Read Time:14 Minute

ലോകത്തിൽ ഏറ്റവുമധികം അനീമിയയും പോഷകാഹാരക്കുറവും ഉള്ള രാജ്യമാണ്` ഇന്ത്യ. ഗർഭിണികളിൽ 50 ശതമാനവും 5 വയസ്സിനു താഴെയുള്ള കുട്ടികളിൽ 53% ശതമാനവും വിളർച്ചയുള്ളവരാണ്. ആഫ്രിക്കയിലെ അതിദരിദ്ര രാജ്യങ്ങളിൽ ചിലതു മാത്രമേ നമ്മളേക്കാൾ മോശമായ സ്ഥിതിയിലുള്ളൂ. 2015-16 ലെ NFHS-4 പഠനത്തെ അപേക്ഷിച്ച് 2019-21 ലെ NFHS-5 പഠനത്തിൽ അനീമിയ നിരക്ക് കൂടുകയാണ് ചെയ്തിട്ടുള്ളത്. ഭാവിതലമുറയുടെ വളർച്ചയെ പറ്റി തന്നെ ആശങ്ക ജനിപ്പിക്കുന്ന ഈ സ്ഥിതിവിശേഷം നേരിടാൻ ഏറ്റവും നല്ല മാർഗ്ഗം എല്ലാ ജനങ്ങൾക്കും പോഷകമൂല്യവും വൈവിധ്യവുമുള്ള ഭക്ഷണം ലഭിക്കും വിധം അവരുടെ വരുമാനം വർദ്ധിപ്പിക്കുകയാണെന്ന കാര്യത്തിൽ സംശയമില്ല. പക്ഷെ, ഇന്ന് ഇന്ത്യയിലെ പല ദരിദ്ര ജനവിഭാഗങ്ങൾക്കും അതു ലഭിക്കാനായുള്ള സംവിധാനങ്ങളോ അതിനായുള്ള ഒരുക്കങ്ങൾ പോലുമോ കാണാനില്ല. അവരുടെ കുട്ടികൾ വിളർച്ചയും മുരടിപ്പുമായി വളരുന്നു. 

‘അരി ഫോർട്ടിഫിക്കേഷൻ’ പദ്ധതി’

വിളർച്ചയുടെ തോത് കുറയ്ക്കാനുള്ള അടിയന്തിര പരിഹാരമായി ഇന്ത്യൻ സർക്കാർ കണ്ടിട്ടുള്ളത് പൊതുവിതരണ സംവിധാനം, ഐ.സി.ഡി.എസ്, സ്കൂളുകളിലെ ഉച്ചഭക്ഷണ പരിപാടി എന്നിവയിൽ നൽകുന്ന അരിയിൽ ഇരുമ്പും മറ്റു ചില വിറ്റാമിൻ, ധാതുക്കൾ എന്നിവയും ചേർത്ത് നൽകുക എന്നതാണ്. 2700 കോടി രൂപ ഈ ‘അരി ഫോർട്ടിഫിക്കേഷൻ’ പദ്ധതി’ (Rice Fortification scheme) നടപ്പാക്കാനായി നീക്കി വെച്ചിരിക്കുന്നു. ആദ്യം 115 ജില്ലകളിൽ തുടങ്ങി 2024 ആവുമ്പോഴേക്ക് ഇന്ത്യ മുഴുവൻ വ്യാപിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.

ഈ പരിപാടിക്കെതിരെ വിയോജിപ്പുകളും പ്രതിഷേധങ്ങളും ഉയർത്തപ്പെട്ടിട്ടുണ്ട്. ഫോർട്ടിഫിക്കേഷൻ പോലുള്ള സാങ്കേതിക തട്ടിക്കൂട്ടുകളല്ല വേണ്ടത്, എല്ലാവർക്കും പോഷകമൂല്യവും വൈവിധ്യവുമുള്ള ഭക്ഷണം ലഭ്യമാക്കുകയാണെന്ന പൊതു അഭിപ്രായമാണ് ഇതിലൊന്ന്. കൂടാതെ, ചില രോഗങ്ങൾ ഉള്ളവരെ ഇത് പ്രതികൂലമായി ബാധിക്കാമെന്ന അഭിപ്രായവുമുണ്ട്. പ്രത്യേകിച്ചും താലസീമിയ, സിക്കിൾ സെൽ അനീമിയ പോലുള്ള രോഗമുള്ളവരിൽ ഇരുമ്പിൻ്റെ അംശം സ്വതവേ കൂടുതലാണെന്നും അവർക്ക് കൂടുതൽ ഇരുമ്പ് നൽകുന്നത് അപകടകരമാണെന്നും ചൂണ്ടിക്കാണിക്കുന്നവരുണ്ട്.

