Read Time:24 Minute

പാരഡി നൊബേൽ അഥവാ ഇഗ് നൊബേൽ

ഗൗരവമേറിയ ഗവേഷണങ്ങൾക്ക് മാത്രം സമ്മാനം കിട്ടിയാൽ മതിയോ ? ചിരിപ്പിക്കുന്നതിനൊപ്പം ചിന്തിപ്പിക്കുകയും ചെയ്യുന്ന ചെയ്യുന്ന ഇഗ് നൊബേലിനെക്കുറിച്ച് വായിക്കാം

വിജയകുമാർ ബ്ലാത്തൂർ എഴുതുന്നു

ഗർഭിണികൾ നടക്കുമ്പോൾ അധികമൊന്നും തടഞ്ഞ് വീഴാത്തത് എന്തുകൊണ്ടാണ് ? മരങ്കൊത്തികൾക്ക് എന്തുകൊണ്ട് തലവേദന വരുന്നില്ല ? ബോർഡിൽ ചോക്ക് കൊണ്ട് എഴുതുമ്പോൾ നഖം ഉരയുന്ന പോലുള്ള അലോസരശബ്ദം കേൾക്കാൻ ആളുകൾക്ക് ഇഷ്ടമല്ലാത്തതിനുള്ള കാരണം എന്താണ് ? തുടങ്ങിയ നിരവധി ഗൗരവ പ്രശ്നങ്ങൾ നിർധാരണം ചെയ്യാൻ വേണ്ടി ശാസ്ത്രജ്ഞർ അവരുടെ സമയവും ബുദ്ധിയും പണവും ചിലവഴിച്ച് കാര്യമായി ഗവേഷണം ചെയ്തിട്ടുണ്ട് .
കേൾക്കുമ്പോൾ തന്നെ ചിരി വരുന്ന ഇത്തരം വൻ ഗവേഷണങ്ങളെയും ആദരിക്കാൻ ഒരു പുരസ്കാരം ഉണ്ട്. ഇഗ് നോബൽ സമ്മാനം. നോബൽ സമ്മാനത്തിന്റെ തലതിരിഞ്ഞ പതിപ്പ് !

വളരെ നേരമായി തറയിൽ കിടക്കുന്ന ഒരു പശു എഴുന്നേറ്റു നിൽക്കാനുള്ള സാദ്ധ്യത വളരെ കൂടുതലാണ് – എന്നാൽ എഴുന്നേറ്റ് നിൽക്കുന്ന പശു വീണ്ടും കിടക്കുക എപ്പഴാവും എന്ന് പ്രവചിക്കുക അത്ര എളുപ്പമല്ല എന്നതായിരുന്നു 2013 ൽ ചില ശാസ്ത്രജ്ഞർ നടത്തിയ ഒരു ഗവേഷണത്തിലെ പ്രധാന കണ്ടെത്തൽ. പഴത്തൊലിയിൽ ചവിട്ടി തെന്നി വീഴുന്ന ഒരാളുടെ ഷൂവും പഴത്തൊലിയും തമ്മിലുള്ളതും , പഴത്തൊലിയും തറയും തമ്മിലുള്ളതും ആയ ഘർഷണ വ്യത്യാസങ്ങൾ ഗവേഷണം നടത്തിയവരുണ്ട്. തെങ്ങിൽ നിന്ന് തേങ്ങ ദേഹത്ത് വീഴുന്നത് കൊണ്ടുണ്ടാവുന്ന ക്ഷതങ്ങളുടെ സ്വഭാവം, പാന്റിന്റെ സിപ്പിൽ പുരുഷ ലിംഗാഗ്രം കുരുങ്ങിയാൽ രക്ഷപ്പെടുത്താനുള്ള ശാസ്ത്രീയ വഴികൾ, വാളു വിഴുങ്ങിയാലുള്ള സൈഡ് എഫക്റ്റുകൾ, തലക്കടി കിട്ടിയാൽ – തുറക്കാത്ത ബീയർ കുപ്പി കൊണ്ടുള്ളതാണോ കാലിയായ കുപ്പി കൊണ്ടുള്ളതാണോ കൂടുതൽ പരിക്ക് ഉണ്ടാക്കുക തുടങ്ങി വളരെയധികം ജീവന്മരണ വിഷയങ്ങളാണ് പലരും വർഷങ്ങൾ ചിലവഴിച്ച് ഗവേഷണങ്ങൾ നടത്തിയത്. ഇത്തരം നിരവധി ഗവേഷണങ്ങളാണ് ലോകത്തെങ്ങുമായി ശാസ്ത്ര രംഗത്ത് ഓരോ വർഷവും നടക്കുന്നത്. തമാശയല്ല – വലിയ യൂണിവേഴ്സിറ്റികളിലും ലാബുകളിലും കാര്യമായി നടന്ന ഗവേഷണങ്ങൾ തന്നെ. എങ്കിലും കേൾക്കുമ്പോൾ ആദ്യം ചിരി വരുന്നുണ്ടല്ലോ.

