പീകെ – വിമര്‍ശനത്തിന്റെ ഉള്ളുകള്ളികള്‍

pk_1വളരെ മികവുറ്റ ഒരു ക്രാഫ്റ്റാണ് പീകെ എന്ന സിനിമയുടേത്. കളറും കോമഡിയും പാട്ടും ഡാന്‍സും വാരിനിറച്ച് ശരാശരി പ്രേഷകരെ നന്നായി എന്റര്‍ടെയ്ന്‍ ചെയ്യാന്‍ കഴിയുന്ന വിധത്തില്‍ ഒരു മസാല ചിത്രം അവതരിപ്പിക്കുകയും അതിനോടൊപ്പം സമര്‍ത്ഥമായി തുടര്‍ച്ച പോകാതെ തന്നെ മുനയുള്ള സാമൂഹ്യവിമര്‍ശനം ഒളിപ്പിച്ച് കടത്തുകയും ചെയ്യുന്ന തന്ത്രപരമായ ഒരു സമീപനം ഇതില്‍ കാണാം.

മതവിമര്‍ശനം നടത്തുന്നതിനായി പ്ലോട്ടില്‍ ഉപയോഗിച്ചിരിക്കുന്ന ടൂള്‍ -നായകനെ അന്യഗ്രഹത്തില്‍ നിന്ന് ഭൂമിയില്‍ വന്ന് അന്തം വിട്ടുനില്‍ക്കുന്ന മനുഷ്യ സദൃശ്യനായ അന്യഗ്രഹ ജീവിയായി അവതരിപ്പിക്കുക- വല്ലാതെ ആകര്‍ഷിച്ചു. മതങ്ങള്‍ അവതരിപ്പിക്കുന്ന ദൈവസങ്കല്‍പങ്ങള്‍ എത്ര പരിഹാസ്യമാണെന്ന് നമുക്ക് പെട്ടെന്ന് തിരിച്ചറിയാന്‍ കഴിയാത്തത് നമ്മളിതിന്റെ ഇടയില്‍ ജനിച്ചുവളര്‍ന്നതുകൊണ്ടാണ്. ഓര്‍മ്മയും ബുദ്ധിയും ഉറച്ച നാള്‍ മുതലേ, ഇതൊക്കെ തികച്ചും സ്വാഭാവികമായ കാര്യങ്ങളാണെന്ന് ധരിച്ചും ധരിപ്പിക്കപ്പെട്ടും ചോദ്യം ചെയ്യാന്‍ ഭയപ്പെട്ടുമാണ് നമ്മള്‍ വളര്‍ന്നത്. അവിടെ മനുഷ്യന്‍ മനുഷ്യര്‍ക്കിടയിലെ കാഴ്ചകണ്ട് കണ്ണുതള്ളുന്നതിന് പകരം സ്വീകാര്യമായ മറ്റൊരു പാത്രസൃഷ്ടി മനോഹരമായിട്ടുണ്ട്.

എന്റെ കൂടെ സിനിമ കണ്ടവരില്‍ ഭൂരിഭാഗവും വിശ്വാസികളായിരുന്നു. അവരെല്ലാം കൂട്ടത്തോടെ നായകന്‍ ദൈവത്തെ അന്വേഷിച്ച് നടത്തുന്ന പരാക്രമങ്ങള്‍ കണ്ട് ചിരിക്കുകയായിരുന്നു. അതേസമയം, തങ്ങളെത്തന്നെ കളിയാക്കിയാണ് ചിരിക്കുന്നത് എന്നവര്‍ തിരിച്ചറിഞ്ഞോ എന്ന് സംശയമാണ്. സിനിമയിലെ ഒരു ഡയലോഗ്- ‘ജോ ഡര്‍ത്താ ഹേ, വഹീ മന്ദിര്‍ ജാത്താ ഹേ’ (ഭയപ്പെടുന്നവരാണ് ക്ഷേത്രത്തില്‍ പോകുന്നത്) വളരെ പ്രസക്തമാണ്. ഭയം ഉള്ളിടത്തോളം ജനക്കൂട്ടം ആരാധനാലയങ്ങളിലേക്ക് ഒഴുകും. അവരെ തടയാന്‍ യുക്തിവാദിയുടെ ഫെയ്സ്ബുക്ക് പോസ്റ്റോ മതവിമര്‍ശന സിനിമയോ പോരാ. ജനക്കൂട്ടം ചിന്തിക്കാന്‍ ധൈര്യപ്പെടുകയും സ്വന്തം വില ഓരോരുത്തരും തിരിച്ചറിയുകയും വേണം. വിശ്വാസമണ്ടത്തരങ്ങളെ കളിയാക്കുന്ന സിനിമ കണ്ട് ആര്‍ത്ത് ചിരിച്ചിട്ട് പുറത്തിറങ്ങി കാണിക്കവഞ്ചിയിലേക്ക് തുട്ടെറിയുന്ന ഏര്‍പ്പാട് ഒരു ശരാശരി വിശ്വാസി ജീവിതത്തില്‍ കാണിക്കുന്ന അനേകം ഇരട്ടത്താപ്പുകളില്‍ ഒന്ന് മാത്രമായതിനാല്‍ ഒട്ടും പുതുമയില്ലാത്തതാണ്. അതിവിടെയും ആവര്‍ത്തിക്കപ്പെടുന്നു. പക്ഷേ കുറേപേരെയെങ്കിലും ഒന്ന് ചിന്തിക്കാന്‍ പീകെ പ്രേരിപ്പിക്കുമെന്ന് തീര്‍ച്ചയാണ്.

