നീരാളിക്കൈകളുള്ള റോബോട്ടുകൾ
നീരാളിക്കൈകൾ എങ്ങനെ കൃത്രിമമായുണ്ടാക്കാം എന്നതാണിപ്പോൾ ശാസ്‌ത്രജ്ഞരുടെ സ്വപ്‌നം.
ഡാലി ഡേവിസ് എഴുതുന്ന പംക്തി Vacuum chamber
നിരാളികൾ അഥവാ കിനാവള്ളികൾ ശാസ്‌ത്രജ്ഞരുടെ ഇഷ്‌ടവിഷയമാണ്. സാമർത്ഥ്യവും ബുദ്ധിയുമുള്ള നീരാളിക്കൈകൾ ഉൾപ്പെടുന്ന വർഗമായ മൊളസ്‌ക്കകളും മനുഷ്യരുൾപ്പെടുന്ന വര്‍ഗമായ സസ്‌തനികളും ഒരു പൊതുപൂർവികയിൽ നിന്നാണ് 60 കോടി വർഷംമുമ്പ് പരിണമിച്ചത്. അതുകൊണ്ട് ജന്തുശാസ്‌ത്രജ്ഞരുടെ മാത്രമല്ല, രസതന്ത്രജ്ഞരുടെയും ഭൗതികശാസ്‌ത്രജ്ഞരുടെയും ഇപ്പോൾ റോബോട്ടിക്‌സുകളുടെയും ഇഷ്‌ടക്കാരാണു നീരാളികൾ. സ്വപ്‌നം കാണുന്ന നീരാളികളെക്കുറിച്ച് ഈ കോളത്തിൽ മുമ്പ് എഴുതിയത് വായിച്ചിരുന്നല്ലോ. സ്വപ്‌നം കാണുന്ന തലച്ചോറ് മാത്രമല്ല, എട്ടുകൈകളുള്ള നീരാളികളുടെ കൈകളും വളരെ സവിശേഷതയുള്ളവയാണ്. നീരാളിക്കൈകൾ, നീരാളിപ്പിടുത്തം എന്നൊക്കെയുള്ള ഭാഷാപ്രയോഗങ്ങൾ മലയാളത്തിലുണ്ടായത് നീരാളിക്കൈകളുടെ സവിശേഷതകൾകൊണ്ടാണ്. നീരാളിക്കൈകൾ എങ്ങനെ കൃത്രിമമായുണ്ടാക്കാം എന്നതാണിപ്പോൾ ശാസ്‌ത്രജ്ഞരുടെ സ്വപ്‌നം.
റോബോട്ടുകൾ അഥവാ റോബോട്ട് നടത്തം, റോബോട്ടിക് ഡാൻസ് എന്നൊക്കെ പറയുമ്പോൾ തന്നെ നമ്മുടെ മനസ്സിൽ വരുന്നത് ഒട്ടും വഴക്കമില്ലാത്ത, മസിൽ പിടിച്ചുള്ള ചലനങ്ങളാണ്. റോബോട്ട് ഗവേഷണത്തിലെ പ്രതികൂലമായ കാര്യമാണ് ഈ വഴക്കമില്ലായ്‌മ. നീരാളികൾക്കാണെങ്കിലോ, എല്ലുകളില്ലാത്ത ഏറെ വഴക്കമുള്ള ശരീരവും വായു വലിച്ചെടുത്ത് ഒട്ടിപ്പിടിച്ച് പിടുത്തം മുറുക്കാൻ സാധിക്കുന്ന സക്കറുകളും (suckers) കൈകളുമൊക്കെയുണ്ട്. റോബോട്ടുകളിൽ ഈ വഴക്കമുള്ള കൈകൾ കൊണ്ടുവരാൻ സാധിച്ചാലോ? സാധനങ്ങൾ ചെറുതാകട്ടെ, സങ്കീർണമാകട്ടെ; ഇത്തരം നീരാളിക്കൈകളുള്ള റോബോട്ടുകൾക്ക് ഇതൊക്കെ ചില്ലറക്കാര്യമല്ല.
