Read Time:48 Minute

ശാസ്ത്ര വിരുദ്ധ ശക്തികൾ അവരുടെ രാഷ്ട്രീയ – മത അടിത്തറ വിപുലപ്പെടുത്തി രാഷ്ട്രത്തിന്റെ മതനിരപേക്ഷത തകർക്കുന്നതെങ്ങനെയെന്നും കെട്ടുകഥകളും അന്ധവിശ്വാസങ്ങളും പ്രചരിപ്പിക്കുന്നതിനെ ഭരണാധികാരികൾ പ്രോത്സാഹിപ്പിക്കുന്ന നയം സ്വീകരിക്കുന്നത് രാഷ്ട്ര പുരോഗതിയെ എങ്ങനെ ബാധിക്കുമെന്നും വിശദീകരിക്കുന്നു, സ്വാതന്ത്ര്യാനന്തരം ഇന്ത്യയിൽ വിവിധ സർക്കാരുകൾ ശാസ്ത്ര ഗവേഷണത്തിന് മാറ്റി വയ്ക്കുന്ന ഫണ്ടിനെക്കുറിച്ചും വിശകലനം ചെയ്യുന്ന ലേഖനം.

ശാസ്ത്രം പ്രചരിപ്പിക്കുകയും പൊതുജനങ്ങളുമായി ശാസ്ത്രസംബന്ധമായ വിഷയങ്ങള്‍ ആശയവിനിമയം നടത്തുകയും ചെയ്യുക എന്നത് സാംസ്കാരികവും രാഷ്ട്രീയവുമായ ഒരു കടമയാണ്. ഇന്ത്യന്‍ രാഷ്ട്രീയത്തിലുണ്ടായ സമീപകാല മാറ്റം, ഭൂരിപക്ഷ മതനേതൃത്വവും രാഷ്ട്രീയ നേതൃത്വവും തമ്മിലുള്ള ബന്ധം, ശാസ്ത്രം, ശാസ്ത്ര പ്രചാരണം, ശാസ്ത്രാവബോധം എന്നിവയില്‍ അതിന്റെ സ്വാധീനം എന്നിവയാണ് ഈ ലേഖനം പരിശോധിക്കുന്നത്. ആദ്യ ഭാഗത്തില്‍, ശാസ്ത്രത്തിനും ശാസ്ത്ര മനോഭാവത്തിനും എതിരായ ത്രിതല ആക്രമണങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഒന്നാമതായി, ഇന്ത്യയുടെ പ്രധാനമന്ത്രി ഉള്‍പ്പെടെ അധികാരത്തിലിരിക്കുന്നവര്‍, ശാസ്ത്രത്തെ കല്പനാ സൃഷ്ടികളില്‍നിന്ന് വേര്‍തിരിക്കുന്നതിനുള്ള സ്ഥാപിത മാനദണ്ഡങ്ങളെ പരസ്യമായി ആക്രമിച്ചു. രണ്ടാമതായി, രാഷ്ട്രീയ നേതാക്കളും ‘മനുഷ്യദൈവങ്ങളും’ തമ്മിലുള്ള ശക്തമായ ബന്ധം മതപരവും ശാസ്ത്രീയവുമായ വ്യവഹാരങ്ങള്‍ തമ്മിലുള്ള അതിരുകള്‍ ഇല്ലാതാകുന്നതിലേക്ക് നയിച്ചു. മൂന്നാമതായി, ശാസ്ത്ര സമൂഹത്തെ അസ്വസ്ഥരാക്കിയ, ശാസ്ത്ര സാങ്കേതിക ഗവേഷണ ചെലവുകള്‍ ഗണ്യമായി വെട്ടിക്കുറച്ച നടപടി. മത-പുരാണ സംസ്കാരം ശാസ്ത്ര സ്ഥാപനങ്ങളെ എങ്ങനെ ബാധിക്കുന്നു എന്ന് ലേഖനത്തിന്റെ രണ്ടാമത്തെ ഭാഗത്തു അന്വേഷിക്കുന്നു. അടുത്ത കാലത്ത് രാഷ്ട്രീയ നേതൃത്വം നഗ്നമായ ശാസ്ത്രവിരുദ്ധ നിലപാടിന് അനുകൂലമായി മാറിയപ്പോള്‍ ശാസ്ത്രീയ വൈജ്ഞാനിക ഉല്‍പാദനത്തെ (പ്രശസ്ത ജേണലുകളിലെ ശാസ്ത്ര പ്രസിദ്ധീകരണങ്ങള്‍) അത് എങ്ങനെ ബാധിച്ചുവെന്ന് മൂന്നാമത്തെ ഭാഗത്തു വിവരിക്കുന്നു.

ആമുഖം 

ശാസ്ത്രവും മതവും തമ്മിലുള്ള പൊരുത്തവും പൊരുത്തക്കേടും സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് ശാസ്ത്രത്തോളം തന്നെ പഴക്കമുണ്ട്.

അല്ലെങ്കില്‍, പുരാതന ഭൗതികവാദ തത്വശാസ്ത്രങ്ങള്‍ നമുക്ക് നല്‍കുന്ന വ്യവഹാരങ്ങള്‍കൂടി കണക്കിലെടുത്താല്‍ ഈ ചര്‍ച്ചകള്‍ അതിലും പഴയതാണ് എന്ന് കാണാം (Hardy and Rudebusch, 2014). സംഘടിത മതാനുകൂലികളും ശാസ്ത്രജ്ഞരും തമ്മില്‍ ചില സമയങ്ങളില്‍ അക്രമാസക്തമായ ഏറ്റുമുട്ടലുകള്‍വരെ നടത്തിയിട്ടുണ്ട് എന്നതിന് ചരിത്രപരമായ ധാരാളം തെളിവുകളുണ്ട്. ലോകമെമ്പാടുമുള്ള മതപരമായ പ്രവര്‍ത്തനങ്ങളുടെ പേരില്‍ അടുത്തിടെ നടന്ന അക്രമങ്ങള്‍, മതത്തിന്റെ സ്വഭാവം, ശാസ്ത്രവുമായുള്ള അതിന്റെ ബന്ധം (coyne 2015), അന്താരാഷ്ട്ര ബന്ധങ്ങളില്‍ അതിന്റെ സ്വാധീനം (ട്രോയ്, 2012), ആധുനിക സമൂഹത്തില്‍ അതിന്റെ പങ്ക് (ടര്‍ണര്‍, 2011) എന്നിവ സംബന്ധിച്ച വസ്തുതകള്‍ പുനര്‍വിശകലനം ചെയ്യാന്‍ പണ്ഡിതന്മാരെ പ്രേരിപ്പിച്ചിരിക്കുന്നു. സമീപകാല സംഭവങ്ങളുടെ പെട്ടെന്നുള്ള നിരീക്ഷണത്തില്‍പ്പോലും ഈ വിഷയത്തില്‍ സമൂഹം മൂര്‍ച്ചയുള്ള നേര്‍ പകുതിയായി വിഭജിക്കപ്പെട്ടിരിക്കുന്നുവെന്ന് കാണാം; വിവിധ കോണുകളില്‍ നിന്ന് പ്രശ്നത്തെ സമീപിക്കുന്ന എന്നാല്‍, കാള്‍ മാര്‍ക്സ് വ്യക്തമാക്കിയതുപോലെ ‘മതം ജനങ്ങളുടെ കറുപ്പാണ്’ എന്ന് വാദിക്കുന്നവര്‍ ഒരു ഭാഗത്തും മതത്തിന് ഇപ്പോഴും ശുഭകരമായ പങ്ക് വഹിക്കാനുണ്ടെന്നും ശാസ്ത്രവുമായി പൊരുത്തപ്പെടാന്‍ കഴിയുമെന്നും കരുതുന്നവര്‍ മറുഭാഗത്തും.

