Read Time:35 Minute

ഡോ.ഗോപകുമാർ ചോലയിൽ

കടൽ നിരപ്പുയരുന്നതുവഴി തീരദേശവാസികളുടെ ജീവനും സ്വത്തിനും ഉണ്ടാകാനിടയുള്ള ഭീഷണികൾ അപൂർവ്വസംഭവങ്ങളല്ലാതാകുന്ന കാലം വിദൂരമല്ല. ആഗോളതാപന പ്രതിഭാസത്തിന്റെ അനിവാര്യപരിണതഫലങ്ങളിൽ ഒന്നാണ് സമുദ്രനിരപ്പുയരൽ. സ്വാഭാവികമായും സമുദ്രതീരത്തോടടുത്തു താമസിക്കുന്നവർ അതിന്റെ അപകട അപകടസാധ്യതകൾക്ക് വിധേയരാകുന്നു. സമുദ്രനിരപ്പുയരുന്ന സാഹചര്യത്തിൽ വേലിയേറ്റം, ശക്തമായ കാറ്റുകൾവഴിയുണ്ടാകുന്ന വൻ തിരമാലകൾ, തീരങ്ങളിലേക്കുള്ള കടലേറ്റം എന്നീ പ്രക്രിയകൾക്കും രൂക്ഷതയേറും. നൂറ്റാണ്ടിലൊരിക്കലോ മറ്റോ സംഭവിക്കുമായിരുന്ന ഇത്തരം പ്രവണതകൾ ആവർത്തന സ്വഭാവം കൈവരിച്ച് വർഷത്തിൽ ഒന്നോ അതിലേറെയോ തവണ എന്ന പ്രകൃതം സ്വീകരിച്ചേക്കാം. ആഗോളതാപനം എന്ന പ്രതിഭാസമാകട്ടെ ഏറെക്കുറെ മനുഷ്യസൃഷ്ടമാണ്. വർധിതതോതിലുള്ള ഫോസിൽ ഇന്ധന ഉപഭോഗവും അതിനെത്തുടർന്ന് കാർബൺഡയോക്‌സൈഡ് വാതകത്തിന്റെ അന്തരീക്ഷത്തിലേക്കുള്ള ഉത്സർജ്ജനവുമാണ് താപന സാഹചര്യം രൂക്ഷമാക്കുന്നത്. ഹരിതഗൃഹവാതക ഉത്സർജ്ജനം നിയന്ത്രിച്ച് ആഗോളതാപന വർദ്ധനവിനെ വരുതിയിൽ നിർത്തുന്നതിന് ആഹ്വാനം ചെയ്ത, 2015 ലെ പാരീസ് കാലാവസ്ഥാ ഉച്ചകോടിയിലെ നിർദ്ദേശങ്ങൾക്ക് ശേഷവും ഉത്സർജ്ജനതോതിൽ വർധനവല്ലാതെ കാര്യമായ കുറവൊന്നും സംഭവിച്ചിട്ടില്ല. കഴിഞ്ഞ ദശകത്തിലെ അതിഭീമമായ ഉത്സർജ്ജനത്തോതും അതിന്റെ ചുവട് പിടിച്ചുള്ള ആഗോളതാപന വർദ്ധനവും തൽഫലമായ കനത്ത മഴയും പ്രളയങ്ങളും ഇപ്പോഴും തുടർന്നുകൊണ്ടിരിക്കുകയുമാണ്.

1917 (ഇടത്), 2005 (വലത്ത്) എന്നിവിടങ്ങളിൽ അലാസ്കയിലെ കെനായ് പർവതനിരകളിലെ അയാലിക് ബേയിൽ പെഡേഴ്സൻ ഹിമാനികൾ. കടപ്പാട്: നാഷണൽ സ്നോ ആൻഡ് ഐസ് ഡാറ്റ സെന്റർ/ഗ്ലേഷ്യോളജിക്ക് ലോക ഡാറ്റ സെന്റർ.

താപവർധനാ പരിധി 1.5 ഡിഗ്രി സെന്റിഗ്രേഡ് പരിധി ഭേദിച്ച് 5.0 ഡിഗ്രി സെന്റിഗ്രേഡ് വരെ ഉയർന്നാൽ തന്നെ ലോകത്തെ 7283 തീരദേശ നിവാസമേഖലകൾക്ക് കടൽനിരപ്പ് ഉയരുന്നത് മൂലം സംഭവിച്ചേക്കാവുന്ന പ്രതിസന്ധികൾ ഒരു അനുമാനിതപഠന പ്രകാരം വെളിപ്പെടുത്തപ്പെട്ടിട്ടുണ്ട് (നേച്ചർ ക്ലൈമറ്റ് ചേഞ്ച് , ഓഗസ്റ്റ് 2021). 2070 ഓടെ, ഇതിൽ പകുതിയിലേറെ നിവാസമേഖലകളും താപവർദ്ധനവിനെ തുടർന്നുള്ള ബഹുവിധ പ്രത്യാഘാതങ്ങൾ കൂട്ടത്തോടെ അനുഭവിക്കേണ്ടിവരുമെന്നുള്ളതാണ് ഇതിന്റെ മറ്റൊരു ദുരന്തമുഖം. ഉഷ്ണമേഖലാ, ഉപോഷ്ണ മേഖലാ പ്രദേശങ്ങളാണ് താപവർദ്ധനാ പ്രത്യാഘാതങ്ങൾക്ക് ഏറ്റവുമധികം വിധേയമാകാനിടയുള്ളത്. മെഡിറ്ററേനിയൻ സമുദ്രം, ഉത്തരഅമേരിക്കയുടെ ദക്ഷിണഭാഗത്തുള്ള പസഫിക് സമുദ്രതീരം, ഹവായ്, കരീബിയൻ, ഫിലിപ്പീൻസ്, ഇൻഡോനേഷ്യൻ ദ്വീപ് സമൂഹങ്ങൾ, കൂടാതെ ദക്ഷിണാർദ്ധഗോളത്തിലെ ഒട്ടുമിക്ക ഭാഗങ്ങളും താപനപ്രത്യാഘാത വിധേയമേഖലകളിൽ ഉൾപ്പെടുന്നവയാണ്. ഇന്നത്തെ സാഹചര്യത്തിൽ ഒരു പക്ഷെ, 100 വർഷത്തിലൊരിക്കലോ മറ്റോ സംഭവിക്കാനിടയുള്ള തീക്ഷ്‌ണകാലാവസ്ഥാപ്രതിഭാസങ്ങൾ ഓരോ വർഷവും സംഭവിക്കാമെങ്കിൽ അതിന് എന്തുമാത്രം അധികതാപനതോത് വേണ്ടിവരുമെന്ന് ഊഹിക്കാവുന്നതാണ്.

