയാകും. (ഇന്നത്തെ ഇംഗ്ലീഷ് ഭാഷയിലെ നല്ലൊരു ശതമാനം വാക്കുകളും ലാറ്റിനില്‍ നിന്ന് അതേപടി സ്വീകരിച്ചതോ ചെറിയമാറ്റം വരുത്തിയെടുത്തതോ ആണ്).മറ്റ് ചിലത് മറ്റ് ഭാഷകളില്‍ ഉപയോഗിച്ചു തുടങ്ങുന്ന ഒരു വാക്കിന്റെ അര്‍ത്ഥം ലഭിക്കാന്‍ സമാന്തരമായി തനത് പദങ്ങള്‍ തന്നെ ഉപയോഗിച്ച് വികസിപ്പിച്ചെടുക്കുന്നവയാണ്.(ഉദാ- Post Modernity -ഉത്തരാധുനികത,  Identity Politics- സ്വത്വ രാഷ്ട്രീയം). അത്തരത്തില്‍ ഭാഷയുടേതായി തീര്‍ന്ന പദങ്ങള്‍ തന്നെയാണ് സാംസ്കാരിക ഭാഷയില്‍ ഉപയോഗപ്പെടുത്താറ്. എന്നാല്‍ നമ്മള്‍ നിത്യേന കൈകാര്യം ചെയ്യുന്ന ഭാഷ ആവിധമല്ല. സംസാരിക്കുന്നത് ഏത് ഭാഷയിലെന്ന് നാം തീരുമാനിക്കുന്നത്   മുഖ്യമായും അതിലെ വാക്യഘടനയിലൂന്നിയാണ്. പദസമ്പത്തില്‍  ആ ഭാഷയിലെ പദങ്ങളാകാം മുഖ്യമായും ഉണ്ടാവുക. എന്നാല്‍  മറ്റ് ഭാഷകളുടെ പദങ്ങള്‍ അതേ പടി സ്വീകരിക്കുന്നതില്‍ നമുക്ക് വൈമുഖ്യം ഉണ്ടാകാറില്ല. മാത്രമല്ല, വേണ്ടത്ര പ്രചാരമില്ലാത്ത തനത് ഭാഷാ പദങ്ങളെക്കാള്‍ ജനങ്ങള്‍ക്ക് മനസ്സിലാവുക പലപ്പോഴും പ്രചാരത്തിലായ അന്യഭാഷാ പദങ്ങള്‍ ആകും . ഈ വിധം രൂപപ്പെട്ട വ്യവഹാരഭാഷയിലാണ് നമ്മുടെ ചിന്താ പ്രക്രിയ സാധാരണ നടക്കുക. അതായത് വ്യവഹാരഭാഷയും സാംസ്കാരിക ഭാഷയും വ്യത്യസ്ഥമാണ്. ഇനി വൈജ്ഞാനിക മേഖലയിലേക്ക് കടക്കുമ്പോഴോ? കലാ സാംസ്കാരിക രൂപങ്ങള്‍ പോലെയല്ല, സയന്‍സ് മാനവരാശിയുടെയാകെയാണ്. ഏത് രാജ്യത്ത് ഒരു കണ്ടത്തല്‍ ഉണ്ടായാലും അതെവിടെയും എത്രയും വേഗം ഉപയോഗപ്പെടുത്തണം. അതിന് ഭാഷ ഒരു തടസ്സമാകരുത്. അതുകൊണ്ട് തന്നെ വൈജ്ഞാനികരംഗത്ത് മുന്നേറുന്ന രാജ്യങ്ങള്‍ വികസിപ്പിച്ച പദങ്ങളും  വാക്യങ്ങളും  അതേ പടി മറു നാടുകളിലും ഉപയോഗിക്കേണ്ടി വരും. ആ വിധത്തില്‍ രൂപം കൊള്ളുന്ന ഭാഷയാണ് വൈജ്ഞാനിക ഭാഷ. ശാസ്ത്രത്തില്‍ പദങ്ങള്‍ക്കും വാക്യങ്ങള്‍ക്കും സാന്ദര്‍ഭികാര്‍ത്ഥം സങ്കല്‍പിക്കുന്നത് അതിന്റെ വസ്തു നിഷ്ഠതയെ ബാധിക്കും. അതിനാല്‍ അവ ബാധകമല്ല.അതുപോലെതന്നെ ഉച്ചാരണശേഷിയും പ്രധാനമല്ല.  അതിനാല്‍ മാതൃഭാഷയുടെ വാക്യഘടനയും പ്രാചാരത്തിലുള്ള മാതൃഭാഷാപദങ്ങളും മുഖ്യമായി ഉപയോഗിക്കുമ്പോള്‍തന്നെ അന്യഭാഷയിലെ സാങ്കേതികപദങ്ങളും അവശ്യമായ മറ്റുപദങ്ങളും ഉപയോഗിക്കാന്‍ മടിക്കാത്തതാവണം മാതൃഭാഷയിലെ വൈജ്ഞാനിക ഭാഷ.ആ വൈജ്ഞാനിക ഭാഷയിലാണ് ഭാഷേതരവിഷയങ്ങള്‍ പഠിപ്പിക്കേണ്ടതും പഠിക്കേണ്ടതും.  ചില ആശയങ്ങള്‍ അര്‍ത്ഥ ചോര്‍ച്ചയില്ലാതെ   രൂപപ്പെട്ട ഭാഷയില്‍(ഇംഗ്ലീഷില്‍) അവതരിപ്പിക്കുന്നത് സൗകര്യപ്രദമാവാം. എന്നാല്‍ അവയുടെ വിശദീകരണങ്ങള്‍ മാതൃഭാഷയിലാവും സൗകര്യം. ഇത് രണ്ടും ഒരേ എഴുത്തില്‍ സാധ്യമാകണം. ആ വിധം ശീലിക്കുന്നത് പിന്നീട് പഠനമാധ്യമം ഇംഗളീഷിലേക്ക് മാറ്റുന്ന സാഹചര്യം വേണ്ടിവന്നാല്‍ ,പ്രയാസം കൂടാതെ അത് നിര്‍വഹിക്കാനും സഹായകമാകും. ഇപ്രകാരമാണ് പഠനം നടക്കുന്നതെങ്കില്‍ പ്രൊഫഷനല്‍ വിദ്യാഭ്യാസവും മാതൃഭാഷയിലാവുന്നത് കുട്ടിക്ക് കൂടുതല്‍ മനസ്സിലാക്കി ആശയങ്ങള്‍ വികസിപ്പിക്കാനും കൂടുതല്‍ തെളിമയോടെ തന്റെ ആശയങ്ങള്‍ അവതരിപ്പിക്കാനും  സഹായകമാകുകയേ ഉള്ളു.

