Read Time:19 Minute

ശ്രീദേവി പി

സീനിയർ റിസർച്ച് ഫെല്ലോ, ഓർഗാനിക് കെമിസ്ട്രി സെക്‌ഷൻ, സിസ്ഐആർ-നിസ്റ്റ്, തിരുവനന്തപുരം

ലൂക്ക – ആവര്‍ത്തനപ്പട്ടികയുടെ 150ാംവാര്‍ഷികത്തിന്റെ ഭാഗമായുള്ള ഒരു ദിവസം ഒരു മൂലകം (One day One Element) പംക്തി തുടരുന്നു. എട്ടാം ദിവസമായ ഇന്ന് ഓക്സിജനെ പരിചയപ്പെടാം.

[dropcap][/dropcap]ന്ന് നമ്മൾക്ക് ഓക്സിജനെ പരിചയപ്പെടാം.. 1913 സർ ഹെന്‍റി മോസെലി (Henry Moseley) എന്ന ഇംഗ്ലീഷ് ശാസ്ത്രജ്ഞൻ വിഭാവനം ചെയ്ത ആധുനിക പീരിയോഡിക് ടേബിളിൽ 8 –ആം സ്ഥാനത്ത്  ആണ് ഓക്സിജന്‍ സ്ഥിതിചെയ്യുന്നത്. 

ഓക്സിജന്റെ കണ്ടെത്തൽ 

ശാസ്ത്രവുമായി ബന്ധപ്പെട്ട മറ്റെന്തിനെയും പോലെ ഓക്സിജന്റെ കണ്ടുപിടിത്തത്തിന് പിന്നിലും നിരവധി പ്രതിഭകൾ ഉണ്ട്. 1604 മൈക്കിൾ സെന്ടിവോജിയൂസ് (Michel Sendivogius) എന്ന പോളിഷ് രസതന്ത്രജ്ഞൻ ആണ് ഓക്സിജൻ ആദ്യമായി വേർതിരിച്ചത് എന്നു കരുതുന്നു .എന്നിരുന്നാലും, 1773 കാൾ വില്യം ഷീലെ (Carl Wilhelm Scheele) എന്ന ജർമൻ രസതന്ത്രജ്ഞനും 1774 ജോസഫ് പ്രീസ്റ്റലി (Joseph Priestley) എന്ന ഇംഗ്ലീഷ് രസതന്ത്രജ്ഞനും തങ്ങളുടെ സ്വതന്ത്ര ഗവേഷണങ്ങൾ വഴിയാണ് ഓക്സിജൻ കണ്ടുപിടിച്ചത്. പക്ഷെ , തന്റെ ഗവേഷണ ഫലങ്ങൾ ആദ്യം പ്രസിദ്ധീകരിക്കുക വഴി  പ്രീസ്റ്റലി ആണ്  ഓക്സിജൻ കണ്ടുപിടിച്ചതായി അറിയപ്പടുന്നത്ഓക്സിജന് പേര് നൽകിയത് 1777 ആന്റോയ്ൻ ലാവോസിയെ (Antoine Lavoisier)  എന്ന ഫ്രഞ്ച് ശാസ്ത്രജ്ഞൻ ആണ്. ഗ്രീക്കു ഭാഷയിൽ നിന്നാണ് പേര് വന്നത് . ‘oxy genes’ എന്ന വാക്കിന് ആസിഡ് ഉണ്ടാക്കാൻ കഴിവുള്ളത് (Acid Forming) എന്നാണർത്ഥം. ജ്വലന പ്രക്രിയയിൽ ഓക്സിജന്റെ പങ്കു വിശദീകരിച്ചതും ഓക്സിജൻ ഒരു മൂലകം ആണെന്ന് സ്ഥാപിച്ചതും ഇദ്ദേഹത്തിന്റെ ഗവേഷണ ഫലമായിട്ടാണ്. അക്കാരണങ്ങൾ കൊണ്ടുതന്നെ ലാവോസിയെ ആധുനിക രസതന്ത്രത്തിന്റെ പിതാവ്എന്നറിയപ്പെടുന്നു.

