Read Time:39 Minute

ലണ്ടനിലെ വിഖ്യാതമായ ബ്ലാക്ക് ക്യാബ് എന്ന ടാക്സി ഓടിക്കാനുള്ള ലൈസൻസ് ലഭിക്കണമെങ്കിൽ ഡ്രൈവർമാർ പാസാകേണ്ടുന്ന ഒരു ബുദ്ധിമുട്ടേറിയ പരീക്ഷയുണ്ട്. ദി നോളഡ്ജ് ടെസ്റ്റ് (The Knowledge) എന്നറിയപ്പെടുന്ന ഈ പരീക്ഷ പാസാവണമെങ്കിൽ ഏകദേശം 320 റൂട്ടുകളും 25,000 തെരുവുകളും പഠിക്കുകയും അവയെല്ലാം മനഃപാഠമാക്കുകയും വേണം. ഇത് കൂടാതെ വിനോദസഞ്ചാര കേന്ദ്രങ്ങൾ മുതൽ മ്യൂസിയങ്ങൾ, പാർക്കുകൾ, പള്ളികൾ, തിയേറ്ററുകൾ, സ്കൂളുകൾ എന്നിങ്ങനെ ഏകദേശം 20,000 ലാൻഡ്മാർക്കുകളും പൊതുസ്ഥലങ്ങളും അവർ മനഃപാഠമാക്കണം. ഈ പരീക്ഷയ്ക്കായുള്ള പഠനപ്രക്രിയ പൂർത്തിയാകാൻ ഒരാൾ സാധാരണയായി രണ്ടു മുതൽ നാല് വർഷം വരെ സമയമെടുക്കും.

ലണ്ടനിലെ ബ്ലാക്ക് ക്യാബ്

ഈ ബ്ലാക്ക് ക്യാബ് ഡ്രൈവർമാരുടെ മസ്തിഷ്കം സ്കാൻ ചെയ്തു പഠിക്കുകയും അവരുടെ ഹിപ്പോകാമ്പസിന്റെ പിൻഭാഗത്തിന് അസാധാരണമായ വലിപ്പം ഉണ്ടെന്നു കണ്ടെത്തിയതിനുമാണ് വെൽക്കം ട്രസ്റ്റ് ഫോർ ന്യൂറോ ഇമേജിങ്ങിൽ (Wellcome Trust Centre for Neuroimaging) ശാസ്ത്രജ്ഞയായ എലനോർ മാഗ്വെയർ (Eleanor Maguire) ഇഗ്‌ നോബൽ സമ്മാന (Ig Nobel Prize) ജേതാവായത്. 

എലനോർ മാഗ്വെയർ (Eleanor Maguire)

ഒരു ടാക്സി ഡ്രൈവർ ആയതിന്റെ ഫലമായിട്ടാണോ ഈ മനുഷ്യരുടെ ഹിപ്പോകാമ്പസിന്റെ പിൻഭാഗത്തിന് അസാധാരണമായ വലിപ്പം ഉണ്ടാവുന്നത്? അതല്ല, വലിയ ഹിപ്പോകാമ്പസുള്ളവർ ടാക്സി ഡ്രൈവർമാരാകാനുള്ള സാധ്യത കൂടുതലാണ് എന്നാണോ മനസിലാക്കേണ്ടത് എന്ന ചോദ്യം ബാക്കിവെച്ചു കൊണ്ടാണ് 2000 ൽ  എലനോർ മാഗ്വെയർ ഈ പഠനം പ്രസിദ്ധീകരിച്ചത്. എന്നാൽ പിന്നീട്, മേൽ ചോദിച്ച ചോദ്യങ്ങൾക്കു ഉത്തരം കണ്ടെത്താനായി മാഗ്വെയർ, എഴുപത്തിയൊൻപത് ട്രെയിനി ടാക്‌സി ഡ്രൈവർമാരുടെ മസ്തിഷ്കം പലതവണ സ്കാൻ ചെയ്തു. അവർ നോളഡ്ജ് പരീക്ഷയ്ക്ക് പഠിക്കാൻ തുടങ്ങിയപ്പോൾ മുതൽ നാല് വർഷം വരെയുള്ള കാലയളവിൽ പല സമയങ്ങളിലായി പല തവണ സ്കാൻ ചെയ്ത മാഗ്വെയർ വളരെ രസകരമായ കാര്യമാണ് കണ്ടെത്തിയത്. നോളഡ്ജ് പരീക്ഷ പാസായവരുടെ ഹിപ്പോകാമ്പസിന്റെ പിൻഭാഗം അവർ പരീക്ഷയ്ക്ക് തയ്യാറെടുത്തു തുടങ്ങിയ കാലത്തേക്കാൾ വലുതായിരിക്കുന്നു. പരീക്ഷയിൽ തോറ്റ ട്രെയിനി ടാക്സി ഡ്രൈവർമാരുടെ ഹിപ്പോകാമ്പസിലാവട്ടെ മാറ്റങ്ങളൊന്നും കാണാനുമായില്ല.

നോളഡ്ജ് പരീക്ഷയ്ക്ക് തയ്യാറെടുക്കാത്ത, എന്നാൽ  പ്രായവും വിദ്യാഭ്യാസവും ബുദ്ധിയും സമാനമായ മുപ്പത്തിയൊന്ന് ടാക്സി ഡ്രൈവർമാരുടെ ഹിപ്പോകാമ്പസിനും ഈ കാലയളവിൽ വലിപ്പവ്യത്യാസം കാണാൻ കഴിഞ്ഞില്ല എന്നത് മേൽപറഞ്ഞ കണ്ടെത്തലിനെ കുറച്ചുകൂടി രസകരമാക്കുന്നു. ഈ പഠനം 2011 ൽ പ്രസിദ്ധീകരിച്ചതോടെ മാഗ്വെയർ ഈ മേഖലയിലെ ഒരു അതികായയായി. 2003 ൽ ലണ്ടൻ ടാക്സി ഡ്രൈവർമാരുടെ മസ്തിഷ്കം അവരുടെ സഹപൗരന്മാരെക്കാൾ വളരെ വികസിതമാണെന്നതിന്റെ തെളിവുകൾ അവതരിപ്പിച്ചതിനാണ് അവർക്കു ഇഗ്‌ നോബൽ സമ്മാനം ലഭിച്ചതെങ്കിലും 2011 ലെ പഠനത്തോടെ കാര്യങ്ങൾ ഗൗവരതരമായി. അതെ സമയം ഈ കണ്ടെത്തലുകൾ നടത്തിയ എലനോർ മാഗ്വെയറിനു അവർ പഠിച്ച ടാക്സി ഡ്രൈവർമാരിൽ നിന്നും വിഭിന്നമായി ദിശാ ബോധം വളരെ കുറവായിരുന്നു. സ്വന്തം വീട്ടിലേക്കുള്ള വഴി പോലും എലനോർ മാഗ്വെയറിനു ഓർത്തു വെയ്ക്കാൻ ബുദ്ധിമുട്ടായിരുന്നു. 

