Read Time:66 Minute

ഡോ.എം.മുഹമ്മദ് ആസിഫ്

‘പേവിഷബാധ – അറിവാണ് ബലം, ഭയമല്ല വേണ്ടത് ‘

റാബിസ് വൈറസ് ഘടന ത്രിമാനരൂപത്തിൽ. കടപ്പാട്: wikipedia

പൊതുജനാരോഗ്യത്തിന് എക്കാലത്തും വലിയ വെല്ലുവിളിയുയർത്തുന്ന ജന്തുജന്യരോഗമായ പേവിഷബാധ അഥവാ റാബീസ് രോഗത്തെയും അതിന്റെ പ്രതിരോധത്തെയും പറ്റിയുള്ള ഓർമ്മപെടുത്തലുമായി സെപ്തംബർ 28 ലോക പേവിഷബാധ ദിനമായി ആചരിക്കുകയാണ്. അശാസ്ത്രീയതകളും അബദ്ധധാരണകളും അർദ്ധസത്യങ്ങളും മിത്തുകളും പൊതുസമൂഹത്തിൽ ഒരു പാൻഡമിക് പോലെ പടരുന്ന ഈ ഇൻഫോഡെമിക് (Infodemic era) കാലഘട്ടത്തിൽ ‘പേവിഷബാധ – അറിവാണ് ബലം, ഭയമല്ല വേണ്ടത് ‘ (Rabies: Facts, not Fear ) എന്ന പ്രധാന പ്രമേയവുമായാണ് ഈ വര്‍ഷത്തെ പേവിഷദിനം ലോകമെങ്ങും ആചരിക്കപ്പെടുന്നത്. ലോകാരോഗ്യസംഘടനയുടെ നിരീക്ഷണപ്രകാരം ഓരോ ഓരോ പത്ത് മിനിറ്റിലും ലോകത്ത് ഒരാളുടെയെങ്കിലും ജീവനെടുക്കുന്ന അതിമാരകമായ ജന്തുജന്യരോഗമാണ് പേവിഷബാധ. പേവിഷബാധയ്ക്ക് കാരണം റാബ്ഡോ വൈറസ് കുടുംബത്തിലെ ലിസ്സ റാബീസ് എന്നയിനം ആര്‍.എന്‍.എ. വൈറസുകളാണ്. ഉഷ്ണരക്തം ശരീരത്തിലോടുന്ന ഏത് മൃഗത്തെയും രോഗബാധിതമാക്കാനുള്ള ശേഷി റാബീസ് വൈറസിനുണ്ട്. വൈറസ് ബാധിച്ച മൃഗങ്ങളുടെ കടിയോ മാന്തോ അല്ലെങ്കിൽ അവയുടെ ഉമിനീർ മുറിവുകളിൽ പുരളുകയോ ചെയ്യുന്ന സാഹചര്യങ്ങളിൽ നമ്മുടെ ശരീരത്തിൽ കയറിക്കൂടി നാഡികളിൽ പെരുകാൻ ഇടയുള്ള റാബീസ് വൈറസുകളെ അടിയന്തര ചികിത്സയിലൂടെയും കൃത്യമായ ഇടവേളകളിൽ എടുക്കുന്ന പ്രതിരോധ കുത്തിവെപ്പുകളിലൂടെയും നൂറുശതമാനം ഫലപ്രദമായി പ്രതിരോധിക്കാൻ സാധിക്കും. എന്നാൽ പേവിഷബാധ സംശയിക്കാവുന്ന മൃഗങ്ങളുമായി സമ്പർക്കമുണ്ടായിട്ടും പ്രതിരോധകുത്തിവെപ്പ് കൃത്യമായി സ്വീകരിക്കുന്നതിൽ വരുത്തുന്ന വീഴ്ചയും ജാഗ്രതക്കുറവുമാണ് ജീവഹാനി വരുത്തിവയ്ക്കുന്നത്.

വൈറസ് നാഡീവ്യൂഹത്തെയും മസ്തിഷ്കത്തെയും ഗുരുതരമായി ബാധിച്ച്, ഒടുവില്‍ രോഗലക്ഷണങ്ങള്‍ പ്രകടമായി തുടങ്ങിയാല്‍ മരണം നൂറുശതമാനം ഉറപ്പ്. ചികിത്സകൾ ഒന്നും തന്നെ രോഗം കണ്ടുതുടങ്ങിയാൽ പിന്നെ ഫലപ്രദമല്ല. രോഗലക്ഷണങ്ങൾ പ്രകടമായാൽ അതിദാരുണമായ മരണത്തിന് കീഴടങ്ങുകയല്ലാതെ മറ്റൊരു വഴി രോഗിക്ക് മുന്നിലില്ലാത്ത വേറൊരു വൈറസ് രോഗം ഉണ്ടോ എന്നത് സംശയമാണ്. ലോകത്താകമാനം 55000 – 60000 വരെ പേവിഷബാധയേറ്റുളള മരണങ്ങളാണ് പ്രതിവര്‍ഷം സംഭവിക്കുന്നത്. ഇതില്‍ മൂന്നിലൊന്ന് അതായത് 20000- ത്തോളം മരണങ്ങള്‍ നടക്കുന്നത് ഇന്ത്യയിലാണ് എന്നത് ഗൗരവകരമായ വസ്തുതയാണ്. ഈ കണക്കുകള്‍ ഇന്ത്യയെ പേവിഷബാധയുടെ ഹോട്ട്സ്പോട്ടായി പരിഗണിക്കാന്‍ ആരോഗ്യ ഗവേഷകരെ പ്രേരിപ്പിക്കുന്നു. രോഗം ബാധിച്ച് മരണമടയുന്ന പത്തില്‍ നാലുപേരും 15 വയസ്സിൽ താഴെയുള്ള കുട്ടികളാണെന്നാണ് ലോകാരോഗ്യസംഘടനയുടെ നിരീക്ഷണം. 2030- ഓട് കൂടി നായ്ക്കൾ വഴിയുള്ള (Dog mediated rabies) പേവിഷബാധയും, മനുഷ്യരിൽ പേവിഷബാധ മൂലമുള്ള മരണവും തുടച്ചുനീക്കുക എന്ന മഹത്തായ ലക്ഷ്യം നേടിയെടുക്കാനുള്ള പ്രവർത്തനങ്ങളാണ് ലോകാരോഗ്യ സംഘടന, ഐക്യരാഷ്ട്രസഭാ സംഘടനയായ ഫുഡ് ആൻഡ് അഗ്രിക്കൾച്ചറൽ ഓർഗനൈസേഷൻ (എഫ്.എ.ഒ.), വേൾഡ് ഓർഗനൈസേഷൻ ഫോർ അനിമൽ ഹെൽത്ത്, ഗ്ലോബൽ അലയൻസ് ഫോർ റാബിസ് കൺട്രോൾ എന്നിവയുടെ നേതൃത്വത്തിൽ ലോകമെങ്ങും ഇന്ന് നടന്നുകൊണ്ടിരിക്കുന്നത്. രാജ്യത്ത് പേവിഷബാധ മൂലമുള്ള മരണം 2030 ഓട് കൂടി പൂജ്യത്തിലെത്തിക്കൂക എന്ന ലക്ഷ്യത്തോടെ ദേശീയ ആരോഗ്യ ദൗത്യം മുഖേന ആരംഭിച്ച പദ്ധതിയായ ദേശീയ പേവിഷബാധാ നിയന്ത്രണ പരിപാടി ഇന്ത്യയിൽ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നു. ലാറ്റിൻ അമേരിക്കയിലെയും യൂറോപ്പിലെയും മഹാഭൂരിപക്ഷം രാഷ്ട്രങ്ങൾ പേവിഷബാധയെ അവരുടെ നാട്ടിൽ നിന്ന് എന്നേ തുടച്ചുനീക്കികഴിഞ്ഞു.

എന്തുകൊണ്ട് സെപ്റ്റംബർ 28, പേവിഷബാധ ദിനം?

ഫ്രാൻസിലെ അൽസേസിലെ ജോസഫ് മെയ്‌സ്റ്റെർ എന്ന 9 വയസ്സുള്ള കുട്ടിയെ പേപ്പട്ടി കടിച്ച് ഗുരുതരമായി പരിക്കേൽപിച്ചത് 1885 ജൂലൈ നാലിനായിരുന്നു. പേവിഷബാധയേറ്റാൽ മരണം ഉറപ്പുള്ള കാലമാണത്, ഫലപ്രദമായ ശാസ്ത്രീയ ചികിത്സകൾ ഒന്നും ലഭ്യമല്ല. എന്നാൽ തന്റെ പിഞ്ചു മകനെ പേവിഷബാധക്ക് വിട്ടു നൽകാൻ അവന്റെ അമ്മ ഒരുക്കമല്ലായിരുന്നു. പേവിഷത്തിന് ചികിൽസ കണ്ടുപിടിക്കാൻ വർഷങ്ങളായി പരിശ്രമിക്കുന്നതായി താൻ കേട്ടറിഞ്ഞ ലൂയി പാസ്ചർ എന്ന ശാസ്ത്രജ്ഞനെ തേടി ആ അമ്മ പാരീസിലെത്തി. ലൂയി പാസ്ചർ അതുവരെ മൃഗങ്ങളിൽ മാത്രം പരീക്ഷിച്ചിരുന്ന പേവിഷബാധ വാക്സിൻ ആദ്യമായി തന്റെ മകനിൽ പരീക്ഷിക്കാൻ അമ്മ അദ്ദേഹത്തിന് അനുമതി നൽകി. കാരണം, മരണം ഉറപ്പായ ഒരു രോഗത്തിൽ നിന്നും തന്റെ കുഞ്ഞിന്റെ ജീവൻ രക്ഷിക്കുന്നതിനായി ഏതറ്റം വരെ പോവാനും അവർ തയ്യാറായിരുന്നു. ആ അമ്മയുടെ ശുഭാപ്തി വിശ്വാസവും താൻ വികസിപ്പിച്ച വാക്സിൻ മനുഷ്യരിൽ പരീക്ഷിക്കാനുള്ള ലൂയി പാസ്ചറിന്റെ നിശ്ചയദാർഢ്യവും ഒരുമിച്ചതോടെ കാര്യങ്ങൾ പിന്നെ വൈകിയില്ല.

1885, ജൂലൈ 6- ന് വൈകിട്ട് എട്ടുമണിക്ക്, ലൂയി പാസ്ചർ, തന്റെ സഹപ്രവർത്തകനായിരുന്ന എമിലെ റോക്‌സുമായി ചേർന്ന് വികസിപ്പിച്ച പേവിഷബാധ വാക്സിൻ ജോസഫ് മെയ്സ്റ്ററിന്റെ ശരീരത്തിൽ ത്വക്കിനടിയിൽ കുത്തിവച്ചു. മെയ്സ്റ്ററിന് നായയുടെ കടിയേറ്റതിന് ഏതാണ്ട് 60 മണിക്കൂറിനുശേഷമായിരുന്നു ഇത്. അടുത്ത 10 ദിവസങ്ങളിലായി ആകെ 12 തവണകളിലായി വാക്സിനേഷൻ ആവർത്തിച്ചു. പരീക്ഷണാർത്ഥം റാബിസ് വൈറസിനെ കുത്തിവെച്ച് രോഗമുണ്ടാക്കിയ മുയലുകളിലെ സുഷുമ്നാനാഡിയിൽ നിന്നും ശേഖരിച്ച്, വീര്യം കുറച്ച വൈറസുകളായിരുന്നു ലൂയി പാസ്ചറുടെയും എമിലെ റോക്‌സിന്റെയും പ്രഥമ വാക്സിൻ. Pasteur-Roux vaccine എന്നാണ് ഈ പ്രഥമ പേവിഷവാക്സിൻ ചരിത്രത്തിൽ അറിയപ്പെടുന്നത്. ആ അമ്മയുടെ ശുഭചിന്തയും ലൂയി പാസ്ചറിന്റെ നിശ്ചയദാർഡ്യവും തെറ്റിയില്ല. ജോസഫ് മെയ്സ്റ്ററിന്റെ ശരീരത്തെ കീഴടക്കാൻ പേവിഷ വൈറസിന് കഴിഞ്ഞില്ല. മൂന്നുമാസത്തിനുശേഷം ആരോഗ്യപരിശോധന നടത്തിയപ്പോൾ ജോസഫ് മെയ്സ്റ്റർ പൂർണ്ണാരോഗ്യവനായിരുന്നു. പിന്നീട് പേവിഷചികിൽസയ്ക്കായി ലൂയി പാസ്ചറെ തേടി നൂറുകണക്കിനാളുകൾ എത്തി.

