Read Time:67 Minute
പ്രൊഫ.കെ.പാപ്പൂട്ടി

പടശാസ്ത്രങ്ങളിൽ ഏറ്റവും പ്രചാരമുള്ളവയിൽ പലതും ഭാവിപ്രവചനവുമായി ബന്ധപ്പെട്ടവയാണ്. അവയിൽത്തന്നെ ജ്യോതിഷവും കൈനോട്ടവുമാണ് മുഖ്യം. പക്ഷിശാസ്ത്രം, ഗൗളിശാസ്ത്രം, നാഡീജ്യോത്സ്യം, സ്വർണപ്രശ്നം, താംബൂലപ്രശ്നം തുടങ്ങിയ ഇനങ്ങൾ വേറെയുമുണ്ട്. മഷിനോട്ടം, ശകുനം, നിമിത്തം തുടങ്ങിയവയും ഒരർഥത്തിൽ പ്രവചനശാസ്ത്രങ്ങൾ തന്നെയാണ്. പ്രവചനത്തിന്റെ പ്രാദേശികരൂപങ്ങൾ ഇനിയും അനേകമാണ്.

ആളുകൾ പൊതുവെ തങ്ങളുടെ ഭാവിയെക്കുറിച്ച് ഉൽക്കണ്ഠയുള്ളവരാണ്, സാമ്പത്തികനില മെച്ചപ്പെടുമോ, ആരോഗ്യഹാനിയുണ്ടാകുമോ, വിവാഹജീവിതം സന്തുഷ്ടമാകുമോ എന്നിങ്ങനെ നൂറുനൂറു പ്രശ്നങ്ങൾ അവരെ അലട്ടുന്നു. അവരിൽ ദുർബലരായവർ ഒരു സാന്ത്വനത്തിനായി, ഭാവിയെ സംബന്ധിച്ച ഒരു സൂചനയ്ക്കായി, പ്രവചനക്കാരെ സമീപിക്കുന്നു. പ്രവചനം നൂറുശതമാനം ഫലിക്കുമെന്നൊന്നും അവർ പ്രതീക്ഷിക്കുന്നില്ല. പരിചയസമ്പന്നനായ ഒരാൾ പ്രവചിക്കുന്നതിൽ കുറച്ചൊക്കെ ശരിയാകും. ഏറെയും തെറ്റിപ്പോയെന്നിരിക്കും. ശരിയാകാത്തതൊന്നും ആരും ആരോടും പറയാറില്ല. ശരിയാകുന്നത് പറയുകയും ചെയ്യും. അങ്ങനെ ‘പ്രവചനങ്ങൾ ഫലിക്കുന്നു’ എന്ന പ്രതീതിയുണ്ടാകുന്നു. അതു പ്രചരിപ്പിക്കപ്പെടുന്നു. ഇതാണ് മിക്ക പ്രവചനശാസ്ത്രങ്ങളുടെയും വിജയരഹസ്യം. എല്ലാ പ്രവചനശാസ്ത്രങ്ങളുടെയും അടിസ്ഥാനധാരണ ഒന്നാണ്. ഭാവി – നേരത്തെ തീരുമാനിക്കപ്പെട്ടിരിക്കുന്നു. അതായത് എല്ലാ കാര്യങ്ങളും എല്ലാ കാലത്തേക്കും വേണ്ടി മുൻകൂട്ടി തീരുമാനിച്ചു സംവിധാനം നിർവഹിക്കുന്ന ഒരു പ്രപഞ്ചസംവിധായകനുണ്ട്. നിയതി എന്ന് നമുക്കയാളെ വിളിക്കാം (പല മതങ്ങളുടെയും ദൈവസങ്കൽപ്പം ഇതിൽനിന്നു വ്യത്യസ്തമായതു കൊണ്ട് ദൈവം എന്നു വിളിക്കുന്നില്ല). നിയതിയുടെ മനസ്സറിയുന്നവർക്ക് വായിച്ചെടുക്കാൻ പറ്റിയ വിധത്തിൽ ചില അടയാളങ്ങൾ അയാൾ അവിടവിടെ നിരത്തും. ജ്യോത്സ്യനു വായിക്കാനായി ആകാശത്ത് ഗ്രഹങ്ങളെ അടയാളമാക്കും (ജ്യോത്സ്യനു ദൈവജ്ഞൻ എന്നുകൂടി പര്യായമുണ്ട്. ഹസ്തരേഖാശാസ്ത്രജ്ഞനു വായിക്കാനായി കയിൽ അടയാളപ്പെടുത്തും; താംബൂലപ്രശ്നക്കാരനുവേണ്ടി വെറ്റിലയിൽ (പുഴു അരിച്ച പാടുകളായും ഞരമ്പുകളുടെ പ്രത്യേക സംവിധാനമായും മറ്റും) അടയാളമിടും (എന്നു മാത്രമല്ല, പ്രശ്നക്കാരന്റെ കയ്യിലെത്തുന്ന വെറ്റിലക്കെട്ടിൽ, ആ വെറ്റില ഉണ്ടാകുമെന്നും അതുതന്നെ അയാൾ എടുക്കുമെന്നും ഉറപ്പു വരുത്തുകയും ചെയ്യും). ഇതിനു പുറമെ എല്ലാ കാര്യങ്ങളും അഗസ്ത്യമുനിക്ക് നേരിട്ടു വെളിപ്പെടുത്തുകയും അദ്ദേഹം തമിഴിൽ താളിയോലകളിൽ രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട് (മുനിക്കു ശേഷം യുഗാന്തരങ്ങളോളം ജീവിക്കുന്ന മുഴുവൻ മനുഷ്യരുടേയും ഭാവിയാണവയിൽ; കോടാനുകോടി മനുഷ്യരുടെ). അതാണ് നാഡീജോത്സ്യക്കാരൻ വായിച്ചു വ്യാഖ്യാനിച്ചുതരുന്നത്. ഇങ്ങനെ കൃത്യതയോടെ പ്ലാൻ ചെയ്യപ്പെട്ട, സംവിധായകന് ഒരു ത്രില്ലും നൽകാത്ത, ഒരു നാടകമാണീ പ്രപഞ്ചത്തിൽ അരങ്ങേറിക്കൊണ്ടിരിക്കുന്നത്. സ്വാഭാവികമായി ഉയരാവുന്ന ഒരു ചോദ്യമുണ്ട്. എങ്കിൽ നമ്മുടെ കർമങ്ങൾക്ക് (പാപങ്ങൾക്കും പുണ്യങ്ങൾക്കും) നമുക്ക് എന്ത് ഉത്തരവാദിത്വമാണുണ്ടാവുക? കൊല ചെയ്യുമ്പോഴും കൊള്ള നടത്തുമ്പോഴും ദാനധർമങ്ങൾ ചെയ്യുമ്പോഴും എല്ലാം നാം നിയതിയുടെ അലംഘനീയമായ തീരുമാനങ്ങൾ നടപ്പിലാക്കുക മാത്രമല്ല ചെയ്യുന്നത്? ക്രിസ്തുവിനെ ഒറ്റിക്കൊടുത്ത യൂദാസും ഗാന്ധിജിയെ വധിച്ച ഗോദ്സെയും എല്ലാം വെറും നടന്മാർ മാത്രം തെറ്റും ഇല്ല, ശരിയും ഇല്ല. പാപവുമില്ല, പുണ്യവുമില്ല.

ഇനി അഥവാ, അങ്ങനെയല്ലെന്നിരിക്കട്ടെ. നമുക്കെല്ലാം സ്വതന്ത്ര ഇച്ഛാശക്തി (free will) ഉണ്ടെന്നും തെറ്റും ശരിയുമെല്ലാം നാം അറിഞ്ഞുകൊണ്ട് തെരഞ്ഞെടുക്കുന്നതാണെന്നും കരുതുക. അപ്പോൾ ഭാവി മുൻനിശ്ചിതമാകാൻ കഴിയാതെ വരും. ഉദാ: യു എസ് ഇറാനെ ആക്രമിക്കണമെന്ന് തീരുമാനിച്ചാലുണ്ടാകുന്ന ലോകവും ആക്രമിക്കണ്ട എന്നു തീരുമാനിച്ചാലുണ്ടാകുന്ന ലോകവും വ്യത്യസ്തമായിരിക്കും. അതിൽ നമ്മുടെ ഓരോരുത്തരുടെയും ഭാവിയും വ്യത്യസ്തമായിരിക്കും. യു എസ് പ്രസിഡന്റിന്റെ സ്വതന്ത്രേച്ഛ നമ്മുടെ ഭാവിയെ സ്വാധീനിക്കുന്നു എന്നർഥം. അപ്പോൾ നമ്മുടെ ജനനസമയത്തെ ആകാശഗോളങ്ങളുടെ സ്ഥാനത്തിനും വെറ്റിലയിലെ അടയാളങ്ങൾക്കും ഭാവി പറയാൻ കഴിയാതെയാകും. സ്വതന്ത്ര ഇച്ഛ എന്നൊന്നുണ്ടെങ്കിൽ എന്തും ഏതു നിമിഷവും മാറാം. പ്രവചനങ്ങൾക്ക് സാംഖികമായ (statistical) സാംഗത്യം മാത്രമെ ഉള്ളു എന്നുവരും. ഈ നിലപാട് “പ്രവചന ശാസ്ത്രജ്ഞർക്ക് സ്വാഭാവികമായും സ്വീകാര്യമാവില്ല.  “നിയതി‘ യും ‘വിധി‘യും ഇല്ലെങ്കിൽ അവർക്ക് നിലനിൽപ്പില്ല.

 

1. ജ്യോത്സ്യം 

ജ്യോത്സ്യം വിധിവിശ്വാസത്തിൽ അധിഷ്ഠിതമാണെന്നു മാത്രമല്ല, ആ വിധി മുജ്ജന്മകർമങ്ങളാൽ നിർണയിക്കപ്പെടുന്നതുമാണ്. മനുഷ്യന്റെ ദേഹം മാത്രമെ മാറുന്നള്ളു, ദേഹി മാറുന്നില്ല. നിങ്ങൾ കഴിഞ്ഞ ജന്മത്തിൽ ചെയ്ത കർമങ്ങളാണ് ഈ ജന്മത്തിൽ ആരായി ജനിക്കും എന്നു തീരുമാനിക്കുക എന്നതാണ് ഇന്ത്യൻ ജ്യോതിഷികളുടെ നിലപാട്. പാപകർമങ്ങൾ ചെയ്താൽ ശൂദ്രനോ അധകൃതനോ ആയേക്കാം. സൽക്കർമങ്ങൾ ചെയ്താൽ ബാഹ്മണനോ ക്ഷത്രിയനോ ആകും. അങ്ങനെ, നമ്മുടെ ജ്യോത്സ്യത്തിൽ കർമപാശവും ജാതിയും അനുപേക്ഷണീയ ഘടകങ്ങളായി മാറുന്നു.

ആധുനികകാലത്തെ ജ്യോത്സ്യന്മാരിൽ രണ്ടു വ്യത്യസ്ത അഭിപ്രായഗതിക്കാരുണ്ട്. ഒരു കൂട്ടർ വാദിക്കുന്നത്, ഗ്രഹങ്ങൾ ഒരു സ്വാധീനവും ചെലുത്തുന്നില്ല. കഴിഞ്ഞ ജന്മത്തിലെ കർമങ്ങൾകാണ്ട് ഓരോരുത്തരും ആർജിച്ച ഭാവിയെ സൂചിപ്പിക്കുക മാത്രമെ ചെയ്യുന്നുള്ളൂ എന്നാണ് (എന്തിനാണവ അങ്ങനെ സൂചിപ്പിക്കുന്നത്? ജ്യോത്സ്യനു വായിക്കാൻ, അതായത് ഗ്രഹങ്ങളുടെ ചലനംതന്നെ ജ്യോത്സ്യന്മാർക്കു വേണ്ടിയാണെന്നർഥം). രണ്ടാമത്തെ കൂട്ടർ ഇതിനോട് യോജിക്കുന്നില്ല. ചന്ദ്രന്റെ സ്ഥാനം അനുസരിച്ച് (അമാവാസിയിലും പൗർണമിയിലും പ്രത്യേകിച്ച്) മനുഷ്യർക്ക് ചില അസുഖങ്ങൾ വർധിക്കുകയും പശുക്കൾക്കും മറ്റും ഇണചേരാനുള്ള ആഗ്രഹം കൂടുകയും ചെയ്യുന്നില്ലെ? എങ്കിൽ മറ്റു ഗ്രഹങ്ങൾക്കും മനുഷ്യജീവിതത്തിൽ സ്വാധീനമുണ്ടായിക്കൂടെ? ആ സ്വാധീനം പ്രാചീന ഋഷിമാർ തങ്ങളുടെ ദിവ്യദ്യഷ്ട്ടികൊണ്ട് തിരിച്ചറിഞ്ഞു സ്യഷ്ടിച്ചതാണ് ജ്യോത്സ്യം എന്നവർ വാദിക്കുന്നു.