വഴിതെറ്റുന്നവർ

ഗ്യൂസെപ്പെ ഐരിയ (Giuseppe Iaria) എന്ന ഇറ്റാലിയൻ ശാസ്ത്രജ്ഞനെ ഏറ്റവും ആകർഷിച്ച വിഷയങ്ങളിലൊന്ന് നാവിഗേഷനായിരുന്നു. ഒരു ബിരുദ വിദ്യാർത്ഥി ആയിരുന്ന കാലഘട്ടത്തിൽ; തലച്ചോറിന്റെ ഒരു വശത്തിന് കേടുപാടുകൾ സംഭവിക്കുന്ന മനുഷ്യർ നാവിഗേറ്റ് ചെയ്യുന്നതിൽ കാണിക്കുന്ന പ്രശ്നങ്ങളെക്കുറിച്ചുള്ള പഠനം നടത്തിയ ഒരു പ്രോജെക്റ്റിന്റെ ഭാഗമായിരുന്ന കാലം മുതൽ ബ്രിട്ടീഷ് കൊളംബിയ യൂണിവേഴ്സിറ്റിയിൽ, ചില ആളുകൾക്ക് എന്തുകൊണ്ടാണ് മറ്റുള്ളവരെക്കാൾ മികച്ച ദിശാബോധം (ദിശകളെക്കുറിച്ചുള്ള ബോധവും ബോധ്യവും)  എന്ന വിഷയത്തിൽ ഗവേഷണം ചെയ്യുമ്പോഴും ഈ ഇഷ്ടം മാറ്റമില്ലാതെ തുടർന്നു. അങ്ങനെ ഒരു ദിവസമാണ് 43 വയസ്സുള്ള ഒരു സ്ത്രീ വളരെ വിചിത്രമായ ഒരു പരാതിയുമായി അദ്ദേഹത്തെ കാണാൻ എത്തുന്നത്. അവർക്കു എപ്പോഴും വഴി തെറ്റുന്നു. ചിരപരിചിതമായ സ്ഥലങ്ങളിലേക്കു പോലും വഴി തെറ്റാതെ പോകാൻ കഴിയുന്നില്ല. സ്വാഭാവികമായും അവരുടെ തലച്ചോറിന് ഏതെങ്കിലും രീതിയിലുള്ള ക്ഷതം സംഭവിച്ചിരിക്കാം എന്ന് ഗ്യൂസെപ്പെ ഐരിയ അനുമാനിച്ചു. എന്നാൽ തുടർപരിശോധനയിൽ അത്തരം ക്ഷതങ്ങളൊന്നും കണ്ടെത്താൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. ആരോഗ്യവതിയായ ഒരു സ്ത്രീയായിരുന്ന അവർക്കിങ്ങനെ വഴി തെറ്റുന്നതെന്തു കൊണ്ടായിരിക്കാം എന്ന് ഗ്യൂസെപ്പെ ഐരിയ ഗഹനമായി ആലോചിച്ചു. അവരെക്കുറിച്ചു അദ്ദേഹം കാര്യമായി അന്വേഷിക്കുകയും, അവരുടെ അവസ്ഥയെ പഠനവിധേയമാക്കുകയും ചെയ്തു. 

ഗ്യൂസെപ്പെ ഐരിയ (Giuseppe Iaria)

സാധാരണ കുട്ടികളെ പോലെ തന്നെ വളർച്ച ഘട്ടങ്ങളിലൂടെ കടന്നുപോയ അവരുടെ ഭാഷാ വികസനമുൾപ്പടെയുള്ള മസ്തിഷ്ക വികസനം സാധാരണമായിരുന്നു എന്ന് ഗ്യൂസെപ്പെ ഐരിയ മനസ്സിലാക്കി. സാധാരണ മസ്തിഷ്ക വികസനം ഉണ്ടായിരുന്നിട്ടും സ്വന്തം ചുറ്റുപാടുകളിൽ കൃത്യമായ ഒരു ദിശാബോധം അവർക്കന്യമായിരുന്നു. ഏകദേശം 6 വയസ്സ് മുതൽ തൊട്ടു  അവളുടെ അമ്മ കടകളിലെ തിരക്കുകളിലോ മറ്റോ അപ്രത്യക്ഷമാകുമ്പോഴെല്ലാം പരിഭ്രാന്തി ഉണ്ടായിരുന്നതായി അവർ ഇന്നും ഓർക്കുന്നു. അവരുടെ 12 വർഷത്തെ സ്കൂൾ വിദ്യാഭ്യാസ കാലഘട്ടത്തിൽ മുഴുവൻ അവരുടെ സഹോദരിമാരോ മാതാപിതാക്കളോ അവരെ സ്‌കൂളിൽ കൊണ്ടുപോയി ആക്കുകയും തിരിച്ചുവിളിച്ചു കൊണ്ടുവരുകയുമായിരുന്നു പതിവ്. അവർക്കു വഴി കണ്ടുപിടിക്കാൻ വലിയ പ്രയാസമായിരുന്നതിന്നാൽ, തനിച്ചു ഒരിക്കലും വീട്ടിൽനിന്ന് പുറത്തു പോകുമായിരുന്നില്ല. നിലവിൽ തന്റെ പിതാവിനോടൊപ്പം കഴിയുന്ന അവർ, അഞ്ചു വർഷം ജോലി ചെയ്ത ഓഫീസിൽ എത്താൻ കർശനമായ  നിർദ്ദേശങ്ങൾ പാലിക്കുന്നു എന്നത് ഗ്യൂസെപ്പെ ഐരിയയെ അദ്‌ഭുതപ്പെടുത്തി. ഏത് ബസ്സിലാണ് പോകേണ്ടതെന്നും, എപ്പോഴാണ് ബസ്സിൽ നിന്നും ഇറങ്ങേണ്ടതെന്നും അവർ മനഃപാഠമാക്കി പഠിച്ചു വെച്ചിരിക്കുകയാണ്. ഈ നിർദ്ദിഷ്ട പാതയിൽ നിന്ന് വ്യതിചലിച്ചാൽ അവർക്കു തിരിച്ചു വരാനുള്ള വഴി കണ്ടെത്താൻ കഴിയില്ല. കർശനമായി പിന്തുടരുന്ന ഒരു ആചാരമാണ് അവരെ സംബന്ധിച്ചിടത്തോളം ജോലി ചെയ്യുന്ന ഓഫീസിലേക്കുള്ള യാത്ര. എന്നാലും ചിലപ്പോഴെല്ലാം അവർക്കു വഴി തെറ്റി പോകും. അപ്പോൾ തന്റെ പിതാവിനെ ഫോണിൽ വിളിച്ചു സഹായം തേടിയാണ് അവർ ആ പ്രതിസന്ധി മറികടക്കുന്നത്. ഇങ്ങനെയാണെങ്കിലും ഇടതു വലതു ദിശകൾ അവർക്കു കൃത്യമായി മനസ്സിലാക്കാൻ കഴിയും. പരിചിതമായ സ്ഥലങ്ങൾ, അല്ലെങ്കിൽ ചുറ്റുപാടുകൾ തിരിച്ചറിയാനുള്ള അടയാളങ്ങൾ ഓർത്തു വെയ്ക്കാനും അവർക്കു ബുദ്ധിമുട്ടില്ല. അവരുടെ ഓഫീസ് പുതിയ ഒരു സ്ഥലത്തേയ്ക്ക് മാറുന്നതിൽ ആശങ്കാകുലയായതിനാലാണ് അവർ ഗ്യൂസെപ്പെ ഐരിയയെ  കാണാൻ തീരുമാനിച്ചത്. 