മതത്തിന്റെ വിവിധ രൂപങ്ങളിലുള്ള സമീപകാല പുനരുജ്ജീവനം സോവിയറ്റ് യൂണിയന്റെ പതനത്തില്‍ വേരൂന്നിയതാണെന്ന് പല പണ്ഡിതന്മാരും തറപ്പിച്ചുപറഞ്ഞിട്ടുണ്ട്. ഉദാഹരണത്തിന്, സ്റ്റീഫന്‍ ബെവന്‍സ് (2010) നിരീക്ഷിച്ചത്, 1990-കളുടെ മധ്യത്തില്‍ ലോകത്തിന്റെ പല ഭാഗങ്ങളിലും അമ്പരപ്പിക്കുന്ന തരത്തില്‍ പ്രകടമായത് മതത്തിന്റെ പുനരുജ്ജീവനമാണ് മറിച്ച്, ഇടിവല്ല എന്നാണ്. മതപരമായ ആചാരങ്ങളുടെ പുനരുജ്ജീവനം മുതല്‍ സങ്കുചിത മൗലികവാദംവരെ അത് പല രൂപങ്ങളെടുത്തു. സോവിയറ്റ് സാമ്രാജ്യത്തിന്റെ പതനകാലത്ത് (1988-1991) സായുധ അക്രമങ്ങളില്‍ ഉണ്ടായ വര്‍ധനയ്ക്ക് പ്രധാന കാരണം മതമാണെന്ന് മതത്തിന്റെ എതിരാളികള്‍ വാദിച്ചു. എന്നാല്‍, നിശ്ചയമായും അത്തരം ബന്ധങ്ങള്‍ ഉണ്ടെന്ന് സമ്മതിച്ച ബെവന്‍സ് എന്നാല്‍, അതുമാത്രമല്ല പ്രധാന കാരണമെന്നും പകരം, ആധിപത്യത്തിനായുള്ള ആഗ്രഹം, വിലയേറിയ വസ്തുക്കളോടുള്ള അത്യാഗ്രഹം, പഴയ വൈരാഗ്യം തീര്‍പ്പാക്കല്‍ എന്നിങ്ങനെയുള്ള മറ്റ് ഉദ്ദേശ്യങ്ങള്‍ മറയ്ക്കാന്‍വേണ്ടി അക്രമത്തെ നിയമാനുസൃതമാക്കാന്‍ മതം പലപ്പോഴും കാരണമായി ചേര്‍ക്കപ്പെടാറുണ്ട്’ എന്ന് നിരീക്ഷിക്കുന്നു. ബേവന്‍സിന്റെ പട്ടികയില്‍ ഒരാള്‍ക്ക് ഇനിയും കാരണങ്ങള്‍ ചേര്‍ക്കാം. എന്നാല്‍, രാഷ്ട്രീയ-സാമ്പത്തിക ഘടകങ്ങളും മതപരമായ പുനരുജ്ജീവനവും തമ്മില്‍ ശക്തമായ ബന്ധമുണ്ടെന്ന് ‘ഏകധ്രുവ ലോകത്ത്’ നിഷേധിക്കാനാവില്ല. 

ശാസ്ത്രാവബോധത്തെക്കുറിച്ചുള്ള പൊതുസംവാദത്തിന്റെ ഒരു നീണ്ട ചരിത്രം 

വികസ്വര രാജ്യങ്ങളില്‍ ഇന്ത്യക്ക് ഒരു പ്രത്യേക സ്ഥാനമുണ്ട്. ഇത് ശക്തമായ ഒരു മതപരമായ രാജ്യമായി തുടരുമ്പോഴും പൊതുസമൂഹം മതനിരപേക്ഷത, ശാസ്ത്രീയ യുക്തിബോധം, ആധുനികത എന്നിവയെക്കുറിച്ചുള്ള ആശയങ്ങള്‍ ഒരു നൂറ്റാണ്ടിലേറെയായി ചര്‍ച്ച ചെയ്യുന്നു. 50 വര്‍ഷത്തിലേറെയായി, രാജ്യം ഈ സംവാദത്തെ പിന്തുണച്ചു (DST, 1958, 2013). എന്നാല്‍, സമീപകാല സംഭവവികാസങ്ങള്‍ മതത്തിന്റെ അക്രമോത്സുകമായ പ്രവര്‍ത്തനങ്ങള്‍ അടങ്ങിയ പുനരുജ്ജീവനത്തെയാണ് കാണിക്കുന്നത്.

ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ ആധിപത്യത്തിനെതിരായ രാഷ്ട്രത്തിന്റെ പോരാട്ടത്തില്‍ വേരൂന്നിയതാണ് ഇന്ത്യയിലെ ശാസ്ത്രബോധത്തെക്കുറിച്ചുള്ള ചര്‍ച്ച (റാസ, സിങ്, കുമാര്‍, 2012). സ്വതന്ത്ര ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റു, ഇന്ത്യ സ്വാതന്ത്ര്യം നേടുന്നതിന് ഒരു വര്‍ഷം മുമ്പുതന്നെ ‘ശാസ്ത്രാവബോധത്തെ ഒരു സ്വതന്ത്ര മനുഷ്യന്റെ ബോധം’ എന്ന് പ്രശംസിക്കുകയും പരീക്ഷണശാലയുടെ നാല് ചുവരുകള്‍ക്കപ്പുറത്തുള്ള ശാസ്ത്ര മനോഭാവത്തെ പ്രശംസിക്കുകയും ചെയ്തു (മഹന്തി, 2016). ഈ ആശയത്തെ ചുറ്റിപ്പറ്റി വ്യാപകമായ ഒരു സമവായം നിര്‍മ്മിക്കപ്പെട്ടു. 1976-ല്‍, ‘ശാസ്ത്രാവബോധം, മാനവികത, അന്വേഷണത്തിന്റെയും പരിഷ്കരണത്തിന്റെയും മനോഭാവം പ്രചരിപ്പിക്കല്‍‘ എന്നിവ ഓരോ പൗരന്റെയും അടിസ്ഥാന കടമകളിലൊന്നായി ഉള്‍പ്പെടുത്തി ഇന്ത്യന്‍ ഭരണഘടന പരിഷ്കരിച്ചു (ഭരണഘടനാ അസംബ്ലി, 1949). 1980-കളുടെ അവസാനത്തോടെ, ശാസ്ത്രവിരുദ്ധ ഹിന്ദു വലതുപക്ഷ ശക്തികള്‍ അവരുടെ രാഷ്ട്രീയ-മത അടിത്തറ വിപുലീകരിക്കുകയും അക്രമാസക്തമായി മാറുകയും ചെയ്തു. ഒരു മുസ്ലിം പള്ളി പൊളിക്കാന്‍ അവര്‍ ഹിന്ദു തീവ്രപക്ഷത്തെ അണിനിരത്തി (നൂരാനി, 2014). വലിയൊരു വിഭാഗം ഹിന്ദു ‘മനുഷ്യദൈവങ്ങളും’ ആശ്രമങ്ങള്‍ (ആരാധനാലയങ്ങള്‍, പ്രഭാഷണങ്ങള്‍ അല്ലെങ്കില്‍ മറ്റ് മതപരമായ പ്രവര്‍ത്തനങ്ങള്‍ക്കായി) സ്ഥാപിക്കുകയും ഗണ്യമായ സമ്പത്ത് നേടുകയും ചെയ്തു. അവരുടെ അനുയായികള്‍ ക്രമാതീതമായി വര്‍ധിച്ചു. 1999-ഓടെ, വലതുപക്ഷത്തിന്റെ നേതൃത്വത്തില്‍ ആദ്യമായി ഇന്ത്യയില്‍ സര്‍ക്കാര്‍ രൂപവല്‍ക്കരിച്ചപ്പോള്‍, വലതുപക്ഷ രാഷ്ട്രീയ നേതാക്കളും മനുഷ്യദൈവങ്ങളും തമ്മിലുള്ള അവിശുദ്ധ ബന്ധം ഊട്ടിയുറപ്പിക്കപ്പെട്ടു. 2014-ല്‍ നരേന്ദ്ര മോദി ഭാരതീയ ജനതാ പാര്‍ട്ടിയെ (ബി ജെ പി) അധികാരത്തിലേറ്റിയപ്പോള്‍ രണ്ടാമത് വലതുപക്ഷ സര്‍ക്കാര്‍ അധികാരത്തില്‍ വന്നു. മോദി മൂന്ന് തവണ ഗുജറാത്ത് മുഖ്യമന്ത്രിയായിട്ടുണ്ട്. ചെറുപ്പം മുതലേ, രാഷ്ട്രീയ സ്വയംസേവക് സംഘിന്റെ (ദേശീയതലത്തിലുള്ള ഒരു അര്‍ധ സൈനിക സംഘം) പ്രവര്‍ത്തകനായി പരിശീലിപ്പിക്കപ്പെട്ട അദ്ദേഹം അതില്‍ തുടരുന്നു. മുഖ്യമന്ത്രിയായ തന്റെ ആദ്യ കാലയളവില്‍, 2002-ല്‍ ഗുജറാത്തില്‍ നടന്ന ഒരു കൂട്ടക്കൊലയ്ക്ക് അദ്ദേഹം നേതൃത്വം നല്‍കി (ഖാരെ, 2014).

