Read Time:19 Minute

പ്രമുഖ  എഴുത്തുകാരനായ യുവൽ ഹരാരിയുടെ ഏറ്റവും പുതിയ ഗ്രന്ഥമാണ് 2024 സെപ്റ്റംബറിൽ പുറത്തിറങ്ങിയ “നെക്സസ്: വിവരശൃംഖലകളുടെ ചരിത്രം” എന്ന രചന. ഇതിന്റെ വിഷയം രചനയുടെ ഉപശീർഷകത്തിൽ അടയാളപ്പെടുത്തുന്നത് പോലെ ശിലായുഗം മുതൽ നിർമ്മിതബുദ്ധി വരെയുള്ള വിവരശൃംഖലകളുടെ ചരിത്രമാണ്. വിവരശൃംഖല എന്ന വാക്കിനെ ഏറ്റവും വിശാലമായ അർത്ഥത്തിൽ വ്യാഖ്യാനിച്ചുകൊണ്ടാണ് ഹരാരി ഈ രചന ക്രമീകരിച്ചിട്ടുള്ളത്. ഈ ഗ്രന്ഥത്തിലെ ചില വിഷയങ്ങളിലൂടെ നമുക്ക് കണ്ണോടിക്കാം.

ഹരാരി നെക്‌സസിൽ വീണ്ടും വീണ്ടും എന്നോണം പറയുന്ന ഒരു വാദം സാമൂഹികവ്യവസ്ഥയുടെ മണ്ഡലത്തിൽ ‘ക്രമ’മും (order) ‘സത്യ’വും (truth) തമ്മിലുള്ള ‘അനിവാര്യമായ’ സ്വരച്ചേർച്ചയില്ലായ്മയെക്കുറിച്ചാണ്. ഒന്നുകിൽ നമുക്ക് ക്രമം വേണമെന്ന് പറയാം, അല്ലെങ്കിൽ സത്യം വേണമെന്ന് പറയാം, പക്ഷെ രണ്ടും കൂടി ഒരുമിച്ചു വേണമെന്ന് പറഞ്ഞാൽ നടപ്പില്ല! ഈ ഒരു നിലപാട് അദ്ദേഹം ഉന്നയിക്കുന്നത് വാദഗതികൾ ഉന്നയിച്ചുകൊണ്ടല്ല, പകരം ചരിത്രത്തിലെ ഉദാഹരണങ്ങൾ ഉപയോഗിച്ചുകൊണ്ടാണ്. മതാധിഷ്ടിത ഭരണകൂടങ്ങൾ മതഗ്രന്ഥത്തോടുള്ള അനുസരണ അനുശാസിക്കുന്നതിലൂടെ അച്ചടക്കവും ക്രമവും ഉറപ്പാക്കുമ്പോൾ ലിബറൽ ജനാധിപത്യഭരണകൂടങ്ങൾ എല്ലാവർക്കും വിയോജിക്കാനുള്ള അവസരം നൽകുന്നതിലൂടെ ക്രമത്തെക്കാൾ സത്യത്തിന് വിലകൽപ്പിക്കുന്നുണ്ട് എന്ന വാദം ഹരാരി പല ഘട്ടങ്ങളിലായി അവതരിപ്പിക്കുന്നു. ഈ വീക്ഷണകോണിൽനിന്ന് നോക്കിക്കൊണ്ട് അദ്ദേഹം ഫാസിസിസ്റ്റ് ഭരണകൂടങ്ങളെയും കമ്മ്യൂണിസ്റ്റ് ഭരണകൂടത്തെയും ഒരേ വർഗ്ഗീകരണത്തിൽ പെടുത്തുന്നുണ്ട്; സത്യത്തേക്കാൾ ക്രമത്തിനോട് പ്രതിപത്തി പുലർത്തുന്നവ എന്ന വർഗ്ഗീകരണം ആണിവിടെ ഉപയോഗിക്കുന്നത്. അടിസ്ഥാനപ്രമാണങ്ങളും ഉദ്ദേശ്യലക്ഷ്യങ്ങളും വിഭിന്നമാണെന്നതൊന്നും വിഷയമല്ല, പ്രത്യയശാസ്ത്രം കൊണ്ടുവരുന്ന ക്രമം മൂലം അത്തരം സംവിധാനങ്ങൾ ഒരേരീതിയിൽ സത്യത്തിനോട് പുറംതിരിഞ്ഞു നിൽക്കും എന്നതാണ് ഇവിടെ ഹരാരി പറഞ്ഞുവെയ്ക്കുന്നത്!