ലൂയി പാസ്ചർ തന്റെ ലബോറട്ടറിയിൽ, 1885 ൽ എ. എഡൽഫെൽറ്റ് വരച്ച ചിത്രം കടപ്പാട്: wikipedia

പേവിഷബാധക്ക് കാരണമായ റാബീസ് വൈറസിനു മേൽ ലൂയി പാസ്ചർ കൈവരിച്ച വാക്സിൻ വിജയം പിന്നീട് അനേകമനേകം വാക്സിൻ പരീക്ഷണങ്ങൾക്കും കണ്ടുപിടുത്തങ്ങൾക്കും വഴിതുറന്നു. ഇന്ന് കോവിഡിനെതിരെ വാക്സിൻ വികസിപ്പിച്ചുള്ള പോരാട്ടങ്ങൾക്ക് പോലും ഊർജം പകരുന്നത് നൂറ്റിമുപ്പത്തിയാറ്‌ വർഷങ്ങൾക്ക് മുൻപ് ലൂയി പാസ്ചർ റാബീസ് വൈറസിനെ കീഴടക്കിയ ശാസ്ത്രജിഹ്വ തന്നെ. ജോസഫ് മെയ്സ്റ്റർ എന്ന കുട്ടി വളർന്നു വലുതായി ഒടുവിൽ ലൂയി പാസ്ചർ സ്ഥാപിച്ച പാസ്ചർ ഇൻസ്റ്റിറ്റ്യൂട്ടിന്റെ സൂക്ഷിപ്പുകാരനായി മാറിയത് ചരിത്രത്തിന്റെ മറ്റൊരു കൗതുകം. ലൂയി പാസ്ചറുടെയും എമിലെ റോക്‌സിന്റെയും റാബീസ് വാക്സിന് പിന്നീട് പലവിധ വകഭേദങ്ങൾ ഉണ്ടായി. കൂടുതൽ മികച്ച രീതിയിലുള്ള വാക്സിനുകൾ വികസിപ്പിക്കപ്പെട്ടു. 1980- കളോട് കൂടി സെൽ കൾച്ചർ സാങ്കേതികവിദ്യ ഉപയോഗിച്ച് വികസിപ്പിച്ച ചെലവ് കുറഞ്ഞ റാബീസ് പ്രതിരോധ കുത്തിവെപ്പുകൾ പ്രചാരത്തിലായി. ഇന്ന് ലോകത്ത് പ്രതിവർഷം രണ്ടര ലക്ഷം മനുഷ്യജീവനുകൾ പേവിഷ പ്രതിരോധ കുത്തിവെപ്പിലൂടെ സംരക്ഷിക്കപ്പെടുന്നുണ്ടെന്നാണ് കണക്കാക്കിയിട്ടുള്ളത്. ലോകാരോഗ്യ സംഘടന ഏറ്റവും അടിയന്തിര പ്രാധാന്യമുള്ള മരുന്നുകളുടെ പട്ടികയിലാണ് റാബീസ് വാക്സിനെ ഉൾപ്പെടുത്തിയിരിക്കുന്നത്. പേവിഷ വാക്സിൻ ഉൾപ്പെടെ മനുഷ്യരാശിയെ നിർണായക രീതിയിൽ സ്വാധീനിച്ച മറ്റനേകം കണ്ടെത്തലുകളും ലൂയി പാസ്ചറുടേതായുണ്ട്. ശാസ്ത്രലോകത്ത് നിർണായക സംഭാവനകൾ നൽകിയ ലൂയി പാസ്ചർ ലോകത്തോട് വിടപറഞ്ഞത് 1895 സെപ്റ്റംബർ 28 നായിരുന്നു, ആ ശാസ്ത്രപ്രതിഭയുടെ ചരമദിനത്തിന്റെ ഓർമപുതുക്കലാണ് ലോക പേവിഷബാധ ദിനം. അദ്ദേഹം ആദ്യമായി പേവിഷ വാക്‌സിൻ പരീക്ഷണം നടത്തിയ ജൂലൈ 6 ലോക ജന്തുജന്യരോഗദിനമായും ആചരിക്കുന്നു.

പേവിഷ ബാധ മനുഷ്യരിൽ

കടപ്പാട്: microbewiki.kenyon.edu

ഇന്ത്യയില്‍ പേവിഷ ബാധയേല്‍ക്കുന്നവരിൽല്‍ 97 ശതമാനത്തിനും രോഗബാധയേൽക്കുന്നത് വൈറസ് ബാധിച്ച നായ്ക്കളുടെ കടിയില്‍ നിന്നുമാണ്. 2 ശതമാനം ആളുകൾക്ക് പൂച്ചകളില്‍ നിന്നും ബാക്കി 1 ശതമാനത്തിന് കീരി, കുറുക്കന്‍, ചെന്നായ, മറ്റ് വന്യമൃഗങ്ങൾ എന്നിവയുടെ കടിയിലൂടെയുമാണ് രോഗബാധയുണ്ടാകുന്നത്. പേവിഷബാധയേറ്റ മൃഗങ്ങളുടെ ഉമിനീര്‍ഗ്രന്ഥികളും, ഉമിനീരുമാണ് വൈറസിന്റെ സംഭരണ സൂക്ഷിപ്പ് കേന്ദ്രങ്ങള്‍. കടിയ്ക്കുകയോ, അവയുടെ ഉമിനീര്‍ പുരണ്ട നഖംകൊണ്ട് മാന്തുകയോ മുറിവിലോ ശരീരത്തിലേറ്റ ചെറുപോറലുകളിലോ വായിലെയോ കണ്ണിലേതുൾപ്പടെ ശ്ലേഷ്മസ്തരങ്ങളിലോ ഉമിനീര്‍ പുരളുകയോ ചെയ്യുമ്പോള്‍ വൈറസ് മുറിവില്‍ നിക്ഷേപിക്കപ്പെടുന്നു. പേവിഷബാധയേറ്റ ആട്, പശു, മറ്റ് സസ്തനികള്‍ ഇവ മുറിവുകളില്‍ നക്കിയാലും പേവിഷബാധ വൈറസ് മനുഷ്യരില്‍ എത്താന്‍ സാധ്യത ഉണ്ട്. വളര്‍ത്തുമൃഗങ്ങളില്‍ പൂച്ചയില്‍ നിന്ന് ഏല്‍ക്കുന്ന മാന്ത് പ്രത്യേകം കരുതണം. ഉമിനീര്‍ കൈകളില്‍ പുരട്ടി ശരീരം വൃത്തിയാക്കുന്ന സ്വഭാവമുള്ള ജീവിയാണ് പൂച്ച. അതിനാല്‍ പൂച്ചയുടെ കൈകളില്‍ എപ്പോഴും ഉമിനീര്‍ അംശമുണ്ടാകും വൈറസ് ബാധിച്ചവയാണെങ്കില്‍ വൈറസ് സാന്നിധ്യവും ഉണ്ടാവും.

മുറിവുകളില്‍ നിക്ഷേപിക്കപ്പെടുന്ന വൈറസിന് ശരീരത്തിനുള്ളിലേക്ക് കയറാനുള്ള വഴിയൊരുക്കുക പേശികളിലേയ്ക്ക് തുറക്കുന്ന നാഡീതന്തുക്കളാണ്. പേശികളിലെ നാഡീതന്തുക്കളിലൂടെ സഞ്ചരിച്ച് സുഷുമ്നാഡിയിലും ഒടുവില്‍ മസ്തിഷ്ക്കത്തിലും വൈറസ് എത്തുകയും പെരുകുകയും ചെയ്യും. അതോടെ ലക്ഷണങ്ങള്‍ പ്രകടമായി തുടങ്ങും. നാഡികളിലൂടെ പടര്‍ന്ന് മസ്തിഷ്ക്കത്തിലെത്താന്‍ വേണ്ടിയുള്ള യാത്രയില്‍ മണിക്കൂറില്‍ 3 മില്ലിമീറ്റര്‍ ദൂരം എന്ന ചെറിയ വേഗം മാത്രമേ വൈറസിനുള്ളൂ. അതിനാല്‍ കടിയേറ്റ ശരീരഭാഗം, ആ ഭാഗവും സുഷുമ്നാനാഡിയും മസ്തിഷ്കവും തമ്മിലുള്ള അകലം, കടിയുടെ തീവ്രത എന്നിവയെല്ലാം അനുസരിച്ച് രോഗലക്ഷണങ്ങൾ പ്രകടമാകുന്നത് വരെയുള്ള ഇടവേള (incubation period) വ്യത്യാസപ്പെടും. തലയോട് ചേര്‍ന്നോ നാഡീതന്തുക്കൾ നിബിഡമായ വിരലിലോ മുഖത്തോ ഒക്കെയാണ് കടിയേറ്റതെങ്കില്‍ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങാന്‍ വളരെ ചുരുങ്ങിയ സമയം മതി.
വൈറസ് ശരീരത്തിൽ എത്തി രോഗലക്ഷണങ്ങൾ പ്രകടമാകുന്നത് വരെയുള്ള ഇടവേള സമയം ഒരാഴ്ച മുതല്‍ മൂന്ന് മാസംവരെ നീളും. എന്നാല്‍ ഒരു വര്‍ഷം വരെയും അതിലധികവും നീണ്ട സംഭവങ്ങളും ആരോഗ്യശാസ്ത്രത്തിൽ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. അതിനാല്‍ കടിയേറ്റ ഉടനെയുള്ള പ്രഥമശുശ്രൂഷയ്ക്കും രോഗലക്ഷണങ്ങള്‍ പ്രകടമാവുന്നതിന് മുന്‍പുള്ള ഇടവേളയില്‍ എടുക്കുന്ന പ്രതിരോധ കുത്തിവെപ്പുകൾക്കും ജീവന്റെ വിലയുണ്ട്.

തലവേദന, തൊണ്ടവേദന, മൂന്നുനാല് ദിവസം നീണ്ടുനിൽക്കുന്ന പനി, കടിയേറ്റ ഭാഗത്ത് മരവിപ്പ് എന്നിവയാണ് പ്രാഥമിക പേവിഷ രോഗലക്ഷണങ്ങൾ. വൈറസ് നാഡീവ്യൂഹത്തെ ബാധിച്ചു കഴിഞ്ഞാൽ ശ്വാസതടസ്സം, ഉറക്കമില്ലായ്മ, വെള്ളം തൊണ്ടയിലൂടെ ഇറക്കാനുള്ള ബുദ്ധിമുട്ട്, കാറ്റ്, വെള്ളം, വെളിച്ചം എന്നിവയുടെ സാമീപ്യം മൂലമുള്ള അസ്വസ്ഥത, മാനസിക വിഭ്രാന്തി, മരണഭയം എന്നിവ പ്രകടമാകും.