ഈ ലേഖനം സമീപകാലത്തെ ഇന്ത്യന്‍ അനുഭവങ്ങളെ അവലോകനം ചെയ്യുന്നു. രാഷ്ട്രീയ നേതൃത്വത്തിന്റെ നിരുപദ്രവകരമെന്ന് തോന്നുന്ന യുക്തിരഹിതവും ചില സമയങ്ങളില്‍ ചിരിയുണര്‍ത്തുന്നതുമായ പ്രസ്താവനകളും ശാസ്ത്രീയ യുക്തിയ്ക്കുമേലുള്ള ആക്രമണവും തമ്മിലുള്ള ബന്ധം അന്വേഷിക്കാന്‍ ഞങ്ങള്‍ ശ്രമിക്കുന്നു. വലതുപക്ഷ രാഷ്ട്രീയ ശക്തികളും അക്രമാസക്തമായ മതസംഘടനകളും തമ്മിലുള്ള ബന്ധം എങ്ങനെയാണ് ശാസ്ത്രപ്രചാരണത്തെ ഇന്ത്യയില്‍ ജീവന് ഭീഷണിയായ പദ്ധതിയാക്കുന്നതെന്ന് ഞങ്ങള്‍ കാണിച്ചുതരുന്നു. രാഷ്ട്രീയ നേതാക്കളുടെ ശാസ്ത്രവിരുദ്ധമായ മതപ്രസ്താവനകള്‍ നയങ്ങളായി വിവര്‍ത്തനം ചെയ്യപ്പെടുകയും ശാസ്ത്രാധിഷ്ഠിത ഇടങ്ങളെ ആക്രമിക്കുകയും ശാസ്ത്ര ഉല്‍പാദനത്തെ എങ്ങനെ പ്രതികൂലമായി ബാധിക്കുകയും ചെയ്യുന്നുവെന്നും ഞങ്ങള്‍ കാണിക്കാന്‍ ശ്രമിക്കുന്നു.

രാഷ്ട്രീയ-മത രംഗത്തെ മതഭ്രാന്തിന്റെ നേര്‍ക്കാഴ്ചകള്‍ 

ബി ജെ പി മന്ത്രിമാരുടെ തികച്ചും തെറ്റായ പ്രസ്താവനകള്‍ ഈ ഭാഗത്തു പരിശോധിക്കുന്നു. അവ സത്യസന്ധമായി സംഭവിച്ച തെറ്റുകളാണോ അതോ ശാസ്ത്രത്തിനും യുക്തിക്കും എതിരായ ആസൂത്രിത ആക്രമണത്തിന്റെ ഭാഗമാണോ എന്ന് വിലയിരുത്തുന്നു.

ശാസ്ത്രത്തിന്റെയും ഭാവനയുടെയും അതിരുകള്‍ ഇല്ലാതാകുന്നു

2014-ല്‍ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബി ജെ പി പൊതുതിരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനെ പരാജയപ്പെടുത്തി. മോദി പ്രധാനമന്ത്രിയായതിനു തൊട്ടുപിന്നാലെ മുംബൈയില്‍ മെഡിക്കല്‍ വിദഗ്ധരുടെ യോഗത്തെ അഭിസംബോധന ചെയ്തു. ശാസ്ത്രവും ശാസ്ത്രീയമായ അറിവും വരും വര്‍ഷങ്ങളില്‍ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് തീരുമാനിക്കുന്ന യോഗത്തില്‍ സര്‍ക്കാരിന്റെ പ്രത്യയശാസ്ത്ര അജണ്ട നിശ്ചയിച്ചു. പുരാതന ഇന്ത്യയില്‍ നാം പ്ലാസ്റ്റിക് സര്‍ജറിയില്‍ പ്രാവീണ്യം നേടിയിരുന്നു എന്നതിന്റെ തെളിവാണ് ഗണപതിയെന്നും കര്‍ണ്ണന്റെ ജനനം (മഹാഭാരതത്തിലെ ഒരു ഇതിഹാസകഥാപാത്രം) ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പുതന്നെ നാം പ്രത്യുല്‍പാദന ജനിതകശാസ്ത്ര മാര്‍ഗങ്ങള്‍ പരിശീലിച്ചിരുന്നു എന്നതിന്റെ തെളിവാണ് (റഹ്മാന്‍, 2014) എന്നും മോദി പറഞ്ഞു. മനുഷ്യശരീരത്തില്‍ ആനയുടെ തലയുള്ള ഗണേശന്‍, ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ ദൈവങ്ങളില്‍ ഒന്നാണ്. വ്യക്തമായും, അദ്ദേഹത്തിന്റെ പ്രസ്താവനയില്‍ രണ്ട് സന്ദേശങ്ങള്‍ ഉണ്ടായിരുന്നു. ആദ്യം, ഇനി മുതല്‍, ഹിന്ദു മതം ശാസ്ത്രീയ വസ്തുതകളുമായി കലര്‍ത്തും; രണ്ടാമതായി, ശാസ്ത്രവും കെട്ടുകഥകളും അന്ധവിശ്വാസങ്ങളും തമ്മിലുള്ള അതിര്‍വരമ്പുകള്‍ മാഞ്ഞുപോകും. ശാസ്ത്ര ബോധത്തിന് നേരെയുള്ള ആക്രമണമായിരുന്നു പ്രസംഗം.

എന്നാല്‍, ഇതിനോടുള്ള പ്രതികരണവും ഒരുപോലെ മൂര്‍ച്ചയുള്ളതായിരുന്നു. ഇന്ത്യയിലെ മാത്രമല്ല, ലോകമെമ്പാടുമുള്ള ശാസ്ത്രജ്ഞരും സാധാരണ പൗരന്മാരും ഈ പ്രസ്താവനയെ പരിഹസിച്ചു. പ്രസംഗത്തെ പരിഹസിക്കുന്ന തമാശകള്‍ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു. ഇതിനെത്തുടര്‍ന്ന്, നിരവധി ഗൗരവമേറിയ ലേഖനങ്ങളിലും ഇക്കാര്യം പരാമര്‍ശിച്ചു. ശേഖര്‍ ചന്ദ്ര, സയന്റിഫിക് അമേരിക്കനില്‍ (2018) ഇങ്ങനെ എഴുതി: “2014-ലെ തന്റെ വന്‍ വിജയത്തിന് തൊട്ടുപിന്നാലെ, പുരാതന ഇന്ത്യക്കാര്‍ക്ക് പ്ലാസ്റ്റിക് സര്‍ജറിയെക്കുറിച്ച് അറിവുണ്ടായിരുന്നു എന്നതിന്റെ തെളിവായി ആനത്തലയുള്ള ഹിന്ദു ദൈവമായ ഗണേശനെ പരാമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയിലെ ശാസ്ത്ര സമൂഹത്തെ ഞെട്ടിച്ചു.

