Read Time:15 Minute
ലൂക്ക ജീവപരിണാമം കോഴ്സിന്റെ ഭാഗമായി പ്രസിദ്ധീകരിക്കുന്ന ലേഖന പരമ്പര. കോഴ്സ് 2023 ഏപ്രിൽ 1 ന് ആരംഭിക്കും. ലേഖനം കടപ്പാട് : 2022 ഡിസംബർ ലക്കം ശാസ്ത്രകേരളം മാസിക
ചുറ്റുപാടുകളിൽ ഉണ്ടാവുന്ന മാറ്റങ്ങൾക്ക് അനുയോജ്യമായ സ്വഭാവഗുണങ്ങൾ ഉള്ള ജീവികൾ അതിജീവിക്കുന്നതിനെ (തിരഞ്ഞെടുക്കപ്പെടുന്നതിനെയാണ്) നാച്ചുറൽ സെലക്ഷൻ അഥവാ പ്രകൃതിനിർദ്ധാരണം എന്ന് വിളിക്കുന്നത്. ജൈവപരിണാമം എങ്ങനെ നടക്കുന്നു എന്നതിന്റെ വിശദീകരണമായാണ് ഡാർവിൻ നാച്ചുറൽ സെലക്ഷൻ മുന്നോട്ടു വെക്കുന്നത്.

ഇൻഡസ്ട്രിയൽ മെലാനിസം

വലിയ മരങ്ങളുടെ തടിയിൽ കാണപ്പെടുന്ന പെപ്പേർഡ് ശലഭങ്ങൾ രണ്ടു നിറത്തിലുണ്ട് – വെളുത്തതും ഇരുണ്ടതും. വ്യവസായ വിപ്ലവത്തിന് മുമ്പ് വെളുത്ത ശലഭങ്ങൾ വളരെ കൂടുതലും ഇരുണ്ടവ നന്നേ കുറവുമായിരുന്നു. പായലും പൂപ്പലും ചേർന്ന ലൈക്കനുകൾ നിറഞ്ഞ മരത്തൊലികളിൽ ഇരിക്കുന്ന വെളുത്ത ശലഭങ്ങളെ ശത്രുക്കളായ പക്ഷികൾക്ക് തിരിച്ചറിയാൻ ബുദ്ധിമുട്ടാണ്. എന്നാൽ ഇരുണ്ട നിറമുള്ളവയെ പെട്ടെന്നു കാണുന്നതിനാൽ അവ പക്ഷികളുടെ വയറ്റിൽ ആവുകയും ചെയ്യും. അതിനാൽ ഇരുണ്ട ശലഭങ്ങളുടെ എണ്ണം വെളുത്തവയെ അപേക്ഷിച്ചു വളരെ കുറവായിരുന്നു. എന്നാൽ വ്യവസായ വിപ്ലവത്തിന് ശേഷം കഥമാറി മരത്തൊലികളിലെ ലൈക്കനുകൾ എല്ലാം നശിച്ചു. (സൾഫർ ഡയോക്സൈഡ് പോലത്തെ വാതകങ്ങളാണ് വില്ലൻ).

പുകപടലങ്ങളും അടിഞ്ഞുകൂടിയതോടെ മരത്തൊലികൾ  ഇരുണ്ട നിറമായി. ഈ മാറ്റം ഇരുണ്ട ശലഭങ്ങൾക്ക് അനുകൂലമായി. അങ്ങനെ അവയുടെ എണ്ണം വർദ്ധിക്കുകയും വെളുത്ത ശലഭങ്ങളുടെ എണ്ണം വല്ലാതെ കുറയുകയും ചെയ്തു. ചുരുക്കത്തിൽ, ശലഭങ്ങളുടെ ഇരുണ്ട നിറം എന്ന സ്വഭാവം ചുറ്റുപാടുകളിൽ ഉണ്ടായ മാറ്റത്തിന് (ഇവിടെ മര ത്തടികളുടെ നിറംമാറ്റം) അനുയോജ്യമാ യതിനാൽ ആ സ്വഭാവമുള്ള ശലഭങ്ങൾ കൂടുതലായി തിരഞ്ഞെടുക്കപ്പെട്ടു.

