Read Time:22 Minute


ഡോ ജയകൃഷ്ണന്‍ ടി.
പ്രൊഫസര്‍, കമ്മ്യുണിറ്റി മെഡിസിന്‍ ,കോഴിക്കോട് മെഡിക്കല്‍ കോളേജ്

ഇപ്പോള്‍  സംസ്ഥാനത്ത് ദിവസവും ഇരുപതിലധികം പേര്‍ കോവിഡ് കാരണം മരിക്കുന്നുണ്ട്. ഇങ്ങനെ മരിക്കുന്നവരുടെ മൃതദേഹങ്ങള്‍ ഏറ്റെടുക്കാന്‍ ബന്ധുക്കള്‍ വിസമ്മതിക്കുന്നതായും, ബന്ധുക്കള്‍ ഏറ്റെടുത്താല്‍ തന്നെ വീട്ടിലെത്തിച്ചു സംസ്കരിക്കാന്‍ നാട്ടുകാര്‍ എതിര്‍പ്പ് പ്രകടിപ്പിക്കുന്നതായും വാര്‍ത്തകളുണ്ട്. കൂടാതെ കോവിഡ് രോഗികളെയും കോവിഡ് മൂലം മരണപ്പെടുന്നവരെയും കുറ്റവാളികളായി കാണുന്ന പ്രവണതയും , അവരുടെ കുടുംബാംഗങ്ങളെ ഒറ്റ പെടുത്തുന്ന സംഭവങ്ങളും ഉണ്ടാകുന്നുണ്ട്. മരണം ആരുടേതായാലും വേദനാ ജനകമാണ്. അവര്‍ക്ക് വേണ്ട മരണാനന്തര പരിചരണവും വിടവാങ്ങലും നല്‍കുന്നത് ജീവിച്ചിരിക്കുന്നവരുടെ കടമയാണ്.

മൃതശരീരങ്ങളില്‍ നിന്നു കോവിഡു പകരാനുള്ള സാധ്യതകള്‍ എത്രയുണ്ട് ? 

റിസ്ക് മാട്രിക്സ് തീവ്രത നോക്കിയാല്‍  SARS കൊറോണ വൈറസ് 2 മോഡറേറ്റ് അപകടകാരിയായ ബയോസേഫ്ടി ലെവല്‍ രണ്ടില്‍ (BSL-2 )പ്പെട്ട വൈറസ് ആണ്. ഒരു ശ്വാസകോശ വൈറസ് ആയതിനാല്‍ ഇത് പ്രധാനമായും ബാധിക്കുന്നത് ശ്വാസകോശ വ്യൂഹത്തെയും പകരുന്നത് ശ്വാസ കോശ സ്രവ കണങ്ങള്‍, ഉമിനീര്‍  എന്നിവ വഴി രോഗികളില്‍ നിന്നു നേരിട്ടു ഡ്രോപ് ലെറ്റുകളായും  അത് പുരണ്ട മറ്റ് വസ്തുക്കള്‍ വഴി നേരിട്ടല്ലാതേയുമാണ്. രോഗപകര്‍ച്ചയുള്ള ഘട്ടങ്ങളിലാണ്  രോഗി മരിച്ചതെങ്കില്‍ അയാളുടെ ശ്വാസകോശങ്ങളിലെ കലകളിലും രോഗാണുക്കള്‍ ഉണ്ടായിരിക്കും. മരിച്ചു കഴിഞ്ഞ ഒരാള്‍ ശ്വാസോച്ഛാസം കഴിക്കാത്തതിനാല്‍ പുറമേക്ക് രോഗ വ്യാപനത്തിനുള്ള സാധ്യതകളും കുറവാണ്. ആകെ രോഗപ്പകര്‍ച്ചക്കുള്ള സാധ്യത മൃതദേഹത്തിലോ, വസ്തുക്കളിലോ ഉള്ള സ്രവങ്ങള്‍ പുരളുക എന്നത് മാത്രമാണ്.  എന്നാല്‍ ഒരാള്‍ മരിച്ചാൽ അയാളെ പരിചരിച്ച ബന്ധുക്കളിലും, സമ്പര്‍ക്കപ്പെട്ടവരിലും രോഗം ഉണ്ടാകാനുള്ള  സാധ്യത കൂടുതലായിരിക്കും. സാമൂഹ്യ വ്യാപനം നടന്നിട്ടുള്ള സ്ഥലങ്ങളില്‍ ആണെങ്കില്‍ അവിടെ എത്തുന്ന ആരിലൂടെയും രോഗം മറ്റുള്ളവരിലേക്ക് എത്താനുള്ള സാധ്യത ഉണ്ട്. കോവിഡ് ബാധിതരില്‍ 80% വും പുറമേ  യാതൊരു രോഗ ലക്ഷണങ്ങളും കാണിക്കാത്തവരായിരിക്കും .അതിനാല്‍ മരണപ്പെട്ടവരില്‍ നിന്നുള്ള ഭീഷണിയല്ല,  അവിടെ  എത്തുന്ന മറ്റുള്ളവരില്‍ നിന്നും  അന്യരിലേക്ക്  രോഗം പകരാനുള്ള സാധ്യതകള്‍ കുറക്കാനാണ്  മരണാനന്തര ചടങ്ങുകളില്‍ ആളുകള്‍ കൂടുന്നത് പ്രധാനമായും നിയന്തിക്കപ്പെട്ടിട്ടുള്ളത് എന്നു മനസ്സിലാക്കണം.