ഒരു വശത്ത്, ശാസ്ത്ര-സാങ്കേതിക സിലബസുകളുടെയും ശാസ്ത്ര പ്രചാരണത്തിന്റെയും സ്വഭാവം മാറ്റാന്‍ നയരൂപകര്‍ത്താക്കള്‍ക്ക് വരുംകാലങ്ങളില്‍ പ്രവര്‍ത്തിക്കേണ്ടിവരുമെന്നതിന്റെയും (വിജേത, 2016), കെട്ടുകഥകളും അന്ധവിശ്വാസങ്ങളും ശിക്ഷയില്ലാതെ പ്രചരിപ്പിക്കേണ്ടിവരുമെന്നതിന്റെയും ശാസ്ത്രാവബോധം പ്രചരിപ്പിക്കാന്‍ ലക്ഷ്യമിടുന്ന പദ്ധതികളില്‍ നിന്ന് പിന്മാറേണ്ടിവരുമെന്നതിന്റെയും ശക്തവും വ്യക്തവുമായ സൂചനയായിരുന്നു ഇത്. കെട്ടുകഥകളും അന്ധവിശ്വാസങ്ങളും അംഗീകരിക്കുകയും ശാസ്ത്രീയ വസ്തുതകളും പുരാണ കഥകളും തമ്മില്‍ കാര്യകാരണബന്ധം സ്ഥാപിക്കുകയും ചെയ്യുന്ന പദ്ധതികളെ പിന്തുണയ്ക്കുന്നതിന് ഫണ്ടിങ് ഏജന്‍സികള്‍ക്കുള്ള നിര്‍ദേശം കൂടിയായിരുന്നു പ്രസ്താവന. മറുവശത്ത്, തീവ്ര വലതുപക്ഷ അനുഭാവികളായ മന്ത്രിമാര്‍, പാര്‍ലമെന്റ് അംഗങ്ങള്‍, പാര്‍ട്ടി നേതാക്കള്‍, ഉദ്യോഗസ്ഥര്‍, മാധ്യമ ചാനലുകള്‍, ജഡ്ജിമാര്‍ എന്നിവരില്‍ നിന്നുള്ള അതിരുകടന്ന ശാസ്ത്ര വിരുദ്ധ പ്രസ്താവനകളുടെ അംഗീകാരവും പ്രോത്സാഹനവും കൂടിയായിരുന്നു ഇത് (ബേദി, 2017).

ചരിത്രപരവും ശാസ്ത്രീയവുമായ അറിവും കൃത്യതയും പൂര്‍ണ്ണമായും അവഗണിച്ച് ഒരു പ്രധാനമന്ത്രി ഇത്തരം പ്രസ്താവനകള്‍ ആവര്‍ത്തിച്ച് നടത്തുമ്പോള്‍, അത് രാഷ്ട്രീയ അജണ്ടയ്ക്ക് അനുസൃതമായി കെട്ടുകഥകളും അന്ധവിശ്വാസങ്ങളും പ്രചരിപ്പിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുന്ന നയമായി മാറുന്നു (ദി ടൈംസ് ഓഫ് ഇന്ത്യ, 2013). മുമ്പ് സ്കൂള്‍ വിദ്യാര്‍ഥികളുടെ ഒരു സമ്മേളനത്തെ അഭിസംബോധന ചെയ്യുമ്പോള്‍, ആഗോളതാപനത്തെക്കുറിച്ചുള്ള ഒരു ചോദ്യത്തിന് മറുപടിയായി, ‘ആളുകള്‍ക്ക് പ്രായമാകുമെന്നും ചൂടും തണുപ്പും സഹിക്കാന്‍ കഴിയില്ലെന്നും അതിനാല്‍, കാലാവസ്ഥയെ കുറ്റപ്പെടുത്തുകയാണെന്നും‘ അദ്ദേഹം വിശദീകരിച്ചു. അതായത്, കാലാവസ്ഥാ വ്യതിയാനം സംഭവിക്കുന്നില്ലെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. പ്രധാനമന്ത്രിക്ക് പിന്നാലെ അദ്ദേഹത്തിന്റെ പാര്‍ട്ടിയിലെ മന്ത്രിമാരും മുഖ്യമന്ത്രിമാരും ഇത്തരം വാസ്തവ വിരുദ്ധ പ്രഖ്യാപനങ്ങളുമായി ഏറെ മുന്നോട്ട് പോയി. ഐസക് ന്യൂട്ടന്‍ കണ്ടുപിടിക്കുന്നതിന് വളരെ മുമ്പുതന്നെ വേദങ്ങള്‍ ‘ചലന നിയമങ്ങള്‍’ വെളിപ്പെടുത്തിയിരുന്നതായി മന്ത്രിമാരില്‍ ഒരാള്‍ പ്രസ്താവന ഇറക്കി (ദി ടൈംസ് ഓഫ് ഇന്ത്യ, 2018). അതേ മന്ത്രി, ഡാര്‍വിന്റെ പരിണാമ സിദ്ധാന്തത്തെ പരസ്യമായി അപലപിക്കുകയും ഒരു കുരങ്ങന്‍ മനുഷ്യനായി മാറുന്നത് ആരും കണ്ടിട്ടില്ലെന്നും പറഞ്ഞു (സഫി, 2018). ഈ വര്‍ഷം ആദ്യം, വാസുദേവ് ദേവ്നാനി എന്ന രാജസ്ഥാനിലെ വിദ്യാഭ്യാസ മന്ത്രി തന്നെ, ഓക്സിജന്‍ ശ്വസിക്കുകയും പുറത്തുവിടുകയും ചെയ്യുന്ന ഒരേയൊരു മൃഗം പശുവാണെന്ന് പറഞ്ഞത് മറ്റൊരു ‘ശാസ്ത്രീയ’ സിദ്ധാന്തമായി ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് റിപ്പോര്‍ട്ട് ചെയ്തു. രാജസ്ഥാന്‍ ഹൈക്കോടതി ജഡ്ജിയും ഇതേ അവകാശവാദങ്ങള്‍ ആവര്‍ത്തിച്ചു’ (ഭരദ്വാജ്, 2017).

പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഒരു മുഖ്യമന്ത്രി പുരാതന ഇന്ത്യയില്‍ ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് നാം ടി വിയും ഇന്റര്‍നെറ്റും കണ്ടുപിടിച്ചതായി പ്രഖ്യാപിച്ചു. അതായത്, പുരാതന ഇന്ത്യ ഇന്റര്‍നെറ്റ് കണ്ടുപിടിച്ചിട്ടുണ്ടെങ്കില്‍, യുക്തിസഹമായി, ഇന്ത്യ ഉപഗ്രഹ സാങ്കേതികവിദ്യയിലും റോക്കറ്റ് ശാസ്ത്രത്തിലും വൈദഗ്ധ്യം നേടിയിരുന്നു. (Zhao, 2018). ഈ പ്രസ്താവനകള്‍ ചിരിയുണര്‍ത്തുന്നതാണെങ്കിലും അവ യുക്തിയുടെ അടിവേര് ഇളക്കുന്നതാണെന്ന് വിസ്മരിക്കരുത്.

ഈ പ്രസ്താവനകള്‍ നിരുപദ്രവകരമായ തെറ്റുകളാണോ?