ഇതിൽ ആദ്യത്തെ വിഭാഗക്കാരുടെ വാദം രണ്ടുമൂന്നു ഗുരുതരമായ പ്രശ്നങ്ങൾ ഉയർത്തുന്നു. ഒന്ന്, പൂർവജന്മ സിദ്ധാന്തം വാദത്തിനുവേണ്ടി സമ്മതിച്ചാൽ പോലും എല്ലാ ജന്മവും മനുഷ്യജന്മമാണെന്ന് പറയുന്നില്ല. പുഴുവായും പട്ടിയായും മറ്റനേകം ജീവികളായും ജനിക്കണം. ഇതിൽ മനുഷ്യനൊഴികെ ഒരു ജീവിക്കും പാപം ചെയ്യാനാവില്ല. കാരണം പാപം എന്നത് അറിഞ്ഞുകൊണ്ടു ചെയ്യുന്ന തെറ്റുമാത്രമാണ്. ചെറിയ കുഞ്ഞുങ്ങൾ അമ്മമാരെ അടിക്കുകയും കടിക്കുകയും ഒക്കെ ചെയ്യാറില്ലെ? (ഭ്രാന്തുള്ള ആളുകളും മറ്റുള്ളവരെ അങ്ങനെ ചെയ്യാറുണ്ട്). അതൊന്നും നാം പാപമായി കരുതാറില്ലല്ലോ. അതുപോലെ വിശേഷബുദ്ധിയില്ലാത്ത പട്ടിക്കും പുഴുവിനും ജീവികൾക്കും പാപം ചെയ്യാനുള്ള കഴിവില്ല. പുണ്യവും അങ്ങനെതന്നെ. അപ്പോൾ അത്തരം ജന്മങ്ങളിൽ കർമപാശം അറ്റുപോകുന്നു. രണ്ട്, കഴിഞ്ഞ ജന്മത്തിലെ കർമങ്ങളാണല്ലോ ഈ ജന്മത്തിലെ ഗ്രഹനില എന്തെന്നു തീരുമാനിച്ചത്. ഒന്നാമത്തെ ജന്മത്തിലെ ഗ്രഹനില എങ്ങനെ തീരുമാനിക്കും? അതിനു മുമ്പു ജന്മവും കർമവുമില്ലല്ലോ. ഇപ്പോഴും പുതിയ ജന്മങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കുന്നു എന്നോർക്കണം. കാരണം ജനസംഖ്യ കൂടുകയാണ്. ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടുന്ന കാലത്ത് ലോകജനസംഖ്യ 200 കോടിയായിരുന്നു. ഇന്നത് 600 കോടിയിലേറെയാണ്. അപ്പോൾ പഴയ ദേഹികൾ റീസൈക്കിൾ ചെയ്താൽ മതിയാവില്ല. പുതിയ ദേഹികളും പുതിയ ദേഹങ്ങളും വേണം. അവർക്കൊക്കെ എങ്ങനെയുള്ള ജാതകമാണ് ആദ്യം കിട്ടുക. ദോഷജാതകമോ അല്ലാത്തതോ? ഒന്നാമത്ത ജന്മത്തിൽത്തന്നെ ചിലർക്ക് പ്രപഞ്ചസംവിധായകൻ മോശം വേഷങ്ങൾ കൊടുക്കുകയും ആ ജന്മത്തിലെ കർമങ്ങൾ മോശമായതുകൊണ്ട് പിന്നീടുള്ള ജന്മങ്ങളും ആ വിധമാവുകയും ചെയ്യേണ്ടി വരുന്നതിന് എന്ത് ന്യായീകരണമാണുള്ളത്? മൂന്നാമത്തെ പ്രശ്നം കൂടുതൽ ഗുരുതരമാണ്. നമ്മുടെ ഇന്നത്തെ അറിവനുസരിച്ച് ഗ്രഹങ്ങൾ (ചന്ദ്രനും രാഹുകേതുക്കളും ഒഴികെ) സൂര്യനെ ചുറ്റുന്ന നിർജീവ വസ്തുക്കളാണ് (ജ്യോത്സ്യന്റെ ഗ്രഹം ഇപ്പോഴും ചുറ്റുന്നത് ഭൂമിയെയാണ്), അവയുടെ വേഗത നിശ്ചിതമാണ്. ഒരു കുഞ്ഞിന്റെ ജനനസമയത്ത് അവയ്ക്ക് യഥേഷ്ടം സ്ഥാനം തിരഞ്ഞെടുക്കാനാവില്ല. അവ എത്തിപ്പെടുന്ന സ്ഥാനം ഗ്രഹനിലയായെടുക്കുകയേ നിർവാഹമുള്ളൂ (മുമ്പ് ഗ്രഹങ്ങൾ ദേവന്മാരായിരുന്ന കാലത്തുള്ള സ്വാതന്ത്യം ഇന്നവയ്ക്കില്ലെയെന്നർഥം), അപ്പോൾ പിന്നെ ഒരേ മുജ്ജന്മ കർമഫലക്കാർ ഒന്നിച്ച് (ഒരു പ്രത്യക ഗ്രഹനില വരുന്ന സമയത്ത്) ജനിക്കാനുള്ള ഏർപ്പാട് പ്രപഞ്ച സംവിധായകൻ ചെയ്യണം, എങ്കിലേ ഗ്രഹനിലയ്ക്ക് ഭാവിയുടെ സൂചനയാകാൻ കഴിയൂ. എന്നാൽപ്പോലും ചില ദേഹികൾക്ക് പറ്റിയ പുനർജന്മം കിട്ടാൻ നൂറ്റാണ്ടുകൾ കാത്തിരിക്കേണ്ടി വരും. ഗ്രഹങ്ങൾ യോജിച്ച സ്ഥാനത്ത് എത്തേണ്ടെ? ഇന്നിപ്പോൾ ഈ സംവിധായകനെ തോൽപ്പിക്കാൻ ചില ഡോക്ടർമാർ തുനിഞ്ഞിറങ്ങിയിരിക്കുന്നു. കുഞ്ഞുങ്ങൾ മോശം ഗ്രഹനിലയിൽ പിറക്കാതിരിക്കാൻ നേരത്തെ സിസേറിയൻ നടത്തുന്ന ഏർപ്പാട് അവർ തുടങ്ങിയിരിക്കുന്നു. രണ്ടാമത്തെ വിഭാഗം ജ്യോത്സ്യന്മാരുടെ നിലപാടിൽ മുജന്മ കർമഫലത്തിനു വലിയ പ്രസക്തിയില്ല. അവിടെ ജനന സമയത്തെ ഗ്രഹങ്ങളുടെ നേരിട്ടുള്ള സ്വാധീനം തന്നെയാണ് ഓരോരുത്തരുടെയും ഭാവി തീരുമാനിക്കുന്നത്. ആധുനിക ജ്യോതിശ്ശാസ്ത്രത്തിന്റെ വെളിച്ചത്തിൽ ഗ്രഹസ്ഥാനം ഇഷ്ടംപോലെ തെരഞ്ഞെടുക്കാൻ പറ്റില്ല. ഇവിടെയും ഒന്നുരണ്ടു പ്രശ്നങ്ങൾ ഉയർന്നുവരുന്നു. വ്യക്തികളുടെ സ്വതന്ത്രച്ച ചോദ്യം ചെയ്യപ്പെടുന്നു എന്നതാണ് അതിലൊന്ന്. ഗ്രഹങ്ങളുടെ സ്വാധീനമാണല്ലോ എല്ലാം തീരുമാനിക്കുന്നത്. നിങ്ങൾ കൗര്യമുള്ളവനാകുന്നെങ്കിൽ അതിനു കാരണം ജനിച്ച സമയത്തെ ചൊവ്വയുടെ നിൽപ്പാകാം. പിന്നെ നിങ്ങൾ ആഗ്രഹിച്ചാൽ പോലും എങ്ങനെ സൗമ്യനാകാൻ കഴിയും? നിങ്ങളുടെ ക്രൂരകൃത്യങ്ങൾക്ക് ഉത്തരവാദി ചൊവ്വയാണ്. ഗ്രഹങ്ങൾ ഏതു വിധമാണീ സ്വാധീനം ചെലുത്തുന്നത് എന്നതാണ് രണ്ടാമത്തെ പ്രശ്നം. ഗുരുത്വാകർഷണം വഴിയാണോ? അതോ പ്രകാശം വഴിയാണോ? സൂര്യപ്രകാശത്തിലെ ഏതാനും നിറങ്ങളെ അവ പ്രതിഫലിപ്പിക്കുന്നേയുള്ളു. രണ്ടായാലും ഇതൊക്കെ എങ്ങനെയാണ് ഭാവിയെ സാധീനിക്കുക? നിർജീവവസ്തുക്കളായ ഗ്രഹങ്ങൾക്ക് മറ്റു സ്വാധീനങ്ങളൊന്നും ഉണ്ടാകാനും തരമില്ല. ചന്ദ്രനും സൂര്യനും ജീവികളിലുള്ള സ്വാധീനം അവയുടെ വലിയ ഗുരുത്വാകർഷണം കൊണ്ടാണ്. പക്ഷേ, അതൊക്കെ താൽക്കാലിക സ്വാധീനം മാത്രമാണ്. ഭാവിയെ സ്വാധീനിക്കുന്നില്ല.