ആമക്കഴുത്തിന്റെ നീളം

രണ്ടു ദ്വീപുകൾ – ഒന്നിൽ കഴുത്തു നീണ്ട ആമകൾ മാത്രം. രണ്ടാമത്തെ ദ്വീപിൽ കഴുത്തു നീണ്ടതും നീളം കുറഞ്ഞതുമുണ്ട്. ഈ കാഴ്ച കണ്ട ഡാർവിന്റെ നിഗമനം ഇങ്ങനെയായിരുന്നു – ഒരുകാലത്ത് രണ്ട് ദ്വീപിലും രണ്ട് തരം ആമകളും ഉണ്ടായിരുന്നു.

ഒന്നാമത്തെ ദ്വീപിൽ വെള്ളപ്പൊക്കമോ വരൾച്ചയോ കാരണം നിലത്തുള്ള ചെടി വർഗ്ഗങ്ങൾ നശിച്ചപ്പോൾ കഴുത്തിന് നീളം കുറഞ്ഞ ആമകൾ പട്ടിണിയിൽ ആയിട്ടുണ്ടാവാം. കഴുത്ത് നീണ്ടവയ്ക്ക് ഭക്ഷണം ലഭിച്ചതിനാൽ നീണ്ട കഴുത്ത് എന്ന സ്വഭാവമുള്ളവ തിരഞ്ഞെടുക്കപ്പെട്ടു.

ഡാർവിനും വാലസും

അർഹതയുള്ളവരുടെ അതിജീവനം (survival of the fittest) എന്ന പേരിൽ നാച്ചുറൽ സെലക്ഷന് സമാനമായ ആശയം ആദ്യമായി മുന്നോട്ടുവെച്ചത് യഥാർത്ഥത്തിൽ വാലസ് ആയിരുന്നു. തന്റെ ആശയം വിലയിരുത്തുന്നതിനായി വാലസ് ഡാർവിന് അയച്ചുകൊടുക്കുകയും ചെയ്തു. ഡാർവിന്റെ ‘ഒറിജിൻ ഓഫ് സ്പീഷീസ്’ എന്ന പുസ്തകം ഇറങ്ങുന്നതിന് ഒരു വർഷം മുൻപ് ഡാർവിനും വാലസും ചേർന്ന് ഇത് പ്രസിദ്ധീകരിച്ചിരുന്നു.

ഇതൊക്കെ നടക്കുമോ?

നടക്കും എന്ന് ഉറപ്പിക്കാൻ കൃത്രിമ നിർദ്ധാരണത്തെ (ആർട്ടിഫിഷ്യൽ സെലക്ഷൻ) പറ്റി ആലോചിച്ചാൽ മതി. നമ്മൾ വളർത്തുന്ന നായ്ക്കൾ എത്ര തരമാണ്? പ്രാവുകളും വാഴകളും എല്ലാം പലതരത്തിൽ ഉണ്ടെങ്കിലും ഒരു സ്പീഷീസിൽപ്പെടുന്നവയാണല്ലോ. ഇവിടെ മനുഷ്യന് താല്പര്യമുള്ള ഗുണസ്വഭാവങ്ങൾ ഉള്ള ജീവികളെ പ്രത്യേകം തിരഞ്ഞെടുത്തും സംയോജിപ്പിച്ചുമാണ് നമ്മൾ ഇങ്ങനെ വ്യത്യസ്ത ജീവിവർഗങ്ങളെ ഉണ്ടാക്കിയത്.