ഒരു ശാസ്ത്രജ്ഞന്‍ അത്തരം വാദങ്ങളെ ശാസ്ത്രബോധത്തിന് എതിരായ, യുക്തിസഹം അല്ലാത്ത വിഡ്ഢിത്തമായി കണ്ടു ചിരിച്ചു തള്ളിക്കളയുന്നു. എന്നാല്‍, രാഷ്ട്രീയ നേതൃത്വം പരസ്യമായി നടത്തുന്ന ഇത്തരം പ്രസ്താവനകള്‍ വെറും നിഷ്കളങ്കമായ അബദ്ധങ്ങള്‍ അല്ല. ഓരോരുത്തരും നന്നായി ചിന്തിക്കുകയും വലതുപക്ഷ മത ദേശീയവാദികളുടെ യുക്തിവാദവിരുദ്ധവും ശാസ്ത്രവിരുദ്ധവുമായ നയത്തെ ഊട്ടിയുറപ്പിക്കുകയാണ് ചെയ്യുന്നത്. 

കടപ്പാട്: media.assettype.com

അധികാരത്തിലിരിക്കുന്നവര്‍ പരസ്യമായി പ്രകടിപ്പിച്ച അഭിപ്രായങ്ങളാല്‍ പ്രചോദിതരായ മതഭ്രാന്തന്മാര്‍ ശാസ്ത്ര പ്രചാരകരെയും യുക്തിവാദികളെയും ശാസ്ത്രജ്ഞരെയും നിശബ്ദരാക്കുക എന്ന ദൗത്യം ഏറ്റെടുത്തു. അടുത്ത കാലത്ത് ഇന്ത്യയില്‍ നാല് യുക്തിവാദികളും ശാസ്ത്ര പ്രചാരകരും കൊല്ലപ്പെട്ടിട്ടുണ്ട്. യുക്തിവാദി, ശാസ്ത്ര സംവാദകന്‍, എഴുത്തുകാരന്‍, ഭിഷഗ്വരന്‍ എന്നീ നിലകളില്‍ പ്രഗല്ഭനായിരുന്ന ഡോ. നരേന്ദ്ര അച്യുത് ദബോല്‍ക്കറിനെ – 2013 ഓഗസ്റ്റ് 20-ന്, ബി ജെ പി അധികാരത്തില്‍ വരുന്നതിന് തൊട്ടുമുമ്പ് ഒരു ഹിന്ദു തീവ്രവാദ സംഘടന കൊലപ്പെടുത്തി. അന്ധവിശ്വാസത്തിനും ദുര്‍മന്ത്രവാദത്തിനും എതിരായ ഓര്‍ഡിനന്‍സിന്റെ (ഇന്ത്യ ടുഡേ, 2013) ശില്പിയായിരുന്നു ഡോ. ദബോല്‍ക്കര്‍. പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ, തങ്ങളുടെ അഭിപ്രായങ്ങള്‍ തുറന്നു പറഞ്ഞതിനാല്‍ കൊല്ലപ്പെട്ട യുക്തിവാദികളുടെ എണ്ണം മൂന്നിരട്ടിയായി.

പ്രധാനമന്ത്രിയുടെയും മറ്റ് മന്ത്രിമാരുടെയും പ്രസ്താവനകള്‍ ഇതിനകംതന്നെ ശാസ്ത്രവിരുദ്ധ അന്തരീക്ഷം സൃഷ്ടിച്ചു കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ 106 വര്‍ഷമായി ശാസ്ത്രാധിഷ്ഠിതമായി നടത്തപ്പെടുന്ന ഇന്ത്യന്‍ ശാസ്ത്ര കോണ്‍ഗ്രസ്സില്‍ ആദ്യമായി, ‘പുരാതന ശാസ്ത്രം സംസ്കൃതത്തിലൂടെ’ എന്ന വിഷയത്തില്‍ ഒരു സെക്ഷന്‍ നിര്‍ബന്ധിതമാക്കി. ആ സെക്ഷനില്‍ എല്ലാത്തരം പരിഹാസ്യമായ അവകാശവാദങ്ങളും ഉന്നയിക്കപ്പെട്ടു. അവതരിപ്പിച്ച ആറെണ്ണത്തില്‍, ഒരു പ്രബന്ധം, വേദങ്ങളുടെ കാലത്ത് പുരാതന ഇന്ത്യക്കാര്‍ ‘മുന്നോട്ടും പിന്നോട്ടും വശത്തേക്കും പറക്കാനും വായുവില്‍ ചുറ്റിക്കറങ്ങാനും ശേഷിയുള്ള 30 വരെ എഞ്ചിനുകളും യുദ്ധ ആവശ്യങ്ങള്‍ക്കായി മറ്റ് 20 സംവിധാനങ്ങളുമുള്ള ഇരുനൂറ് അടി വലുപ്പമുള്ള വിമാനങ്ങള്‍ കണ്ടുപിടിച്ചതായി അവകാശപ്പെട്ടു’. (ചാരി, 2015). ‘പൈതഗോറസ്’ സിദ്ധാന്തം ഇന്ത്യയില്‍ കണ്ടുപിടിച്ചതാണെന്ന്’ (ഇന്ത്യ ടുഡേ, 2015) നിലവിലെ ആരോഗ്യമന്ത്രി ഡോ. ഹര്‍ഷവര്‍ധന്‍ തന്റെ ഉദ്ഘാടന സെക്ഷനില്‍ അവകാശപ്പെട്ടു. (എന്നിരുന്നാലും, ദേശീയ അന്തര്‍ദേശീയ വിദഗ്ധരുടെ തീവ്രമായ എതിര്‍പ്പ് ഉണ്ടായിരുന്നിട്ടും, സ്കൂള്‍ പാഠ്യപദ്ധതിയില്‍ നിന്ന് ‘പൈതഗോറിയന്‍ സിദ്ധാന്തം’, ‘ആവര്‍ത്തനപ്പട്ടിക’, ‘പരിണാമ സിദ്ധാന്തം’ എന്നിവ നീക്കം ചെയ്തിട്ടുണ്ട്.)

സമ്മേളനം കഴിഞ്ഞ് ഒരു മാസത്തിനുള്ളില്‍ തോക്കുധാരികളായ ഭീകരര്‍ ഗോവിന്ദ് പന്‍സാരെയെയും ഭാര്യയെയും ആക്രമിച്ചു. അന്ധവിശ്വാസ വിരുദ്ധ പ്രവര്‍ത്തകനായിരുന്നു പന്‍സാരെ. 2015 ഫെബ്രുവരി 20-ന് അദ്ദേഹം മരിച്ചു. രാജ്യത്തുടനീളം തീവ്രമായ പ്രതിഷേധം അലയിടിച്ചിട്ടും അധികാരത്തിലിരുന്നവരുടെയോ മറഞ്ഞിരുന്ന് തീവ്രവാദ സംഘടനകളിലൂടെ പ്രവര്‍ത്തിക്കുന്നവരുടെയോ തീക്ഷ്ണ ശാസ്ത്രവിരുദ്ധ കാഴ്ചപ്പാടിനെ തടയിടാന്‍ ആ പ്രതിഷേധങ്ങള്‍ക്ക് കഴിഞ്ഞില്ല.

