Read Time:20 Minute


ഡോ. സംഗീത ചേനംപുല്ലി

കോവിഡ് വൈറസ് വ്യാപനം കൂടുകയും രോഗബാധിതര്‍ ഏറെയും വീട്ടില്‍ത്തന്നെ തുടരുകയും ചെയ്യുന്ന സാഹചര്യത്തില്‍ താരമായ ഉപകരണമാണ് പള്‍സ് ഓക്സിമീറ്റര്‍. പെട്ടെന്ന് ഓക്സിജന്‍ നില താഴ്ന്നുള്ള അപകടങ്ങളില്‍ നിന്ന് രോഗികളെ രക്ഷിക്കുന്നത് ഈ ഉപകരണമാണ്.

കോവിഡ് ബാധിതയാകും വരെ സങ്കീര്‍ണ്ണമായ ഘടനയുള്ള വലിയ ഒരുപകരണമാണ് അതെന്നായിരുന്നു ധാരണ.  കുപ്പിക്കുള്ളില്‍ കുഴലുകളും ഗുളു ഗുളു എന്ന് പൊങ്ങി വരുന്ന കുമിളകളും ഒക്കെയുള്ള ഒന്നിനെ സങ്കല്‍പ്പിക്കുകയും ചെയ്തു. ആരോഗ്യവകുപ്പ് അധികൃതര്‍ കൊണ്ടുതന്നതോ ഉണക്കാന്‍ ഇടുന്ന തുണികള്‍ പറന്നുപോകാതിരിക്കാന്‍ കുത്തുന്ന ക്ലിപ്പ് പോലൊരു കുഞ്ഞന്‍ യന്ത്രം. എന്നാല്‍ പിന്നെ ഈ ഇത്തിരിക്കുഞ്ഞന്‍ എങ്ങനെയാണ് ആളുകളെ രക്ഷിക്കുന്നത് എന്നായി അത്ഭുതം.

പള്‍സ് ഓക്സിമീറ്റര്‍ നേരത്തെ സൂചിപ്പിച്ച പോലെ വളരെ ചെറുതും കാഴ്ചക്ക് ലളിതവുമായ ഒരുപകരണമാണ്. ഒരു പ്ലാസ്റ്റിക് ക്ലിപ്പിനു മുകളില്‍ ഒരു ഇലക്ട്രോണിക് സ്ക്രീനും പവര്‍ ബട്ടനുമുള്ള ഈ ഉപകരണം വിരലില്‍ ക്ലിപ്പ് ചെയ്താണ് ഓക്സിജന്‍ നില (peripheral oxygen saturation) അളക്കുന്നത്.ചെവിയില്‍ ഘടിപ്പിക്കാവുന്നവയും ഉണ്ടെങ്കിലും സാധാരണ ഉപയോഗത്തിലുള്ളത് വിരലില്‍ ഇടുന്നത് തന്നെ. അതിന്റെ വിശദാംശങ്ങളിലേക്ക് പോവും മുന്‍പ് ഓക്സിജന്‍ നമ്മുടെ രക്തപര്യയന വ്യവസ്ഥയില്‍ പ്രവർത്തിക്കുന്നതെങ്ങനെ എന്ന് പറയേണ്ടി വരും. നമുക്കെല്ലാം അറിയാവും പോലെ ശരീര കോശങ്ങളുടെ പ്രവര്ത്തനത്തിന് ഓക്സിജന്‍ അത്യാവശ്യമാണ്. കോശങ്ങളിലെ ഊര്‍ജ്ജവിനിമയ പ്രക്രിയക്ക് ഓക്സിജന്റെ സാന്നിധ്യം കൂടിയേതീരൂ എന്നതുകൊണ്ടാണിത്. വളരെ കഠിനമായ  സാഹചര്യങ്ങളില്‍ ജീവിക്കുന്ന ചില ഏകകോശജീവികള്‍ മാത്രമേ ശ്വസനത്തിന് ഓക്സിജനെ ആശ്രയിക്കാത്തതുള്ളൂ. അന്തരീക്ഷ വായുവില്‍ ഇരുപത്തൊന്ന് ശതമാനത്തോളം ഓക്സിജന്‍ ആയതുകൊണ്ട് അത് ചുറ്റുപാടും നിന്ന് വെറുതേ വലിച്ചെടുക്കുകയേ വേണ്ടൂ എന്ന് കരുതേണ്ട. സങ്കീര്‍ണ്ണമായ ഒരുപാട് ജൈവരാസപ്രവര്‍ത്തനങ്ങള്‍ ശ്വസനത്തിന്‍റെ ഭാഗമായി നടക്കുന്നുണ്ട്.