ഇത്തരം കിളി പോയ ഗവേഷണങ്ങളെ അങ്ങിനെ നിസാരമാക്കിക്കൂട.. വളരെ ഗൗരവം നിറഞ്ഞ ഗവേഷണ പ്രബന്ധങ്ങളും കൂലങ്കഷമായ അന്വേഷണങ്ങളും കിടിലൻ കണ്ടെത്തലുകളും അവയേക്കുറിച്ചുള്ള ചർച്ചകളും മാത്രമാണല്ലോ ആധുനിക സയൻസിൻ്റെ ലോകം. എപ്പഴും ഇങ്ങിനെ മാത്രമായാൽ ശാസ്ത്രരംഗം ഭയങ്കര ബോറായിത്തന്നെ ചിലപ്പോൾ തോന്നും. ശാസ്ത്രജ്ഞരും മനുഷ്യന്മാരാണല്ലോ, ജീവിതത്തിൽ . കുറച്ച് തമാശയും കൗതുക രസങ്ങളും ഒക്കെ വേണം.

1991 ൽ തുടക്കം

നോബേൽ പുരസ്കാര പ്രഖ്യാപനത്തോടൊപ്പം തന്നെ ഓരോവർഷവും ഇഗ് നോബേൽ പുരസ്കാരവും പ്രഖാപിക്കാറുണ്ട്., കേട്ടാൽ പൊട്ടിച്ചിരിച്ച് കുഴഞ്ഞ് പോകുന്ന ചില യമണ്ടൻ ശാസ്ത്ര ഗവേഷണങ്ങൾക്കാണ് ഈ അവാർഡ്. ശാസ്ത്ര ഫലിതങ്ങൾ പ്രസിദ്ധീകരിക്കുന്ന മാസികയായ Annals of Improbable Research യുടെ പത്രാധിപരായ മാർക് അബ്രാഹ്മസ് 1991 ൽ ആരംഭിച്ചതാണ് ഈ പുരസ്കാരം.

ലജ്ജാകരമായ, അപകീർത്തികരമായ എന്നൊക്കെ അർത്ഥം വരുന്ന ignoble എന്ന വാക്കിൽ നിന്നാണ് ഇഗ് നോബേൽ എന്ന പേർ വന്നത്. പത്ത് അസ്വാഭാവിക രസികൻ കണ്ടെത്തലുകൾക്കാണ് വിവിധ ശാഖകളിലായി ഈ സമ്മാനം ഓരോ വർഷവും നൽകുന്നത്. ‘മേലാൽ ഇനിആരും ആവർത്തിക്കാൻ പാടില്ലാത്ത ഗവേഷണം’ അവാർഡിനുള്ള മുൻ ഗണനകളിൽ പ്രധാനം ഇതാണ്. ശരിയ്ക്കും ഒരു പാരഡി നോബേൽ പുരസ്കാരം. ഹർവേർഡ് സർവകലാശാലയിലെ സാൻഡേർസ് ഹാളിൽ ശരിയായ നോബേൽ പുരസ്കാര ജേതാക്കളേക്കൊണ്ട് തന്നെയാണ് ഈ തമാശ നോബേൽ പുരസ്കാരം വിതരണം ചെയ്യിക്കുക. തമാശകളും , കൂക്കുവിളികളും, സ്റ്റേജിലേക്ക് തൊടുക്കുന്ന പേപ്പർ റോക്കറ്റുകളും ഒക്കെയായി വളരെ രസികൻ പരിപാടിയായാണ് അവാർഡ് വിതരണ ചടങ്ങ്.

