Read Time:18 Minute

കേൾക്കാം

പൊതുവേ ഒരു തോന്നലുണ്ട്, പൊതുജനാരോഗ്യം എന്നാൽ, ഒരുപറ്റം ആശുപ്രതികളും ആരോഗ്യകേന്ദ്രങ്ങളും സ്ഥാപിക്കുകവഴി സാധ്യമാകുമെന്ന്. ഇവ ഇല്ലാതെ ആരോഗ്യവും സുസ്ഥിതിയും ഉറപ്പാക്കാൻ സാധിക്കുകയില്ല എന്ന സത്യം മറക്കുന്നില്ല. എന്നാൽ, ഇതോടൊപ്പം തുല്യപ്രാധാന്യം അർഹിക്കുന്നവയത്രെ സ്വതന്ത്രമായി ചിന്തിക്കാനും ധിഷണയും അനുഭവവും ഉപയോഗിച്ച് ആരോഗ്യപ്രശ്നങ്ങളിൽ ഇടപെടാനുള്ള കഴിവും ആർജിച്ച് മാനവശേഷി വികസിപ്പിക്കുക എന്നതും. രണ്ട് അടിസ്ഥാന ചിന്താരീതി ഇതിന് ആവശ്യമാണ്. ഒന്ന്, പ്രശ്‌നാധിഷ്‌ഠിതമായി ചിന്തിക്കാനും ചോദ്യങ്ങൾ ചോദിക്കാനുമുള്ള കഴിവ്. രണ്ട്, ഏത് ചെറിയ കാര്യമാണെങ്കിലും ഗവേഷണരീതി ശാസ്ത്രം ഉപയോഗിക്കാനുള്ള പെരുമാറ്റരീതി (Research Methodology). ഇവ രണ്ടും ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്ന ഡോക്ട‌ർമാർക്ക് പ്രത്യേക ശിക്ഷണത്തിലൂടെ ലഭ്യമാക്കേണ്ടതുണ്ട്.

ഡേവിഡ് ബോം (David Bohm) തൻറെ ‘പൂർണതയും സംശ്ളേഷിത വ്യവസ്ഥയും’ (Wholeness and the Implicate Order) എന്ന പുസ്‌തകത്തിൽ ചോദ്യങ്ങൾ ചോദിക്കേണ്ടതും പ്രശ്ന‌പരിഹാരവും തമ്മിലുള്ള ബന്ധത്തെ പരാമർശിക്കുന്നുണ്ട്. അദ്ദേഹത്തിൻറെ അഭിപ്രായത്തിൽ, ‘എല്ലാ ശാസ്ത്രീയമായ അന്വേഷണങ്ങളുടെയും ഏറ്റവും നിർണായകമായ ചുവട് ശരിയായ ചോദ്യങ്ങൾ ഉണ്ടാക്കുക എന്നതാണ്. അതിനാൽ ഏത് അന്വേഷണവും തുടങ്ങേണ്ടത് കൃത്യവും സ്‌പഷ്ടവുമായ ചോദ്യങ്ങൾ സൃഷ്ടിച്ചിട്ടുണ്ടോ എന്ന വിശകലനത്തിലൂടെയാകണം. പല വലിയ കണ്ടുപിടിത്തങ്ങളും ആരംഭിച്ചിട്ടുള്ളത് തുലോം പഴയ ചോദ്യങ്ങളിൽനിന്നുതന്നെയാണ് -പക്ഷേ, ആ ചോദ്യങ്ങളിലെ തെറ്റുകൾ കണ്ടത്തുകയും പുതിയ ശരികളിലേക്ക് യാത്രചെയ്യുകയുമായിരുന്നു ഗവേഷകരുടെ രീതി’.

