Read Time:20 Minute

1977ൽ ഡൊമിനിക് ലൈകോർട്ട് രചിച്ചു ന്യൂ ലെഫ്റ്റ് ബുക്ക്സ് പ്രസിദ്ധീകരിച്ച ഒരു പുസ്തകമാണ് “Proletarian Science? The Case of Lysenko”. ഈ പുസ്തകത്തിന്റെ ശീർഷകത്തിൽ തൊഴിലാളിവർഗ്ഗശാസ്ത്രം എന്നുണ്ടെങ്കിലും ഇത് പ്രധാനമായും കൈകാര്യം ചെയ്യുന്നത് സോവിയറ്റ് യൂണിയനിലെ ലിസെങ്കോ എന്ന കാർഷികശാസ്ത്രജ്ഞനുമായി ബന്ധപ്പെട്ട 1940കളിലെ ഒരു പ്രധാന സംഭവവികാസമാണ്. 

ലിസെങ്കോയുടെ വിഷയം ഒന്ന് പരിചയപ്പെടുത്തിക്കൊണ്ട് തുടങ്ങാം. ഈ പുസ്തകത്തിൽ അവതരിപ്പിക്കുന്നരീതിയിലുള്ള ഒരു പരിചയപ്പെടുത്തലാണ് ഇവിടെ ചേർക്കുന്നത്. സോവിയറ്റ് ഭരണകൂടത്തിന്റെ മുന്നിലുള്ള പ്രധാനപ്പെട്ട ഒരു സമസ്യ കാർഷികോൽപ്പാദനം വർദ്ധിപ്പിക്കുക എന്നതായിരുന്നു. നട്ടാൽ പൂവിടാൻ ഏറെ കാലമെടുക്കുന്ന ശൈത്യകാലവിത്തുകളെ എന്തെങ്കിലും പ്രക്രിയയ്ക്ക് വിധേയമാക്കിയാൽ എളുപ്പം പൂവിടുവിക്കുവാൻ സാധിക്കുമോ എന്ന സാങ്കേതികസ്വഭാവമുള്ള ചോദ്യമാണന്ന് കാർഷികശാസ്ത്രജ്ഞനായ ലിസെങ്കോയ്ക്ക് മുന്നിലേക്ക് വരുന്നത്. നടുന്നതിൽനിന്നും പൂവിടാനുള്ള കാലതാമസം കുറച്ചാൽ ഉൽപ്പാദനം വർദ്ധിപ്പിക്കാം എന്ന ലളിതയുക്തി. അദ്ദേഹം അന്നത്തെ വൈജ്ഞാനികതയിൽനിന്നും ഇതിനായി ഒരു സൂത്രം കണ്ടെത്തിപ്രയോഗിക്കുന്നു. സംഗതി ലളിതമാണ്. ശൈത്യകാലവിത്തുകളെ ഈർപ്പം ചേർത്ത് മഞ്ഞിനുകീഴിൽ കുറച്ചുകാലം സൂക്ഷിച്ചാൽ മതിയാകും. അതോടെ അവ നട്ടാൽ എളുപ്പം പൂവിടുന്ന രീതിയിലേക്ക് പാകപ്പെടും – ഇതിന്റെ പേരാണ് വെർണലൈസേഷൻ (vernalization). ഈ രീതി താരതമ്യേന കാര്യക്ഷമം എന്ന് കണ്ടു ലിസെങ്കോ അതിനെ കൂടുതൽ വിശാലമായ രീതിയിൽ സിദ്ധാന്തവൽക്കരിക്കുന്നു. ചെടികൾക്ക് വളർച്ചയുടെ പലഘട്ടങ്ങളുണ്ടെന്നും അവയെ പലരീതിയിൽ സ്വാധീനിക്കാൻ സാധിക്കുമെന്നും, അവയെ സ്വാധീനിക്കുന്ന രീതികൾ കണ്ടെത്തിക്കൊണ്ട് കാർഷികോൽപ്പാദനം വർദ്ധിപ്പിക്കാമെന്നും അദ്ദേഹം അവകാശപ്പെടുന്നു. 