എല്ലാ വർഷവും ഒക്ടോബറിൽ സ്വീഡിഷ് അക്കാഡമിയുടെ നോബേൽ പുരസ്കാര പ്രഖാപനത്തിനായി വലിയ ആകാംക്ഷയോടെയാണ് ലോകം കാത്തിരിക്കുന്നത്. ഇത്തരത്തിൽ ആദരിക്കപ്പെടുന്ന ശാസ്ത്രജ്ഞരും വ്യക്തികളും മനുഷ്യസമൂഹത്തിന് കൂടുതൽ കൂടുതൽ ശാസ്ത്ര സാമൂഹ്യ സാഹിത്യ അറിവുകളും അനുഭവങ്ങളും സംഭവന ചെയ്തവരായാണ് കണക്കാക്കപ്പെടുന്നത്. ചില പുരസ്കാരങ്ങൾക്കായി തിരഞ്ഞെടുത്ത വ്യക്തികളെക്കുറിച്ച് ചില വിജയോജിപ്പുകൾ ഒക്കെ ഉണ്ടാകാറുണ്ടെങ്കിലും ആകപ്പാടെ നോബേൽ പുരസ്കാരം വളരെ പ്രധാന അവാർഡായിത്തന്നെയാണ് എല്ലാവരും കണക്കാക്കുന്നത്. നേബേൽ എന്ന വാക്ക് ഉള്ളതിനാൽ മാത്രമല്ല ഇഗ് നോബേൽ പുരസ്കാരത്തിന്റെ തിരഞ്ഞെടുപ്പിലെ പ്രത്യേകതയും മൂലം ഇതിനും ഒരു നിലയും വിലയും ഒക്കെ ആളുകൾ നൽകുന്നുണ്ട്.

2020 ൽ ഇക്കോളജിയിൽ Leila Satari, Alba Guillén, Àngela Vidal-Verdú, Manuel Porcar എന്നീ നാലുപേർക്ക് ആയിരുന്നു ഇഗ് നോബേൽ പുരസ്കാരം. വിവിധ രാജ്യങ്ങളിലെ നടപ്പാതകളിൽ ചവച്ച്തുപ്പിയ ച്യൂയിങ്ങ്ഗമ്മിൽ കാണപ്പെട്ട വ്യത്യസ്ഥ ബാക്ടീരിയകളേക്കുറിച്ചുള്ള പഠനം ആയിരുന്നു അവർ നടത്തിയിരുന്നത്. ലോക രാജ്യങ്ങളിലെ രാഷ്ട്രീയ നേതാക്കളുടെ ശരീര വണ്ണം അവിടത്തെ അഴിമതിയുടെ നേർ അനുപാതത്തിലാണ് എന്ന് കാണിക്കുന്ന പഠനത്തിനാണ് സാമ്പത്തികശാസ്ത്രത്തിൽ Pavlo Blavatskyy എന്നയാൾ ഈ പുരസ്കാരത്തിന് അർഹനായത്.

മൂക്കടപ്പിനുള്ള മരുന്നുകൾ കഴിക്കുന്ന അതേ ഗുണം രതിമൂർച്ച കൊണ്ടും ഉണ്ടാകുന്നുണ്ട് എന്ന പഠനത്തിനാണ് Olcay Cem Bulut, Dare Oladokun, Burkard Lippert, Ralph Hohenberger എന്നിവർക്ക് വൈദ്യശാസ്ത്രത്തിൽ അവാർഡ് നൽകിയത്. പുരുഷന്മാർ താടിരോമങ്ങൾ വളരുന്നവരായി പരിണമിച്ചത് മുഖത്ത് ഏൽക്കുന്ന ഇടികളിൽ നിന്നും സംരക്ഷണം ലഭിക്കാനുള്ള അനുകൂലനം ആയാണ് എന്ന ഗവേഷണ അറിവിനാണ് Ethan Beseris, Steven Naleway, David Carrier, എന്നിവർക്ക് സമാധാനത്തിനുള്ള ഈ വർഷത്തെ ഇഗ് നോബേൽ പുരസ്കാരം സമ്മാനിച്ചത്. വഴിയാത്രക്കാർ നടപ്പാതയിൽ തിടുക്കത്തിൽ നടക്കുമ്പോഴും പരസ്പരം കൂട്ടിയിടിക്കാത്തതിന്റെ സയൻസിന് ഫിസിക്സിലും ,എന്തുകൊണ്ടാണ് കാൽനടയാത്രക്കാരിൽ ചിലർ മാത്രം ഇടക്ക് കൂട്ടിമുട്ടുന്നത് എന്നതിൽ നടത്തിയ പരീക്ഷണങ്ങൾക്ക് കൈനറ്റിക്സിലും പുരസ്കാരം നൽകി.