ചിത്രം കടപ്പാട് ©മനോരമ

ആകപ്പാടെ ജ്യോത്സ്യം നമ്മുടെ കാര്യകാരണ ബോധത്തെ ചോദ്യം ചെയ്യുന്ന ഒരു മണ്ടൻ ഏർപ്പാടായിമാറുന്നു. അത് ആധുനിക ജനിതകശാസ്ത്രത്തെയും ചോദ്യം ചെയ്യുന്നുണ്ട്. ഒരാളുടെ രൂപവും സ്വഭാവവും എല്ലാം ഒരു വലിയ പങ്കോളം ജനിതക ഗുണങ്ങളാണെന്നാണ് ശാസ്ത മതം. കുറെയൊക്കെ ജീവിത സാഹചര്യങ്ങളും സ്വാധീനിക്കും. വെയിൽകൊണ്ട് ജോലി ചെയ്യുന്നവർക്ക് കറുപ്പുനിറവും ഉറച്ച മാംസപേശികളും കണ്ടേക്കാം, തെരുവിന്റെ മക്കളായി വളർന്നവരിൽ കുറേപ്പേർ കുറ്റവാളികളായി വളർന്നെന്നു വരാം. പക്ഷേ, അതെല്ലാം ഗ്രഹനിലയാണ് തീരുമാനിക്കുക എന്നാണ് ജ്യോത്സ്യം പറയുന്നത്. “ശുക്രൻ ലഗ്നത്തിൽ തനിച്ചു നിന്നാൽ ജാതകൻ സ്ത്രീകൾക്കു പ്രിയങ്കരനും ശരീരവടിവുള്ളവനും കലാചതുരനും ആയിരിക്കും’ എന്ന് ബ്യഹജ്ജാതകം പറയുന്നു. ചിങ്ങലഗ്നത്തിൽ ജനിച്ചവൻ സിംഹത്തെപ്പോലെ ശൂരനായിരിക്കുമത്. യഥാർഥത്തിൽ ചിങ്ങത്തിന്റെ സിംഹരൂപം നമ്മുടെ ഒരു തോന്നലാണ്. 85 പ്രകാശവർഷം അകലെ കിടക്കുന്ന മകം നക്ഷത്രവും 39 പ്രകാശവർഷം അകലെയുള്ള ഡൈനബോളയും 91 പ്രകാശവർഷം ദൂരെയുള്ള അജീബയും മറ്റനേകം നക്ഷത്രങ്ങളും ചേർത്ത് നമ്മുടെ ഭാവന സ്യഷ്ടിച്ചതാണ് സിംഹരൂപം. അതിന് ഒരു ശൗര്യവും സൃഷ്ടിക്കാനുള്ള കഴിവില്ല. പൊരുത്തം, യോഗം, ദശ തുടങ്ങിയ മറ്റനേകം രസികൻ ആശയങ്ങളും ഗുളികൻ, യമകണ്ടകൻ, അർധപ്രഹരൻ തുടങ്ങിയ ഇല്ലാ ഗ്രഹങ്ങളും ജ്യോതിഷത്തിലുണ്ട്. പരിഷത്ത് പ്രസിദ്ധീകരിച്ച “ജ്യോതിഷവും ജ്യോതി ശാസ്ത്രവും’ എന്ന ഗ്രന്ഥത്തിൽ അതെല്ലാം വിശദമാക്കിയിട്ടുണ്ട്. അതു കൊണ്ട് ഇവിടെ വിവരിക്കുന്നില്ല നമ്മുടെ വിദ്യാഭ്യാസരീതിയുടെ തകരാറു മൂലം ശാസ്ത്രബോധം കിട്ടാതെ പോകുന്നവരാണ് ഭൂരിഭാഗം ആളുകളും. അവരുടെ ജീവിതം ദുസ്സഹമാക്കുന്ന പലതും ജ്യോത്സ്യത്തിലുണ്ട്. ചൊവ്വാദോഷമാണ് അതിലൊന്ന്. ഒരു കുഞ്ഞു ജനിക്കുമ്പോൾ ഉദിച്ചുവരുന്ന രാശിയിൽനിന്ന് (ലഗ്നത്തിൽനിന്ന്) ഏഴാമത്തെയോ എട്ടാമത്തെയോ രാശിയിൽ ചൊവ്വ എന്ന കൊച്ചുഗ്രഹം നിന്നിരുന്നു, അഥവാ ചൊവ്വ അസ്തമിക്കുകയായിരുന്നു, എന്നുമാത്രമാണിതിനർഥം. അതു വലിയ അനർഥമാണത്രേ. ഏഴിലാണെങ്കിൽ വിവാഹജീവിതത്തെ ബാധിക്കും. എട്ടിലാണെങ്കിൽ സ്വന്തം ആയുസ്സിനേയും. എന്തുകൊണ്ട് എന്ന് ആരും പറയുന്നില്ല. ഈ ലോകത്ത് ഓരോ ദിവസവും ജനിക്കുന്ന കുഞ്ഞുങ്ങളിൽ ശരാശരി 1/12 ഭാഗം ഏഴിൽ ചൊവ്വയോടുകൂടിയും അത്രതന്നെ എട്ടിൽ ചൊവ്വയോടു കൂടിയും (ആകെ ആറിലൊന്ന്) ആണ് ജനിക്കുക എന്ന് ഏതൊരു ശാസ്ത്രവിദ്യാർഥിയും അറിയേണ്ട കാര്യമാണ്. ചൊവ്വ ഭൂമിയുടെ പത്തിലൊന്നു മാത്രം വലിപ്പമുള്ള  ഒരു നിർജീവ ഗ്രഹമാണ്. ഭൂമിയിൽനിന്ന് ഏകദേശം 6 കോടി കി. മീ. മുതൽ 37 കോടി കി. മീ. വരെ ഏതകലത്തിലുമാകാമത്. ദൂരം അനുസരിച്ച് ശോഭയിൽ വലിയ മാറ്റം വരും. അതിന്റെ ഉപരിതലത്തിൽ ഇരുമ്പിന്റെ ഓക്സൈഡ് ഉളളതുകൊണ്ട് അൽപ്പം ചുവപ്പുനിറമുണ്ട്. ശോഭയിലെ ഏറ്റക്കുറവും ചുവപ്പുനിറവും എന്തുകൊണ്ടെന്ന് അറിയാതിരുന്ന കാലത്ത് അതിനെ യുദ്ധത്തിന്റെ ദേവനും വീരശൂരപരാക്രമിയും ആയി ചിത്രീകരിച്ചതാണ്. അങ്ങനെ അത് പാപഗ്രഹവും കല്യാണം മുടക്കിയും ആളെക്കൊല്ലിയുമായി, യഥാർഥത്തിൽ ചൊവ്വയ്ക്ക് ആരെയും ഉപദ്രവിക്കാനുള്ള കഴിവില്ല. മനുഷ്യർ അങ്ങോട്ടു യാത്ര പുറപ്പെടാനുള്ള ഒരുക്കത്തിലാണ്.

മനുഷ്യരുടെ മരണനിരക്കും ജീവിത ഗുണമേന്മയും ഒന്നും ഗ്രഹങ്ങൾ നൽകുന്നതല്ലെന്ന് അൽപ്പം ചിന്താശക്തിയുള്ളവർക്ക് എളുപ്പം ബോധ്യമാകും, കേരളത്തിൽ ആയിരം കുഞ്ഞുങ്ങൾ ജനിക്കുന്നതിൽ 13 പേർ മാത്രം മരിക്കുമ്പോൾ ബീഹാറിൽ അത് 60ലധികം ആയിരിക്കുന്നതും ബീഹാർ ജനതയുടെ ശരാശരി ആയുർദൈർഘ്യം നമ്മുടേതിലും വളരെ കുറഞ്ഞിരിക്കുന്നതും അവരുടെ ഗ്രഹനില മോശമായിട്ടല്ല വിദ്യാഭ്യാസത്തിന്റെ, പ്രത്യേകിച്ച് സ്ത്രീവിദ്യാഭ്യാസത്തിന്റെ കുറവും പൊതുജനാരോഗ്യസംവിധാനങ്ങളുടെ അഭാവവും ആണ് അതിന് മുഖ്യകാരണം. യൂറോപ്പിലെ ആളുകൾ സുഭിക്ഷതയിൽ കഴിയുമ്പോൾ ആഫ്രിക്കയിൽ പട്ടിണിമരണം നടക്കുന്നതിന് കാരണവും ഗ്രഹങ്ങളല്ല.  ജ്യോതിഷവിശ്വാസികളുടെ ഒരു ന്യായീകരണം ഇതാണ്, നിങ്ങളീപ്പറയുന്ന ശാസ്ത്രമെല്ലാം ശരി, പക്ഷേ, ആയിരത്താണ്ടുകളായി ഇവിടെ ജ്യോതിഷം നിലനിൽക്കുന്നു. ഫലപ്രവചനം ഒട്ടും ശരിയാകുന്നില്ലെങ്കിൽ അതു നിലനിൽക്കുമോ? ഫലപ്രവചനം ഒട്ടും ശരിയാകുന്നില്ല എന്ന് എങ്ങനെ പറയാൻ പറ്റും? നിരവധി പ്രവചനങ്ങളിൽ ചിലതൊക്കെ സംഭവിക്കാനുള്ള സാംഖ്യിക സംഭാവ്യത (Statistical probability) തള്ളിക്കളഞ്ഞുകൂട. ധാരാളം അനുഭവജ്ഞാനവും എങ്ങനെയും വ്യാഖ്യാനിക്കാൻ പറ്റിയ വിധം പ്രവചനങ്ങൾ നടത്താനുള്ള കഴിവും ഉള്ള ഒരു ജ്യോത്സ്യന്റെ കാര്യത്തിൽ സംഭവ്യത കൂടും. മാത്രമല്ല, മികച്ച ജ്യോത്സ്യന്മാർക്കെല്ലാം ധാരാളം ദല്ലാളന്മാരുമുണ്ട്. നിങ്ങളോട് ഒരു പ്രത്യേക ജ്യോത്സ്യനെ കാണാൻ ശുപാർശ ചെയ്യുന്ന ആള്‍ മിക്കപ്പോഴും അയാളുടെ ദല്ലാളായിരിക്കും. നിങ്ങളെപ്പറ്റി അയാൾ ജ്യോത്സ്യനു മുന്നറിവു നൽകും. ജ്യോത്സ്യത്തിന്റെ വിജയകഥകൾ പറഞ്ഞു പരത്തുന്നതിലും ഇവർക്കു വലിയ പങ്കുണ്ട്. ഇനി, ജ്യോത്സ്യപ്രവചനം തെറ്റിയാൽപ്പോലും ന്യായീകരണം എളുപ്പമാണ്. അത് ജ്യോത്സ്യത്തിന്റെ തെറ്റല; ജ്യോത്സ്യന്റെ തെറ്റാണ്. ചില കാര്യങ്ങൾ പരിഗണിക്കാൻ ജ്യോത്സ്യൻ വിട്ടു പോയിട്ടുണ്ടാകും. ഗ്രഹദൃഷ്ടിയോ ലഗ്നാധിപന്റെ സ്ഥിതിയോ കാരക്രഗഹത്തിന്റെ ബലമോ കേതുവിന്റെ ചാരമോ ഒക്കെ ശ്രദ്ധിക്കാതെ പോകാം. അതുമല്ലെങ്കിൽ ജാതകന്റെ ജന്മസമയം കുറിച്ചതിലെ പിശകുമാകാം. ഇതൊക്കെ തട്ടിപ്പാണെങ്കിലും വിശ്വാസിക്ക് ഇത്രയും തന്നെ ധാരാളമാണ്. യഥാർഥത്തിൽ ആയിരക്കണക്കിനു വർഷങ്ങൾ നിലനിന്നു എന്നത് ഒരു വിശ്വാസം അബദ്ധമല്ല എന്നതിനു ന്യായീകരണമാകുന്നില്ല. ആധുനിക ശാസ്ത്രം ജനിച്ചിട്ട് കഷ്ടിച്ചു നാലു നൂറ്റാണ്ടല്ലെ ആയിട്ടുള്ളൂ. ആയിരത്താണ്ടുകൾ നിലനിന്ന പ്രേതവിശ്വാസവും ഗ്രഹണഭയവും ധൂമകേതു ഭയവും മന്ത്രവാദവും എല്ലാം വികസിത രാജ്യങ്ങളിലെങ്കിലും ഇതിനകം ഇല്ലാതായില്ലെ? ജ്യോത്സ്യം കുറച്ചുകൂടി കാലം നിലനിന്നേക്കാം. കമ്പ്യൂട്ടറും അത്യാധുനിക വാർത്താവിനിമയ സംവിധാനവും എല്ലാം ഉപയോഗപ്പെടുത്തിക്കൊണ്ട് വ്യാപാരതാൽപ്പര്യങ്ങൾ ഈ രംഗത്തേക്കു കടന്നുവന്നതോടെ അതിന്റെ പ്രചാരം ഇപ്പോൾ വർധിച്ചിരിക്കുകയാണ്. ഇന്ത്യയിൽ വർഗീയവൽക്കരണം ലക്ഷ്യം വച്ചുകൊണ്ട്, പ്രാചീന ഭാരതത്തിന്റെ മഹത്വം കൊട്ടി ഘോഷിക്കാനായി സർക്കാർതന്നെ ഒരു ഘട്ടത്തിൽ ഈ അന്ധവിശ്വാസത്തെ പ്രോത്സാഹിപ്പിക്കുകയുണ്ടായി. യഥാർഥത്തിൽ പ്രാചീന ഭാരതത്തിൽ ജ്യോത്സ്യം ഉണ്ടായിരുന്നില്ല. ഗണിതജ്യോതിഷമേ ഉണ്ടായിരുന്നുള്ളൂ. ഗ്രഹനിലവെച്ച് പ്രായം കണക്കാക്കാനും കാലാവസ്ഥഗണിക്കാനും മറ്റും അതുപയോഗിച്ചിരുന്നു. ക്രിസ്തു വർഷാരംഭത്തിനു മുമ്പ് ജ്യോത്സ്യം ഗ്രീസിൽനിന്ന് ഇന്ത്യയിൽ എത്തിയ കഥ “ജ്യോതിഷവും ജ്യോതിശ്ശാസ്ത്രവും(പുസ്തകം പൂ‍ര്‍ണരൂപത്തില്‍ വായിക്കാം) എന്ന ഗ്രന്ഥത്തിൽ വിവരിച്ചിട്ടുണ്ട്. ജ്യോത്സ്യം യഥാർഥത്തിൽ പ്രതിസന്ധിയെ നേരിടുകയാണ്. ആധുനിക ജ്യോതിശ്ശാസ്ത്രം അതിന്റെ അടിത്തറ ഇളക്കിയിരിക്കുന്നു. ഗ്രഹങ്ങൾ ഭൂമിയെ ചുറ്റുന്ന, അതിഭൗതിക ശക്തികളുള്ള, ദേവന്മാരാണെന്ന അന്ധവിശ്വാസം ഇന്ന് സ്വീകാര്യമല്ല. അവർക്കിടയിൽ പാപന്മാരും ശുഭന്മാരും ഉണ്ടാവുക സാധ്യമല്ലല്ലോ. നമ്മുടെ ഓരോരോ ശരീരാവയവങ്ങളുടേയും മനോഭാവങ്ങളുടേയും കാരകത്വം ഏറ്റെടുക്കാനും അവയ്ക്കാവില്ല. ജീവിതത്തിലെ ദശകൾക്ക് അധീശത്ഥം വഹിക്കാനും അവയ്ക്കാകില്ല. (ശനിദശയും ശുക്രദശയും ഒരുപോലെ അർഥഹീനമാണ്). ആകാശത്തിലെ രാശിരൂപങ്ങൾ നമ്മുടെ ഭാവന മാത്രമാണ്. വ്യശ്ചികത്തിന് തേളുമായും ഇടവത്തിനു കാളയുമായും ഒരു ബന്ധവുമില്ല. പുതിയ ഗ്രഹങ്ങളെ കണ്ടെത്തുന്നതും ജ്യോത്സ്യനെ കുഴക്കുന്നു. യുറാനസ്സ്, നെപ്ട്യൂൺ, പ്ലൂട്ടോ ഇവയെക്കൂടി ഉൾപ്പെടുത്തി ജ്യോത്സ്യത്തെ ‘ശാസ്ത്രീയമാക്കാൻ പാശ്ചാത്യ ജ്യോതിഷികൾ നിർബന്ധിതരായി. ഇപ്പോൾ പ്ലട്ടോ ഗ്രഹമല്ലെന്നു വന്നതിൽ അവർ വിഷണ്ണരാണ്. ഇന്ത്യൻ  ജ്യോതിഷികളെ ഇതൊന്നും ബാധിച്ച മട്ടില്ല. ജ്യോതിശ്ശാസ്ത്രം പോലെ തന്നെ ആധുനിക ജനിതക ശാസ്ത്രവും ജ്യോതിഷത്തിനു പ്രഹരമേൽപ്പിച്ചുകൊണ്ട് മുന്നേറുകയാണ്. ഒരു വ്യക്തിയുടെ സ്വഭാവവും രൂപവും ഒന്നും നിർണയിക്കാൻ ഗ്രഹങ്ങൾ ആവശ്യമില്ല എന്ന് അത് വ്യക്തമാക്കിക്കഴിഞ്ഞു.