മേൽപ്പറഞ്ഞതുമായി ബന്ധപ്പെട്ട് കൊണ്ട് തന്നെ വിവരശൃംഖലയിൽ ഉള്ള ഘടനാപരമായ കേന്ദ്രീകരണത്തിന്റെ അളവ് അതിന്റെ പ്രവർത്തനത്തെ നിർണ്ണയിക്കും എന്ന് പല ആവൃത്തി പരോക്ഷമായി സൂചിപ്പിക്കുന്ന ഒരു രീതി അദ്ദേഹം അവലംബിക്കുന്നു. ഇതിനെ ഒരുപക്ഷെ ഘടന-അതിനിർണ്ണയവാദം (structural determinism) എന്ന് അടയാളപ്പെടുത്താം എന്നാണ് വായനയുടെ ഇടയിൽ തോന്നിയത്. വികേന്ദ്രീകരണത്തെ അദ്ദേഹം പലപ്പോഴും അധികാരസ്ഥാനങ്ങളുടെ പെരുപ്പം എന്ന് സൂചിപ്പിക്കുന്നുണ്ട്; വലിയ മതിപ്പോടുകൂടി അമേരിക്കൻ ജനാധിപത്യത്തെയും അതിലെ നിരവധിയായ അധികാരസ്ഥാനങ്ങളെയും (court, congress, senate, president) അവ തമ്മിലുള്ള തിരുത്തൽപ്രക്രിയകളെയും കുറിച്ച്  വികേന്ദ്രീകരണത്തിന്റെ മാതൃകയായി അവതരിപ്പിക്കുന്നുമുണ്ട്. പക്ഷെ, ഇത്തരം ഉദാഹരണങ്ങളിൽ നിന്ന് വ്യതിചലിച്ചുകൊണ്ട് അദ്ദേഹം മറ്റു ചിലപ്പോൾ അമൂർത്തമായ വിവരശൃംഖലകളുടെ ഘടന എന്നും സൂചിപ്പിക്കുന്നു. പൊതുവിൽ എല്ലാ വിവരശൃംഖലകളും  വികേന്ദ്രീകരിക്കപ്പെടണം എന്നാണ് അദ്ധേഹത്തിന്റെ നിലപാട്. 