ശ്വാസകോശങ്ങളില്‍ വെച്ച് ശ്വസന വായുവിലെ ഓക്സിജന്‍ രക്തവുമായി കലരുന്നു. ശ്വാസകോശത്തിലെ കുഞ്ഞുകുഞ്ഞു വായുഅറകളില്‍ (ALVEOLI) വെച്ചാണ് ഈ കൂടിക്കലരല്‍ സംഭവിക്കുന്നത്. ഓക്സിജനെ കൈക്കൊള്ളാന്‍ സഹായിക്കുന്നത് പ്രധാനമായും രക്തത്തിലെ വര്‍ണ്ണകമായ ഹീമോഗ്ലോബിനാണ്. 97% ഓക്സിജനേയും കലകളിലേക്ക് ഹീമോഗ്ലോബിന്‍ വഹിച്ചുകൊണ്ട് പോകുന്നു. ബാക്കി മൂന്നു ശതമാനം മാത്രമാണ് പ്ലാസ്മയില്‍ അലിയുന്നത്. ഒരു ഹീമോഗ്ലോബിന്‍ തന്മാത്രക്ക് നാല് ഓക്സിജന്‍ തന്മാത്രകളോട് വരെ കൂടിച്ചേരാന്‍ കഴിയും. ഹീമോഗ്ലോബിന്‍ ഇങ്ങനെ ഓക്സിഹീമോഗ്ലോബിന്‍ ആയി മാറും. ഹീമോഗ്ലോബിനിലെ നാല് പ്രോട്ടീന്‍ ചങ്ങലകളുടെ ഘടനാമാറ്റം വഴിയാണ് ഇത് സാധ്യമാകുന്നത്. പിന്നീട് ഓക്സിജന്‍ സമൃദ്ധമായ രക്തം ശ്വാസകോശത്തില്‍ നിന്ന് ഹൃദയത്തിന്റെ ഇടത്തേ അറയില്‍ എത്തുന്നു.

ഹീമോഗ്ലോബിൻ പ്രോട്ടീൻ ചങ്ങലയുടെ ഘടനാമാറ്റം- ഹീമോഗ്ലോബിന്‍ ഓക്സിഹീമോഗ്ലോബിന്‍ ആയി മാറുന്നു