തലവേദന, തൊണ്ടവേദന, മൂന്നുനാല് ദിവസം നീണ്ടുനിൽക്കുന്ന പനി, കടിയേറ്റ ഭാഗത്ത് മരവിപ്പ് എന്നിവയാണ് പ്രാഥമിക പേവിഷ രോഗലക്ഷണങ്ങൾ. വൈറസ് നാഡീവ്യൂഹത്തെ ബാധിച്ചു കഴിഞ്ഞാൽ ശ്വാസതടസ്സം, ഉറക്കമില്ലായ്മ, വെള്ളം തൊണ്ടയിലൂടെ ഇറക്കാനുള്ള ബുദ്ധിമുട്ട്, കാറ്റ്, വെള്ളം, വെളിച്ചം എന്നിവയുടെ സാമീപ്യം മൂലമുള്ള അസ്വസ്ഥത, മാനസിക വിഭ്രാന്തി, മരണഭയം എന്നിവ പ്രകടമാകും. മസ്തിഷ്കത്തെ ബാധിക്കുന്ന റാബീസ് വൈറസ് എൻസഫലൈറ്റിസ് അഥവാ മസ്തിഷ്ക വീക്കം ഉണ്ടാക്കുന്നു. അതോടെ അപസ്മാരം, പക്ഷാഘാതം, മസ്തിഷ്ക മരണം ഇവ സംഭവിക്കാം. രോഗലക്ഷണങ്ങൾ പ്രകടമായാൽ അത്യന്തം വേദനാജനകമായ മരണം സുനിശ്ചിതമാണ്. സംസ്ഥാന ആരോഗ്യ വകുപ്പിന്റെ കണക്കനുസരിച്ച് 2016 ൽ രണ്ട് പേരും 2017 ൽ മൂന്ന് പേരും 2018 ൽ 9 പേരും 2019 ൽ 8 പേരുമാണ് പേവിഷബാധ ബാധിച്ച് കേരളത്തിൽ മരണമടഞ്ഞത്. 2019 – 20 വർഷത്തിൽ 3 ലക്ഷത്തോളം പേരാണ് പേവിഷബാധ ചികിത്സയ്ക്കായി സംസ്‌ഥാനത്തെ വിവിധ ആശുപത്രികളിൽ എത്തിയിട്ടുള്ളത്. ഇതിൽ 50 ശതമാനത്തിലേറെ പേരും നായയുടെ കടിയേറ്റവർ ആയിരുന്നു. ഏറ്റവും ഒടുവിൽ പേവിഷബാധയേറ്റുള്ള മരണ വാർത്തയെത്തിയത് ഇക്കഴിഞ്ഞാഴ്ച വയനാട് സുൽത്താൻ ബത്തേരിയിൽ നിന്നായിരുന്നു. ബത്തേരി മുത്തങ്ങ സ്വദേശിയായ മുപ്പതുകാരനാണ് മരണപ്പെട്ടത്. ആഴ്ചകൾക്ക് മുൻപ് ഒരു നായ കാൽമുട്ടിന് മുകളിൽ മാന്തിയെങ്കിലും സമയബന്ധിതമായി പ്രതിരോധകുത്തിവെപ്പ് എടുക്കുന്നതിൽ വന്ന അശ്രദ്ധയായിരുന്നു യുവാവിന്റെ ജീവനെടുത്തത്.

പേവിഷബാധ വളര്‍ത്തുമൃഗങ്ങളില്‍

 

കടപ്പാട്: todaysveterinarypractice.com

റാബീസ് വൈറസ് ബാധയേറ്റ ജീവികളുടെ കടിയേല്‍ക്കുകയോ മാന്തേൽക്കുകയോ, ശരീരത്തിലെ മുറിവുകളില്‍ അവയുടെ ഉമിനീര്‍ പുരളുകയോ ചെയ്താല്‍ മനുഷ്യരെ മാത്രമല്ല നായ, പൂച്ച, പശു, ആട്, എരുമ തുടങ്ങിയ വളര്‍ത്തുമൃഗങ്ങളെയും രോഗം ബാധിക്കും. സംസ്ഥാനത്ത് പ്രതിവര്‍ഷം ഇരുനൂറിലധികം പശുക്കളുള്‍പ്പെടെ ആയിരത്തിലധികം വളര്‍ത്തുമൃഗങ്ങള്‍ പേവിഷബാധയേറ്റ് മരണപ്പെടുന്നുണ്ടെന്നാണ് മൃഗസംരക്ഷണ വകുപ്പിന്റെ നിരീക്ഷണം. അനിമൽ ഡിസീസ് മോണിറ്ററിങ് ആൻഡ് സർവൈലൻസ് അഖിലേന്ത്യ കോർഡിനേറ്റഡ് റിസർച്ചിന്റെ വാർഷിക റിപ്പോർട്ട് പേവിഷബാധ കേരളത്തിൽ വളർത്തുമൃഗങ്ങളിൽ എൻഡെമിക് ആണെന്നാണ് വിലയിരുത്തുന്നത്. കുരലടപ്പൻ, കരിങ്കാൽ രോഗം / ബ്ലാക്ക് ക്വാർട്ടർ തുടങ്ങിയ സാംക്രമിക രോഗങ്ങൾ ബാധിച്ച് ചത്തൊടുങ്ങുന്നതിനേക്കാൾ കന്നുകാലികൾ സംസ്ഥാനത്ത് പ്രതിവർഷം പേവിഷബാധയേറ്റ് മരണപ്പെടുന്നുണ്ടെന്ന് പ്രസ്തുത റിപ്പോർട്ട് വിലയിരുത്തുന്നു.

മൃഗങ്ങളിൽ റാബീസ് വൈറസ് ബാധയേറ്റാല്‍ ലക്ഷണങ്ങൾ കണ്ടുതുടങ്ങാൻ എടുക്കുന്ന സമയം ദിവസങ്ങൾ മുതൽ മാസങ്ങളോളം നീളാം. കടിയേറ്റ മൃഗത്തിന്റെ പ്രായം, കടിയേറ്റ ശരീരഭാഗം, കടിയേറ്റ ഭാഗവും സുഷുമ്നാനാഡിയും മസ്തിഷ്കവും തമ്മിലുള്ള അകലം, കടിയുടെ തീവ്രത എന്നിവയെല്ലാം ലക്ഷണങ്ങൾ കണ്ടുതുടങ്ങാൻ എടുക്കുന്ന സമയത്തെ സ്വാധീനിക്കുന്ന ഘടകങ്ങൾ ആണ്. എന്നിരുന്നാലും ശരാശരി മൂന്നുമുതൽ എട്ട് ആഴ്ചകൾക്കുള്ളിൽ വൈറസ് ബാധിച്ച നായ്ക്കളിലും നാലുമുതൽ ആറ് ആഴ്ചകൾക്കുള്ളിൽ പൂച്ചകളിലും രോഗലക്ഷണങ്ങള്‍ പ്രകടമാവും. അക്രമണ സ്വഭാവത്തോടെ ക്രുദ്ധരൂപത്തിലോ ( Excitatory – Furious), ക്രമേണയുള്ള ശരീരതളര്‍ച്ച കാണിക്കുന്ന തരത്തില്‍ മൂകരൂപത്തിലോ (Paralytic – Dumb) ആയിരിക്കും രോഗലക്ഷണങ്ങള്‍ പ്രകടമാവുക. പതിവിന് വിപരീതമായി യജമാനനെ അനുസരിക്കാതിരിക്കുന്നതും, വായില്‍ നിന്ന് ഉമിനീര്‍ ഒലിപ്പിച്ച് ലക്ഷ്യമില്ലാതെ ഓടുന്നതും, കണ്ണില്‍ കാണുന്നതിനെയെല്ലാം കാരണമൊന്നുമില്ലാതെ കടിക്കുന്നതും ക്രുദ്ധരൂപത്തിലുള്ള പേവിഷബാധയുടെ സൂചനകളാണ്. നായ്ക്കളുടെ കണ്ണുകള്‍ ചുവക്കുകയും തൊണ്ടയിലെ പേശിമരവിപ്പ് മൂലം കുര വ്യത്യാസപ്പെടുകയും ചെയ്യും. ഉന്മേഷമില്ലായ്മ, തളര്‍ച്ച, ഇരുളടഞ്ഞ മൂലകളില്‍ ഒളിച്ചിരിക്കല്‍, കീഴ്ത്താടിയും നാവും തളര്‍വാതം പിടിപെട്ട് സാധാരണയില്‍ കവിഞ്ഞ് താഴേക്ക് തൂങ്ങല്‍, പിൻകാലുകൾ തളരുന്നത് മൂലം നടക്കുമ്പോൾ വീഴാൻ പോവുക, വെള്ളം കുടിക്കാന്‍ ശ്രമിക്കുമെങ്കിലും അതിന് കഴിയാതിരിക്കല്‍, ശ്വസന തടസ്സം എന്നിവയെല്ലാമാണ് മൂകരൂപത്തിലുള്ള പേവിഷബാധയുടെ ലക്ഷണങ്ങള്‍. പൂച്ചകളിൽ പനി സാധാരണയാണ്. ക്രുദ്ധരൂപത്തിലുള്ള രോഗലക്ഷണങ്ങളാണ് പൂച്ചകളിൽ കൂടുതലായി കാണാറുള്ളത്. രോഗലക്ഷണങ്ങള്‍ പ്രകടമാവുന്നതിനും 3 – 5 ദിവസം മുന്‍പ് മുതല്‍ ഉമിനീരില്‍ റാബീസ് വൈറസ് സാന്നിധ്യമുണ്ടാവും. രോഗലക്ഷണങ്ങള്‍ പ്രകടമായി തുടങ്ങിയാല്‍ പത്ത് ദിവസത്തിനുള്ളില്‍ മരണമുറപ്പാണ്.