അത്തരം തീവ്രകാലാവസ്ഥാ സാഹചര്യങ്ങൾ ആവർത്തന സ്വഭാവത്തോടെ ഉണ്ടാവുന്ന സാഹചര്യങ്ങൾ ഒഴിവാക്കുവാൻ താപവർധനാ പരിധി 1.5 ഡിഗ്രി സെന്റിഗ്രേഡ് പരിധി കവിയാതെ നിലനിർത്തുക എന്നതാണ് ലക്ഷ്യമാക്കേണ്ടത്. താപവർധനാ പരിധി 1.5 ഡിഗ്രി സെന്റിഗ്രേഡ് ഭേദിക്കുന്ന പക്ഷം ആവർത്തന സ്വാഭാവമുള്ള തീവ്രകലാവസ്ഥാ പ്രതിഭാസങ്ങൾ സ്ഥിരസാന്നിധ്യമറിയിക്കുന്ന അവസ്ഥയിലേക്ക് എത്തിച്ചേരുവാൻ അധികകാലമൊന്നും വേണ്ടിവരില്ല. കഴിഞ്ഞ ഒരു നൂറ്റാണ്ടിലെ കാര്യമെടുത്താൽ അതുവരെയുള്ള ശരാശരി താപനിലയെ അപേക്ഷിച്ച് ലോകത്ത് ശരാശരി 1.0 ഡിഗ്രി സെന്റിഗ്രേഡിലേറെ ചൂട് അധികരിച്ചിട്ടുണ്ട്. 2015ലെ പാരീസ് കാലാവസ്ഥാ ഉച്ചകോടിയെ തുടർന്ന് 2100-ഓടെ, ആഗോളതാപനവർദ്ധനവ് 2.0 ഡിഗ്രി സെന്റിഗ്രേഡിൽ താഴെ നില നിർത്തുവാനും, കഴിയുന്നിടത്തോടം 1.5 ഡിഗ്രിസെന്റിഗ്രേഡ് അധികരിക്കാതിരിക്കുവാനും ഉള്ള ഒരു ആഹ്വാനം 195 ലോകരാഷ്ട്രങ്ങൾ അംഗീകരിച്ചു. എന്നാൽ, അവിചാരിതവും നാടകീയവുമായ വിവിധ അന്താരഷ്ട്ര പ്രശ്നങ്ങളിൽപെട്ട് ആ ആഹ്വാനം അതിന്റെ പൂർണ്ണമായ അർത്ഥത്തിൽ ഇപ്പോഴുംസാക്ഷാൽക്കരിക്കപ്പെട്ടിട്ടില്ല. ഒരു പക്ഷെ ഏകദേശം ഒരു ദശകത്തിനുള്ളിൽത്തന്നെ താൽക്കാലികമായെങ്കിലും ആഗോള താപവർദ്ധനാ പരിധി 1.5 ഡിഗ്രി സെന്റിഗ്രേഡ് ഭേദിച്ചേക്കാം. ഏകദേശം 70 വർഷങ്ങൾക്കപ്പുറം, ഉത്സർജ്ജന നിരക്ക് ഇന്നത്തെ തോതിൽ തുടർന്നാൽ അന്തരീക്ഷ താപനില 3.0 ഡിഗ്രി സെന്റിഗ്രേഡിലേറെ ഉയർന്ന് അത്യന്തം മാരക പ്രത്യാഘാതങ്ങൾക്ക് വഴിവച്ചേക്കാം. അത്തരം ഒരു സ്ഥിതിയിൽതീരദേശങ്ങൾ വെള്ളത്തിന്നടിയിയിലാവാനുള്ള സാധ്യതയെപ്പറ്റി ശാസ്ത്രം വീണ്ടും വീണ്ടും മുന്നറിയിപ്പ് നൽകുന്നു. പൊതുവെ കടലേറ്റ ഭീഷണികൾ കൂടുതലുള്ള മേഖലകൾക്ക് സുനിശ്ചിത പ്രത്യാഘാതങ്ങളാണ് പഠനങ്ങൾ നല്കുന്ന സൂചന.

ഹരിതഗൃഹവാതകങ്ങളുടെ അന്തരീക്ഷ നിക്ഷേപത്തോത് അടിയന്തിരമായി കുറയ്ക്കുകയോ തീരെ ഇല്ലാത്ത അവസ്ഥയിൽ എത്തുകയും ചെയ്താൽ പോലും അത്തരം ഒരവസ്ഥയോട് സമുദ്രങ്ങളുടെ പ്രതികരണം വളരെ മന്ദഗതിയിൽ ആയിരിക്കും. ഇതിനകം ഉണ്ടായിട്ടുള്ള താപാധിക്യം തന്നെ ദശാബ്ദങ്ങളോളം കടലേറ്റവും തീരദേശ നാമാവശേഷണ ഭീഷണിയും സൃഷ്ടിക്കുന്ന തരത്തിൽ സമുദ്രനിരപ്പ് ഉയർത്തുന്നതിന് പര്യാപ്തമാണ്. അനുമാനിതപഠനങ്ങളിലെ നിരീക്ഷണങ്ങൾ പ്രകാരം, ശരാശരി താപവർദ്ധനവ് 1.5 ഡിഗ്രി സെന്റിഗ്രേഡ് ഭേദിക്കുന്ന അവസ്ഥയിൽ 70 ശതമാനത്തോളം നിലവിൽ കടലേറ്റ സാധ്യത അഭിമുഖീകരിക്കുന്ന പ്രദേശങ്ങളിൽ 70 ശതമാനത്തിനും ഗുരുതര ഭവിഷ്യത്തുകൾ ഒന്നും ഉണ്ടാകാനിടയില്ലെങ്കിലും ബാക്കി വരുന്ന 30 ശതമാനം മേഖലകളിലെ കടലേറ്റ സാധ്യതയും പ്രത്യാഘാതങ്ങളും പലമടങ്ങ് വർധിക്കും.