ഈ തത്വം പ്രായോഗികതലത്തിൽ എങ്ങനെയുണ്ടാവും എന്നുകാണിക്കുന്ന രണ്ട് അനുഭവകഥകൾ പരിഗണിക്കാം

1. ഒരു ക്യൂബൻ കഥ

സോവിയറ്റ് യൂനിയൻ ശിഥിലമായ പശ്ചാത്തലത്തിലുണ്ടായ രാഷ്ട്രീയ സാമ്പത്തിക പ്രതിസന്ധി അങ്ങകലെ ക്യൂബ എന്ന രാജ്യത്തിൻറെ ആരോഗ്യനിലയെ ബാധിച്ചതെങ്ങനെയാണ്? തൊണ്ണൂറുകളുടെ തുടക്കത്തിൽ ക്യൂബയിൽ ഭീമമായ സാമ്പത്തിക പ്രതിസന്ധിയും ഭക്ഷ്യക്ഷാമവും നിലവിൽവന്നു. സോവിയറ്റ് സഹായങ്ങൾ പൊടുന്നനെ നിർത്തലായതാണ് ഇതിനുകാരണം. ഇതോടൊപ്പം നിരവധിപേർക്ക് ഒരു പകർച്ചവ്യാധിക്ക് സമാനമായ രീതിയിൽ കാഴ്‌ച നഷ്ടപ്പെട്ടുതുടങ്ങി. കാഴ്ചയുടെ വ്യാപ്തിയിലും നിറങ്ങൾ കാണാനുള്ള കഴിവിലുമാണ് മാറ്റമുണ്ടായത്. ഏതാനും മാസത്തിനുള്ളിൽ ഏകദേശം 25,000 പേർക്ക് അന്ധത ബാധിച്ചു. 1993 ആയപ്പോൾ 50,000ത്തിലധികം പേർ പൂർണമായും അന്ധരായി. അനേകം പേർക്ക് ഭാഗികമായ അന്ധത വന്നു. സുശക്തമായ പ്രാഥമികാരോഗ്യരംഗം കെട്ടിപ്പെടുത്ത രാജ്യമാണ് ക്യൂബ എന്നോർക്കണം. നല്ലനിലയിൽ പ്രവർത്തിക്കുന്ന വൈറസ് പഠനകേന്ദ്രങ്ങളും ക്യൂബയിലുണ്ട്. തുടക്കത്തിൽ ഇത് ഒരു വൈറസ് രോഗബാധയാകും എന്നാണ് ക്യൂബൻ ഗവേഷകർ കരുതിയത്. ഇതിനൊരു കാരണവുമുണ്ട്. പോഷകാഹാരക്കുറവും ഭക്ഷണത്തിലെ വിഷാംശവുമാണ് രോഗകാരണമെന്ന സംശയം ക്യൂബൻ ഡോക്‌ടർമാർക്കുണ്ടായിരുന്നു. അവരുടെ റിപ്പോർട്ട് മന്ത്രിമാരായ ഹെക്‌ടർ ടെറി, ജൂലിയോറ്റേയ എന്നിവർക്ക് സമർപ്പിക്കുകയുണ്ടായി. എന്നാൽ, സർക്കാറിലെ ഉന്നത കേന്ദ്രങ്ങളിൽ ഈ റിപ്പോർട്ട് അസംതൃപ്തിയുണ്ടാക്കുകയും എന്തുകൊണ്ടാണ് പട്ടിണിയുള്ള മൂന്നാംലോക രാജ്യങ്ങളിൽ അന്ധത വരാത്തതെന്ന മറുചോദ്യവുമായി മുന്നോട്ടുവരുകയുമാണ് ഉണ്ടായത്. ‘ഇതൊരു വൈറസാണ് അതുകണ്ടുപിടിക്ക് എന്ന് കാസ്ട്രോ ആജ്ഞാപിക്കുകപോലും ചെയ്തുവെന്നും റിപ്പോർട്ട് ചെയ്യപ്പെടുന്നു. ഈ പശ്ചാത്തലത്തിലാണ് അന്ധതരോഗം ആഴ്‌ചയിൽ 3000 മുതൽ 4000 വരെ പുതിയ രോഗികളുണ്ടാകുന്ന നിലയിലേക്ക് 1993ൽ വ്യാപിച്ചത്.