ലിസെങ്കോ (Trofim Lysenko)

ഇതിലൂടെ അദ്ദേഹം നിരാകരിക്കുന്നത് ജനിതകവിജ്ഞാനീയത്തിൽ അന്നേയ്ക്ക് വേരുറപ്പിച്ചിട്ടുള്ള  ജീനുകളുടെ കർതൃത്വം എന്ന ആശയത്തെയാണ്, അതുവഴി മെൻഡലിയൻ ജനിതകത്തെ ആകെത്തന്നെയും. ഒരു ചെടിയുടെമേൽ പലതരം സ്വാധീനങ്ങൾ ചെലുത്തിക്കൊണ്ട് അവയെ പലവഴിക്ക് നയിക്കാൻ കഴിയും എന്ന് വാദിക്കണമെങ്കിൽ വിത്തുകളിലെ ജീനുകളിലൂടെ പലവിധ കാര്യങ്ങളും കാലേക്കൂട്ടി തീരുമാനിക്കപ്പെട്ടിരിക്കുന്നു എന്ന വാദം ഖണ്ഡിക്കണമല്ലോ. പക്ഷെ, വെർണലൈസേഷൻ എന്നരീതിക്കുശേഷം അദ്ദേഹം തന്റെ സിദ്ധാന്തങ്ങളിൽ ഊന്നിക്കൊണ്ട് കണ്ടെത്തുന്ന സാങ്കേതികവികാസങ്ങൾക്ക് ഒന്നും തന്നെ ഫലം കാണുന്നില്ല. ഇവിടെയാണ് രാഷ്ട്രീയത്തിന്റെ സ്വാധീനം വരുന്നത്. തന്റെ ആദ്യകാല ഇടപെടുകളിലൂടെ സ്റ്റാലിന്റെ സ്നേഹത്തിന് പാത്രമായ അദ്ദേഹത്തിന്റെ ഇടപെടലുകൾക്ക് ഫലമില്ല എന്ന് പറയാൻ സാധിക്കാത്തതരം രാഷ്ട്രീയപരിസരമാണന്നുണ്ടായിരുന്നത്. അതുകൊണ്ട് പലരും ലിസെങ്കോയെ തൃപ്തിപ്പെടുത്തുന്ന വ്യാജമായ കാർഷികോൽപ്പാദനകണക്കുകൾ നൽകുന്നു. അതിലൂടെ ലിസെങ്കോയുടെ പല കാർഷികനയങ്ങളും യഥാർത്ഥത്തിൽ പരാജയപ്പെടുമ്പോഴും കണക്കുകളിലൂടെ ന്യായീകരിക്കപ്പെടുന്നു. ഇത് നിർബാധം തുടരുക വയ്യല്ലൊ, കാരണം കണക്ക് വീർപ്പിച്ചുകാണിച്ചാലും യഥാർത്ഥ കാർഷികോൽപ്പാദനം ഇല്ലെങ്കിൽ മനുഷ്യരുടെ ഭക്ഷ്യ ആവശ്യങ്ങൾ നിറവേറ്റുക വയ്യ എന്നതുതന്നെ. ലിസെങ്കോയുടെ രീതികളുടെ – ലിസെങ്കോയിസത്തിന്റെ – പൊള്ളത്തരം ക്രമേണ സോവിയറ്റ് കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ബോധ്യപ്പെടുന്നു. സ്റ്റാലിന്റെ മരണശേഷമുള്ള സോവിയറ്റ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഇരുപതാം കോൺഗ്രസിൽ (1956ൽ) തങ്ങൾക്ക് പറ്റിയ തെറ്റ് പാർട്ടി ഏറ്റുപറയുന്നു. അതോടെ ലിസെങ്കോയിസം സോവിയറ്റ് യൂനിയനിൽ  കുഴിച്ചുമൂടപ്പെടുന്നു എന്നുതന്നെ പറയാം. 