ജ്യോത്സ്യം തന്നെ പല ഇനമുണ്ട്. പടിഞ്ഞാറൻ ജ്യാത്സ്യത്തിൽ സൗരരാശികൾക്കാണ് പ്രാധാന്യം. ചാന്ദ്രപഥം അവർക്ക് പ്രധാനമല്ല. പ്രാചീന ഭാരതീയ ജ്യോത്സ്യത്തിൽ ചാന്ദ്രപഥത്തിനും ജന്മനക്ഷത്രങ്ങൾക്കും വലിയ പ്രാധാന്യമുണ്ട്. ഇന്നത്തെ ഇന്ത്യൻ ജ്യോത്സ്യം രണ്ടിന്റെയും ഒരു ചേരുവയാണ്. എന്നാൽ ഇവിടെയും പ്രശ്നങ്ങളുണ്ട്. ഒരു കൂട്ടർ ഗ്രഹദൂരം (സ്ഫുടം) കണക്കാക്കുന്നത് മേഷാദിയിൽ (മേടം രാശിയുടെ ആരംഭബിന്ദു) നിന്നാണ്. മറ്റേ കൂട്ടർ വിഷുവസ്ഥാനത്ത് (Equinox) നിന്നാണ്. വിഷുവസ്ഥാനം 72 വർഷം കൂടുമ്പോൾ ഒരു ഡിഗ്രി വീതം സ്ഥാനം മാറും. ആദ്യത്തേതിനെ നിരയന രീതിയെന്നും രണ്ടാമത്തേതിനെ സായന രീതിയെന്നും പറയും. രണ്ടു രീതികൾ തമ്മിൽ ഒരു ഗ്രഹത്തിന്റെ സ്ഥാനത്തിന് ഇപ്പോൾ 23  ഡിഗിയോളം വ്യത്യാസമുണ്ടാകും. എന്നിട്ടും ഫലപ്രവചനം രണ്ടുകൂട്ടരും നടത്തുകയും രണ്ടും ശരിയാണെന്നു വാദിക്കുകയും ചെയ്യുന്നു.

ജനനസമയം കണക്കാക്കുന്നതിൽ ഇതിലേറെ കുഴപ്പമുണ്ട്. ചിലർ കുഞ്ഞിന്റെ തല പുറത്തുകണ്ടുതുടങ്ങുന്ന സമയം എടുക്കുമ്പോൾ മറ്റു ചിലർ പിറന്നുവീഴുന്ന സമയമാണെടുക്കുക. മൂന്നാമതൊരു കൂട്ടർക്ക് പൊക്കിൾക്കൊടി ബന്ധം വേർപെടുത്തുന്ന സമയമാണ് സ്വീകാര്യം. ഗർഭ പാത്രത്തിൽവച്ച് അണ്ഡബീജ സംയോഗം നടക്കുന്ന സമയമാണ് ശരിക്കും എടുക്കേണ്ടത് എന്നു വാദിക്കുന്നവരുമുണ്ട്. പക്ഷേ, അതെങ്ങനെ അറിയാൻ പറ്റും? എന്തായാലും കേരള ജ്യോതിഷികൾ അടുത്തകാലത്ത് യോഗം ചേർന്ന് ജനാധിപത്യപരമായി സമയപ്രശ്നം പരിഹരിച്ചിരിക്കുന്നു. ഇനി മുതൽ എല്ലാവരും പൊക്കിൾക്കൊടി മുറിക്കുന്ന സമയംവേണം എടുക്കാൻ (അതാകുമ്പോൾ അൽപ്പസ്വൽപ്പം അഡ്ജസ്റ്റ് ചെയ്യാമല്ലോ). എന്തായാലും കാപട്യങ്ങളുടെ ഒരു കൂടാണ് ജ്യോത്സ്യം എന്നു വ്യക്തം.

ജ്യോത്സ്യത്തിനു വേണ്ടി പ്രചാരണം നടത്തുന്ന പലർക്കും അതിൽ വേണ്ടത്ര വിശ്വാസമില്ലെന്നു വ്യക്തമാണ്. ഒരു ജ്യോത്സ്യനും തന്റെ കുട്ടിക്ക് രോഗം വന്നാൽ അതു ഗ്രഹപ്പിഴയായി കരുതി പരിഹാരപൂജ നടത്തുകയല്ല ചെയ്യുക, നല്ലൊരു ഡോക്ടറെ സമീപിക്കുകയാണ്.
പട്ടാളത്തിലോ പോലീസിലോ ആളെ എടുക്കുമ്പോഴും ആരും ജാതകവും ഗ്രഹനിലയും പരിഗണിക്കാറില്ല. വീട്ടിൽ കള്ളൻ കയറിയാൽ കവടി നിരത്തുന്നവരും ഏറെയില്ല. വിമാനം പുറപ്പെടുംമുമ്പ് ഏതാനും യാത്രക്കാരുടെ ഗ്രഹനിലനോക്കി അപകടസാധ്യത കണക്കാക്കണമെന്ന് ഒരു വിമാനക്കമ്പനിക്കാരും കരുതുന്നതായും അറിവില്ല. ചുരുക്കത്തിൽ ശുദ്ധഗതിക്കാരെയും ശാസ്ത്രബോധമില്ലാത്തവരെയും പറ്റിക്കാനുള്ള ഒരേർപ്പാടു മാത്രമാണ് ജ്യോത്സ്യം.

കടപ്പാട് Freepik.com

2. ഹസ്തരേഖ

ഒരു സാധാരണ വ്യക്തിയുടെ കൈവെള്ളയിൽ മൂന്നു പ്രമുഖ രേഖകളും അനവധി മെലിഞ്ഞ് ചെറിയ രേഖകളും ഉണ്ടാകും. അപൂർവം ചിലർക്കു മാത്രം പ്രമുഖ രേഖകളുടെ എണ്ണം കുറഞ്ഞോ കൂടിയോ കാണാറുണ്ട്. മെലിഞ്ഞ രേഖകൾ മിക്കതും സ്ഥിരമല്ല. കൈകൊണ്ട് തൊഴിൽ ചെയ്ത് തൊലിക്കു കട്ടികൂടുകയോ തഴമ്പുവരികയോ ചെയ്യുമ്പോൾ അവയിൽ പലതും കാണാതാകും, കൈവെള്ളയിലെ മാംസപേശികളുടെ വലിപ്പവും രേഖകളുടെ എണ്ണത്തെ ബാധിക്കും. പോഷകാഹാരം കിട്ടാതെ ശോഷിച്ച ഒരു കുട്ടിയുടെ കൈ പരിശോധിച്ചുനോക്കൂ, നിറയെ രേഖകളായിരിക്കും. തൊലി എല്ലായിടത്തും ചുളിയുന്നതുകൊണ്ടാണിത്. മാംസപേശികൾ വലുതാവാനുള്ള സാഹചര്യം പിന്നീടുണ്ടായാൽ (പോഷണം കിട്ടിയാൽ) അവയിൽ പലതും മാഞ്ഞുപോകും. പ്രമുഖ രേഖകൾ എല്ലാം സ്ഥിരങ്ങളാണ്. കൈവെള്ളയിലെ രേഖകൾ കൂടാതെ വിരലുകളിലും വിലങ്ങനെയുള്ള സ്ഥിരരേഖകൾ ഉണ്ട്. സ്ഥിരരേഖകളെല്ലാം ജനിക്കുമ്പോൾത്തന്നെ ഉണ്ടാകും. ഗർഭസ്ഥശിശുവിൽ 6 ആഴ്ച മുതൽ 21 ആഴ്ചവരെയുള്ള കാലത്താണ് കയ്യിലെ രേഖകൾ പ്രത്യക്ഷപ്പെടുക. അവയൊന്നും നോട്ടക്കാരന് ഭാവിപറയാൻവേണ്ടി ഉണ്ടായതല്ലെന്ന് കൈയ്യുടെ പ്രവർത്തനം അൽപ്പം ശ്രദ്ധിച്ചിട്ടുള്ള ആർക്കും എളുപ്പം ബോധ്യമാകും. കൈ ചുരുട്ടുമ്പോൾ മടങ്ങുന്ന സ്ഥാനങ്ങളിലാണ് രേഖകൾ ഉള്ളത്. മടക്കുചുളിവുകൾ എന്ന അർഥത്തിൽ ഫ്ളെക്സിയോൺ ക്രീസസ് (Flexion creases) എന്നാണവയെ വിളിക്കുക. കൈവെള്ളയിലെ തൊലിയുടെ ഘടന ശ്രദ്ധിക്കുക, കൈ മടക്കുമ്പോൾ ഉള്ളിലെ മാംസപേശികൾ ഉരുണ്ടുവരാൻ പാകത്തിൽ അയഞ്ഞ തൊലിയാണുള്ളത്. എന്നാൽ ഫ്ളെക്സിയോൺ ക്രീസസ് ഉള്ളിടത്ത് തൊലി അയഞ്ഞുപോരാത്ത വിധം അടിയിൽ ഉറപ്പിച്ചിട്ടുണ്ട്. വസ്തുക്കളെ മുറുകെപ്പിടിക്കാൻ ഇതുമൂലം എളുപ്പമാണ്. കൈകൊണ്ട് മുറുക്കിപ്പിടിക്കുന്ന ജീവികൾക്കെല്ലാം (ഗോറില്ല, ചിമ്പാൻസി…) ഇത്തരം രേഖകളുണ്ടാകും, രേഖകളുടെ രൂപം വ്യത്യസ്തമായിരിക്കും എന്നുമാത്രം, ശരീരശാസ്ത്രപരമായി ഹസ്തരേഖകളുടെ പ്രാധാന്യം ഇത്രയുമാണ്.