ഫിഡൽ കാസ്ട്രോ

അപ്പോൾ, 30,000ത്തോളം പേർക്ക് കാഴ്‌ച നഷ്ടപ്പെടുകയും മറ്റുള്ളവർ ഭീതിയിലാവുകയും ഡോക്ടർമാരും ഗവേഷകരും ഏറക്കുറെ നിശ്ശബ്ദരാകുകയും ചെയ്‌തപ്പോൾ ക്യൂബൻ സർക്കാർ വിദേശ ഏജൻസികളുടെ സഹായം തേടുകയുണ്ടായി. അങ്ങനെയാണ് ലോകാരോഗ്യ സംഘടന (WHO), വിശാല അമേരിക്കൻ ആരോഗ്യ സംഘടന (Pan America Health Organization, PAHO), ഓർബിസ് (Orbis) എന്നീ വേദികൾ ക്യൂബ സന്ദർശിച്ച് വിശദമായ പഠനങ്ങൾ പൂർത്തിയാക്കിയത്. അന്ധത റിപ്പോർട്ട് ചെയ്യപ്പെട്ട പലർക്കും ശരിയായ അന്ധത ഇല്ലായിരുന്നെന്നും തുടക്കത്തിൽ മനസ്സിലാക്കിയിരുന്നു, മാത്രമല്ല കാഴ്‌ച വൈകല്യം ഉണ്ടായവരിൽ പലർക്കും മറ്റ് നാഡീവ്യൂഹ ആഘാതങ്ങളും ദൃശ്യമായിരുന്നു. കൈകാലുകളിലെ സ്പ‌ർശന ശേഷിക്കുറവ്, നടത്തത്തിലെ അസന്തുലിത എന്നിവയായിരുന്നു മറ്റു പ്രശ്‌നങ്ങൾ. രസകരമായ കാര്യം, ക്യൂബയിലെ ഡോക്‌ടർമാർ ഇത് പകർച്ചവ്യാധിയോ വൈറസ് രോഗമോ ആണെന്ന് കരുതിയിരുന്നില്ല.

ദക്ഷിണ കാലിഫോർണിയ സ്കൂൾ ഓഫ് മെഡിസിനിലെ പ്രഫസറായ ആൽഫ്രഡോ സാഡൻ ആണ് വളരെ കൃത്യമായ ഈ ക്യൂബൻ അന്ധതാരോഗത്തിൻറെ ചുരുളഴിച്ചത്. സാമ്പത്തികപ്രശ്നത്തിൽ ഉഴറുന്ന ക്യൂബയിൽ ഭക്ഷ്യപ്രശ്‌നം അതിരൂക്ഷമായിരുന്നു. കഴിക്കാൻ ധാന്യങ്ങളല്ലാതെ -അതും റേഷൻ അടിസ്ഥാനത്തിൽ- മറ്റൊന്നും ലഭ്യമായിരുന്നില്ല. മാംസാഹാരം, മുട്ട, പാൽ തുടങ്ങിയ വിഭവങ്ങൾ മാസത്തിലൊരിക്കലെങ്കിലും ലഭിച്ചാലായി. ശരാശരി ക്യൂബക്കാരൻ പതിവായി മദ്യം (Rum) ഉപയോഗിക്കുകയും 95 ശതമാനം പുരുഷന്മാർ പുകവലിക്കുകയും ചെയ്യാറുണ്ട്. സാമ്പത്തിക ഉപരോധത്തിൻറെ ഭാഗമായി ക്യൂബയിൽ ഉൽപാദിപ്പിച്ചിരുന്ന മദ്യം ഏറക്കുറെ പൂർണമായും കയറ്റുമതിക്കായി മാറ്റിവെച്ചതിനാൽ ആഭ്യന്തര വിപണിയിൽ മദ്യം ലഭ്യമായിരുന്നില്ല. അതിനാൽ, കരിമ്പിൽനിന്ന് വാറ്റുന്ന ചാരായം സർവസാധാരണമായി. ഏറക്കുറെ എല്ലാ വീട്ടിലും ചാരായം വാറ്റുമെന്ന നിലയിലായി. ഈ വ്യാജമദ്യം പൂർണമായി ശുദ്ധീകരിച്ചതാവില്ലല്ളോ.
ഈ അസംസ്കൃത മദ്യത്തിൽ മെഥനോൾ (മീഥൈൽ ആൽക്കഹോൾ), സൈനൈഡ് എന്നീ രാസവസ്തുക്കൾ ഉണ്ടായിരിക്കും. ഇതാണ് കാഴ്‌ച നഷ്ടത്തിൻറെ രസതന്ത്രം. സാധാരണ ഈ അളവിലെ സൈനൈഡ്, മെഥനോൾ എന്നിവയെ ഭക്ഷണത്തിലുള്ള ഫോളിക് ആസിഡ് എന്ന വിറ്റമിൻ -ബി ഘടകം നിർവീര്യമാക്കും. പോഷകാഹാരക്കുറവുമൂലം ക്യൂബയിലെ വലിയൊരുവിഭാഗം ജനങ്ങളിൽ ബി വിറ്റാമിനുകളുടെ ദൗർലഭ്യം പ്രകടമായിരുന്നുതാനും. വിദേശ ഏജൻസികളിൽനിന്നത്തെിയ ഈ വിദഗ്ധരുടെ അഭിപ്രായങ്ങൾ ശ്രദ്ധാപൂർവം കേൾക്കുകയും അതിനോട് അനുകൂലമായി ഫിഡൽ കാസ്ട്രോ പ്രതികരിച്ചുവെന്നതും രോഗനിയന്ത്രണത്തിന് അനുകൂലഘടകങ്ങളായി. ഗുണപാഠം: എത്രനല്ല ആരോഗ്യ ശൃംഖലയുണ്ടെങ്കിലും രാഷ്ടീയ നിലപാടുകളിലെ വൈകല്യം ആരോഗ്യപ്രവർത്തകരെ നിർവീര്യമാക്കും. ശാസ്ത്രസത്യങ്ങളോട് മുഖംതിരിച്ചാൽ ഉണ്ടാകുന്ന സാമൂഹികനഷ്ടം വളരെ വലുതായിരിക്കകയും ചെയ്യും.