ഇത്തരം ഒരു അവസ്ഥയ്ക്ക് പല കാരണങ്ങൾ ഉണ്ടാവാം എന്നറിയാമായിരുന്ന ഗ്യൂസെപ്പെ ഐരിയ, ഓരോന്നോരോന്നായി പരിശോധിക്കാൻ തീരുമാനിച്ചു. ഉദാഹരണത്തിന്, ചെവിയുടെ അകത്തുണ്ടാവുന്ന അണുബാധ ലാബിരിംത് (Labrynth) എന്ന അതിലോലമായ ടിഷ്യുവിനെ നശിപ്പിക്കും. ഇത് ലോകം നമുക്ക് ചുറ്റും സഞ്ചരിക്കുന്നു എന്ന തോന്നലുണ്ടാക്കും. ഒരുപക്ഷേ ഇതായിരിക്കാം, ഈ മധ്യ വയസ്കയായ സ്ത്രീയെ വഴിതെറ്റിക്കാൻ ഇടയാക്കിയത് എന്ന അനുമാനത്തിൽ അദ്ദേഹം അവരുടെ ചെവിയുടെ അകം പരിശോധിച്ചു. എന്നാൽ അവരുടെ ചെവിയിൽ അണുബാധയില്ലായിരുന്നു. അതുപോലെ തലച്ചോറിലുണ്ടാവുന്ന മുഴകൾ (Tumors), മുറിവുകൾ (lesions) അല്ലെങ്കിൽ ഡിമെൻഷ്യ എന്ന ഓർമ്മക്കുറവ് തുടങ്ങിയവ ഹിപ്പോകാമ്പസിനെ തകരാറിലാക്കും. പലതരത്തിലുള്ള ഓർമകളുടെ കേന്ദ്രമാണ് ഹിപ്പോകാമ്പസ്സ്. ഇതിലേതെങ്കിലും ഒന്നായിരിക്കാം അവരുടെ പ്രശ്നമെന്ന് കരുതിയ അദ്ദേഹം അവരുടെ മസ്തിഷ്കത്തെ വിശദമായ പരിശോധനകൾക്കു വിധേയമാക്കി. എന്നാൽ അവരുടെ തലച്ചോറിന് യാതൊരു ക്ഷതവും സംഭവിച്ചിട്ടില്ല എന്ന് തിരിച്ചറിയാൻ ഗ്യൂസെപ്പെ ഐരിയ രണ്ട് വർഷമെടുത്തു. ഇത് ഐരിയയെ ആകാംഷഭരിതനാക്കി. മറ്റ് അവസ്ഥകളുടെ ലക്ഷണം എന്ന നിലയിൽ സ്ഥിരമായി വഴിതെറ്റൽ എന്ന അവസ്ഥ സംജാതമാവുന്നതു പലകുറി കണ്ടിട്ടുള്ള ഐരിയ, ഒരു വികസന വൈകല്യമായി ഈ അവസ്ഥ ആദ്യമായി കാണുകയായിരുന്നു. അവരെ ഈ അവസ്ഥയിലുള്ള ആദ്യത്തെയാൾ എന്ന് തിരിച്ചറിഞ്ഞ ഐരിയ ഈ അവസ്ഥയെ developmental topographical disorientation disorder എന്ന് നാമകരണം ചെയ്തു. ഈ വിശദാംശങ്ങൾ മുഴുവൻ ഉൾപ്പെടുത്തി 2009 ൽ തന്റെ പഠനം അദ്ദേഹം പ്രസിദ്ധികരിച്ചു. അങ്ങനെ സ്ഥിരമായി വഴിതെറ്റി പോകുന്ന മനുഷ്യരെക്കുറിച്ചു ആദ്യമായി ലോകം മനസ്സിലാക്കി. 

ഈ പഠനം വായിച്ചാൽ മനസ്സിൽ വരുന്ന ആദ്യത്തെ ചോദ്യം, എന്ത് കൊണ്ടാണ് നമ്മളിൽ പലർക്കും ഇങ്ങനെ വഴി തെറ്റി പോകാത്തത് എന്നായിരിക്കും. അല്ലെങ്കിൽ എങ്ങനെയാണ് നമ്മുടെ മസ്തിഷ്‌കം വഴി കണ്ടുപിടിക്കുന്നത്? എങ്ങനെയാണ് നമ്മുടെ ചുറ്റുപാടുകളെ ഇത്ര കൃത്യമായി നമ്മുക്ക് ഓർത്തിരിക്കാൻ കഴിയുന്നത്? സത്യത്തിൽ നമ്മൾ ഓർത്തിരിക്കുകയാണോ? അതോ മറ്റെന്തെങ്കിലും പ്രക്രിയ ഇതിനു പിന്നിലുണ്ടോ?