ഇഗ്നൊബേലും നൊബേലും ലഭിച്ച Andre Geim

കാന്ത ശക്തിയാൽ ഒരു തവളയെ ഉയർത്തിനിർത്തുന്ന മാഗ്നെറ്റിക്ക് ലെവിയേഷൻ പരീക്ഷണങ്ങൾക്ക് 2000 ൽ ഇഗ് നോബേൽ പുരസ്കാരം നേടിയ Andre Geim എന്ന ശാസ്ത്രജ്ഞന് അന്ന് അത് വാങ്ങാൻ നേരിട്ട് ഹാജരാവുകയും ചെയ്തു. പത്ത് വർഷത്തിനുശേഷം ഗ്രാഫീനുകളുടെ വൈദ്യുത കാന്തിക സ്വഭാവങ്ങളേക്കുറിച്ചുള്ള കണ്ടെത്തലിന് ഭൗതീകശാസ്ത്രത്തിൽ ശരിയ്ക്കും ഉള്ള നോബേൽ പുരസ്കാരം കിട്ടിയപ്പോൾ അമ്പരന്നത് ഇഗ് നോബേൽ കമ്മറ്റിയായിരുന്നു. രണ്ട് തരം നോബേൽ പുരസ്കാരവും ലഭിച്ച ഏക ശാസ്ത്രജ്ഞനും ഇദ്ദേഹമാണ്.

1992 ലും 1998 ലും രസതന്ത്രത്തിൽ നൽകിയ ഇഗ് നോബേൽ പുരസ്കാരങ്ങൾ ഹോമിയോപ്പതിയെ കളിയാക്കുന്നതാണ് എന്ന പരാതി ഹോമിയോ പ്രാക്ടീഷ്ണർമാർ ഉന്നയിച്ചിരുന്നു. ബുദ്ധിയുള്ള ദ്രാവകമായ ജലത്തിന് അതിൽ ലയിച്ചവയുടെ ഓർമ്മ നിലനിർത്താനുള്ള കഴിവുണ്ട് എന്നു പ്രസ്ഥാപിക്കുന്ന ഗവേഷണത്തിനായിരുന്നു Jacques Benveniste, ന് ആദ്യം പുരസ്കാരം നൽകിയത്. ജലത്തിൻ്റെ ഒർമ്മയുണ്ടെന്ന അദ്ദേഹത്തിൻ്റെ കണ്ടെത്തലിനുപുറമേ അവയുടെ ഡിജിറ്റൽ ആൻ്റിജൻ ടെലഫോൺ ലൈനുകളിലൂടെയും ഇൻ്റെനെറ്റിലൂടെയും കൈമാറാൻ കഴിയും എന്ന മഹത്തായ അറിവിനും കൂടിയാണ് രണ്ടാമത് പുരസ്കാരം.

കേരളത്തിൽ നിന്നും ഒരു ഇഗ് നൊബേൽ

ആനകളുടെ ശരീരവിസ്തീർണ്ണം കണ്ടെത്താനുള്ള അനലിറ്റിക്കൽ റിപ്പോർട്ടിനാണ് കേരള കാർഷിക സർവകലാശാലയിലെ കെ,പി. ശ്രീകുമാർ, ജി. നിർമലൻ എന്നിവർക്ക് ഗണിതശാസ്ത്രത്തിൽ 2002 ലെ ഇഗ് നോബേൽ പുരസ്കാരം ലഭിച്ചത്.