2. ഒരു ചൈനീസ് ദൗത്യം

2015ലെ നൊബേൽ സമ്മാനം കൊണ്ട് ശ്രദ്ധിക്കപ്പെട്ട ശാസ്ത്രജ്ഞയാണ് യുയു ടു എന്ന ചൈനീസ് ഗവേഷക. ഇവർ വികസിപ്പിച്ചെടുത്ത ആർട്ടെമിസിനിൻ, ഡൈഹൈഡ്രോ ആർട്ടെമിസിനിൻ എന്നീ ഔഷധങ്ങൾ സൃഷ്ടിച്ച ആരോഗ്യരംഗത്തെ പരിവർത്തനമാണ് നൊബേൽ കമ്മിറ്റി ശ്ളാഘിച്ചത്. ഇതിലേക്ക് വഴിവെച്ച രാഷ്ട്രീയവും ശാസ്ത്രീയവുമായ ചുവടുകൾ പഠിക്കുന്നത് നന്നായിരിക്കും. 1960കളിൽ ഹോചിമിൻ മലേറിയ മരണങ്ങളുടെ പരിഹാരം തേടുകയുണ്ടായി. ദക്ഷിണ വിയറ്റ്നാമുമായുള്ള യുദ്ധത്തിൽ ലക്ഷക്കണക്കിന് സേനാംഗങ്ങളാണ് മലേറിയമൂലം മരണപ്പെട്ടത്. ഇതിനൊരു പരിഹാരം കണ്ടത്തൊനുള്ള അഭ്യർഥന ചൗ എൻലായ്ക്ക് ലഭിച്ചു. അദ്ദേഹം മാവോയെ ബോധ്യപ്പെടുത്തിയാണ് അതീവ രഹസ്യമായ പ്രോജക്ട‌് 523ന് തുടക്കമിട്ടത്. സാംസ്കാരിക വിപ്ളവകാലത്ത് പൊതുവേ പഠനഗവേഷണ കേന്ദ്രങ്ങൾക്ക് അപ്രഖ്യാപിത വിലക്ക് രാജ്യത്തെമ്പാടും നിലനിൽക്കുമ്പോൾ ഇത്തരം ഒരു തീരുമാനം രഹസ്യമായിരിക്കേണ്ടത് അത്യാവശ്യമാണല്ളോ. യുയു ടുവിന് ചൈനക്കുള്ളിൽ ഗവേഷണ സ്വാതന്ത്ര്യം അനുവദിച്ചിരുന്നു. ഈ ഒരു രാഷ്ട്രീയ തീരുമാനമാണ് ആർട്ടെമിസിനിൻ എന്ന ഔഷധത്തിലത്തെിച്ചത്.