കയ്യിലെ രേഖകളും വിരലടയാളവും ഓരോ വ്യക്തിക്കും വ്യത്യസ്തമാണെന്ന് പണ്ടുതന്നെ ആളുകൾ മനസ്സിലാക്കിയിരുന്നു. കളിമണ്ണിൽ പതിപ്പിച്ച വിരലടയാളംകൊണ്ട് ആളുകളെ തിരിച്ചറിയുന്ന വിദ്യ കി. മു. മൂന്നാം നൂറ്റാണ്ടിൽ തന്നെ ചൈനക്കാർ വശമാക്കി. ക്രമേണ കൈരേഖകൾ നോക്കി വ്യക്തിയുടെ സ്വഭാവവും ഭാവിയും പ്രവചിക്കുന്ന ഏർപ്പാടും ചൈനയിലും ഇന്ത്യയിലും ഈജിപ്തിലും എല്ലാം ആരംഭിച്ചു. എന്നാൽ ഇതു സംബന്ധിച്ച് ഏറെ വിവരങ്ങളൊന്നും ഇന്ന് ലഭ്യമല്ല. എഴുതപ്പെട്ട ആദ്യത്തെ “ഹസ്തരേഖാശാസ്ത്ര ഗ്രന്ഥം 15-ാം നൂറ്റാണ്ടിലേതാണ്. 19-ാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഖെയ്റോ (Cheiro) ആണ് ഇന്നത്തെ ഹസ്തരേഖാ ശാസ്ത്രജ്ഞരുടെയെല്ലാം ഗുരു (അദ്ദേഹത്തിന്റെ യഥാർഥ പേരാണോ എന്നറിയില്ല. Cheir എന്നാൽ ഗ്രീക്കുഭാഷയിൽ കൈ എന്നാണർഥം).  കൈവെള്ളയിലെ മുഖ്യ രേഖകൾ ആയുർരേഖ (Lite line), ശിരോരേഖ (Head line), ഹൃദയരേഖ (Heart line) എന്നിങ്ങനെ അറിയപ്പെടുന്നു. ആയുർരേഖ രോഗം, മരണം മുതലായ കാര്യങ്ങളെയും ശിരോരേഖ ബുദ്ധിപരമായ വ്യാപാരങ്ങളേയും ഹ്യദയരേഖ വൈകാരികഭാവങ്ങളേയും സൂചിപ്പിക്കുന്നു എന്നാണ് “ഹസ്തരേഖാശാസ്ത്രജ്ഞർ അവകാശപ്പെടുന്നത്. രേഖകൾ എവിടെ തുടങ്ങുന്നു, എവിടെച്ചെന്ന് അവസാനിക്കുന്നു. കവരങ്ങൾ (lorks) (തമിഴർക്കു ശൂലം) ഉണ്ടോ, വക്രത എത്ര, നീളം എത്ര, ആഴവും വീതിയുമുണ്ടോ, രേഖകളിൽ ചങ്ങലക്കണ്ണി രൂപ‍ങ്ങൾ ഉണ്ടോ തുടങ്ങിയ  പല കാര്യങ്ങളും പരിഗണിച്ചാണത്രേ പ്രവചനം. രേഖകൾക്കിടയിൽ വ്യാഴ മണ്ഡലവും ശുക്രമണ്ഡലവും ഒക്കെ ഉണ്ടത്രേ. എന്താണ് അവയ്ക്ക് പ്രസ്തുത ഗ്രഹങ്ങളുമായുള്ള ബന്ധം എന്ന് എവിടെയും പറയുന്നില്ല. രേഖകളെ ഊർജപ്രവാഹത്തിന്റെ ചാലുകളായും ചിലർ ചിത്രീകരിക്കുന്നുണ്ട്.

ചില “ഹസ്തരേഖാശാസ്ത്രജ്ഞർ‘ കൈരേഖകൾ വെച്ച് ഭാവി പ്രവചിക്കുന്നതിനോടു യോജിക്കുന്നില്ല. അവ വ്യക്തിത്വത്തെയും സ്വഭാവത്തെയും മാത്രമെ സൂചിപ്പിക്കുന്നുള്ളൂ എന്നവർ വാദിക്കുന്നു. എന്നാൽ ഒരു വ്യക്തിയെ സംബന്ധിച്ച മുഴുവൻ കാര്യങ്ങളും കൈരേഖയിലുണ്ടെന്നു വിശ്വസിക്കുന്നവരാണ് രേഖാശാസ്ത്രജ്ഞരിൽ ഭൂരിഭാഗവും (പ്രത്യേകിച്ച് ഇന്ത്യയിൽ). നിങ്ങളുടെ ആയുസ്സ്, കുട്ടികളുടെ എണ്ണം, സാമ്പത്തിക വിജയം, പ്രണയം, വിവാഹം തുടങ്ങിയ എന്തു കാര്യവും അതുകൊണ്ട് പറയാം എന്നവർ കരുതുന്നു. ഇങ്ങനെ മുഴുവൻ കാര്യങ്ങളും പറയാൻ പറ്റില്ലെന്നും മറിച്ച് ഭാവിയെ സംബന്ധിച്ച ചില ദിശാസൂചനകൾ മാത്രം നൽകുന്ന ‘അന്തർജ്ഞാന ഹസ്തരേഖാ ശാസ്ത്രം ‘ (Intuitive palmistry) മാത്രമെ സാധ്യമാകൂ എന്നും ഗെറ്റിങ്സിനെപ്പോലുള്ള ബുദ്ധിമാൻമാർ പറയുന്നു (പവചനം തെറ്റിയാലും നിന്നു പിഴയ്ക്കാമല്ലോ). രേഖാവായന അത്ര എളുപ്പമുള്ള കാര്യമല്ലത്രേ. കൈയുടെ രൂപം, ഉള്ളംകൈയുടെ വലിപ്പം, വിരലുകളുടെ നീളം, രേഖയുടെ ഘടന, അവയുടെ പരസ്പര ബന്ധം, നഖത്തിന്റെ രൂപം, നിറം, വിരലടയാളം തുടങ്ങിയ ഒട്ടേറെ പരിഗണനകൾ ഉണ്ടെങ്കിലേ അന്തർജ്ഞാനം സാധ്യമാകൂ. ഇതിനു മണിക്കൂറുകൾ വേണ്ടിവരും (ഹസ്തരേഖാ ശാസ്ത്രജ്ഞർ ഇപ്പോഴും കമ്പ്യൂട്ടർ ഉപയോഗിച്ചു തുടങ്ങിയിട്ടില്ലല്ലോ). ഒറ്റനോട്ടത്തിൽ ധൃതിയിൽ ഫലം പറയുന്ന രീതിയാണ് ഹസ്തരേഖാശാസ്ത്രത്തിന്റെ വിലയിടിക്കുന്നതെന്നും എല്ലാ കാര്യങ്ങളും പരിഗണിച്ചാൽ തെറ്റുപറ്റില്ലെന്നുമാണ് ഇക്കൂട്ടരുടെ നിലപാട്. ഹസ്തരേഖാ ശാസ്ത്രത്തിനനുകൂലമായി പല വാദഗതികളും വിശ്വാസികൾ നിരത്താറുണ്ട്. അതിലൊന്നിതാണ്. ഒരാളുടെ കൈരേഖപോലെ വേറൊരാളിലും കാണുന്നില്ലല്ലോ. ഇതു സൂചിപ്പിക്കുന്നത് അവരുടെ വ്യക്തിത്വവും ഭാവിയുമായി അതിനുള്ള ബന്ധമല്ലേ? ഇതു ശരിയാണെങ്കിൽ ഒരാളുടെ കണ്ണുപോലെ വേറൊരാൾക്കും കണ്ണില്ലെന്നും അടുത്തകാലത്ത് കണ്ടെത്തിക്കഴിഞ്ഞ നിലക്ക് ഒരു “അക്ഷിശാസ്ത്രവും ഉണ്ടാക്കാമല്ലോ. ദന്തശാസ്ത്രത്തിനും “നാസികാശാസ്ത്രത്തിനും ഒക്കെ സാധ്യത ഏറെയാണ്. യഥാർഥത്തിൽ കൈരേഖകളുടെ പ്രത്യേകതകൾ കുറെയേറെ പാരമ്പര്യത്തെയും ബാക്കി, കയ്യിലെ അസ്ഥികളുടെ വലിപ്പം, ഘടന, മാംസപേശികളുടെ വലിപ്പം, ചെയ്യുന്ന ജോലി തുടങ്ങിയ മറ്റു ഘടകങ്ങളെയും ആശ്രയിച്ചാണിരിക്കുന്നത്. ആരെങ്കിലും ഭാവി മുൻകൂട്ടി കണക്കാക്കി കൈയിൽ രേഖപ്പെടുത്തി വിടുന്നതല്ല. മറ്റൊരു വാദം ആധുനിക വൈദ്യശാസ്ത്രത്തെ ആധാരമാക്കിയുള്ളതാണ്. ചില ജനിതകരോഗങ്ങളും കൈരേഖയിലെ പ്രത്യേകതകളും തമ്മിൽ ബന്ധമുള്ളതിന്റെ സൂചനകളുണ്ട്. ചില ക്രോമോസോമുകളുടെ വൈകല്യം മൂലമുണ്ടാകുന്നതാണീ രോഗങ്ങൾ. കൈരേഖയിലെയും വിരലടയാളങ്ങളിലെയും വക്രങ്ങളും വലയങ്ങളും ചുഴികളും മറ്റു ഘടനാ വ്യതിയാനങ്ങളും പഠിക്കുന്ന വിജ്ഞാന ശാഖയാണ് ഡെർമറ്റോഗ്ലിഫിക്സ് (Dermato glyphycs). രോഗനിർണയം നടത്താൻ കഴിയുംവിധം അത് വളർന്നിട്ടില്ലെങ്കിലും ചില സൂചനകൾ നൽകാൻ കഴിയും. ഉദാഹരണത്തിന് സാധാരണയിൽ കൂടുതൽ വലയങ്ങൾ കാണപ്പെടുന്നവരിൽ ട്രൈസോമി 21 അഥവാ ഡൗൺസ് സിൻഡ്രോം എന്ന രോഗത്തിന്റെ സാധ്യത കൂടുതലുള്ളതായി കാണുന്നുണ്ട്. അതുപോലെ ചുഴികളുടെ എണ്ണക്കൂടുതലും ടർണേഴ്സ് സിൻഡ്രോം എന്ന രോഗവും തമ്മിലും ഇതേപോലെ ബന്ധം ഉള്ളതിന്റെ സൂചനയുണ്ട്. ഇങ്ങനെ വേറെയും. എങ്കിൽ ഇതേ രേഖകൾ വ്യക്തികളുടെ സ്വഭാവത്തെയും മറ്റും സൂചിപ്പിക്കും എന്നു പറയുന്നതിൽ എന്താണ് തെറ്റ്? ഇതാണ് ചോദ്യം.

അൽപ്പം ശാസ്ത്രം പഠിച്ചവരെ കുഴപ്പത്തിലാക്കാൻ ഈ വാദം ധാരാളം മതിയല്ലോ. യഥാർഥത്തിൽ ഡെർമറ്റോഗ്ലിഫിക്സിലെ നിരീക്ഷണങ്ങളും ജനിതകരോഗങ്ങളും തമ്മിലുള്ള ബന്ധം ഇപ്പോഴും തെളിയിക്കപ്പെട്ടിട്ടില്ല. വെറും സൂചനയേയുള്ളൂ. മനുഷ്യസ്വഭാവം രൂപപ്പെടുന്ന പ്രക്രിയ, ജനിതകത്തകരാറ് മൂലമുള്ള രോഗങ്ങൾ തലമുറയിലൂടെ കൈമാറുന്നതുപോലെ ലളിതമല്ല. അതിൽ ബാഹ്യസാഹചര്യങ്ങളുടെ സ്വാധീനം (കുടുംബ ബന്ധങ്ങൾ, സാമൂഹ്യാവസ്ഥകൾ, ലഭിച്ച വിദ്യാഭ്യാസം, തൊഴിൽ, സുഹ്യത്തുക്കളുടെ സ്വഭാവം തുടങ്ങിയ പലതും) വളരെ നിർണായകമാണ്. ഗർഭപാത്രത്തിൽ വെച്ചുതന്നെ രൂപപ്പെടുന്ന കൈരേഖയിൽ അതൊന്നും വരിക സാധ്യമല്ലല്ലോ.