ഹരാരിയുടെ ആശയത്തെ സൂചിപ്പിക്കാനായി രണ്ടുദാഹരണങ്ങൾ ഞാൻ ഉപയോഗിക്കാം. ഓരോ വ്യക്തിയെയും അയാളുടെ അയൽവാസികളുമായി ബന്ധിപ്പിച്ചുകൊണ്ട് നിർമ്മിക്കുന്നതാണ് ആദ്യത്തെ വിവരശൃംഖല. ഓരോ വ്യക്തിയെയും തന്റെ മാതാപിതാക്കളുമായി ബന്ധപ്പെടുത്തിക്കൊണ്ട് നിർമ്മിക്കുന്നതാണ് രണ്ടാമത്തെ വിവരശൃംഖല. ആദ്യത്തേതിന് പരന്നുകിടക്കുന്ന വികേന്ദ്രീകൃത സ്വഭാവമാണുള്ളതെങ്കിൽ രണ്ടാമത്തേതിന് മുതിർന്ന കുടുംബാംഗങ്ങളിലേക്ക് കേന്ദ്രീകരിക്കുന്ന ഒരു സ്വഭാവമാണുള്ളത്‌. രണ്ടും വ്യത്യസ്ത കാര്യങ്ങൾക്ക് ഉപകരിച്ചേക്കും എന്നാവും ഒരുപക്ഷെ ഈ ഉദാഹരണം കാണുമ്പോൾ നമുക്ക് പറയാൻ തോന്നുക. നെക്സസ് വായനക്കാരോട് ഈ ഉദാഹരണങ്ങൾ കാണിച്ചു കൊടുത്തു ഹരാരി ഇതിനെക്കുറിച്ചെന്തു പറയും എന്ന് ചോദിച്ചാൽ അദ്ദേഹം ആദ്യശൃംഖലയിൽ കൂടുതൽ സത്യത്തിനുള്ള സ്പേസ് കാണുന്നു എന്നുത്തരം ലഭിക്കേണ്ടതാണ്!  അത്തരം ഒരു നിലപാടിലെ അപഹാസ്യത ഒരു കാലിക ഉദാഹരണത്തിലൂടെ ഇവിടെ സൂചിപ്പിക്കാം. തീർത്തും വികേന്ദ്രീകൃതവും സമത്വാധിഷ്ഠിതവുമായ വിവരശൃംഖലയിലൂടെ പ്രവർത്തിക്കുന്ന സമൂഹമാധ്യമങ്ങൾ വ്യാജവാർത്തയുടെ ഏറ്റവും വലിയ കുത്തകകൾ ആവുന്നത് നാം കാണുന്നു. അതേസമയം, കൃത്യമായ നിയമാവലിയും ഒട്ടനവധി ഉപയോക്താക്കൾക്ക് അഡ്മിനിസ്ട്രേറ്റർ പദവിയും നൽകുന്ന കേന്ദ്രീകരണസ്വഭാവം പ്രകടിപ്പിക്കുന്ന വിക്കിപീഡിയ വെബ്ബിലെ ഏറ്റവും ആധികാരികമായ വിവരസ്രോതസ്സാകുന്നതും നാം കാണുന്നുണ്ട്. ഉദ്ദേശ്യലക്ഷ്യങ്ങളെയും രാഷ്ട്രീയ സമ്പദ്‌വ്യവസ്ഥയെയും പരിഗണിക്കാതെ ഘടനകണ്ടുമാത്രം മനസ്സിലാക്കിക്കളയാം എന്ന വാദം അതുകൊണ്ട് തന്നെ സങ്കുചിതമായിട്ട് വിലയിരുത്തപ്പെടേണ്ടതാണ്. 

ഹരാരി നിർമ്മിതബുദ്ധിയുഗത്തെ വളരെ ഭീതിയുടെയും വളരെ ആശങ്കയോടെയും ആണ് തന്റെ രചനയിൽ സമീപിക്കുന്നത്. വിവരശൃംഖലകളിൽ പരമ്പരാഗതമായി പങ്കെടുത്തിരുന്നത് മനുഷ്യർ മാത്രമാണെങ്കിൽ ഇന്ന് വിവരശൃംഖലയിലെ പല കേന്ദ്രങ്ങളിലും സ്ഥാനം പിടിച്ചു തീരുമാനങ്ങൾ കൈക്കൊള്ളുന്നത് കംപ്യൂട്ടറുകളാണെന്ന് അദ്ദേഹം പറയുന്നു.