ഒരുസ്ഥലത്ത് ഒരുമിച്ച് കൂടുന്ന ആളുകളുടെ എണ്ണം, ഇവര്‍ തമ്മിലുള്ള കുറഞ്ഞ ശാരീരിക അകലം (1 മീറ്ററില്‍ താഴെ), കുടിയിരിക്കുന്ന സമയ ദൈര്‍ഘ്യം എന്നിവയാണ് ഇവരിലെ കോവിഡ് വ്യാപനത്തിന്റെ നിര്‍ണയ ഘടകങ്ങള്‍.  അതുപോലെ തുറസ്സായ, വായു സഞ്ചാരമുള്ള സ്ഥലങ്ങളെ അപേക്ഷിച്ച് വായു സഞ്ചാരം കുറഞ്ഞ അടച്ചിട്ട മുറികളില്‍ കണങ്ങള്‍ കൂടുതല്‍ നേരം തങ്ങി നില്‍ക്കുന്നതിനാല്‍ കോവിഡ് വ്യാപനത്തിനുള്ള സാധ്യതകള്‍ കൂടുതലാണ്. അതിനാല്‍ പറ്റുമെങ്കില്‍ സംസ്കാര ചടങ്ങുകള്‍,  തുറസ്സായ സ്ഥലത്തു വെച്ചു  നടത്തുന്നതും പുറമേയുള്ളവര്‍ വെര്‍ച്വല്‍ ആയി  കാണുന്നതും ആണ് അഭികാമ്യം. മൃതശരീരങ്ങള്‍ പരിപാലനം ചെയ്യുന്നതിന് ലോകാരോഗ്യ സംഘടനയും, അതിനനുസരിച്ച്  ഓരോ രാജ്യവും, ഇന്ത്യയില്‍ ദേശീയ തലത്തിലും, സംസ്ഥാന തലത്തിലും മാര്‍ഗ രേഖകള്‍ തയ്യാറാക്കിയിട്ടുണ്ട്.

ആശുപത്രികളില്‍ വെച്ചുള്ള മരണങ്ങള്‍ 

ഇവിടെ മരിച്ചവരുടെയും, വീട്ടുകാരുടെയും അവകാശസംരക്ഷണവും, മൃതദേഹം കൈകാര്യം ചെയ്യുന്നവരുടെ ആരോഗ്യ സംരക്ഷണവുമാണ് പ്രധാനം. അതിനാല്‍ വേണ്ട സുരക്ഷാ കിറ്റുകളും, വസ്തുക്കളും മുന്‍കുട്ടി സ്റ്റോക്ക് ചെയ്തിരിക്കണം. ബന്ധുക്കള്‍ക്കു മരിച്ച ആളിനെ കാണണമെങ്കില്‍ അത് അനുവദിക്കാവുന്നതാണ്. മൃതശരീരങ്ങള്‍ കൈകാര്യം ചെയ്യാനായി പ്രത്യേക ആരോഗ്യ പ്രവര്‍ത്തകര്‍ /ടീം ഉണ്ടായിരിക്കണം.