യുക്തിവിരുദ്ധ ഭീകര ശൃംഖലയുടെ അടുത്ത ഇരയായിരുന്നു എം എം കല്‍ബുര്‍ഗി. യുക്തിവാദിയും അന്ധവിശ്വാസത്തിനെതിരായ ശബ്ദവുമായിരുന്ന കന്നഡ സര്‍വകലാശാലയുടെ മുന്‍ വൈസ് ചാന്‍സലറെ നരേന്ദ്ര ദബോല്‍ക്കറെ കൊലപ്പെടുത്തിയ അതേ ഹിന്ദു തീവ്രവാദി സംഘം, 2015 ഓഗസ്റ്റ് 30-ന് അദ്ദേഹത്തിന്റെ വീടിനുള്ളില്‍ ആക്രമിച്ചു. ബി ജെ പിയുമായി അടുത്ത ബന്ധമുള്ള മൂന്ന് സംഘടനകള്‍ (വിശ്വഹിന്ദു പരിഷത്ത്, ബജ്റംഗ്ദള്‍, ശ്രീരാമസേന), അദ്ദേഹത്തെ കൊല്ലുമെന്ന് നേരത്തെ ഭീഷണിപ്പെടുത്തിയിരുന്നു. മറ്റൊരു സംഭവത്തില്‍, ഇതേ ഹിന്ദു മതമൗലികവാദ സംഘടനതന്നെ, നിരന്തരം ഭീഷണിപ്പെടുത്തിയിരുന്ന വനിതാ പത്രപ്രവര്‍ത്തക ഗൗരി ലങ്കേഷിനെ അടുത്തിടെ കൊലപ്പെടുത്തി. ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തിയ ഹിന്ദു തീവ്രവാദ സംഘടനയുടെ ഹിറ്റ് ലിസ്റ്റില്‍ കുറഞ്ഞത് 36 യുക്തിവാദികളും ശാസ്ത്ര പ്രചാരകരും ഉണ്ടെന്ന് അന്വേഷണത്തില്‍ തെളിഞ്ഞതായി റിപ്പോര്‍ട്ട് ഉണ്ട് (ശര്‍മ്മ, 2018).

ഈ ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍, 2015 ഒക്ടോബറില്‍ത്തന്നെ, യുക്തിവാദികള്‍ക്കും പുരോഗമന സാഹിത്യകാരന്മാര്‍ക്കും കലാകാരന്മാര്‍ക്കും എതിരായ ആക്രമണങ്ങള്‍ ഹിന്ദുത്വയുടെ (ഹിന്ദു ദേശീയത) വളര്‍ന്നുവരുന്ന സ്വാധീനത്തെ പ്രതിഫലിപ്പിക്കുകയും ഇന്ത്യയുടെ ജനാധിപത്യത്തെ തുരങ്കം വയ്ക്കുകയും ചെയ്യുന്നതായി ഏഷ്യാ ടൈംസ് അഭിപ്രായപ്പെട്ടു. ജനാധിപത്യത്തിന്റെ അടിസ്ഥാനമായ അഭിപ്രായ സ്വാതന്ത്ര്യം ഇന്ന് ഇന്ത്യയില്‍ കടുത്ത ഭീഷണി നേരിടുന്നു.

ഇന്ത്യയില്‍ നടക്കുന്ന കൊലപാതകങ്ങള്‍ ഒറ്റപ്പെട്ട സംഭവങ്ങളല്ല. അവ തന്ത്രപരമായി ആസൂത്രണം ചെയ്ത ആക്രമണങ്ങളാണ്. മാത്രമല്ല, രാജ്യത്തെ എല്ലാ യുക്തിവാദികളും ശാസ്ത്ര പ്രചാരകരും നിരീക്ഷണത്തിലാണ്. ഭഗവദ്ഗീതയെക്കുറിച്ചുള്ള തന്റെ പരാമര്‍ശത്തിന്റെ പേരില്‍ യുക്തിവാദിയായ കെ എസ് ഭഗവാന് വധഭീഷണി കത്ത് ലഭിച്ചു. പതിറ്റാണ്ടുകളായി അന്ധവിശ്വാസങ്ങള്‍ക്കെതിരെ പ്രചാരണം നടത്തുകയും മനുഷ്യ ദൈവങ്ങള്‍ വഞ്ചകരാണെന്ന് തുറന്നുകാട്ടുകയും ചെയ്ത നരേന്ദ്ര നായക്കിനെയും അവര്‍ ലക്ഷ്യം വച്ചിരുന്നുവെങ്കിലും അദ്ദേഹം വധശ്രമത്തില്‍ നിന്ന് രക്ഷപ്പെട്ടു. അദ്ദേഹം പിന്നീട് എഴുതി: ‘ഇന്ത്യയിലെ അന്തരീക്ഷം അസഹിഷ്ണുതയുള്ളതായി മാറിയിട്ടില്ല, മറിച്ച് അസഹിഷ്ണുതയുള്ള ആളുകള്‍ക്ക് ഒരുപക്ഷേ, അധികാരത്തിലിരിക്കുന്നവരുടെ നിശബ്ദ പിന്തുണയോടെ ഞങ്ങളെ ഇല്ലാതാക്കാനുള്ള വഴികള്‍ ലഭിച്ചു (IHEU, 2017). ‘മതത്തെ വിമര്‍ശിച്ച് യുക്തിവാദ സന്ദേശങ്ങള്‍ എഴുതിയതിന് എച്ച് ഫാറൂഖ് എന്ന യുവാവും കൊല്ലപ്പെട്ടു. ‘നമ്മുടെ രാജ്യത്തെ ജനങ്ങള്‍ക്ക് ബീഫ് അല്ലെങ്കില്‍ അവര്‍ക്ക് ഇഷ്ടമുള്ള ആഹാരം കഴിക്കാനുള്ള അവകാശത്തെ പിന്തുണച്ചതിന് ചേതന തീര്‍ഥഹള്ളിക്ക് ജീവന് ഭീഷണി ഉണ്ടായതായി ഇന്ത്യന്‍ കള്‍ച്ചറല്‍ ഫോറം റിപ്പോര്‍ട്ട് ചെയ്തു (വിദ്യ, 2017).

സ്ഥാപനങ്ങള്‍ക്ക് നേരെയുള്ള കപടശാസ്ത്രപരമായ ആക്രമണങ്ങള്‍

കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ ആരംഭിച്ച ഏതാനും പദ്ധതികള്‍ സൂക്ഷ്മമായി പരിശോധിച്ചാല്‍ സര്‍ക്കാര്‍ പിന്തുടരുന്ന ശാസ്ത്രവിരുദ്ധമായ ലക്ഷ്യങ്ങളുടെ സൂചന ലഭിക്കും.

1. ‘വിശുദ്ധ പശു’

ഹിന്ദു മതത്തില്‍ പശുവിനെ ഒരു വിശുദ്ധ മൃഗമായാണ് കണക്കാക്കുന്നത്. പശുവിനെ കശാപ്പ് ചെയ്യുന്നതോ മാംസം കൈവശം വെക്കുന്നതോ പോലും ഇന്ത്യയുടെ മിക്ക ഭാഗങ്ങളിലും ശിക്ഷാര്‍ഹമായ കുറ്റമാണ്. അടുത്ത കാലത്തായി, പശുക്കളെ കശാപ്പ് ചെയ്യുന്നതായി ആരോപിച്ച് ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ നടന്നു (റോയിട്ടേഴ്സ്, 2017). പൊതു സാമൂഹിക ഇടങ്ങളില്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ അതില്‍ വിശദീകരണമോ ക്ഷമാപണമോ പശ്ചാത്താപ പ്രകടനമോ നടത്താതെ പശുക്കളുമായി ബന്ധപ്പെട്ട 5 വസ്തുക്കളെക്കുറിച്ചുള്ള-പഞ്ചഗവ്യ- (ഗോമൂത്രം, ചാണകം, പശുവിന്‍ പാല്‍, പാലില്‍ നിന്ന് ഉല്‍പാദിപ്പിക്കുന്ന നെയ്യ്, തൈര്) ഗവേഷണത്തിന്റെ ശാസ്ത്രീയ സാധൂകരണത്തിനായി ഇന്ത്യന്‍ സര്‍ക്കാര്‍ 19 അംഗ ദേശീയ സ്റ്റിയറിങ് കമ്മിറ്റി രൂപവല്‍ക്കരിച്ചു. (ദി ഇന്ത്യന്‍ എക്സ്പ്രസ്, 2017) ശാസ്ത്ര-സാങ്കേതിക മന്ത്രി ഡോ. ഹര്‍ഷവര്‍ധനാണ് സമിതിയുടെ അധ്യക്ഷന്‍. തുടര്‍ന്ന്, ഈ വസ്തുക്കളുടെ ശാസ്ത്രീയത സാധൂകരിക്കുന്നതിന് ഗവേഷണം നടത്തുന്നതിനായി ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐ ഐ ടി) ഡല്‍ഹിയോട് വിവിധ സംഘടനകളില്‍ നിന്ന് പ്രോജക്ടുകള്‍ തേടാന്‍ ആവശ്യപ്പെട്ടു.

