Read Time:15 Minute
സൂര്യകാന്ത് ബി.

ലിയ ആരോഗ്യ ജാഗ്രതയോടെ നീങ്ങുന്ന കേരള സമൂഹത്തിനാകെ അപമാനമാകുന്ന ഒരു കാര്യമാണ് കോട്ടയത്ത് നടന്നത്. കോവിഡ് ബാധിച്ച് മരിച്ച വ്യക്തിയുടെ മൃതദേഹം സംസ്കരിക്കാൻ അനുവദിക്കില്ലെന്ന് പറഞ്ഞുകൊണ്ട് തികച്ചും മനുഷ്യത്വ വിരുദ്ധമായ അശാസ്ത്രീയ പ്രചാരണങ്ങൾ അഴിച്ചുവിടുകയാണ് ചിലർ. ഇതിന്റെ ഫലമായി മാസ്‌ക് പോലും മര്യാദയ്ക്ക് വെയ്ക്കാതെ വലിയ ആൾക്കൂട്ട പ്രതിഷേധം തന്നെ ദൃശ്യങ്ങളിൽ കണ്ടു. ഈ രോഗത്തെക്കുറിച്ചും രോഗം പടരുന്ന രീതിയെക്കുറിച്ചുമെല്ലാം കൃത്യമായ അവബോധം ഇതിനകം തന്നെ നമുക്കുണ്ട്. എന്നിട്ടും എന്തൊക്കെയാണ് നമ്മുടെ ചെയ്തികൾ?. ഈ രോഗത്തിന്റെ വ്യാപനത്തിനെതിരെ ഏറ്റവും മുന്നിൽ നിന്ന് പൊരുതുന്ന ആരോഗ്യ പ്രവർത്തകരെ വരെ പരസ്യമായി അസഭ്യം പറയുന്ന അവസ്ഥയിലേക്ക് ഒരു വിഭാഗം എത്തിയിരിക്കുന്നു. നാളെ എന്നെയോ നിങ്ങളെയോ ബാധിച്ചേക്കാവുന്ന ഞാനോ നിങ്ങളോ മരണപ്പെട്ടേക്കാവുന്ന അസുഖമാണിതെന്ന് നാം മറന്നുകൂടാ…

തികച്ചും അപരിചിതമായ ഒരു രോഗമായതുകൊണ്ട്തന്നെ മരണപ്പെടുന്ന വ്യക്തികളുടെ മൃതദേഹം സംസ്കരിക്കുന്നതുമായി ബന്ധപ്പെട്ട് ലോകാരോഗ്യ സംഘടന കൃത്യമായ മാർഗ്ഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. നമ്മയുടെ രാജ്യവും കേരളവും അത് തന്നെയാണ് പിന്തുടരുന്നതും.