മൃതശരീരങ്ങള്‍ അണുനശീകരണം നടത്തി, പകരാനുള്ള പഴുതുകള്‍ അടച്ചു “പായ്ക്ക്” ചെയ്തു വേണം ആശുപത്രി അധികൃതര്‍ ബന്ധുജനങ്ങള്‍ക്ക് കൈ മാറേണ്ടത്.  ഇത് ചെയ്യുന്ന ആശുപത്രി ജീവനക്കാര്‍ പ്രോട്ടോകോള്‍ പ്രകാരം വേണ്ട സുരക്ഷ നടപടികളും പി‌പി‌ഇ കിറ്റുകള്‍, ഫെയിസ് ഷീല്‍ഡ് എന്നിവയും പാദം മൂടുന്ന ഷൂവും ധരിച്ചിരിക്കണം. മരിച്ച ആളിന്റെ ശരീരം അണുനാശിനി ഉപയോഗിച്ചു കഴുകുകയും, തുടച്ചു വൃത്തിയാക്കുകയും  ശരീരത്തില്‍ ഘടിപ്പിച്ചിട്ടുള്ള ടൂബുകള്‍ (കത്തീറ്റര്‍, റയില്‍സ് ട്യൂബ് എന്നിവ) ഉണ്ടങ്കില്‍ അവയൊക്കെ മാറ്റുകയും, ഐ‌വി ഫ്ലൂയിഡ്, കുത്തിവെപ്പുകള്‍ ഇവ നല്കിയ “പങ്ക്ചര്‍ മുറിവുകള്‍” കോട്ടണ്‍ കൊണ്ട് അടച്ചു  പ്ലാസ്റ്റര്‍ കൊണ്ട്  സീല്‍ ചെയ്യുകയും വേണം. സ്രവങ്ങള്‍ വരാന്‍ സാധ്യത ഉള്ള  ശരീരത്തിലെ ദ്വാരങ്ങളില്‍ മുഴുവനും (വായ, മൂക്ക്, ചെവി, മലദ്വാരം, മൂത്രനാളം , യോനി എന്നിവ) പഞ്ഞി വെച്ചു അടച്ചുസീല്‍ ചെയ്യുകയും വേണം. നേരെ സംസ്കരണത്തിന് ശ്മശാനത്തിലേക്കാണ് കൊണ്ട് പോകുന്നതെങ്കില്‍ ഇതിനു ശേഷം ശരീരം നന്നായി തുണിയില്‍ പൊതിഞ്ഞാല്‍ മതി. മറ്റു സുരക്ഷപാക്കിങ്ങുകള്‍ വേണമെന്നില്ല .

മൃതശരീരങ്ങള്‍ വീട്ടിലേക്കൊ, ആരാധന സ്ഥലങ്ങളിലെക്കൊ, പൊതുസ്ഥലങ്ങളിലോ, വാഹനത്തിലോ കൊണ്ട് പോകുകയാണെങ്കില്‍ ശരീരം ലീക് പ്രൂഫ് ആയി ‘പാക്ക്” ചെയ്യണം. ഇതിനായി പ്ലാസ്റ്റിക്ക് ഷീറ്റുകളോ, സിപ്പ് ലോക്ക് സൌകര്യം ഉള്ള പ്രത്യേക ബോഡി ബാഗുകളോ ഉപയോഗിക്കാവുന്നതാണ്. ഇവ എളുപ്പം കീറിപോകാത്തതും ആവശ്യത്തിന് കട്ടി ഉള്ളതും , ബയോ ഡീഗ്രേഡബില്‍ അല്ലാത്തതുമാകണം. നേരിയതാണെങ്കില്‍ രണ്ടു ലെയര്‍ / ബാഗുകള്‍ ഉപയോഗിക്കേണ്ടിവരും. ഇതിന് പുറത്തു 1% സോഡിയം ഹൈപ്പോ ക്ലോറൈറ്റ് ലായനി ഒന്നു കൂടി തളിക്കാം. (ശേഷം മോര്‍ച്ചറി ഷീറ്റ് കൊണ്ടോ , വീട്ടുകാര്‍ നല്‍കുന്ന തുണിയില്‍ പൊതിഞ്ഞോ ആണ് ശരീരം ബന്ധുക്കള്‍ക്ക് കൈ മാറുന്നത് ). അതിനാല്‍ മറ്റു മൃതശരീരങ്ങളില്‍ നിന്നും പ്രത്യേകിച്ചു ഒരു വ്യത്യാസമോ, അധിക “റിസ്ക്കുകളോ”  ഇവിടെ ഉണ്ടാകുന്നില്ല.

