Read Time:4 Minute

ഡോ ബി ഇക്ബാൽ 

2015 ലെ വൈദ്യശാസ്ത്ര നോബൽ സമ്മാനം 85 ആം വയസ്സിൽ കരസ്ഥമാക്കിയ വന്ദ്യവയോധികയാണ് ചൈനീസ് ഫാർമസ്യൂട്ടിക്കൽ കെമിസ്റ്റായ ടു യുയു (Tu Youyo: ജനനം ഡിസംബർ 30, 1930). മലേറിയയുടെ ചികിത്സക്കുള്ള ആർട്ടിമെസിനിൻ (Artemisinin) എന്ന ഔഷധം കണ്ടുപിടിച്ചതിനാണ്  ടു യുയു വിന് നോബൽ പുരസ്കാരം ലഭിച്ചത്.  വൈദ്യശാസ്ത്രത്തിലെ മൗലിക ഗവേഷണത്തിനുള്ള  2011 ലെ ലാസ്കർ അവാർഡും   (Lasker-DeBakey Clinical Medical Research Award)  അവർക്ക് ലഭിച്ചിരുന്നു.  ആദ്യമായാണ് ഒരു ചൈനീസ് വനിതക്ക് വൈദ്യശാസ്ത്ര നോബലും ലാസ്ക്കർ അവാർഡും ലഭിക്കുന്നത്.

തന്നെ ബാധിച്ച ക്ഷയരോഗം മൂലം സ്കൂൾവിദ്യാഭ്യാസം തടസ്സപ്പെട്ടതിനെ തുടർന്നാണ് ടു യുയുവിന് വൈദ്യശാസ്ത്രഗവേഷണത്തിൽ താത്പര്യം ജനിച്ചത്. ബീജിംഗ് മെഡിക്കൽ യൂണിവേഴ്സിറ്റി ഫാർമസി കോളേജിൽ നിന്നും  1955 ൽ അവർ ഫാർമസി ബിരുദം നേടി, തുടർന്ന് രണ്ടര വർഷക്കാലം   ചൈനീസ് പാരമ്പര്യ വൈദ്യത്തിൽ പരിശീലനം നടത്തുകയും ചൈനീസ് പാരമ്പര്യവൈദ്യശാസ്ത്ര സയൻസസ് അക്കാദമിയിൽ ഗവേഷണം ആരംഭിക്കുകയും ചെയ്തു.

1967 ലെ വിയറ്റ്നാം യുദ്ധക്കാലത്ത്  വിയറ്റ്നാം സന്ദർശിച്ച ചൈനീസ് പ്രധാനമന്ത്രി ചൌ എൻലായിയോട് ഉത്തര വിയറ്റ്നാം പ്രസിഡന്റ് ഹോചിമിൻ നിലവിലുള്ള ചികിത്സകളോടെ പ്രതികരിക്കാത്ത വിയറ്റ്നാം പട്ടാളക്കാരെ ബാധിച്ച് വരുന്ന മലേറിയ രോഗത്തിന് ഉചിതമായ ഒരു മരുന്ന് കണ്ടെത്തുന്നതിൽ സഹായിക്കണമെന്നഭ്യർത്ഥിച്ചു. അന്ന് മലേറിയ ചികിത്സക്കുപയോഗിച്ചിരുന്ന ക്ലോറോക്വിൻ മരുന്നിനോട് പ്രതിരോധശേഷിയുള്ള മലേറിയയായിരുന്നു വിയറ്റ്നാമിലും മറ്റ് പലരാജ്യങ്ങളിലും വ്യാപിച്ചിരുന്നത്.  ചൈനയിൽ തിരികെയെത്തിയ ചൌ എൻലായി ചൈനീസ് പ്രസിഡന്റ് മാവോസെദോങ്ങിന്റെ അനുമതിയോടെ മലേറിയക്കുള്ള മരുന്നു കണ്ടെത്തുന്നതിനായി പ്രൊജക്ട് 523 എന്നൊരു പദ്ധതി ആവിഷ്കരിച്ചു. 1969 ൽ പ്രോജക്ട് 523 ഗവേഷക ടീമിന്റെ ചുമുതല ചൈനീസ് സർക്കാർ ടു യുയുവിന് നൽകി.

ലോകമെമ്പാടുമുള്ള ശാസ്ത്രജ്ഞർ 2,40,000 രാസവസ്തുക്കൾ പരിശോധിച്ചെങ്കിലും മലേറിയക്ക് കൂടുതൽ ഫലവത്തായ മരുന്ന് കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ചൈനീസ് ഔഷധസസ്യങ്ങളിൽ നിന്നും പുതിയ മരുന്ന് കണ്ടെത്തുന്നതിനായാണ് ടു യുയു ശ്രമിച്ചത്. അതിന്റെ ഭാഗമായി അവരും സഹപ്രവർത്തകരും 200 ഔഷധസസ്യങ്ങൾ പരീക്ഷണ വിധേയമാക്കി. 1400 വർഷം പഴക്കമുള്ള ഒരു പുരാതന പാരമ്പര്യ ഔഷധരേഖയിൽ നിന്നും പനിക്കുള്ള ചികിത്സക്കാ‍യി ഉപയോഗിച്ചിരുന്ന ആർട്ടിമെസിയ അന്ന്വ (Artemisia annua) എന്ന ഔഷധസസ്യം ടു യുയുവിന്റെ ശ്രദ്ധയിൽ പെട്ടു. ഈ ഔഷധസസ്യത്തിൽ  നിന്നും 1971 ൽ ടു യുയു ആർട്ടിമെസിനിൻ എന്ന രാസവസ്തു വേർതിരിച്ചെടുത്തു.  മൃഗപരീക്ഷണത്തിൽ ആർട്ടിമെസിനിൻ മലേറിയ ചികിത്സക്ക്  പ്രയോജനകരമെന്ന് കണ്ടു. ഔഷധപരീക്ഷണത്തിന്റെ ഭാഗമായി സ്വയം ആർട്ടിമെസിനിൻ സ്വീകരിക്കാനും അവർ തയ്യാറായി. 1972 മുതൽ ആർട്ടിമെസിനിൻ മലേറിയ ചികിത്സക്ക് ഉപയോഗിച്ച് തുടങ്ങുകയും ഏഷ്യൻ ആഫ്രിക്കൻ രാജ്യങ്ങളിൽ മാത്രമല്ല വികസിതരാജ്യങ്ങളിലും ലക്ഷക്കണക്കിന് മലേറിയ രോഗികളുടെ ജീവൻ രക്ഷിക്കാൻ പ്രയോജനപ്പെടുകയും ചെയ്തു.

ചൈനീസ് സർക്കാർ 1980 ൽ ടു യുയു വിനെ പ്രൊഫസറായി പ്രൊമോട്ട് ചെയ്തു.  ചൈനീസ് സയൻസ് അക്കാദമിയിലെ ചീഫ് സയന്റിസ്റ്റായും നിയമിച്ചു.


ടു യുയുവിന്റെ നോബൽ പ്രഭാഷണം: https://www.nobelprize.org/prizes/medicine/2015/tu/lecture/

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post ഇ കെ ജാനകി അമ്മാൾ 
Next post അസ്ട്രോസാറ്റ്
Close