ഏതെങ്കിലും ഒരു മതത്തെ തെരെഞ്ഞെടുത്ത് വിമര്‍ശിക്കുന്ന സിനിമയല്ല പീകെ. ഇവിടെ ചിലര്‍ അങ്ങനെ ആക്കിത്തീര്‍ക്കുന്നുവെങ്കില്‍, അതവരുടെ ആവശ്യമായതുകൊണ്ടാണ്. ഇന്നെന്ത് വിഷം തുറന്നുവിടാം എന്നോര്‍ത്ത് ദിവസവും ഉറക്കമെണീക്കുന്ന ഹാര്‍വാഡ് സാമിയൊക്കെ നല്ലൊരു തുറുപ്പുചീട്ട് കിട്ടിയ സന്തോഷത്തിലാകണം ഈ സിനിമ കണ്ടുതീര്‍ത്തത്. ഇന്‍ഡ്യന്‍ സമൂഹത്തില്‍ തുറന്ന മതവിമര്‍ശനം നടത്തുമ്പോള്‍ കൂടുതല്‍ ഏറും ചെന്ന് കൊള്ളുന്നത് ഭൂരിപക്ഷ മതത്തിലായിരിക്കും എന്നത് സാമാന്യയുക്തി മാത്രമാണ്. അതേ ഇവിടെയും നടന്നിട്ടുള്ളൂ. 80% ഹിന്ദുക്കളുള്ള രാജ്യത്ത് മതബിംബങ്ങളെ കാണിക്കുമ്പോ ജൂതപ്പള്ളികളല്ല, ഹൈന്ദവക്ഷേത്രങ്ങളായിരിക്കും എണ്ണത്തില്‍ കൂടുതല്‍. മതവിശ്വാസികള്‍ പൊതുവേ വികാരജീവികള്‍ അയതുകൊണ്ട് ഏത് മതക്കാര്‍ക്കും ഇത് തങ്ങളുടെ മതത്തെ മാത്രം കളിയാക്കുന്നതാണ് എന്ന് തോന്നാം. പിന്നെ ആള്‍ദൈവ വിമര്‍ശനം സിനിമകളില്‍ പുതിയതേ അല്ല, അതുകൊണ്ടുതന്നെയാകണം അക്കാര്യത്തില്‍ പീകെ അധികം ഊന്നല്‍ നല്‍കാത്തത്. അതേ കാരണം കൊണ്ടുതന്നെയാണ് ‘ഓ മൈ ഗോഡ്’ എന്ന, ഇപ്പോള്‍ പരക്കെ താരതമ്യം ചെയ്യപ്പെടുന്ന സിനിമയേക്കാള്‍ എനിക്ക് പീകെ പ്രിയപ്പെട്ടതാകുന്നത്. ജനക്കൂട്ടത്തിന്  “No true Scotsman fallacy” വച്ച് പെട്ടെന്ന് കഴുകിയെടുക്കാവുന്ന വിമര്‍ശനമാണ് OMG-യിലേത് പോലുള്ള ആള്‍ദൈവവിമര്‍ശനം. താന്‍ കുമ്പിടുന്ന ആള്‍ദൈവം സിനിമയിലെപ്പോലെ തട്ടിപ്പുകാരനല്ല എന്ന് സ്വയം പറഞ്ഞുറപ്പിക്കുക മാത്രമേ വിശ്വാസി സാധാരണ ചെയ്യൂ. മതഗ്രന്ഥങ്ങളെ താലോലിക്കുകയും വിശ്വാസിയെ നൈസായി സോപ്പിട്ട് കോംപ്രമൈസ് ചെയ്ത് അവസാനിപ്പിക്കുകയും ചെയ്ത ആ സിനിമയില്‍ നിന്ന് പീകെ വേറിട്ട് നില്‍ക്കുന്നത് അതിന്റെ തുറന്ന സമീപനം കൊണ്ടാണ്. അമ്പുകള്‍ ഒരുകൂട്ടം ആള്‍ദൈവങ്ങളിലേക്കല്ല, അതിന് മുകളില്‍ അവരെ സൃഷ്ടിക്കുന്ന മതദൈവസങ്കല്പങ്ങളിലേക്കാണ് ചെന്ന് കൊള്ളുന്നത്. അത് കാണുമ്പോള്‍ ആര്‍ക്കെങ്കിലും വേദനിക്കുന്നു എങ്കില്‍ ആ കാണിക്കുന്നതില്‍ ഖണ്ഡിക്കാനാകാത്തവിധം കഴമ്പുണ്ട് എന്നാണ് അര്‍ത്ഥം.