സാപിയൻസ് എന്ന തന്റെ രചനയിൽ അദ്ദേഹം അവതരിപ്പിച്ച inter-subjective reality എന്ന ആശയമൊന്ന് പരിചയപ്പെടുത്തിയിട്ട് അടുത്ത വാദത്തിലേക്ക് പോകാം. ഒരു അഞ്ഞൂറിന്റെ നോട്ടിന് സ്വന്തമായി ഒരു കഷ്ണം കടലാസിന്റെ വിലമത്രമാണുള്ളതെങ്കിലും, അതിന് എല്ലാവരും അഞ്ഞൂറ് രൂപ വിലമതിക്കുന്നത് കൊണ്ട് അതിന് അത്രയും വില സമൂഹത്തിന്റെ ദൃഷ്ടിയിൽ വന്നുചേരുന്നു. അതുകൊണ്ട് നോട്ടിന്റെ വില ഹരാരിക്ക് ഒരു inter-subjective reality ആണ്, അതുപോലെ തന്നെയുള്ളവയാണ് ബ്രാൻഡ് വാല്യൂ, പൗരത്വം എന്നിവയൊക്കെ. ഈ ആശയത്തെ കുറച്ചുകൂടി വിപുലീകരിച്ചു അദ്ദേഹം inter-computer reality എന്ന ആശയം അവതരിപ്പിക്കുന്നുണ്ട് നെക്സസ്സിൽ. അനേകം ഫോണുകളിൽ ഇൻസ്റ്റാൾ ചെയ്തിരിക്കുന്ന പോക്കിമോൻ ആപ്പ് അനുസരിച്ചു നമ്മുടെ വിജനമായ പറമ്പിൽ ഒരു പോക്കിമോൻ ഉണ്ടെങ്കിൽ, അത് മനുഷ്യർക്ക് മനസ്സിലാവാത്ത കംപ്യൂട്ടറുകൾ തമ്മിലുള്ള ഒരു വിശ്വാസമത്രെ! ഇങ്ങനെ പറഞ്ഞുപോവുമ്പോൾ വ്യംഗ്യമായി സൂചിപ്പിക്കുന്നത് കംപ്യൂട്ടറുകൾക്കും നിർമ്മിതബുദ്ധിക്കും തീരുമാനമെടുക്കാനും വിശ്വാസങ്ങൾ വെച്ചുപുലർത്താനും കഴിയും എന്ന് തന്നെയാണ്. നിർമ്മിതബുദ്ധിയെ മറ്റു സാങ്കേതികവിദ്യകളിൽനിന്ന് വേറിട്ട് നിർത്തുന്നത് അതിനുള്ള തീരുമാനമെടുക്കൽ-ശേഷിയാണെന്ന് നിരവധി വേദികളിൽ കഴിഞ്ഞ രണ്ടു വർഷങ്ങളായി അദ്ദേഹം പറഞ്ഞ വാദം നെക്സസിൽ ആവർത്തിക്കപ്പെടുന്നുണ്ട്. അത് ഈ രചനയുടെ ആഖ്യാനത്തെ സാങ്കേതിക-അതിനിർണ്ണയവാദത്തിലേക്ക് (technological determinism) കൊണ്ടുപോകുന്നു. അത് മനസ്സിലാക്കിയിട്ടെന്നോണം താൻ ഒരു technological determinist അല്ല എന്ന് അദ്ദേഹം ഒരിടത്ത് സൂചിപ്പിക്കുന്നു, പക്ഷെ അതിനുള്ള ഒരു വിശദീകരണം നൽകുന്നുമില്ല. 