ലോകാരോഗ്യ സംഘടനയുടെ മാർഗ്ഗ നിർദ്ദേശങ്ങൾ

ലോകാരോഗ്യ സംഘടനയുടെ മാർഗ്ഗ നിർദ്ദേശങ്ങളില്‍ കൃത്യമായി പറഞ്ഞിട്ടുണ്ട് കൊറോണ വൈറസ് ബാധയേറ്റ് വ്യക്തികളുടെ മൃതദേഹങ്ങളിൽ നിന്ന് രോഗം പടരാനുള്ള സാധ്യത വളരെ വിരളമാണ്. നമുക്കറിയാം കൊറോണ വൈറസ് പ്രധാനമായും ഡ്രോപ്‌ലെറ്റുകൾ വഴിയാണ്‌ ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് പകരുന്നത്. നമ്മുടെ ആരോഗ്യ സംവിധാനം വളരെ കൃത്യമായി മൃതദേഹങ്ങളിലെ ശരീര ദ്രവങ്ങൾ ഒരുകാരണവശാലും പുറത്ത് വരാത്ത രീതിയിൽ സൂക്ഷ്മമായി ഇത് കൈകാര്യം ചെയ്യുന്നുണ്ട്. പോസ്റ്റ് മോർട്ടം സമയത്ത് ശ്വാസകോശം കൈകാര്യം ചെയ്യുമ്പോൾ അപകടമുണ്ടായേക്കാം. എന്നാൽ കോവിഡ് സ്ഥിതീകരിച്ച് മരിക്കുന്ന വ്യക്തികളുടെ മൃതദേഹങ്ങൾ സാധാരണ നിലയിൽ പോസ്റ്റ്മോർട്ടം ചെയ്യാറില്ല. ശരീര ദ്രാവങ്ങളൊന്നും പുറത്ത് വരാത്ത രീതിയിൽ കവർ ചെയ്തുകൊണ്ടാണ് ആരോഗ്യ പ്രവർത്തകർ മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകുന്നത്. അവിടെയും അവരുടെ ജോലി അവസാനിക്കുന്നില്ല. മൃതദേഹം ലോകാരോഗ്യ സംഘടനയുടെ നടപടിക്രമങ്ങൾ കൃത്യമായി പാലിച്ചുകൊണ്ട് സംസ്കരിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തേണ്ടതുണ്ട്. 1% സോഡിയം ഹൈപ്പോക്ളോറേറ്റ് (ബ്ലീച്ച് ലായനി) ഉപയോഗിച്ച് അണുവിമുക്തമാക്കിയ പ്ലാസ്റ്റിക്ക് ബാഗിൽ ശരീര ദ്രാവങ്ങളൊന്നും തന്നെ ഒരുകാരണവശാലും പുറത്തുവരാത്ത രീതിയിൽ പൊതിഞ്ഞുകൊണ്ടാണ് മൃതദേഹം സംസ്കരിക്കാനായി വിട്ടുനല്കുന്നത്. പരിശീലനം ലഭിച്ച സന്നദ്ധ പ്രവർത്തകർ പേഴ്‌സണൽ പ്രൊട്ടക്ഷൻ ഇക്വിപ്മെന്റ് (PPE) ക്വിറ്റ് അണിഞ്ഞുകൊണ്ടാണ് ശവ സംസ്കാര നടപടിക്രമങ്ങൾ പൂർത്തീകരിക്കുന്നത്. നിലവിൽ കേരളത്തിൽ മരണനിരക്ക് കുറവായതുകൊണ്ട് ഈ കാര്യങ്ങളിലൊന്നും ഒരു വിട്ടുവീഴ്ചയും ഉണ്ടാവാനിടയില്ല.

കോവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം മറവ് ചെയ്യുകയോ ദഹിപ്പിക്കുകയോ ചെയ്യാം എന്ന് ലോകാരോഗ്യ സംഘടനയുടെ മാർഗ്ഗ നിർദ്ദേശങ്ങളിൽ കൃത്യമായി പറയുന്നുണ്ട്. മരണപ്പെട്ടവർ നമുക്ക് എത്രതന്നെ പ്രിയപ്പെട്ടവർ ആയിരുന്നെങ്കിൽ കൂടിയും മൃതദേഹം കുളിപ്പിക്കൽ, ഉമ്മവെയ്ക്കൽ, കെട്ടിപ്പിടിക്കൽ തുടങ്ങിയ കാര്യങ്ങളൊന്നും തന്നെ അനുവദനീയമല്ല. മൃതദേഹത്തിൽ നേരിട്ട് സ്പർശിച്ചുകൊണ്ടുള്ള മതപരമായതോ അല്ലാത്തതോ ആയ കാര്യങ്ങളൊന്നും പാടില്ല. എന്നാൽ മൃതദേഹം ദഹിപ്പിക്കുകയാണെങ്കിൽ അവശേഷിക്കുന്ന ചാരം അപകടകരമല്ലാത്തത് കൊണ്ട് തന്നെ മറ്റ് ചടങ്ങുകൾക്ക് ആവശ്യമെങ്കിൽ അവ ഉപയോഗപ്പെടുത്തുന്നതിന് തടസ്സമില്ല. മൃതദേഹം മറവുചെയ്യുകയാണെങ്കിൽ മണ്ണ് 1% സോഡിയം ഹൈപ്പോക്ളോറേറ്റ് ഉപയോഗിച്ച് ആണുവിമുക്തമാക്കണം. എന്നാൽ സമീപ പ്രദേശത്തെ കുടിവെള്ള സ്രോതസ്സുകളുണ്ടെങ്കിൽ ശ്രദ്ധ വേണം. ശ്മശാനങ്ങളുടെ സമീപം സാധാരണ നിലയിൽ കുടിവെള്ള സ്രോതസ്സുകൾ ഉണ്ടാവിനിടയില്ല. ഏറ്റവും സുരക്ഷിതമായ മാർഗ്ഗം മൃതദേഹം ദഹിപ്പിക്കൽ തന്നെയാണ്. എന്നാൽ ദഹിപ്പിക്കുമ്പോഴുണ്ടാകുന്ന പുകയിലൂടെ കൊറോണ പകരുമെന്ന അശാസ്ത്രീയ പ്രചാരണം നടക്കുന്നുണ്ട്. അത് തികച്ചും തെറ്റാണ്. ശരീരദ്രവങ്ങളുടെ കണികകൾ വഴിയാണ് ഈ വൈറസ് പകരുന്നത്. മൃതദേഹങ്ങളിൽ നിന്ന് രോഗാണുക്കൾ പകരാതിരിക്കാനുള്ള കാര്യങ്ങളൊക്കെത്തന്നെ ആരോഗ്യ പ്രവർത്തകർ ചെയ്യുന്നുണ്ട്. ആളുകളുടെ അജ്ഞതയെ മുതലെടുക്കരുത്. അനാവശ്യ ആൾക്കൂട്ട പ്രതിഷേധങ്ങളുണ്ടാക്കി കോവിഡിനെതിരെയുള്ള ജനജാഗ്രതയെ തക‍‍ര്‍ക്കരുത്.