ഓക്സിജൻറെ പ്രത്യേകതകളിലേക്ക് തിരികെ വരാം. പീരിയോഡിക് ടേബിളിലെ 16 ആം ഗ്രുപ്പിൽ 8 ആം സ്ഥാനത്തു നിൽക്കുന്ന ഓക്സിജൻ അതീവ രാസക്രിയസ്വഭാവം(Reactivity) കാണിക്കുന്ന ഒരു അലോഹം (Non – metal ) ആണ്. ‘O’ എന്ന ചിഹ്നത്തിൽ അറിയപ്പെടുന്ന ഓക്സിജൻ ഹീലിയത്തിനും ഹൈഡ്രജനും ശേഷം സൗരയൂഥത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന മൂലകമാണ്. സാധാരണ മർദ്ദത്തിലും താപനിലയിലും ഓക്സിജൻ അതിന്റെ തന്മാത്ര അവസ്ഥയിൽ (O2) കാണപ്പെടുന്നു. ഇത് മണമോ നിറമോ  രുചിയോ ഇല്ലാത്ത വാതകമാണ്.

ഭൂമിയിൽ കാണുന്ന ഒരുമാതിരിപെട്ട എന്തിനോടും രാസപ്രവര്‍ത്തനം നടത്താനുള്ള കഴിവാണ് ഓക്സിജന്‍റെ  ഏറ്റവും വലിയ പ്രത്യേകതയായി കണക്കാക്കപ്പെടുന്നത് (Oxidising Power). ഇതിനുള്ള ഏറ്റവും വലിയ കാരണം ഓക്സിജൻ ആറ്റത്തിന്റെ അകത്തെ ഇലക്ട്രോണുകളുടെ വിന്യാസം ആണ്. ക്വാണ്ടം ബലതന്തത്രത്തിന്റെ നിയമങ്ങള്‍ അനുസരിച്ചാണ് ഒരു ആറ്റത്തിലെ ഇലക്ട്രോണുകളെ ഏതെല്ലാം ഷെല്ലുകളിലും സബ്ഷെല്ലുകളിലുമാണ് വിന്യസിക്കേണ്ടത് എന്ന് നിശ്ചയിക്കുന്നത്. ആറ്റത്തിനകത്തെ ഇലക്ട്രോണുകളെ നാം K, L, M, N, O  മുതലായ ഷെല്ലുകളിലായും പീന്നീട് ഇവയോരോന്നിനെ യും s, p, d, f മുതലായ സബ്ഷെല്ലുകളിലായും വിന്യസിച്ചിരിയ്ക്കുന്നു. അപ്രകാരം,ഓക്സിജൻ ആറ്റത്തിന്റെ 8 ഇലക്ട്രോണുകൾ 2 (K ), 6 (L ) എന്നീ ഷെല്ലുകളിലും 1S2 ,2s2 , 2p4 എന്നീ സബ്ഷെല്ലുകളിലും സ്ഥിതിചെയ്യുന്നു. ഒരാറ്റത്തിന്റെ ഏറ്റവും പുറമേയായി കാണപ്പെടുന്ന ഷെല്ലിന്റെ അഥവാ ബാഹ്യതമ ഷെല്ലിന്റെ ഇലക്ട്രോണുകളുടെ എണ്ണമാണ് ഒരാറ്റത്തിന്റെ രാസപ്രവര്‍ത്തനശേഷി തീരുമാനിക്കുന്നത് എന്ന് പൊതുവിൽ പറയാം. അങ്ങനെ എങ്കിൽ , ഓക്സിജൻറെ ബാഹ്യതമ ഷെല്ലായ L ഷെല്ലിലെ 6 ഇലക്ട്രോണുകൾ അഥവാ s , p എന്നീ സബ്ഷെല്ലുകളിലെ 2 , 4 വീതം ഇലെക്ട്രോണുകൾ ആണ് ഇതിനു കാരണം. ഒരാറ്റം സ്ഥിരത കൈവരിക്കുന്നത് , അതിന്റെ L മുതലുള്ള ബാഹ്യതമ ഷെല്ലിൽ 8 – ഇലക്ട്രോൺ വരുമ്പോഴാണ്. നിലവിൽ ഓക്സിജന് Lഷെല്ലിൽ 6 ഇലക്ട്രോൺ ആണ്. 2 എണ്ണം കൂടി കിട്ടിയാൽ 8 തികയ്ക്കാനാവും. അത് കൊണ്ടുതന്നെ കൈയ്യിലുള്ള 6 ഇലക്ട്രോണുകളെ വിട്ടുകൊടുക്കുന്നതിനേക്കാൾ 2 ഇലക്ട്രോണുകളെ സ്വീകരിക്കാനാവും ഓക്സിജൻ ശ്രമിക്കുക (Elecrtonegativity). ഇതിനായി ഓക്സിജൻ ആറ്റം സഹസംയോജക ബന്ധനം , അയോണിക ബന്ധനം  മുതലായ ബന്ധനങ്ങളിൽ ഏർപ്പെടുന്നു. അഷ്ടകം തികയ്ക്കാനായി പരസ്പരം ഓരോ ആറ്റം പങ്കുവെക്കുന്നത് കൊണ്ടാണ് (കൊവാലെന്റ്ബോണ്ട്) ഓക്സിജൻ ഭൂമിയിൽ തന്മാത്ര അവസ്ഥയിൽ സ്വതന്ത്രമായി കാണപ്പെടുന്നത്. 2  ഇലക്ട്രോണുകളെ സ്വീകരിക്കാനുള്ള കഴിവ് തന്നെയാണ് ഓക്സിജൻറെ കൂടിയ ഇലെക്ട്രോനെഗറ്റിവിറ്റിക്കും കാരണം.  (പീരിയോഡിക് ടേബിളിന്റെ വലതു വശത്തേക്ക് പോകുന്തോറും മെറ്റാലിക് സ്വഭാവം കുറയുകയും ഇലെക്ട്രോനെഗറ്റീവ് സ്വഭാവം കൂടുകയും, താഴോട്ട് വരുംതോറും ഇവ വിപരീത ദിശയിൽ ആവുകയും ചെയ്യുമെന്ന് ഓർക്കുക )

