കോവിഡ് 19 – നോബേൽ സമ്മാന വിരുന്ന് റദ്ദാക്കി

ശരത്ത് മുത്തേരി

1956ന് ശേഷം ആദ്യമായി നൊബേൽ സമ്മാന വിരുന്നു റദ്ദാക്കിയിരിക്കുകയാണ്. 2020 ലെ നൊബേൽ സമ്മാന ജേതാക്കളെ പ്രഖ്യാപിക്കുമെങ്കിലും, കൊറോണ വൈറസ് വ്യാപനത്തെക്കുറിച്ചുള്ള ആശങ്ക ലോകമെമ്പാടും തുടരുന്നതിനാൽ ഡിസംബർ 10 ന് നടക്കുന്ന പുരസ്കാരദാനത്തോടനുബന്ധിച്ചുള്ള വിരുന്ന് ഉണ്ടാവില്ല . ഡിസംബർ 10 ന് നൊബേൽ സമ്മാനത്തിന്റെ സ്ഥാപകനായ ആൽഫ്രഡ് നോബലിന്റെ ചരമവാർഷികദിനത്തില്‍ നൊബേല്‍ പുരസ്കാരജേതാക്കളുള്‍പ്പെടെ 1,300 റോളം ക്ഷണിക്കപ്പെട്ട അതിഥികളാണ് സ്റ്റോക്ക്ഹോമിലെ സിറ്റി ഹാളിലാണ് വിരുന്നില്‍ പങ്കെടുക്കാറ്.  അവാർഡ് ദാന ചടങ്ങിന് ശേഷം നടക്കുന്ന ഈ വിരുന്ന് നൊബേൽ വാരത്തിന്റെ സമാപനമായി അറിയപ്പെടുന്നു. ഒന്നും രണ്ടും ലോകമഹായുദ്ധസമയത്തും പിന്നീട് സോവിയറ്റ് യൂണിയൻ ഹംഗറി ആക്രമിച്ചതിൽ പ്രതിഷേധിച്ച് 1956 ലുമാണ് നൊബേൽ സമ്മാന വിരുന്ന് റദ്ദാക്കിയത്.

ഈ വർഷത്തെ സമ്മാനങ്ങളുടെ പ്രഖ്യാപനം (മെഡിസിൻ, ഫിസിക്സ്, കെമിസ്ട്രി, സാഹിത്യം, സമാധാനം,സാമ്പത്തികശാസ്ത്രം) ഒക്ടോബർ 5 -ഒക്ടോബർ 12 വരെ ദിവസങ്ങളില്‍ നടക്കും.  എല്ലാ നൊബേല്‍ പ്രഖ്യാപനങ്ങളും ഈ വർഷം nobelprize.org ൽ തത്സമയം സംപ്രേഷണം ചെയ്യുന്നതായിരിക്കും.

നൊബേല്‍ വിരുന്ന് 2005 ലെ ദൃശ്യം കടപ്പാട് വിക്കിപീഡിയ

ഔദ്യോഗിക നോബൽ സമ്മാന വെബ്സൈറ്റ് വീണ്ടും തുറന്നത് മ്യൂസിയത്തിൽ പുതിയ കൂട്ടിച്ചേർക്കലുകളെക്കുറിച്ചുള്ള വിശദാംശങ്ങൾ പങ്കിട്ടു കൊണ്ടായിരുന്നു. നിയന്ത്രണങ്ങളോട് കൂടി ഈ മാസം ആദ്യം മുതൽ പൊതുജനങ്ങൾക്കായി സ്റ്റോക്ക്ഹോമിലെ ഓൾഡ് ടൗണിലെ പ്രധാന സ്ക്വയറായ സ്റ്റോർടോർജറ്റിലെ നോബൽ സമ്മാന മ്യൂസിയം തുറന്നു കൊടുക്കുന്നതാണ്.  Contagious എന്ന് പേരിട്ടിരിക്കുന്ന എക്സിബിഷനിൽ വൈറസുകള്‍, ശരീരത്തിന്റെ പ്രതിരോധശേഷി, വാക്‌സിനുകൾ എന്നീ മേഖലയില്‍ നൊബേൽ സമ്മാനത്തിന് അർഹരായ ശാസ്ത്രജ്ഞരുടെ സംഭാവനകള്‍ പ്രദർശിപ്പിച്ചിട്ടുണ്ട്. മ്യൂസിയത്തിലേക്ക് പോകാൻ കഴിയാത്ത സന്ദർശകർക്ക് എക്സിബിഷൻ ഉള്ളടക്കം ഓണ്‍ലൈനായി കാണാനുള്ള അവസരവും ഉണ്ട്.


അധികവായനയ്ക്ക്

  1. nobelprizemuseum.se/en/whats-on/contagious/

Leave a Reply