ഈ പുസ്തകത്തിൽ ഉള്ള ഒരു പ്രധാന പരിശോധനാവിഷയം ലിസെങ്കോയുടെ ഒരു അവകാശവാദമാണ്. ‘ലിസെങ്കോയും കൂട്ടരും മുന്നോട്ടുവെയ്ക്കുന്ന ഏറ്റവും പ്രധാനപ്പെട്ട വാദം ക്ലാസിക്കൽ (മെൻഡലിയൻ) ജനിതകം വൈരുദ്ധ്യാത്മകഭൗതികവാദവുമായി ഒത്തുപോകില്ല’ (p100) എന്നതാണെന്ന് ഇവിടെ നിരീക്ഷിക്കുന്നു. അതുകൊണ്ടുതന്നെ അതാണ് പ്രധാനമായും പരിശോധിക്കപ്പെടേണ്ടതും. വൈരുദ്ധ്യാത്മക ഭൗതികവാദം മാർക്സിസത്തിന്റെ ഒരു അടിസ്ഥാനതത്വമാണെന്ന് വായനക്കാർക്ക് പരിചിതമാണല്ലോ. ഈ പുസ്തകത്തിലെ ചിന്താധാരയുടെ ഒരംശം മാത്രമാണ് ഇവിടെ ഒന്നിനുപിറകെ ഒന്നായി ആറു പോയിന്റുകളായി പരിചയപ്പെടുത്തുന്നത്, ഇതിൽ എന്റേതായ ഒരു കൂട്ടിച്ചേർക്കലുകളും നടത്തുന്നില്ല എന്നുകൂടി ഇവിടെ എടുത്തുപറയട്ടെ. 

ഒന്നാമത്, വൈരുദ്ധ്യാത്മക ഭൗതികവാദം എന്ന സംജ്ഞ ഒരൊറ്റ സൈദ്ധാന്തിക ഏകത എന്നരീതിയിലല്ല നിലനിൽക്കുന്നത്. അതിൽ ദാർശനികമായ പല വൈരുധ്യങ്ങളും ഉൾച്ചേരുന്നുണ്ട് (p104). 

രണ്ടാമത്, മേൽപ്പറഞ്ഞ വിശാലതയ്ക്ക് ഘടകവിരുദ്ധമായി സ്റ്റാലിനുകീഴിൽ സോവിയറ്റിൽ ‘സോവിയറ്റ് ബോൾഷെവിക് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ചരിത്രം’ എന്ന പുസ്തകത്തിലെ  ഒരൊറ്റ അദ്ധ്യായമാണ് വൈരുദ്ധ്യാത്മക ഭൗതികവാദത്തിന്റെ അടിസ്ഥാനമായി ഉപയോഗിക്കപ്പെട്ടിരുന്നത്. ‘വൈരുധ്യാത്മകവും ചരിത്രപരവുമായ ഭൗതികവാദം’ (dialectical and historical materialism) എന്ന സ്റ്റാലിന്റെ ഈ രചന മലയാളത്തിലേക്കും വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. 

മൂന്നാമത്, ലെനിന്റെ രചനകളിൽനിന്നും ഗുണപരമായ ഒരു അന്തരം സ്റ്റാലിന്റെ എഴുത്തുകളിൽ കാണാം. ലെനിൻ പ്രകൃതിയിലെ പ്രക്രിയകളെക്കുറിച്ചു മനസ്സിലാക്കാനുള്ള ഒരു മുൻ ഉപാധിയായി അവയിൽ ഉൾച്ചേർന്നിട്ടുള്ള വൈരുദ്ധ്യങ്ങൾ തമ്മിലുള്ള സംഘർഷങ്ങളെ കാണണം എന്ന് പറയുന്നു. എന്നാൽ സ്റ്റാലിൻ പ്രകൃതിയിലെ എല്ലാ വികാസവും വിരുദ്ധശക്തികൾ തമ്മിലുള്ള പരസ്പരപ്രവർത്തനത്തിലൂടെയാണ് എന്ന് വിലയിരുത്തുന്നു. ലെനിൻ ഒരു പ്രകൃതിപ്രതിഭാസത്തെ ശരിയായി മനസ്സിലാക്കാനുള്ള ഒരു ഉപാധിയായി വൈരുധ്യങ്ങളിലേക്കുള്ള ശ്രദ്ധയെ കാണുമ്പോൾ സ്റ്റാലിൻ ഒരു ലോകനിയമമായി (‘a law of the world itself’, p106) വൈരുധ്യങ്ങൾ തമ്മിലുള്ള സംഘർഷങ്ങളെ അവതരിപ്പിക്കുന്നു. ഒന്നുകൂടി വ്യക്തമാക്കിയാൽ വൈരുധ്യങ്ങൾ തമ്മിലുള്ള സംഘർഷങ്ങളെ ഒരു അന്വേഷണ ഉപാധിയായി കാണുന്നതിനുപകരം ഒരു നിയമം എന്ന നിലയിലേക്ക് സ്റ്റാലിൻ തന്റെ വ്യാഖ്യാനത്തിലൂടെ പരിവർത്തനപ്പെടുത്തുന്നു. 