ഓക്സിജന്റെ ഉത്ഭവം

ഭൂവൽക്കത്തിൽ ഓക്സിജൻ ഉണ്ടായതെങ്ങനെ എന്ന് നോക്കാം . ഭൂമിയിൽ ഓക്സിജൻ എങ്ങനെ ഉണ്ടായി? തുടക്കം തൊട്ടേ ഇവിടെ ഉണ്ടായിരുന്നോ? എവിടുന്നു വന്നു?….

പ്രകാശസംശ്ലേഷണത്തിന്റെ കടന്നു വരവ് വരെ ഭൂമിയുടെ അന്തരീക്ഷത്തിൽ ഓക്സിജൻ ഇല്ലായിരുന്നു എന്ന് തന്നെ പറയാം. ഏകദേശം 2 .5 ബില്യൺ വർഷങ്ങൾക്കുമുൻപ്  സൂക്ഷ്മജീവികൾ അവയുടെ ദൈനംദിന പ്രവൃത്തികളുടെ ഭാഗമായി ഉൽപ്പാദിപ്പിച്ചിരുന്ന ഒരു ഉപ ഉല്പന്നമായിരുന്നു ഓക്സിജൻ. അതാവട്ടെ അപ്പോൾ തന്നെ ഭൂമിയിൽ ഏറ്റവും കൂടുതൽ കാണുന്ന ലോഹമൂലകമായ (Metallic) ഇരുമ്പു (iron) മായി റിയാക്ട് ചെയ്ത് റസ്റ്റ്  അഥവാ തുരുമ്പു ഉണ്ടാക്കുമായിരുന്നു. ഇത് സമുദ്രത്തിൽ അയേൺ ഓക്സൈഡ് (iron oxide) എന്ന സംയുക്തത്തിന്റെ നിക്ഷേപത്തിന് (Deposition) സഹായിച്ചു. ഏകദേശം 2 . 5 ബില്യൺ വർഷം മുൻപ് നടന്ന ദി ഗ്രേറ്റ് ഓക്സിജനേഷൻ എഫക്റ്റ് (Oxygen Catastrophe) ആണ് ഭൂമിയിൽ ഇന്ന് കാണുന്ന ജൈവ വിസ്ഫോടനത്തിനു കാരണമായി കണക്കാക്കപ്പെടുന്നത്. അതോടുകൂടി ഓക്സിജൻ വേണ്ടാത്ത സൂക്ഷ്മജീവികൾ (Anaerobic Organisms) അന്യം നിൽക്കുകയും ഓക്സിജൻ സ്വീകരിക്കുന്ന (Aerobic Organisms അഥവാ Cyano bacteria etc.) സൂക്ഷ്മജീവികളുടെ എണ്ണം കൂടുകയും, ക്രമേണ ഇന്ന് കാണുന്ന തരത്തിൽ ജീവൻ മാറിവരികയും ചെയ്തുമനുഷ്യന്റെ ഉൽപ്പത്തിയ്ക്കു ശേഷം ക്രമമായി കൂടിവന്ന കാർബൺ ഡൈഓക്സൈഡും മറ്റും വീണ്ടുമൊരു ഓക്സിജനേഷൻ ഇവെന്റിന്റെ സാധ്യത കുറയ്ക്കുകയും ജീവന്റെ മറ്റു പരിണാമങ്ങളുടെ ദൈർഘ്യം കൂട്ടുകയും ചെയ്തിട്ടുണ്ടെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്. ആഗോളതാപനവും മറ്റും ലഭ്യമായ ഓക്സിജന്റെ അളവ് കുറയ്ക്കുന്നുണ്ട്, അതുകൊണ്ടു തന്നെയാണ് അവ കുറയ്ക്കുന്നത്തിനുള്ള പഠനങ്ങൾക്കു പ്രാധാന്യം കൂടുന്നതും.

