പി.എം.സിദ്ധാർത്ഥൻ
കോവിഡ് മാറുമ്പോഴേക്കും മറ്റൊരു മഹാമാരി നമ്മളെ തുറിച്ചു നോക്കും – “പ്ലാസ്റ്റിക് മാരി”. ദശലക്ഷക്കണക്കിനാണ് (അതോ കോടിക്കണക്കിനോ?) പി പി ഇ എന്നറിയപ്പെടുന്ന പേർസണൽ പ്രൊട്ടക്ഷൻ എക്വിപ്മെന്റ് ഇപ്പോൾ നിർമിക്കുന്നത്. ഒരിക്കൽ ഉപയോഗിച്ച് കഴിഞ്ഞാൽ ഉപേക്ഷിക്കേണ്ടിവരുന്ന തല മുതൽ കാല്പാദം വരെയുള്ള പ്ലാസ്റ്റിക് കുപ്പായം. ഇതിനു വല്ല പോംവഴിയുമുണ്ടോ? ഉണ്ടെന്നാണ് കാലിഫോർണിയ സർവകലാശാലയിലെ ഗവേഷകർ പറയുന്നത്. അവർ സൗരോർജ്ജമുപയോഗിച്ചു ശുദ്ധീകരിക്കാവുന്ന, വീണ്ടും വീണ്ടും ഉപയോഗിക്കാവുന്ന, ബാക്റ്റീരിയകളെയും വൈറസുകളെയും കുരുക്കിപിടിച്ചെടുക്കുന്ന പി.പി.ഇ.കൾ ഉണ്ടാക്കിയിരിക്കുന്നു. ഇലക്ട്രോ സ്പിന്നിങ് എന്ന രീതി ഉപയോഗിച്ച് പോളിമറുകളുടെ വളരെ നേരിയ ഫൈബറുകൾ ഉണ്ടാക്കുന്ന സസ്യജന്യ വസ്തുവായ ക്ലോറോജെനിക് ആസിഡും, ബെൻസോ ഫിനോൻ എന്ന രാസ വസ്തുവും ചേർത്തുണ്ടാക്കിയ വളരെ നേർത്ത സ്തരങ്ങൾ കൊണ്ടാണ് ഇത് നിർമിച്ചിരിക്കുന്നത്. ഇവയിലെ നേർത്ത സുഷിരങ്ങൾ ബാക്റ്റീരിയകളെയും, വൈറസുകളെയും കുരുക്കി പിടിക്കും. ഈ പി.പി.ഇ യിലെ രാസവസ്തുക്കൾ ഓക്സിജന്റെ സാന്നിധ്യത്തിൽ സൂര്യപ്രകാശം തട്ടുമ്പോൾ സൂഷ്മാണു നാശക വസ്തുക്കളായ ഹൈഡ്രോക്സിൽ റാഡിക്കലും സൂപ്പർ ഓക്‌സൈഡുകളും ഉണ്ടാക്കും. പരീക്ഷണങ്ങളിൽ ടി-7 ഫേജ് എന്ന വൈറസിനെ 5 മിനിറ്റ് കൊണ്ട് നശിപ്പിക്കാൻ കഴിഞ്ഞിട്ടുണ്ട്. കൊറോണ വൈറസിനെ നശിപ്പിക്കുവാൻ കഴിയുമോ? പരീക്ഷണങ്ങളിലൂടെ ഇത് തെളിയിക്കേണ്ടതുണ്ട്. എങ്കിൽ, ലക്ഷകണക്കിന് പി പി ഇ കിറ്റുകൾ കുഴിച്ചുമൂടേണ്ട , വീണ്ടും പല തവണ ഉപയോഗിക്കാം.
അനുബന്ധവായനകൾക്ക്
- Daylight-driven rechargeable antibacterial and antiviral nanofibrous membranes for bioprotective applications
- Progress and Perspective of Antiviral Protective Material