ഈ രക്തത്തെ ഹൃദയം കലകളിലേക്ക് പമ്പ് ചെയ്യുന്നു. അവയിലുള്ള അനേകം ചെറുരക്തക്കുഴലുകളിലൂടെ ഓക്സിജന്‍ ധാരാളമുള്ള രക്തം ഒഴുകുന്നു. കലകളിലെ ഓക്സിജന്‍ സാന്ദ്രത രക്തത്തിലേതിനേക്കാള്‍ കുറവായിരിക്കും. അപ്പോള്‍ ഓക്സിജന്‍ ഹീമോഗ്ലോബിനില്‍ നിന്ന് വേര്‍പെടുന്നു. പകരം കലകളിലെ ഊര്‍ജ്ജ നിര്‍മ്മാണത്തിനിടെ ബാക്കിയായ കാര്‍ബണ്‍ഡയോക്‌സയിഡിനെ തിരികെ ശ്വാസകോശത്തിലേക്ക് വഹിച്ചുകൊണ്ടുവരുന്നു. ഭൂരിഭാഗം കാര്‍ബണ്‍ഡയോക്‌സയിഡും പ്ലാസ്മയിലാണ് ലയിക്കുക. കുറച്ച് കാര്‍ബമിനോ ഹീമോഗ്ലോബിന്‍ ആയും, കുറച്ച് കാര്‍ബണേറ്റ് ആയും ഹൃദയം വഴി ശ്വാസകോശത്തില്‍ തിരിച്ചെത്തുന്നു. രക്തത്തില്‍ നിന്ന് വേര്‍പെട്ട് കാര്‍ബണ്‍ഡയോക്സൈഡ് ശ്വാസനാളിയിലൂടെ പുറത്തേക്ക് പോകുന്നു. ഇതിനിടെ പല ശ്വസന എന്‍സൈമുകളും പ്രവര്‍ത്തിക്കുകയും നിരവധി ഭൗതിക രാസമാറ്റങ്ങള്‍ സംഭവിക്കുകയും ചെയ്യുന്നുണ്ട്. ഓക്സിജന്‍ ധാരാളമുള്ള ധമനികളിലെ രക്തത്തിന്‍റെ നിറം നല്ല ചുവപ്പും സിരകളിലേതിന്‍റെ നിറം ഇരുണ്ടതും ആയിരിക്കും.

ഇനി ഓക്സിമീറ്ററിലേക്ക് വരാം. ഹീമോഗ്ലോബിന്‍ എത്രമാത്രം ഓക്സിജന്‍ പൂരിതമാണ് എന്നാണ് ഓക്സിമീറ്ററുകള്‍ അളക്കുന്നത് (peripheral oxygen saturation). ചുവന്ന പ്രകാശവും(തരംഗദൈര്‍ഘ്യം 660 nm) ഇന്‍ഫ്രാറെഡ് കിരണങ്ങളും (തരംഗദൈര്‍ഘ്യം 940 nm) പുറപ്പെടുവിക്കുന്ന രണ്ട് പ്രകാശ സ്രോതസ്സുകളും പ്രകാശം പിടിച്ചെടുക്കുന്ന ഒരു സെന്‍സറുമാണ് ഈ ഉപകരണത്തിന്‍റെ പ്രധാന ഭാഗങ്ങള്‍. ഓക്സിജന്‍ സാന്ദ്രതയും സംവഹന ശേഷിയും അളക്കാനായി ഇവക്ക് രണ്ടിനും ഇടയിലായാണ് നമ്മുടെ വിരല്‍ വെയ്ക്കേണ്ടത്. സ്രോതസ്സ് പുറപ്പെടുവിക്കുന്ന പ്രകാശത്തില്‍ ഒരു ഭാഗം വിരല്‍ ആഗിരണം ചെയ്യുകയും ബാക്കി വിരലിനുള്ളിലൂടെ സഞ്ചരിച്ച് മറുപുറത്ത് എത്തുകയും ചെയ്യുന്നു. ആഗിരണം ചെയ്യപ്പെടുന്ന പ്രകാശത്തിന്റെ അളവ് പല ഘടകങ്ങളെ ആശ്രയിച്ചിരിക്കും. ഒന്നാമത്തേത് രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവാണ്. ഒരു ലായനിയിലൂടെ പ്രകാശം കടന്നുപോകുമ്പോള്‍ അത് ആഗിരണം ചെയ്യപ്പെടുന്നത് ലായനിയിലെ വസ്തുവിന്റെ ഗാഡതയുടെ നേര്‍ അനുപാതത്തിലായിരിക്കും എന്ന ബിയര്‍ നിയമം തന്നെയാണ് ഇവിടെയും ബാധകം. ഹീമോഗ്ലോബിന്‍റെ അളവ് കൂടുമ്പോള്‍ ആഗിരണവും കൂടും. അടുത്ത ഘടകം ധമനിയുടെ വ്യാസമാണ്. വ്യാസം കൂടുമ്പോള്‍ കൂടുതല്‍ ഹീമോഗ്ലോബിന്‍ തന്മാത്രകളുമായി പ്രകാശം സമ്പര്‍ക്കത്തില്‍ വരും. അപ്പോഴും ആഗിരണം കൂടും.ലായനിയിലൂടെ സഞ്ചരിക്കുന്ന ദൂരം കൂടുമ്പോള്‍ ആഗിരണം കൂടുമെന്ന ലാംബര്‍ട്ട് നിയമമാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്. ഓക്സിജന്‍ സമ്പന്നമായ രക്തം നിറഞ്ഞ ധമനി മുകളില്‍ വരും വിധത്തിലാണ് ഓക്സിമീറ്ററില്‍ വിരല്‍ വെക്കേണ്ടത്. അതായത് നഖം മുകളില്‍ വരുന്ന വിധത്തില്‍.