ഉദാഹരണത്തിന് ഉയരം കൂടിയ കായ്ഫലം കൂടുതലുള്ള തെങ്ങിനവും ഉയരം കുറഞ്ഞ കായ്ഫലം കുറഞ്ഞതെങ്ങിനവും സംയോജിപ്പിച്ച് ഉയരം കുറഞ്ഞ കായ്ഫലം കൂടിയ പുതിയ ഇനം (TxD) നമ്മൾ ഉണ്ടാക്കിയെടുത്തില്ലേ? മനുഷ്യന് ഇങ്ങനെ ചില സ്വഭാവഗുണങ്ങൾ തെരഞ്ഞെടുത്ത് പുതിയ ഇനം ജീവികളെ ഉണ്ടാക്കാൻ ആവുമെന്നു ള്ളത് നടക്കുന്ന കാര്യമായ സ്ഥിതിക്ക് ചില സ്വഭാവങ്ങളുടെ തിരഞ്ഞെടുപ്പ് പ്രകൃതിയിലും നടക്കാമല്ലോ? കൃത്രിമ നിർധാരണത്തിൽ മനുഷ്യന്റെ താല്പര്യമാണ് തിരഞ്ഞെടുപ്പിന്റെ കാരണമെങ്കിൽ പ്രകൃതിനിർദ്ധാരണത്തിൽ ചുറ്റുപാടുകളിലെ മാറ്റങ്ങൾ ആണെന്ന് മാത്രം.

DDT യെ പേടിയില്ലാത്ത കൊതുകുകൾ!

കൊതുകിനെ കൊല്ലാൻ വ്യാപകമായി ഉപയോഗിച്ച കീടനാശിനി ആണല്ലോ DDT. ഏറെക്കാലത്തെ ഉപയോഗം അതിനെ അതിജീവിക്കാൻ ശേഷിയുള്ള കൊതുകു വർഗങ്ങൾ കൂടുതലായി ഉണ്ടാവാൻ കാരണമായി. ഇതെങ്ങനെ സംഭവിച്ചു? ജീവികളിൽ നിരന്തരമായ ജനിതക വ്യത്യാസം പല കാരണങ്ങളാൽ ഉണ്ടാവുന്നുണ്ടല്ലോ? അങ്ങനെ DDT യെ DDE എന്ന ഹാനികരമല്ലാത്ത വസ്തുവാക്കി മാറ്റാനുള്ള എൻസൈം ചില കൊതുകുകളിൽ ഉണ്ടായിരുന്നത് അവ കൂടുതലായി അതിജീവിക്കുന്നതിന് കാരണമായി.

നമ്മൾ DDT ഉപയോഗിക്കുന്ന കാലത്തോളം ഈ കഴിവുള്ള കൊതുകുകൾ മറ്റുള്ളവയെക്കാൾ കൂടുതലായി ഉണ്ടാവുമല്ലോ? ചുരുക്കത്തിൽ DDT യെ നിർവീര്യമാക്കുക എന്ന സ്വഭാവമുള്ള കൊതുകുകൾ തിരഞ്ഞെടുത്തപ്പെട്ടു. ഇവിടെ ചുറ്റുപാടിൽ ഉണ്ടായ മാറ്റം ഡിഡിടിയുടെ സാന്നിധ്യം ആണെന്ന് പറയേണ്ടല്ലോ?

ഡാർവിനും മെൻഡലും

ഡാർവിനും ഗ്രിഗർ മെൻഡലും സമകാലീനരായിരുന്നു. രണ്ടുപേരും ഇംഗ്ലണ്ടു കാരും. പയർ ചെടികളിൽ മെൻഡൽ നടത്തിയ പരീക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടിരുന്നെങ്കിൽ ഒരുപക്ഷേ ഡാർവിന്റെ പരിണാമ സിദ്ധാന്തം കൂടുതൽ സമഗ്രമായേനെ. നിർഭാഗ്യവശാൽ രണ്ടുപേരുടെയും മരണശേഷമാണ് മെൻഡലിന്റെ പരീക്ഷണങ്ങൾ ശ്രദ്ധിക്കപ്പെട്ടത്.

