Read Time:10 Minute

1997 ജൂൺ 3, ലോകകപ്പ് ഫുട്ബോളിന് മുന്നോടിയായുള്ള മത്സരം, ഫ്രാൻസും ബ്രസീലും തമ്മിൽ കൊമ്പുകോർക്കുന്നു… ഗോൾ 1-1. ചുറ്റും ആർപ്പുവിളിയുമായി ഫുട്ബോൾ ആരാധകർ.

ഇരുപത്തി ഒന്നാമത്തെ മിനിറ്റിൽ ബ്രസീലിന് വീണുകിട്ടിയ ഫ്രീകിക്ക് 24 കാരനായ റോബർട്ടോ കാർലോസ് (Roberto Carlos da Silva Rocha) 35 മീറ്റർ അകലെനിന്ന് തന്റെ ഇടങ്കാലുകൊണ്ട് തൊടുക്കുന്നു. ആ ഷോട്ട് എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് ഗോൾ പോസ്റ്റിലേക്ക് കുതിക്കുന്നു.

ഗോൾ ഗോൾ ഗോൾ …

വീഡിയോ കാണാം

ഫ്രാൻസിന്റെ വൻമതിലിനെയും ഗോൾ കീപ്പർ ഫബിയാൻ ബർത്തസ്സിനെയും ഭേദിച്ച് ആ ബോള്‍ എങ്ങനെ ഗോൾ പോസ്റ്റിൽ എത്തി എന്നത് ആർക്കും പിടികിട്ടിയില്ല.

ഫുട്ബോളിന്റെ ചരിത്രത്തിൽ റോബർട്ടോ കാർലോസിന് വലിയ അരാധകവൃന്ദത്തെ ഉണ്ടാക്കിയത് ആ ഗോൾ ആണ്. ആ ഫ്രീകിക്ക് കണ്ടവർക്ക് പെട്ടെന്ന് അന്ധാളിപ്പ് തോന്നുമെങ്കിലും ഫിസിക്സിന്റെ നിയമങ്ങൾക്കുള്ളിൽ നിന്നുകൊണ്ട് ആ ഗോളിനെ പൂർണ്ണമായും വിലയിരുത്താൻ കഴിയും.

ഫ്രാൻസിന്റെ ടീം തീർത്ത മതിലിന് വലതുഭാഗം വഴി തൊടുത്ത ബോൾ പിന്നീട് ഇടതുവശത്തുകൂടെ ചുറ്റിയശേഷം അവസാന സെക്കന്റുകളിൽ ദിശമാറി ഗോൾ പോസ്റ്റിലേക്ക് കറങ്ങിയടുക്കുകയാണ് ഉണ്ടായത് (ചിത്രം കാണുക). ഇതാണ് ബനാന കിക്ക് (Banana kick) എന്നപേരിൽ അറിയപ്പെടുന്നത്.

കടപ്പാട് : Dalton Cara, ESPN.com.br

ബനാന കിക്ക് ഫുഡ്ബോൾ പ്രേമികളൾക്ക് എന്നും വലിയ ആവേശമാണ്. നേന്ത്രവാഴയുടെ പഴത്തിന്റെ  ആകൃതിയുമായി ഈ ചലനപാതയെ വേഗത്തിൽ ബന്ധപ്പെടുത്താൽ കഴിയും, ആ ചലനം മുന്നോട്ടേക്ക് തുടർന്നാൽ എന്തായിരിക്കും ആകൃതി രൂപപ്പെടുക?,   സർപ്പിളാകൃതി (Spiral) കൈവരിക്കാൻ കഴിയും.  ബനാന കിക്കിനെ കേന്ദ്രീകരിച്ച് പിന്നീട് പഠനങ്ങൾ നടന്നു.

റോബർട്ടോ കാർലോസിന്റെ ശക്തിയും, ബോളിൽ ബൂട്ട് തട്ടിയ സ്പർശന ബിന്ദുവിന്റെ പ്രത്യേകതയും കേന്ദ്രീകരിച്ച് മാത്രമായിരുന്നു ആദ്യം ചർച്ചകൾ നടന്നത്.