എന്നുമാത്രമല്ല മുൻപറഞ്ഞ രേഖാവ്യതിയാനങ്ങളെ കൈനോട്ടക്കാർ വ്യാഖ്യാനിക്കുന്നതും വിചിത്ര രീതിയിലാണ്. രേഖയിലെ അധികവക്രങ്ങൾ പരുക്കൻ സ്വഭാവത്തെയും തൻകാര്യം കാണുന്ന സ്വഭാവത്തെയും വഴക്കാളിത്തത്തേയും ആണത്ര സൂചിപ്പിക്കുന്നത്. വളയങ്ങൾ കൂടുതലെങ്കിൽ അയാൾ ശാന്തനും എന്നാൽ ആശയദാരിദ്ര്യമുള്ളവനും ആയിരിക്കും. ചുഴികളാകട്ടെ തൻകാര്യം നോട്ടം, സ്യഷ്ടിപരത, പ്രവർത്തനോത്സുകത തുടങ്ങിയവയുടെ ലക്ഷണമാണ്. അതായത് ഡെർമറ്റോഗ്ലിഫിക്സം ഹസ്തരേഖാശാസ്ത്രവും നൽകുന്ന സൂചനകൾ പരസ്പരവിരുദ്ധമാണെന്നർഥം.

ചിത്രം കടപ്പാട് destinypalmistry.com

ഹസ്തരേഖാ ശാസ്ത്രജ്ഞര്‍ വലിയ പ്രാധാന്യം കൊടുക്കുന്ന ഒന്നാണ് സിമിയൻ രേഖ (Simian line) ഏകദേശം 2 ശതമാനം ആളുകളുടെ കൈവെള്ളയിൽ നീളത്തിൽ പ്രത്യക്ഷപ്പെടുന്ന ഒരു അധിക രേഖയാണിത് (ചിലയിനം കുരങ്ങുകളിൽ Simians  കാണപ്പെടുന്നതുകൊണ്ടാണ് ഈ പേർ വന്നത്). അത് ഉയർന്ന ആന്തരിക സമ്മർദത്തിന്റെ (Strong mental tension) ലക്ഷണമാണെന്നാണ് “ഹസ്തരേഖാശാസ്ത്രം’ പറയുന്നത്. മറ്റു രേഖകളുമായി ചേർത്തു വേണമത്രേ അതിനെ വായിക്കാൻ. അതു ചിലപ്പോൾ സൃഷ്ടിപരതയുടെയും കലാചാതുരിയുടെയും ലക്ഷണമാകാം. ഭക്തിമാർഗത്തിൽ ചലിക്കാനുള്ള സാധ്യത സൂചിപ്പിക്കാം, ചിലപ്പോൾ കുറ്റവാളിയുടെ ലക്ഷണവുമാകാം, എന്നാൽ ശരീരശാസ്ത്രം പറയുന്നത് അതു പല ജനിതകത്തകരാറുകളെയുമാണ് സൂചിപ്പിക്കുന്നത് എന്നാണ്. സോമി 21, ടർണേഴ്സ് സിൻഡ്രോം, സോറിയാസിസ്, ചിലതരം ബുദ്ധിമാന്ദ്യങ്ങൾ ഇവയുടെയൊക്കെ ലക്ഷണമാകാമത്.

ഇത്തരം വൈരുധ്യങ്ങളൊന്നും കപടശാസ്ത്രങ്ങളുടെ വക്താക്കൾക്ക് പ്രശ്നമല്ല. കാര്യകാരണ ബന്ധത്തെ അവർ കാര്യമാക്കുന്നേയില്ല. എതിർവാദമുഖങ്ങളെ അനുഭവകഥകൾ കൊണ്ടാണ് അവർ നേരിടുക. ഈ കഥകളാവട്ടെ വല്ലപ്പോഴും യാദൃച്ഛികമായി ഒത്തുവരുന്ന പ്രവചനഫലങ്ങളെ ഊതി വീർപ്പിച്ച് ഉണ്ടാക്കിയവ ആയിരിക്കുകയും ചെയ്യും. ജ്യോതിഷത്തിലെന്നപോലെ ഹസ്തരേഖാശാസ്ത്രത്തിലും പ്രവചനങ്ങൾ ഫലിക്കുന്നുണ്ടോ എന്നു പരിശോധിക്കുക എളുപ്പമല്ല. ഒരാളുടെ ജീവിതകാലത്ത് എപ്പോഴെങ്കിലും അതു സംഭവിച്ചാൽ മതിയാകും. അപ്പോൾ അത്രയുംകാലം കാത്തിരിക്കണം. മാത്രമല്ല പല സംഭവങ്ങളെയും വ്യാഖ്യാനിച്ച് പ്രവചനഫലസിദ്ധിയായി ചിത്രീകരിക്കാനും കഴിയും. പ്രവചനങ്ങൾ മിക്കപ്പോഴും അത്രയ്ക്ക് അവ്യക്തമായിരിക്കും. പ്രവചനത്തിൽ വിശ്വസിക്കുന്ന ഒരാൾ അതു യാഥാർഥ്യമാക്കാൻ അറിഞ്ഞോ അറിയാതെയോ (Subconsciously) ശ്രമിക്കും എന്നതും വസ്തുനിഷ്ഠ പരിശോധന അസാധ്യമാക്കുന്നു. 24-ാം വയസ്സിൽ വിവാഹം നടക്കും എന്നു ജ്യോത്സ്യൻ പറഞ്ഞാൽ ആ പ്രായമെത്തുമ്പോൾ വിവാഹാന്വേഷണം ഊർജിതമാക്കാനും, രാഷ്ട്രീയത്തിൽ വിജയിക്കും എന്നു പറഞ്ഞാൽ ആ രംഗത്ത് ആത്മവിശ്വാസത്തോടെ പ്രവർത്തിക്കാനും വിശ്വാസി തയ്യാറാകുന്നു.  ശരിക്കും മനുഷ്യമനസ്സിന്റെ ദൗർബല്യങ്ങളെയാണ് പ്രവചന ശാസ്ത്രങ്ങളെല്ലാം മുതലെടുക്കുന്നത്. ആത്മഭീരുക്കൾക്ക് സ്വയം തീരുമാനങ്ങളെടുക്കുന്നതിൽനിന്ന് ഒഴിവാകാം (അത് ജ്യോത്സ്യൻ ഉപദേശിച്ചുതരും). എടുത്ത തീരുമാനങ്ങൾ തെറ്റായാലും കുറ്റബോധം വേണ്ട (എല്ലാം വിധിയെന്ന് സമാധാനിക്കാം). ഇതൊക്കെയാണ് അവയെ സ്വീകാര്യമാക്കുന്നത്. പ്രവചനങ്ങളുടെ അർഥഹീനത വെളിവാക്കുന്ന ഏതാനും വരികൾ കോടിശാസ്ത്രം എന്ന കൃതിയിൽനിന്ന് ഉദ്ധരിച്ചുകൊണ്ട് അവസാനിപ്പിക്കാം. ‍

“വർണഭേദങ്ങളെക്കൊണ്ടു ജാതി ചിന്തിച്ചറിഞ്ഞുടൻ

വ്യത്തിജീവിതമിത്യാദി വ്യവസ്ഥകൾ കഥിക്കണം

(ബാഹ്മണ്യം ബാഹജം പിന്നെ വൈശ്യം ശൂദ്രവുമിങ്ങനെ

ചാതുർവർണ്യം പുരാസൃഷ്ടം ലോകരക്ഷാർത്ഥമായ് ഹരി

ചെന്താമരദളംതന്നിൽ ചേണാർന്നുചെറുരേഖകൾ ചേരുന്നു

ബ്രഹ്മചാരിക്കു ചൊല്ലാം വൈദികവൃത്തിയും

മേഘകാന്തികലർന്നിട്ടു മാംസവർണമെഴുംവര

ബാഹിജന്നത്രേ ചേരുന്നു ആഹവം ചെയ്യുവോനവൻ

സ്വർണപ്രഭ ചുവപ്പാർന്ന വർണമായുള്ളരേഖയും

വൈശ്യജാതികളിൽകാണും വാണിജ്യതൊഴിൽ വൃത്തിയും.

ചെമ്പിച്ചകാന്തിയും പിന്നെ ചടച്ചാരുരേഖയും

ശൂദ്രജാതിക്കുചേരുന്നു ദാസ്യവൃത്തിയവൻ തൊഴിൽ

പിന്നെസ്സങ്കരജാതിക്കിതൊന്നിനൊന്നു വിരുദ്ധമായി

വന്നാലുമതുനോക്കണം മാന്യഭാവം യഥോചിതം

ഗുണത്രയങ്ങൾ ചിന്തിച്ചു കണ്ടാശിച്ചുകണ്ടതിൽ

ഏറ്റക്കുറച്ചിൽ നോക്കീട്ട് ഊഹിച്ചാലതു കിട്ടിടും

വിരൽ നീണ്ടുരുണ്ടഗ്രം വൃത്തമായ് ചുഴിവാർന്നഥ

സ്പഷ്ടമായ രേഖയും കാണാം തത്ത്വജ്ഞാനിയവൻ ദൃഢം

വിരൽതമ്മിൽ ഞെരുങ്ങീട്ടു വൃത്താകാരമതാംമുന

സൗമ്യശീലം മനസ്ഥൈര്യം ധനവും ചേർന്നതായ് വരും”

3. പ്രശ്നം

ഒരാൾ തനിക്ക് വ്യക്തിപരമോ കുടുംബപരമോ ആയി അറിയേണ്ട ചില കാര്യങ്ങൾ ഒരു ജ്യോത്സ്യനോട് (ദൈവജ്ഞനോട് ചോദിക്കുന്നതാണ്’, പ്രശ്നം ഉന്നയിക്കുന്ന ആളെ പൃച്ഛകൻ എന്നോ പ്രഷ്ടാവ് എന്നോ പറയും. താംബൂലപ്രശ്നം, സ്വർണപ്രശ്നം മുതലായവയും പ്രശ്നവിഭാഗ ത്തിൽ പെടും. താംബൂലപ്രശ്നത്തിൽ പ്രഷ്ടാവ് ഒരു കെട്ട് വെറ്റിലയുമായി വേണം വരാൻ. ജ്യോത്സ്യൻ അതിലൊന്ന് യദ്യച്ഛയാ വലിച്ചെടുത്ത് അതിന്റെ രൂപവും ഘടനയും (പുഴു അരിച്ച പാട് ഉൾപ്പടെ) വെച്ചു വേണം ഫലപ്രവചനം നടത്താൻ (നമ്മുടെ ഓരോരുത്തരുടെയും ഭാവി ഈ ലോകത്ത് ഏതെങ്കിലും വെറ്റിലയിൽ ഉണ്ടെന്നർഥം). സ്വർണപ്രശ്നം ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ടാണ് നടത്താറ്. ഇതിൽ പൃച്ഛകന്റെ റോൾ നിർണായകമായതു കൊണ്ട് (വിശ്വാസം പരമാവധി വർധിപ്പിക്കാൻ പറ്റിയതും പലതരം നിർമാണങ്ങൾക്കും സ്വർണംപൂശൽ പോലുള്ള പരിപാടികൾക്കും പ്രേരണനൽകുന്ന തരത്തിലുള്ളതുമായ ചോദ്യങ്ങൾ വേണമല്ലോ ചോദിക്കാൻ) അവർക്ക് ഇപ്പോൾ പരിശീലനം നൽകിവരുന്നുണ്ട്. ബ്രഹ്മാവിന്റെ ജ്ഞാനദൃഷ്ടിയിൽ തെളിഞ്ഞുവന്ന് വിഷ്ണുവിന് ഉപദേശിച്ചുകൊടുത്ത അറിവായതുകൊണ്ട് പ്രശ്നം തികച്ചും യുക്തിസഹമായ ശാസ്ത്രമാണത്രേ. (അശ്രൌഷിച്ച പുരാവിഷ്ണോ ജ്ഞാനാർഥേ സമുപസ്തിത: വചനം ലോകനാഥോപി ബ്രഹ്മാ പ്രശ്നാദി നിർണയം). പ്രശ്ന രീതി മനസ്സിലാക്കുമ്പോൾ ഇതു വായനക്കാർക്ക് എളുപ്പം “ബോധ്യമാകും.