ധമനികളിലെ ഓക്സിഹീമോഗ്ലോബിനും ഡീഓക്സി ഹീമോഗ്ലോബിനും പ്രകാശത്തെ ആഗിരണം ചെയ്യുന്നത് വ്യത്യസ്ത രീതിയിലാണ്‌. ഓക്സിഹീമോഗ്ലോബിന്‍ ചുവന്ന പ്രകാശത്തെ കുറവും ഇന്‍ഫ്രാറെഡ് കിരണങ്ങളെ കൂടുതലും ആഗിരണം ചെയ്യുന്നു. നേരെ തിരിച്ച് ഡീഓക്സി ഹീമോഗ്ലോബിന്‍ ചുവന്ന പ്രകാശത്തെ കൂടുതലായും ഇന്‍ഫ്രാറെഡ് പ്രകാശത്തെ കുറച്ചുമാത്രവും ആഗിരണം ചെയ്യുന്നു. രണ്ട് തരം കിരണങ്ങളും എത്രമാത്രം ആഗിരണം ചെയ്യപ്പെട്ടു എന്ന് അളന്ന് താരതമ്യം ചെയ്താണ് ഓക്സിമീറ്റര്‍ ഓക്സിജന്‍ സാന്ദ്രത കണക്കാക്കുന്നത്. രോഗിയുടെ രക്തത്തിലെ ഓക്സിഹീമോഗ്ലോബിന്‍റെ അളവില്‍ വ്യത്യാസം വരുന്നതിനനുസരിച്ച് പ്രകാശത്തിന്റെ ആഗിരണത്തിന്‍റെ അനുപാതത്തില്‍ വ്യത്യാസമുണ്ടാവും. ഇത് മെഷീനില്‍ ഉള്ള കാലിബ്രേഷന്‍ ഗ്രാഫുമായി താരതമ്യം ചെയ്ത് ഓക്സിജന്‍ സാന്ദ്രത ഡിസ്പ്ലേയില്‍ തെളിയുന്നു.