കോവിഡ് 19: വിടപറയാം; കരുതലോടെ – ഇന്‍ഫോ ക്ലിനിക്ക് പ്രസിദ്ധീകരിച്ച കുറിപ്പില്‍ നിന്നും

മൃതശരീരം കൈകാര്യം ചെയ്യുന്ന ആരോഗ്യപ്രവർത്തകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:

 1. 1കൈകൾ വൃത്തിയാക്കാൻ ശ്രദ്ധിക്കുക.
 2. മൃതശരീരം കൈകാര്യം ചെയ്യുന്നവർ PPE ധരിച്ചിരിക്കണം.
 3. വെള്ളം ആഗിരണം ചെയ്യാത്ത ഏപ്രൺ, ഗ്ലൗസ്, N 95 മാസ്ക്, വലിയ കണ്ണട/ഫേസ് ഷീൽഡ് എന്നിവ തീർച്ചയായും ധരിച്ചിരിക്കണം.
 4. സൂചികൾ തുടങ്ങിയ മൂർച്ചയുള്ള ചികിത്സാ ഉപാധികൾ ശരീരത്തിൽ നിന്നും മാറ്റുമ്പോൾ പ്രത്യേകം ശ്രദ്ധിക്കണം.
 5. മൃത ശരീരത്തിലുള്ള മുറിവുകൾ 1 % ഹൈപ്പോക്ലോറൈറ്റ് ലായിനി ഉപയോഗിച്ച് അണുവിമുക്തമാക്കാം.
 6. അതിനുശേഷം ശരീര സ്രവങ്ങൾ പുറത്തുവരാത്ത തരത്തിലുള്ള ഡ്രസ്സിംഗ് നൽകുക.
 7. മൂക്കിലൂടെയും വായിലൂടെയും ശരീര ശ്രവങ്ങൾ പുറത്തു വരാത്ത രീതിയിൽ മുൻകരുതൽ സ്വീകരിക്കുക.
 8. മൃതശരീരം ലീക്ക് ചെയ്യാത്ത പ്ലാസ്റ്റിക് ബാഗിൽ നീക്കം ചെയ്യുന്നതാവും ഉചിതം. ബാഗ് 1 % ഹൈപ്പോക്ലോറൈറ്റ് ലായിനി ഉപയോഗിച്ച് അണുവിമുക്തമാക്കാൻ സാധിക്കും.
 9. എല്ലാ മെഡിക്കൽ വേസ്റ്റും ഡിസ്പോസ് ചെയ്യുമ്പോൾ ബയോ മെഡിക്കൽ വേസ്റ്റ് മാനേജ്മെൻറ് പ്രോട്ടോകോൾ പാലിക്കുക.
 10. ഉപയോഗിച്ചിരുന്ന ഉപകരണങ്ങളും ബെഡും മറ്റും അണുവിമുക്തമാക്കുക.
 11. ധരിച്ചിരിക്കുന്ന സുരക്ഷാ ഉപാധികൾ ഊരുമ്പോൾ വളരെയധികം ശ്രദ്ധിക്കണം.
 12. കൈകൾ വൃത്തിയാക്കാൻ മറക്കരുത്.

