Coraccidae കുടുംബത്തിൽപ്പെട്ടത്തും ഇന്ത്യയിൽ കാണപ്പെടുന്നതുമായ ഒരു കാട്ടുപക്ഷിയാണ് കാട്ടുപനങ്കാക്ക. ഹിമാലയത്തിലും വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലും തെക്കു പടിഞ്ഞാറൻ സംസ്ഥാനങ്ങളിലും കാട്ടുപനങ്കാക്ക കാണപ്പെടുന്നു. ദൂരെക്കാഴ്ചയിൽ ഒരു കറുത്തപക്ഷിയായിട്ടു തോന്നിക്കുമെങ്കിലും ഇവയുടെ ശരീരം ഇരുണ്ട പച്ചയും നീലയും കലർന്നതാണ്. കറുത്ത തലയും, നീളം കുറഞ്ഞതും വീതിയുള്ളതുമായ ഓറഞ്ച് കലർന്ന ചുവന്ന കൊക്കും, കൊക്കിന്റെ അറ്റത്തു കറുത്ത നിറവും, ചുവന്ന കാലുകളും, തൊണ്ടയിലും വാലിന് അടിവശത്തും തിളങ്ങുന്ന ഇളം നീലനിറവും ആണ് കാട്ടുപനങ്കാക്കയ്‌ക്ക്. പ്രായപൂർത്തി ആകാത്ത കാട്ടുപനങ്കാക്കയ്‌ക്ക് മങ്ങിയ രൂപവും കൊക്കുകൾക്കും കാലുകൾക്കും വിളറിയ പിങ്ക് നിറവും ആയിരിക്കും. കൂടാതെ തൊണ്ടയിലെ തിളങ്ങുന്ന ഇളം നീല നിറവും കാണില്ല. ആൺ പെൺപക്ഷികൾ രൂപത്തിൽ ഒരേ പോലെ ആണെങ്കിലും പെൺപക്ഷികൾ പൂവനേക്കാൾ കുറച്ചു മങ്ങിയ നിറത്തിൽ ആയിരിക്കും. കാട്ടുപനങ്കാക്ക പറക്കുമ്പോൾ ചിറകുകളുടെ അറ്റത്തു വൃത്താകൃതിയിൽ നീല നിറത്തിൽ ഒരടയാളം കാണാം. ഇതിനു ഡോളർ നാണയത്തോട് സാദൃശ്യമുള്ളതിനാലാണ് കാട്ടുപനങ്കാക്കയ്‌ക്ക് Dollar bird എന്ന പേരു കിട്ടിയത്. നിത്യഹരിത വനങ്ങളിലും തുറസ്സായ കാടോരങ്ങളിലും കാട്ടുപനങ്കാക്കയെ കാണുവാൻ സാധിക്കും. മിക്കപ്പോഴും ഇവ ഉണങ്ങിയ മരങ്ങൾക്ക് മുകളിലോ വൻമരങ്ങളുടെ നഗ്നമായ ശാഖകളിലോ ആണ് ഇരിക്കാറ്. പറന്നു നടക്കുന്ന പാറ്റകളും പ്രാണികളും വണ്ടുകളും ആണ് മുഖ്യ ആഹാരം. പറന്നു ചെന്നു ഇരയെ പിടിച്ചു പൂർവ്വസ്ഥാനത്തു തന്നെ വന്നിരുന്നു ഇരയെ ഭക്ഷിക്കുന്നതാണ് ഈ പക്ഷിയുടെ സ്വഭാവം. മാർച്ച് മുതൽ മേയ് വരെ ആണ് പ്രജനന കാലഘട്ടം.
ശബ്ദം കേൾക്കാം
ചിത്രം, വിവരങ്ങൾ : സന്തോഷ് ജി കൃഷ്ണ