pk_2ഹൈന്ദവവാദികള്‍ തങ്ങളുടെ മതവിശ്വാസത്തെ വ്രണപ്പെടുത്തി എന്നാരോപിക്കുന്ന രംഗം കേള്‍ക്കുമ്പോഴാണ് തമാശ. പരമശിവന്റെ വേഷം കെട്ടിയ ഒരാളെ (നൃത്ത പരിപാടിയില്‍ ശിവതാണ്ഡവം ആടാന്‍ പോകുന്ന നര്‍ത്തകനാണയാള്‍) യഥാര്‍ത്ഥ ശിവനാണെന്ന് തെറ്റിദ്ധരിച്ച നായകന്‍ പിന്‍തുടരുന്ന ഒരു സീനുണ്ട്. ടോയിലറ്റില്‍ വച്ച് വട്ടമിട്ട് പിടിക്കപ്പെടുകയും നായകന്റെ അസ്വാഭാവികമായ പെരുമാറ്റം കണ്ട് പേടിച്ച് ഓടുകയും ചെയ്യുന്ന അയാള്‍, കുഞ്ഞുകുട്ടിപരാധീനക്കാരനാണെന്നും തന്നെ വെറുതെ വിടണമെന്നും പീകേയോട് അപേക്ഷിക്കുന്നുമുണ്ട്. ഈ സീനാണത്രേ ഹിന്ദുക്കളുടെ വികാരത്തെ വ്രണപ്പെടുത്തിയത്. അതായത് ഒന്നുകില്‍ പരമശിവന്റെ വേഷം കെട്ടിയ നടന്‍ പരമശിവനോളം മഹാനാണെന്ന് അവര്‍ കരുതുന്നു, അല്ലെങ്കില്‍ പരമശിവന് ഒരു സാദാ നര്‍ത്തകന്റെ വിലയേ അവര്‍ കല്‍പ്പിക്കുന്നുള്ളൂ. ആദ്യത്തേത് വിഡ്ഢിത്തവും രണ്ടാമത്തേത് ദൈവത്തെ കൊച്ചാക്കലുമാണ്.

