അന്താരാഷ്‌ട്ര പ്രശസ്തനായ കേരളീയ സൈദ്ധാന്തിക ഭൗതികശാസ്ത്രജ്ഞനും പ്രപഞ്ചശാസ്ത്രജ്ഞനുമായ ‘പാഡി’ എന്ന് സ്നേഹപൂർവ്വം അറിയപ്പെട്ട പ്രൊഫ.താണു പത്മനാഭനെയും അദ്ദേഹത്തിന്റെ അതുല്യമായ ജീവിതത്തേയും സംഭാവനകളെയും അദ്ദേഹത്തിന്റെ ഒന്നാം ചരമവാർഷിക ദിനത്തിൽ ആസ്ട്രോ കേരള സ്മരിക്കുകയാണ്.
മികച്ച ഗവേഷകനായിരുന്ന അദ്ദേഹം ഗ്രാവിറ്റിയുടെ സ്വഭാവം മനസ്സിലാക്കുന്നതിനാണ് തന്റെ കരിയർ പ്രധാനമായും നീക്കിവച്ചത്. കോസ്‌മോളജി, ക്വാണ്ടം, ക്ലാസിക്കൽ ഗ്രാവിറ്റി, കൂടാതെ ഭൗതികശാസ്ത്രത്തിന്റെ അനേകം ശാഖകളിലും മുന്നൂറിലധികം പിയർ-റിവ്യൂഡ് ലേഖനങ്ങൾ ഉള്ള അദ്ദേഹം, ഇന്ത്യയിലെ ഭൗതികശാസ്ത്രജ്ഞരിൽ അഗ്രഗണ്യനായി പരിഗണിക്കപ്പെട്ടു.
പ്രപഞ്ചത്തിലെ വിന്യാസങ്ങളുടെ രൂപീകരണം, ഗുരുത്വാകർഷണം, ക്വാണ്ടം ഗുരുത്വം എന്നിവയായിരുന്നു അദ്ദേഹത്തിന്റെ പ്രധാന ഗവേഷണവിഷയങ്ങൾ. എമെർജന്റ് ഗ്രാവിറ്റിയിൽ താപഗതികത്തെ അടിസ്ഥാനമാക്കി സാമാന്യ ആപേക്ഷികസിദ്ധാന്തത്തെ കൂടുതൽ വികസിപ്പിച്ചതാണ് ഇദ്ദേഹത്തിന്റെ ഏറ്റവും പ്രധാന സംഭാവന. ജ്യോതിശാസ്ത്രത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പാഠപുസ്തകങ്ങളും ജനപ്രിയ ശാസ്ത്രത്തെയും ശാസ്ത്രത്തിന്റെ ചരിത്രത്തെയും കുറിച്ചുള്ള മറ്റ് നിരവധി പ്രസിദ്ധീകരണങ്ങളും പുസ്തകങ്ങളുമെല്ലാം ഏറെ വായിക്കപ്പെടുകയും ചെയ്യുന്നു.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും അദ്ദേഹത്തിന്റെ വിദ്യാർത്ഥികൾ, സഹപ്രവർത്തകർ, സഹപാഠികൾ, ജീവിതത്തിന്റെ എല്ലാ തുറകളിലുമുള്ള അനുയായികൾ എന്നിവരെല്ലാം പങ്കെടുത്ത അനുസ്മരണ പരിപാടിയുടെ വീഡിയോ കാണാം