വൈജ്ഞാനിക ഗ്രന്ഥങ്ങളും പ്രബന്ധങ്ങളും ഏറെയും നമുക്ക് ഇംഗ്ലീഷിലാണ് ലഭ്യമാവുന്നത്. അതിനാല്‍ ഇംഗ്ലീഷില്‍ അവ വായിച്ചു മനസ്സിലാക്കാനും എഴുതി തയ്യാറാക്കാനും  സംവദിക്കാനുമെല്ലം പ്രാവീണ്യം നേടണം. സാങ്കേതിക പദങ്ങള്‍  ഇംഗ്ലീഷിലും പരിചയപ്പെടുന്നതിനാല്‍ അനുയോജ്യമായ വാക്കുകള്‍ ഓര്‍ത്തെടുക്കുക പ്രയാസമാവില്ല. എന്നാല്‍ ഭാഷാ പ്രയോഗത്തിന്  അത് പോരല്ലോ. അതിനാല്‍ ഇംഗ്ലീഷ് അടിസ്ഥാനപരമായിതന്നെ പഠിക്കണം. ഭാഷ ഏതായാലും പ്രയോഗത്തിലൂടെയും അധിക വായനയിലൂടെയുമാണ് വികസിക്കുക. പാഠ്യപദ്ധതിയില്‍ ഇംഗ്ലീഷ് ഭാഷാ പഠനത്തിന് അതിനുള്ള അവസരം ഉറപ്പു വരുത്തുകയാണ് വേണ്ടത്. ഭാഷ നന്നായി കൈകാര്യം ചെയ്യാനറിയുന്ന, ഇംഗ്ലീഷില്‍ ബിരുദവും ബിരുദാനന്തരബിരുദവും ഭാഷാധ്യാപന പരിശീലനവും ലഭിച്ച അധ്യാപകരെയാണ് ഇംഗ്ലീഷ് പഠിപ്പിക്കാന്‍ നിയോഗിക്കേണ്ടത്. ഏറെക്കാലമായി കേരളത്തിലെ പൊതു വിദ്യാലയങ്ങളില്‍ ഇംഗ്ലീഷ് ഭാഷ പഠിപ്പിച്ചിരുന്നത് ആ ഭാഷ ഐച്ഛികമായി പഠിച്ചവരായിരുന്നില്ല എന്നത് മാതൃഭാഷയില്‍ പഠിച്ച കുട്ടികളുടെ ഇംഗ്ലീഷ് മോശമാകാന്‍ പ്രധാനപ്പെട്ട ഒരു കാരണമാണ്.ശാസ്ത്രത്തിലെയും സാമൂഹ്യശാസ്ത്രത്തിലെയും വിവരണാത്മകമായ കാര്യങ്ങള്‍ (ഉദാ- ഒരു കണ്ടെത്തലിലേക്ക് നയിച്ച ചരിത്രം, പാരിസ്ഥിതിക സവിശേഷതകളുടെ വിവരണം..) ഇംഗ്ലീഷ് പാഠഭാഗങ്ങളില്‍ ഉള്‍പ്പെടുത്താം. ആ വിധം ഇംഗ്ലീഷ് പഠിച്ചു മുന്നേറുന്ന  മാതൃഭാഷപഠന മാധ്യമമാക്കിയ ഏതുകുട്ടിക്കും ആവശ്യം വരുന്ന ഘട്ടത്തില്‍ ഇംഗ്ലീഷ് മാധ്യമത്തിലേക്ക് മാറാന്‍ പ്രയാസമുണ്ടാവില്ല.

