Read Time:19 Minute

നമുക്ക് ചാൾസ് ഡാർവിനിൽ നിന്ന് തുടങ്ങാം. ഒറിജിൻ ഓഫ് സ്പീഷീസിന്റെ ആമുഖത്തിൽ ആ പുസ്തകം തിരക്കിട്ട് പ്രസിദ്ധീകരിക്കാനുള്ള തീരുമാനത്തിന് പിന്നിലെ കാരണം അദ്ദേഹം ഇങ്ങനെ വിവരിക്കുന്നു:

“എന്റെ ജോലി ഏതാണ്ട് പൂർത്തിയായി (1859). എന്നാൽ ഇത് പരിപൂർണ്ണമാക്കാൻ ഇനിയും ഏറെ വർഷങ്ങൾ വേണ്ടിവരുമെന്നതിനാലും എന്റെ ആരോഗ്യസ്ഥിതി മോശമായതിനാലും ഈ സംക്ഷിപ്ത രൂപം ഉടൻ തന്നെ പ്രസിദ്ധീകരിക്കുവാൻ നിർബന്ധിതനായിരിക്കയാണ്. ഈ തിരക്കിന് മറ്റൊരു കാരണവുമുണ്ട്. മലയ ദ്വീപസമൂഹങ്ങളിലെ ജൈവവൈവിധ്യത്തെ പറ്റി പഠനം നടത്തുന്ന മിസ്റ്റർ വാലസും (Wallace) സ്പീഷീസുകളുടെ ഉല്പത്തിയെ കുറിച്ച് ഞാൻ നടത്തിയ   നിഗമനങ്ങളിൽ തന്നെ എത്തിയതായി അറിയാൻ കഴിഞ്ഞു. 1858 ൽ ഇതു സംബന്ധിച്ച വിശദമായ ഒരു ലേഖനം  അദ്ദേഹം എനിക്ക് അയച്ചു തന്നു. ഒപ്പം  അത് ചാൾസ് ലൈലിന് അയച്ചുകൊടുക്കണമെന്ന ഒരു അഭ്യർത്ഥനയും.  ലൈൽ അത് ലിനയൻ സൊസൈറ്റിക്ക് അയച്ചുകൊടുക്കുകയും അവരത് സൊസൈറ്റിയുടെ ജേണലിന്റെ മൂന്നാമത്തെ ലക്കത്തിൽ പ്രസിദ്ധീകരിക്കുകയും ചെയ്തു. എന്റെ ഗവേഷണങ്ങളെ കുറിച്ച് അടുത്ത അറിവുള്ള സർ സി. ലൈലും ഡോക്ടർ ഹുക്കറും- 1844 ൽ ഞാനെഴുതിയ കുറിപ്പ് ഡോക്ടർ ഹുക്കർ വായിച്ചിട്ടുണ്ട്- എന്റെ പുസ്തകത്തിലെ ചില ഭാഗങ്ങൾ വാലസിന്റെ ഗംഭീര ലേഖനത്തോടൊപ്പം പ്രസിദ്ധീകരിക്കുന്നത് നല്ലതായിരിക്കുമെന്ന് ഉപദേശിച്ചു”.

ആൽഫ്രെഡ് റസ്സൽ വാലസ് എന്ന ബഹുമുഖ പ്രതിഭയുടെ പ്രശസ്തിയുടെ തുടക്കമായിരുന്നു മേൽപറഞ്ഞ ലേഖനത്തിന്റെ പ്രസിദ്ധീകരണം (Darwin, C. R. and A. R. Wallace. 1858. On the tendency of species to form varieties; and on the perpetuation of varieties and species by natural means of selection. Journal of the Proceedings of the Linnean Society of London. Zoology 3 (20 August): 45-50). ഒപ്പം തന്നെ അദ്ദേഹത്തിന്റെ പേര് ചാൾസ് ഡാർവിൻ  എന്ന മഹാ ശാസ്ത്രജ്ഞന്റെ പേരിനൊപ്പം ചേർക്കപ്പെടുകയും ചെയ്തു . അദ്ദേഹത്തിന്റെ പ്രശസ്തി ഡാർവിന്റെ നിഴലാൽ മറയ്ക്കപ്പെട്ടു എന്ന് പരിതപ്പിക്കുന്നവരുമുണ്ട്. സത്യത്തിൽ രണ്ട് മാന്യന്മാരുടെ സംഗമമായിരുന്നു അത് . വേണമെങ്കിൽ ഡാർവിന് വാലസിന്റെ ലേഖനം ലൈലിന് അയക്കാതിരിക്കാമായിരുന്നു. അതുപോലെ വാലസിന് ഡാർവിനുമേൽ മോഷണക്കുറ്റം ആരോപിക്കാമായിരുന്നു. രണ്ടും സംഭവിക്കാതിരിക്കാനുള്ള പ്രധാന കാരണം അവരുടെ മാന്യത തന്നെയാണെന്ന് പറയാം.