1800-2015 മുതൽ ടൈഡ് ഗേജുകൾ (ഇരുണ്ട ചാരനിറം), ഉപഗ്രഹങ്ങൾ (ഇളം ചാരനിറം) എന്നിവയിൽ നിന്ന് സമുദ്രനിരപ്പ് നിരീക്ഷിച്ചു, ഭാവിയിലെ സമുദ്രനിരപ്പ് 2100 വരെ ആറ് ഭാവി സാഹചര്യങ്ങളിൽ (നിറമുള്ള വരകൾ) നിരീക്ഷിച്ചു. ഹരിതഗൃഹ വാതക ഉദ്‌വമനത്തിന്റെ ഭാവി സാധ്യതകളുടെയും ഹിമാനിയുടെയും ഐസ് ഷീറ്റ് നഷ്ടത്തിന്റെയും വിശ്വസനീയമായ നിരക്കുകളിലെ വ്യത്യാസങ്ങളുടെയും അടിസ്ഥാനത്തിൽ സാഹചര്യങ്ങൾ വ്യത്യാസപ്പെട്ടിരിക്കുന്നു. കടപ്പാട്: NOAA Climate.gov

കടൽ നിരപ്പ് ഉയരുമ്പോൾ വേലിയേറ്റം, ശക്തിയേറിയ കാറ്റിനൊപ്പം തീരത്തേക്ക് ആഞ്ഞടിക്കുന്ന തിരമാലകൾ (ഇവ പലപ്പോഴും ചുഴലിക്കാറ്റുകളുടെ കര തൊടൽ സമയത്ത് കൂടുതലും കാണപ്പെടുക) എന്നിവയുടെ ആഘാതങ്ങളും വ്യാപകമാവുന്നു. കടലേറ്റം ഏറ്റവും എളുപ്പത്തിൽ ബാധിക്കാവുന്ന പ്രദേശങ്ങളിൽ സ്വാഭാവികമായും മനുഷ്യ ആവാസത്തിനും കടലോര ആവാസവ്യവസ്ഥൾക്കും സമുദ്രനിരപ്പിലുണ്ടാകുന്ന മാറ്റം വെല്ലുവിളിയാവുകയും ചെയ്യുന്നു. അടുത്ത 80 വർഷത്തിനുള്ളിൽ തീരദേശ നിവാസികളായ ലക്ഷക്കണക്കിനാളുകളുടെ നിവാസമേഖലകൾ ഇല്ലാതാക്കുന്ന തരത്തിൽ സമുദ്രനിരപ്പുയരുന്നതുമൂലമുള്ള കടലേറ്റസാധ്യതയ്ക്ക് ഇന്നുള്ളതിന്റെ 50 ശതമാനം കണ്ട് വർധനവുണ്ടാകും. തൽഫലമായി ഏകദേശം 77 മില്യൺ ജനങ്ങൾ കടലേറ്റം വഴിയുള്ള ദുരന്ത സാഹചര്യങ്ങൾ ഏറ്റ് വാങ്ങേണ്ടി വരും. പട്ടണങ്ങൾ, ഭവനങ്ങൾ, റിസോർട്ടുകൾ, വ്യവസായ മേഖലകൾ എന്നിവയെ വരെ അവതാളത്തിലാക്കുന്ന രീതിയിൽ കടലേറ്റം വ്യാപകമാകുന്ന പക്ഷം പുനരുദ്ധാരണം, പുനരധിവാസം എന്നിവയ്ക്ക് വേണ്ടി പ്രതിവർഷം 14 ട്രില്ല്യൻ (1 ട്രില്ല്യൻ = ഒരു ലക്ഷം കോടി) ഡോളറിന് തുല്യമായ തുകക്കുള്ള സാമ്പത്തിക നഷ്ടമാണ് കണക്കാക്കപ്പെട്ടിട്ടുള്ളത്; ഈ തുകയാകട്ടെ ആഗോള മൊത്ത ആഭ്യന്തര ഉല്പാദനത്തിന്റെ 20 ശതമാനത്തിന് തുല്യമാണ്.

കടപ്പാട്: assets.nrdc.org

കടലേറ്റസാധ്യത വർധിക്കുന്നതോടെ 2,50,000 ചതുരശ്ര കിലോമീറ്റർ മുതൽ 8 ലക്ഷം ചതുരശ്ര കിലോമീറ്റർ വരെ കരഭൂമി കടലേറ്റഭീഷണി അഭിമുഖീകരിക്കേണ്ടിവരും. അതുവഴി 252 മില്ല്യൺ ജനങ്ങൾക്ക് അവരുടെ നിവാസമേഖല നഷ്ടപ്പെടുകയും ചെയ്യും. അന്തരീക്ഷതാപനം ഏറുന്ന അവസ്ഥ രണ്ട് വിധത്തിലാണ് സമുദ്രനിരപ്പ് ഉയരുന്നതിന് പ്രേരകമാവുന്നത്. ചൂടേറുമ്പോൾ ജലം വികസിക്കുന്നതുവഴി സമുദ്രനിരപ്പ് ഉയരാനുള്ള സാധ്യതയാണ് ഒന്നാമത്തേത്. ചൂടേറുന്ന സാഹചര്യത്തിൽ വർധിക്കുന്ന മഞ്ഞുരുക്കമാണ് രണ്ടാമത്തെ ഹേതു. കൂടാതെ, കടുത്ത കടൽക്ഷോഭവേളകൾക്കും കാലാവസ്ഥാ വ്യതിയാനസാഹചര്യങ്ങളിൽ സാധ്യത കൂടുതലാണ്. ഇതും തീരദേശങ്ങളിലെ കടലേറ്റ സാധ്യത ഏറ്റുകയാണ് ചെയ്യുന്നത്. 100 വർഷത്തിലൊരിക്കൽമാത്രം സംഭവിച്ചിരുന്ന തരത്തിലുള്ള അതിതീവ്ര കടൽക്ഷോഭങ്ങൾ നിലവിലെ കാലാവസ്ഥാവ്യതിയാന സാഹചര്യങ്ങൾക്ക് തീക്ഷ്ണതയേറുന്ന പക്ഷം 10 വർഷത്തിലൊരിക്കൽ സംഭവിക്കാനുള്ള സാധ്യതയാണുള്ളത്. ഭരണ സംവിധാനങ്ങൾക്കോ, സമുദ്രശാസ്ത്ര വിദഗ്ദ്ധർക്കൊ ഇതൊന്നും പുതിയ അറിവല്ല. ആഗോളതാപനം വഴിയുണ്ടായേക്കാവുന്ന കടലേറ്റത്തെക്കുറിച്ചും കടൽക്ഷോഭത്തെക്കുറിച്ചും ശാസ്ത്രജ്ഞർ വർഷങ്ങളോളമായി മുന്നറിയിപ്പുകൾ നല്കിക്കൊണ്ടിരിക്കുകയുമാണ്.