അവരവരുടെ ഭൂപടം

മിക്കവർക്കും നാവിഗേറ്റ് ചെയ്യുന്നത് എളുപ്പവും യാന്ത്രികവുമായ ഒരു പ്രവർത്തിയാണ്. ഒരു പുതിയ പ്രദേശത്തെത്തിച്ചേർന്നാൽ നമ്മുടെ മസ്തിഷ്കം ആ പ്രദേശത്തെക്കുറിച്ചു പഠിക്കാനാരംഭിക്കുന്നു. ആദ്യ ദിവസം, നമ്മൾ മനസിലാക്കുക നമ്മുടെ താമസ സ്ഥലമാണെങ്കിൽ പിന്നീടുള്ള ദിവസങ്ങളിൽ അങ്ങോട്ടേക്ക് എത്താനുള്ള വഴികൾ ഓരോന്നായി നമ്മൾ മനസിലാക്കുന്നു. ദിവസം ചെല്ലുംതോറും വളരെ അനായാസമായി ഈ കാര്യങ്ങൾ നമ്മുടെ മസ്തിഷ്‌കം ചെയ്യുകയും തീർത്തും യാന്ത്രികമായ ഒരു പ്രവർത്തി പോലെ ആലോചനയില്ലാതെ വീട്ടിലേക്കെത്താൻ നമുക്ക് കഴിയുന്നു. അതായതു ആദ്യദിവസം മാത്രമാണ് നമുക്ക് അപരിചിതത്വം തോന്നുന്നത്. ക്രമേണെ ചുറ്റുപാടുകൾ പരിചിതമാവുന്നു. ഐരിയയുടെ പല രോഗികളും സ്ഥിരമായി ‘ആദ്യ ദിവസത്തിൽ’ തന്നെയാണ് ജീവിക്കുന്നത്. എത്ര സമയം ചെലവഴിച്ചാലും അവരുടെ ചുറ്റുപാടുകൾ ഒരിക്കലും പരിചിതമാവുന്നില്ല. ഏറ്റവും പ്രധാനപ്പെട്ട വഴികൾ നാവിഗേറ്റ് ചെയ്യാൻ പലരും പഠിച്ചു വെയ്ക്കുകയാണ് ചെയ്യുന്നത്. തിരിവുകളുടെ ക്രമം മനഃപാഠമാക്കുകയും അത് അനുവർത്തിക്കുകയും ചെയ്യുക മാത്രമാണ് അവർ ചെയ്യുന്നത്. സ്വന്തം കിടപ്പുമുറിയിൽ നിന്നും മുറ്റത്തേക്കിറങ്ങാനെങ്കിൽ കൂടി തിരിവുകൾ മനഃപാഠമാക്കേണ്ട അവസ്ഥയാണ് മിക്കവർക്കും. എന്തുകൊണ്ടാണ് നമ്മുക്കിങ്ങനെ മനഃപാഠമാക്കേണ്ടി വരാത്തത്? ഇങ്ങനെ ഓരോ വഴിയും ഓർത്തു വയ്‌ക്കേണ്ടി വന്നാൽ അത് നമ്മുടെ തലച്ചോറിന്റെ ഓർമ്മകൾ സൂക്ഷിക്കുന്ന ഭാഗത്തിന് വലിയ ആയാസമുണ്ടാക്കില്ലേ? എന്നാൽ മിക്ക മനുഷ്യർക്കും ഈ പ്രശ്നം ഇല്ലാത്തതിന് കാരണം നമ്മുടെ ചുറ്റുപാടുകളെക്കുറിച്ചുള്ള വിശദമായ ഒരു ഭൂപടം നമ്മുടെ തലച്ചോറിൽ തയ്യാറാവുന്നത് കൊണ്ടാണ്. കോഗ്നിറ്റീവ് മാപ്പ് എന്ന് വിളിക്കുന്ന ഈ ഡൈനാമിക് ടൂൾ ഉള്ളത് കൊണ്ടാണ് നമുക്ക് വഴികൾ മനഃപാഠമാക്കേണ്ടി വരാത്തത്. നമ്മുടെ ചുറ്റുപാടുകളുടെ ഈ ആന്തരിക പ്രാതിനിധ്യം നമുക്ക് പരിചിതമായിത്തീരുന്നതിനാൽ ദിശകളുടെ ഒരു പ്രത്യേക ക്രമം ഓർത്തിരിക്കേണ്ടി വരുന്നില്ല. നമ്മുടെ മനസ്സിൽ ഒരു റൂട്ട് ചിത്രീകരിക്കാനുള്ള ഈ കഴിവ് പൊതുവിൽ നമ്മൾ നിസ്സാരമായി കാണുന്നു. പക്ഷെ ഇത് വളരെ ശ്രദ്ധേയമായ ഒരു വൈദഗ്‌ധ്യമാണ്. വാസ്തവത്തിൽ, നമ്മുടെ തലച്ചോറിന് ചെയ്യാൻ കഴിയുന്ന ഏറ്റവും സങ്കീർണ്ണമായ പ്രവർത്തികളിലൊന്നാണിത്. ഇതില്ലാത്തതാണ് ഐരിയയുടെ രോഗികളുടെ കുഴപ്പം. എന്നാൽ എന്തുകൊണ്ടാണ് ഈ വൈദഗ്ധ്യം അവർക്കില്ലാത്തത് ?

ജോൺ ഓ’കീഫ് (John O’ Kefee)