പശുക്കളിലും, ആടുകളിലും രോഗം പ്രകടമാവാന്‍ രണ്ട് മുതല്‍ പന്ത്രണ്ട് ആഴ്ച വരെയെടുക്കും. വെപ്രാളം, വിഭ്രാന്തി, അക്രമിക്കാന്‍ ഓടിയടുക്കല്‍, പേശികള്‍ വലിഞ്ഞുമുറുക്കി പ്രത്യേക ശബ്ദത്തില്‍ നീട്ടിയുള്ള തുടര്‍ച്ചയായ കരച്ചില്‍, കൈകാലുകള്‍ കൊണ്ട് തറയില്‍ മാന്തുകയും ചവിട്ടുകയും ചെയ്യല്‍, വായില്‍ നിന്ന് ഉമിനീര്‍ അമിതമായി പതഞ്ഞൊലിക്കല്‍, തീറ്റയിറക്കാനുള്ള പ്രയാസം, ഇടയ്ക്കിടെ മൂത്രമൊഴിക്കല്‍, കെട്ടിയ കയറും കുറ്റിയും കടിച്ചുപറിയ്ക്കല്‍, പല്ലുകള്‍ കൂട്ടിയുരുമ്മല്‍, ഒടുവില്‍ കാലുകള്‍ക്ക് തളര്‍ച്ച ബാധിച്ച് വീഴല്‍ എന്നിവയെല്ലാം കന്നുകാലികളിലെ പേവിഷബാധ ലക്ഷണങ്ങളാണ്. പശുക്കളുടെ തുടര്‍ച്ചയായ കരച്ചില്‍ കാരണം മദിയുടെ ലക്ഷണമായും, തീറ്റയിറക്കാന്‍ പ്രയാസപ്പെടുന്നതിനാല്‍ അന്നനാളത്തിലെ തടസ്സമായും ക്ഷീരകര്‍ഷകര്‍ പശുക്കളിലെ പേവിഷബാധയെ പലപ്പോഴും തെറ്റിദ്ധരിക്കാറുണ്ട്. രോഗലക്ഷണങ്ങള്‍ പ്രകടമായതിന് മൂന്ന് മുതല്‍ ഏഴ് ദിവസത്തിനകം മരണം സംഭവിയ്ക്കും. റാബീസ് വൈറസുകള്‍ മുറിവില്‍ നിന്നും നാഡികള്‍ വഴി സഞ്ചരിച്ച് തലച്ചോറിലെത്തിയാണ് രോഗമുണ്ടാക്കുന്നത് എന്നറിയാമല്ലോ. കഴുത്തിന് മുകളില്‍ കടിയേറ്റാല്‍ മുറിവില്‍ നിന്നും വൈറസുകള്‍ വളരെ വേഗത്തില്‍ തലച്ചോറിലെത്തി രോഗമുണ്ടാക്കും. പശുക്കള്‍ക്കും ആടുകള്‍ക്കുമെല്ലാം കഴുത്തിന് മുകളില്‍ കടിയേല്‍ക്കാനാണ് കൂടുതല്‍ സാധ്യതയെന്നതിനാല്‍ പ്രത്യേകം ജാഗ്രത വേണം. വൈറസുകളിലെ വില്ലനാണങ്കിലും ജീവന്റെ തുടിപ്പ് നഷ്ടപ്പെട്ട ശരീരത്തിലോ പുറത്തോ നിർജീവമായ പ്രതലങ്ങളിലോ വസ്തുക്കളിലോ ഒന്നും അല്പസമയം പോലും നിലനിൽക്കാൻ റാബീസ് വൈറസുകൾക്കാവില്ല. അതിനാൽ സ്വന്തം ജീവിതചക്രം നിലനിർത്തണമെങ്കിൽ രോഗം ബാധിച്ച മൃഗമോ മനുഷ്യനോ മരിക്കുന്നതിന് മുൻപ് ഉഷ്ണരക്തമുള്ള മറ്റൊരു ശരീരത്തിൽ വൈറസിന് കടന്നുകയറിയേ തീരൂ.

ജീവന്റെ വിലയുള്ള പ്രഥമശുശ്രൂഷയും പ്രതിരോധകുത്തിവെപ്പും

ബ്രസീലിലെ സാന്താ കാറ്ററീനയിൽ 20-ആം നൂറ്റാണ്ടിന്റെ ആദ്യകാല റാബിസ് വാക്സിനേഷൻ കടപ്പാട്: wikipedia

മൃഗങ്ങളിൽ നിന്നും കടിയോ പോറലോ ഏല്‍ക്കുകയോ ഉമിനീര്‍ മുറിവില്‍ പുരളുകയോ ചെയ്യുന്ന സാഹചര്യത്തില്‍ ചെയ്യേണ്ട പ്രഥമ ശുശ്രൂഷ മുറിവേറ്റ ഭാഗം ഒഴുകുന്ന ടാപ്പ് വെള്ളത്തിൽ കഴുകി വൃത്തിയാക്കുകയാണ്. മുറിവില്‍ നിന്നും ഉമിനീരിന്റെ അംശം പൂർണമായും നീക്കിയ ശേഷം മുറിവിൽ സോപ്പ് പതപ്പിച്ച് വീണ്ടും പതിനഞ്ചുമിനിറ്റ് സമയമെടുത്ത് കഴുകി വൃത്തിയാക്കണം. റാബീസ് വൈറസിന്റെ പുറത്തുള്ള ലിപിഡ് തന്മാത്രകൾ ചേര്‍ന്ന ഇരട്ട സ്തരത്തെ അലിയിപ്പിച്ച് കളഞ്ഞ് വൈറസിനെ നിര്‍വീര്യവും നിരായുധവുമാക്കാനുള്ള ശേഷി സോപ്പിന്റെ രാസഗുണത്തിലുണ്ട്. മുറിവ് വൃത്തിയാക്കുമ്പോൾ കൈകളില്‍ ഗ്ലൗസ് ഉപയോഗിക്കാവുന്നതാണ്. കുട്ടികള്‍ക്കാണ് കടിയേറ്റതെങ്കില്‍ അവരുടെ ശരീരഭാഗം മുഴുവന്‍ പരിശോധിച്ച് മുഴുവന്‍ മുറിവുകളും കണ്ടെത്തി വൃത്തിയാക്കണം. പിന്നീട് മുറിവില്‍ നിന്ന് നനവ് ഒപ്പിയെടുത്ത ശേഷം പോവിഡോൺ അയഡിൻ ലേപനം പുരട്ടുകയും ഉടന്‍ വൈദ്യസഹായം തേടുകയും വേണം. കടിയേറ്റ മുറിവുകളിൽ തണുപ്പോ ചൂടോ ഏൽപ്പിക്കുക, മണ്ണോ ഉപ്പോ മഞ്ഞളോ മറ്റോ പുരട്ടുക തുടങ്ങിയവയെല്ലാം തീർച്ചയായും ഒഴിവാക്കണം. ഇതെല്ലാം മുറിവുകളിൽ പേശികളോടു ചേർന്നുള്ള നാഡീതന്തുക്കളെ ഉത്തേജിപ്പിക്കുകയും റാബീസ് വൈറസിന് പേശികളിലെ നാഡീതന്തുക്കളിലേയ്ക്കുള്ള കടന്നുകയറ്റം എളുപ്പമാക്കുകയും ചെയ്യും.

ആന്റിറാബീസ് വാക്സിൻ, ഇമ്മ്യൂണോഗ്ളോബുലിൻ

മുറിവിന്റെ സ്വഭാവമനുസരിച്ചാണ് ചികിത്സ തീരുമാനിക്കുന്നത്. ആന്റിറാബീസ് വാക്സിൻ, ഇമ്മ്യൂണോഗ്ളോബുലിൻ എന്നിവയാണ് പ്രധാനമായി പേവിഷ പ്രതിരോധ ചികിത്സയ്ക്ക് ഉപയോഗിക്കുന്നത്. പേവിഷ ബാധ സംശയിക്കുന്ന മൃഗങ്ങളെ തൊടുക, അവയ്ക്ക് ഭക്ഷണം കൊടുക്കുക, മുറിവുകൾ ഇല്ലാത്ത തൊലിപ്പുറത്തു മൃഗങ്ങൾ നക്കുക തുടങ്ങിയ സാഹചര്യങ്ങളിൽ വൈറസ് ബാധയേൽക്കാനുള്ള സാധ്യത ഇല്ലാത്തതിനാൽ (കാറ്റഗറി 1) പ്രതിരോധകുത്തിവെപ്പുകൾ നൽകേണ്ടതില്ല. സ്പർശം ഉണ്ടായ ശരീരഭാഗം നന്നായി ഒഴുകുന്ന ടാപ്പ് വെള്ളത്തിൽ സോപ്പുപയോഗിച്ചു പതിനഞ്ചു മിനിറ്റ് (?) കഴുകിയാൽ മാത്രം മതിയാവും. തൊലിപ്പുറത്തുള്ള മാന്തൽ, രക്തം വരാത്ത ചെറിയ പോറലുകൾ എന്നിവയെ കാറ്റഗറി 2 ൽ ആണ് ഉൾപ്പെടുത്തിയിരിക്കുന്നത്. കാറ്റഗറി 2 ൽ ഉൾപ്പെട്ട കേസുകളിൽ ചികിത്സയ്ക്ക് പ്രതിരോധ കുത്തിവെപ്പ് വേണം. രക്തം പൊടിഞ്ഞ മുറിവുകൾ, മുറിവുള്ള തൊലിപ്പുത്ത് നക്കുക, ചുണ്ടിലോ വായിലോ നാക്കിലോ കണ്ണിലോ നക്കുക, കാട്ടുപൂച്ച, കടുവ, കരടി, പുലി, ചെന്നായ, തുടങ്ങി വിവിധ വന്യമൃഗങ്ങളുടെ ആക്രമണം എന്നിവ ഏറെ അപകട സാധ്യത ഉള്ളതായതിനാൽ കാറ്റഗറി 3 യിൽ ഉൾപ്പെടുത്തിയാണ് ചികിത്സ നൽകുന്നത്. ആന്റിറാബീസ് കുത്തിവെപ്പിനോടൊപ്പം, ഹ്യൂമൻ റാബീസ് ഇമ്മ്യൂണോഗ്ലോബുലിൻ കൂടി ഇത്തരം കേസുകളിൽ നൽകണം. രോഗിയുടെ തൂക്കത്തിനനുസരിച്ചാണ് ഇമ്മ്യൂണോഗ്ലോബുലിൻ നൽകുന്നത്.

മുറിവിന്റെ എല്ലാ വശങ്ങളിലും എത്തുന്ന വിധത്തിൽ എടുക്കുന്ന റെഡിമെയ്‌ഡ്‌ പ്രതിരോധ ഘടകങ്ങൾ അടങ്ങിയ ആന്റി റാബീസ് സിറമായ ഇമ്മ്യൂണോഗ്ലോബിനുകൾ വളരെ വേഗത്തിൽ പ്രതിരോധം പ്രദാനം ചെയ്യുന്നവയാണ്. മുറിവിന് ചുറ്റും നൽകുന്നതിനൊപ്പം മാംസപേശിയിൽ ആഴത്തിലും ഇമ്മ്യൂണോ ഗ്ലോബുലിൻ നൽകാറുണ്ട്. ആന്റിറാബീസ് വാക്‌സിൻ ശരീരത്തിൽ പ്രവർത്തിച്ച് പ്രതിരോധ ആന്റിബോഡികൾ ഉണ്ടാക്കി വരാനെടുക്കുന്ന രണ്ടാഴ്ച വരെയുള്ള കാലയളവിൽ ഇമ്മ്യുണോഗ്ലോബുലിൻ വൈറസിൽ നിന്നും സുരക്ഷ ഉറപ്പാക്കും. മൃഗങ്ങളുടെ കടിയേറ്റുണ്ടാവുന്ന മുറിവുകൾ പരമാവധി തുന്നാറില്ല. തുന്നുമ്പോൾ മുറിവിന് ചുറ്റുമുള്ള നാഡികളിലൂടെ വൈറസ് മസ്തിഷ്‌കത്തിലെത്താനുള്ള സാധ്യത കൂടിയേക്കാം എന്നത് കൊണ്ടാണിത്. എന്നാൽ തുന്നിടേണ്ടി വരുന്ന അടിയന്തിര സാഹചര്യങ്ങളിൽ, ഇമ്മ്യൂണോഗ്ലോബുലിൻ നൽകിയാണ് തുന്നിടാറുള്ളത്. ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാര്‍, നവജാതശിശുക്കൾ, പ്രായമായവർ, ഗുരുതര രോഗം ബാധിച്ചവർ ഉള്‍പ്പെടെ ആര്‍ക്ക് കടിയേറ്റാലും വാക്സിന്‍ എടുക്കുക എന്നത് പ്രധാനമാണ്. ഇതിൽ ഒരു വിട്ടുവീഴ്ചയും പാടില്ല. കോവിഡ് വാക്സിനേഷൻ സ്വീകരിച്ചവർ ആണെങ്കിൽ കൂടിയും പേവിഷബാധക്കെതിരെയുള്ള വാക്‌സിൻ നിർദേശിക്കപ്പെട്ട ക്രമത്തിൽ ഒരു മുടക്കവും കൂടാതെ എടുക്കണം. മറ്റ് ഏത് രോഗത്തെക്കാളും പ്രാധാന്യം ലക്ഷണങ്ങൾ കണ്ടുതുടങ്ങിയാൽ നൂറുശതമാനം മരണസാധ്യതയുള്ള പേവിഷ പ്രതിരോധകുത്തിവെപ്പിന്‌ നൽകണം. പേവിഷബാധയ്ക്ക് എതിരെയുള്ള പ്രതിരോധ കുത്തിവെപ്പ് സാമൂഹിക ആരോഗ്യ കേന്ദ്രങ്ങൾ, താലൂക്ക് ആശുപത്രികൾ, സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി, ജനറൽ ആശുപത്രി, ജില്ലാ ആശുപത്രി, ഗവൺമെൻറ് മെഡിക്കൽ കോളേജ് എന്നിവിടങ്ങളിൽ എല്ലാം സൗജന്യമായി ലഭിക്കുന്നതാണ്. ആന്റി റാബീസ് സിറമായ ഇമ്മ്യൂണോ ഗ്ലോബുലിൻ സർക്കാർ തലത്തിൽ മെഡിക്കൽ കോളേജുകൾ, ജില്ലാ ആശുപത്രികൾ, ജനറൽ ആശുപത്രികൾ എന്നിവിടങ്ങളിൽ ലഭ്യമാണ്. കൂടാതെ സ്വകാര്യ ആശുപത്രികളും ഇതു ലഭ്യമാക്കുന്നുണ്ട്.