ഫുട്ബോളർ ബോൾ ചവിട്ടുമ്പോൾ കിട്ടുന്ന ബലത്തിന് പുറമെ ഒരു കറക്കവും (spin) കൂടെ ബോളിന് കിട്ടിയാൽ എങ്ങനെയിരിക്കും?. അപ്പോൾ ബോൾ ചലിക്കുന്ന ദിശയിൽ നിന്ന് വളയുന്നു. മാഗ്നസ് ഇഫക്ട്( Magnus effect) എന്നാണ് ഇതിനെ വിളിക്കുക. ആ കറക്കം ഉണ്ടാവാൻ കാരണം റോബർട്ടോ കാർലോസ് ബോളിന്റെ ഒരു പ്രത്യേക ബിന്ദുവിൽ ഒരു കിക്ക് കൊടുത്തതാണ്.

അപ്പോഴും ഒരു ചോദ്യം അവിടെ ബാക്കിയാവുന്നുണ്ട്, വായുവിലൂടെയുള്ള ബോളിന്റെ കറക്കം (spin) എങ്ങനെ ചലനദിശയെ വളക്കും?

ബോൾ വലത്തുനിന്ന് ഇടത്തേക്കാണ്  കറങ്ങുന്നതെന്ന് കരുതുക.  ഇടതുവശം കറങ്ങുന്നത് വായുവിന്റെ ചലനദിശയുടെ അതേ ദിശയിലും, ബോളിന്റെ വലതുവശം കറങ്ങുന്നത് വായുവിന്റെ ചലനദിശയുടെ വിപരീത ദിശയിലുമായിരിക്കും. ഇടതുവശത്ത് ബോളിന്റെ കറക്കവും വായുവിന്റെ ചലനവും ഒരേ ദിശയിൽ ആയതിനാൽ ആ ഭാഗത്തുള്ള വായുവിന് ബോളിനെ അപേക്ഷിച്ച് വേഗതകൂടും. അപ്പോൾ വലതുവശത്തോ ?

വായുവിന്റെ വേഗത ബോളിനെ അപേക്ഷിച്ച് കുറയും. ഇനിയാണ് ബർണോളിയുടെ സിദ്ധാന്തവുമായി ഇതിനെ ബന്ധപ്പെടുത്തേണ്ടത്. ആ സിദ്ധാന്തം പറയുന്നത് വേഗതയും മർദ്ദവും വിപരീതാനുപതാത്തിലാണെന്നാണ്. അതായത് വേഗത കൂടിയാൽ മർദ്ദം കുറയും.

എന്താണ് ബർണോലിയുടെ സിദ്ധാന്തം?

അത് മനസ്സിലാക്കാൻ ചെറിയൊരു പരീക്ഷണം ചെയ്തുനോക്കിയാൽ മതിയാവും. അടുത്തടുത്തായി നമ്മുടെ കൈയ്യിൽ പിടിച്ച, റിബ്ബൺ പോലെ മുറിച്ചെടുത്ത പേപ്പർ ചീന്തുകൾക്കിടയിലെ നമ്മൾ ഊതി നോക്കുക (ചിത്രം കാണുക). ഊതിയാൽ എന്തായിരിക്കും സംഭവിക്കുക? പേപ്പർ ചീന്തുകൾ പരസ്പരം അകന്നുപോവുമോ?, ഇല്ല.

ഊതുമ്പോൾ നമ്മളുടെ പ്രതീക്ഷയ്ക്ക് വിപരീതമായി പേപ്പർ ചീന്തുകൾ പരസ്പരം അടുത്ത് വരുന്നതായി കാണാം. നമ്മൾ ഊതുമ്പോൾ പേപ്പർ ചീന്തുകൾക്കിയിൽ വായുവിന്റെ വേഗത കൂടും, അപ്പോൾ വായു മർദ്ദം കുറയുകയും ചെയ്യും. ചുറ്റുപാടുമുള്ള വായുവിനെ അപേക്ഷിച്ച് വായു മർദ്ദം കുറഞ്ഞ ഇടത്തേക്ക് പേപ്പർ ചീന്തുകൾ വരുന്നതാണ് ഇതിന് കാരണം.  ഇത് ബർണോലിയുടെ സിദ്ധാന്തം (Bernoulli’s theory) വച്ച് പറയാൻ കഴിയുന്ന ഒരു ഉദാഹരണമാണ്.