ദിശാബോധത്തിന്റെ ശാസ്ത്രം

എങ്ങനെയാണ് നമ്മുടെ മസ്തിഷ്‌കം നമ്മളെ സഞ്ചാരയോഗ്യരാക്കുന്നത് ? ഈ ചോദ്യത്തിന്റെ ഉത്തരത്തിലേക്കുള്ള ഗവേഷങ്ങൾ പല കാലങ്ങളിലായാണ് നടന്നത്. 1960 കളിൽ തന്നെ യൂണിവേഴ്സിറ്റി ലണ്ടൻ കോളേജിലെ ബ്രിട്ടീഷ് ന്യൂറോ സയന്റിസ്റ്റായ ജോൺ ഓ’കീഫ് (John O’ Kefee) നാവിഗേഷൻ എന്ന പ്രക്രിയയിൽ ഹിപ്പോകാമ്പസിന്റെ പങ്കിനെക്കുറിച്ചുള്ള ഗവേഷണങ്ങൾ തുടങ്ങിയിരുന്നു. ഒരു തുറസ്സായ സ്ഥലത്ത് നടക്കുമ്പോൾ എലികളുടെ തലച്ചോർ അവയുടെ ചുറ്റുപാടുകളെ പര്യവേക്ഷണം ചെയ്യുന്നത് പഠിക്കാനായി നേർത്ത ഇലക്‌ട്രോഡുകളുടെ ഒരു കൂട്ടം അവയുടെ ഹിപ്പോകാമ്പിയിൽ സ്ഥാപിച്ച്‌ കൊണ്ടാണ് ജോൺ ഓ’കീഫ് പരീക്ഷണങ്ങൾ നടത്തിയത്. ഒരു വ്യക്തിഗത ന്യൂറോൺ അതിന്റെ അയൽ ന്യൂറോണുകളുമായി ആശയ വിനിമയം നടത്തുമ്പോൾ ഉണ്ടാകുന്ന വൈദ്യുതിയുടെ ചെറിയ സ്പൈക്ക് രേഖപ്പെടുത്തുവാൻ ഈ നേർത്ത ഇലക്‌ട്രോഡുകൾക്ക് കഴിയുമായിരുന്നു. ഈ സാങ്കേതികത ഉപയോഗിച്ച്, ഓ’കീഫ് കണ്ടെത്തിയ ഒരു കൂട്ടം കോശങ്ങൾ, എലിയുടെ ചലനത്തിനനുസൃതമായി വൈദ്യുതി ഉല്പാദിപ്പിക്കുന്നവയായിരുന്നു. അതിൽ തന്നെ രസകരമായ കാര്യം ഈ കോശങ്ങൾ എലി ഒരു നിശ്ചിത സ്ഥലത്തു നിൽക്കുമ്പോൾ മാത്രമേ ഈ വൈദ്യുതി പുറപ്പെടുവിക്കുന്നുള്ളൂ എന്നതായിരുന്നു. എലി മറ്റൊരു സ്ഥലത്തോട്ടു പോയാൽ മറ്റൊരു കൂട്ടം കോശങ്ങളാണ് വൈദ്യുതി പുറപ്പെടുവിച്ചത്. ഈ കോശങ്ങളെല്ലാം ഒരേ തരത്തിൽപെട്ടവയാണെന്നും, എലി ഒരു നേർരേഖയിൽ സഞ്ചരിച്ചാൽ ഇവയിലെ ഓരോ കോശങ്ങളുടെ കൂട്ടങ്ങൾ വൈദ്യുതി പുറപ്പെടുവിക്കുമെന്നും അദ്ദേഹം മനസ്സിലാക്കി. കാര്യങ്ങൾ എളുപ്പം ഗ്രഹിക്കാൻ ഈ കോശങ്ങളിൽ പല നിറങ്ങളിലുള്ള കോശങ്ങൾ ഉള്ളതായി സങ്കൽപ്പിക്കാം. എലി യാത്ര തുടങ്ങുമ്പോൾ പച്ച നിറത്തിലുള്ളവയാണ് വൈദ്യുത സ്പൈക്കുകൾ പുറപ്പെടുവിക്കുന്നതെങ്കിൽ അൽപ്പം മുന്നോട്ടു നടന്നാൽ നീലയും പിന്നെയും മുന്നോട്ടു പോയാൽ ചുവപ്പും അങ്ങനെ ഓരോ സ്ഥലത്തിനുമനുസരിച്ചു വിവിധ വർണ്ണങ്ങളിലുള്ള കോശങ്ങൾ വൈദ്യുത സ്പൈക്കുകൾ പുറപ്പെടുവിക്കും എന്ന് കരുതുക. (വിവിധ  വർണങ്ങൾ നമ്മുടെ എളുപ്പത്തിലുള്ള ഗ്രാഹ്യത്തിനായി ഉപയോഗിച്ച സൂത്രം മാത്രമാണ് എന്ന് ഓർക്കുമല്ലോ).

ഇനി എലി നേരത്തെ സഞ്ചരിച്ച സ്ഥലത്തോട്ടു തിരിച്ചു വന്നാലോ ? ആദ്യം ആ സ്ഥലത്തു നിന്നിരുന്നപ്പോൾ ഏതു കോശമാണോ വൈദ്യുത സ്പൈക്കുകൾ പുറപ്പെടുവിച്ചത്, അവ തന്നെ വീണ്ടും അതാവർത്തിക്കും. അതായതു ഈ കോശങ്ങൾക്ക്, ചുറ്റുപാടിൽ വിവിധ സ്ഥലങ്ങളിൽ എവിടെയാണ് എലി നിൽക്കുന്നതെന്ന് തിരിച്ചറിയാൻ സാധിക്കും. കുറച്ചു കൂടി കൃത്യതയോടെ പറഞ്ഞാൽ ഈ കോശങ്ങളാണ് എലിയുടെ തലച്ചോറിന് എലി അതിന്റെ ചുറ്റുപാടിൽ എവിടെയാണ് ഇപ്പോൾ നിൽക്കുന്നത് എന്ന് പറഞ്ഞു കൊടുക്കുന്നത്. ഓ’കീഫ് ഈ കോശങ്ങളെ place cells അഥവാ സ്ഥലകോശങ്ങൾ എന്ന് വിളിച്ചു. ഈ കോശങ്ങളുടെ പ്രവർത്തനത്തിന്റെ സംയോജനം വഴി എലി എവിടെയാണെന്ന് കൃത്യമായി പറയാൻ അതിന്റെ തലച്ചോറിനു കഴിയുന്നു.

മെയ്-ബ്രിറ്റ് മോസറും എഡ്വാർഡ് മോസറും (Edvard and May Britt Moser)

എന്നാൽ  ഈ പ്രവർത്തിയിൽ സ്ഥലകോശങ്ങൾ ഒറ്റയ്ക്കല്ല എന്ന്  അടുത്ത ഏതാനും ദശാബ്ദങ്ങളിൽ വ്യക്തമായി. ഹിപ്പോകാമ്പസിന്  സമീപത്തുള്ള എന്റോറൈനൽ കോർട്ടക്സ് എന്ന് വിളിക്കപ്പെടുന്ന മസ്തിഷ്ക ഭാഗത്തു കാണപ്പെടുന്ന മറ്റ് മൂന്ന് തരം കോശങ്ങളിൽ നിന്ന് ഇവയ്ക്കു ഇൻപുട്ട് ലഭിക്കുന്നു. ഇതിൽ ഏറ്റവും പ്രധാനപ്പെട്ടവ ഗ്രിഡ് സെൽ എന്ന് അറിയപ്പെടുന്ന കോശങ്ങളാണ്. മെയ്-ബ്രിറ്റ് മോസറും എഡ്വാർഡ് മോസറും (മുൻപ്  ജീവിത പങ്കാളികളായിരുന്നവർ) ചേർന്നാണ് ഇത് കണ്ടെത്തിയത്. നാവിഗേറ്റ് ചെയ്യാനുള്ള നമ്മുടെ കഴിവ് ഭാഗികമായി ആശ്രയിക്കുന്നത് ഗ്രിഡ് കോശങ്ങളെയാണ്. നമ്മൾ എങ്ങനെ നീങ്ങുന്നുവെന്നും എവിടെ നിന്നാണ് വന്നതെന്നും മസ്തിഷ്കത്തിന് മനസിലാവുന്നത് ഗ്രിഡ് കോശങ്ങളുടെ പ്രവർത്തനത്തിന്റെ ഫലമായാണ്. ഗ്രിഡ് കോശങ്ങളും സ്ഥല കോശങ്ങളും സംയുക്തമായി പ്രവർത്തിക്കുമ്പോൾ നമ്മുടെ മസ്തിഷ്കത്തിൽ നമ്മുടെ ചുറ്റുപാടുകളുടെ ഒരു ആന്തരിക ഭൂപടം തയ്യാറാവുന്നു. ഉദാഹരണത്തിന് നമ്മൾ സിനിമ കാണാൻ തീയേറ്ററിൽ പോകുമ്പോഴോ, വളരെ തിരക്കേറിയ ഒരു ഷോപ്പിംഗ് മാളിൽ പോകുമ്പൊഴോ നമ്മുടെ ബൈക്ക് എവിടെയാണ് പാർക്ക് ചെയ്തിരിക്കുന്നത് എന്ന് നമ്മൾ ഓർത്തു വെയ്ക്കുന്നത് ഈ ആന്തരിക ഭൂപടത്തിന്റെ സഹായത്തോടെയാണ്. എങ്ങനെയാണ് ഇത് സാധ്യമാവുന്നത്?