അന്തരീക്ഷത്തിൽ പ്രകാശസംശ്ലേഷണം മൂലമാണ് ഓക്സിജൻ ഉണ്ടാവുന്നതെന്നു പറഞ്ഞല്ലോ. അപ്രകാരം ഉണ്ടാവുന്ന ഓക്സിജൻ നേരിട്ട് മറ്റാവശ്യങ്ങൾക്ക് ഉപയോഗിക്കാൻ പരിമിതികൾ ഉണ്ട്. വായുവിൽ മറ്റു ഘടകങ്ങൾക്കൊപ്പമാണ് ഓക്സിജൻ എന്നതാണ് അതിന്റെ കാരണംഅപ്രകാരമുള്ള ആവശ്യങ്ങൾക്ക്  പ്രതിവർഷം ഏകദേശം 100 -150 മില്യൺ ടൺ ഓക്സിജൻ അന്തരീക്ഷത്തിൽ നിന്നും വേർതിരിക്കുന്നുണ്ട്. ജലത്തിന്റെ വൈദ്യുത വിശ്ലേഷണം, അന്തരീക്ഷവായുവിൽ നിന്നും നേരിട്ട് വേർതിരിക്കൽ (Fractional Distillation) എന്നിവയാണ് ഇതിനു പ്രധാനമായും ഉപയോഗിക്കുന്നത്.

ഇപ്രകാരം വേർതിരിച്ച ഓക്സിജൻ ഉയർന്ന മർദ്ദത്തിൽ വാതക അസ്ഥയിൽ നിന്നും ദ്രവകാവസ്ഥയിലേക്കു മാറ്റി പ്രത്യേകം തയ്യാറാക്കിയ ടാങ്കുകളിൽ അതീവ സുരക്ഷയിൽ സൂക്ഷിക്കുന്നു. ചെറിയ ആവശ്യങ്ങൾക്കായി (ആശുപത്രികൾ, വെൽഡിങ് ജോലികൾ മുതലായവ) ദ്രാവകാവസ്ഥയിൽ തന്നെ ചെറിയ സിലിണ്ടറുകളിലേക്കു മാറ്റുകയാണ് ചെയ്യുന്നത്..

ഇനി ജീവശാസ്ത്രത്തിൽ ഓക്സിജന്റെ റോൾ എന്താണെന്നു നോക്കാം.

ശ്വസനവും പ്രകാശസംശ്ലേഷണവും

ഭൂമിയിൽ സ്വതന്ത്ര ഓക്സിജൻ ഉണ്ടാവുന്നത് പ്രകാശസംശ്ലേഷണം വഴിയാണെന്ന് പറഞ്ഞല്ലോ. ഇതിൽ തന്നെ ഏകദേശം 50- 60 % സംഭാവന ചെയ്യുന്നത് സമുദ്രത്തിൽ ഉള്ള പച്ച ആൽഗെയ് (Green Algae), സയനോ ബാക്റ്റീരിയ എന്നിവ ചേർന്നാണ് .ബാക്കി 40- 50 % കരയിലുള്ള സസ്യജാലങ്ങളുടെ സംഭാവനയാണ്. പ്രകാശസംശ്ലേഷണ സമയത്തു, സൂര്യനിൽ നിന്നുള്ള പ്രകാശരശ്മികളുടെ സഹായത്തോടെ ഴി കാർബൺ  ഡൈഓക്സൈഡും ജലവുമായി പ്രവര്‍ത്തിച്ച്  ഓക്സിജനും ഗ്ലുകോസും ഉണ്ടാവുന്നു.