മനുഷ്യരിലെ നാച്ചുറൽ സെലക്ഷൻ

പാലിലെ ലാക്ടോസിനെ ദഹിപ്പിക്കാൻ ആവശ്യമായ ലാക്ടോസ് എന്ന എൻസൈം കുട്ടികളിൽ മാത്രമാണ് ഉണ്ടായിരുന്നത്. എന്നാൽ മനുഷ്യർ പശു വളർത്തൽ ആരംഭിച്ചപ്പോൾ മുതിർന്നവരും പാലുകുടി ആരംഭിച്ചു. എന്നാൽ ലാക്ടേസ് ഇല്ലാതെ ദഹിപ്പിക്കാൻ ആവില്ലല്ലോ? അങ്ങനെയിരിക്കെ ജനിതക വ്യതിയാനത്തിലൂടെ ലാക്ടേസ് ഉണ്ടാക്കാൻ കഴിയുന്ന മനുഷ്യരുണ്ടാവുകയും അവർ കൂടുതൽ ആരോഗ്യമുള്ളവർ ആവുകയും ചെയ്തു. ലാക്ടോസ് ഇല്ലാത്തവരിൽ ദഹനപ്രശ്നങ്ങളുമുണ്ടായി. അങ്ങനെ മനുഷ്യന് ഇല്ലാതിരുന്ന ഒരു കഴിവ് ഇന്ന് ലോകത്തെ മൂന്നിലൊന്നു മനുഷ്യർക്കുമുണ്ട്.

പക്ഷേ ഇപ്പോഴത്തെ മനുഷ്യരിൽ നാച്ചുറൽ സെലക്ഷൻ നടക്കാനുള്ള സാധ്യത വളരെ കുറവാണ്. കാരണം ചുറ്റുപാടുകളിലെ മാറ്റം നമ്മളെ സ്വാധീനിക്കുന്നതിന് പകരം അത്തരം ചുറ്റുപാടുകളെ മാറ്റി മനുഷ്യന് അനുകൂലമാക്കുക എന്നതാണ് നമ്മുടെ രീതി. ഉദാഹരണത്തിന് ഒരു രോഗം വന്നാൽ പ്രതിരോധശേഷിയുള്ളവർ മാത്രം രക്ഷപ്പെടുക എന്നതല്ലല്ലോ നമ്മുടെ രീതി? പ്രതിരോധശേഷി കുറഞ്ഞവരെയും രക്ഷപ്പെടാൻ വൈദ്യശാസ്ത്രം സഹായി ക്കും. അങ്ങനെ അല്ലായിരുന്നുവെങ്കിൽ വസൂരി എന്ന ഒറ്റ രോഗം മാത്രം മതിയാ യിരുന്നു മനുഷ്യനെത്തന്നെ ഇല്ലാതാക്കാൻ.

ജനിച്ചു വീഴുന്ന മനുഷ്യശിശു ഒന്നെഴുന്നേറ്റു നിൽക്കാൻ ഒരു വർഷത്തോളം വേണം. അതേസമയം പശുവും മാനുമെല്ലാം ജനിച്ചയുടൻ എഴുന്നേറ്റോടുന്നു. എങ്ങനെ വിശദീകരിക്കും?

ജനിച്ചയുടൻ എഴുന്നേറ്റോടുന്ന സ്വഭാവം മനുഷ്യരിൽ തിരഞ്ഞെടുക്കപ്പെട്ടില്ല എന്നു പറയാം. കുഞ്ഞിനെ രക്ഷിതാക്കൾ സംരക്ഷിക്കുന്നതിനാൽ പെട്ടെന്നെഴുന്നേറ്റവർ പതിയെ എഴുന്നേറ്റവരേക്കാൾ പ്രത്യേ കിച്ച് അതിജീവന സാധ്യത യൊന്നും കൂടിയില്ല. എന്നാൽ മാനുകളെ പോലെ നിറയെ ശത്രുക്കളുള്ള ജന്തുക്കളിൽ അതല്ല സ്ഥിതി. എത്രയും വേഗം എഴുന്നേറ്റോടുന്നവർ ജീവനോടെ ബാക്കിയാവുകയും പതിയെ എഴുന്നേൽക്കുന്നവർ ശത്രുക്കളുടെ ഭക്ഷണമാവുകയും ചെയ്തിട്ടുണ്ടാവാം. അങ്ങനെ ആയിരക്കണക്കിന് തലമുറ പിന്നിടുമ്പോൾ പെട്ടെന്നെഴുന്നേൽക്കുക എന്ന അതിജീവനശേഷി കൂടുതൽ കൂടുതൽ തിരഞ്ഞെടുക്കപ്പെ ട്ടതാവാം.