തീരദേശ വെള്ളപ്പൊക്കം അല്ലെങ്കിൽ സമുദ്രനിരപ്പ് ഉയർച്ച എന്നിവയിൽ നിന്നുള്ള കമ്മ്യൂണിറ്റി തലത്തിലുള്ള പ്രത്യാഘാതങ്ങൾ ദൃശ്യവൽക്കരിക്കാനുള്ള ഒരു വഴി നൽകുന്ന NOAA- യുടെ സീ ലെവൽ റൈസ് മാപ്പ് വ്യൂവർ. ചിത്രത്തിൽ തൊട്ട് sea level rise viewer ലേക്ക് പോകാം. കടപ്പാട്: climate.gov

തീരദേശമേഖലകളെ മാത്രം ബാധിക്കുന്ന പ്രശ്നമായി കടലേറ്റ ഭീഷണിയെ കണ്ണടച്ച് തള്ളരുത്. ലോകമെമ്പാടുമുള്ള തീരദേശങ്ങളും, ദ്വീപസമൂഹങ്ങളും ഒരു പോലെ നേരിടേണ്ടി വരുന്ന ഒരു വെല്ലുവിളിയാണ് ആഗോളതാപനം വഴിയുണ്ടാകുന്ന കടലേറ്റം. ഏഷ്യയിലെയും ആഫ്രിക്കയിലെയും ഏറ്റവും ദരിദ്രരായ ജനവിഭാഗങ്ങൾ നേരിടുന്ന അതെ വെല്ലുവിളി തന്നെയാണ് കടലേറ്റ ഭീഷണിക്ക് മുന്നിൽ യൂറോപ്പിലെയും അമേരിക്കയിലെയും അതിവികസിതരാഷ്ട്രങ്ങളിലെ ജനങ്ങളും നേരിടേണ്ടി വരിക. അതിശക്തമായ കാറ്റുകൾ, ചുഴലിത്തിരകൾ (storm surges) ഉയരുന്ന സമുദ്രനിരപ്പ് എന്നിവയെല്ലാം ചേർന്ന് ലോകത്തെമ്പാടുമുള്ള കടൽത്തീരങ്ങളെ വിഴുങ്ങുന്ന കാലം അതിവിദൂരമല്ല. തീരദേശത്ത് നിവസിക്കുന്നവർ മാത്രമല്ല, അതീവ സുഖസൗകര്യങ്ങളിൽ ജീവിതം നയിക്കുന്ന ദശലക്ഷക്കണക്കിന് ആളുകളും കാലാവസ്ഥാ അഭയാർത്ഥികളാകുവാനുള്ള സാധ്യതയും തുടർന്ന് ഉണ്ടാകാം. ഇത്തരം സാഹചര്യങ്ങളുടെ പരിണതഫലങ്ങളെപറ്റി വേണ്ടത്ര പരിഗണനയോ ദീർഘവീക്ഷണമോ ഇല്ലാത്ത പക്ഷം മുൻകരുതലുകൾ എടുക്കുന്നതിൽ പരാജയം സംഭവിച്ചേക്കാം. അതിജീവനപരമായ കടൽ നിരപ്പ് ഉയരുന്നതുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ പഠനങ്ങൾ കടലേറ്റം ഏറ്റവും അധികം ഗ്രസിക്കാനിടയുള്ള ചില മേഖലകളെ തിരിച്ചറിഞ്ഞിട്ടുണ്ട്. തെക്ക് കിഴക്കൻ ചൈന, ആസ്‌ട്രേലിയയുടെ ഉത്തര ഭാഗങ്ങൾ, ബംഗ്ലാദേശ്, പശ്ചിമ ബംഗാൾ, ഗുജറാത്ത്, നോർത്ത് കരോലിന, വിർജീനിയ, മാരിലാൻഡ് എന്നീ അമേരിക്കൻ സംസ്ഥാനങ്ങൾ, യു.കെ ഉൾപ്പെടുന്ന വടക്ക് പടിഞ്ഞാറൻ യൂറോപ്പ്, ഫ്രാൻസിന്റെ വടക്കൻ ഭാഗങ്ങൾ, ജർമനിയുടെ വടക്കൻ മേഖലകൾ, ഇന്ത്യയുടെ കിഴക്കും പടിഞ്ഞാറും തീരങ്ങൾ എന്നിവ ഇത്തരത്തിൽ തിരിച്ചറിയപ്പെട്ടിരിക്കുന്ന പ്രദേശങ്ങളാണ്. നിലവിലെ കടലേറ്റപ്രതിരോധ സംവിധാനങ്ങൾ മേൽപഠനത്തിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കപ്പെട്ട ദുരന്ത- അതിജീവന രൂപരേഖപ്രകാരം തികച്ചും അപര്യാപ്തമാണ്. ഭാവിയിൽ അഭിമുഖീകരിക്കേണ്ടി വന്നേക്കാവുന്ന കാലാവസ്ഥാ പ്രതിസന്ധികളെപ്പറ്റി പ്രസ്തുത പഠനങ്ങൾ മുന്നറിയിപ്പ് നൽകുകയും ചെയ്യുന്നു. തീരദേശനിവാസികളുടെ ജീവനും സ്വത്തും സംരക്ഷിക്കുവാൻ, കടലേറ്റപ്രതിരോധമാർഗ്ഗങ്ങൾ കൂടുതൽ ഫലപ്രദമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുവാൻ ഈ മുന്നറിയിപ്പ് സഹായകമാണ്.