വാലസിന്റെ പ്രതിഭ പ്രകൃതിനിർദ്ധാരണസിദ്ധാന്തത്തിൽ മാത്രം ഒതുങ്ങുന്നതായിരുന്നില്ല. ശാസ്ത്രത്തിന് പുറമേ  സാമൂഹ്യശാസ്ത്രം, രാഷ്ട്രതന്ത്രം, ധനതത്വശാസ്ത്രം, ആത്മീയവാദം തുടങ്ങി തികച്ചും വ്യത്യസ്തമായ മേഖലകളിൽ  അദ്ദേഹം തന്റെ  കൈയൊപ്പ് പതിപ്പിച്ചിട്ടുണ്ട്. ആ പ്രതിഭയുടെ ബഹുമുഖത അറിയുവാൻ ഒൻപത് ദശാബ്ദങ്ങൾ നീണ്ടുനിന്ന ആ ധന്യജീവിതത്തിലേക്ക് ഒരു എത്തിനോട്ടം നടത്തേണ്ടിവരും.

ജനനവും വിദ്യാഭ്യാസവും

ഇംഗ്ലണ്ടിലെ  ഉസ്കിൽ (Usk, Gwent) 1823 ജനുവരി 8 ന് ഒരു ഇടത്തരം കുടുംബത്തിലാണ് ആൽഫ്രെഡ് ജനിച്ചത്. തോമസ് വാലസിന്റെയും മേരി ഗ്രീനലിന്റെയും എട്ടാമത്തെ സന്തതി. നാല് ആൺകുട്ടികളിൽ മൂന്നാമൻ. ആദ്യമായും അവസാനമായും പഠിച്ചത് ഹെർട്ട്ഫോർഡിലെ (Hertford) ഗ്രാമർ സ്കൂളിൽ. സാമ്പത്തിക പ്രതിസന്ധി കാരണം 1836 ൽ പഠനം നിർത്തേണ്ടിവന്നു. അതായിരുന്നു ആകെ ലഭിച്ച ഔപചാരിക വിദ്യാഭ്യാസം. പഠനം നിർത്തിയ ശേഷം താമസം ലണ്ടനിലുള്ള മൂത്ത സഹോദരൻ ജോണിന്റെ കൂടെയും അതിനു ശേഷം 1837 ൽ ബെഡ്ഫോർഡ്ഷയറിലെ (Bedfordshire) ഏറ്റവും മൂത്ത സഹോദരനായ വില്യമിന്റെ കൂടെയുമായി. സർവേകൾ നടത്തുന്ന സ്ഥാപനമുണ്ടായിരുന്നു വില്യമിന്. അവിടെവെച്ച് വാലസ് പല ജോലികളിലും വൈദഗ്ദ്ധ്യം നേടി. സർവേ ജോലികൾക്കായി പല സ്ഥലത്തും പോകേണ്ടതുണ്ടായിരുന്നു. ആ യാത്രകൾക്കിടയിലാണ് വാലസിന് പ്രകൃതിപഠനത്തിൽ (Natural History) കമ്പമുണ്ടായിത്തുടങ്ങിയത്. 1843 ൽ വാലസ് സഹോദരന്റെ സ്ഥാപനത്തിൽ നിന്നും വേർപിരിഞ്ഞു. പിന്നീട് സ്വതന്ത്രമായ ജോലിക്ക് ശ്രമമാരംഭിച്ചു. ഒടുവിൽ ലൈസസ്റ്ററിലെ കോളേജിയേറ്റ് സ്കൂളിൽ താൽക്കാലിക അധ്യാപകനായി. സർവേ, ഡ്രാഫ്റ്റിങ്, ഇംഗ്ലീഷ്, കണക്ക് എന്നിവയാണ് അവിടെ പഠിപ്പിച്ചത്. അവിടെ നല്ലൊരു ലൈബ്രറിയുണ്ടായിരുന്നു. പ്രകൃതിപഠനവും വർഗ്ഗീകരണവുമായി (Systematics) ബന്ധപ്പെട്ട ധാരാളം പുസ്തകങ്ങളുണ്ടായിരുന്നു ലൈബ്രറിയിൽ. വാലസ് ആ പുസ്തകങ്ങൾ ഒന്നൊന്നായി ഹൃദിസ്ഥമാക്കി. 1844 ൽ അദ്ദേഹം ഹെൻറി വാൾട്ടർ ബേറ്റ്സ് (Henry Walter Bates) എന്ന അമേച്വർ പ്രകൃതി ശാസ്ത്രജ്ഞനുമായി ചങ്ങാത്തത്തിലായി. ബേറ്റ്സ് പിൽക്കാലത്ത് പ്രശസ്തനായ കീടശാസ്ത്രജ്ഞനായി മാറി. ആ ചങ്ങാത്തം വാലസിന്റെ ജീവിതത്തിലെ വലിയൊരു വഴിത്തിരിവായി.  1848 ഏപ്രിൽ 25 ന് രണ്ടുപേരും ആമസോൺ തീരത്തുള്ള പാറ (Para) യിലേക്ക് യാത്ര പുറപ്പെട്ടു. നാല് വർഷം നീണ്ടുനിന്ന പര്യവേഷണത്തിന്റെ ആരംഭമായിരുന്നു അത്.