കടിയേറ്റവരിൽ പുതുക്കിയ ‘തായ് റെഡ്ക്രോസ്’ പ്രോട്ടോക്കോള്‍ പ്രകാരമുള്ള പോസ്റ്റ് എക്‌സ്‌പോഷര്‍ വാക്സിനേഷന്‍ ആണ് ഇപ്പോള്‍ ഇന്ത്യയിൽ വ്യാപകമായി അവലംബിക്കുന്നത്. 0. 1 മില്ലി ലിറ്റർ വീതമുള്ള ഓരോ ഡോസ് വാക്സിന്‍ കൈക്കുഴയ്ക്കു താഴെ തൊലിക്കടിയില്‍ രണ്ട് സ്ഥലങ്ങളിലായി 0, 3, 7, 28 ദിവസങ്ങളിലായി നല്‍കുന്നതാണ് പുതുക്കിയ തായ് റെഡ്ക്രോസ് പ്രോട്ടോക്കോള്‍. ഇതിൽ കേവലം 0. 8 മില്ലി വാക്സിൻ മാത്രമേ ഈ രീതിയിൽ ഒരു രോഗിക്കായി വേണ്ടി വരുന്നുള്ളൂ. 0 , 3, 7, 14, 28 ദിവസങ്ങളിൽ പേശികളിൽ നൽകുന്ന രീതിയും (എസ്സെൻ ഷെഡ്യൂൾ) ചില ആശുപത്രികളിൽ അവലംബിക്കുന്നുണ്ട്. ആദ്യ കുത്തിവെപ്പ് എടുക്കുന്ന ദിവസമാണ് 0 കുത്തിവെപ്പ് എന്ന നിലയിൽ പരിഗണിക്കുന്നത്. ഒരിക്കൽ കടിയേറ്റതിന് ശേഷമുള്ള മുഴുവന്‍ കുത്തിവെപ്പുകളോ പൂര്‍ണ്ണമായ മുന്‍കൂര്‍ പ്രതിരോധകുത്തിവെപ്പുകളോ എടുത്ത ഒരാള്‍ക്ക് മൂന്ന് മാസത്തിനുള്ളില്‍ വീണ്ടും കടിയോ, മാന്തോ കിട്ടിയാല്‍ മുറിവുകളുടെ പരിചരണം മാത്രമേ ആവശ്യമുള്ളൂ. പ്രതിരോധകുത്തിവെയ്‌പോ, ഇമ്മ്യൂണോഗ്ലോബുലിനോ വേണ്ടതില്ല. പ്രതിരോധ കുത്തിവെപ്പുകൾ മുഴുവൻ ഡോസുകളും ഒരിക്കൽ എടുത്താൽ, വ്യക്തിയുടെ ശരീരത്തിൽ വർഷങ്ങളോളം പ്രതിരോധശേഷി നിലനിൽക്കും. എന്നിരുന്നാലും മൂന്ന് മാസത്തിന് ശേഷമാണ് കടിയേല്‍ക്കുന്നതെങ്കില്‍ പ്രതിരോധ ശേഷിയെ ഒരിക്കൽ കൂടി സജീവമാക്കുന്നതിനായി വാക്സിന്‍ രണ്ട് തവണകളായി 0, 3 ദിവസങ്ങളില്‍ എടുക്കണം. മുറിവ് എത്ര തീവ്രമായാലും ഇമ്മ്യൂണോഗ്ലോബുലിന്‍ ചികിത്സ ആവശ്യമില്ല. കുത്തിവെപ്പ് വിവരങ്ങൾ കൃത്യമായി ഓർക്കാത്തവരും മുൻപ് മുഴുവൻ കുത്തിവെപ്പ് എടുക്കാത്തവരും വീണ്ടും ക്രമപ്രകാരമുള്ള മുഴുവൻ കോഴ്സ് വാക്സിൻ എടുക്കണം.

പട്ടി, പൂച്ച ഇവയെ സ്ഥിരമായി കൈകാര്യം ചെയ്യുന്നവർ, പെറ്റ് ഷോപ്പുകളിലെയും കെന്നലുകളിലെയും കാറ്ററികളിലെയും ജീവനക്കാർ, മൃഗശാല ജീവനക്കാര്‍, വനം വകുപ്പ് ജീവനക്കാർ ഉൾപ്പെടെ വന്യമൃഗങ്ങളുമായി ഇടപഴുകുന്നവർ വെറ്ററിനറി ഡോക്ടര്‍മാര്‍, നഴ്സുമാര്‍ തുടങ്ങിയവർ റാബീസ് വൈറസുമായി സമ്പർക്കം ഉണ്ടാവാൻ ഇടയുള്ള ഹൈ റിസ്ക് വിഭാഗത്തിൽ പെട്ടവരാണ്. ഈ വിഭാഗത്തിൽ പെടുന്നവർ മുൻകൂറായി 0, 7 ,28 ദിവസങ്ങളിൽ പേവിഷ പ്രതിരോധ കുത്തിവയ്പ്പ് (Pre exposure Prophylaxis) എടുക്കുന്നതും വർഷാവർഷം രക്തപരിശോധന നടത്തി സിറത്തിൽ ആന്റിബോഡിയുടെ അളവ് നിർണയിച്ച ശേഷം ആവശ്യമെങ്കിൽ ബൂസ്റ്റർ ഡോസ് പ്രതിരോധ കുത്തിവെപ്പ് സ്വീകരിക്കുന്നതും ഉചിതമാണ്. മുൻകൂറായി 0, 7 ,28 ദിവസങ്ങളിൽ പേവിഷ പ്രതിരോധ കുത്തിവെപ്പ് സ്വീകരിച്ചവരെ വീണ്ടും മൃഗങ്ങൾ കടിച്ചാൽ 0, 3 ദിവസങ്ങളിൽ പ്രതിരോധശേഷിയെ ഉണർത്തുന്നതിനായി 2 കുത്തിവെപ്പ് എടുത്താൽ മാത്രം മതി. ഇവരും ഇമ്മ്യൂണോഗ്ലോബുലിൻ എടുക്കേണ്ടതില്ല.

വീട്ടിൽ വളർത്തുന്നതോ പരിചയമുള്ളതോ ആയ, പ്രതിരോധ കുത്തിവെപ്പുകള്‍ പൂര്‍ണ്ണമായും എടുത്ത നായയില്‍ നിന്നോ പൂച്ചയില്‍ നിന്നോ കടിയോ മാന്തോ ഏറ്റാലും നിര്‍ബന്ധമായും വാക്സിനേഷന്‍ എടുക്കണം. പ്രതിരോധ കുത്തിവെപ്പുകള്‍ എടുത്ത മൃഗങ്ങള്‍ ആണെങ്കില്‍ തന്നെയും ഇവ പൂര്‍ണ്ണമായും പേവിഷബാധയ്ക്കെതിരെ പ്രതിരോധം കൈവരിച്ചവയാണെന്ന് ഉറപ്പിക്കാന്‍ കഴിയില്ല. വാക്സിന്റെ ഗുണനിലവാരം, മൃഗത്തിന്റെ ആരോഗ്യം, പ്രായം എന്നിവയെല്ലാം പ്രതിരോധശേഷിയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. മൃഗത്തിന്റെ ശരീരത്തിൽ രൂപപ്പെട്ട പ്രതിരോധ ശേഷിയുടെ നിലവാരം നിർണയിക്കാനുള്ള ഉപാധികളും പരിമിതമാണ്. എല്ലാത്തിനുമുപരി, ഇന്ത്യ വളരെ അധികം റാബീസ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന റാബീസ് എൻഡെമിക് വിഭാഗത്തിൽ ഉൾപ്പെടുന്ന രാജ്യമാണ്. അതിനാലാണ് പ്രതിരോധ കുത്തിവെപ്പ് എടുത്ത മൃഗങ്ങളുടെ കടിയേറ്റാലും വാക്സിനേഷന്‍ നിർദേശിക്കുന്നത്. വാക്സിൻ എടുക്കുന്നതിനൊപ്പം കടിച്ച നായയേയോ, പൂച്ചയേയോ പത്ത് ദിവസം നിരീക്ഷിക്കുകയും വേണം. പത്തു ദിവസത്തെ നിരീക്ഷണം എന്നത് നായ്ക്കള്‍ക്കും, പൂച്ചകള്‍ക്കും മാത്രം ബാധകമായ സമയപരിധിയാണ് എന്നത് പ്രത്യേകം ഓർക്കുക. പത്ത് ദിവസം നിരീക്ഷിച്ചിട്ടും നായക്കോ, പൂച്ചക്കോ മരണം സംഭവിച്ചിട്ടില്ലെങ്കില്‍ അവ പേവിഷബാധ ഏറ്റവയല്ലെന്ന് ഉറപ്പിക്കാം. വാക്സിന്‍ എടുത്തവരെ പേവിഷബാധയ്ക്കെതിരെ മുന്‍കൂര്‍ പ്രതിരോധ കുത്തിവെപ്പ് സ്വീകരിച്ചവരായി പിന്നീട് പരിഗണിക്കുന്നതായിരിക്കും. കടിച്ച നായയെയോ പൂച്ചയേയോ പത്തുദിവസം നിരീക്ഷിച്ച് രോഗം ഉണ്ടോ ഇല്ലയോ എന്നറിഞ്ഞതിന് ശേഷം മാത്രം വാക്‌സിൻ എടുക്കാം എന്ന തീരുമാനവും വാക്സിൻ സ്വീകരിക്കുന്നതിൽ പുലർത്തുന്ന ആലസ്യവും അത്യന്തം അപകടകരമാണ്. ലക്ഷണം കാണിച്ച് തുടങ്ങിയാൽ ദാരുണമായ മരണമല്ലാതെ രണ്ടാമതൊരു വഴി മുന്നിലില്ലാത്ത രോഗമാണ് പേവിഷബാധ, അതിനാൽ സ്വന്തം ജീവിതം പണയപ്പെടുത്തി ഭാഗ്യപരീക്ഷണത്തിന് മുതിരരുത്.