കേരളത്തിൽ, വയനാട് ജില്ലയാണ് ആദ്യ ഘട്ടത്തിൽ പരിപാടി നടത്താനായി തെരഞ്ഞെടുത്തിട്ടുള്ളത്.

വയനാട് ജില്ലയിൽ മിക്ക ആദിവാസി സമൂഹങ്ങളിലും വയനാടൻ ചെട്ടി എന്ന വിഭാഗത്തിലും സിക്കിൾ സെൽ അനീമിയ കണ്ടു വരുന്നു. ആകെ ആയിരത്തി ഇരുനൂറോളം സിക്കിൾ സെൽ അനീമിയ രോഗികളുണ്ടെന്നാണ് കണക്ക്. താലസീമിയ ഈ വിഭാഗങ്ങളിൽ ഒരു പ്രശ്നമല്ല. സിക്കിൾ സെൽ അനീമിയ രോഗികൾ ഇത്രയേറെ ഉള്ളതടക്കം പല കാരണങ്ങളാൽ ഈ പരിപാടി വയനാട്ടിൽ നടത്തരുത് എന്ന് പറഞ്ഞ് പരിസ്ഥിതി – കർഷക – ആദിവാസി – സാമൂഹ്യ നേതാക്കൾ എന്ന് സ്വയം വിശേഷിപ്പിക്കുന്ന ഒരു കൂട്ടർ രംഗത്തെത്തിയിട്ടുണ്ട്.

വയനാട് ജില്ലയിൽ എന്തു നിലപാടാണ് ആരോഗ്യപ്രവർത്തകർ എടുക്കേണ്ടത്?

വിഷമം പിടിച്ച ചോദ്യമാണിത്. തീർച്ചയായും ഇതല്ല മാതൃകാപരമായ പരിഹാര രീതി എന്ന് നമുക്ക് പറയാം. എന്നാൽ, ഒരു വിഭാഗത്തിന് ഉണ്ടായേക്കാമെന്ന് പറയുന്ന ഭവിഷ്യത്തുകൾ ചൂണ്ടിക്കാട്ടി അതിൽ നിന്ന് ആദിവാസികളടക്കമുള്ള പാവപ്പെട്ട കുട്ടികൾക്കും അമ്മമാർക്കും കിട്ടാൻ സാധ്യതയുള്ള ഗുണങ്ങൾ തടയുന്നത് ശരിയാണോ?

കേരളത്തിൽ NFHS-5 സർവേ പ്രകാരം 39.4% പേർക്ക് അനീമിയയുണ്ട്. ഇത് ഇന്ത്യയിൽ ഏറ്റവും കുറവാണെങ്കിലും അന്താരാഷ്ട്ര നിലവാരം പ്രകാരം അത്ര കുറവല്ല. ആദിവാസി സമൂഹങ്ങളിൽ ഇതിനേക്കാൾ വളരെയധികമാണ് വിളർച്ചാ തോത്. ആദിവാസികളുടെ ഇടയിൽ പാലക്കാട് ജില്ലയിൽ 2012ലെ ഒരു പഠനത്തിൽ 78% സ്ത്രീകൾക്കും കാസർഗോഡ് ജില്ലയിൽ 2019ലെ പഠനത്തിൽ 89% സ്ത്രീകൾക്കും വിളർച്ചയുണ്ടായിരുന്നു. വയനാട്ടിലെ മാതൃമരണങ്ങളെ പറ്റി നടത്തിയ ഒരു പഠനത്തിൽ കണ്ടത് 64% മാതൃമരണങ്ങളും ജനസംഖ്യയുടെ 18.5% മാത്രം വരുന്ന ആദിവാസികളിലായിരുന്നു എന്നാണ്. ഈ മരണങ്ങളുടെ ഒരു പ്രധാന അനുബന്ധ കാരണം അനീമിയയാണ്.