നാലാമത്, സ്റ്റാലിന്റെ മറ്റൊരു വാദം തർജ്ജമയായി തന്നെ ഇവിടെ ചേർക്കാം (പുസ്തകത്തിൽ p108): ‘പ്രകൃതിയിലെ ഏതൊരു പ്രതിഭാസത്തെ മനസ്സിലാക്കുവാനും അതിന്റെ ചുറ്റുപാടുമുള്ള പ്രതിഭാസങ്ങളുമായി അവയെ ചേർത്തുവായിക്കേണ്ടതുണ്ട്. അതല്ലാതെ ഒരു പ്രതിഭാസത്തെ ചുറ്റുപാടുമുള്ളവയിൽനിന്നും വിച്ഛേദിച്ചു മനസ്സിലാക്കാൻ ശ്രമിച്ചാൽ അവ നിരർത്ഥകമായി അനുഭവപ്പെടും’. ഇങ്ങനെ ചുറ്റുപാടുകൾ (surrounding conditions) എന്നത് സ്റ്റാലിന്റെ എഴുത്തുകളിൽ പലയിടത്തും വരുന്നുണ്ട്. ലിസെങ്കോയ്ക്ക് ജീനുകളെക്കാൾ ഒരു ചെടിയുടെ വളർച്ചയെ നിർണ്ണയിക്കുന്നത് അതിന്റെ ചുറ്റുപാടുമുള്ള അവസ്ഥകളാണ് എന്ന് അവകാശപ്പെടാൻ സ്റ്റാലിന്റെ മേല്പറഞ്ഞവാദത്തെ ആശ്രയിച്ചിരിക്കാനുള്ള സാധ്യത പുസ്തകത്തിൽ ചൂണ്ടിക്കാട്ടുന്നു. 

അഞ്ചാമത്, മേൽപ്പറഞ്ഞ സ്റ്റാലിന്റെ വ്യാഖ്യാനങ്ങൾ ഒറ്റപ്പെട്ട ചില തെറ്റുകളല്ല എന്നും ഈ പുസ്തകം നിരീക്ഷിക്കുന്നു. ഒരുതരം സാങ്കേതികത്വം (technicism, p109) സ്റ്റാലിന്റെ മാർക്സ് ലെനിൻ വ്യാഖ്യാനങ്ങളിൽ പലരൂപങ്ങളിൽ കയറിക്കൂടുന്നതായി വായിക്കാം. അദ്ദേഹം മാർക്സിന്റെ കൃതികളിൽ ചിലയിടത്തുള്ള അവ്യക്തതകളെയും ഇത്തരത്തിലുള്ള വ്യാഖ്യാനരീതിയിലൂടെ ‘വെടിപ്പാക്കി’എടുക്കുന്നുണ്ട്. സ്റ്റാലിൻ അങ്ങനെചെയ്യുന്നതിലൂടെ നിർമ്മാണശക്തികൾക്ക് വലിയ കർതൃത്വം നൽകുന്നതായും വായിക്കാം (p110-111). ഇതൊക്കെയും ലിസെങ്കോയുടെ സൈദ്ധാന്തിക പ്രോജെക്ടിന് അടിത്തറപാകുന്നുണ്ട്. 