ഇതിന് മറുപടിയായി, ഗോമൂത്രത്തിന്റെയും പാലിന്റെയും ഗുണങ്ങളെക്കുറിച്ച് പഠിക്കാന്‍ സ്ഥാപനങ്ങളില്‍ നിന്ന് 50 നിര്‍ദേശങ്ങള്‍ ഐ ഐ ടി ഡല്‍ഹിക്ക് ലഭിച്ചു. ഈ ഉല്‍പന്നങ്ങളുടെ ഗുണങ്ങളെക്കുറിച്ച് ശാസ്ത്ര സമൂഹത്തിന് വേണ്ടത്ര അറിവില്ലെന്ന് പറഞ്ഞുകൊണ്ടും കൂടാതെ, ‘ഞങ്ങളുടെ പൂര്‍വികര്‍ക്ക് അറിയാമായിരുന്ന പലതും നിങ്ങള്‍ക്കറിയില്ല’ എന്ന് സമര്‍ഥിച്ചുകൊണ്ടും ഈ പശുജന്യ ഉല്‍പന്നങ്ങളുടെ ശാസ്ത്രീയതയെ സാധൂകരിക്കാന്‍ രാഷ്ട്രീയ നേതൃത്വം ശാസ്ത്രജ്ഞരെ പ്രേരിപ്പിക്കുന്നു.

2. രാമസേതു

സേതുസമുദ്രം ഷിപ്പിങ് കനാല്‍ പദ്ധതിയുടെ ആസൂത്രണം ആരംഭിച്ചതുമുതല്‍ തമിഴ്നാടിന്റെയും ശ്രീലങ്കയുടെയും തീരങ്ങള്‍ക്കിടയിലുള്ള വെള്ളത്തിനടിയിലെ തിട്ടകള്‍ വിവാദങ്ങളുടെ കേന്ദ്രമാണ്. പദ്ധതിക്ക് പ്രദേശത്ത് ഡ്രെഡ്ജിങ് ആവശ്യമാണ്. പര്‍വതത്തിന്റെ സ്വാഭാവിക രൂപവല്‍ക്കരണത്തെക്കുറിച്ച് ഭൂമിശാസ്ത്രപരമായ സിദ്ധാന്തങ്ങള്‍ ഉണ്ടെങ്കിലും, രാവണനുമായി യുദ്ധം ചെയ്യാന്‍ ശ്രീലങ്കയിലേക്ക് പോകാന്‍ ശ്രീരാമന്റെ നേതൃത്വത്തിലുള്ള വാനരന്മാരുടെ സൈന്യമാണ് ഇത് നിര്‍മ്മിച്ചതെന്ന് പല ഹിന്ദു ഭക്തരും വിശ്വസിക്കുന്നു.

2014 ജൂലൈയില്‍, രാമസേതുവിന്റെ രൂപവല്‍ക്കരണം പ്രകൃതിദത്തമാണോ അതോ വാനര നിര്‍മ്മിതമാണോ എന്നറിയാന്‍ പുരാവസ്തു പര്യവേക്ഷണം നടത്താനുള്ള ഒരു പദ്ധതി ഇന്ത്യന്‍ സര്‍ക്കാര്‍ ആരംഭിച്ചു (പഥക്, 2017). തീര്‍ത്തും അശാസ്ത്രീയമായ ഈ പദ്ധതിയ്ക്ക് എതിരെ ശാസ്ത്ര സമൂഹവും ചരിത്രകാരന്മാരും പുരാവസ്തു ഗവേഷകരും പാലിയന്റോളജിസ്റ്റുകളും നിശിതമായി പ്രതികരിച്ചു. എങ്കിലും, പദ്ധതി പിന്നീട് വര്‍ഷങ്ങള്‍ തുടര്‍ന്നു. ഒടുവില്‍ രാജ്യാന്തര സമൂഹത്തില്‍ ഇന്ത്യയ്ക്ക് ഈ സംഭവം അപമാനം വരുത്തിയതുകൊണ്ട് പദ്ധതി നിര്‍ത്തിവെക്കാന്‍ തീരുമാനിച്ചു

3. പുരാണത്തിലെ സരസ്വതി നദി

2014-ല്‍, ഹിന്ദു മതമൗലികവാദിയായ ഇന്ത്യന്‍ ജലവിഭവ മന്ത്രി ഉമാഭാരതി, കാണാതായ പുരാണ നദി സരസ്വതിയെ കണ്ടെത്തുന്നത് മോദി സര്‍ക്കാരിന്റെ മുന്‍ഗണനകളിലൊന്നാണെന്ന് പറഞ്ഞതായി പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍നിന്ന് ‘ഏകദേശം അയ്യായിരം മുതല്‍ ആറായിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് സരസ്വതി നദി ഒഴുകിയതിനു മതിയായ ശാസ്ത്രീയ തെളിവുകള്‍ ഉണ്ടെന്നും അതിനാല്‍, സരസ്വതി ഒരു മിഥ്യയല്ല’ എന്നും അവര്‍ മുമ്പ് പറഞ്ഞിരുന്നു (മൗദ്ഗിലും മോഹനും, 2018). ഇതിനായി ഒരു പദ്ധതിക്കും തുടക്കം കുറിച്ചു. ഞങ്ങളുടെ അഭിപ്രായത്തില്‍, ഈ പദ്ധതി ഏതെങ്കിലും ശാസ്ത്രീയ ധാരണയുടെ അടിസ്ഥാനത്തിലുള്ളതല്ല, മറിച്ച്, ഒരു പുരാണകഥയെ അടിസ്ഥാനമാക്കിയുള്ള രാഷ്ട്രീയ-മത സംരംഭമായി മാത്രമേ ഇതിനെ വര്‍ഗീകരിക്കാന്‍ കഴിയൂ.

4. സഞ്ജീവനി 

വാല്മീകി രാമായണത്തില്‍ പരാമര്‍ശിച്ചിരുന്ന സഞ്ജീവനി കണ്ടെത്താന്‍ ഉത്തരാഖണ്ഡിലെ ബി ജെ പി ഗവണ്‍മെന്റ് ഇരുപത്തിയഞ്ചു കോടി രൂപ പ്രാരംഭച്ചെലവ് വിനിയോഗിച്ചുകൊണ്ട് ആരംഭിച്ച പദ്ധതിയും ഇവിടെ പരാമര്‍ശിക്കേണ്ടിയിരിക്കുന്നു. വാസ്തു ശാസ്ത്രത്തിന്റെ ആരംഭം ഋഗ്വേദത്തിലാണെന്ന് ചൂണ്ടിക്കാട്ടി രാജ്യത്തെ ഏറ്റവും പഴക്കമേറിയതും വലുതുമായ ഖരഗ്പൂരിലെ IIT, ഒന്നും രണ്ടും വര്‍ഷ ബിരുദ വാസ്തുവിദ്യാ വിദ്യാര്‍ഥികള്‍ക്കായി വാസ്തു ശാസ്ത്ര (പരമ്പരാഗത ഹിന്ദു വാസ്തുവിദ്യ) കോഴ്സ് നടത്താന്‍ നിര്‍ബന്ധിതരായതും (പാണ്ഡേ, 2017) നാം കണ്ടു.