മൃതശരീരങ്ങള്‍ കൊണ്ട് പോകുന്ന വാഹനങ്ങള്‍

ഇങ്ങനെ പാക്ക് ചെയ്യപ്പെട്ട കോവിഡു രോഗികളുടെ മൃത ശരീരം കൊണ്ട് പോകാനായി സാധാരണ ആംബുലന്‍സുകള്‍ തന്നെ ഉപയോഗിക്കാവുന്നതാണ്, ഇതിനായി മറ്റ് പ്രത്യേക വാഹനങ്ങള്‍/ട്രോളികള്‍  ആവശ്യമില്ല. ഉപയോഗ ശേഷം വാഹനം 1%  സോഡിയം ഹൈപ്പോ ക്ലോറൈറ്റ്  ലായനി കൊണ്ട് അണുവിമുക്തി വരുത്തേണ്ടതാണ്. ആംബുലന്‍സില്‍ കൂടെ പോകുന്നവര്‍ക്കും, ഡ്രൈവര്‍ക്കും സാധാരണ സര്‍ജിക്കല്‍  മാസ്ക്ക്, ഗ്ലൌസ് തുടങ്ങിയ സംരക്ഷണങ്ങള്‍ മാത്രം മതിയാകും. ശരീരം മിനിമം കൈകാര്യം ചെയ്യാന്‍ ശ്രദ്ധിയ്ക്കണം.

വീട്ടിലോ / പൊതു സ്ഥങ്ങളിലോ ഉള്ള അന്ത്യ ഉപചാരങ്ങള്‍ 

അന്ത്യ ഉപചാരങ്ങള്‍  മിനിമം ആളുകളെ മാത്രം പങ്കെടുക്കുവാന്‍  അനുവദിച്ചു , ശാരീക അകലം പാലിച്ചു നടത്തേണ്ടതാണ്. ശരീരം വാഹനത്തില്‍ നിന്നും പുറത്തിറക്കിയ ശേഷം ബന്ധുക്കള്‍ക്കും  അടുത്ത സുഹൃത്തുക്കള്‍ക്കും ഉപചാരങ്ങള്‍ അര്‍പ്പിക്കാനായി ബോഡിബാഗൊ/ പെട്ടിയോ പുറത്തിറക്കി വെക്കാം. ഇത് കൈകാര്യം ചെയ്യുന്നവര്‍ മാസ്ക്കും ഗ്ലൌസുകളും ഉപയോഗിക്കണം. ബോഡി ബാഗിന്റെ മുഖത്തിന്റെ സിപ്പ് തുറന്നോ, പെട്ടിയുടെ മൂടി തുറന്നോ മറ്റുള്ളവര്‍ക്ക്  ശരീരം കാണാവുന്നതാണ്.  അല്ലാതെ ബാഗില്‍ നിന്നോ , പെട്ടിയില്‍ നിന്നോ ശരീരം പുറത്തെടുക്കരുതു. വീണ്ടും തിരിച്ചും, മറിച്ചും കിടത്തുകയോ , വീണ്ടും കുളിപ്പിക്കുകയോ ചെയ്യരുത്. അന്ത്യ കര്‍മ്മങ്ങള്‍ നടത്തുമ്പോൾ ആളുകളെ മൃതദേഹം സ്പര്‍ശിക്കാനോ, ചുംബിക്കാനോ അനുവദിക്കരുത്. ശരീരം കൈകാര്യം ചെയ്തവര്‍ ഇതിന് ശേഷം ഗ്ലൌസുകള്‍ മാറ്റി സോപ്പ് ഉപയോഗിച്ച് കൈകള്‍ നല്ലവണ്ണം കഴുകേണ്ടതാണ്.