ഓക്സിമീറ്ററുകളിലെ പ്രകാശസ്രോതസ്സുകളായി എല്‍.ഇ.ഡി.കളാണ് ഉപയോഗിക്കുന്നത്. ചെറുതും, കുറഞ്ഞ ഊര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കുന്നതും, എളുപ്പത്തില്‍ ചൂടാകാത്തതും ആയ ഇവ ആവശ്യമായതരംഗ ദൈര്‍ഘ്യമുള്ള ചുവപ്പ്, ഇന്‍ഫ്രാറെഡ് കിരണങ്ങള്‍ പുറപ്പെടുവിക്കുന്നു. ഇവക്ക് വില കുറവായതിനാല്‍ ഓക്സിമീറ്ററുകളുടെ നിര്‍മ്മാണച്ചെലവ്‌ താരതമ്യേന കുറവുമാണ്. രണ്ട് എല്‍.ഇ.ഡി.കളില്‍ നിന്നുമുള്ള പ്രകാശത്തെ പിടിച്ചെടുക്കുന്നതിനൊപ്പം തന്നെ മുറിയിലെ സാധാരണ വെളിച്ചവും സെന്‍സറില്‍ എത്തുന്നുണ്ട്. ഇതിനെ എങ്ങനെ ഒഴിവാക്കാം എന്നതാണ് അടുത്ത പ്രശ്നം. ഓക്സിമീറ്ററിലെ രണ്ട് എല്‍ ഇ ഡികളും ഒരുമിച്ച് പ്രവര്‍ത്തിക്കുന്നില്ല. ആദ്യം ചുവപ്പ് എല്‍ ഇ ഡി കത്തുന്നു, സെന്‍സര്‍ സ്വീകരിക്കുന്ന പ്രകാശത്തില്‍ ചുവപ്പ് വെളിച്ചവും, മുറിയിലെ വെളിച്ചവും ഉണ്ടാവും. അടുത്തതായി ഇന്‍ഫ്രാറെഡ് എല്‍.ഇ.ഡി തെളിയുന്നു. അപ്പോള്‍ സെന്‍സറില്‍ എത്തുക IR കിരണങ്ങളും മുറിയിലെ പ്രകാശവും ചേര്‍ന്നാവും. യഥാര്‍ത്ഥത്തില്‍ ഒരു സെക്കന്‍റില്‍ തന്നെ പലവട്ടം ഇവ മങ്ങിത്തെളിയുന്നുണ്ട്. അവസാനം രണ്ട് എല്‍ ഇ ഡികളും അണയുമ്പോള്‍ മുറിയിലെ വെളിച്ചം മാത്രം രേഖപ്പെടുത്തുന്നു. എന്നിട്ട് ഇത് ആദ്യത്തെ രണ്ട് റീഡിംഗുകളില്‍ നിന്നും കുറച്ച് യഥാര്‍ത്ഥ ആഗിരണം കണ്ടെത്തുന്നു. ഈ സങ്കീര്‍ണ്ണ പ്രക്രിയകള്‍ ഓക്സിമീറ്ററില്‍ ഉള്ളടങ്ങിയിട്ടുള്ള പ്രോഗ്രാമാണ് ചെയ്യുന്നത്. എങ്കിലും മുറിയിലെ പ്രകാശത്തിന്‍റെ അളവ് വല്ലാതെ കൂടുന്നത് കിട്ടുന്ന ഫലത്തെ ബാധിക്കാന്‍ ഇടയുണ്ട്. ഓക്സിമീറ്റര്‍ ഉപയോഗിക്കുമ്പോള്‍ പ്രകാശസ്രോതസ്സിന്റെ തൊട്ടടുത്ത് നില്‍ക്കാത്തതാണ് നല്ലത്.