ആറാമത്, ലിസെങ്കോയുടെ പ്രോജെക്ടിനുള്ള സൈദ്ധാന്തിക അടിത്തറയ്ക്ക് അനുരൂപമായ രീതിയിൽ സ്റ്റാലിന്റെ പുസ്തകത്തിലെ മാർക്സ്-ലെനിൻ വ്യാഖ്യാനങ്ങൾ പ്രവർത്തിച്ചു എന്നതാണ് ഇവിടെ എത്തിച്ചേരുന്ന ഒരു അനുമാനം. അതിനാൽ തന്നെ ലിസെങ്കോയുടെ വലിയ അബദ്ധങ്ങളുടെ ഉറവിടമായി വൈരുദ്ധ്യാത്മക ഭൗതികവാദത്തെയാകെ കാണുന്നത് ശരിയല്ല എന്നും കൃത്യമായി വായിക്കാം. 

പാശ്ചാത്യലോകത്ത് ലിസെങ്കോ വിഷയം ഇടതുപക്ഷത്തിനെതിരെയുള്ള ഒരു വലിയ പ്രചാരണായുധമായി ഇന്നും നിലനിൽക്കുന്നു. ഇതിനെക്കുറിച്ച് നിരവധിയായ പുസ്തകങ്ങൾ എഴുതപ്പെട്ടിട്ടുണ്ട്, അവയിൽ പലതും ഇടതുപക്ഷരാഷ്ട്രീയവും ശാസ്ത്രവും തമ്മിൽ അടിസ്ഥാനപരമായ വൈരുദ്ധ്യങ്ങളുണ്ടെന്നു പറഞ്ഞുവെയ്ക്കുന്നവയാണ്. ഇത്തരം ആഖ്യാനങ്ങൾ ഉയർന്നുവരികയും വലിയ പ്രചാരം സിദ്ധിക്കുകയും ചെയ്ത സന്ദർഭത്തിൽ 1970 കളിൽ ഈ തെറ്റിന്റെ ഒരു ഇടതുപക്ഷ വിലയിരുത്തൽ നടത്തുന്ന ഗ്രന്ഥമാണ് Proletarian Science? എന്ന ഈ പുസ്തകം. ഇന്ന് ശാസ്ത്രസാങ്കേതികവിദ്യകളുടെ മേലാളന്മാർ ഭരണകൂടങ്ങളിൽ വലിയ സ്വാധീനം ചെലുത്തുന്ന അമേരിക്കൻ സാഹചര്യത്തിൽ (മസ്ക്-ട്രമ്പ് ബന്ധങ്ങളും മറ്റുമോർക്കുക) ലിസെങ്കോയിലേക്ക് ഈ പുസ്തകത്തിലൂടെയുള്ള തിരിഞ്ഞുനോട്ടത്തിന് പ്രസക്തിയുണ്ട്. 165 പേജുകളുള്ള ഈ ചെറുപുസ്തകം ഇവിടെനിന്ന് ഡൌൺലോഡ് ചെയ്യാം. 

ലിസെങ്കോയെക്കുറിച്ചുള്ള ഈ പുസ്തകം നിർദേശിച്ച ലൂക്ക എഡിറ്റോറിയൽ ബോർഡ് അംഗമായ അജിത് ബാലകൃഷ്ണനോടുള്ള നന്ദി ഇവിടെ രേഖപ്പെടുത്തുന്നു.

ശാസ്ത്രവായന

ശാസ്ത്രപുസ്തകങ്ങൾ പരിചയപ്പെടാം

സസൂക്ഷ്മം

സാങ്കേതികവിദ്യയുടെ രാഷ്ട്രീയ വായനകൾ- ഡോ. ദീപക് കെ. യുടെ ലേഖന പരമ്പര

സാങ്കേതികവിദ്യയും സമൂഹവും

ലേഖനങ്ങൾ വായിക്കാം

Happy
Happy
0 %
Sad
Sad
0 %
Excited
Excited
100 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post മെന്നോ ഷിൽതൂയിസൻ: വണ്ടുകളും ഒച്ചുകളും നഗരപരിസ്ഥിതി പഠനവും
Close