വീടുകളില്‍ വെച്ചുള്ള മരണങ്ങള്‍ 

വീടുകളില്‍ വെച്ചാണ് രോഗി മരിക്കുന്നതെങ്കില്‍ ബന്ധുക്കള്‍ക്ക് അവരവരുടെ മത വിശ്വാസങ്ങള്‍ക്കും, രീതികള്‍ക്കും അനുസരിച്ചു ചടങ്ങുകള്‍ നടത്താവുന്നതാണ് . മൃതദേഹം പരിചരിക്കുന്ന ആരോഗ്യ പ്രവര്‍ത്തകരും /വീട്ടുകാരും/ പുരോഹിതരും പി‌പി‌ഇ കിറ്റ് അടക്കം ആവശ്യമുള്ള വ്യക്തി സുരക്ഷ നടപടികള്‍ എടുത്തിരിക്കണം. ഇതിനായി പ്രാദേശികമായി ആരോഗ്യ പ്രവര്‍ത്തകര്‍ക്കും , മത പുരോഹിതര്‍ക്കും പ്രത്യേക പരിശീലനം നല്കേണ്ടതാണ്. ആശുപത്രികളില്‍ വെച്ചു നടത്തിയത് പോലെ ഇവിടെയും വേണ്ട സുരക്ഷാ മുന്‍കരുതല്‍ എടുത്തു  ഇവര്‍ക്ക് ശരീരം കഴുകി വൃത്തിയാക്കുകയും, നഖങ്ങള്‍ വെട്ടിമാറ്റുകയും , മുടി , രോമങ്ങള്‍  ഇവ വൃത്തിയാക്കുകയും , ഷേവ്ചെയ്യുകയും  ചീകി ഒതുക്കുകയും ചെയ്യാവുന്നതാണ്. ഇങ്ങനെ ചെയ്യുമ്പോള്‍ ശരീരം തിരിച്ചും മറിച്ചും  കിടത്തേണ്ടതിനാല്‍ മരിച്ചയാളിന്റെ മൂക്കും വായയും മൂടി ഒരു തുണികൊണ്ടുള്ള മാസ്ക് കെട്ടേണ്ടതാണ്.  മറ്റ് അസുഖമുള്ളവരും, അറുപത് വയസ്സിന് മുകളില്‍ പ്രായമായവരും ഇതില്‍ നിന്നു തീര്‍ത്തൂം മാറി നിക്കേണ്ടതാണ്. വീട്ടില്‍ വെച്ചു മരണമുണ്ടാകുമ്പോള്‍ ശരീരം കട്ടിയുള്ള തുണിയോ, പ്ലാസ്റ്റിക് ഷീറ്റോ കൊണ്ട് പൊതിഞ്ഞു വെക്കണ്ടതാണ്. വീട്ടുകാര്‍ക്ക് സ്വീകാര്യമാണെങ്കില്‍/ലഭ്യമാണെങ്കില്‍ ബോഡി ബാഗും ഇതിനായി  ഉപയോഗിക്കാവുന്നതാണ്. അതിനു പുറമേ  തുണിക്കച്ച കൊണ്ട് പുതപ്പിക്കുകയും ചെയ്യാം.

മരണ വീടുകളില്‍ / സംസ്കരിക്കുന്ന സ്ഥലങ്ങളില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ  

അവിടെയെത്തുന്ന സന്ദര്‍ശകര്‍ വീട്ടുകാരെയോ മറ്റുള്ളവരെയോ ഹസ്തദാനം ചെയ്യുകയോ, ആലിംഗനം ചെയ്യുകയോ ചെയ്യാതെ തല കുനിച്ചോ, കൈ വീശിയോ, കൈ കൂപ്പിയോ അഭിവാദ്യം ചെയ്യാവുന്നതാണ്. മരിച്ചവരുടെ വീട്ടുകാരെ ഒന്നിച്ചിരിക്കാനും കെട്ടിപ്പിടിക്കാനും, പരസ്പരം ആശ്വസിപ്പിക്കാനും അനുവദിക്കുമ്പോള്‍ തന്നെ പുറമേയുള്ളവര്‍ /മറ്റുള്ളവര്‍ വേണ്ടത്ര ശാരീരിക അകലം പാലിക്കേണ്ടതുമുണ്ട് .