കഴിഞ്ഞ കുറച്ചു നാളായി ജ്ഞാന സമ്പദ്‍വ്യവസ്ഥയെ കുറിച്ച് നാം നിരന്തരം കേള്‍ക്കുന്നു. കാര്‍ഷികാധിഷ്ഠിത സമൂഹത്തിന്‍ ഭൂമിയും അധ്വാനവുമാണ് സമ്പത്തുല്പാദനത്തിന്റെ പ്രധാനഘടകങ്ങള്‍. വ്യവസായാധിഷ്ഠിതസമൂഹത്തില്‍ മൂലധനവും അധ്വാനവും. എന്നാല്‍ ജ്ഞാന വ്യവസ്ഥയില്‍ അറിവും മൂലധനവുമാണ് പ്രധാനം. അറിവ് പകര്‍ത്തിയെഴുതാനല്ല, സൃഷ്ടിക്കാനുള്ള കഴിവാണ് അവിടെ പ്രധാനം. അറിവ് സാര്‍വ്വത്രികമല്ലെങ്കില്‍, എല്ലാവര്‍ക്കും അത് ആര്‍ജിക്കാനാകുന്നില്ല എങ്കില്‍ മൂലധനവും അറിവും ഉള്ള ഒരു ന്യൂനപക്ഷത്തിന്റെ നിയന്ത്രണത്തിലാകും സമൂഹം. സമ്പത്തില്ലാത്തവരും അറിവ് നിഷേധിക്കപ്പെടുന്നവരും പുറം തള്ളപ്പെട്ടുപോകും. എന്നാല്‍ അതിന് പരിഹാരം അറിവിനോട് പുറം തിരിഞ്ഞു നില്ക്കലല്ല. അറിവ് സാര്‍വ്വത്രികമാക്കലാണ്.ഒരുജ്ഞാന വ്യവസ്ഥ( Knowledge society) രൂപപ്പെടുത്തലാണ്.ശാസ്ത്രബോധത്തിലും സാമൂഹ്യ വീക്ഷണത്തിലും അടിസ്ഥാനമാക്കി ചിന്തിക്കാനറിയുന്ന സമൂഹത്തിനേ ആ രൂപത്തില്‍ വളരാന്‍ കഴിയൂ.