ഇന്ത്യയിലെ സിക്കിൾ സെൽ അനീമിയ രോഗികളിൽ വലിയൊരു ശതമാനത്തിന് ഇരുമ്പിന്റെ കുറവ് കൂടിയുണ്ടെന്ന് പഠനങ്ങൾ കാണിക്കുന്നുണ്ട്. 2009ലെ ഒരു പഠനപ്രകാരം ഇത് 67% ആയിരുന്നു. കേരളത്തിലും വളരെ വ്യത്യസ്ഥമായിരിക്കില്ല സ്ഥിതി. ഇതു മാത്രമല്ല സിക്കിൾ സെൽ അനീമിയയും താലസീമിയയും തമ്മിലുള്ള വ്യത്യാസം. ഇരുമ്പ് ശരീരത്തിൽ കുമിഞ്ഞു കൂടുന്നതിന്റെ പ്രധാന കാരണം അടിക്കടിയുള്ള രക്തം കയറ്റലാണ്. ഭക്ഷണത്തിലൂടെയുള്ള ഇരുമ്പ് ശരീരത്തിൽ അധികമായി നിക്ഷേപിക്കപ്പെടുന്നത് പ്രധാനമായും ഹിമോക്രൊമറ്റോസിസ് എന്ന ജനിതക തകരാറുള്ളവർക്കാണ്. താലസീമിയ രോഗികളിലും കുടലിൽ നിന്ന് ഇരുമ്പ് കൂടുതൽ ആഗിരണം ചെയ്യപ്പെടുന്നതായി കണ്ടിട്ടുണ്ട്. ഇത് സിക്കിൾ സെൽ രോഗികളിൽ കാണാറില്ല. മാത്രമല്ല, സിക്കിൾ രോഗികളിൽ ഇപ്പോൾ ഹൈഡ്രോക്സിയൂറിയ എന്ന മരുന്നുപയോഗിച്ചുള്ള ചികിത്സ വന്നതിനു ശേഷം സ്ഥിരമായ രക്തം കയറ്റൽ ചെയ്യാറില്ല. അപൂർവ്വമായി മൂർച്ഛിത രോഗം (ക്രൈസിസ് -Crisis) ഉള്ളവർക്ക് മാത്രമേ അതു വേണ്ടി വരാറുള്ളൂ. രക്തം കയറ്റുന്ന സിക്കിൾ സെൽ രോഗികളിൽ പോലും, ശരീരത്തിൽ ഇരുമ്പ് കൈകാര്യം ചെയ്യുന്ന രീതിയിലെ വ്യത്യസ്തതകൾ കാരണം താലസീമിയ രോഗികളെ അപേക്ഷിച്ച് ഇരുമ്പ് കുമിഞ്ഞു കൂടൽ കാരണമുള്ള അവയവ കേടുപാടുകൾ കുറവാണ്. മറിച്ച്, താലസീമിയ രോഗികൾക്ക് ഇപ്പോഴും സ്ഥിരമായ രക്തം കയറ്റൽ ചികിത്സയായി തുടരുന്നു. ഇരുമ്പ് നീക്കം ചെയ്യാനുള്ള കീലേഷൻ ചികിത്സ ഉണ്ടായിട്ടുപോലും ഹൃദയം പോലുള്ള അവയവങ്ങൾ കേടുവന്നുള്ള ആകാലമരണങ്ങൾ ഇപ്പോഴും സംഭവിക്കുന്നു. ഈ കാരണങ്ങളാൽ സ്ഥിരമായി രക്തം നൽകപ്പെടുന്ന താലസീമിയ രോഗികളെ പോലെ ഭക്ഷണത്തിലെ ഫോർട്ടിഫിക്കേഷൻ മൂലം സിക്കിൾ രോഗികളിൽ വലിയ പ്രശ്നമുണ്ടാവാൻ സാധ്യത കാണുന്നില്ല. പൊതുവിൽ ഇരുമ്പിന്റെ കുറവ് അനുഭവിക്കുന്ന ആദിവാസി സമൂഹത്തിന് സിക്കിൾ സെൽ അനീമിയയുടെ പേരിൽ ഫോർട്ടിഫൈഡ് അരി നിഷേധിക്കുന്നതിന് മതിയായ കാരണമുണ്ടെന്ന് തോന്നുന്നില്ല.

FSSAI യുടെ അച്ചടിപ്പിശക് !!

Food Safety and Standards Authority of India (FSSAI) എന്ന നിയന്ത്രണ ബോഡി സിക്കിൾ സെൽ അനീമിയ രോഗികൾക്ക് ഫോർട്ടിഫൈഡ് അരി കൊടുക്കരുതെന്ന് പറഞ്ഞു എന്നതാണ് ഒരു പ്രധാന വാദമായി ഉന്നയിക്കപ്പെടുന്നത്.

FSSAI യുടെ ഒരു രേഖയിൽ പറയുന്നത് ഇങ്ങനെയാണ്.

‘People with Thalassemia may take it under medical supervision, and persons with sickle cell anemia are advised not to consume iron-fortified food products.’ അതായത് താലസീമിയ രോഗികൾക്ക് മെഡിക്കൽ സുപ്പർവിഷനോടടെ കഴിക്കാമെന്നും, സിക്കിൾ സെൽ അനീമിയ രോഗികൾ കഴിച്ചു കൂടാ എന്നും.

