അയൽപക്കത്തൊരാൾക്ക് കോറോണ രോഗം ബാധിച്ചാൽ നാം എന്തു ചെയ്യണം?
1. എന്താ സംശയം ? നമ്മുടെ വീട്ടിൽ ഒരാൾക്ക് പിടിപെട്ടാൽ എന്നതുപോലെതന്നെ പെരുമാറണം: കനിവോടെ, എന്നാൽ ശാസ്ത്രീയമായ മുൻകരുതലോടെ. ഒട്ടും പരിഭ്രമമരുത്.
2. രോഗിയെയോ കുടുംബത്തെയോ അപമാനിക്കാനും സാമൂഹികമായി ഒറ്റപ്പെടുത്താനുമുള്ള ശ്രമങ്ങൾ ഉണ്ടാകരുത്. വാട്സ്ആപ്പ് പോലുള്ള സാമൂഹ്യ മാധ്യമങ്ങളിലൂടെ പരിഭ്രാന്തി പരത്തുന്ന സന്ദേശങ്ങൾ പ്രചരിപ്പിക്കരുത്.
3. സ്വകാര്യതയെ മാനിക്കുക. കൊറോണ ബാധിതരുടെ പേരുവിവരങ്ങൾ പരസ്യപ്പെടുത്തുന്നത് നിയമവിരുദ്ധമാണെന്ന് ഓർക്കണം.
4. ഇത്തരം സന്ദർഭങ്ങളിൽ ദാക്ഷിണ്യത്തോടെയും വീണ്ടു വിചാരത്തോടെയും പെരുമാറണം. ഈ മഹാമാരി നാളെ ആരെയൊക്കെ ബാധിക്കും എന്ന് പറയാനാകില്ല. നമുക്കും നമ്മുടെ കുടുംബത്തിനും സമീപഭാവിയിൽ ഈ രോഗം വന്നേക്കാം എന്ന ബോധം എപ്പോഴും ഉണ്ടാകണം
5. ആ കുടുംബത്തിന് ആവശ്യമായ ആരോഗ്യ സേവനം ഉൾപ്പെടെയുള്ള എല്ലാ സേവനങ്ങളും ടെലിഫോൺ മുഖേനയോ മറ്റു സൗകര്യങ്ങൾ ഉപയോഗിച്ചോ ചെയ്തു കൊടുക്കണം
6. സാമൂഹിക ബഹിഷ്കരണം പോലെയുള്ള പരിപാടികളിൽ നിന്നും പിന്തിരിയണം. രോഗം ബാധിച്ച ആളുകളെ പിന്തുണയ്ക്കുക,ആവശ്യമായ സഹകരണങ്ങൾ നൽകുക എന്നതാണ് നമ്മുടെ ചുമതല. ഇപ്പോൾ നിർഭാഗ്യവശാൽ അവർക്ക് പിടിപെട്ടു എന്നേയുള്ളൂ. ഇനി വരുന്ന നാളുകളിൽ എവിടെനിന്നാണ് രോഗം പകർന്നത് എന്നത് പോലും അറിയാൻ കഴിയാത്ത സ്ഥിതിവിശേഷം സംജാതമായിഎന്നുവരാം.
7. അയൽവാസിക്ക് കൊറോണ പിടിപെട്ട സ്ഥിതിക്ക് അതേ ഉറവിടത്തിൽ നിന്ന് നമുക്കും രോഗം വരാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. അതുകൊണ്ട് ജാഗ്രതയോടെയിരിക്കുക മുൻകരുതലുകൾസ്വീകരിക്കുക .
8. ഉത്തരവാദിത്വത്തോട് കൂടി പെരുമാറുക നിങ്ങളുടെ അയല്പക്കത്താണ് രോഗി എന്നതുകൊണ്ട് നിങ്ങൾക്കോ നിങ്ങളുടെ കുടുംബാംഗങ്ങൾക്കോ പിന്നീട് രോഗലക്ഷണങ്ങൾ കാണുകയാണെങ്കിൽ സ്വയം നിരീക്ഷണത്തിൽ ആവുകയും ഉടനടി തന്നെ ആരോഗ്യ വകുപ്പ് അധികൃതരെ വിവരം അറിയിക്കുകയും ചെയ്യുക
9. അന്യോന്യം ഊന്നുവടികളായി നിൽക്കാം. സാധാരണഗതിയിൽ കൊറോണ വൈറസ് രോഗബാധ ഏതാനും ആഴ്ചകളിലെ ചികിത്സക്ക് ശേഷം ഭേദമായേക്കാം. എന്നാൽ, ഓർക്കുക. അയൽപക്കം എന്നും നമ്മോടൊപ്പം ഉണ്ടാകേണ്ടതാണ്
10. സഹജീവികളോട് കരുണ കാണിക്കുക എന്നതാണ് മുഖ്യം. കാരണം നാം എല്ലാവരും തന്നെ ഈ ഭൂഗോളത്തിൽ അതിഥികളാണ്. എന്നെങ്കിലുമൊരിക്കൽ ഇവിടം വിട്ടു പോകേണ്ടവരുമാണ് .
ആരോഗ്യവകുപ്പിന്റെ ഹെല്‍പ്പ്ലൈന്‍ നമ്പര്‍ : 1056