മൂന്ന് മാസത്തില്‍ ചുവടെ പ്രായമുള്ള നായക്കുഞ്ഞോ, പൂച്ചക്കുഞ്ഞോ മാന്തിയാലോ, കടിച്ചാലോ വാക്സിന്‍ ആവശ്യമില്ലെന്ന് കരുതുന്നവരുണ്ട്. ലിംഗ പ്രായഭേദമെന്യേ ഉഷ്ണരക്തമുള്ള ഏതൊരു സസ്തനി ജീവിയും റാബീസ് വൈറസിന്റെ വാഹകരാവാം. അതിനാല്‍ കടിയോ മാന്തോ കിട്ടിയാല്‍ പ്രതിരോധകുത്തിവെപ്പ് എടുക്കുന്നതില്‍ ഒരു വീഴ്ചയും വിമുഖതയും അരുത്. വീട്ടിൽ കാണുന്ന എലികളെയും മുയലുകളെയും പൊതുവേ റാബീസ് വൈറസിന്റെ വാഹകരായി പരിഗണിക്കുന്നില്ല. ഈ സാഹചര്യത്തിൽ എലികളും മുയലുകളും കടിച്ചുണ്ടാവുന്ന മുറിവുകൾക്ക് പൊതുവേ റാബീസ് പ്രതിരോധകുത്തിവെപ്പ് നൽകാറില്ല. എന്നാൽ കീരി, വലിയ പെരുച്ചാഴി, അണ്ണാൻ എന്നിവയുടെ കടിയേറ്റാൽ പ്രതിരോധകുത്തിവെപ്പ് എടുക്കണം. പേവിഷബാധ സ്ഥിരീകരിച്ച പശുവിന്റെ പാല്‍ അറിയാതെ കുടിച്ച് പോയെന്ന് കരുതി പരിഭ്രാന്തരാവേണ്ടതില്ല. പാലില്‍ രോഗാണുക്കളുണ്ടെങ്കില്‍ തന്നെയും ചൂടാക്കുമ്പോള്‍ മിനിറ്റുകള്‍ക്കുള്ളില്‍ നശിക്കും. 60 ഡിഗ്രി സെന്റിഗ്രേഡില്‍ ചൂടാക്കിയാല്‍ 30 സെക്കന്റിനുള്ളില്‍ വൈറസുകള്‍ നശിച്ചുപോകും. പച്ചപ്പാലിൽ നിന്നും പേവിഷ ബാധ ഇത് വരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെങ്കിലും വായിലോ തൊണ്ടയിലോ ഉള്ള മുറിവുകളിലൂടെ ശരീരത്തിൽ പ്രവേശിക്കാൻ ചെറിയ സാധ്യത ഉള്ളതിനാൽ പ്രതിരോധ കുത്തിവെപ്പ് എടുക്കണം.

സമയബന്ധിതമായി വാക്സിൻ എടുക്കാൻ വിട്ടുപോയെങ്കിൽ

മൃഗത്തിന്റ മാന്ത്/ കടി ഏറ്റ ശേഷം 24 മണിക്കൂറിനകം തന്നെ ആദ്യ ഡോസ് വാക്സിൻ എടുക്കുക എന്നതാണ് പ്രധാനം. മൃഗങ്ങളിൽ നിന്ന് കടി/ മാന്ത് ഏറ്റ് ഏതെങ്കിലും കാരണവശാൽ സമയബന്ധിതമായി പ്രതിരോധ കുത്തിവെപ്പ് എടുക്കാൻ വിട്ടുപോയിട്ടുണ്ടങ്കിൽ വൈകിയാണങ്കിലും, നിർബന്ധമായും വാക്സിൻ എടുക്കണം. എപ്പോഴാണോ ആദ്യ കുത്തിവെപ്പ് എടുക്കുന്നത് അത് 0 ദിവസത്തെ ഡോസ് ആയി പരിഗണിക്കും. മുറിവേറ്റ ഭാഗത്ത് നിന്ന് നാഡികളിലൂടെ പടര്‍ന്ന് മസ്തിഷ്ക്കത്തിലെത്താന്‍ വേണ്ടിയുള്ള യാത്രയില്‍ മണിക്കൂറില്‍ 3 മില്ലിമീറ്റര്‍ ദൂരം എന്ന ചെറിയ വേഗത മാത്രമേ വൈറസിനുള്ളൂ എന്ന് മുൻപ് സൂചിപ്പിച്ചല്ലോ. രോഗലക്ഷണങ്ങള്‍ പ്രകടമാവുന്നതിന് മുന്‍പുള്ള ഇടവേളയില്‍ എടുക്കുന്ന പ്രതിരോധ കുത്തിവെപ്പുകൾക്ക് ജീവന്റെ വിലയുണ്ട്.

അരുമമൃഗങ്ങൾക്കും പ്രതിരോധകുത്തിവെപ്പ്

നമ്മുടെ അരുമകളായ പൂച്ചകളെയും നായ്ക്കളെയും കൃത്യമായ പ്രായത്തിൽ പേവിഷബാധ പ്രതിരോധ വാക്സിൻ നൽകി റാബീസ് വൈറസിൽ നിന്ന് സുരക്ഷിതമാക്കാൻ മറക്കരുത്, നമ്മുടെ ആരോഗ്യസുരക്ഷക്കും അത് പ്രധാനമാണ്. പേവിഷബാധ പ്രതിരോധകുത്തിവെപ്പുകള്‍ കൃത്യമായി എടുത്ത തള്ളമൃഗത്തിൽ നിന്നും കന്നിപ്പാല്‍ വഴി ലഭ്യമാവുന്ന ആന്റിബോഡികള്‍ ആദ്യ മൂന്ന് മാസം എത്തുന്നത് വരെ കുഞ്ഞുങ്ങളെ രോഗാണുക്കളില്‍ നിന്ന് സംരക്ഷിക്കും. വളര്‍ത്തുനായ്ക്കള്‍ക്കും പൂച്ചകള്‍ക്കും മൂന്ന് മാസം (10 – 12 ആഴ്ച) പ്രായമെത്തുമ്പോള്‍ ആദ്യ പേവിഷബാധ പ്രതിരോധകുത്തിവെപ്പ് നല്‍കണം. പിന്നീട് നാല് ആഴ്ചകള്‍ക്ക് ശേഷം (14 – 16 ആഴ്ച ) ബൂസ്റ്റര്‍ കുത്തിവെപ്പ് നല്‍കണം. തുടര്‍ന്ന് വര്‍ഷാവര്‍ഷം പ്രതിരോധ കുത്തിവെപ്പ് ആവര്‍ത്തിക്കണം. വാക്സിൻ നൽകിയ രേഖകൾ കൃത്യമായി സൂക്ഷിക്കണം. വളർത്തുമൃഗ ലൈസൻസ് ലഭിക്കാനും ഇത് പ്രധാനമാണ്.

വാക്സിൻ നൽകിയതിനുള്ള രേഖ

പൂര്‍ണ്ണ ആരോഗ്യമുള്ളപ്പോള്‍ മാത്രമേ അരുമകൾക്ക് പ്രതിരോധ കുത്തിവെപ്പുകള്‍ നല്‍കാന്‍ പാടുള്ളൂ. കുത്തിവെപ്പിന് ഒരാഴ്ച മുന്‍പ് ആന്തര പരാദങ്ങള്‍ക്കെതിരായി മരുന്നുകള്‍ നല്‍കാന്‍ വിട്ടു പോവരുത്. പ്രതിരോധ കുത്തിവെപ്പ് നല്‍കി രണ്ടു മൂന്ന് ആഴ്ചകള്‍ക്കുള്ളില്‍ ശരീരത്തില്‍ പ്രതിരോധശേഷി രൂപപ്പെടും. പേവിഷബാധയ്ക്കെതിരായ പ്രതിരോധകുത്തിവെപ്പുകള്‍ മുന്‍കൂറായി കൃത്യമായി എടുത്ത വളര്‍ത്തുമൃഗങ്ങളാണെങ്കില്‍ രോഗാണുവിനെതിരെ അവയുടെ ശരീരത്തില്‍ പ്രതിരോധശേഷിയുണ്ടാവും. പിന്നീട് കടിയേറ്റതിന് ശേഷം വീണ്ടും ബൂസ്റ്റര്‍ കുത്തിവെപ്പ് എടുക്കുമ്പോള്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ അവയുടെ ശരീരത്തില്‍ ശക്തമായ പ്രതിരോധശേഷി രൂപപ്പെടുകയും രോഗാണുവിന്റെ ആക്രമണത്തെ പ്രതിരോധിക്കുകയും ചെയ്യും. മുന്‍കൂട്ടി കുത്തിവെപ്പുകൾ ഒന്നും എടുക്കാതെ കടിയേറ്റതിന് ശേഷം മാത്രമാണ് പ്രതിരോധകുത്തിവെപ്പുകള്‍ നല്‍കുന്നതെങ്കില്‍ പ്രതിരോധശേഷി രൂപപ്പെടാന്‍ മൂന്നാഴ്ചയോളം സമയമെടുക്കും, ഇത് രോഗസാധ്യത കൂട്ടും.

വീട്ടിൽ വളർത്തുന്ന നായ്ക്കളെയും പൂച്ചകളെയും കൂടാതെ ചിലപ്രദേശങ്ങളിൽ ഹൗസിങ് കോളനികളോട് ചേർന്നും വ്യാപാരകേന്ദ്രങ്ങളോട് ചേർന്നും വാഹന സ്റ്റാന്റുകളോടു ചേർന്നുമെല്ലാം ഒരുപാട് ആളുകൾ കൂട്ടത്തോടെ പരിപാലിക്കുന്നതും എല്ലാവരോടും ഇണങ്ങിവളരുന്നതുമായ നായ്ക്കളും പൂച്ചകളും ഉണ്ടാവും. ആർക്കും വ്യക്തിപരമായ ഉടമസ്ഥതയോ ഉത്തരവാദിത്വമോ ഇല്ലെങ്കിലും ഈ മൃഗങ്ങൾ എല്ലാവരുടെയും കൂടിയായിരിക്കും. കമ്മ്യൂണിറ്റി ഡോഗ്‌സ് / ക്യാറ്റ്‌സ് വിഭാഗത്തിൽ പെടുന്ന ഇവയ്ക്ക് സമയബന്ധിതമായി പ്രതിരോധവാക്സിൻ നൽകാൻ ബന്ധപ്പെട്ടവർ ശ്രദ്ധിക്കണം. അരുമനായ്ക്കളെയും പൂച്ചകളെയും പരിപാലിക്കുന്നവർക്ക് അവയുടെ പ്രജനനത്തിൽ താല്പര്യം ഇല്ലെങ്കിൽ അരുമകളുടെ വന്ധ്യംകരണം നടത്താൻ ശ്രദ്ധിക്കണം.