മൃതദേഹത്തില്‍ സ്പര്‍ശിക്കാതെയുള്ള ഏത് മതപരമായ ചടങ്ങുകളും നടത്താവുന്നതാണ്. റീത്തുകള്‍ സമര്‍പ്പിക്കുക, പൂക്കള്‍ വിതറുക ,മന്ത്രങ്ങള്‍ ഉരുവിടുക, , ജലം/ തീര്‍ത്ഥം തളിക്കുക ഇവ അനുവദീനയമാണ് . പ്രാര്‍ഥനകളും / സങ്ഗീത അര്‍പ്പണങ്ങളും  നടത്തുമ്പോള്‍“ വായില്‍ നിന്നും ഉമിനീര്‍ കണങ്ങള്‍ “ ഉണ്ടാകുമെന്നതിനാല്‍ അതില്‍  പങ്കെടുക്കുന്നവരുടെ  എണ്ണം കുറയ്ക്കണം. ഗ്രന്ഥങ്ങള്‍  /പുസ്തകങ്ങള്‍ , പൂജ വസ്തുക്കള്‍, തളികകള്‍, പൂക്കള്‍,കുരിശ് രൂപം  എന്നിവ കൂടുതല്‍ ആളുകള്‍ കൈമാറി ഉപയോഗിക്കരുത്.

മരണ വീട്ടില്‍ സന്ദര്‍ശകര്‍ക്ക് ഭക്ഷണം വിളമ്പുന്നത് അഭികാമ്യമല്ല. ഭക്ഷണം വിതരണം നടത്തുകയാണെങ്കില്‍ അത് പ്രവേശന കവാടത്തില്‍ വെച്ചു തന്നെ നല്കണം. പാത്രങ്ങളില്‍ ഭക്ഷണം വിളമ്പുന്നത് ഒഴിവാക്കി പാക്കറ്റുകളില്‍ തന്നെ നല്കണം. മരണ വീടുകളില്‍  മദ്യം തീര്‍ത്തൂം ഒഴിവാക്കേണ്ടതാണ് .

സംസ്കാര ചടങ്ങുകള്‍ നടത്തുമ്പോൾ

ഒരു മരണം സംഭവിച്ചാല്‍ മൃത ശരീരസംസ്കരണം അധികം വൈകിപ്പിക്കാതെ തന്നെ നടത്തേണ്ടതാണ്.  എത്ര ആളുകള്‍ പങ്കെടുക്കാമെന്നത് സര്‍ക്കാറിന്റെ  അതാത് സമയത്തുള്ള നിർദ്ദേശങ്ങള്‍ പാലിച്ചു ചെയ്യാം. ഈ അവസരങ്ങളില്‍ മരിച്ചവരുടെ അടുത്ത ബന്ധുക്കളും ഏറ്റവും അടുത്ത സുഹൃത്തുക്കളും മാത്രം പങ്കെടുക്കുന്നതാണ് നല്ലത്. മരണ വീട്ടിലോ / ശ്മശാനത്തിലോ എത്തുന്നവര്‍ മിനിമം ശാരീരിക അകലം (ഒരു മീറ്റര്‍ എങ്കിലും) പാലിക്കുകയും, മാസ്കുകള്‍ ഉപയോഗിക്കുകയും വേണം. മൃത ദേഹത്തോടൊപ്പം ശ്മശാനത്തിലേക്ക് അനുഗമിക്കുമ്പോള്‍ മരണ വീട്ടുകാരും  ബന്ധുക്കളും ഒരു വാഹനത്തില്‍ തന്നെ യാത്ര ചെയ്യുക  മറ്റുള്ളവര്‍ ഇവരുടെ വാഹനത്തില്‍ കയറരുത്. പനിയോ,ചുമയോ  മറ്റ് അസുഖമോ ഉള്ളവര്‍ ഇത്തരം ചടങ്ങുകളില്‍നിന്നു വിട്ടു നില്‍ക്കണം.  ആളുകള്‍ നടന്നു പോകുമ്പോഴും,കൂടിനില്‍ക്കുമ്പോഴും  ശാരീരിക അകലം പാലിക്കണം.