ഗ്രിഡ് സെല്ലുകൾ എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് മനസിലാക്കാൻ, നമ്മുടെ തറയിൽ വിരിച്ചിരിക്കുന്ന ഒരു പരവതാനിക്ക് ചുറ്റും ഓടുന്നത് സങ്കൽപ്പിക്കുക. ഈ പരവതാനിയിൽ തേനീച്ചക്കൂടിലുള്ള പോലെ ഷഡ്ഭുജങ്ങളുടെ ഒരു ഇന്റർലോക്ക് ഉണ്ടെന്ന് സങ്കൽപ്പിക്കുക. ഇങ്ങനെയുള്ള ഒരു ഗ്രിഡ്ഡിലെ ഏതെങ്കിലും ഷഡ്ഭുജത്തിന്റെ കോണുകളിൽ നിങ്ങളെത്തുമ്പോൾ ഒരു കൂട്ടം ഗ്രിഡ് കോശങ്ങൾ നമ്മുടെ തലച്ചോറിൽ വൈദ്യുത സ്പൈക്കുകൾ പുറപ്പെടുവിക്കും. പരവതാനിയുടെ മറ്റൊരു ഭാഗത്തേക്ക് പോയാൽ ഷഡ്ഭുജത്തിന്റെ മറ്റൊരു കോണിലെത്തുമല്ലോ. അപ്പോൾ മറ്റൊരു കൂട്ടം ഗ്രിഡ് കോശങ്ങൾ വൈദ്യുതി പുറപ്പെടുവിക്കും. ഇങ്ങനെ ആ പരവതാനിയിൽ നമ്മൾ എവിടെയാണോ നിൽക്കുന്നത് അതിനനുസരിച്ചു വിവിധ ഗ്രിഡ് കോശങ്ങൾ പ്രവർത്തിക്കും. ഇതിന്റെ ആകെ തുകയായി നമ്മുടെ മസ്തിഷ്കത്തിൽ നിരന്തരം അപ്‌ഡേറ്റ് ചെയ്‌ത വിവരങ്ങൾ ഉപയോഗപ്പെടുത്തി സ്ഥലത്തിന്റെ ഭൂപടം; ചുറ്റുപാടിലെ ചില അടയാളങ്ങളുമായുള്ള  (ലാൻഡ്‌മാർക്കുകൾ) ആപേക്ഷിക ദൂരവും, സ്ഥലകോശങ്ങളുടെ പ്രവർത്തിയുടെ ഫലമായി ദൂരവും ഉൾപ്പടെ; രൂപപ്പെടുത്തുന്നു. ഓരോ പ്രാവശ്യവും ഒരേ സ്ഥലത്തെത്തുമ്പോൾ  ഒരേ സ്ഥല – ഗ്രിഡ് കോശങ്ങൾ വൈദ്യുതി പുറപ്പെടുവിക്കുന്നു. അങ്ങനെ നമ്മുടെ ചുറ്റുപാടിന്റെ ആന്തരിക ഭൂപടത്തിൽ എവിടെയാണ് നമ്മളെന്നും, ആ സ്ഥലത്തു ആദ്യമായാണോ അതോ മുൻപ് വന്നിട്ടുണ്ടോയെന്നും മനസ്സിലാക്കാൻ നമ്മുടെ മസ്തിഷ്കത്തിന് കഴിയും. മറ്റൊരു രീതിയിൽ പറഞ്ഞാൽ, ഒരിക്കൽ വന്ന സ്ഥലത്തു വീണ്ടും വന്നാൽ നമ്മുടെ മസ്തിഷ്‌കം തിരിച്ചറിയും, അല്ലെങ്കിൽ ഒരിക്കൽ വന്ന സ്ഥലം മസ്തിഷ്‌കം ഓർത്തു വയ്ക്കുകയും വീണ്ടും വരുമ്പോൾ തിരിച്ചറിയുകയും ചെയ്യും. ഇങ്ങനെയാണ് നേരത്തെ പറഞ്ഞ സന്ദർഭത്തിൽ പാർക്ക് ചെയ്ത ബൈക്കിനടുത്തേയ്ക്കു നമുക്ക് എത്താൻ കഴിയുന്നത്.