ഇത് തീർച്ചയായും ഒരു അച്ചടിപ്പിശകാണ്. ഇവർക്ക് താലസീമിയയും സിക്കിൾ സെൽ അനീമിയയും തമ്മിൽ തമ്മിൽ മാറിപ്പോയിരിക്കുന്നു. അതിനാൽ FSSAI യുടെ നിർദേശം

‘People with sickle cell anemia may take it under medical supervision, and persons with Thalassemia are advised not to consume iron-fortified food products.’ എന്നാക്കി മാറ്റേണ്ടതാണ്. അതായത് “സിക്കിൾ സെൽ അനീമിയ രോഗികൾ മെഡിക്കൽ മേൽനോട്ടത്തിൽ കഴിക്കാവുന്നതാണ്. താലസീമിയ രോഗികൾ ഇരുമ്പ്-ചേർത്ത ഭക്ഷണ പദാർത്ഥങ്ങൾ ഒഴിവാക്കേണ്ടതാണ്” എന്ന് മാറ്റേണ്ടതാണ്.

അരി ഫോർട്ടിഫൈ ചെയ്യുന്നതു വഴി അനീമിയ സമൂഹത്തിൽ അനീമിയ എത്ര കണ്ട് പരിഹരിക്കപ്പെടാൻ സാധ്യതയുണ്ട് എന്ന് വിലയിരുത്തുന്ന പല പഠനങ്ങളുടെ അവലോകനം (Cochrane review) ചെറിയ മാറ്റങ്ങൾ മാത്രമേ പ്രതീക്ഷിക്കേണ്ടതുള്ളൂ എന്നാണ് കാണിക്കുന്നത്. പക്ഷെ, സമൂഹത്തിലെ രോഗങ്ങൾ വർദ്ധിക്കുമെന്ന കാരണം പറഞ്ഞ് ഇതിനെ എതിർക്കുന്നതിൽ ന്യായമുണ്ടെന്നു തോന്നുന്നില്ല. മേൽ വിവരിച്ചതു പോലെ സ്ഥിരമായി രക്തം കയറ്റുന്നവരിൽ ഒഴിച്ച് സിക്കിൾ സെൽ അനീമിയ രോഗികൾക്ക് ഇത് ഹാനികരമായിരിക്കില്ല. താലസീമിയ രോഗികൾക്ക് ഈ അരി കഴിക്കരുത് എന്ന് പ്രത്യേക നിർദേശം കൊടുക്കേണ്ടതാണ്. എന്നാൽ ഇത് വയനാട് ജില്ലയിൽ ഒരു ആരോഗ്യപ്രശ്നമല്ല.


അധികവായനയ്ക്ക്

  1. Rohisha IK, Jose TT, Chakrabarty J. Prevalence of anemia among tribal women. J Family Med Prim Care. 2019;8:145-147.
  2. Jithesh V, Sundari Ravindran TK,. Social and health system factors contributing to maternal deaths in a less developed district of Kerala, India,. Journal of Reproductive Health and Medicine, 2016;2:26-32
  3. Mohanty D, Mukherjee MB, Colah RB et al. Iron deficiency anaemia in sickle cell disorders in India. Indian J Med Res. 2008;127:366-9.
  4. Inati A, Khoriaty E, Musallam KM.. Iron in sickle-cell disease: What have we learned over the years? Pediatric Blood & Cancer, 2010;56:182–190.
  5. Walter P, B, Harmatz P, Vichinsky E: Iron Metabolism and Iron Chelation in Sickle Cell Disease. Acta Haematol 2009;122:174-183.
  6. National Family Health Survey (NFHS-5) 2019-21
  7. National Family Health Survey (NFHS-4) 2015-16
  8. Peña‐Rosas JP, Mithra P, Unnikrishnan B, Kumar N, De‐Regil LM, Nair NS, Garcia‐Casal MN, Solon JA. Fortification of rice with vitamins and minerals for addressing micronutrient malnutrition. Cochrane Database of Systematic Reviews 2019, Issue 10. Art. No.: CD009902.

സിക്കിള്‍ സെല്‍ അനീമിയയും മലേറിയയും – അവതരണം കാണാം

Happy
Happy
56 %
Sad
Sad
0 %
Excited
Excited
33 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
11 %

Leave a Reply

Previous post റോബർട്ടോ കാർലോസ് തൊടുത്തുവിട്ട ഫ്രീകിക്കും ഫിസിക്സും തമ്മിലെന്ത്..? 
Next post തമോദ്വാരങ്ങളുടെ സിംഫണിക്ക് കാതോർത്ത് ഇന്ത്യൻ പൾസാർ ടൈമിംഗ് അറേ
Close