2100- ആം ആണ്ടോടെ ഏകദേശം 88 ദശലക്ഷം ജനങ്ങളെങ്കിലും സമുദ്രനിരപ്പ് ഉയരുന്നത് മൂലം സ്വന്തം നിവാസമേഖല വിട്ട് മാറിത്താമസിക്കേണ്ടി വരും. കടലേറ്റം കൂടുതൽ രൂക്ഷമാവുമ്പോൾ തീരങ്ങളെ കടൽ വിഴുങ്ങുകയോ, അല്ലെങ്കിൽ വൻ തിരമാലകളുടെ നിരന്തര ആക്രമണം നേരിടേണ്ടി വരികയോ ചെയ്യാം. തനത് നിവാസമേഖലകൾ വിട്ട് മറ്റിടങ്ങൾ തേടേണ്ടിവരുന്ന ആളുകളുടെ എണ്ണം ഏകദേശം 140 കോടി വരെയാകാമെന്നതാണ് ഏറ്റവും ഭീതിദമായ വസ്തുത. ലോകമെമ്പാടുമുള്ള ജനങ്ങളെ ബാധിക്കുന്ന പൊതുവായ പ്രശ്നമാണ് കാലാവസ്ഥാ വ്യതിയാനം. കാലാവസ്ഥാ വ്യതിയാന സാഹചര്യങ്ങളെ എപ്രകാരം നേരിടാനാകും എന്നതാണ് ലോകം ഒരു പക്ഷെ ഏറ്റവുമധികം ചിന്തിക്കുന്നത്. ദുരന്തങ്ങളിൽ നിന്ന് ഒഴിഞ്ഞ് മാറി സഞ്ചരിക്കുകയെന്നത് ഒരു പോംവഴിയാണെങ്കിൽ പോലും എല്ലായ്പ്പോഴുമത് പ്രയോഗികമാകണമെന്നില്ല. അതിരൂക്ഷ കാലാവസ്ഥാസാഹചര്യങ്ങളിൽ നിന്ന് സുരക്ഷിത ജീവിതത്തെയും തനതുജീവിതശൈലികളെയും തിരിച്ച് പിടിക്കുവാനുള്ള പദ്ധതികൾ ഇതിനകം തുടങ്ങിക്കഴഞ്ഞു. അമേരിക്കൻ ഐക്യനാടുകളിലെ കടലേറ്റ സാധ്യതയുള്ള ഇടങ്ങളിൽ നിന്ന് കഴിഞ്ഞ 30 വർഷത്തിനിടയിൽ 45000 കുടുംബങ്ങളാണ് സുരക്ഷിത ഇടങ്ങളിലേക്ക് ചേക്കേറിയത്. യഥാർത്ഥത്തിൽ, ലക്ഷക്കണക്കിന് ജനങ്ങളാണ് കടലേറ്റ ഭീഷണിയെ നേരിവേണ്ടി വരുന്നത് എന്നതിനാൽ ഇത് ആ കണക്കിന്റെ വളരെ ചെറിയ ഒരു ഭാഗം മാത്രമാണ്. കാലാവസ്ഥാ വ്യതിയാനത്തെ നേരിടുന്നതിനാവശ്യമായ പദ്ധതികൾ അസൂത്രണം ചെയ്യപ്പെടുന്നതും, ആവിഷ്‌ക്കരിക്കപ്പെടുന്നതും വളരെ ചെറിയ കാലയളവിലേക്ക് മാത്രമാണ് എന്നതാണ് അവയുടെ പോരായ്മ. അഞ്ചോ പത്തോ വർഷങ്ങൾ അല്ല, 50 ഓ 100 ഓ വർഷങ്ങളെങ്കിലും മുന്നിൽ കണ്ടു വേണം കാലാവസ്ഥാപരമായ തീരുമാനങ്ങളും ആസൂത്രണങ്ങളും കൈക്കൊള്ളേണ്ടതും നടപ്പിലാക്കേണ്ടതും. സമുദ്രനിരപ്പിൽ ഉണ്ടായ ഉയർച്ചമൂലം ബാങ്കോക്ക്, ന്യൂ ഓർലിയൻസ്, ജക്കാർത്ത മുതലായ രാജ്യങ്ങളിൽ രണ്ട് മൂന്ന് മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന സ്ഥലങ്ങൾ പോലും കഴിഞ്ഞ 100 വർഷത്തിനിടയിൽ കടലെടുത്തിട്ടുണ്ട്. ഇന്ന് ലോകത്തെ തീരദേശമേഖലകളിൽ നിവസിക്കുന്ന 58 ശതമാനം ജനങ്ങളുടെയും നിവാസ മേഖല ഏത് നിമിഷവും കടലെടുത്ത് പോയേക്കാമെന്ന ഭീഷണി നേരിടുന്നവയാണ്. സമുദ്രങ്ങളിലെ മണൽ നിക്ഷേപം വഴി രൂപം കൊണ്ട ദ്വീപുകളും ഉണ്ട്. പക്ഷെ, ഈ മേഖലകളിൽ ജീവിക്കുന്നവർ വെറും ഒരു ശതമാനത്തിൽ താഴെയാണ് എന്ന വസ്തുതയും ഓർക്കേണ്ടതുണ്ട്. മിക്കവാറും തീരദേശ മേഖലകൾ എല്ലാം തന്നെ, പ്രതിവർഷം 7. 8 മില്ലീമീറ്റർ മുതൽ 9. 9 മില്ലീമീറ്റർ വരെ നിരക്കിൽ സമുദ്രനിരപ്പ് ഉയരുന്നതു് മൂലം നിലനിൽപ്പിന് വെല്ലുവിളി നേരിട്ടുകൊണ്ടിരിക്കുന്നവയാണ്.

ആഗോളതാപനത്തിന് കടിഞ്ഞാണിടാൻ കഴിയാത്തപക്ഷം അത്തരമൊരു സാഹചര്യവുമായി ജനങ്ങൾക്ക് എപ്രകാരം പൊരുത്തപ്പെട്ട് ജീവിക്കാനാവുമെന്നതിന്നെക്കുറിച്ചും, അതിതാപനവേളകൾ എപ്രകാരം അതിജീവിക്കുമെന്നതിനെക്കുറിച്ചും ഭരണ കൂടങ്ങൾ ചിന്തിക്കേണ്ടി വരും. വെള്ളത്തിൽ പൊങ്ങിക്കിടക്കുന്നവയും ജലനിരപ്പിന്റെ ഉയർച്ച-താഴ്ചകൾക്കനുസരിച്ച് പൊങ്ങുകയും താഴുകയും ചെയ്യുന്ന രീതിയിലുള്ള പാർപ്പിടങ്ങൾ, നഗര സംവിധാനം, പട്ടണങ്ങളിലെ തെരുവുകൾക്ക് പകരം കനാലുകളും, ജലപാതകളും, പാർക്കുകൾക്ക് പകരം ചെറുതടാകങ്ങൾ – എന്നിങ്ങനെ തികച്ചും വ്യത്യസ്തമായ ഒരു ജീവിതാന്തരീക്ഷം നിലകൊള്ളുന്ന ഒരു സാഹചര്യവും സംജാതമായേക്കാം. താഴ്ന്ന കരഭൂമികൾ കടലെടുക്കുന്ന സാഹചര്യത്തിൽ ഉയർന്ന ഇടങ്ങളിൽ സ്ഥിതിചെയ്യുന്ന ഇടങ്ങളിൽ സ്വാഭാവികമായും കൂടുതൽ ആളുകൾ തിങ്ങിപാർക്കുക വഴിതീരെ സ്ഥലസൗകര്യം ഇല്ലാത്തവയും ആകാം. യാഥാർഥ്യബോധത്തിലൂന്നിയ ആസൂത്രണ മികവിലൂടെ മാത്രമേ സാധാരണ ജീവിതസാഹചര്യങ്ങൾ തിരിച്ചുപിടിക്കാനാവൂ. ധ്രുവങ്ങളിലെ കനത്ത ഹിമപാളികൾ ഉരുകിയൊലിക്കുകയും തീവ്രതാപനവേളകൾ, വരൾച്ചാവേളകൾ വെള്ളപ്പൊക്കം, അതിശക്തമായ കാറ്റുകൾ എന്നിവയ്ക്ക് ആവർത്തന സ്വഭാവവും തീക്ഷ്ണതയും ഏറുകയും ചെയ്യുന്ന സാഹചര്യങ്ങളിൽ മനുഷ്യർ അവയോട് താദാത്മ്യപ്പെടുക തന്നെ വേണ്ടി വരും.