വാലസിന്റെ ശേഖരത്തിൽ നിന്നും – 1863-ൽ സൗത്ത് വെസ്റ്റ് പപ്പുവയിൽ നിന്നുള്ള golden myna (Mino anais)യുടെ സ്പെസിമൻ കടപ്പാട് : Lesson, 1839 – Naturalis Biodiversity Center

ആമസോൺ പര്യവേഷണം 

ആദ്യത്തെ രണ്ടുവർഷം രണ്ടുപേരും ഒന്നിച്ചാണ് പഠനം നടത്തിയതെങ്കിലും 1850ൽ അവർ വഴിപിരിഞ്ഞു. സസ്യങ്ങളുടെയും ജന്തുക്കളുടേയും വിപുലമായ ശേഖരണത്തിന് പുറമേ  വാലസിന്റെ ആമസോൺ പര്യവേഷണത്തിന് മറ്റൊരു ലക്ഷ്യം കൂടിയുണ്ടായിരുന്നു. 1840 കളിൽ വായിച്ച രണ്ട് പുസ്തകങ്ങൾ അദ്ദേഹത്തെ ഏറെ സ്വാധീനിച്ചിരുന്നു. ചാൾസ് ലൈലിന്റെയും (Principles of Geology) റോബെർട്ട് ചേംബേർസിന്റെയും (Vestiges of the Natural History of Creation) പുസ്തകങ്ങൾ. ഈ പുസ്തകങ്ങൾ അദ്ദേഹത്തെ ജൈവപരിണാമ സിദ്ധാന്തങ്ങളിൽ ആകൃഷ്ടനാക്കുകയും സൃഷ്ടിവാദത്തിനും (creationism) ലാമാർക്കിസത്തിനുമെതിരെ പഠനം നടത്താൻ  പ്രേരിപ്പിക്കുകയും ചെയ്തു. തന്റെ പഠനങ്ങളിലൂടെ ജൈവപരിണാമം എങ്ങനെ നടക്കുന്നുവെന്ന് തെളിയിക്കാൻ  തനിക്ക് സാധിക്കുമെന്ന ഒരു വിശ്വാസം അദ്ദേഹത്തിനുണ്ടായിരുന്നു. അതിലേക്കുള്ള ഒട്ടേറെ തെളിവുകൾ  ലഭിച്ചുവെങ്കിലും തൃപ്തികരമായ ഒരു നിഗമനത്തിലെത്താൻ ആമസോൺ പഠനങ്ങൾ സഹായകമായില്ല. ഇംഗ്ലണ്ടിലേക്കുള്ള മടക്കയാത്രയിൽ കപ്പലിന് തീപിടിക്കുകയും ശേഖരിച്ച ഭൂരിപക്ഷം ജീവികളും നഷ്ടപ്പെടുകയും ചെയ്തു. പത്തുദിവസം രണ്ട്  ലൈഫ്ബോയികളിൽ അള്ളിപ്പിടിച്ചുകിടന്ന വാലസിനെയും സഹയാത്രികരെയും ഒരു ചരക്കുകപ്പൽ രക്ഷപ്പെടുത്തി. ജീർണ്ണാവസ്ഥയിലുള്ള ആ കപ്പൽ കൊടുങ്കാറ്റിൽ ആടിയുലഞ്ഞ് എങ്ങനെയോ കരപറ്റി. അങ്ങനെ എൺപത് ദിവസത്തെ സാഹസികമായ കടൽ യാത്രയ്ക്ക് ശേഷം 1851 ഒക്ടോബർ ഒന്നാം തീയതി ഇംഗ്ലണ്ടിൽ തിരിച്ചെത്തി. അടുത്ത പര്യവേഷണയാത്ര മലയ ദ്വീപസമൂഹത്തിലേക്കായിരുന്നു.