മരിച്ച ആളിന്റെ ആഗ്രഹങ്ങള്‍ അനുസരിച്ചു, മതാചാര പ്രകാരം അടുത്തബന്ധുക്കളുമായി സംസാരിച്ച് ശരീരം ദഹിപ്പിക്കുകയോ, കുഴിയില്‍ അടക്കുകയോ ചെയ്യാവുന്നതാണ്. അടക്കം ചെയ്യുന്ന കുഴികള്‍ക്ക് സാധാരണ ഉള്ള ആഴം മതി (ഒന്നര മീറ്റര്‍ തൊട്ട് മൂന്നൂ മീറ്റര്‍ വരെ ആഴത്തിലും ജലനിരപ്പില്‍ നിന്നും രണ്ടു മീറ്റര്‍ ഉയരത്തിലും ആയിരിക്കണം) . വീട്ടു പറമ്പ്കളിലോ, പൊതു /സമുദായ ശ്മശാനത്തിലോ മൃത ദേഹം സംസ്കരിക്കാവുന്നതാണ്. മൃതദേഹം ദഹിപ്പിക്കുന്ന പുകയിലൂടെയോ , അടക്കം ചെയ്ത മണ്ണിലൂടെയോ രോഗാണുക്കള്‍ പടരുകയില്ല.  പ്ലാസ്റ്റിക്ക് ബാഗുകളില്‍ ആയിരുന്നാലും മൃത ദേഹം ശരീരത്തില്‍ തന്നെ യുള്ള ബാക്ടീരിയ കളുടെ പ്രവര്‍ത്തനം മൂലം “ഓട്ടോലൈസിസ് (Autolysis) എന്ന പ്രക്രിയയിലൂടെ സാധാരണ പോലെ അഴുകിക്കൊള്ളും. ദഹിച്ച ചാരം /എല്ലുകള്‍ എന്നിവ വെറും കൈ കൊണ്ട് എടുത്തു മതപരമായ ചടങ്ങുകള്‍ നടത്താവുന്നതാണ്. മൃതദേഹം സംസ്കരിക്കാന്‍ നേരിട്ടു ഇടപെടുന്നവര്‍ മാസ്ക്കും കൈ ഉറകളും ധരിച്ചിരിക്കണം. ചടങ്ങുകള്‍ കഴിഞ്ഞ  ഉടനെ അവ ഊരിമാറ്റി വേണ്ട വിധത്തില്‍ അനുശാസിക്കുന്ന വിധത്തില്‍ അണുനാശിനികള്‍ ഉപയോഗിച്ച് അവിടെ തന്നെ ഡിസ്പോസ് ചെയ്യണം. (സംസ്ഥാനത്ത് മണ്ണെണ്ണ  ഒഴിച്ച് കത്തിക്കാനാണ് നിര്‍ദേശം നല്‍കുന്നത്). പുനരൂപയോഗം ചെയ്യാവുന്നവ നിര്‍ദേശം അനുസരിച്ച് അണുനാശനം നടത്തിയിട്ടു വീണ്ടും ഉപയോഗിക്കാവുന്നതാണ്.

മരണം സംഭവിച്ച /മൃത ശരീരം സൂക്ഷിച്ച മുറികളും പരിസരവും മറ്റ് വസ്തുക്കളും 

മുറികളും  ഫര്‍ണീച്ചറും പരിസരവും മറ്റ് വസ്തുക്കളും ആദ്യം സോപ്പുലായനി കൊണ്ട് കഴുകിയതിന് ശേഷം 0.1% വീര്യമുള്ള ബ്ലീച്ചിങ് ലായനി കൊണ്ടോ 70% വീര്യമുള്ള ആല്‍ക്കഹോള്‍ ലായനി കൊണ്ടോ തുടയ്ക്കാവുന്നതാണ്.  അരമണിക്കൂര്‍ കോണ്ടാക്ട് സമയത്തിന് ശേഷം തനിയെ ഉണങ്ങാന്‍ അനുവദിക്കണം.