ഒരു നീരാളിക്കൈ, നീരാളിക്കൈയിനെ നിയന്ത്രിക്കുന്ന ഒരു വിരൽ. അങ്ങനെയാണ് ഈ പുതിയ നീരാളി റോബോട്ടായ ‘ഒക്‌ടോബോട്ടി’നെ ഉണ്ടാക്കിയത്. നീരാളിക്കൈ സിലിക്കൺ കൊണ്ടാണു ഉണ്ടാക്കിയിരിക്കുന്നത്. അതിൽ സാധാരണ ചൂടിൽ ദ്രാവകാവസ്ഥയിലും, തണുക്കുമ്പോൾ ഖരാവസ്ഥയിലും ഇരിക്കുന്ന ലോഹസങ്കരം കൊണ്ടുണ്ടാക്കിയ കമ്പികളുണ്ട്. സ്‌റ്റാൻഡേർഡ് സിലിക്കൺ ചിപ്പുകളും, ഈ കമ്പികളും ചേർന്ന് നീരാളിക്കൈയിലെ നാഡീവ്യവസ്ഥയെ അനുകരിക്കുന്ന ഒരു ഇലക്‌ട്രോണിക് നെറ്റ്‌വർക്ക് ഉണ്ടാക്കും. നീരാളിക്കൈയുടെ അറ്റത്ത് സക്കറുകളും താപനില സെൻസറുകളും വെച്ചിട്ടുണ്ട്. ഈ മുഴുവൻ നീരാളിക്കൈയും ഒരു ഒറ്റവിരൽ കയ്യുറ ഉപയോഗിച്ച് വയർലെസ് ആയി പ്രവർത്തിപ്പിക്കുന്നു. വിരലുറയിട്ട കൈയുടെ ചലനം, അതിന്റെ വേഗത, എങ്ങനെ തിരിയുന്നു എന്നതൊക്കെ നീരാളിക്കൈയിലുമെത്തും. അതിനനുസരിച്ച് നീരാളിക്കൈ പ്രവർത്തിക്കും. ശരിക്കും നീരാളിക്കൈയായി പ്രവർത്തിക്കുന്ന ഈ ‘ഒക്‌ടോറോബോ’യ്‌ക്ക് ഇരയെ പിടിക്കാൻ അതിന്റെ കൈ ഒന്നര ഇരട്ടിവരെ നീട്ടാൻ പറ്റും. ഇരയെ പിടിച്ചുകഴിഞ്ഞ് അതിനെ വലിച്ചെടുത്ത് ഒട്ടിപ്പിടിപ്പിക്കുന്നത് വിരലുറ അണിഞ്ഞ ഓപ്പറേറ്റർക്ക് അറിയാൻ കഴിയുംവിധം വിരലുറയിലും സെൻസറുകൾ വെച്ചിട്ടുണ്ട്.
വെള്ളത്തിലും വായുവിലും വിജയകരമായി പ്രവർത്തിക്കാൻ കഴിഞ്ഞ ഈ ‘ഒക്‌ടോറോബോ’ സോഫ്‌റ്റ് റോബോട്ടിക് രംഗത്തെ ഒരു വിപ്ലവമാകാൻ സാധ്യതയുണ്ട്. സമുദ്രത്തിൽ മുതൽ ചികിത്സാരംഗത്തുവരെ ഇതിന് വളരെയധികം ഉപയോഗങ്ങൾ ഉണ്ടാകുമെന്നാണു ശാസ്‌ത്രജ്ഞർ കരുതുന്നത്. അതിലുപരി ഇന്റർഫേസുകളില്ലാതെ മനുഷ്യരും റോബോട്ടുകളും നേർക്കുനേരെയുള്ള വ്യവഹാരം ഈ റോബോട്ടിക്‌സിൽ സാധ്യമാകുന്നുവെന്ന പ്രത്യേകതയും ഇതുമായി ബന്ധപ്പെട്ട ആശയങ്ങളെല്ലാം നീരാളിക്കൈയിൽനിന്നുള്ള ബയോപ്രചോദനമാണെന്നതും ഒക്‌ടോറോബോയുടെ ഉപയോഗസാധ്യതകൾ പലമടങ്ങായി വർധിപ്പിക്കുന്നു.