മലയ ദ്വീപസമൂഹത്തിൽ

1854 ഏപ്രിൽ 20ന് വാലസ് സിംഗപ്പൂരിലെത്തി. എട്ട് വർഷം നീണ്ടുനിന്ന മലയൻ പര്യടനത്തിനടയ്ക്ക് അദ്ദേഹം 14000 മൈലുകൾ സഞ്ചരിച്ചുവത്രെ. മലയൻ ദ്വീപസമൂഹത്തിലുള്ള എല്ലാ പ്രധാന ദ്വീപുകളും സന്ദർശിച്ചു. 125,660 ജീവികളെ ശേഖരിച്ചു. അവയിൽ ആയിരത്തിലധികം പുതിയ സ്പീഷീസുകളുണ്ടായിരുന്നു. ഈ തിരക്കിനിടയിലും പരിണാമചിന്തകൾ കെട്ടുപോയിരുന്നില്ല. 1855 ൽ അതുമായി ബന്ധപ്പെട്ട ഒരു ലേഖനമെഴുതി (On the Law Which Has Regulated the Introduction of New Species). അത് ലൈലിന് അയച്ചു കൊടുക്കുകയും അദ്ദേഹമത് ഡാർവിന്റെ ശ്രദ്ധയിൽ പെടുത്തുകയും ചെയ്തു. എന്നാൽ ഡാർവിൻ യാതൊരു താല്പര്യവും പ്രകടിപ്പിച്ചില്ല. 1856 മുതൽ വാലസ് ഡാർവിനുമായി എഴുത്തുകുത്തുകൾ നടത്തിയിരുന്നു. അതിന്റെ തുടർച്ചയായിരുന്നു തുടക്കത്തിൽ സൂചിപ്പിച്ച 1858 ലെ ലേഖനം. ആ ലേഖനത്തിന്റെ ഏറ്റവും വലിയ പരിണതഫലമായി ചൂണ്ടിക്കാട്ടപ്പെടുന്നത് ഒറിജിൻ ഓഫ് സ്പീഷീസിന്റെ പ്രസിദ്ധീകരണമാണ്. ഭാര്യയും സുഹൃത്തുക്കളും നിർബന്ധിച്ചിട്ടും ഡാർവിൻ അതിന്റെ പ്രസിദ്ധീകരണം നീട്ടി നീട്ടി വയ്ക്കുകയായിരുന്നു. വാലസിന്റെ ലേഖനം അദ്ദേഹത്തെ ശരിക്കും ഞെട്ടിച്ചുകളഞ്ഞു. തന്റെ രണ്ടു പതിറ്റാണ്ട് നീണ്ടുനിന്ന കഠിനാധ്വാനം വൃഥാവിലാകുമെന്ന് അദ്ദേഹം ഭയപ്പെട്ടു. അങ്ങനെയാണ് തിടുക്കത്തിൽ, അദ്ദേഹത്തിന്റെ തന്നെ ഭാഷയിൽ പൂർണ്ണമാകാത്ത, ആ പുസ്തകം പ്രസിദ്ധീകരിക്കുന്നത്.

മലായ് ദ്വീപസമൂഹത്തിൽ നിന്നുള്ള ജോലിക്കാരൻ വാലസിന് കൈമാറിയ പറക്കുന്ന തവള -ചിത്രീകരണം.