പലവർഷങ്ങളിൽ നൽകിയ പുരസ്കാരങ്ങളിൽ വളരെ രസകരവും ചിന്തോദ്ദീപകവുമായ പല ഗവേഷണങ്ങളും ഉൾപ്പട്ടിട്ടുണ്ട്. യോക്കൊഹാമയിലെ ഷിഷിഡോ റിസർച്ച് സെൻ്ററിലെ ഗവേഷകർക്ക് മെഡിസിനിൽ നൽകിയ പുരസ്കാരം പാദങ്ങളുടെ നാറ്റത്തിനുകാരണമായ സംയുക്തങ്ങളേപറ്റിയുള്ള ഗവേഷണത്തിനു മാത്രമല്ല അവർ എത്തിയ നിഗമനത്തിനുംകൂടിയാണ്. ‘കാലിന് നാറ്റമുണ്ട് എന്നു കരുതുന്നവരുടെ കാലിന് ശരിയ്ക്കും നാറ്റമുണ്ടെന്നും ഇല്ല എന്ന് കരുതുന്നവരുടെ കാലിന് ശരിയ്ക്കും നാറ്റമില്ല’ എന്നും അവർ ഗവേഷണത്തിലൂടെ കണ്ടെത്തിയിരുന്നു. മുട്ടത്തോടുകളിൽ കാൽഷ്യം ഉണ്ടായത് കോൾഡ് ഫ്യൂഷൻ മൂലമാണ് എന്ന കണ്ടെത്തലിനാണ് ഫിസിക്സിൽ ആ വർഷം അവാർഡ് . പൂച്ചകളിലെ ചെവി ചെള്ളുകളെ സ്വന്തം ചെവിക്കുള്ളിൽ കയറ്റി അവയുടെ സ്വവഭാവങ്ങൾ ഗവേഷണം ചെയ്ത ഒരു വെറ്റിനറി ഡോക്ടർക്കാണ് എൻഡമോളജിയിൽ അടുത്ത വർഷം പുരസ്കാരം നൽകിയത്. റാറ്റിൽ സ്നേക്ക് വിഷ ചികിത്സയ്ക്ക് ഷോക്കടിപ്പിച്ചത് കൊണ്ട് കാര്യമില്ല എന്ന് സ്വയം ഷോക്കടിപ്പിച്ച് നോക്കി കണ്ടെത്തിയതിന് രണ്ട് പേർക്ക് മെഡിസിനിൽ സമ്മാനം നൽകി. ഇൻഡോനേഷ്യയിലെ മർപ്പട്ടികളേകൊണ്ട് കാപ്പിക്കുരു തീറ്റിച്ച് , അവയുടെ മലത്തിൽ നിന്നുംഅവ ശേഖരിച്ച് ഉണ്ടാക്കുന്ന കാപ്പിയായ ഏറ്റവും വിലപിടിപ്പുള്ള ‘കാപ്പി ലുവാക്’ നിർമ്മിക്കുന്ന അറ്റ്ലാൻ്റയിലെ ഒരു കമ്പനിക്ക് ആയിരുന്നു 1995 ൽ ന്യൂട്രീഷന് ഇഗ് നോബേൽ. തെർമോ റെഗുലേറ്ററി റെസ്പോൺസുകൾ തെർമൽ കംഫർട്ട് എന്നീ കാര്യങ്ങളിൽ നനഞ്ഞ അടിയുടുപ്പുകളുടെ പ്രാധാന്യം എന്ന വിഷയത്തിലെ ഗവേഷണത്തിനായിരുന്നു പൊതുജനാരോഗ്യവിഭാഗത്തിലെ പുരസ്കാരം. പുളിച്ച ക്രീമിൻ്റേയും വെളുത്തുള്ളിയുടെയും മണം അട്ടകളുടെ വിശപ്പിനെ എങ്ങിനെ സ്വാധീനിക്കും എന്ന മഹത്തായ ഗവേഷണത്തിനായിരുന്നു ബെർഗൻ സർവകലാശാലയിലെ ഗവേഷകർക്ക് ജീവശാസ്ത്രത്തിൽ പുരസ്കാരം 1996 ൽ നൽകിയത്. സാമ്പത്തിക ഞെരുക്കം ചിലതരം ദന്തക്ഷയത്തിൻ്റെ കാരണങ്ങളുടെ പ്രധാന സൂചകം ആണെന്ന കണ്ടെത്തലിന് എക്കണോമിക്സിലും പുരസ്കാരം നൽകി. നിക്കോട്ടിൻ ഒട്ടും അഡിക്റ്റീവ് സ്വഭാവമില്ലാത്തതാണ് എന്ന ഗവേഷക്കണ്ടെത്തലുകൾക്ക് കുറേ അമേരിക്കൻ പുകയില കമ്പനികൾക്ക് വൈദ്യശാസ്ത്രത്തിൽ 1996 ലെ ഇഗ് നോബേൽ പുരസ്കാരം നൽകാതിരിക്കാൻ ഒട്ടും പറ്റില്ലായിരുന്നു. ചന്ദ്രനിൽ പത്ത് മൈൽ ഉയരമുള്ള ബഹുനില കെട്ടിടത്തിൻ്റേയും ചൊവ്വയുടെ പ്രതലത്തിൽ മനുഷ്യ മുഖത്തിൻ്റേയും രൂപം കണ്ടെത്തിയ ഗവേഷണങ്ങൾക്ക് അസ്ട്രോണമിയിൽ പുരസ്കാരം നൽകീട്ടുണ്ട്.