ഗുണങ്ങളും ഉപയോഗങ്ങളും

പള്‍സ് ഓക്സിമീറ്ററിന്റെ ഉപയോഗം വളരെ ലളിതമാണ്. ശരീരത്തിനുള്ളിലെക്ക് ഘടിപ്പിക്കുകയോ രക്തം കുത്തിയെടുക്കുകയോ ചെയ്യേണ്ട ആവശ്യമില്ല. കുറഞ്ഞ സമയം കൊണ്ട് ഓക്സിജന്‍ നില അറിയാന്‍ കഴിയും. ചിലവ് താരതമ്യേന കുറവായതിനാല്‍ വാങ്ങിവെച്ച് സ്വയം ഉപയോഗിക്കുകയും ആവാം. കോവിഡ് പോലെ പെട്ടെന്ന് ഓക്സിജന്‍ നില താഴാന്‍ ഇടയുള്ള സാഹചര്യങ്ങളില്‍ മരണം ഒഴിവാക്കാന്‍ സഹായിക്കും. ശ്വാസകോശ രോഗങ്ങള്‍, ഹൃദ്രോഗം, ആസ്ത് മ എന്നിവയൊക്കെ ഉള്ളവര്‍ക്ക് സ്വയം തന്നെ ആരോഗ്യാവസ്ഥ വിലയിരുത്താന്‍ സഹായകമാണ്. മാത്രമല്ല അനസ്തീഷ്യ നല്‍കുന്ന സമയത്ത് ഓക്സിജന്‍ സാന്ദ്രത ഉറപ്പുവരുത്താനും ശസ്ത്രക്രിയക്കിടെയുള്ള പരിശോധനകള്‍ക്കും ഉപയോഗിക്കുന്നു. നവജാത ശിശുക്കളില്‍ ഓക്സിജന്‍ സാന്ദ്രത അളക്കാന്‍ ഏറ്റവും അനുയോജ്യമായ മാര്‍ഗ്ഗവും ഇതുതന്നെ. ഇപ്പോള്‍ സ്മാര്‍ട്ട്‌ വാച്ചുകളില്‍ ഉള്‍പ്പെടുത്താന്‍ തുടങ്ങിയതോടെ പള്‍സ് ഓക്സിമീറ്ററുകള്‍ കൂടുതല്‍ സാധാരണമായി മാറിക്കഴിഞ്ഞു. കോവിഡ് ബാധിച്ച സാഹചര്യങ്ങളില്‍ ഓക്സിജന്‍ സാന്ദ്രത 95 ശതമാനത്തില്‍ താഴ്ന്നാൽ‍ ആശുപത്രിയില്‍ ഉടനെ എത്തുന്നതാണ് അഭികാമ്യം.

കാലിബ്രേഷന്‍ പ്രക്രിയ

ധമനികളിലെ രക്തത്തിന്‍റെ ആഗിരണ ക്ഷമത  ബിയര്‍ ലാംബര്‍ട്ട് നിയമം വെച്ച് കണക്കാക്കുന്നതില്‍ ചെറിയൊരു തകരാറുണ്ട്. എല്ലാ ഭാഗത്തും ഒരേ ഘടനയുള്ള ലായനികളിലേ ഈ നിയമം ഉപയോഗിക്കാനാവൂ. രക്തത്തില്‍ ചുവന്ന രക്താണുക്കളും മറ്റ് പല ഘടകങ്ങളും ഉള്ളതുകൊണ്ട് പ്രകാശാഗിരണം മാത്രമല്ല വിസരണവും സംഭവിക്കും. ഇതുകൊണ്ടുണ്ടാകുന്ന തെറ്റുകള്‍ക്കുള്ള പരിഹാരമാണ് കാലിബ്രേഷന്‍ ഗ്രാഫുകള്‍. വളണ്ടിയര്‍മാരെ ഉപയോഗിച്ചാണ് ഇവ തയ്യാറാക്കുന്നത്. ഇതിനായി പള്‍സ് ഓക്സിമീറ്റര്‍ അവരുടെ ശരീരത്തോട് ഘടിപ്പിക്കുന്നു. അവര്‍ ശ്വസിക്കുന്ന ഓക്സിജന്റെ അളവ് ക്രമാനുഗതമായി കുറച്ച് രക്തത്തിന്‍റെ നേരിട്ടുള്ള അനാലിസിസ് വഴി ഓരോ ഘട്ടത്തിലും ഓക്സിജന്‍ സാന്ദ്രത കണ്ടുപിടിക്കുന്നു. ഇതും ഓക്സിമീറ്ററിലെ റീഡിംഗുമായി താരതമ്യം ചെയ്താണ് കാലിബ്രേഷന്‍ ഗ്രാഫ് തയ്യാറാക്കുന്നത്. ഈ കാലിബ്രേഷന്‍ ഗ്രാഫുമായി ഒത്തുനോക്കി ഉറപ്പുവരുത്തിയ റിസള്‍ട്ട് ആണ് പള്‍സ് ഓക്സിമീറ്റര്‍ നമുക്ക് തരുന്നത്. ഓക്സിജന്‍ അപര്യാപ്തത കാരണം വളണ്ടിയര്‍മാര്‍ക്ക് അപകടമുണ്ടാകാതിരിക്കാന്‍ വേണ്ടി 75-80% വരെയുള്ള ഓക്സിജന്‍ സാന്ദ്രതയേ അളക്കാറുള്ളൂ. അതുകൊണ്ട് തന്നെ ഈ അളവില്‍ ഓക്സിജന്‍ കുറഞ്ഞാല്‍ പള്‍സ് ഓക്സിമീറ്റര്‍ കാണിക്കുന്ന കണക്കുകള്‍ തെറ്റാന്‍ സാധ്യത കൂടും.