മോർച്ചറിയിൽ

 1. മൃതശരീരം കൈകാര്യം ചെയ്യുന്നവർ മുൻകരുതൽ സ്വീകരിക്കണം.
 2. മുകളിൽ പറഞ്ഞതുപോലെ പോലെ തന്നെ PPE ഉപയോഗിക്കണം.
 3. ശരീരം സൂക്ഷിക്കണമെങ്കിൽ 4 ഡിഗ്രി സെൽഷ്യസിൽ താഴെ സൂക്ഷിക്കുക.
 4. മോർച്ചറി, മൃതശരീരം കൊണ്ടുപോകുന്ന ട്രോളി എന്നിവ 1% ഹൈപ്പോക്ലോറൈറ്റ് ലായിനി ഉപയോഗിച്ച് അണുവിമുക്തമാക്കുക.
 5. എംബാം ചെയ്യാതിരിക്കുക.

പോസ്റ്റ്മോർട്ടം പരിശോധന

 1. പരമാവധി ഒഴിവാക്കുക.
 2. രോഗം സ്ഥിരീകരിച്ചവരുടെ പോസ്റ്റ്മോർട്ടം പരിശോധന ചെയ്യേണ്ടതില്ല.
 3. രോഗം പകരാനുള്ള സാധ്യത പരിഗണിച്ച് നിരീക്ഷണത്തിൽ കഴിയുന്നവരുടെ പോലും പോസ്റ്റ്മോർട്ടം പരിശോധന ജർമനി പോലുള്ള രാജ്യങ്ങളിൽ നടത്തുന്നില്ല. രോഗം പകരാനുള്ള സാധ്യത പരിഗണിച്ചാണിത്. പോസ്റ്റ്മോർട്ടം പരിശോധന ചെയ്യാതെ തന്നെ സാമ്പിളുകൾ ശേഖരിച്ച് അയക്കാൻ ശ്രമിക്കുന്നതാവും ഉചിതം.
 4. അഥവാ പോസ്റ്റുമോർട്ടം പരിശോധന ചെയ്യുകയാണെങ്കിൽ വിദഗ്ധ പരിശീലനം നേടിയ ഡോക്ടർമാർ മാത്രം ചെയ്യുക.
 5. പോസ്റ്റ്മോർട്ടം പരിശോധന നടക്കുന്ന റൂമിൽ പരമാവധി കുറച്ച് ആൾക്കാർ മാത്രമേ ഉണ്ടാകാവൂ.
 6. PPE – ശരീരമാസകലം കവർ ചെയ്യുക, ഹെഡ് കവർ ഉപയോഗിക്കുക, ഫേസ് ഷീൽഡ് ഉപയോഗിക്കുക, ഷൂ കവർ ഉപയോഗിക്കുക, N 95 മാസ്ക് ഉപയോഗിക്കുക.
 7. റൗണ്ട് എൻഡ് കത്രികകൾ മാത്രം ഉപയോഗിക്കുക.
 8. മോർച്ചറിയിൽ നെഗറ്റീവ് പ്രഷർ മെയ്ന്റെയ്ൻ ചെയ്യുക.
 9. Aerosol രൂപപ്പെടാനുള്ള സാഹചര്യങ്ങളെല്ലാം ഒഴിവാക്കുക. ആവശ്യമുള്ളപ്പോൾ സൿഷൻ ഉപയോഗിക്കുക.
 10. പോസ്റ്റ്മോർട്ടം പരിശോധനയ്ക്കുശേഷം ശരീരം 1% സോഡിയം ഹൈപ്പോക്ലോറൈറ്റ് ലായിനി ഉപയോഗിച്ച് അണുവിമുക്തമാക്കുക.
 11. ഓട്ടോപ്സി ടേബിൾ അണുവിമുക്തമാക്കുക.
 12. PPE ഊരുമ്പോൾ വളരെയധികം ജാഗ്രത പുലർത്തുക.

