സൗരയൂഥത്തിന് പുറത്ത് കല്ലുപോലൊരു ഗ്രഹം കണ്ടെത്തി

[author title=”നവനീത് കൃഷ്ണൻ എസ്.” image=”https://luca.co.in/wp-content/uploads/2018/12/Untitled.jpg”]ശാസ്ത്രലേഖകൻ[/author]

നാസയുടെ സ്പിറ്റ്സര്‍ ടെലിസ്കോപ്പ് ഉപയോഗിച്ചു നടത്തിയ നിരീക്ഷണത്തില്‍ നിന്നും ഭൂമിയെക്കാളും വലിപ്പമുള്ള ഒരു ഗ്രഹം കണ്ടെത്തി. കണ്ടാല്‍ പക്ഷേ നമ്മുടെ ബുധനെപ്പോലെയോ ചന്ദ്രനെപ്പോലെയോ ഇരിക്കും. ശരിക്കും ഒരു കല്ലുഗ്രഹം! പോരാത്തതിന് അന്തരീക്ഷവും ഇല്ല!  

LHS 3844b എന്ന ഗ്രഹത്തിന്റെ ചിത്രകാരഭാവന. കടപ്പാട്: NASA/JPL-Caltech/R. Hurt (IPAC)

[dropcap]സൗ[/dropcap]രയൂഥത്തിനു പുറത്ത് ഇത്ര കൃത്യതയോടെ ഒരു ഗ്രഹത്തിന്റെ വിവരം അങ്ങനെ ലഭിക്കാറില്ല. പക്ഷേ നാസയുടെ സ്പിറ്റ്സര്‍ ടെലിസ്കോപ്പ് ഉപയോഗിച്ചു നടത്തിയ ഒരു നിരീക്ഷണത്തില്‍ ഒരു സൗരേതരഗ്രഹത്തിന്റെ അവസ്ഥ ഏതാണ്ട് കൃത്യമായി അറിയാന്‍ കഴിഞ്ഞു. നേച്ചര്‍ ജേണലില്‍ ഇന്നലെ (2019 ആഗസ്റ്റ്‌ 18) പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് ഈ കൗതുകകരമായ കണ്ടെത്തലുള്ളത്. സൗരയൂഥത്തിനു പുറത്ത് നാം അനേകമനേകം ഗ്രഹങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. നാലായിരിത്തിലും അധികം ഗ്രഹങ്ങള്‍. കണ്ടെത്താന്‍ ഇനിയും കിടക്കുന്നുണ്ട് കോടിക്കണക്കിന്. അവിടങ്ങളിലേക്കാണ് നാം പുതിയ പുതിയ ടെലിസ്കോപ്പുകളുടെയും ഉപകരണങ്ങളുടെയും സഹായത്തോടെ നിരന്തരം ലക്ഷ്യമിടുന്നത്..

നാസയുടെ തന്നെ TESS എന്ന ദൗത്യം (ട്രാന്‍സിറ്റിങ് എക്സോപ്ലാനറ്റ് സര്‍വേ സാറ്റലൈറ്റ് –Transiting Exoplanet Survey Satellite) 2018 ലാണ് മേല്‍സൂചിപ്പിച്ച ഗ്രഹത്തെ കണ്ടെത്തുന്നത്. LHS3844b എന്ന പേരും നല്‍കി. 48.6 പ്രകാശവര്‍ഷം അകലെ LHS3844 എന്നൊരു നക്ഷത്രത്തെ ചുറ്റിക്കറങ്ങുന്ന ഒരു ഗ്രഹം! ഒരു തണുത്ത നക്ഷത്രമാണത്. തണുപ്പെന്നു പറഞ്ഞാല്‍ മറ്റു നക്ഷത്രങ്ങളെ അപേക്ഷിച്ച് അല്പം ചൂട് കുറവാണ് എന്നു മാത്രം. അതിനു ചുറ്റുമാണ് നമ്മുടെ ഈ ഗ്രഹം പരിക്രമണം ചെയ്യുന്നത്.