ഹരാരിയുടെ തന്നെ മറ്റു ഗ്രന്ഥങ്ങളിൽ കാണുന്ന ആഖ്യാന സൂക്ഷ്മതയോ ആശയസ്ഥൈര്യമോ ഈ രചനയിൽ ആധുനികലോകത്തെക്കുറിച്ചുള്ള പരാമർശങ്ങളിൽ കാണുന്നില്ല എന്നത് ദൗർഭാഗ്യകരമാണ്. കഴിഞ്ഞ ഏതാനും വർഷങ്ങളായി നിരവധിയായ ലേഖനങ്ങളിലും മറ്റുമൊക്കെ വന്നിട്ടുള്ള പലവിഷയങ്ങളും എടുത്തു ഒരു മാലപോലെ കോർത്തിണക്കി അവതരിപ്പിക്കുന്ന ഒരു രീതിയാണ് ഇവിടെ കാണുന്നത്. ഒരുവിഷയത്തിൽനിന്ന് മറ്റൊന്നിലേക്ക് പോകുമ്പോൾ ‘അപ്പൊ അത് കഴിഞ്ഞോ?’ എന്ന ചോദ്യം വായനക്കാരിൽ ഉണ്ടാക്കുന്നവിധം നൈരന്തര്യമില്ലായ്മയും പലഘട്ടത്തിലും കാണാം. ഹരാരിയുടെ രചനകൾ എല്ലാം തന്നെ വായിച്ചിട്ടുള്ള ഒരു വായനക്കാരൻ എന്ന നിലയ്ക്ക് അദ്ദേഹം ഒരുകാലത്ത് ഒരുപരിധിവരെ അകലം പുലർത്താൻ ശ്രമിച്ചിരുന്ന ലിബറലിസത്തെ നെക്സസിൽ ആശ്ലേഷിക്കുന്നതായിട്ടാണ് കാണുന്നത്. മറ്റു രചനകളെ അപേക്ഷിച്ചു കുറച്ചുകൂടി രാഷ്ട്രീയവലതിനോട് ചേർന്നുനിന്നൊരു എഴുത്തെന്ന് വിശേഷിപ്പിച്ചാലും അതിശയോക്തിയുണ്ടാവുകയില്ല. ആ വീക്ഷണകോണിൽ നിന്ന് നോക്കുമ്പോൾ സ്വാഭാവികമായി വിവരശൃംഖലകളെക്കുറിച്ചു പറയുമ്പോൾ അഭിസംബോധന ചെയ്യേണ്ടുന്ന പല രാഷ്ട്രീയവിഷയങ്ങളും ഒഴിവാക്കുന്നത് എന്തുകൊണ്ടെന്ന് മനസ്സിലാക്കാനാവും. രാഷ്ട്രീയ സമ്പദ്‌വ്യവസ്ഥയുമായി ബന്ധപ്പെടുത്താൻ താല്പര്യപ്പെടാതെ അരാഷ്ട്രീയമായ നിരീക്ഷണങ്ങൾകൊണ്ട് സമൃദ്ധമാണ് നെക്സസ്. അദ്ധേഹത്തിന്റെ വികേന്ദ്രീകരണത്തോടുള്ള വലിയ താൽപര്യത്തെ മുതലാളിത്ത വിപണിവ്യവസ്ഥയോടുള്ള താൽപര്യമായും വായിക്കാം. 

അങ്ങനെയിരിക്കിലും നിരവധിയായ ചരിത്രകഥകൾ ഭംഗിയോടെ അവതരിപ്പിക്കുന്നതിലൂടെ വിവരശൃംഖലകൾ മനുഷ്യചരിത്രത്തിൽ വഹിച്ചിരുന്ന പങ്ക് അത്രമേൽ വലുതാണെന്ന് വായനക്കാരെ ബോധിപ്പിക്കാൻ ഹരാരിക്ക് കഴിയുന്നുണ്ട്.

നെക്സസ് : വിവരശൃംഖലകളുടെ ചരിത്രം 

വീഡിയോ കാണാം

സസൂക്ഷ്മം

സാങ്കേതികവിദ്യയുടെ രാഷ്ട്രീയ വായനകൾ- ഡോ. ദീപക് കെ. യുടെ ലേഖന പരമ്പര

സാങ്കേതികവിദ്യയും സമൂഹവും

ലേഖനങ്ങൾ വായിക്കാം

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post COP 29 – അസർബൈജാൻ തലസ്ഥാനമായ ബകുവിൽ ആരംഭിച്ചു
Close