അതായത്

നമ്മുടെ ശരീരത്തിൽ എത്തുമ്പോൾ ആകട്ടെ ഓക്സിജൻ ശരീരത്തിലെ ഗ്ലുക്കോസിനെ വിഘടിപ്പിച്ചു വീണ്ടും കാർബൺ  ഡൈഓക്സൈഡും ജലവും ഊർജ്ജവും ആക്കിമാറ്റുന്നു. ഊർജ്ജം നമ്മുടെ ദൈനംദിന ആവശ്യങ്ങൾക്ക് ഉപയോഗിക്കപ്പെടുന്നു.

ഒരു ശരാശരി മനുഷ്യൻ ഒരു മിനിറ്റിൽ ഏകദേശം 1.5 ഗ്രാം മുതൽ 2.5 ഗ്രാം വരെ ഓക്സിജൻ സ്വീകരിക്കുന്നു എന്നാണ് കണക്ക്.

ഇനി ഓക്സിജന്റെ മറ്റുപയോഗങ്ങൾ നോക്കാം

  • വ്യവസായം

വ്യാവസായിക അടിസ്ഥാനത്തിൽ ഉൽപ്പാദിപ്പിക്കുന്ന ഓക്സിജൻ 50 ശതമാനവും ഉപയോഗിക്കുന്നത് മറ്റു വ്യാവസായിക ആവശ്യങ്ങൾക്കു തന്നെയാണ്. ഉദാഹരണത്തിന് സ്റ്റീൽ, രാസവസ്തുക്കൾ ,തുണി ,പ്ലാസ്റ്റിക് മുതലായവയുടെ നിർമ്മാണം, വെൽഡിങ് കട്ടിങ് ജോലികൾ, റോക്കറ്റിൽ ജ്വലന സഹായിയായി എന്നിവയ്ക്ക് ഓക്സിജൻ ആവശ്യമാണ് .പ്രത്യേകം തയ്യാറാക്കിയ രാസവസ്തുക്കളുടെ സാനിധ്യത്തിൽ, ഓക്സിജൻ ജ്വലിപ്പിച്ചു ഉയർന്ന താപനിലയുള്ള ജ്വാല ഉണ്ടാക്കാനാവും. ഏകദേശം ഒരു മീറ്റർ വരെ കനമുള്ള വസ്തുക്കളെ ഇതുപയോഗിച്ചു ആയാസ രഹിതമായി മുറിക്കാനാവും. സാങ്കേതിക വിദ്യയാണ് വെൽഡിങ്ങിലും കട്ടിങ്ങിലും മറ്റും പ്രയോജനപ്പെടുത്തുന്നത്.

  • ആരോഗ്യരംഗം

ബാക്കിയുള്ള 50 ശതമാനത്തിൽ 25-30 % ഉപയോഗിക്കുന്നത് ആരോഗ്യ രംഗത്താണ്. ആശുപത്രികളിൽ ഉപയോഗിക്കുന്ന ലൈഫ് സപ്പോർട്ട് ഉപാധികളായി കൃത്രിമ ശ്വാസത്തിനും(വെന്റിലേറ്റർ) , എംഫിസീമ , ന്യുമോണിയ , ചില പ്രത്യേക തരം ഹൃദ്രോഗങ്ങൾ (Congestive Heart Failure), കൂടുതലായുള്ള CO2 ശ്വസനം, മുതലായവയുടെ ചികിത്സയ്ക്കും മതിയായ അളവിൽ ഓക്സിജൻ കൊടുക്കേണ്ടത് ആവശ്യമാണ്. ജോൺ സ്കോട്ട് ഹാൽഡേയ്ൻ (John Sccot Haldane) എന്ന ഓക്സ്ഫോർഡ് പ്രൊഫസർ ആണ് തന്റെ ഗവേഷണങ്ങളിലൂടെ ഓക്സിജൻ തെറാപ്പി എന്ന ചികിത്സ രീതിയ്ക്ക് തുടക്കമിട്ടത്. അദ്ദേഹം ഇക്കാരണങ്ങൾ കൊണ്ട് തന്നെ ‘Father of Oxygen Therappy’ എന്നറിയപ്പെടുന്നു. Oxygen Mask, Nasal Cannulas എന്നിവയൊക്കെ ഗണത്തിൽപ്പെടും.

