മാലിന്യത്താല്‍ രക്ഷിക്കപ്പെടുന്ന ഗ്രാഫീന്‍ ഓക്സൈഡ് !

Graphite oxide.svg
“Graphite oxide” from http://dx.doi.org/ via Wikimedia Commons.

ഉര്‍വശീ ശാപം ഉപകാരമായി എന്ന് കേട്ടിട്ടില്ലേ? അത്തരം ഒരു വാര്‍ത്ത ഇതാ ശാസ്ത്ര ലോകത്ത് നിന്നും. ഗ്രാഫീന്‍ ഓക്സൈഡ് ഷീറ്റുകളില്‍ സൃഷ്ടിക്കപ്പെടുന്ന മാലിന്യമാണ് അലൂമിനിയം അയോണുകള്‍ . എന്നാല്‍ ഗ്രഫീന്‍ ഓക്സൈഡ് ഷീറ്റുകളെ  ജലത്തില്‍ നിന്ന് സംരക്ഷിക്കുന്നതും ഇതേ മാലിന്യം തന്നെ. അമേരിക്കയിലെ മക്  കോര്‍മ്മിക്ക്  സ്കൂള്‍ ഓഫ് എന്‍ജിനീയറിംഗിലെ ഗവേഷകരാണ് ഈ സവിശേഷത കണ്ടെത്തിയത്.

ഒരാറ്റത്തിന്‍റെ കനം മാത്രമുള്ളതും അതെ സമയം ഏറെ ശക്തവുമായ കാര്‍ബണ്‍ രൂപാന്തരമാണ് ഗ്രാഫീന്‍. ഇതിന്‍റെ ഓക്സിജന്‍ അടങ്ങിയ രൂപമാണ് ഗ്രാഫീന്‍ ഓക്സൈഡ്.  ഗ്രാഫീന്‍ നിര്‍മ്മാണത്തിനും ജലശുദ്ധീകരണത്തിനും ബാറ്ററി ഇലക്ട്രോഡ് ആയും ഗ്രാഫീന്‍ ഓക്സൈഡിനെ  ഉപയോഗിക്കാം.

ജലത്തിനോട് ആഭിമുഖ്യം പുലര്‍ത്തുന്ന ഗ്രാഫീന്‍ ഓക്സൈഡ് പാളികള്‍ ജലത്തിന്റെ സാന്നിധ്യത്തില്‍ നെഗറ്റീവ് ചാര്‍ജുള്ളതായി മാറുന്നു. ഒരേ ചാര്‍ജുള്ള ഇത്തരം  വിവിധ പാളികള്‍ തമ്മിലുള്ള വികര്‍ഷണം സാധാരണയായി ഗ്രാഫീന്‍ ഷീറ്റുകളുടെ നാശത്തിലേക്ക് നയിക്കേണ്ടതാണ്. പക്ഷേ അത്ഭുതമെന്ന് പറയട്ടെ, ജലത്തിന്‍റെ സാന്നിധ്യത്തില്‍ ഇവ കൂടുതല്‍ സ്ഥിരത കൈവരിക്കുന്നതാണ് കണ്ടുവരുന്നത്. ഇത് എന്തുകൊണ്ട് സംഭവിക്കുന്നു എന്ന പ്രശ്നത്തിനാണ് കെമിക്കല്‍ എന്‍ജിനീയറിംഗ് വിഭാഗത്തിലെ പ്രൊഫസര്‍ ആയ  ജിയാഷിന്‍ ഹുവാങ്ങ് നയിച്ച ഗവേഷക സംഘം ഉത്തരം കണ്ടെത്തിയത്.

Grapheneഗ്രാഫീന്‍ ഓക്സൈഡിനെ  അസിഡിക് ലായനിയില്‍ നിന്ന് ഷീറ്റ് രൂപത്തില്‍ വേര്‍തിരിച്ച്  എടുക്കുന്നതിന് അലൂമിനിയം ഫില്‍ട്ടര്‍ ഡിസ്കുകള്‍ ആണ് സാധാരണയായി ഉപയോഗിക്കുന്നത്. അത്തരം വേര്‍തിരിക്കല്‍ പ്രക്രിയക്കിടയില്‍ അലൂമിനിയം, ആസിഡുമായി പ്രതിപ്രവര്‍ത്തിച്ച് അലൂമിനിയം അയോണുകളായി മാറുന്നു. ഇത് ഗ്രഫീന്‍ ഷീറ്റില്‍ കലരുന്ന മാലിന്യമായാണ് കണക്കാക്കിയിരുന്നത്. എന്നാല്‍ പോസിറ്റീവ് ചാര്‍ജുള്ള ഈ അയോണുകളാണ് നെഗറ്റീവ് ചാര്‍ജ്ജുള്ള ഗ്രാഫീന്‍ ഓക്സൈഡ് ഷീറ്റുകളുമായി  പ്രതിപ്രവര്‍ത്തിച്ച് അവയുടെ സ്ഥിരത നിലനിര്‍ത്തുന്നതെന്നാണ് പുതിയ പഠനം കണ്ടെത്തിയത്.

ഗ്രാഫീന്‍ ഓക്സൈഡ് ഷീറ്റുകളെ ജലത്തിന്‍റെ ശുദ്ധീകരണത്തിന് ഉപയോഗിക്കാനും മറ്റനേകം ഉപയോഗങ്ങള്‍ക്കും ജലത്തിലുള്ള സ്ഥിരത അനിവാര്യമാണ് താനും. കൂടാതെ ഗ്രാഫീന്‍ ഓക്സൈഡ് ഷീറ്റുകളുടെ ശക്തി വര്‍ദ്ധിപ്പിക്കാന്‍ അലൂമിനിയം അയോണുകള്‍ കാരണമാകുന്നു എന്നും  ഇവരുടെ പഠനം തെളിയിക്കുന്നു.

[divider]

അവലംബം : http://www.sciencedaily.com/releases/2015/01/150105125910.htm
[author image=”http://luca.co.in/wp-content/uploads/2014/08/Sangeetha_C.png” ]സംഗീത ചേനംപുല്ലി,
അസി. പ്രൊഫസര്‍, ഗവ. എഞ്ചിനീയറിംഗ് കോളേജ്, കോഴിക്കോട്
[email protected] [/author]

Leave a Reply