അമർത്തിവെച്ച ഭയങ്ങളെ നേരിടാൻ വളി വിടൽ എങ്ങിനെ സഹായിക്കുന്നു എന്ന കാര്യം മനോഹരമായി എഴുതിയ Dr. Mara Sidoli എന്നവർക്കാണ് സാഹിത്യത്തിൽ പുരസ്കാരം.1998 ലെ സമാധാന പുരസ്കാരം ആ വർഷം ആറ്റം ബോംബ് പരീക്ഷണങ്ങൾ നടത്തിയ ഇന്ത്യൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പോയ്ക്കും പാക്കിസ്ഥാൻ പ്രധാനമന്ത്രി നവാസ് ഷെറിഫിനും ആയിരുന്നു. നരകത്തിന് വേണ്ട എല്ലാവിധ സാങ്കേതിയ റിക്വയർമെന്റും ബ്ലാക്ക് ഹോളുകൾ എങ്ങിനെ പൂർത്തീകരിക്കുന്നു എന്ന വിഷയത്തിലെ കണ്ടെത്തലിന് ആയിരുന്നു 2001 ൽ അസ്ട്രോഫിസിക്സിൽ ഇഗ് നോബേൽ പുരസ്കാരം. മാക്ഗിൽ സർവകലാശാലയിലെ Peter Barss വൈദ്യ ശാസ്ത്രത്തിലെ ഇഗ് നോബേൽ സമ്മാനം 1999 ൽ നൽകിയത് അത്രുഗ്രൻ ഉപകരണം വികസിപ്പിച്ചതിനാണ് . സെൻടിഫ്യൂജൽ ബലം ഉപയോഗിച്ച് പ്രസവം എളുപ്പമാക്കാനായി ഗർഭിണികൾക്ക് വേണ്ടി അതി വേഗ കറക്കമേശയുടെ കണ്ടെത്തലിന് ആയിരുന്നു ആ പുരസ്കാരം. അധോവായുവിൻ്റെ മണം വലിച്ചെടുക്കുന്ന ചാർക്കോൾ ഫിൽട്ടറുകൾ നിറച്ച എയർ ടൈറ്റ് അണ്ടർ വേറുകളുടെ കണ്ടുപിടുത്തത്തിന് 2001 ൽ ജന്തുശാസ്ത്രത്തിൽ ഇഗ് നോബേൽ സമ്മാനം നൽകി.

കൗമാരക്കാരിൽ മൂക്കിൽ വിരലിടുന്ന ശീലം സാധാരണമാണ് എന്ന കാര്യമാണ് ബാംഗളൂർ നിംഹാൻസിലെ ചിത്തരഞ്ചൻ, ശ്രീഹരി എന്നിവർ ഗവേഷണം നടത്തി കണ്ടെത്തിയത്. ആ വർഷത്തെ പൊതുജനാരോഗ്യരംഗത്തെ മികവിന് ഈ മഹത്തായ കണ്ടെത്തലിനെയാണ് ഇഗ് നോബേൽ കമ്മറ്റി പരിഗണിച്ചത്..