എന്റോറൈനൽ കോർട്ടക്സിൽ കാണുന്ന മറ്റൊരു തരം കോശമാണ് അതിർത്തി കോശങ്ങൾ. അതിരുകളുമായും മതിലുകളുമായും ബന്ധപ്പെടുത്തി നമ്മുടെ പൊസിഷൻ മനസിലാക്കാൻ മസ്തിഷ്കത്തെ സഹായിക്കാൻ ചുമതലയുള്ള കോശങ്ങളാണിവ. തെക്ക് ദിശയിൽ മതിലുള്ളപ്പോൾ ഒരു കൂട്ടം അതിർത്തി കോശങ്ങൾ വൈദ്യുതി പുറപ്പെടുവിക്കുമ്പോൾ വടക്കാണ് മതിലെങ്കിൽ മറ്റൊരു കൂട്ടം അതിർത്തി കോശങ്ങൾ വൈദ്യുതി പുറപ്പെടുവിക്കുന്നു. ഒരു  വലിയ കുഴിയുടെ മുൻപിൽ നമ്മൾ നടത്തം അവസാനിപ്പിക്കുന്നത് അതിർത്തി കോശങ്ങൾ അവയെ തിരിച്ചറിയുന്നത് കൊണ്ടാണ്. അല്ലെങ്കിൽ ആ അതിർത്തി തിരിച്ചറിയാതെ നമ്മൾ വീണ്ടും മുൻപോട്ടു തന്നെ നടക്കും. ഇത് കൂടാതെ ഹെഡ് ഡയറൿഷൻ കോശങ്ങൾ എന്ന നാലാമത്തെ തരം കോശങ്ങൾ കൂടിയുണ്ട്. പേര് സൂചിപ്പിക്കുന്നത് പോലെ, ഒരു മൃഗത്തിന്റെ തലയുടെ ദിശയ്ക്കനുസരിച്ചാണ് ഈ കോശങ്ങൾ പ്രവർത്തിക്കുന്നത്. നമ്മൾ മുഖം ഓരോ ദിശയിലേക്കും തിരിക്കുന്നതനുസരിച്ചു വിവിധ കോശങ്ങൾ വൈദ്യുതി പുറപ്പെടുവിക്കുന്നു. ഈ കോശങ്ങളുടെ സഹായത്തോടെ നമ്മൾ ഏതു ദിശയിലേക്കാണ് നടക്കുന്നതെന്നും, നമ്മുടെ മുൻ പിൻ ഭാഗങ്ങൾ എവിടെയാണെന്നും തലച്ചോറിന് മനസ്സിലാവുന്നു. എന്നാൽ ഈ കോശങ്ങൾ മാത്രം പോരാ നമ്മുടെ സുഗമമായ നാവിഗേഷൻ സാധ്യമാക്കാൻ. നമ്മുടെ വീട്ടിലേക്കു തിരിയുന്ന വഴിയുടെ തുടക്കത്തിൽ, അല്ലെങ്കിൽ നമ്മുടെ പരിചിതമായ ഓരോ സ്ഥലത്തിന്റെയും വഴിയിൽ  ഒരു പ്രത്യേക അടയാളമുണ്ടെന്നു (അത് പോസ്റ്റാവാം, മതിലിന്റെ നിറമാവാം, ഒരു ബസ് സ്റ്റോപ്പാവാം) നമ്മുടെ മസ്തിഷ്‌കം ഈ ആന്തരിക ഭൂപടത്തിൽ അടയാളപ്പെടുത്താറുണ്ട്. ഈ സ്ഥിരമായ ലാൻഡ്‌മാർക്കുകൾ തിരിച്ചറിയാനും സംയോജിപ്പിക്കാനുമുള്ള കഴിവ് ആന്തരിക ഭൂപടം തയാറാക്കുന്നതിൽ അവിശ്വസനീയമാംവിധം പ്രധാനമാണ്. പരിചിതമായ ലാൻഡ്‌മാർക്കുകൾ തിരിച്ചറിയാനുള്ള നമ്മുടെ കഴിവ് വളരെ പ്രധാനമാണ്. റിട്രോസ്പ്ലേനിയൽ കോർട്ടക്സ്  (Retrosplenial cortex) എന്ന മസ്തിഷ്കത്തിന്റെ ഒരു ഭാഗമാണ് ഇത് സാധ്യമാക്കുന്നത്. അതിന് കേടുപാടുകൾ സംഭവിക്കുമ്പോൾ നമ്മുടെ നാവിഗേഷൻ കാര്യമായി ബാധിക്കപ്പെടും.

സ്ഥലകോശങ്ങളാൽ നിർമ്മിതമായ ഹിപ്പോകാമ്പസിലെ ഭൂപടങ്ങൾ ഒരു പുതിയ പരിതസ്ഥിതിയിലേക്ക് നമ്മൾ മാറുമ്പോൾ പൂർണ്ണമായും മാറിയേക്കാം. എന്നാൽ എൻ്റോറൈനൽ കോർട്ടക്സിലെ ഭൂപടങ്ങൾ സാർവത്രികമാണ്. ഗ്രിഡ് സെല്ലുകൾ, അതിർത്തി കോശങ്ങൾ, ഹെഡ് ഡയറൿഷൻ കോശങ്ങൾ എന്നിവ ഒരു പരിതസ്ഥിതിക്ക് വേണ്ടി ഗ്രിഡ് മാപ്പിലെ ഒരു പ്രത്യേക സെറ്റ് ലൊക്കേഷനുകളിൽ ഒന്നിച്ച് പുറപ്പെടുവിക്കുന്ന  വൈദ്യുത സ്പൈക്കുകൾ മറ്റൊരു പരിതസ്ഥിതിക്ക് വേണ്ടിയുള്ള മാപ്പിലെ സമാന സ്ഥാനങ്ങളിലും അത് പോലെ പ്രവർത്തിക്കും. ആദ്യത്തെ ഭൂപടത്തിൽ നിന്നും അക്ഷാംശ, രേഖാംശ രേഖകൾ പുതിയ ക്രമീകരണത്തിൽ വിന്യസിപ്പിക്കുന്നതു പോലെയാണ് അവ പ്രവർത്തിക്കുക. അതായത്, ആദ്യത്തെ ഭൂപടത്തിൽ വടക്കുകിഴക്ക് ഭാഗത്തേക്ക് നീങ്ങുമ്പോൾ വൈദ്യുത സ്പൈക്കുകൾ പുറപ്പെടുവിക്കുന്ന അതെ   കോശങ്ങൾ, രണ്ടാമത്തെ ഭൂപടത്തിലും അതേ ദിശയിലേക്ക് പോകുമ്പോൾ വൈദ്യുത സ്പൈക്കുകൾ പുറപ്പെടുവിക്കുന്നു. എൻ്റോറൈനൽ കോർട്ടക്സിലെ ഈ സിഗ്നലിംഗ് പിന്നീട് ഹിപ്പോകാമ്പസിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്നു, അവിടെ അവ ഒരു പ്രത്യേക സ്ഥലത്തിന് പ്രത്യേകമായി മാപ്പുകൾ രൂപപ്പെടുത്താൻ ഉപയോഗിക്കുന്നു. ചുരുക്കി പറഞ്ഞാൽ ദൂരവും ദിശയും അളക്കുന്ന എൻ്റോറൈനൽ കോർട്ടക്സിലെ ഗ്രിഡുകൾ ഒരു മുറിയിൽ നിന്ന് അടുത്ത മുറിയിലേക്ക് പോയാൽ മാറ്റം സംഭവിക്കുന്നവയല്ല. നേരെമറിച്ച്, ഹിപ്പോകാമ്പസിൻ്റെ സ്ഥലകോശങ്ങൾ ഓരോ മുറിക്കും വ്യക്തിഗത ഭൂപടങ്ങൾ ഉണ്ടാക്കുന്നു. അൽഷിമേഴ്സ് രോഗമുള്ളവരിൽ പരാജയപ്പെടുന്ന ആദ്യ മേഖലകളിൽ ഒന്നാണ് എൻ്റോറൈനൽ കോർട്ടക്സ്. അൽഷിമേഴ്സ് അവിടെയുള്ള മസ്തിഷ്ക കോശങ്ങൾ നശിക്കുന്നതിന് കാരണമാകുന്നു. അലഞ്ഞുതിരിയാനും വഴിതെറ്റിപ്പോകാനുമുള്ള പ്രവണതയും രോഗത്തിൻ്റെ ആദ്യകാല സൂചകങ്ങളിൽ ഒന്നാണ് എന്നത് ഇതിനോട് ചേർത്ത് വായിക്കേണ്ടതാണ്.