വാലസ് രേഖ (Wallace line)

വാലസിന്റെ മലയൻ ജീവിതം 1862 വരെ നീണ്ടു. ഒരു പക്ഷേ മലയൻ പഠനത്തിന്റെ ഏറ്റവും വലിയ സംഭാവന വാലസ് രേഖയായിരിക്കും. വാലസ് രേഖ ഒരു സാങ്കല്പിക രേഖയാണ്. ദക്ഷിണ പൂർവേഷ്യയിലെ ജന്തുക്കളെ ആസ്ത്രേലിയയിലെയും പാപ്പുവ ന്യൂ ഗിനിയയിലെയും ജന്തുക്കളുമായി വേർതിരിക്കുന്ന രേഖ. 1859 ലാണ് വാലസ് ഈ രേഖ വരയ്ക്കുന്നത്. പേര് കൊടുത്തത് ടി. എച്ച്. ഹക്സിലിയും.

മലയയ്ക്ക് ശേഷം

1862 ഏപ്രിൽ ഒന്നിന് വാലസ് ഇംഗ്ലണ്ടിൽ തിരിച്ചെത്തി. മലയയിലെ ശേഖരണപ്രവർത്തനങ്ങൾ വഴി അദ്ദേഹം മോശമല്ലാത്ത സമ്പാദ്യം ഉണ്ടാക്കിയിരുന്നു. ശിഷ്ടകാലം ആ പണം  കൊണ്ട് സുഖമായി ജീവിക്കാമെന്നായിരുന്നു അദ്ദേഹം വിചാരിച്ചത്. എന്നാൽ കാര്യങ്ങൾ  ആസൂത്രണം ചെയ്ത രീതിയിലൊന്നും നടന്നില്ല. പല ജോലികളും മാറി മാറി ചെയ്തു നോക്കി. എന്നാൽ ഒരു സ്ഥിരം ജോലി നേടുന്നതിൽ  അദ്ദേഹം പരാജയപ്പെട്ടു. ഒടുവിൽ ചിലവുകുറയ്ക്കാൻ താമസം ലണ്ടനിൽ നിന്നു മാറ്റി. ഡാർവിന്റെ ഇടപെടലിലൂടെ 1881 ൽ സർക്കാരിൽ നിന്നും മാസം തോറും ഇരുനൂറ് പൌണ്ട് പെൻഷനായി ലഭിച്ചു തുടങ്ങി. എന്നാൽ അതും ജീവിക്കാൻ മതിയാകുമായിരുന്നില്ല.

The Malay Archipelago: The Land of the Orang-Utan, and the Bird of Paradise. A Narrative of Travel, with Studies of Man and Nature എന്ന വാലസിന്റെ പുസ്തകത്തിൽ നിന്നും

ആത്മീയതയിലേക്ക്

ഡാർവിനിസത്തോട് പൊതുവായ യോജിപ്പുണ്ടായിരുന്നെങ്കിലും മനുഷ്യപരിണാമത്തിന്റെ കാര്യത്തിൽ വാലസിന് വ്യത്യസ്തമായ അഭിപ്രായമുണ്ടായിരുന്നു. മനുഷ്യന്റെ ഉന്നതമായ ബൌദ്ധികത വെറും ജൈവപരിണാമത്തിലൂടെ ലഭിക്കില്ലെന്ന് അദ്ദേഹം വിശ്വസിച്ചു. അതിന് ആത്മീയമായ ഒരു തലമുണ്ടെന്നും.

സാമൂഹ്യപ്രവർത്തനം

വളരെ ചെറുപ്പത്തിൽ തന്നെ വാലസ് റോബെർട്ട് ഓവന്റെ (Robert Owen) ഉട്ടോപ്പിയൻ സോഷ്യലിസത്തിൽ ആകൃഷ്ടനായിരുന്നു. അതുകൊണ്ട് തന്നെ അദ്ദേഹം പലപ്പോഴും ഭരണകൂടവുമായി കലഹിച്ചു. സോഷ്യലിസത്തോട് അദ്ദേഹത്തിന്  പ്രത്യേക താൽപ്പര്യമുണ്ടായിരുന്നു. സോഷ്യലിസം വഴി ജനങ്ങളുടെ പ്രാഥമികാവശ്യങ്ങൾ പ്രയാസമില്ലാതെ നടക്കുമെന്നും തദ്വാരാ അവർക്ക് മറ്റു കാര്യങ്ങളിൽ  കൂടുതൽ ശ്രദ്ധ പുലർത്താൻ  കഴിയുമെന്നും അദ്ദേഹം വിശ്വസിച്ചു.