കടപ്പാട്: Natural Resources Defense Council, 2019

സമുദ്രനിരപ്പ് ഉയരുന്ന തോത് മൂലം കടലേറ്റം വഴി തീരദേശമേഖലകൾ അപ്രത്യക്ഷമാവാൻ സാധ്യതയുള്ള ഇടങ്ങൾ ഒന്നാകെ വിലയിരുത്തിയാൽ മാത്രമേ ഭാവിയിലുണ്ടാകാനിടയുള്ള തീരമേഖലാ നഷ്ടത്തോത് സംബന്ധിച്ച ചിത്രം വ്യക്തമാവൂ. കാലാവസ്ഥാമാറ്റം വഴി നിവാസമേഖലകൾ നഷ്ടപ്പെടാനിടയുള്ളവരുടെ കണക്ക് സംബന്ധിച്ച ആഗോള ശരാശരിയേക്കാൾ മൂന്നോ നാലോ മടങ്ങ് അധികമാണ് തീരദേശങ്ങളിലെ കണക്ക് മാത്രമെടുത്താൽ അത്തരമൊരു ദുരന്തത്തെ അഭിമിഖീകരിക്കേണ്ടി വരുന്നവരുടെ യഥാർത്ഥ ചിത്രം. കടലേറ്റ പ്രത്യാഘാതങ്ങൾ സംബന്ധിച്ച ഇപ്പോഴത്തെ ഐപിസിസി (IPCC) AR6 റിപ്പോർട്ടിനേക്കാൾ എത്രയോ ഗുരുതരപ്രത്യാഘാതങ്ങളാവും ഭാവിയിൽ ഉണ്ടാകാനിടയുള്ളത്. അതിനാൽ കടലേറ്റം, അതുവഴിയുണ്ടാകുന്ന നിവാസമേഖലാനഷ്ടം, ജനവാസമേഖലകളുടെ പുനഃക്രമീകരണം എന്നിവയെ പറ്റി അടിയന്തിരമായി ചിന്തിച്ച് തുടങ്ങുക എന്നതാണ് ഭരണകൂടങ്ങൾ ചെയ്യേണ്ടത്. തീരദേശങ്ങളിൽ കടലേറ്റം ഏതാനും ദശകങ്ങളായി വ്യാപ്തിയേറി വരികയാണ്. 2050ഓടെ കടലേറ്റത്തോടനുബന്ധിച്ച അതിജീവന പുനരധിവാസ പ്രക്രിയകൾക്കായി പ്രതിവർഷം വൻ സാമ്പത്തിക സ്രോതസ്സ് വേണ്ടി വരുമെന്ന് വർഷങ്ങൾക്കുമുമ്പേ കണക്കാക്കപ്പെട്ടിട്ടുണ്ട്. മഴപ്പെയ്ത്തിൽ ഉണ്ടാകുന്ന അസാധാരണ വർദ്ധനവ്, ചുഴലിതിരകളുടെ (storm surges) സാന്നിധ്യം, സമുദ്രജലതാപനിലയിലെ വർദ്ധനവ്, സമുദ്രജല പ്രവാഹങ്ങൾക്ക് സംഭവിക്കുന്ന വേഗത കുറവ് എന്നിവ നിരന്തരം നിരീക്ഷിക്കപ്പെട്ടുകൊണ്ടിരിക്കയാണ്. സമുദ്രനിരപ്പിനേക്കാൾ താഴ്ന്ന ഇടങ്ങൾ, പ്രത്യേകിച്ചും കടലേറ്റ ഭീഷണിക്ക് വിധേയമാണ്. നെതർലൻഡ്‌സ്‌, ബാങ്കോക്ക്, ഷാൻഹായ്‌,ജക്കാർത്ത, മാലിദ്വീപ്, പസഫിക് സമുദ്രത്തിലെ ചെറുദ്വീപുകൾ, മിയാമി, മുംബൈ, കൊച്ചി, മംഗലാപുരം, ഗോവ, ഗുജറാത്ത്, സമുദ്രതീരത്തോട് ചേർന്ന് കിടക്കുന്ന മറ്റ് അമേരിക്കൻ നഗരങ്ങൾ, ലോകത്തിലെ മറ്റു പ്രധാന സമുദ്രതീരനഗരങ്ങൾ എല്ലാം കടലേറ്റ ഭീഷണിനേരിടുന്നുണ്ട്.

പ്രത്യാഘാതങ്ങൾ കേരളത്തിലും

ഉയർന്ന തിരമാലകൾ കേരളത്തിലെ തിരുവനന്തപുരം നഗരത്തിലെ തീരത്തോട് ചേർന്നുള്ള വീടുകളിലേക്ക് കടൽ വെള്ളം തള്ളിവിടുന്നു. കടപ്പാട്: ജോൺസൺ ജാമന്റ്/indiaclimatedialogue.net