പൂർണ മസ്തിഷ്ക ആരോഗ്യമുള്ള ഐരിയയുടെ രോഗികൾക്കെന്തുകൊണ്ടാണ് ദിശാബോധം ഇല്ലാത്തത്? ആരോഗ്യമുള്ള ആളുകളുടെ തലച്ചോർ സ്കാൻ ചെയ്തു, ഓറിയന്റേഷനും നാവിഗേഷനും പ്രധാനപ്പെട്ടതായി അറിയപ്പെടുന്ന വ്യത്യസ്ത മസ്തിഷ്ക മേഖലകൾ പരസ്പരം ആശയവിനിമയം നടത്തുന്നതെങ്ങനെ എന്നന്വേഷിച്ചാണ് ഐരിയ ഈ ചോദ്യത്തിന് ഉത്തരം അന്വേഷിച്ചത്. ഈ വ്യത്യസ്ത മസ്തിഷ്ക മേഖലകൾ ഏറ്റവും നന്നായി ആശയ വിനിമയം നടത്തുമ്പോഴാണ് നമ്മുടെ ഓറിയന്റേഷനും നാവിഗേഷനും മെച്ചപ്പെടുന്നത് എന്നദ്ദേഹം കണ്ടെത്തി. തലച്ചോറിന്റെ എല്ലാ മേഖലകളിലും ഉയർന്ന തലത്തിലുള്ള ആശയവിനിമയം നാവിഗേഷനിൽ ഉൾപ്പെട്ടിരിക്കുന്നു.  ഈ ആശയത്തെ നെറ്റ്‌വർക്ക് സിദ്ധാന്തം എന്ന് വിളിക്കുന്നു. തലച്ചോറിന്റെ വിവിധ ഭാഗങ്ങൾ തമ്മിലുള്ള പരസ്പര ആശയവിനിമയ ആരോഗ്യമാണ്, ഓരോ മസ്തിഷ്ക ഭാഗത്തിന്റെയും ആരോഗ്യത്തെക്കാൾ പ്രധാനമെന്നതാണ് ഈ സിദ്ധാന്തത്തിന്റെ കാതൽ. തന്റെ രോഗികളുടെ കാര്യത്തിൽ ഈ ആശയവിനിമയം കുറവാണെന്നു ഐരിയ കണ്ടെത്തി. ചില ആളുകൾക്ക് ഒരു മാനസിക ഭൂപടം രൂപപ്പെടുത്താനുള്ള വൈദഗ്ദ്ധ്യമില്ല. മറ്റു ചിലർക്ക് ഈ വൈദഗ്ധ്യത്തിനു കുറവില്ല എന്നാൽ ആന്തരിക ഭൂപടം തയ്യാറാക്കാനായി വിവരങ്ങൾ ശേഖരിക്കുന്ന പ്രക്രിയയിൽ എവിടെയോ, പിശകുകൾ കുമിഞ്ഞുകൂടുന്നു, വിവരങ്ങൾ നഷ്ടപ്പെടുന്നു, പെട്ടെന്ന് മാപ്പ് മാറുന്നു. ഈ രണ്ടു കൂട്ടർക്കും ദിശാബോധം പ്രശ്നമാവും. ആദ്യത്തെ കൂട്ടർക്ക് ദിശാബോധം പൂർണമായി നഷ്ടപ്പെടുമ്പോൾ, രണ്ടാമത്തെ കൂട്ടർക്കാവട്ടെ ചില നേരങ്ങളിൽ മാത്രമേ നഷ്ട്ടമാകൂ. തന്റെ രോഗികൾക്ക് ഈ അവസ്ഥയിൽ നിന്നും എങ്ങനെ ആശ്വാസം നൽകാം എന്ന ഗവേഷണം ഗ്യൂസെപ്പെ ഐരിയ തുടർന്നുകൊണ്ടിരിക്കുന്നു. 

ഈ ചോദ്യങ്ങൾക്കെല്ലാം ഉത്തരം കണ്ടെത്തിയ ഗവേഷണത്തിനാണ് 2014 ലെ നോബൽ സമ്മാനം ജോൺ ഓ’കീഫിനും, മെയ്-ബ്രിറ്റ് മോസറിനും എഡ്വാർഡ് മോസറിനും ലഭിച്ചത് .

  1. Iaria, G., et al., “Developmental Topographical Disorientation: Case One,” Neuropsychologia, 47(1), 2009, pp. 30–40. >>>
  2. Maguire, E. A., et al., “Navigation-Related Structural Change in the Hippocampi of Taxi Drivers,” PNAS, 97(8), 2000, pp. 4398–403. >>>
  3. Woollett, K., and Maguire, E. A., “Acquiring ‘the Knowledge’ of London’s Layout Drives Structural Brain Changes,” Current Biology, 21(24), 2011, pp. 2109–14. >>>
  4. O’Keefe, J., “A Review of the Hippocampal Place Cells,” Progress in Neurobiology, 13(4), 1979, pp. 419–39.
  5. Hafting, T., et al., “Microstructure of a Spatial Map in the Entorhinal Cortex,” Nature, 436, 2005, pp. 801–6. >>>
  6. Woollett, K., et al., “Talent in the Taxi: A Model System for Exploring Expertise,” Philosophical Transactions of the Royal Society B, 364, 2009, pp. 1407–16. >>>
Happy
Happy
67 %
Sad
Sad
0 %
Excited
Excited
33 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post കൊതുകുകളിൽ കാണുന്ന ബാക്റ്റീരിയക്ക് ഡെങ്കി വൈറസ് പടരുന്നതിൽ പങ്കുണ്ടോ?
Close