പ്രശ്നകർത്താവ് വന്ന സമയം, അപ്പോഴത്തെ നിമിത്തം, ജ്യോതിഷി കണ്ട ശകുനം, പ്രഷ്ടാവിന്റെ ചേഷ്ടകൾ, ചോദ്യത്തിലടങ്ങിയ അക്ഷരങ്ങൾ, പ്രശ്നസമയത്തെ നക്ഷത്ര-തിഥി-കരണാദികൾ തുടങ്ങി പല കാര്യങ്ങളും പരിഗണിച്ചു വേണമത്രേ പ്രശ്നചിന്ത നടത്താൻ. അതിനു സഹായിക്കുന്ന ചില പ്രധാന കൃതികളാണ് ഗർഗ മനോരമ, പ്രശ്നമാർഗം, ബൃഹത്സംഹിത, കേരള പ്രശ്നരത്നം മുതലായവ.

പ്യച്ഛകൻ പ്രശ്നം ഉന്നയിക്കുന്നതിനു ചില രീതികളൊക്കെയുണ്ട്. അയാൾ സാക്ഷാൽ മഹാരാജാവായാൽ പോലും, രാവിലെ കുളിച്ചു ശുദ്ധി വരുത്തി, പുഷ്പങ്ങൾ, രത്നങ്ങൾ, ഫലങ്ങൾ, പുതുവസ്ത്രം ഇവയിലേതെങ്കിലും വലതുകയ്യിൽ എടുത്ത് ദൈവജ്ഞന്റെ അടുത്തെന്ന് കിഴക്കോട്ടു തിരിഞ്ഞുനിന്ന് പ്രണാമം ചെയ്ത് ദ്രവ്യങ്ങൾ സമർപ്പിച്ച് വേണം ചോദ്യം ഉന്നയിക്കാൻ, നിരീശ്വരവാദികളുടെയും ജ്യോതിഷ വിശ്വാസമില്ലാത്തവരുടെയും പ്രശ്നങ്ങൾ പരിഗണിക്കേണ്ടതില്ല.

പ്രശ്ന സമയത്തെ ദൈവജ്ഞന്റെ ശ്വാസഗതി അതിപ്രധാനമാണ്. അതായത്, അദ്ദേഹം മൂക്കിന്റെ വലത്തെ ദ്വാരത്തിൽക്കൂടിയാണോ ശ്വാസം വിടുന്നത് (പിംഗലനാഡി) അതോ ഇടത്തെ ദ്വാരത്തിൽക്കൂടിയോ (ഇഡാനാഡി) അതോ രണ്ടിൽക്കൂടിയുമോ (സുഷുമ്നാനാഡി) എന്നു നോക്കണം. ഉദാഹരണത്തിന് ഒരു രോഗിയായ പുരുഷൻ അല്ലെങ്കിൽ അയാളുടെ ദൂതൻ ദൈവജ്ഞന്റെ വലതുഭാഗത്തുനിന്നുകൊണ്ട് പ്രശ്നം ഉന്നയിക്കുകയും അപ്പോൾ ദൈവജ്ഞന്റെ ശ്വാസം പിംഗലനാഡിയിലായിരിക്കുകയും ചെയ്താൽ രോഗം ശമിച്ച് ദീർഘായുസ്സായി ഭവിക്കും എന്നു പറയാം. സ്ത്രീയാണെങ്കിൽ നിൽപ്പും ശ്വാസഗതിയും ഇടത്തായിരുന്നാലാണ് ഇതേ ഫലമുണ്ടാവുക.പൃച്ഛകൻ മുൻപിലോ ഇടത്തോ മുകളിലോ ആവുകയും കാലം വെളുത്തപക്ഷമായിരിക്കുകയും ശ്വാസം ഇഡ ആയിരിക്കുകയും ചെയ്താൽ ചോദിക്കുന്ന എല്ലാ കാര്യങ്ങളിലും പൊതുവെ ആഗ്രഹസിദ്ധി ഉണ്ടാകുമെന്നു പറയാം. ഇനി ജ്യോത്സ്യന്മാരുടെ അടുത്തസിദ്ധികൾ കേട്ടോളു. ഒരു ഗർഭിണിയെ കാണുന്ന മാത്രയിൽ ജ്യോത്സ്യന് ഗർഭസ്ഥശിശുവിന്റെ ലിംഗം പറയാൻ പറ്റും. അപ്പോൾ അയാളുടെ ശ്വാസം പിംഗലനാഡിയിലാണെങ്കിൽ ആണും ഇഡ ആണെങ്കിൽ പെണ്ണും സുഷമ്നയാണെങ്കിൽ ചാപിള്ളയും ആയിരിക്കും (‘ഗർഭിണി ദർശനേ വായുർദക്ഷിണേ ചേത്പുമാൻ വധു: ഗർഭസ്ഥാ വാമഭാഗേ ചേദ്യായോർന്നോ ചേദസൽപ്രജാ’ എന്നു പ്രമാണം). ആംനിയോ സെന്റസിസ് പോലുള്ള ആധുനിക ലിംഗനിർണയരീതികൾ നമ്മുടെ ജ്യോത്സ്യന്മാരുടെ മുന്നിൽ നിഷ്പ്രഭമാകുന്നു എന്നർഥം (എന്തോ, അടുത്ത കാലത്തായി കേരളീയ ജ്യോത്സ്യന്മാർക്ക് സുഷുമ്നാ നാഡീശ്വസനം തീരെ കുറവാണെന്നു തോന്നുന്നു: ഗർഭസ്ഥ ശിശുമരണം വല്ലാതെ കുറഞ്ഞിരിക്കുന്നു).  പൃച്ഛകൻ ചോദ്യമുന്നയിക്കുമ്പോൾ എന്തിൽ സ്പർശിക്കുന്നു എന്നത് നിസ്സാര കാര്യമല്ല. സ്വന്തം മാറിടത്തിലോ കണ്ണാടി പോലുള്ള ഉത്തമ പദാർഥങ്ങളിലോ സ്പർശിക്കുന്നുവെങ്കിൽ ആഗ്രഹനിവൃത്തി ഉടനുണ്ടാകാം. ഉലക്ക, മുറം മുതലായ അനിഷ്ട പദാർഥങ്ങളിലാണ് സ്പർശനമെങ്കിൽ നടക്കില്ല എന്നു തീർത്തു പറയാം. മൂക്ക്, വായ, മുഖം, രോമം, നഖം, ഗുഹ്യപ്രദേശം, കക്ഷം, മുട്ട് എന്നിങ്ങനെയുള്ള സ്ഥാനങ്ങളും ശുഭകരമല്ല.

പ്രഷ്ടാവ് ദൈവജ്ഞന്റെ മുമ്പിൽ സ്ഥിതി ചെയ്യുന്ന രാശി, അല്ലെങ്കിൽ അയാൾ കാണിക്കയായി നാണയം വെച്ച രാശി, ആണ് ആരൂഢരാശി. ആരൂഢത്തിൽ തുടങ്ങി വിവിധ രാശികളിലെ ഗ്രഹസ്ഥിതി നോക്കി വേണം ഫലം പറയാൻ (ജാതകത്തിൽ ലഗ്നം പോലെയാണ് പ്രശ്നത്തിൽ ആരൂഢം). “ആരൂഢാൽ അഷ്ടമത്തിൽ സൂര്യൻ സ്ഥിതി ചെയ്യുന്നുവെങ്കിൽ രാജാവിന്റെ സൈന്യത്തിൽനിന്നോ,വളരെ ജനങ്ങളിൽനിന്നോ മുൻ ഞായറാഴ്ച്ച ഉപദ്രവമുണ്ടായി എന്നു പറയണം’.

ഇതുപോലെ ഓരോ രാശിക്കും ഗ്രഹത്തിനും ഫലം പറയാം.  പ്രശ്നത്തിലെ ഏറ്റവും തമാശ നിറഞ്ഞ ഭാഗമാണ് അക്ഷരപരീക്ഷണം. പൃച്ഛകനോട് ഒരു വസ്തുവിന്റെ പേരു പറയാൻ ആവശ്യപ്പെടുന്നു. ബ്രാഹ്മണനാണെങ്കിൽ പൂവിന്റെയും ക്ഷത്രിയനാണെങ്കിൽ നദിയുടെയും വൈശ്യനാണെങ്കിൽ ദേവതയുടെയും ശൂദ്രനാണെങ്കിൽ ഫലത്തിന്റെയും പേരു പറയാൻ ആവശ്യപ്പെടാം. പറയുന്ന പേരിലെ അക്ഷരങ്ങളുടെ പിണ്ഡാർഥധ്രുവാങ്കം കണക്കാക്കണം . അ = 12, ആ = 21, ഇ = 11, ഈ = 18,.. എന്നിങ്ങനെ ഒരു പട്ടികയുണ്ട്. (കാരണമോ ക്രമമോ ഇല്ല. ഓർത്തിരിക്കാൻ ശ്ലോകമുണ്ട്). ഇതു കൂടാതെ ഓരോ പ്രശ്നത്തിനും ഒരു “ക്ഷേപസംഖ്യ’യുമുണ്ട്. ഇവ രണ്ടുംകൂടി കൂട്ടിവേണം ഫലനിർണയം നടത്താൻ. ഉദാഹരണത്തിന് ജീവ മരണ പ്രശ്നം (രോഗി മരിക്കുമോ ഇല്ലയോ എന്ന പ്രശ്നം) എടുക്കാം. അതിന്റെ ക്ഷേപസംഖ്യ 40 ആണ്. (എന്തുകൊണ്ട് 40 എന്നു ചോദിക്കരുത്). പൃച്ഛകൻ ‘മാങ്ങ’ എന്ന പേരാണ് പറഞ്ഞതെന്നിരിക്കട്ടെ. മ് + ആ + ങ + ങ = 66 + 21 + 10 + 10 = 127 ആണ് പിണ്ഡാർഥധുവാങ്കം. അതിനോട് ക്ഷേപ സംഖ്യ കൂട്ടിയാൽ 167. ഇനി അതിനെ 3 കൊണ്ട് ഹരിച്ചാൽ ശിഷ്ടം 2 വരും. രോഗി രക്ഷപ്പെടില്ല എന്നു പറയണം (ചക്ക എന്നു പറഞ്ഞാലും രക്ഷപ്പെടില്ല. ശിഷ്ടം 0 ആണ്. അതിനും ഇതേ ഫലം തന്നെ. പാവം, മാതളം എന്നു പറഞ്ഞിരുന്നെങ്കിൽ, ശിഷ്ടം 1- രക്ഷപ്പെടുമായിരുന്നു!).

നഷ്ടവസ്ഥാനം അറിയാനും അക്ഷരപരീക്ഷണവിദ്യ ഉത്തമമാണ്!. അക്ഷരപിണ്ഡത്തെ 12കൊണ്ട് ഭാഗിച്ച് 1 ശേഷിച്ചാൽ മേടം, 2 ആയാൽ ഇടവം എന്നിങ്ങനെ 0 ആയാൽ മീനം വരെ കണക്കാക്കാം. പിന്നെ കാര്യം എളുപ്പം, മേടമാണെങ്കിൽ ഗ്രാമപ്രദേശത്ത്, ഇടവമായാൽ കൃഷിസ്ഥലത്ത്, കർക്കിടകമായാൽ ഭൂമിക്കടിയിൽ.. ഇങ്ങനെ പോകുന്നു ഒളിച്ചുവെച്ചിരിക്കുന്ന സ്ഥാനങ്ങൾ. ബിൻലാദനെയോ സദ്ദാം ഹുസൈനെയോ പിടിക്കാൻ അമേരിക്കക്കാർക്ക് ഈ വിദ്യ പ്രയോഗിക്കാമായിരുന്നു. വിദേശ ബാങ്ക് നിക്ഷേപകരേയും പിടിക്കാം.