വളര്‍ത്തുമൃഗങ്ങള്‍ക്ക് പേവിഷബാധ സംശയിക്കുന്ന മൃഗങ്ങളുടെ കടിയേറ്റാല്‍

വളര്‍ത്തുമൃഗങ്ങള്‍ക്ക് പേവിഷബാധ സംശയിക്കുന്ന മൃഗങ്ങളുടെ കടിയേറ്റാല്‍ മുറിവേറ്റ ഭാഗം ശുദ്ധജലത്തില്‍ സോപ്പുപയോഗിച്ച് നന്നായി കഴുകി വൃത്തിയാക്കണം. ഒരു ശതമാനം പൊട്ടാസ്യം പെര്‍മാംഗനേറ്റ് ലായനിയും മുറിവുകള്‍ വൃത്തിയാക്കാന്‍ ഉപയോഗിക്കാം. ശേഷം മുറിവില്‍ പോവിഡോണ്‍ അയഡിന്‍ ലേപനം പുരട്ടണം. വൈറസിനെ നിര്‍വീര്യമാക്കാനുള്ള ശേഷി സോപ്പിനും അയഡിന്‍ ലേപനത്തിനുമുണ്ട്. ശേഷം അഞ്ച് പ്രതിരോധകുത്തിവെപ്പുകൾ കടിയേറ്റതിന്റെ 0, 3, 7, 14, 28 എന്നീ ദിവസങ്ങളില്‍ നല്‍കണം. പേശിയിലാണ് സാധാരണ ഗതിയിൽ വാക്സിൻ നൽകുക. പ്രതിരോധ കുത്തിവെപ്പുകള്‍ കൃത്യമായി മുന്‍കൂട്ടി എടുത്തിട്ടുള്ള നായ, പൂച്ച തുടങ്ങിയ വളർത്തുമൃഗങ്ങളാണെങ്കില്‍ 0, 3 ദിവസങ്ങളില്‍ രണ്ട് ബൂസ്റ്റര്‍ കുത്തിവെപ്പുകള്‍ മാത്രം നല്‍കിയാല്‍ മതിയാകും. വളർത്തുമൃഗത്തെ കടിച്ച മൃഗത്തെ സാധ്യമെങ്കിൽ നിരീക്ഷിക്കണം.

വളര്‍ത്തുമൃഗങ്ങള്‍ പ്രകോപനം ഒന്നുമില്ലാതെ കടിക്കുകയോ അക്രമാസക്തമാവുകയോ താടി ഭാഗത്തിന്റെയും നാവിന്റെയും തളർച്ച, വായിൽ നിന്ന് നുരയും പതയും വരിക, കുരയ്ക്കുമ്പോഴുള്ള ശബ്ദമാറ്റം, പിൻകാലുകൾ തളരുന്നത് മൂലം നടക്കുമ്പോൾ വീഴാൻ പോവുക, ഉൾപ്പെടെയുള്ള മറ്റ് ലക്ഷണങ്ങളോ പ്രകടിപ്പിക്കുകയോ പേവിഷബാധയേറ്റതായി സംശയം തോന്നുകയോ ചെയ്താല്‍ വെറ്ററിനറി ഡോക്ടറെ വിവരം അറിയിക്കുകയും ലക്ഷണം കാണിച്ച മൃഗത്തെ സുരക്ഷിതമായ സ്ഥലത്ത് മാറ്റി പാര്‍പ്പിച്ച് ആഹാരവും വെള്ളവും നല്‍കി പത്ത് ദിവസം നിരീക്ഷിക്കണം. ഒരു കാരണവശാലും അവയെ ഉടനെ തല്ലിക്കൊല്ലാന്‍ പാടില്ല എന്നത് പ്രത്യേകം ഓര്‍ക്കണം. കാരണം രോഗമൂര്‍ധന്യത്തില്‍ മാത്രമേ രോഗം ശാസ്ത്രീയമായി നിര്‍ണ്ണയിക്കാന്‍ തക്കരീതിയില്‍ വൈറസ് സാന്നിധ്യം തലച്ചോറില്‍ കാണപ്പെടുകയുള്ളൂ. പേവിഷബാധയുടെ ലക്ഷണങ്ങൾ കാണിച്ചുതുടങ്ങിയാൽ പരമാവധി പത്തുദിവസത്തിനകം ചത്തുപോവും. ലക്ഷണങ്ങളിലൂടെ പേവിഷ രോഗം ഉറപ്പിച്ച കേസുകളിലും മറ്റ് അനിവാര്യമായ സാഹചര്യങ്ങളിലും മൃഗങ്ങളെ വെറ്ററിനറി ഡോക്ടർമാർ ദയാവധം നടത്താറുണ്ട്. രോഗം സംശയിക്കുന്ന മൃഗങ്ങളുടെ കടിയോ മാന്തലോ അവയുടെ ഉമിനീരുമായി ഏതെങ്കിലും തരത്തിലുള്ള സമ്പര്‍ക്കമോ ഉണ്ടായിട്ടുള്ളവര്‍ എത്രയും പെട്ടെന്ന് മെഡിക്കൽ ഡോക്ടറുടെ നിര്‍ദ്ദേശാനുസരണം പ്രതിരോധ കുത്തിവെപ്പുകള്‍ ആരംഭിക്കണം.

രോഗം സംശയിക്കുന്ന വളർത്തുമൃഗം ചത്തുപോയാൽ

പേവിഷബാധയേറ്റ മൃഗങ്ങളിൽ പത്ത് ദിവസത്തിനകം മരണം നിശ്ചയമാണ്. രോഗസംശയത്തെ തുടർന്ന് പത്ത് ദിവസം മാറ്റി പാര്‍പ്പിച്ച വളര്‍ത്തുമൃഗങ്ങള്‍ക്ക് ഈ സമയത്തിനുള്ളില്‍ മരണം സംഭവിച്ചാല്‍ രോഗം ശാസ്ത്രീയമായി സ്ഥിരീകരിക്കുന്നതിനായി അടുത്തുള്ള രോഗനിര്‍ണ്ണയ കേന്ദ്രങ്ങളില്‍ എത്തിക്കണം. പ്രദേശത്തെ വെറ്ററിനറി സര്‍ജന്റെ കത്തും ഒപ്പം ഹാജരാക്കണം. ചെറിയ മൃഗങ്ങളാണെങ്കില്‍ ശരീരം മുഴുവനും വലിയ മൃഗങ്ങളാണെങ്കില്‍ വിദഗ്‌ധ സഹായത്തോടെ തലമാത്രം അറുത്ത് മാറ്റിയും പരിശോധനയ്ക്കായി അയക്കാം. മൃതശരീരം പ്രത്യേകം തെര്‍മോക്കോള്‍/മരപ്പെട്ടികളിലാക്കി ഐസ് പാക്ക് ഉപയോഗിച്ച് പൊതിഞ്ഞാണ് രോഗനിര്‍ണ്ണയ കേന്ദ്രങ്ങളിലേക്ക് അയക്കേണ്ടത്. അന്തരീക്ഷ ഊഷ്മാവില്‍ വൈറസുകള്‍ പെട്ടെന്ന് നിര്‍വീര്യമാവാനിടയുള്ളതിനാലാണ് ഐസില്‍ പൊതിയാന്‍ നിഷ്കര്‍ഷിക്കുന്നത്. പേവിഷബാധ സംശയിക്കുന്ന മൃഗങ്ങളുടെ ശരീരം കൈകാര്യം ചെയ്യുമ്പോള്‍ ശ്രദ്ധ പുലര്‍ത്തണം. ഉമിനീരടക്കമുള്ള ശരീരസ്രവങ്ങളുമായി നേരിട്ടുള്ള സമ്പര്‍ക്കം ഒഴിവാക്കാന്‍ കൈയ്യുറകളും, മുഖാവരണവും, പാദരക്ഷകളും ധരിക്കണം. ഫ്ളൂറസെന്റ് ആന്റിബോഡി ടെക്നിക്കിലൂടെയും (എഫ്.എ.ടി.), നിഗ്രിബോഡി പരിശോധനയിലൂടെയും പേവിഷബാധ സ്ഥിരീകരിക്കാന്‍ കഴിയും. ഫ്ളൂറസെന്റ് ആന്റിബോഡി ടെക്നിക്ക് പരിശോധന വഴി 95 – 98 ശതമാനം കൃത്യമായ പേവിഷബാധ നിര്‍ണ്ണയം സാധ്യമാവും. വയനാട്, തൃശ്ശൂര്‍ വെറ്ററിനറി കോളേജുകളിലും മൃഗസംരക്ഷണവകുപ്പിന്റെ മേഖലാതലത്തിലും സംസ്ഥാനതലത്തിലുള്ള മുഖ്യരോഗനിര്‍ണ്ണയ കേന്ദ്രങ്ങളിലും എഫ്.എ.ടി. പരിശോധനയ്ക്ക് സൗകര്യമുണ്ട്. കാലപ്പഴക്കം മൂലം ചീഞ്ഞ് പോയ തലച്ചോറില്‍ നിന്ന് പോലും റാബീസ് വൈറസിനെ കണ്ടെത്തി രോഗനിര്‍ണ്ണയം നടത്താന്‍ എഫ്.എ.ടി. പരിശോധനവഴി സാധിക്കും.

കുട്ടികളെ പറഞ്ഞുപഠിപ്പിക്കണം, പേവിഷബാധയുടെ പ്രതിരോധ പാഠങ്ങൾ

വീട്ടിലെ പൂച്ചയിൽ നിന്ന് മാന്തേറ്റ പതിനൊന്നു വയസ്സുകാരൻ ഒടുവിൽ പേവിഷബാധയേറ്റ് മരണപ്പെട്ട വാർത്ത പുറത്തുവന്നത് ഇക്കഴിഞ്ഞ വർഷം കണ്ണൂരിൽ നിന്നായിരുന്നു. പൂച്ചയിൽ നിന്ന് മാന്തേറ്റങ്കിലും കുട്ടി മാതാപിതാക്കളോട് പറയുകയോ അവർ കുട്ടിയുടെ ശരീരത്തിൽ പോറലേറ്റത് ശ്രദ്ധിക്കുകയോ ചെയ്തിരുന്നില്ല. ഈ അശ്രദ്ധയായിരുന്നു ഒടുവിൽ സങ്കടകരമായ ഈ സംഭവത്തിനിടയാക്കിയത്. സമാനമായ മറ്റ് കേസുകളും കേരളത്തിൽ പലപ്പോഴായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഓണക്കാലത്ത് പൂ പറിക്കുന്നതിനിടെ നായയുടെ കടിയേറ്റ ആറാം ക്ലാസ് വിദ്യാർത്ഥിനി ക്രിസ്തുമസ് തലേന്ന് പേ വിഷബാധ കാരണം മരിച്ച വാർത്ത പുറത്തുവന്നതും കഴിഞ്ഞ വർഷം കണ്ണൂരിൽ നിന്നായിരുന്നു. കാലിൽ മുറിവുണ്ടായെങ്കിലും വാക്‌സിൻ ഇൻജക്ഷൻ എടുക്കേണ്ടി വരും എന്ന ഭയത്താൽ നായ കടിച്ചതല്ല, റോസാച്ചെടിയിൽ ചവിട്ടിയതാണെന്നായിരുന്നു കുട്ടി വീട്ടുകാരോട് പറഞ്ഞത്. പിന്നീട് മുറിവ് ഉണങ്ങിയ ശേഷം നായ കടിച്ച കാര്യം കുട്ടി വീട്ടിൽ പറഞ്ഞുവെങ്കിലും ദിവസങ്ങൾ കഴിഞ്ഞതിനാൽ വാക്സിൻ ആവശ്യമില്ല എന്ന് കരുതി രക്ഷിതാക്കൾ സമാധാനിച്ചിരുന്നു. ഈ ജാഗ്രതക്കുറവായിരുന്നു ഒടുവിൽ കുട്ടിയുടെ ജീവഹാനിക്കിടയാക്കിയത്. പേവിഷബാധയുടെ ലക്ഷണങ്ങൾ സാധാരണയായി കടിയേറ്റ് ഒരാഴ്ചയോടെ ദൃശ്യമാകാമെങ്കിലും മൂന്ന് മാസത്തിനു ശേഷം അസുഖം വരുന്നത് അപൂർവമായെങ്കിലും സംഭവിക്കാവുന്നതാണ്. പേവിഷബാധയേറ്റ് മരണപ്പെടുന്നവരിൽ പത്തിൽ നാലുപേരും പതിനാല് വയസിൽ താഴെ പ്രായമുള്ള കുട്ടികളാണന്ന ലോകാരോഗ്യ സംഘടനയുടെ കണക്കും ഇതോടൊപ്പം ചേർത്തു വായിക്കണം.