കേരളത്തിലെ തീരമേഖലകൾ കടലേറ്റ ഭീഷണിക്ക് വളരെയേറെ വിധേയമാണ്. 590 കിലോമീറ്ററോളം നീളമുള്ള കടൽത്തീരമാണ് കേരളത്തിലുള്ളത്. നിവാസ മേഖലയെന്നനിലയിലും ഉപജീവനത്തോടനുബന്ധിച്ചും ലക്ഷക്കണക്കിന് ജനങ്ങൾ തീരദേശവുമായി ബന്ധപ്പെട്ട് ജീവിക്കുന്നവരാണ്. കൊച്ചി പോലുള്ള തീരദേശ നഗരങ്ങൾക്ക് കനത്ത മഴപെയ്താലുണ്ടാകുന്ന വെള്ളക്കെട്ടിനെപ്പോലും അതിജീവിക്കാനുള്ള കെല്പില്ല. പരിസ്ഥിതിയോടും കാലാവസ്ഥയോടും ഒട്ടും സൗഹാർദപരമല്ലാത്ത വികസന പരിപാടികൾ കാലാവസ്ഥാജന്യ പ്രതിസന്ധികൾക്ക് മൂർച്ചകൂട്ടുകയേയുള്ളു. കുട്ടനാടിന്റെ കാര്യമെടുത്താൽ, സമുദ്രനിരപ്പിൽ നിന്ന് താഴ്ന്ന് സ്ഥിതിചെയ്യുന്ന പ്രത്യേക ഭൂപ്രകൃതി തന്നെ ആ പ്രദേശത്തിന് വിനയാകുന്നു. ഏറിവരുന്ന അതിതീവ്ര മഴവേളകൾ മൂലം വെള്ളക്കെട്ടും പ്രളയക്കെടുതിയും, കടലേറ്റവേളകളിൽ ഒരുവെള്ളക്കയറ്റവും സംസ്ഥാനത്തിന്റെ നെല്ലറയുടെ ഭാഗധേയം തന്നെ മാറ്റിയെഴുതിയേക്കാം.

ഏറ്റം, ഇറക്കം സമയങ്ങളിൽ ജലനിരപ്പിനൊപ്പം പൊങ്ങുകയും താഴുകയും ചെയ്യുന്ന വീടുകളുടെ നിർമ്മിതി ഇത്തരം സ്ഥലങ്ങളിൽ അനുവർത്തിക്കാവുന്നതാണ്. സമുദ്രനിരപ്പിനേക്കാൾ താഴ്ന്നുകിടക്കുന്ന ഇത്തരം ഇടങ്ങളിൽ കടലേറ്റ ഭീഷണിയ്ക്ക് പുറമെ കനത്ത മഴ സാഹചര്യങ്ങളിൽ കടുത്ത പ്രളയവും ഉണ്ടാവാം. മഴക്കാലത്ത് സ്ഥിരം വെള്ളക്കെട്ടും, 2018, 2019 വർഷങ്ങളിൽ പ്രളയവും അഭിമുഖീകരിച്ച കുട്ടനാട് മേഖലയിൽ മുൻകരുതൽ എന്ന നിലയിൽ തൂണുകളുടെ മേൽ പണിയുന്ന ഭവനങ്ങൾ വ്യാപകമായിക്കൊണ്ടിരിക്കുന്നു.

തീരമേഖലകളിലുള്ള നിവാസ സ്ഥാനങ്ങൾ ഉപേക്ഷിച്ച് ഉൾനാടുകളിലേക്ക് പലായനം ചെയ്യുന്നവരുടെയും നിവാസസ്ഥാനങ്ങൾ സ്ഥിരമായി നഷ്ടപ്പെട്ട് മറ്റിടങ്ങളിലേക്ക് ചേക്കേറുന്ന കാലാവസ്ഥാ അഭയർഥികളുടെയും എണ്ണം വരും നാളുകളിൽ ഗണ്യമായി ഉയർന്നേക്കാം. ആഗോളതാപനഫലമായി സമുദ്രനിരപ്പുയരുന്നതിന്റെ പ്രതിവർഷ ആഗോള ശരാശരി 4. 0 മില്ലീമീറ്റർ ആണ്. സമുദ്രത്തോടടുത്തോ സമുദ്രനിരപ്പിന് താഴെയോ ഉള്ള ചതുപ്പ് പ്രകൃതമുള്ള ഇടങ്ങളിൽ സ്ഥിതിചെയ്യുന്ന നിവാസ മേഖലകളാകട്ടെ മിക്കവാറും 10 മില്ലീമീറ്റർ എന്ന തോതിൽ സമുദ്ര നിരപ്പ് ഉയരുന്നതിന്റെ പ്രത്യാഘാതങ്ങളെ അഭിമുഖീകരിക്കുന്നു. ജൈവഇന്ധനങ്ങളുടെ അമിതജ്വലനത്തിന് പുറമെ അതിരുവിട്ട ഭൂഗർഭജലശോഷണം, അതീവപരിസ്ഥിതിലോല പ്രദേശങ്ങളിൽ നടത്തുന്ന നിർമ്മിതികൾ, സമുദ്രങ്ങളിൽ നിന്നുള്ള എണ്ണ-പ്രകൃതി വാതക ഖനനം, അണ കെട്ടി നദികളിലെ ഒഴുക്ക് തടയൽ എന്നിവ പരിസ്ഥിതിയെ അലോസരപ്പെടുത്തുക മാത്രമല്ല, കാലാവസ്ഥാ പ്രതിഭാസങ്ങളെ രൂക്ഷമാക്കുകയും ചെയ്യുന്നു.

തീരത്തും അതിനോട് ചേർന്ന തണ്ണീർത്തടങ്ങൾ, അഴിമുഖങ്ങൾ എന്നിവയിലെല്ലാം തന്നെ മാറ്റത്തിന്റെ പ്രതിഫലങ്ങൾ പ്രകടമാണ്. സമുദ്രനിരപ്പിലുണ്ടാകുന്ന വ്യതിയാനം, മഴയിലുണ്ടാകുന്ന ക്രമക്കേടുകൾ, അതുവഴി ശുദ്ധജലവിതരണം, പോഷകലഭ്യത, അവസാദനിക്ഷേപങ്ങൾ എന്നിവയിലുണ്ടാകുന്ന വ്യതിയാനങ്ങൾ, ഉയരുന്ന സമുദ്രോപരിതല ഊഷ്മാവ്, സമുദ്രജലത്തിന്റെ അമ്ലത, സമുദ്രജലപ്രവാഹങ്ങളുടെ ഗതിയിലുണ്ടാകുന്ന വ്യതിയാനങ്ങൾ, അന്തരീക്ഷ കാർബൺഡയോക്‌സൈഡിന്റെ വർദ്ധിച്ച സാന്നിധ്യം എന്നിവ കേരളതീരത്ത് കാലാവസ്ഥയിലെ മാറ്റങ്ങൾ സൃഷ്ടിച്ചേക്കാവുന്ന ആഘാതങ്ങളിൽ ചിലവയാണ്. ശുദ്ധജലം, പോഷകങ്ങൾ, എക്കൽ നിക്ഷേപം എന്നിവ എത്രസമയം എത്രത്തോളം ലഭ്യമാകും എന്നതിനെ ആശ്രയിച്ച് അഴിമുഖ ആവാസവ്യവസ്ഥയുടെ സ്വാഭാവിക ശേഷിയിൽ വ്യത്യാസം വരുന്നു. കടൽ നിരപ്പ് ചെറുതായൊന്നുയർന്നാൽ, കുട്ടനാടുൾപ്പെടെയുള്ള മേഖലയിൽ വെള്ളപ്പൊക്കം, വെള്ളത്തിനടിയിലാവൽ, തീരദേശശോഷണം എന്നീ ആഘാതങ്ങൾ ഏറ്റു വാങ്ങേണ്ടി വരും. ജലസുരക്ഷയെയും ഭക്ഷ്യോല്പാദനത്തേയും ഇത് പ്രതികൂലമായി ബാധിക്കും. കാലാവസ്ഥാമാറ്റം കാരണം കണ്ടൽക്കാടുകൾക്കും കടൽപ്പായൽ ആവാസ വ്യവസ്ഥകൾക്കും കനത്ത ആഘാതമുണ്ടാക്കും (Bijukumar et al. ,). 2017 നവംബർ 30 ലെ ഓഖി ചുഴലിക്കാറ്റും 2018 ലെ മഹാപ്രളയവും കേരളത്തിന്റെ തീരദേശങ്ങളുടെ ഘടനാപരമായ മാറ്റത്തിന് തന്നെ ഇടയാക്കിയിരിക്കുന്നു.

