മെഡിക്കൽ ഓക്സിജൻ എങ്ങിനെയാണ് നിർമ്മിക്കുന്നത്?


ഡോ. മുഹമ്മദ് ഷാഫി

എങ്ങനെയാണ് മെഡിക്കൽ ആവശ്യത്തിനായുള്ള ഓക്സിജൻ നിർമ്മിക്കുന്നത് ?

അന്തരീക്ഷ വായുവിൽ നൈട്രജൻ  (78%) , ഓക്സിജൻ  (20.9%), ആർഗൺ  (0.90%) , കാർബൺ ഡയോക്സൈഡ് (0.03%), മറ്റു വാതകങ്ങൾ (0.17%) എന്നിവയാണ് അടങ്ങിയിട്ടുള്ളത്. വായുവിനെ ശീതീകരിച്ചു ദ്രാവകാവസ്ഥയിലാക്കി അതിനെ അംശികസ്വേദനത്തിനു (Fractional distillation) വിധേയമാക്കിയാണ് ഓക്സിജൻ , നൈട്രജൻ എന്നീ വാതകങ്ങളെ വ്യാവസായികാടിസ്ഥാനത്തിൽ ഉൽപ്പാദിപ്പിക്കുന്നത്. (ദ്രവ നൈട്രജന്റെ തിളനില -196oC യും  ഓക്സിജന്റേത് – 183 oC യും  ആണ് ) . സ്വകാര്യ മേഖലയിലും പൊതുമേഖലയിലുമായി ഇത്തരം അനേകം പ്ലാന്റുകൾ കേരളത്തിൽ ഉണ്ട്.

ഇപ്രകാരം വ്യാവസായിക ആവശ്യങ്ങൾക്ക് വേണ്ടി നിർമിക്കുന്ന ഓക്സിജൻ മെഡിക്കൽ ആവശ്യങ്ങൾക്കും ഉപയോഗിക്കാവുന്നതാണ്. അതിനായി  ശുദ്ധിയാക്കിയ സിലിണ്ടറിൽ, അപകടകാരിയാകാവുന്ന പദാർത്ഥങ്ങളും ദുർഗന്ധം ഉള്ളവയും ഇല്ലെന്നു ഉറപ്പുവരുത്തി, ഉയർന്ന മർദ്ദത്തിൽ ശേഖരിക്കാം.

വായുവിലെ പ്രധാന ഘടകമായ നൈട്രജനെ അധിശോഷണം (Adsorption) വഴി നീക്കം ചെയ്ത്  ഓക്സിജന്റെ അളവ് 90-95% ആയി വർധിപ്പിക്കാവുന്ന ഒരു രീതി കഴിഞ്ഞ അഞ്ചു പതിറ്റാണ്ടായി വളർത്തിയെടുത്തിട്ടുണ്ട് . Pressure swing adsorption (PSA) എന്നാണ് അത് അറിയപ്പെടുന്നത്. നൈട്രജനെ മാത്രം അധിശോഷണം വഴി മാറ്റാൻ കഴിവുള്ള സിയോലൈറ്റുകളാണ്(nitrogen specific zeolites: സൂക്ഷ്മ സുഷിരങ്ങളുള്ള ത്രിമാന – three dimensional- ക്രിസ്റ്റലുകളാണ് സിയോലൈറ്റുകൾ ) ഇതിനായി ഉപയോഗപ്പെടുത്തുന്നത്. ഈ പദാർത്ഥം ഉൾക്കൊള്ളുന്ന ചേംബറിലൂടെ ഉന്നത മർദ്ദത്തിൽ വായു കടത്തിവിടുമ്പോൾ നൈട്രജൻ വാതകം മാത്രം അധിശോഷണത്തിനു വിധേയമാകുന്നു. അതിനാൽ പുറത്തേക്കു വരുന്ന വായുവിൽ ഓക്സിജന്റെ അളവ് 90-95% വരെ ആയിരിക്കും.

ഇപ്രകാരം ഓക്സിജൻ സാന്ദ്രീകരണം നടത്താവുന്ന മൂന്നു പ്ലാന്റുകൾ കേരളത്തിലെ സർക്കാർ മെഡിക്കൽ കോളേജുകളിൽ സ്ഥാപിച്ചിട്ടുണ്ടെന്നും അവ മെയ് മാസത്തോടെ ഉൽപ്പാദനം ആരംഭിക്കുമെന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഈ സാങ്കേതിക വിദ്യ ഉപയോഗിച്ച് നിർമിച്ച ,വീട്ടിൽ ഉപയോഗിക്കാവുന്നതും കൊണ്ട് നടക്കാവുന്നതുമായ ഓക്സിജൻ സാന്ദ്രീകരണികൾ ലഭ്യമാണ്.


മറ്റു ലേഖനങ്ങൾ

Leave a Reply