പക്ഷേ ഇന്ന് കേരളം നേരിടുന്ന ഒരു പ്രധാന പ്രശ്നം തന്നെ വിദ്യാഭ്യാസം ആര്‍ജിച്ചിട്ടും ശാസ്ത്രബോധവും സാമൂഹ്യവീക്ഷണവും പ്രകടപ്പിക്കാത്ത തലമുറയാണ്. പഠിക്കുന്ന വിഷയങ്ങള്‍ ആഴത്തില്‍ മനസ്സിലാക്കുകയും പുതിയ വിവരങ്ങള്‍ അന്വേഷിക്കുകയും  ലഭ്യമാവുന്ന വിവരങ്ങളെ അതിന്റെ വെളിച്ചത്തില്‍ വിമര്‍ശനാന്മകമായി വിലയിരുത്തുകയും ചെയ്യുമ്പോഴാണ് ശാസ്ത്രബോധവും സാമൂഹ്യവീക്ഷണവും കൈവരുക. അതിനാല്‍ പഠനം  മൂന്നാമതായി വിവരിച്ച രീതിയില്‍ നടക്കണം. അതായത് ബോധനമാധ്യമം  മാതൃഭാഷതന്നെയാവണം .

എന്നാല്‍ ഈ  ആശയം  കേവലമായി ഒറ്റതിരിഞ്ഞ് അവതരിപ്പിച്ച് ആത്മസംതൃപ്തി നേടുകയല്ല വേണ്ടത്. വിദ്യാഭ്യാസരംഗത്തെ സമൂലമാറ്റത്തിനായി പരിശ്രമിച്ചും അതിനോട് ചേര്‍ത്തുവെച്ചും യുക്തിയുടെയും അനുഭവത്തിന്റെയും അടിസ്ഥാനത്തില്‍ സമൂഹത്തെ ബോധ്യപ്പെടുത്തുകയാണ് വേണ്ടത്. അതായത് മാതൃഭാഷാ മാധ്യമത്തിനായി വാദിക്കുമ്പോള്‍ ഇപ്പറയുന്ന കാര്യങ്ങള്‍ കൂടി മുമ്പോട്ട് വെക്കണം.

  1. ഭാഷേതര വിഷയങ്ങള്‍ മാതൃഭാഷയിലെ വൈജ്ഞാനിക ഭാഷയിലാവണം. അവിടെ മറ്റ് ഭാഷാപദങ്ങള്‍ ആവശ്യാനുസരണം ഉപയോഗിക്കാം.
  2. ഈവിധം തുടര്‍ന്നും പഠിക്കാനുള്ള അവസരം ഗവേഷണതലം വരെ ഉറപ്പ് വരുത്തണം
  3. അക്കാദമിക പരീക്ഷകളുടെ മൂല്യനിര്‍ണ്ണയരീതി ആഴത്തിലുള്ള അറിവും താല്പര്യവും പരിശോധിക്കുന്നതാകണം. ഉപരി പഠനത്തിന് തെരെഞ്ഞെടുക്കേണ്ടത് ആ മികവിന്റെ അടിസ്ഥാനത്തിലാവണം.
  4. മത്സര പരീക്ഷകള്‍  ചോദ്യങ്ങളും ഉത്തരവും മാതൃഭാഷയില്‍ – വിജ്ഞാനഭാഷയില്‍- വേണം
  5. നാട്ടില്‍ ജോലി തേടുന്നവര്‍ക്ക് മാതൃഭാഷയിലെ അറിവ് നിര്‍ബന്ധമാക്കണം
  6. ഒന്നം ക്ലാസ്സ് മുതല്‍ രണ്ടാം ഭാഷയായി ഇംഗ്ലീഷ് സംസാരിച്ചും പ്രയോഗിച്ചും പഠിപ്പിക്കണം. അതിനായി ഇംഗ്ലീഷ് ബിരുദമുള്ള അധ്യാപകരെ തന്നെ നിയോഗിക്കണം.
  7. ഭാഷേതരവിഷയങ്ങള്‍ ആശയ സമ്പുഷ്ഠതയോടെ അവതരിപ്പിക്കാനുള്ള അധ്യാപകരുടെ കഴിവ് ഉറപ്പ് വരുത്തണം.

ഈ വിധം വിദ്യാഭ്യാസമേഖലയില്‍ സമൂലമായ മാറ്റത്തിന് പരിശ്രമിച്ചു കൊണ്ടാവണം ബോധനമാധ്യമം മാതൃഭാഷയിലാക്കാനുള്ള  കാമ്പയിന്‍ മുന്നേറേണ്ടത്.


മറ്റുള്ള ലേഖനങ്ങൾ

 

Happy
Happy
100 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post സിക വൈറസ് രോഗം കേരളത്തിൽ
Next post കാലാവസ്ഥാവ്യതിയാനം മൂലം വന ആവാസവ്യവസ്ഥയിൽ‍ ഉണ്ടാകുന്ന മാറ്റങ്ങൾ
Close