2080 -2100 ഓടെ താപനം പരിധി ഭേദിക്കുന്നപക്ഷം കൊച്ചിയുൾപ്പെട്ട മേഖലയിൽ വൻ തോതിലുള്ള നാശത്തിനുള്ള സാധ്യതക്ക് അനുമാനിത പഠനങ്ങൾ സാധ്യത കൽപ്പിക്കുന്നു. അറബിക്കടലിൽ താപനത്തോത് വർധിച്ചുവരുന്നതും അടിക്കടിയുണ്ടാകുന്ന അതിശക്തമായ ചുഴലിക്കാറ്റുകളും കേരളത്തിന്റെ തീരമേഖലക്ക് അസ്വാസ്ഥ്യം സൃഷ്ടിക്കുന്നു. സംസ്ഥാന സർക്കാർ വിഭാവനം ചെയ്ത് നടപ്പാക്കുന്ന ‘പുനർഗേഹം’ പദ്ധതി ദീർഘവീക്ഷണത്തോടുകൂടിയതാണ്. ഭാവിയിൽ തീരത്തുനിന്ന് ഒഴിഞ്ഞുപോകുന്നവരുടെ പുനരധിവാസം, പുരുജ്ജീവനം, സുരക്ഷിതമായ ജീവനോപാധികൾ നൽകൽ എന്നിവ ദുരന്തനിവാരണ അതോറിറ്റിയുടെയും സംസ്ഥാന സർക്കാരിന്റെയും ശ്രദ്ധയിൽ ഉള്ള വിഷയങ്ങളാണ്. മാറിയ കാലാവസ്ഥാ സാഹചര്യത്തിൽ കേരളതീരത്ത് ഒരു ചുഴലിക്കാറ്റ് ആഞ്ഞടിക്കാനിടയായാൽ മുന്നറിയിപ്പുകൾകൃത്യമായ ഇടവേളകളിൽ ജനങ്ങളിൽ എത്തിക്കാനും കഴിയുമ്പോൾ കൂടിയാണ് നിർദിഷ്ട സമയത്തിനുള്ളിലുള്ള ഒഴിപ്പിക്കൽ സാധ്യമാകുക; ഒപ്പം അതുമൂലമുണ്ടാകുന്ന ആഘാതങ്ങൾ നമുക്ക് ലഘൂകരിക്കുവാനും കഴിയുക. അത്തരത്തിലുള്ള പുനരധിവാസ കേന്ദ്രങ്ങൾ തീരത്തുനിന്നകന്ന് സാങ്കേതിക തികവോടെ നിർമ്മിക്കുന്നതിൽ മുൻകൈ എടുക്കേണ്ടത് ഭരണകൂടങ്ങളാണ്. കാലാവസ്ഥാ വ്യതിയാനത്തിന്റെ പശ്ചാത്തലത്തിൽ തീരവും തീരവാസികളും പ്രതിസന്ധികളെ നേരിടേണ്ടിവരുമെന്ന് തന്നെയാണ് കരുതുന്നത്.

തീരദേശമേഖലകളെ മാത്രം ബാധിക്കുന്ന പ്രശ്നമായി കടലേറ്റ ഭീഷണിയെ കണ്ണടച്ച് തള്ളരുത്. ലോകമെമ്പാടുമുള്ള തീരദേശങ്ങളും, ദ്വീപസമൂഹങ്ങളും ഒരു പോലെ നേരിടേണ്ടി വരുന്ന ഒരു വെല്ലുവിളിയാണ് ആഗോളതാപനം വഴിയുണ്ടാകുന്ന കടലേറ്റം. ഏഷ്യയിലെയും ആഫ്രിക്കയിലെയും ഏറ്റവും ദരിദ്രരായ ജനവിഭാഗങ്ങൾ നേരിടുന്ന അതെ വെല്ലുവിളി തന്നെയാണ് കടലേറ്റ ഭീഷണിക്ക് മുന്നിൽ യൂറോപ്പിലെയും അമേരിക്കയിലെയും അതിവികസിതരാഷ്ട്രങ്ങളിലെ ജനങ്ങളും നേരിടേണ്ടി വരിക.


മറ്റു ലേഖനങ്ങൾ



ആഗോളതാപനവും കാലാവസ്ഥാമാറ്റവും

എന്താണ് ഹരിതഗൃഹപ്രഭാവം?

കാലാവസ്ഥാചർച്ചകളും ഉടമ്പടികളും

എന്താണ് പാരിസ്ഥിതിക പാദമുദ്ര ?

കാലാവസ്ഥാമാറ്റവും പാരീസ് കരാറും

ആഗോളതാപനവും കാലാവസ്ഥാമാറ്റവും, നമുക്കെന്ത് ചെയ്യാം


 

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post മാറുന്ന കാലാവസ്ഥ അനിവാര്യം വേണ്ട ജാഗ്രത – വെബിനാർ രജിസ്റ്റർ ചെയ്യാം
Next post പേവിഷബാധ ഒരു പൊതുജനാരോഗ്യപ്രശ്നം – തുടച്ചുനീക്കാം പ്രതിരോധകുത്തിവെപ്പിലൂടെ
Close