കൂടെ കളിക്കുന്ന അരുമളായ പൂച്ചകളിൽ നിന്നും നായ്ക്കളിൽ നിന്നും ഏൽക്കുന്ന മാന്തലും ചെറുകടികളുമൊന്നും പലപ്പോഴും കുട്ടികൾ കാര്യമാക്കില്ല. അച്ഛനോ അമ്മയോ വഴക്കുപറയും എന്നോ, കുത്തിവെപ്പ് എടുക്കേണ്ടി വരുമോ എന്നോ മറ്റോയുള്ള ഭയം മൂലം നായയുടെയും മറ്റും കടിയോ മാന്തോ കിട്ടിയ വിവരം കുട്ടികൾ മറച്ചുവെയ്ക്കാനും മുറിവുണ്ടാകാൻ കാരണം വേറെ വല്ലതുമാണെന്ന് പറയാനും സാധ്യതയുണ്ട്. കുട്ടികളുടെ ശരീരത്തിൽ ഏൽക്കുന്ന പോറലുകൾ രക്ഷിതാക്കൾ കാണാതെ പോവാനും സാധ്യതയേറെ. പേവിഷബാധയെ പറ്റി കുട്ടികളെ ചെറുപ്രായത്തിൽ തന്നെ പറഞ്ഞ് മനസിലാക്കണം. അരുമ മൃഗങ്ങളിൽ നിന്നോ മറ്റ് മൃഗങ്ങളിൽ നിന്നോ മാന്തോ കടിയോ ഏറ്റാൽ നിർബന്ധമായും വിവരം പറയണമെന്ന് കുട്ടികളെ ചട്ടം കെട്ടണം. കുട്ടികളെ കുളിപ്പിക്കുമ്പോൾ ഇത്തരം മുറിവുകൾ ഉണ്ടെങ്കിൽ അത് കണ്ടെത്താനും എങ്ങനെ സംഭവിച്ചെന്ന് കുട്ടികളോട് ചോദിച്ചറിയാനും ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കാനും രക്ഷിതാക്കൾ ശ്രദ്ധിക്കണം. വളർത്തുമൃഗങ്ങളിൽ നിന്നുണ്ടായ കടികൾ എത്ര പഴക്കമുള്ളതാണങ്കിലും സമയബന്ധിതമായി പ്രതിരോധ കുത്തിവെപ്പ് എടുത്തിട്ടില്ലെങ്കിൽ വൈകിയാണങ്കിലും നിർബന്ധമായും എടുക്കണം. പേവിഷബാധ ധാരാളമായി റിപ്പോർട്ട് ചെയ്യപ്പെടുന്ന മേഖലകളിൽ കുട്ടികൾക്ക് മുൻകൂറായി ( Pre-exposure vaccination) റാബീസ് പ്രതിരോധ വാക്സിൻ നൽകുന്നത് ഉചിതമാണന്ന ശിശുരോഗ വിദഗ്ധരുടെ കൂട്ടായ്മയായ ഇന്ത്യൻ പീഡിയാട്രിക് സൊസൈറ്റിയുടെ നിർദേശവും ഇതോടൊപ്പം ചേർത്ത് വായിക്കണം.

മൃഗങ്ങളോട് സൗമ്യമായും സഹാനുഭൂതിയോടെയും പെരുമാറാന്‍ കുട്ടികളെ ചെറുപ്പത്തില്‍ പഠിപ്പിക്കണം. മൃഗങ്ങളുടെ പെരുമാറ്റ രീതികള്‍ അവരെ പറഞ്ഞ് ബോധ്യപ്പെടുത്തുക എന്നതും പ്രധാനമാണ്. മൃഗങ്ങളോട് കളിക്കുമ്പോഴും അവരെ ഓമനിക്കുമ്പോഴും ശ്രദ്ധപുലര്‍ത്താന്‍ കുട്ടികളെ പരിശീലിപ്പിക്കണം. നായ്ക്കളെ പേടിപ്പിക്കുകയോ ദേഷ്യപ്പെടുത്തുകയോ ചെയ്യുക, നായ്ക്കൾ ഭക്ഷണം കഴിക്കുകയും ഉറങ്ങുകയും ചെയ്യുമ്പോഴും രോഗാവസ്ഥയിലും, കുഞ്ഞുങ്ങളെ സംരക്ഷിക്കുന്ന വേളകളിലും ശല്യപ്പെടുത്തുക ഇവയെല്ലാം കടിയേൽക്കാനുള്ള സാധ്യത കൂട്ടും. ഇത്തരം സന്ദർഭങ്ങളിൽ മൃഗങ്ങളിൽ നിന്നും അകലം പാലിക്കണമെന്ന കാര്യം കുട്ടികളെ പഠിപ്പിക്കണം. അനവസരങ്ങളിൽ പാഞ്ഞെത്തുന്ന നായ്ക്കളുമായി നേർക്ക് നേർ വരുന്ന സന്ദർഭങ്ങളിൽ അനങ്ങാതെ നിൽക്കുക, താഴെ വീണുപോയാൽ തലയും മുഖവും സംരക്ഷിക്കുന്ന വിധത്തിൽ ചുരുണ്ടു കിടക്കുക, മറ്റ് വീടുകളിലെ മൃഗങ്ങളെ തലോടുന്നതും സമീപിക്കുന്നതും ഉടമസ്ഥരുടെ സമ്മതത്തോട് കൂടി മാത്രം ചെയ്യുക തുടങ്ങിയ പ്രതിരോധ പാഠങ്ങൾ നാം ശീലിക്കുന്നതിനൊപ്പം കുട്ടികളെയും പഠിപ്പിക്കണം. സ്കൂളുകൾ കേന്ദ്രീകരിച്ച് ആനിമൽ വെൽഫെയർ ക്ലബുകൾ തുടങ്ങുകയും കുട്ടികൾക്ക് ഇത്തരം വിഷയങ്ങളിൽ ബോധവത്ക്കരണ ക്ലാസുകൾ നൽകുകയും ചെയ്യുന്നത് ഏറെ ഗുണകരമാവും.

പേവിഷബാധ പ്രതിരോധം: വേണ്ടത് കൂട്ടായപ്രവർത്തനങ്ങൾ, മുന്നിലുണ്ട് ഗോവൻ മാതൃക

ഇക്കഴിഞ്ഞ ജൂണിലാണ് ഗോവ പേവിഷ വിമുക്തമായെന്ന സുപ്രധാന പ്രഖ്യാപനം മുഖ്യമന്ത്രിയായ പ്രമോദ് സാവന്ത് പ്രഖ്യാപിച്ചത്. കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളിലായി ഒരൊറ്റ പേവിഷബാധ കേസ് പോലും മൃഗങ്ങളിലോ മനുഷ്യരിലോ റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത സാഹചര്യത്തിലാണ് സംസ്ഥാനം പേവിഷബാധയെ തുടച്ചുനീക്കിയെന്ന പ്രഖ്യാപനം ഗോവ നടത്തിയത്.

ഗോവയിൽ നടന്ന വാക്സിൻ യജ്ഞത്തിൽ പങ്കെടുത്ത പ്രവർത്തകർ. കടപ്പാട്: missionrabies.com

ഇക്കഴിഞ്ഞ ജൂണിലാണ് ഗോവ പേവിഷ വിമുക്തമായെന്ന സുപ്രധാന പ്രഖ്യാപനം മുഖ്യമന്ത്രിയായ പ്രമോദ് സാവന്ത് പ്രഖ്യാപിച്ചത്. കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളിലായി ഒരൊറ്റ പേവിഷബാധ കേസ് പോലും മൃഗങ്ങളിലോ മനുഷ്യരിലോ റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത സാഹചര്യത്തിലാണ് സംസ്ഥാനം പേവിഷബാധയെ തുടച്ചുനീക്കിയെന്ന പ്രഖ്യാപനം ഗോവ നടത്തിയത്. രാജ്യത്തെ ഈ നേട്ടം കൈവരിച്ച ഒരേ ഒരു സംസ്ഥാനമാണ് ഗോവ. വേള്‍ഡ് വൈഡ് വെറ്ററിനറി സര്‍വ്വീസസ് എന്ന പേരില്‍ യു. കെ. ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സംഘടന 2014 ല്‍ ഗോവയിൽ തുടക്കമിട്ട മിഷന്‍ റാബീസ് പദ്ധതിയാണ് പേവിഷ മുക്ത നാട് എന്ന നേട്ടത്തില്‍ ഗോവയെ എത്തിക്കുന്നതില്‍ പ്രധാന പങ്കു വഹിച്ചത്. ഇവരുടെ പ്രവർത്തനങ്ങൾക്ക് സംസ്ഥാന ഭരണകൂടത്തിന്റെയും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെയും നിർലോഭമായ പിന്തുണ ലഭിച്ചു.

തെരുവ് നായ്ക്കൾ ഉൾപ്പെടെ ഒരു പ്രദേശത്തെ എഴുപത് ശതമാനം നായ്ക്കൾക്ക് പേവിഷ പ്രതിരോധ വാക്സിൻ നൽകാൻ കഴിഞ്ഞാൽ പേവിഷ ബാധയെ വിജയകരമായി പ്രതിരോധിക്കാൻ കഴിയുമെന്ന് പഠനങ്ങൾ പറയുന്നു. ഈ ഒരു ആശയത്തിന്റെ അടിസ്ഥാനത്തിലുള്ള പ്രവർത്തനങ്ങളാണ് ഗോവയിൽ നടന്നത്. 2014 മുതല്‍ പ്രതിവർഷം ഒരുലക്ഷത്തോളം നായ്ക്കള്‍ക്കാണ് മുടക്കമില്ലാതെ വാക്സിന്‍ നൽകുന്നത്. വളർത്തുമൃഗങ്ങൾക്ക് മാത്രമല്ല തെരുവ് നായ്ക്കളെ പിടികൂടി അവയ്ക്കും വാക്സിൻ നൽകി വരുന്നു. തെരുവ് നായ്ക്കളുടെ പ്രജനനനിയന്ത്രണത്തിനായി വന്ധ്യംകരണം, പൊതുജനങ്ങൾക്കുള്ള ബോധവത്കരണം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ ഒപ്പം നടന്നുവരുന്നു. അഞ്ചര ലക്ഷം കുട്ടികള്‍ക്കും, കാല്‍ ലക്ഷത്തോളം അദ്ധ്യാപകര്‍ക്കും റാബീസ് പ്രതിരോധത്തെ പറ്റി ബോധവല്‍ക്കരണ ക്ലാസ്സുകള്‍ നല്‍കി. പേവിഷബാധ കേസുകള്‍ കൈകാര്യം ചെയ്യുന്നതിനായി ദ്രുതകര്‍മ്മ സേനയെവരെ ഗോവ തയ്യാറാക്കിയിരുന്നു. ഗോവന്‍ പേവിഷ പ്രതിരോധ മാതൃകയില്‍ നിന്നും പകര്‍ത്താവുന്നതും നമ്മുടെ നാടിന് ഏറ്റെടുക്കാവുന്നതുമായ പാഠങ്ങള്‍ ഏറെയുണ്ട്.


അധിക വായനയ്ക്ക്

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
100 %

Leave a Reply

Previous post താപനം : തീരങ്ങളെ കടൽ  വിഴുങ്ങുമോ?
Next post പരിഷത്തിന്റെ 60 വർഷങ്ങൾ | കെ.കെ.കൃഷ്ണകുമാർ
Close