മരത്തിൽ കൂടുണ്ടാക്കുന്ന പക്ഷികളുടെ കുട്ടികൾ സ്വന്തം കാലിൽ നിൽക്കാൻ കുറേ ദിവസങ്ങളെടുക്കുമ്പോൾ ഒട്ടകപ്പക്ഷിയുടെ കുഞ്ഞുങ്ങൾ മുട്ട വിരിഞ്ഞയുടൻ ഓടാൻ തുടങ്ങും. താരതമ്യേന സുരക്ഷിതമായി മരക്കൊമ്പിലെ കൂട്ടിലിരിക്കുന്ന പക്ഷിക്കുഞ്ഞിനെപ്പോലെയല്ലല്ലോ നിലത്ത് മുട്ട വിരിഞ്ഞിറങ്ങുന്ന ഒട്ടകപക്ഷിക്കുഞ്ഞിന്റെ അവസ്ഥ. മുട്ടവിരിഞ്ഞയുടൻ ഓടാനായവർ രക്ഷപ്പെട്ടു. അവരുടെ അടുത്ത തലമുറയിലും കൂടുതൽ വേഗത്തിലോടിയവർ ബാക്കിയായി. അങ്ങനെയങ്ങനെ ഇങ്ങനെയായി

ചുരുക്കത്തിൽ പ്രകൃതിനിർദ്ധാരണം എന്നത് പ്രകൃതിക്ക് പ്രത്യേകിച്ചൊന്നും ചെയ്യാനില്ലാതെ സ്വാഭാവികമായി നടക്കുന്ന തെരഞ്ഞെടുക്കപ്പെടൽ ആണ്. നാച്ചുറൽ എന്ന വാക്കിലൂടെ ഡാർവിൻ അർഥമാക്കിയത് സ്വാഭാവികം എന്നായിരുന്നു. എന്നാൽ നേച്ചർ എന്ന വാക്കിന്റെ മലയാളമായ ‘പ്രകൃതി’ എന്ന വാക്കാണ് നമ്മളുപയോഗിച്ചത്. ഇതുമൂലം പ്രകൃതിനിർദ്ധാരണം എന്നാൽ പ്രകൃതി നടത്തുന്ന തെരഞ്ഞെടുപ്പ് എന്ന അർഥത്തിൽ ആശയക്കുഴപ്പമുണ്ടാക്കുന്നതാണ്.

പ്രകൃതി നിർദ്ധാരണം മാത്രമല്ല പരിണാമം

ഡാർവിന്റെ കാലത്ത് ജീവശാസ്ത്രം അതിന്റെ ശൈശവദശയിൽ ആയിരുന്നു. എന്നാൽ ഇന്ന് ജീവികളുടെ മിക്കവാറും സ്വഭാവങ്ങൾക്ക് പിറകിൽ ജീനുകൾ ആണെന്നും അവയിൽ പല കാരണങ്ങ ളാൽ മാറ്റങ്ങൾ ഉണ്ടാവുമെന്നും നമുക്ക റിയാം അവ തിരഞ്ഞെടുക്കപ്പെടാനും – ഒഴിവാക്കപ്പെടാനും പ്രകൃതി നിർധാരണ മല്ലാതെ ജനറ്റിക് ഡ്രിഫ്റ്റ് പോലെയുള്ള മറ്റു കാരണങ്ങൾ ഉണ്ടാവാമെന്നും…


എന്താണ് പ്രകൃതി നിർദ്ധാരണം ?

ലൂക്ക ജീവപരിണാമം കോഴ്സ്

Happy
Happy
54 %
Sad
Sad
0 %
Excited
Excited
38 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
8 %

One thought on “പ്രകൃതിയും പ്രകൃതി നിർദ്ധാരണവും

Leave a Reply

Previous post പരിണാമ കോമിക്സ് 2
Next post പശ്ചിമഘട്ടത്തിലെ കുന്തിരിക്കത്തിന് ഈജിപ്തിലെ മമ്മിയിലെന്താണു കാര്യം?
Close