ശാസ്ത്രേതര പ്രവർത്തനങ്ങൾ

ഒട്ടേറെ ശാസ്ത്രേതര പ്രവർത്തനങ്ങൾ വാലസ് നടത്തിയിട്ടുണ്ട്. എല്ലാം വിശദമായി വിവരിക്കാൻ സ്ഥലപരിമിതി അനുവദിക്കുന്നില്ല. ചില ഉദാഹരണങ്ങൾ പറയാം. ഭൂനിയമങ്ങളെ കുറിച്ച് അദ്ദേഹത്തിന് പ്രത്യേക താൽപ്പര്യമുണ്ടായിരുന്നു. രാജ്യത്തെ ഭൂമി മുഴുവനും സർക്കാരിന്റെ കൈവശമാകണമെന്നും പൌരന്മാർക്ക് അത് വാടകയ്ക്ക് കൊടുക്കണമെന്നുമായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. അതേ കുറിച്ച് അദ്ദേഹം ഒരു പുസ്തകം എഴുതിയിട്ടുണ്ട് (How to Nationalize the Land). 1880 കളിൽ അദ്ദേഹം വാക്സിൻ വിരുദ്ധ പ്രസ്ഥാനത്തിലെ മൂന്നണിപ്പടയാളിയായിരുന്നു(!). അതേപോലെ പലപ്പോഴും തൊഴിലാളി പ്രശ്നങ്ങളിൽ സജീവമായി ഇടപെട്ടു. ചർച്ച് ഓഫ് ഇംഗ്ലണ്ടിനെ കുറിച്ച് അദ്ദേഹത്തിന്റെ ഒരു പഠനമുണ്ട്. രാഷ്ട്രീയം, ഗണിതം, മ്യൂസിയം നടത്തിപ്പ് തുടങ്ങി വൈവിധ്യമാർന്ന ഒട്ടേറെ വിഷയങ്ങളിൽ അദ്ദേഹത്തിന്റെ രചനകളുണ്ട്. അതുകൊണ്ടു തന്നെയാണ് അദ്ദേഹം ബഹുമുഖ പ്രതിഭ  എന്നറിയപ്പെടുന്നത്.

അന്ത്യം

1913 നവംബർ ഏഴാം തീയതി ബ്രോഡ്സ്റ്റോണിൽ ഉറക്കത്തിലായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. മരണം വരെ സജീവമായ ജീവിതമാണ് അദ്ദേഹം നയിച്ചത്. വാലസിന്റെ അവസാനത്തെ  രണ്ടു പുസ്തകങ്ങൾ പ്രസിദ്ധീകരിക്കപ്പെട്ടത് 1913 ലായിരുന്നു! ചിലരെങ്കിലും ആശങ്കപ്പെട്ടതുപോലെ ഡാർവിന്റെ നിഴലിൽ ജീവിച്ച ആളായിരുന്നില്ല വാലസ്; മറിച്ച് പ്രാഗത്ഭ്യത്തിന്റെ വെള്ളിവെളിച്ചത്തിൽ തന്നെയായിരുന്നു ആ ജീവിതം.


അധിക വായനയ്ക്ക്
  1. Darwin, C.R. (1876). The Origin of Species by means of Natural Selection. Sixth Edition. Cambridge University Press.
  2. Smith C.H. (2004). Alfred Russel Wallace: A Capsule biography. Southern Lepidopterists News. 26 (2): 46-57.
  3. Shermer M (2002). In Darwin’s shadow: The life and science of Alfred Russel Wallace. Oxford University Press.

വായിക്കാം
Happy
Happy
50 %
Sad
Sad
0 %
Excited
Excited
10 %
Sleepy
Sleepy
10 %
Angry
Angry
0 %
Surprise
Surprise
30 %

3 thoughts on “ആൽഫ്രെഡ് റസ്സൽ വാലസ് എന്ന ബഹുമുഖ പ്രതിഭ

Leave a Reply

Previous post ഹാപ്പി ബെർത്ത്സോൾ പേഴ്സിവിയറൻസ്
Next post വിദ്യാഭ്യാസ പരിവർത്തനത്തിന് ഒരാമുഖം
Close