യുയു ടു

ഇതോടൊപ്പം പരിഗണിക്കേണ്ട ബോം (Bohm) സങ്കൽപമുണ്ട്. എങ്ങനെയാണ് ശരിയായ ചോദ്യങ്ങൾ ചോദിക്കേണ്ടത്? ശരിയായ ചോദ്യങ്ങൾ ചോദിച്ചിട്ടുണ്ട് എന്ന് ഉറപ്പുവരുത്തുക? ഇതിന് യുയു ടു ആദ്യം ചെയ്തത് മലേറിയ ബാധിച്ച വ്യക്തികളെ കാണുക എന്നതാണ്. അസംഖ്യം കുട്ടികൾ മലേറിയമൂലം കഷ്ടപ്പെടുന്നതും മരിക്കുന്നതും അവർ ശ്രദ്ധിച്ചു. അങ്ങനെ ഇതിനൊരു പരിഹാരം കണ്ടത്തെണമെന്നത് തൻറെ ദൗത്യമായിക്കഴിഞ്ഞു എന്നവർ തിരിച്ചറിഞ്ഞു. ഇങ്ങനെയുള്ള നേരനുഭവങ്ങളാണ് ശാസ്ത്രത്തിലെ പവിത്രമായ നാഴികക്കല്ലുകൾ. ചൈനയിലെ സാമ്പ്രദായിക വൈദ്യത്തിൽ മലേറിയക്ക് പരിഹാരമായി ആയിരത്തോളം ഔഷധക്കൂട്ടുകൾ നിർദേശിച്ചിട്ടുണ്ട്. ഇത് കണ്ടത്തുകയായിരുന്നില്ല യുയു ടു ചെയ്തത്. അവർക്കറിയേണ്ടത് എന്തുകൊണ്ട് ഇതിൽ ഏതെങ്കിലും ഒരു ഔഷധക്കൂട്ടിനെങ്കിലും സുസ്ഥിരവും തിട്ടപ്പെടുത്താവുന്നതുമായ ഫലം പ്രദാനം ചെയ്യാനാകാത്തത് എന്നായിരുന്നു. മറ്റൊരുരീതിയിൽ പറഞ്ഞാൽ ഏതെങ്കിലും ഔഷധക്കൂട്ടുകൾക്ക് എന്തെങ്കിലും ഫലമുണ്ടോ എന്നതിനേക്കാൾ കൃത്യമായ അളവിൽ ഉപയോഗിക്കുമ്പോൾ കൃത്യവും ആവർത്തനയോഗ്യവുമായ ഫലം പ്രദാനംചെയ്യുന്നുണ്ടോ എന്നതായിരുന്നു പ്രശ്ന‌ം. ഈ ചോദ്യമാണ് അവരെ ആയിരം ഔഷധങ്ങളിൽനിന്ന് അഞ്ഞൂറും അവിടെനിന്ന് ഒന്നിലേക്കും കൊണ്ടത്തെിച്ചത്. 1500 വർഷമായി ചെയ്തുവരുന്ന ഈ ഔഷധത്തിൻറെ സാന്ദ്രീകരിക്കൽ രീതി ഫലവത്തല്ളെന്നും അതിനൊരു പുതിയ മാർഗം തേടണമെന്നുമുള്ള ഗവേഷണ പ്രശ്‌നമാണ് യുയു ടുവിനെ വേറിട്ടുനിർത്തുന്നത്. ശരിയായ ചോദ്യം ഉയർന്നപ്പോൾ അതിനുതകുന്ന ഗവേഷണമാതൃക ഉണ്ടായിവരുകയും ചെയ്തു. അവിടെനിന്നാണ് ആർട്ടെമിസിനിൻ (Artemisinin), ഡൈഹൈഡ്രോ ആർട്ടെമിസിനിൻ (Dihydroartemisinin) എന്നിവ സൃഷ്ടിക്കപ്പെടുന്നത്.