മറ്റൊരു പ്രശ്നം ധമനികളിലെ രക്തം മാത്രമല്ല പ്രകാശത്തെ ആഗിരണം ചെയ്യുക എന്നതാണ്. കൊഴുപ്പ് കലകളും, തൊലിയുമെല്ലാം ആഗിരണത്തില്‍ പങ്കെടുക്കുന്നു. ഇതില്‍ നിന്ന് ധമനിയിലെ രക്തം ആഗിരണം ചെയ്യുന്ന അളവ് മാത്രം എങ്ങനെ വേര്‍തിരിക്കും? വിരലുകളില്‍ രക്തം സ്പന്ദിക്കുന്ന (pulsating blood) ഒരേയൊരു സ്ഥലം ധമനിയില്‍ മാത്രമാണ്. അതില്‍ നിന്ന് കിട്ടുന്ന ആഗിരണ സിഗ്നലും പള്‍സ് രൂപത്തില്‍ ആയിരിക്കും. പള്‍സ് ഓക്സിമീറ്റര്‍ സ്പന്ദരൂപത്തിലുള്ള ഈ സിഗ്നലിനെ മാത്രം വേര്‍തിരിച്ചെടുക്കുന്നു. എന്നാല്‍ ഇത് മൊത്തം ആഗിരണത്തിന്‍റെ രണ്ട് ശതമാനം മാത്രമായിരിക്കും. അതുകൊണ്ട് വിരലില്‍ ഓക്സിമീറ്റര്‍ ശരിക്ക് ധരിച്ചില്ലെങ്കിലോ, കൂടുതല്‍ ഇളകിയാലോ ഒക്കെ എളുപ്പത്തില്‍ തെറ്റായ റിസള്‍ട്ട് കിട്ടാം. ഇക്കാര്യങ്ങള്‍ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കണം. മാത്രമല്ല റീഡിംഗിനൊപ്പം കാണുന്ന പള്‍സ് സിഗ്നല്‍ ക്രമത്തിലാണോ എന്ന് പരിശോധിക്കുകയും ചെയ്യുക.

മറ്റ് വൈദ്യുതകാന്തിക കിരണങ്ങളുടെ സാന്നിധ്യം ഇന്‍റര്‍ഫെറന്‍സ് ഉണ്ടാക്കാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് ഉപയോഗിക്കുമ്പോള്‍ അടുത്ത് മറ്റുപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കാത്തതാണ് നല്ലത്. നഖങ്ങളില്‍ നെയില്‍ പോളിഷ് ഉപയോഗിച്ചാലും തെറ്റുകള്‍ സംഭവിക്കാന്‍ സാധ്യത കൂടുതലാണ്. രക്തസമ്മര്‍ദ്ദം തീരെ താണ അവസ്ഥയിലും, കാര്‍ബണ്‍മോണോക്സൈഡ് ശ്വസിച്ച അവസ്ഥയിലുമൊന്നും ഓക്സിമീറ്ററിനെ ആശ്രയിക്കരുത്. കൈകള്‍ ദീര്‍ഘനേരം നനഞ്ഞും വല്ലാതെ തണുത്തും ഇരിക്കുമ്പോഴും രേഖപ്പെടുത്തുന്ന ഓക്സിജന്‍ സാന്ദ്രത തെറ്റാകാന്‍ സാധ്യതയേറും.