അശാസ്ത്രീയ പദ്ധതികളെ ന്യായീകരിക്കാന്‍ രാഷ്ട്രീയ നേതൃത്വം വക്ര-കപട ശാസ്ത്രവാദങ്ങള്‍ ഉപയോഗിക്കുന്നു. രാജ്യത്തുടനീളമുള്ള ശാസ്ത്ര സ്ഥാപനങ്ങളില്‍ മത-പുരാണ സംസ്കാരം കടന്നുവരുന്നത് ഇങ്ങനെയാണ്. ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഇത്തരം പദ്ധതികള്‍ രാജ്യത്തിന്റെ ശാസ്ത്ര സാങ്കേതിക അടിത്തറയെ ദുര്‍ബലപ്പെടുത്തും.

1990 മുതല്‍ 2017 വരെ ശാസ്ത്രത്തില്‍ ഇന്ത്യയുടെ പ്രകടനം

മേല്പറഞ്ഞ വാദങ്ങള്‍ സത്യം നിലനിര്‍ത്തുന്നുണ്ടോ അതോ പത്തുവര്‍ഷത്തെ ‘സദ്ഭരണ’ത്തെ അപകീര്‍ത്തിപ്പെടുത്താനുള്ള അടിസ്ഥാനരഹിതമായ അവകാശവാദങ്ങളാണോ എന്നതാണ് പ്രധാന ചോദ്യം. മിക്കപ്പോഴും, നയപരമായ മാറ്റങ്ങള്‍ ശാസ്ത്രത്തില്‍ ദ്രുതഗതിയില്‍ സ്വാധീനം ചെലുത്തുന്നില്ല. എന്നിരുന്നാലും, ഞങ്ങളെ അദ്ഭുതപ്പെടുത്തിക്കൊണ്ട്, കഴിഞ്ഞ പത്തു വര്‍ഷമായി അവതരിപ്പിച്ച നയങ്ങള്‍ ഇന്ത്യയുടെ ദേശീയ ശാസ്ത്ര ഉല്‍പാദനത്തെ ബാധിച്ചതായി കണ്ടെത്തി. ശാസ്ത്ര ഉല്‍പാദനം-പ്രശസ്ത ശാസ്ത്ര ജേണലുകളിലെ പ്രസിദ്ധീകരണങ്ങളുടെ എണ്ണം ഈ കാലയളവില്‍ കുറഞ്ഞു. DBT, DST എന്നിവയുടെ സാമ്പത്തിക സഹായത്തിലെ ക്രമരാഹിത്യം രാജ്യത്തിന്റെ ശാസ്ത്രീയ ഉല്‍പാദനത്തില്‍ ഗുരുതരമായതും അസ്വസ്ഥമാക്കുന്നതുമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. ശാസ്ത്രത്തിനായുള്ള സാമ്പത്തിക സഹായം, കപടശാസ്ത്ര പദ്ധതികളിലേക്ക് വഴിതിരിച്ചുവിടുമ്പോള്‍ ശാസ്ത്ര ഗവേഷണത്തിന് ലഭിക്കുന്ന തുച്ഛമായ ഫണ്ട് ശാസ്ത്രത്തിന്റെ ദിശ മാത്രമല്ല, ശാസ്ത്രത്തിന്റെ സംസ്കാരത്തെയും മാറ്റിമറിക്കുന്നു.

ശാസ്ത്ര സമൂഹത്തില്‍ നിന്നുള്ള പ്രതിരോധം യുക്തിവാദികള്‍ക്കും ശാസ്ത്രപ്രചാരകര്‍ക്കും എതിരെയുള്ള ശാരീരിക ആക്രമണങ്ങള്‍ നിന്ദ്യവും അപലപനീയവുമാണ്. ശാസ്ത്ര ചിന്തയ്ക്കെതിരായ ആക്രമണങ്ങളുടെ ഭയാനകമായ വര്‍ധന, മൂന്ന് ഇന്ത്യന്‍ സയന്‍സ് അക്കാദമികള്‍ ചേര്‍ന്ന് രൂപവല്‍ക്കരിച്ച ഇന്റര്‍ അക്കാദമി പാനല്‍ ഓണ്‍ എത്തിക്സ് ഇന്‍ സയന്‍സിനെ ശക്തമായി ഒരു പ്രസ്താവന പുറപ്പെടുവിക്കാന്‍ നിര്‍ബന്ധിതരാക്കി.

‘ഇന്ത്യയിലെ ഓരോ പൗരന്റെയും ഭരണഘടനാപരമായ അവകാശങ്ങള്‍ക്ക് വിരുദ്ധമായ നിരവധി പ്രസ്താവനകളും പ്രവര്‍ത്തനങ്ങളുമുണ്ടാകുന്നത് ദുഃഖത്തോടെയും വര്‍ധിച്ചുവരുന്ന ഉല്‍ക്കണ്ഠയോടെയും ഞങ്ങള്‍ കാണുന്നു. യുക്തിയുടെയും അവകാശങ്ങളുടെയും ലംഘനത്തിന് മാതൃകാപരമായ ശിക്ഷ നല്‍കേണ്ടത് പ്രധാനമാണ്. ഇത്തരം അക്രമ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്താന്‍ ഇന്ത്യന്‍ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളോടും ഞങ്ങള്‍ അഭ്യര്‍ഥിക്കുന്നു’.

ഇതിനെത്തുടര്‍ന്ന്, നിരവധി വാദപ്രതിവാദങ്ങള്‍ ഉണ്ടായി. ശാസ്ത്ര പ്രചാരണത്തിലും ജനകീയവല്‍ക്കരണത്തിലും മുന്‍പന്തിയിലായിരുന്ന വിഗ്യാന്‍ പ്രസാര്‍ (വി പി) അടച്ചുപൂട്ടിയതും അതോടൊപ്പം നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സയന്‍സ്, ടെക്നോളജി ആന്‍ഡ് ഡെവലപ്മെന്റ് സ്റ്റഡീസിന്റെ (NISATDS) ഗവേഷണ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ചതും ഇതോടൊപ്പം ചേര്‍ത്ത് വായിക്കണം. ഇത് ശാസ്ത്രത്തെ സമൂഹവുമായി ബന്ധിപ്പിക്കുന്നതിനുള്ള പ്രധാന മാര്‍ഗങ്ങളെല്ലാം അവസാനിപ്പിക്കാന്‍ ഉദ്ദേശിച്ചുള്ള നടപടിയായി വേണം കരുതാന്‍. ചുരുക്കത്തില്‍, കഴിഞ്ഞ പത്തു വര്‍ഷത്തിനിടയില്‍, ഇന്ത്യയിലെ ശാസ്ത്ര പ്രചാരണത്തിനും ശാസ്ത്ര അവബോധത്തിനും നേരെ നടക്കുന്ന സൂക്ഷ്മമായി ആസൂത്രിതമായ ആക്രമണങ്ങള്‍, ഇന്ത്യയുടെ ശാസ്ത്ര വൈജ്ഞാനിക ഉത്പാദനത്തില്‍ ഗണ്യമായ ഇടിവുണ്ടാക്കി എന്നതാണ് നിസ്തര്‍ക്കമായ യാഥാര്‍ഥ്യം.


വിവര്‍ത്തനം ലിന്‍സ കെ.എന്‍.


2024 ഏപ്രിൽ ലക്കം ശാസ്ത്രഗതിയിൽ പ്രസിദ്ധീകരിച്ചത്


അനുബന്ധ വായനയ്ക്ക്

ലേഖനം വായിക്കാം

ശാസ്ത്രം കെട്ടുകഥയല്ല -ലഘുലേഖ

ശാസ്ത്രബോധം

100-ലേഖനങ്ങൾ

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
100 %

Leave a Reply

Previous post 2024 ജൂണിലെ ആകാശം
Next post നാം പെട്ടുപോകുന്ന ട്രോളികൾ
Close