മതകാര്യങ്ങളില്‍ മാത്രമല്ല, മറ്റ് പല സാമൂഹ്യ വിഷയങ്ങളിലും പീകെ കടന്നുചെല്ലുന്നുണ്ട്. പാകിസ്ഥാന്‍കാരെല്ലാം ഇന്‍ഡ്യക്കാരെ കൊല്ലാന്‍ തോക്കുമായി നടക്കുകയാണെന്ന പൊതുബോധത്തെ പീകെ പൊളിച്ചടുക്കുന്നു. ഈ രണ്ടു രാജ്യങ്ങളും തമ്മിലുള്ള ശത്രുത നിലനില്‍ക്കേണ്ടത് ഒരുകൂട്ടം സ്ഥാപിത താത്പര്യക്കാരുടെ ആവശ്യമാണ്. അക്കൂട്ടരാണ് പാകിസ്ഥാന്റെ കോലം നിര്‍ത്തി ആക്രമിക്കുന്നതാണ് ദേശഭക്തി എന്ന ധാരണ പരത്തുന്നതും. പിറന്ന് വീണ് ഇന്നുവരെ സമാധാനം അറിഞ്ഞിട്ടില്ലാത്ത ആ രാജ്യത്ത് സ്നേഹിക്കാനും ചിരിക്കാനും കരയാനും കഴിയുന്ന പച്ചയായ മനുഷ്യരുണ്ട് എന്ന കാര്യം സിനിമകള്‍ നമ്മളെ ഓര്‍മിപ്പിക്കാറില്ല. പീകെ അത് ചെയ്യുന്നു. മതത്തിന് നശിപ്പിക്കാനാവാതെ ബാക്കി കിടക്കുന്ന മനുഷ്യത്വമാണ് അവിടെ കാണാന്‍ കഴിയുന്നത്. ചിലര്‍ക്ക് പാകിസ്ഥാന്‍ എന്ന പേരിനെ ഇസ്ലാം എന്ന മതത്തില്‍ കെട്ടി ഇസ്ലാം പ്രീണനം എന്നരീതിയില്‍ ഇതിനെ വ്യഖ്യാനിച്ചെടുക്കാന്‍ പറ്റുന്നുണ്ട്. ഓരോരുത്തരും അവരവര്‍ക്ക് വേണ്ടത് കാണുന്നുവെന്നേയുള്ളു. അതവരുടെ ആവശ്യവുമാണ്. ഒപ്പം തന്നെ സെക്സിനെ മോശമായി കാണുന്ന കപടസദാചാരബോധത്തേയും പുരുഷന്‍ എന്നാല്‍ തെണ്ടിത്തരം കാണിക്കാനുള്ള ലൈസന്‍സാണ് എന്ന പുരുഷാധിപത്യമനോഭാവത്തേയും എന്ത് കാണിച്ചിട്ടായാലും സെന്‍സേഷണല്‍ വാര്‍ത്തയുണ്ടാക്കിയാല്‍ മതിയെന്ന മീഡിയാ ചിന്താഗതിയേയും ഒക്കെയൊന്ന് കൊട്ടി വിട്ടിട്ടുമുണ്ട് ഈ സിനിമയില്‍.

pk_3ചുരുക്കത്തില്‍, ഒരേസമയം ചിരിപ്പിക്കുന്നതും ചിന്തിപ്പിക്കുന്നതുമായ ഒരു നല്ല സിനിമയാണ് പീകെ. ആത്യന്തികമായി പറയാന്‍ ഉദ്ദേശിക്കുന്ന കാര്യം പൂര്‍ണമാകുന്നതിനായി കടന്നുവരുന്ന ചില്ലറ ലോജിക് പ്രശ്നങ്ങളൊക്കെ സഹിക്കാവുന്നതേയുള്ളു. ആമിര്‍ഖാനും അനുഷ്കയും സഞ്ജയ് ദത്തും ബോമന്‍ ഇറാനിയും ഉള്‍പ്പടെ എല്ലാ അഭിനേതാക്കളും മികച്ച പ്രകടനം കാഴ്ചവെച്ചിരിക്കുന്നു. ജനപ്രിയ കൊമേഴ്സ്യല്‍ ഘടകങ്ങളുടെ അകമ്പടിയോടെ വരുന്ന സിനിമകള്‍ക്ക് കൂടുതല്‍ ജനങ്ങളിലേയ്ക്ക് എത്താന്‍ കഴിയും. അത് കൂടുതല്‍ പേരെ ചിന്തിക്കാന്‍ പ്രേരിപ്പിക്കും. അതുകൊണ്ട് തന്നെ ഇത്തരം സംരംഭങ്ങള്‍ വളരെ ആശാവഹമാണ്, പ്രോത്സാഹിപ്പിക്കപ്പെടേണ്ടതാണ്. ഇത് നിരോധിക്കണമെന്ന് മുറവിളി കൂട്ടുന്ന അല്പബുദ്ധികളോടുള്ള പ്രതിഷേധം ഈ സിനിമ ഉറപ്പായും കണ്ടുകൊണ്ട് വേണം അറിയിക്കാന്‍. അതായത് സിനിമയ്കെതിരായ ആക്രമണത്തെ സിനിമ കണ്ടുകൊണ്ട് നേരിടണം എന്ന് ചുരുക്കം.

[author image=”http://luca.co.in/wp-content/uploads/2015/01/vaisakhan-thampi.jpg” ]വൈശാഖന്‍ തമ്പി[/author]

Leave a Reply