പെർഫ്യൂഷന്‍ ഇൻഡക്സ്

ധമനികളില്‍ നിന്ന് കലകളിലേക്ക് ഉള്ള രക്തത്തിന്റെ ഒഴുക്കാണ് പെർഫ്യൂഷന്‍. കലകളുടെയും അവയവങ്ങളുടെയും ആരോഗ്യകരമായ പ്രവര്‍ത്തനത്തിന് അവയിലേക്കുള്ള ശരിയായ രക്തചംക്രമണം അത്യാവശ്യമാണ്. ഓക്സിമീറ്ററില്‍ ധമനിയില്‍ നിന്നുള്ള സ്പന്ദ രൂപത്തിലുള്ള ആഗിരണ സിഗ്നലും, ചുറ്റുപാടുമുള്ള കലകളില്‍ നിന്നുള്ള സിഗ്നലും തമ്മിലുള്ള അനുപാതമാണ് പെര്ഫ്യൂഷന്‍ ഇന്ഡക്സ്. 0.2 % നും 20 % നും ഇടയിലാണ് ഇതിന്റെ അളവ്. ശരീരത്തിലെ രക്തപര്യയനം ആരോഗ്യകരമായ രീതിയിലാണ് എന്ന് ഉറപ്പുവരുത്താന്‍ ഇതളക്കുന്നത് സഹായിക്കും.

എങ്ങനെ ഉപയോഗിക്കണം

നെയില്‍ പോളിഷ് ഇടാത്ത വിരലില്‍ പള്‍സ് ഓക്സിമീറ്റര്‍ നഖം മുകള്‍ഭാഗത്ത് വരുന്ന വിധം ഘടിപ്പിക്കുക. ഓക്സിമീറ്ററിന്റെ പവര്‍ ബട്ടണ്‍ ഓണ്‍ ചെയ്ത ശേഷം കൃത്യമായ പള്‍സ് സിഗ്നല്‍ കാണും വരെ കാത്തിരിക്കണം. ശ്വസന പ്രശ്നങ്ങൾ ഉള്ളവർ സാധാരണ അവസ്ഥയിൽ റീഡിംഗ് ശരിയാണെങ്കിലും  ഒരു മിനിറ്റ് നടന്ന ശേഷം ഓക്സിമീറ്റര്‍ വീണ്ടും ഉപയോഗിക്കുന്നത് നല്ലതാണ്. SpO2 (peripheral oxygen saturation), നാഡി മിടിപ്പ് (pulse rate), പെർഫ്യൂഷന്‍ ഇന്ഡക്സ് എന്നിവ ഒറ്റ നോട്ടത്തില്‍ തന്നെ മനസിലാക്കാം. SpO2  95% ലും പെര്ഫ്യൂഷന്‍ ഇന്ഡക്സ് 2% ലും കുറഞ്ഞാല്‍ വിദഗ്ധോപദേശം തേടണം.  SpO2 90% ല്‍ താഴുന്നത് അതീവ ഗൌരവമായിക്കണ്ട് ഉടന്‍ വൈദ്യസഹായം തേടണം. കൈ വൃത്തിയായിരിക്കുക, വിരല്‍ ഇളക്കാതിരിക്കുക, പ്രകാശ സ്രോതസ്സിന്റെ തൊട്ടടുത്ത് നില്‍ക്കാതിരിക്കുക തുടങ്ങിയ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ തെറ്റ് വരാനുള്ള സാധ്യത കുറയ്ക്കാം.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
100 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post വൈദ്യുത വാഹനങ്ങൾ പരിസ്ഥിതി സൗഹാർദ്ദപരമോ?
Next post ചില പ്രകൃതി വാതക വിശേഷങ്ങൾ
Close