ഗുണപാഠം: ദുർഘടം പിടിച്ച സാഹചര്യങ്ങളിൽപോലും സ്വതന്ത്ര ചിന്തക്കും പ്രവർത്തനത്തിനും ഇടമുണ്ടെങ്കിൽ നവീന ആശയങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കും. അതിനുള്ള രാഷ്ട്രീയ സാഹചര്യമൊരുക്കാനും ബ്യൂറോക്രസിയിൽനിന്ന് പരിരക്ഷിക്കാനുമുള്ള സംവിധാനങ്ങൾ ഉണ്ടായാൽ മതി.

ഈ രണ്ടു കഥകൾക്കും നമ്മുടെ പൊതുജനാരോഗ്യ പരിപാലനവുമായി എന്തെങ്കിലും ബന്ധമുണ്ടോയെന്ന് ആലോചിക്കേണ്ടതുണ്ട്. ആരോഗ്യത്തിലെ ‘കേരള മോഡൽ’ എന്ന സങ്കൽപം കുറേയെങ്കിലും സമ്മർദത്തിലാണിപ്പോൾ. പൊടുന്നനെ പൊട്ടിവരുന്ന പകർച്ചവ്യാധികൾ, പുതുതായത്തെന്ന വൈറസ് രോഗങ്ങൾ, ജീവിതശൈലീ രോഗങ്ങൾ, റോഡപകടങ്ങൾ, കാൻസർ മുതലായ രോഗങ്ങൾ എല്ലാം ചേർന്ന് സങ്കീർണമായ രോഗാതുരതയിലേക്കാണ് നാം നീങ്ങിക്കൊണ്ടിരിക്കുന്നത്. അന്നനാളത്തിലെ കാൻസർ, കരൾ രോഗങ്ങൾ, പ്രമേഹം, വളർച്ചാമാന്ദ്യം, ഗ്രന്ഥീരോഗങ്ങൾ എന്നിവ പരമ്പരാഗതമായ ചോദ്യോത്തരങ്ങളിലൂടെ പരിഹരിക്കാനാവുന്നതുമല്ല. വായു, ജലം, രോഗപ്രതിരോധം, ഭക്ഷണം എന്നിവയിൽ പല ഗവേഷണഫലങ്ങളും ഇപ്പോൾതന്നെ ലഭ്യമാണ്. ഇതിൻറെ തുടർപഠനങ്ങൾ നടത്താനും അതിൽനിന്നുണ്ടാകുന്ന അറിവ് ആരോഗ്യപ്രവർത്തനത്തിൻറെ ഭാഗമാക്കാനുമുള്ള പുതിയ ആശയസംരംഭങ്ങൾ ഉണ്ടായിവരണമെങ്കിൽ പ്രശ്‌നാധിഷ്ഠിതമായി കാര്യങ്ങളെ സമീപിക്കുന്ന വിദഗ്‌ധരുടെ പൊതുജനാരോഗ്യ ശൃംഖല ഉണ്ടായാലേ കഴിയൂ. ഈ കഥകൾ അതിലേക്ക് വിരൽചൂണ്ടുന്നുവെന്ന് കരുതട്ടെ.

അനുബന്ധ വായനയ്ക്ക്

Happy
Happy
60 %
Sad
Sad
0 %
Excited
Excited
20 %
Sleepy
Sleepy
20 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post പൂ പകർത്താൻ പോരുന്നോ ? – പൂക്കാലം’ 24 മത്സരം
Next post തോൽപ്പിച്ചാൽ നിലവാരം ഉയരുമോ ?
Close