ഈ സിദ്ധാന്തം തന്നെയാണ് സ്വയം കറങ്ങുന്ന ബോളിൽ പ്രവർത്തിക്കുന്നത്. വായുവിന്റെ വേഗത കുറഞ്ഞ വലതുവശത്ത് മർദ്ദം കൂടുകയും, വായുവിന്റെ വേഗത കൂടിയ ഇടതുവശത്ത് മർദ്ദം കുറയുകയും ചെയ്യുന്നതിനാൽ ബോളിന് വലത്തുനിന്ന് ഇടത്തോട്ട് ഒരു തള്ള് അനുഭവപ്പെടുന്നു. അങ്ങനെ ബോളിന്റെ ചലനദിശയെ ഇടത്തേക്ക് വളക്കുന്നു.

ഫുഡ്ബോൾ വെറുതെ കറങ്ങുക മാത്രമല്ല, അതോടൊപ്പം മുന്നോട്ടു ചലിക്കുകയും ചെയ്യുന്നു. ഫലത്തിൽ മുന്നോട്ടു ചലിക്കുന്ന കറങ്ങുന്ന ബോളിന് സർപ്പിളാകൃതിയിൽ (spiral motion) സഞ്ചരിച്ച് ഗോൾ പോസ്റ്റിലേക്ക് കുതിക്കാൻ കഴിയുന്നു.

മാഗ്നസ് ഇഫക്ടും ബർണോളിയുടെ തിയറിയുമാണ് ആ ഗോളിന് പുറകിൽ പ്രവർത്തിച്ചത്. ഫുട്ബോളിനെ മാത്രമല്ല മനുഷ്യൻ ചെയ്യുന്ന ഏതൊരു പ്രവർത്തിയെയും വിശദീകരിക്കാൻ ശാസ്ത്രത്തിന് കഴിയുമെന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. റോബർട്ടോ കാർലോസ് പരിശീലനംകൊണ്ട് നേടിയെടുത്ത കായികക്ഷമതയും അറിവും സാഹചര്യത്തിനനുസരിച്ച് ഉപയോഗപ്പെടുത്തുകയാണ് ഇവിടെ ചെയ്തത്.

റോബർട്ടോ കാർലോസിന്റെ ജീവിതം അതിനു ശേഷം മറുന്നതാണ് ലോകം കണ്ടത്. പിന്നീട് വലിയ വിലയ്ക്ക് അദ്ദേഹത്തെ ക്ലബ്ബുകൾ വാങ്ങി.  1998 ലെയും 2002 ലെയും 2006 ലെയും ലോകകപ്പിൽ മികച്ച പ്രകടനം കാഴ്ചവെച്ച് ഫുട്ബോൾ ആരാധകരുടെ ചങ്കിൽ ചേക്കേറി. ഇംഗ്ലണ്ടിന്റെ ഡേവിഡ് ബെക്കാമും (David Robert Joseph Beckham) ബനാന കിക്കിനെ ഉപയോഗപ്പെടുത്തി കാണികളെ ആവേശം കൊളളിച്ച എക്കാലത്തെയും മികച്ച കാൽപ്പന്തുകളിക്കാരിൽ ഒരാളാണ്.


SOCCER SCIENCE

ഫുട്ബോളിന്റെ ശാസ്ത്രം വിശദമാക്കുന്ന ലേഖനങ്ങൾ വായിക്കാം

Happy
Happy
60 %
Sad
Sad
0 %
Excited
Excited
34 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
6 %

One thought on “റോബർട്ടോ കാർലോസ് തൊടുത്തുവിട്ട ഫ്രീകിക്കും ഫിസിക്സും തമ്മിലെന്ത്..? 

  1. നല്ല ലേഖനം. ഗഹനമായ അവതരണം. എഴുത്തുകാരൻ തീർച്ചയായും അഭിനന്ദനം അർഹിക്കുന്നു. :)

Leave a Reply

Previous post ഫുട്ബോൾ ലോകകപ്പ് : കളിക്കളത്തിലെ രസതന്ത്രം 
Next post വയനാട് ജില്ലയിൽ ഫോർട്ടിഫൈഡ് അരി നൽകുന്നതിനെ പറ്റിയുള്ള ആശങ്കകളിൽ കഴമ്പുണ്ടോ?
Close