ബാക്കി  പ്രധാനമായും ബഹിരാകാശ യാത്രകളിൽ ശ്വസനത്തിനും മറ്റാവശ്യങ്ങൾക്കും ഉപയോഗപ്പെടുത്തുന്നു.

രാസപ്രക്രിയകൾ, സംയുക്തങ്ങൾ

ഓക്സിജന് ഇലക്രോനെഗറ്റിവ് സ്വഭാവമാണെന്നും അഷ്ടകം തികയ്ക്കാന്‍ ബാഹ്യതമ ഷെല്ലിൽ രണ്ടു ഇലെക്ട്രോണിന്റെ കുറവാണുള്ളതെന്നും പറഞ്ഞുവല്ലോ. ഇതിനെയാണ് വാലെൻസി എന്ന് വിളിക്കുന്നത്. രണ്ടു ഇലെക്ട്രോണിനെ സ്വീകരിക്കുന്നത് കൊണ്ട് -2 ആണ് ഓക്സിജന്റെ ഓക്സിഡേഷൻ സ്റ്റേറ്റ്  (അഥവാ  ഇലെക്ട്രോണിനെ നേടാനോ നഷ്ടപ്പെടാനോ ഉള്ള സാധ്യത).  പെറോക്‌സൈഡ് പോലെ അപൂര്‍വ്വം സംയുക്തങ്ങളിൽ ഇതു കൂടാതെ -1 എന്ന നിലയ്ക്ക് കാണപ്പെടുന്നു. 

ജലം ആണ് ഏറ്റവും കൂടുതലായി കാണപ്പെടുന്ന ഓക്സിജൻ സംയുക്തം. കൂടാതെ ഒട്ടുമിക്ക മൂലകങ്ങളുമായും രാസപ്രവർത്തനത്തിൽ ഏർപ്പെടുക വഴി അതാതിന്റെ ഓക്സൈഡുകള്‍ ഉണ്ടാവുന്നുഇരുമ്പ്, അലൂമിനിയം , ടൈറ്റാനിയം, സിങ്ക് മുതലായ മൂലകങ്ങളെയെല്ലാം അതിന്റെ ഓക്സൈഡുകളിൽ നിന്നാണ് വേർതിരിച്ചെടുക്കുന്നത്. ഇതു കൂടാതെ കാര്‍ബോഹൈഡ്രേറ്റ് രൂപത്തിൽ ഭക്ഷണമായും സിലിക്കയുടെ രൂപത്തിൽ (SiO2) പാറകളിലും എന്തിനധികം രക്തത്തിലെ സൂക്ഷ്മഘടകങ്ങളിൽ വരെ ഓക്സിജൻ സാന്നിധ്യമുണ്ട്. ഏറ്റവും ചുരുക്കി പറഞ്ഞാൽ നമ്മൾ കാണുന്ന എന്തിലും ഓക്സിജൻ സാന്നിധ്യമുണ്ട്. ഇനി രസതന്ത്രത്തിലേക്ക് കടന്നാലോ വളരെ ചുരുക്കം സംയുക്തങ്ങൾ ഒഴിച്ചു എല്ലാത്തിലും ഓക്സിജൻ ഉണ്ട്.

ഓസോൺ

ഓസോൺ പാളിയെയും അതിന്റെ ഉപയോഗത്തെയും കുറിച്ച് പറയേണ്ടതില്ലലോ. ഓസോൺ (O3) ഓക്സിജന്റെ ഒരു അവസ്ഥാന്തരം (Allotrope ) ആണ്.

സുരക്ഷയും മുൻകരുതലുകളും

ഇത്രയൊക്കെ ഉപയോഗങ്ങൾ നമ്മൾ അറിഞ്ഞോ അറിയാതെയോ ഓക്സിജന് ഉണ്ടെങ്കിലും അധികമായാൽ അമൃതും വിഷം എന്ന് പറഞ്ഞപോലെ ഇവനും അപകടകാരിയാകും. ഉദാഹരണത്തിന് ഉയർന്ന മർദ്ദത്തിൽ സൂക്ഷിക്കുന്ന ഓക്സിജൻ സിലിണ്ടർ പോലുള്ളവ വലിയ ശക്തിയേറിയ തീപ്പിടിത്തങ്ങൾക്കു കാരണമാകാറുണ്ട്. അപ്പോളോ -1  ന്റെ പരാജയത്തിന് കാരണം ഇത്തരം ഒരു ജ്വലനം (Combustion) ആണെന്നാണ് തെളിഞ്ഞിട്ടുള്ളത്.