 മൃതശരീരം കൊണ്ടുപോകുമ്പോൾ,

 1. 1മൃതശരീരം പ്ലാസ്റ്റിക് ബാഗിൽ കൊണ്ടുപോവുകയാണ് ഉചിതം.
 2. ശരീരത്തോടൊപ്പം പോകുന്നവർ വ്യക്തിഗത സുരക്ഷാ മാർഗങ്ങൾ സ്വീകരിക്കണം.
 3. PPE – N 95 മാസ്ക്, ഗ്ലൗസ്, ഏപ്രൺ, ഗോഗിൾസ്/ഫേസ് ഷീൽഡ് നിർബന്ധമായും ഉപയോഗിക്കുക.
 4. മൃതദേഹത്തിൽ നിന്നുള്ള സ്രവങ്ങൾ കൈകളിൽ പറ്റാൻ പാടില്ല.
 5. ഇവ ഊരുമ്പോഴും പ്രത്യേക ജാഗ്രത പുലർത്തുക.
 6. കൈകൾ കൊണ്ട് ഇവയുടെ പുറത്ത് സ്പർശിക്കാൻ പാടില്ല.
 7. കൈകൾ സ്വന്തം മുഖത്ത് സ്പർശിക്കാതിരിക്കാൻ ശ്രദ്ധിക്കുക.
 8.  ഗ്ലൗ ഊരിയ ശേഷം കൈകൾ വൃത്തിയാക്കാൻ മറക്കരുത്.
 9. മൃതശരീരം കൊണ്ടു പോയ വണ്ടിയുടെ ഉൾഭാഗം 1% സോഡിയം ഹൈപ്പോക്ലോറൈറ്റ് ലായിനി ഉപയോഗിച്ച് അണുവിമുക്തമാക്കുക.

ശരീരം സംസ്കരിക്കുമ്പോൾ

 1. ശരീരം കൈകാര്യം ചെയ്യുന്നവർ വ്യക്തിഗത സുരക്ഷാമാർഗങ്ങൾ ഉപയോഗിക്കുക. N 95 മാസ്ക്, ഗ്ലൗസ്, ഏപ്രൺ, ഗോഗിൾസ്/ഫേസ് ഷീൽഡ് എന്നിവ ഉപയോഗിക്കുന്നതാണ് സുരക്ഷിതം.
 2. ശരീരത്തിൽ ചുംബിക്കാനോ സ്പർക്കാനോ പാടുള്ളതല്ല.
 3. മൃതശരീരം കുളിപ്പിക്കുക, കെട്ടിപ്പിടിക്കുക തുടങ്ങിയ നടപടികൾ ഒഴിവാക്കുക.
 4. സംസ്കാരത്തിന് ശേഷം പങ്കെടുത്തവരെല്ലാം ശരീരശുദ്ധി വരുത്തണം.
 5. ശരീരം പൂർണമായി ദഹിപ്പിച്ച ശേഷം ചാരം കൈകാര്യം ചെയ്യുന്നതിൽ അപകടമില്ല.
 6. അത്യാവശ്യം ഉള്ളവർ മാത്രം ചടങ്ങിൽ പങ്കെടുക്കുക. ആൾക്കൂട്ടം ഒരു രീതിയിലും പ്രോത്സാഹിപ്പിക്കപ്പെടാൻ പാടില്ല.
 7. Cremation / burial ആകാമെന്നാണ് കേന്ദ്രസർക്കാർ അറിയിപ്പിൽ പറയുന്നത്.
 8. വൃദ്ധരും ഇമ്യൂണോ കോംപ്രമൈസ്ഡ് ആയിട്ടുള്ളവരും ഒരു കാരണവശാലും മൃതശരീരവുമായി അടുത്ത് ഇടപഴകരുത്. 60 വയസ്സിന് മുകളിൽ പ്രായമുള്ളവർ ചടങ്ങുകളിൽ നിന്ന് വിട്ടുനിൽക്കുകയാവും ഉചിതം.

മൃതദേഹങ്ങൾ കോവിഡ് പരത്തുമോ?

കോവിഡ് കേസുകൾ ഉയരുമ്പോൾ മരണങ്ങളും ഉയരും. മൃതദേഹങ്ങൾ കോവിഡ് പരത്തുമോ? ആരോഗ്യ പ്രവർത്തകരും പൊതുജനങ്ങളും ശ്രദ്ധിക്കേണ്ടതെന്തൊക്കെ?

മാ‍ര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ :

 1. WHO-COVID-19-lPC_DBMgmt-2020.1-eng.pdf
 2. https://www.mohfw.gov.in/pdf/1584423700568_COVID19GuidelinesonDeadbodymanagement.pdf
 3. http://dhs.kerala.gov.in/public-health-2019-n-corona-virus/

 

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post പരിണാമസിദ്ധാന്തമോ, ഈ ചിത്രം തെറ്റാണ്!
Next post മോതിരക്കണ്ണി
Close