കനസാവയിലെ നഗരചത്വരത്തിലെ വെങ്കല പ്രതിമയിൽ പ്രാവുകൾ അടുക്കാത്തതും അതിലെ ആർസനിക്ക് സാന്നിദ്ധ്യവും ഗവേഷണം ചെയ്തതിനും രസന്ത്ര ഇഗ് നോബേൽ പുരസ്കാരം നൽകി. 2003 ലെ സമാധാനത്തിനുള്ള പുരസ്കാരം ഉത്തർപ്രദേശിലെ ലാൽ ബിഹാരി എന്ന ആൾക്കായിരുന്നു. സർക്കാർ രേഖകളിൽ മരിച്ചതായി പ്രഖാപിക്കപ്പെട്ടിട്ടും സുഖമായി വളരേക്കാലം ജീവിച്ചതിനും , മരണപ്പെട്ടവരുടെ അസോസിയേഷൻ സ്ഥാപിച്ചതിനും ഒക്കെ കൂടിയാണ് ഇതെങ്കിലും മരിച്ചതു കാരണം ഹാർവേർഡിൽ പോകാനുള്ള പാസ്പോർട്ട് ഇന്ത്യയിൽ നിന്നും ലഭിക്കാഞ്ഞതിനാൽ പകരക്കാരനാണ് സമ്മാനം കൈപറ്റിയത്. ദൈവ പ്രാർത്ഥനയ്ക്ക് ആളുകളെ കിട്ടാഞ്ഞതിനാൽ ഇന്ത്യയിലേക്ക് പ്രാർത്ഥന ഔട്ട്സോർസ് ചെയ്തതിന് വത്തിക്കാന് സാമ്പത്തികശാസ്ത്രത്തിൽ 2004 ലെ പുരസ്കാരം നൽകി. സിറപ്പിലാണോ വെള്ളത്തിലാണോ മനുഷ്യർക്ക് വേഗത്തിൽ നീന്താൻ കഴിയുക എന്ന പഠനം, ആസ്ത്രേലിയൻ ബീർ ബോട്ടിലുകളുമായി ചിലയിനം വണ്ടുകൾ ഇണചേരാൻ ശ്രമിക്കും എന്ന കണ്ടുപിടുത്തം,( Biology2011 മൂത്രശങ്ക കഠിനമായ അവസ്ഥകളിൽ ചിലർ ശരിയായ തീരുമാനങ്ങളും ചിലർ തെറ്റായ തീരുമാനങ്ങളും എടുക്കും എന്ന കണ്ടുപിടുത്തം,( Medicine 2011) ചിമ്പാൻസികൾക്ക് അവരുടെ സഹജീവികളുടെ പൃഷ്ഠത്തിൻ്റെ ഫോട്ടോഗ്രാഫ് കണ്ട് തിരിച്ചറിയാൻ കഴിയും എന്ന കണ്ടെത്തൽ (അനാട്ടമി 2011) ഇടത്തോട്ട് ചരിഞ്ഞ് നോക്കിയാൽ ഈഫൽ ടവർ കൂടുതൽ ചെരിഞ്ഞതായി കാണും എന്ന കണ്ടുപിടുത്തം ( മനശ്ശാസ്ത്രം 2012), വഴിതെറ്റിയ ചാണകവണ്ടുകൾ ആകാശ ഗംഗയേ നോക്കി എങ്ങിനെ ശരിയായ റൂട്ട് കണ്ടെത്തുന്നു എന്ന ഗവേഷണം ( ബയോളജി/ അസ്റ്റ്റോണമി 2013), ഭൂമിയുടെ ദക്ഷിണ ഉത്തര കാന്തിക ദിശയ്ക്ക് സമാന്തരമായി നിൽക്കുമ്പോഴാണ് നായകൾക്ക് മൂത്രവിസർജ്ജനം ചെയ്യാൻ ഇഷ്ടപ്പെടുന്നത് എന്ന കണ്ടെത്തൽ ( Kiyoshi Mabuchi, Kensei Tanaka, Daichi Uchijima , Rina Sakai എന്നിവർ നടത്തിയ മഹത്തായ ഗവേഷനം ആണ് ഫിസിക്സിൽ ആ വർഷം ഇഗ് നോബേലിന് പരിഗണിച്ചത്. ) പ്രായമായവർക്ക് വലിയ ചെവി എന്തുകൊണ്ട് എന്ന ഗവേഷണം, അഴുക്കായ ഉപരിതലങ്ങൾ വൃത്തിയാക്കാൻ തുപ്പാൽ എത്രമാത്രം ഗുണകരമാണ് എന്ന കണ്ടെത്തൽ, ചൊറിയുമ്പോൾ ഉണ്ടാവുന്ന സുഖം എത്രയെന്ന് അളക്കാനുള്ള ഗവേഷണം
ചാണകത്തിൽ നിന്നും എങ്ങിനെ വാനിലരുചി വേർതിരിക്കാം, വളരെപെട്ടന്ന് ഒരു ബ്രാ രണ്ട് ഗ്യാസ് മാസ്ക്കുകൾ ആക്കി രൂപാന്തരണം ചെയ്യാവുന്ന വിദ്യയുടെ കണ്ടുപിടുത്തം, പേരിട്ട് വിളിക്കുന്ന പശുക്കൾ പേരില്ലാത്ത പശുക്കളേക്കാൾ പാൽ ചുരത്തുന്നത് എന്തു കൊണ്ട് എന്ന ഗവേഷണം, റോളർകോസ്റ്ററിൽ കയറ്റി ആസ്ത്‌മ എങ്ങിനെ നിയന്ത്രിക്കാം, മഞ്ഞ് മൂലം തെന്നുന്ന നടപ്പാതകളിൽ സോക്സ് ഷൂവിന് പുറത്ത് ധരിച്ചാൽ വീഴ്ച കുറക്കാം എന്ന കണ്ടെത്തൽ, താടിക്കാരായ ശാസ്ത്രജ്ഞരുടെ താടിരോമങ്ങളിൽ ബാക്ടീരിയകൾ കുടുങ്ങിക്കിടക്കുന്നത് കൂടുതലാണ് എന്ന കണ്ടുപിടുത്തം – ഇങ്ങനെ ഓരോ വർഷവും പത്ത് വെച്ച് പുരസ്കാരം നൽകുന്നുണ്ട്.