ഇതുകൂടാതെ ഓക്സിജന് റാഡിക്കൽസ് എന്ന് വിളിക്കുന്ന അതീവ രാസസ്വഭാവമുള്ള വസ്തുക്കളെ ഉണ്ടാക്കാനുള്ള കഴിവുണ്ട്. ഇവ ത്വരിത ഗതിയിൽ റിയാക്ട് ചെയ്യുന്നത് കൊണ്ട് ധാരാളം പ്രശ്നങ്ങൾ ഉണ്ടാവാറുണ്ട്. ക്യാൻസർ പോലുള്ള രോഗങ്ങളിൽ ഇവയുടെ സാനിധ്യം കാരണമാകാറുണ്ട്.

ശരിയ്ക്കും ഓക്സിജൻ ഒരു ഇത്തിരിക്കുഞ്ഞനാണ്. വലിപ്പത്തിന്റെ കാര്യത്തിൽ പിറകിൽ നിന്നും നാലാമതാണ് ഓക്സിജൻ. ഇതിനു കാരണം , പീരിയോഡിക് ടേബിളിൽ വലത്തോട്ട് പോകുംതോറും ആറ്റത്തിന്റെ വലിപ്പം കുറയുന്നു എന്നതാണ്.. അതായത് , ഓക്സിജൻ സ്ഥിതിചെയ്യുന്ന രണ്ടാം നിരയിൽ ആകെ 2 ഷെല്ലുകളേ ഉള്ളു. വലത്തോട്ട് പോകുംതോറും ന്യൂക്ലിയസ്സിലുള്ള പോസിറ്റീവ് ചാർജ് കൂടുന്നത് കാരണം ചുറ്റുമുള്ള ഇലക്ട്രോണുകളെ  തങ്ങളിലേക്ക് വല്ലാതെ ആകർഷിയ്ക്കും. തൽഫലമായി വലിപ്പം കുറയുന്നു. വലിപ്പം കുറയുന്നതിനനുസരിച്ച് പെട്ടെന്ന് അഷ്ടകം തികയ്ക്കാനുള്ള ധൃതിയും കൂടും . അതാണ് ഓക്സിജന്റെ ക്രിയാശേഷി ഇത്രമേൽ കൂടാൻ കാരണം. ഇക്കാര്യത്തിൽ ഓക്സിജനെ മറികടക്കാൻ ആകെയുള്ളത് അയൽക്കാരിയായ ഫ്ലൂറിൻ (Fluorine, F) മാത്രമാണ്

പ്രധാന വസ്തുതകള്‍  

ഗ്രൂപ്പ് 16 ഉരുകല്‍നില 54.36 K ​(−218.79 °C, ​−361.82 °F)
പീരിയഡ് 2 തിളനില 90.188 K ​(−182.962 °C, ​−297.332 °F)
ബ്ലോക്ക്  p സാന്ദ്രത (g/cm³) 1.429 g/L at STP,  ദ്രാവകം  1.141 g/cm3(at b.p.)
അറ്റോമിക സംഖ്യ 8 ആറ്റോമിക ഭാരം 15.999
അവസ്ഥ  20°C വാതകം ഐസോടോപ്പുകള്‍   16O(99.76%), 17O (0.04%),18O (0.20%)
ഇലെക്ട്രോണ്‍ വിന്യാസം
[He] 2s2 2p4

  1. കൂടുതൽ വിവരങ്ങൾക്കും രസകരമായ വീഡിയോകൾക്കുമായി താഴെക്കാണുന്ന റോയൽ സൊസൈറ്റി ഓഫ് കെമിസ്ട്രിയുടെ വെബ്സൈറ്റ് സന്ദർശിക്കു.http://www.rsc.org/periodic-table/element/8/oxygen

ലൂക്ക ലേഖനങ്ങൾ

Happy
Happy
100 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post ഇന്ന് റഡോൾഫ് വിർക്കോയുടെ ചരമദിനം
Next post ഫ്ലൂറിന്‍ – ഒരു ദിവസം ഒരു മൂലകം
Close