മരിച്ച ആള്‍ ഉപയോഗിച്ച വസ്തുക്കള്‍ 

കോവിഡു മൂലം മരണപ്പെട്ട ആള്‍ ഉപയോഗിച്ച വസ്ത്രങ്ങള്‍, കിടക്കവിരികള്‍, ചെരിപ്പ് , കണ്ണട , വാച്ച്, ഫോൺ മറ്റ് വസ്തുക്കള്‍ എന്നിവ കൈകളില്‍ ഗ്ലൌസുകള്‍ ധരിച്ചു കൈകാര്യം ചെയ്യേണ്ടതാണ്.  ഇവ അവ നിര്‍മിക്കപ്പെട്ട വസ്തുക്കള്‍ക്കനുസരിച്ച് ഉചിതമായി അണുനാശം വരുത്തിയിട്ടു  ഉപയോഗിക്കുകയോ / ഓര്‍മ്മക്കായി സൂക്ഷിച്ചു വെക്കുകയോ ചെയ്യാവുന്നതാണ്.  മരിച്ച ആള്‍ ഉപയോഗിച്ച വസ്ത്രങ്ങള്‍, കിടക്കവിരികള്‍ ഇവ കത്തിച്ച് കളയേണ്ട ആവശ്യമില്ല. (സോപ്പ് ലായനി, ഡിറ്റർജെന്റുകള്‍, ബ്ലീച്ച് ലായനി , എന്നിവ ഉപയോഗിക്കാം ). വസ്ത്രങ്ങള്‍ , കിടക്കവിരികള്‍ ഇവ ഒരു വലിയ പാത്രത്തില്‍ സോപ് ലായനിയില്‍  ഇട്ടശേഷം ഒരു വടി ഉപയോഗിച്ച് നല്ലവണ്ണം ഇളക്കുക , ശേഷം സോപ്പ് ലായനി ഊറ്റി കളഞ്ഞു 0.5% ക്ലോറിന്‍ ലായനിഒഴിച്ച് 30 മിനുറ്റ് നേരം വെക്കുക. പിന്നീട് അവ എടുത്തു സാധാരണ വെള്ളത്തില്‍ കഴുകി , നന്നായി വെയിലത്ത് ഉണക്കി എടുക്കേണ്ടതാണ്.

മറ്റ് ആളുകള്‍ കൂടുന്ന മരണാനന്തര ചടങ്ങുകള്‍ നീട്ടി വെച്ചു പിന്നീട് പാന്‍ഡെമിക്ക് അടങ്ങിയ ശേഷം, നിയന്ത്രണങ്ങള്‍ കുറയുമ്പോള്‍ നടത്താവുന്നതാണ്. കോവിഡു മൂലം മരണപ്പെട്ടവരുടെ വീട്ടുകാരോടും ബന്ധുക്കളോടും അവഗണന അരുത്, അവരെ ഒരിയ്ക്കലും ഒറ്റപ്പെടുത്തരുത്. കോവിഡു ലോകമാകെ ബാധിച്ച  ഒരു പകര്‍ച്ച വ്യാധിയാണ്. അതിനു വേണ്ടത് അറിഞ്ഞുള്ള മുന്‍ കരുതലുകളും, തക്കതായ പ്രവൃത്തികളുമാണ്.

സംസ്ഥാനത്ത് കോവിഡ് മൂലം മരണമുണ്ടായാല്‍ ആശുപത്രി അധികൃതര്‍ അതാത് ജില്ല ആരോഗ്യ വകുപ്പിനെ അറിയിക്കുകയും അവര്‍ മരണപ്പെട്ട ആളിന്റെ താമസസ്ഥലത്തെ ആരോഗ്യ വകുപ്പിലെ പ്രാദേശിക അധികാരികളുമായി ബന്ധപ്പെടുകയും, അവര്‍ അതിനു വേണ്ട സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുന്നതുമാണ്.  ഇതിന്റെ മറുപടി  വിവരം കിട്ടിക്കഴിയുമ്പോള്‍ മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറുന്നതാണ്. രണ്ടു മണിക്കുറുകള്‍ക്കകം ബന്ധുക്കള്‍ക്കു കൈമാറാന്‍ പറ്റാത്ത സാഹചര്യങ്ങളില്‍ മൃത ദേഹം സൂക്ഷിക്കാനായി മോര്‍ച്ചറിയിലേക്ക് മാറ്റേണ്ടതാണ്.


അവലംബം: ലോകാരോഗ്യ സംഘടന ഗൈഡ് ലൈൻ . സപ്തംബർ 2020, നാഷനൽ ഗൈഡ് ലൈൻ – ഇന്ത്യ .മാർച്ച് 2020

ഡോ.ഇ.ജയകൃഷ്ണൻ -ഇമെയിൽ വിലാസം – [email protected]

അനുബന്ധ ലൂക്ക ലേഖനങ്ങൾ

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post ജെയിംസ് റാന്‍ഡി അന്തരിച്ചു.
Next post മറക്കാനാവാത്ത ഒരു ദിവസം
Close