നമ്മുടെ പ്രധാനമന്ത്രിക്കും

നമ്മുടെ പ്രധാനമന്ത്രി മോദിജി 2020 ലെ ആരോഗ്യ വിദ്യാഭ്യാസത്തിനുള്ള ഇഗ് നോബേൽ പുരസ്കാരം പങ്കിട്ടിരുന്നു. കോവിഡ് 19 പാൻഡമിക്ക് സാഹചര്യം ഉപയോഗിച്ച് – ജനങ്ങളെ ഒരു പാഠം പഠിപ്പിച്ചതിനാണ് ഈ പുരസ്കാരം.
ഡൊണാൾഡ് ട്രമ്പ്, ബോറീസ് ജോൺസൺ, വ്ലാഡ്മിർ പുദ്ധിൻ , അലക്സാണ്ടർ ലുക്ഷൻകോ തുടങ്ങിയ ലോക നേതാക്കൾക്ക് ഒപ്പമാണ് അദ്ദേഹത്തിനും ഇഗ് നോബേൽ പുരസ്കാരം.

രാഷ്ട്രീയക്കാർക്കാണ് മനുഷ്യരുടെ ജീവനിലും മരണത്തിലും ഒക്കെ പെട്ടന്ന് ഇടപെടാനുള്ള കഴിവ് എന്നും അല്ലാതെ ശാസ്ത്രജ്ഞർക്കും മെഡിക്കൽ വിദഗ്ധർക്കും അല്ല എന്നും ലോകം ഇതോടെ മനസിലാക്കി . കൂടാതെ പാതിരാത്രിയിൽ ഇരു രാജ്യങ്ങളിലും ഉള്ള നയതന്ത്രജ്ഞരുടെ വീട്ടുപടികളിലെ ഡോർ ബെല്ലടിച്ച് ഓടി മറയുന്ന നയതന്ത്രം പയറ്റിയതിന് 2020 ലെ സമാധാനത്തിനുള്ള പുരസ്കാരം ഇന്ത്യയും പാക്കിസ്ഥാനും പങ്കു വെച്ചു.


2022 ലെ ഇഗ് നൊബേൽ പുരസ്കാരത്തെക്കുറിച്ച് വായിക്കാം

Happy
Happy
55 %
Sad
Sad
0 %
Excited
Excited
36 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
9 %

Leave a Reply

Previous post ഇഗ്‌ നൊബേൽ: ചിരിക്കാനും ചിന്തിക്കാനും – 2022 ലെ പുരസ്കാര ജേതാക്കൾ
Next post LUCA NOBEL TALK 2022 – രജിസ്ട്രേഷൻ ആരംഭിച്ചു
Close