പൊട്ടു വെള്ളാട്ടി ( Psyche – Leptosia nina)
പ്ലക്കം പ്ലക്കം എന്ന് ചിറക് തുറന്നടച്ച് ശരീരം മൊത്തം പൊക്കി താഴ്ത്തി ഉലച്ച് കഷ്ടപ്പെട്ട് നിലം പറ്റി വെറുതേ അങ്ങും ഇങ്ങും പറക്കുന്ന പൊട്ട് വെള്ളാട്ടി കുഞ്ഞ് ശലഭത്തെ തിരക്കേറിയ നഗരങ്ങളിൽ പോലും കാണാം. വെള്ളമടിച്ച് കിറുങ്ങി നടക്കുന്ന ആളെ പോലെ ദിശാബോധമില്ലാത്ത തുള്ളിപ്പാറിയുള്ള കറങ്ങൽ. ഗ്രീക്ക് മിത്തോളജിയിലെ ആത്മാവിന്റെ ദേവതയായ സെക്കി എന്ന് ഇതിന് പേരിട്ടത് ഈ സ്വഭാവം കൊണ്ടാണ്. അതിരാവിലെ തന്നെ ഉറക്കമുണർന്ന് പറക്കാൻ തുടങ്ങുന്ന ഇവ ഒരു മീറ്ററിലധികം ഉയരത്തിൽ പറക്കില്ല. ഇവയുടെ മുൻചിറകിൽ ഓരോ പൊട്ടുണ്ട്. ചിറകിന്റെ അടിവശം പച്ച കലർന്ന തവിട്ട് നിറത്തിലുള്ള മങ്ങിയ ചില പാടുകളാണുള്ളത്.
ആര്യവേള (Cleome rutidosperma) , നീർമാതളം ( Crateva adansonii ) തുടങ്ങിയ ചെടികളിലാണ് ഇവ മുട്ടയിടുക. ലാർവകൾക്ക് ചാര പ്പച്ച നിറമാണ്. ഇലകളിലും തണ്ടിലും ഇരിക്കുന്ന ലാർവകളെ കണ്ട്പിടിക്കാൻ പ്രയാസമാണ്. ലാർവകൾ മറ്റ് ശലഭ പ്പുഴുക്കളെപ്പോലെ ബക സ്വഭാവമുള്ള തീറ്റക്കൊതിയരും അല്ല.