ക്ഷീരപഥത്തിലെ 42 പുരാതന നക്ഷത്രങ്ങളുടെ വിശകലനത്തിൽ നിന്നാണ് ന്യൂക്ലിയർ ഫിഷൻ സാധ്യതകൾ പുറത്തുവന്നത്. ഭാരമുള്ള മുലകങ്ങൾ വിഭജിച്ച് ഭാരം കുറഞ്ഞ മൂലകങ്ങൾ സൃഷ്ടിക്കുന്നത് വഴി ഊർജം പുറത്തുവിടുന്ന പ്രക്രിയയാണ് ന്യൂക്ലിയർ ഫിഷൻ. ജീവിതാവസാനം വരെ എത്തിയ കുറ്റൻ നക്ഷത്രങ്ങളുടെ കാമ്പുകളുടെ അവശിഷ്ടങ്ങളായ ന്യൂട്രോൺ നക്ഷത്രങ്ങളിൽ ന്യൂക്ലിയർ ഫിഷൻ നടക്കുമ്പോൾ അവ ആവർത്തനപ്പട്ടികയിലെ ഏറ്റവും ഭാരമേറിയ മൂലകത്തെക്കാൾ ഭാരം കൂടിയ super heavy മൂലകങ്ങൾ സൃഷ്ടിക്കുന്നതായി കണ്ടെത്തി. ഇവ ഭൂമിയിൽ സ്വാഭാവികമായി കാണപ്പെടുന്ന മറ്റെന്തിനെക്കാളും ഭാരമേറിയ മൂലകങ്ങളാണ്. സൂര്യനോളം വലുപ്പമുള്ള ന്യൂട്രോൺ നക്ഷത്രങ്ങൾ മഹാവിസ്ഫോടനത്തിന് ശേഷമുള്ള ആദ്യത്തെ 5 ബില്യൺ വർഷങ്ങളിൽ അല്ലെങ്കിൽ 9 ബില്യൺ വർഷങ്ങൾക്കുമുമ്പ് രൂപപ്പെട്ടതായി കരുതപ്പെടുന്നു. നക്ഷത്രങ്ങളിൽ റോഡിയം, സിൽവർ, പല്ലേഡിയം (ആവർത്തനപ്പട്ടി കയിൽ 45 മുതൽ 47 വരെ ആറ്റോമിക് പിണ്ഡം) പോലുള്ള ഭാരം കുറഞ്ഞ മൂലകങ്ങളുടെയും 60-ന് മുകളിൽ ആറ്റോമിക് പിണ്ഡമുള്ള യൂറോപിയം, എർബിയം തുടങ്ങിയ ഭാരമേറിയ മൂലകങ്ങളുടെയും ഉയർന്ന സാന്നിധ്യയുമുണ്ടെന്ന് വിശകലനം തെളിയിച്ചു.
ഈ ന്യൂട്രോൺ നക്ഷത്രങ്ങൾ ഒരു ബൈനറി ജോഡിയായി പരസ്‌പരം ചുറ്റുകയും തന്മൂലം അവയ്ക്ക് കോണീയ ആവേഗം (angular momentum) നഷ്ടപ്പെടുകയും ചെയ്യുന്നു. ഈ സമയത്ത്, നക്ഷത്രങ്ങൾ ഗുരുത്വാകർഷണ തരംഗങ്ങൾ പുറപ്പെടുവിക്കുന്നു. ഇത് ന്യൂട്രോൺ നക്ഷത്രങ്ങൾ തമ്മിൽ കൂട്ടിയിടിക്കാനും ലയിക്കാനും വളരെ തീവ്രമായ അന്തരീക്ഷം സൃഷ്ടിക്കാനും കാരണമാകുകയും ചെയ്യുന്നു. ന്യൂട്രോൺ നക്ഷത്രങ്ങളുടെ ലയനം സ്വതന്ത്ര ന്യൂട്രോണുകളുടെ ഒരു ഒഴുക്കിലേക്ക് നയിക്കുന്നു. മറ്റ് ആറ്റോമിക് ന്യൂക്ലിയസുകൾ ഈ സ്വതന്ത്ര ന്യൂട്രോണുകളെ വേഗത്തിൽ പിടിക്കുന്നു (neutron capture). ഇത് ആറ്റോമിക് ന്യൂക്ലിയസുകളുടെ ഭാരം വർധിപ്പിക്കുകയും ന്യൂക്ലിയർ ഫിഷൻവഴി അസ്ഥിരമായ super heavy മൂലകങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നു. ഈ super heavy മൂലകങ്ങൾ പിന്നീട് വിഭജനത്തിന് വിധേയമായി റുഥീനിയം, റോഡിയം, പല്ലേഡിയം, വെള്ളി തുടങ്ങിയ ലോഹങ്ങളും യൂറോപിയം, ഗാഡോലിനിയം, ഡിസ്പോസിയം, ഹോൾമിയം തുടങ്ങിയ അപൂർവ ഭൗമന്യൂക്ലിയസുകളും ഉൽപാദിപ്പിക്കുന്നു.
അവലംബം: www.space.com