ഏതു പ്രശ്നപരിഹാരത്തിനും അക്ഷരപിണ്ഡം ഈവിധം സഹായിക്കു മെങ്കിലും ആഗോളവൽക്കരണം ചില പ്രശ്നങ്ങളുണ്ടാക്കുന്നുണ്ട്. സായിപ്പിനോട് ഏത് വസ്തുവിന്റെ പേര് പറയാനാണാവശ്യപ്പെടുക? പൂവോ നദിയോ (അയാളുടെ ജാതി എങ്ങനെ കണക്കാക്കും എന്നതാണ് പ്രശ്നം? മാത്രമല്ല, അയാൾ പേരു പറയുക ഇംഗ്ലീഷിലോ ഫ്രഞ്ചിലോ ഒക്കെ ആവില്ലേ. ആ ഭാഷയിൽ എഴുതിയാൽ അക്ഷരങ്ങളുടെ ധ്രുവാങ്കം എവിടുന്നു കിട്ടും. മലയാളത്തിൽ എഴുതിയാലും പ്രശ്നം തന്നെ. മാങ്ങ എന്നെഴുതിയാൽ രോഗി മരിക്കുകയും മാംഗോ എന്ന് എഴുതിയാൽ രക്ഷപ്പെടുകയും ചെയ്യും.

ഫലപ്രവചനത്തിൽ നിർണായകമായ ഒരു ഘടകമാണ് നിമിത്തം. പ്രശ്നം ഉന്നയിക്കുന്ന സമയത്ത് യാദൃച്ഛികമായി മറ്റാരെങ്കിലും തമ്മിൽ സംസാരിക്കുന്നത് കേൾക്കുകയോ നിമിത്തങ്ങൾ കാണുകയോ ചെയ്താൽ അതനുസരിച്ചായിരിക്കും ഫലസാധ്യത. ഉദാഹരണം; വിവാഹക്കാര്യത്തെ ക്കുറിച്ച് പ്രശ്നചിന്ത നടക്കുമ്പോൾ കോടിപ്പുടവയോ താലിയോ കാണുക, അല്ലെങ്കിൽ അവയെക്കുറിച്ച് സംസാരിക്കുന്നത് കേൾക്കുക – എങ്കിൽ വിവാഹം വിഘ്നംകൂടാതെ നടക്കും. എന്നാൽ പുടവ കീറുകയോ, ചേർന്നു നിൽക്കുന്ന രണ്ടുപേർ പിരിഞ്ഞ് രണ്ടു ദിക്കുകളിലേക്കു പോവുകയോ ചെയ്യുന്നതു കണ്ടാൽ ഉറപ്പിക്കാം, വിവാഹം നടക്കില്ല. വിവാഹചിന്ത നടക്കുമ്പോൾ പ്രഷ്ടാവോ മറ്റാരെങ്കിലുമോ കൈവിരൽ ഏതെങ്കിലും ദ്വാരത്തിൽ ഇടുന്നതായി കണ്ടാൽ വധു പതിവ്രത ആയിരിക്കില്ല എന്നു പറയണം (രന്ധ്രാംഗുലി പ്രവേശേ തു കന്യായാ ഭൂഷണം വദേൽ യസ്യയഃ കശ്ചിദായാതി വിവാഹോ (അ)സ്യാംദിശീര്യതാം.) ആ സമയത്ത് ഒരാളു വന്നാൽ അയാളുടെ ദിക്കിൽനിന്ന് ഇണയെ ലഭിക്കും എന്നുകൂടി ഈ ഈരടി പറയുന്നു).

ദൈവജ്ഞൻ യാത്ര പുറപ്പെടുന്ന സമയത്തെ ശകുനം പഠനഫലത്തെ സാരമായി സ്വാധീനിക്കും എന്നാണ് വിശ്വാസം. വസ്ത്രം വല്ലയിടവും ഉടക്കുക, കയ്യിലിരുന്ന സാധനം (കുടയോ മറ്റോ) താഴെ വീഴുക, പിന്നാട്ടു വിളിക്കുകയോ മുടക്കു പറയുകയോ ചെയ്യുക, തലയോ കാലോ എന്തിലെങ്കിലും തട്ടുക തുടങ്ങിയവയെല്ലാം അശുഭകരമത്രേ. പശുക്കൾ, മനുഷ്യർ, ഫലവൃക്ഷങ്ങൾ, മംഗലക്രിയ ഇവയുള്ള സ്ഥലത്തുനിന്നുണ്ടാകുന്ന ശുഭശകുനവും ഉണങ്ങിയ വ്യക്ഷമുള്ളിടം, ശ്മശാനം മുതലായ അമംഗളസ്ഥാനങ്ങളിൽ വെച്ചുണ്ടാകുന്ന ദുശകുനവും വേഗം ഫലിക്കുമത്രേ. തിരിച്ചായാൽ ഫലം വൈകും, പരുത്തി, മരുത്, എളള്, ഉപ്പ്, വല, തീക്കനൽ, സർപ്പം, ഭ്രാന്തൻ, അന്ധൻ, ഒറ്റ ബ്രാഹ്മണൻ ഇതൊക്ക ദൈവജ്ഞർ വഴിയിൽ കണ്ടാൽ പ്രഷ്ടാവിന് അനിഷ്ടഫലമാകും. പൂച്ച, പാമ്പ്, ഉടുമ്പ്, കീരി ഇവ കുറുകെ പോകുന്നത് വിപത്തിന്റെ സൂചനയാണ്. ഇറച്ചി (?) മദ്യം (?), തേൻ, നെയ്, ആന, കുതിര, ശവം, ഇരട്ട ബ്രാഹ്മണർ, വേശ്യ, കത്തുന്ന തീ ഇതൊക്കെ നല്ലതാണ്. ശകുനങ്ങൾ ഇനിയും ഏറെയുണ്ട്. പുറപ്പെടുമ്പോൾ ദുശകുനം കണ്ടുപോയാൽ തിരിച്ചുപോയി ശരീരശുദ്ധി വരുത്തി 11 പ്രാവശ്യം പ്രാണായാമം ചെയ്ത് വീണ്ടും പുറപ്പെടണം. വീണ്ടും കണ്ടാൽ തിരിച്ചുപോയി 16 പ്രാവശ്യം പ്രാണായാമം ചെയ്യണം. മൂന്നാമതും കണ്ടാൽപ്പിന്നെ കാര്യം പോക്കുതന്നെ. തിരിച്ചുപോകാം. ജാതകവശാൽ നല്ല കാലത്ത് പ്രശ്നവശാൽ അശുഭം കാണുന്നെങ്കിൽ ഈ ജന്മത്തിൽ ചെയ്ത പാപഫലങ്ങളാണ് അനുഭവിക്കുന്നതെന്നും തിരിച്ചാണെങ്കിൽ ഈ ജന്മത്തിലെ ശുഭഫലങ്ങളാണ് അനുഭവിക്കുന്നതെന്നും പറയണം.

ഭാര്യയുടെ ഗർഭം തന്റേതു തന്നെയോ എന്നറിയാൻ, ജനറ്റിക്  ഫിംഗർപ്രിന്റ് രീതിയൊന്നും ആവശ്യമില്ല. പഠനസമയത്തെ നിത്യയോഗം അറിഞ്ഞ് അതിന്റെ വിഷ്കംഭ സംഖ്യയെ (“ജ്യോതിഷവും ജ്യോതിശ്ശാസ്ത്രവും‘ നോക്കുക) 5 കൊണ്ട് ഗുണിച്ച് അന്നത്തെ ആഴ്ചയുടെ സംഖ്യകൂട്ടി, 3കൊണ്ട് ഹരിച്ചാൽ ശിഷ്ടം 1 അഥവാ 0 എങ്കിൽ കുഞ്ഞ് അയാളു ടേതു തന്നെ, 2 ആയാൽ മറ്റാരുടെയോ ആണ്.

യോഗാം, പഞ്ചഗുണാ കാര്യോവാരണാ വിനിയോജയേത് രാമൈഭക്കേതുയച്ചേഷമേകസ്വതനുദ്ഭവഃ

ദ്വാഭ്യാമന്യാദ്വിജാനീയാതിശേഷേ വീരയോജനം

ചിത്രം കടപ്പാട് vaidicpujas.org

എന്നു പ്രമാണം. ഒരു കാര്യം ഉന്നയിച്ച് അതു നടക്കുമോ ഇല്ലയോ എന്നു ചോദിച്ചാൽ ആ  ചോദ്യത്തിൽ എത അക്ഷരമുണ്ടോ ആ സംഖ്യ ഇരട്ടിയാക്കി അതിനോട് അന്നത്തെ ആഴ്ചയുടെ സംഖ്യ കൂട്ടുക, 5 കൊണ്ട് ഗുണിക്കുക, ഏഴുകൊണ്ട് ഹരിക്കുക. – ശിഷ്ടം 1 ഓ 3ഓ ആയാൽ കുറച്ചുകാലം പിടിക്കും എന്നു പറയണം. രണ്ടോനാലോ ആയാൽ അൽപ്പം താമസമുണ്ടാകും. അഞ്ചോ ആറോ  ആയാൽ ഉടൻ കാര്യസിദ്ധിയുണ്ടാകും. 0 ആയാൽ നടക്കില്ല.

പ്രശ്നത്തിലെ തമാശകളിലൊന്നാണ് നഷ്ടജാതകം ഗണന. ജാതകം – എഴുതാൻ സാധിക്കാതെ പോയവരോ നഷ്ടപ്പെട്ടുപോയവരോ ആണല്ലോ പ്രശ്നവുമായി സമീപിക്കുക. ഉടൻ ജ്യോത്സ്യൻ അയാളുടെ ചോദ്യത്തിന്റെ വർണധുവാങ്കം കണക്കാക്കുന്നു. അതിനെ ഇരട്ടിച്ച്, മാത്രാങ്കങ്ങളെ കൂട്ടി 108 കൊണ്ട് ഹരിച്ചാൽ ശേഷം കിട്ടുന്നതാണ് വർഷം. ധ്രുവാങ്കത്തെ രണ്ടായി വിഭജിച്ചാൽ ശിഷ്ടം 1 ആയാൽ ജനനം ശുക്ലപക്ഷത്തിൽ, 0 ആണെങ്കിൽ കൃഷ്ണപക്ഷത്തിൽ. ധ്രുവാങ്ക പിണ്ഡത്തെ 27കൊണ്ട് ഹരിച്ച് 1 ശിഷ്ടമായാൽ അശ്വതി, 2 ആയാൽ ഭരണി… 0 ആയാൽ രേവതി. ഇതുപോലെ മറ്റു കാര്യങ്ങളും ഗണിച്ചെടുക്കാം. എന്തായാലും “ഇതല്ല എന്റെ ജാതകം’ എന്നു പറയാൻ ജാതകന്റെ കയ്യിൽ രേഖകളൊന്നും ഇല്ലാത്ത സ്ഥിതിക്ക് ദൈവജ്ഞനെ ആർക്കും ചോദ്യം ചെയ്യാൻ നിർവാഹമില്ല.  പ്രശ്നചിന്തയുടെ മുഖ്യസ്വഭാവം എവിടെയും കാര്യകാരണബന്ധമില്ല എന്നതാണ്. ഒരു പ്രശ്നഗ്രന്ഥം വായിച്ചാൽത്തന്നെ അതിന്റെ അന്തസ്സാര – ശൂന്യത ആർക്കും ബോധ്യമാകും.


കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പ്രസിദ്ധീകരിച്ച ശാസ്ത്രവും കപടശാസ്ത്രവും എന്ന പുസ്തകത്തിലെ ആമുഖ അധ്യായം. വരും ദിവസങ്ങളില്‍ തുടര്‍ന്നുള്ള അധ്യായങ്ങളും പ്രസിദ്ധീകരിക്കുന്നതാണ്.

അനുബന്ധവായനകള്‍ക്ക്

  1. ശാസ്ത്രം യഥാര്‍ത്ഥവും കപടവും
  2. പ്രൊഫ.കെ.പാപ്പൂട്ടിയുടെ ജ്യോതിഷവും ജ്യോതിശ്ശാസ്ത്രവും വിക്കിഗ്രന്ഥശാലയില്‍ നിന്നും വായിക്കാം
Happy
Happy
57 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
43 %

Leave a Reply

Previous post റോസാലിന്റ് ഫ്രാങ്ക്ളിന്‍ നൂറാം ജന്മവാര്‍ഷികദിനം
Next post കോവിഡ് 19 – നോബേൽ സമ്മാന വിരുന്ന് റദ്ദാക്കി
Close