ട്രാന്‍സിറ്റിങ് എക്സോപ്ലാനറ്റ് സര്‍വേ സാറ്റലൈറ്റ് | കടപ്പാട് : nature.com

നക്ഷത്രത്തിനു മുന്നിലൂടെ ഗ്രഹം കടന്നുപോകുമ്പോള്‍ നക്ഷത്രത്തില്‍നിന്നും നമ്മുടെ കണ്ണിലെത്തുന്ന പ്രകാശത്തിന് നേരിയ ഒരു കുറവു വരും. സൂര്യഗ്രഹണസമയത്ത് സൂര്യപ്രകാശത്തിന്റെ അളവില്‍ കുറവ് സംഭവിക്കില്ലേ, അതുപോലെ. പക്ഷേ ഇവിടെയുള്ള തമാശ എന്തെന്നാല്‍ സൂര്യഗ്രഹണവുമായി ഒട്ടുമേ താരതമ്യപ്പെടുത്താനാവാത്ത കുറവേ പ്രകാശത്തിലുണ്ടാവൂ. ലക്ഷത്തിലൊരു അംശമോ മറ്റോ. പക്ഷേ ഈ കുറവ് കണ്ടെത്താന്‍ കഴിയുന്ന തരത്തിലുള്ള ടെലിസ്കോപ്പാണ് TESS. കൃത്യമായ ഇടവേളകളില്‍ ഇങ്ങനെ ഒരു നക്ഷത്രത്തില്‍നിന്നുള്ള പ്രകാശത്തിന്റെ അളവില്‍ കുറവ് സംഭവിച്ചാല്‍ ആ നക്ഷത്രത്തിനു ചുറ്റും എന്തോ കറങ്ങുന്നുണ്ട് എന്നാണര്‍ത്ഥം. അങ്ങനെയാണ് നാം ആ നക്ഷത്രത്തിനു ചുറ്റും ഒരു ഗ്രഹമുണ്ട് എന്ന നിഗമനത്തില്‍ എത്തുന്നത്. പ്രകാശത്തിന്റെ അളവിലെ കുറവ് എത്രത്തോളം എന്ന് അളന്ന് ഗ്രഹത്തെക്കുറിച്ചുള്ള പ്രാഥമികമായ ധാരണയില്‍ എത്തുകയും ചെയ്യും. അങ്ങനെ കണ്ടെത്തിയ ഒരു ഗ്രഹമായിരുന്നു LHS 3844b.

നാസയുടെ സ്പിറ്റ്സർ ബഹിരാകാശ ദൂരദർശിനി | കടപ്പാട് : wikipedia

അതിനെ കണ്ടെത്തിയതോടെ ടെസ്സിന്റെ പണി കഴിഞ്ഞു. ടെസ്സ് പിന്നീട് മറ്റുള്ള ഗ്രഹങ്ങളെ തേടിപ്പോയി. പക്ഷേ നാസയുടെ സ്പിറ്റ്സര്‍ ടെലിസ്കോപ്പിന്റെ (Spitzer Space Telescope) സഹായത്തോടെ ഈ ഗ്രഹത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ തിരയാന്‍ ശാസ്ത്രജ്ഞര്‍ തയ്യാറായി. എന്തിനേറെ, ഈ ഗ്രഹത്തിന്റെ പ്രതലത്തില്‍നിന്നും വരുന്ന പ്രകാശത്തെ നിരീക്ഷിക്കാന്‍ സ്പിറ്റ്സര്‍ ടെലിസ്കോപ്പിനായി! അത്യപൂര്‍വ്വമായി മാത്രം കിട്ടുന്ന ഒരു ഭാഗ്യം! ഒരു ഗ്രഹത്തില്‍നിന്നുള്ള പ്രകാശത്തെ നിരീക്ഷിക്കുക എന്നാല്‍ അതിന്റെ ഉപരിതലത്തെക്കുറിച്ചുള്ള നിരവധി വിവരങ്ങള്‍ കണ്ടെത്തുക എന്നാണര്‍ത്ഥം. ഗ്രഹത്തിന്റെ കുറേ വിവരങ്ങളും പേറിയാകും ആ പ്രകാശം നമുക്കരികില്‍ എത്തുക!

മാതൃനക്ഷത്രത്തിനു ചുറ്റും കറങ്ങിവരാന്‍ ഈ ഗ്രഹം എടുക്കുന്ന സമയം വെറും 11 മണിക്കൂറാണ്. പോരാത്തതിന് നക്ഷത്രവുമായി ടൈഡല്‍ ലോക്കിലുമാണ് ഗ്രഹം. ഭൂമിയില്‍ നിന്നും നോക്കിയാല്‍ ചന്ദ്രന്റെ ഒരേ വശമല്ലേ കാണൂ. ഭൂമിയും ചന്ദ്രനും തമ്മില്‍ ഒരു ടൈഡല്‍ലോക്കില്‍ ആണ്. ചന്ദ്രന്റെ പരിക്രമണസമയവും സ്വയംഭ്രമണസമയവും ഒന്നാണ്.അതേ അവസ്ഥയാണ് നമ്മുടെ ഈ ഗ്രഹത്തിനും. ഗ്രഹത്തിന്റെ ഒരു വശം എല്ലായ്പ്പോഴും നക്ഷത്രത്തിന് അഭിമുഖമായിരിക്കും. അതായത് ,ഈ ഗ്രഹത്തിന്റെ ഒരു വശം സ്ഥിരമായി കൊടിയ ചൂടിലും മറുവശം സ്ഥിരമായി കൊടിയ തണുപ്പിലും ആണെന്നര്‍ത്ഥം! 1410ഡിഗ്രി സെല്‍ഷ്യസ് ആണത്രേ ചൂടുള്ള വശത്തെ താപനില!!! ഈ ചൂടാണ് യഥാര്‍ത്ഥത്തില്‍ ഈ ഗ്രഹത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരം നമ്മിലെത്തിച്ചത്. ഇത്രയും ചൂടുള്ള ഏതു ഗ്രഹവും നിരന്തരം ഇന്‍ഫ്രാറെഡ് റേഡിയേഷന്‍ പുറപ്പെടുവിക്കും. ഈ ഇന്‍ഫ്രാറെഡ് പ്രകാശമാണ് നമ്മുടെ സ്പിറ്റ്സര്‍ ടെലിസ്കോപ്പ് നിരീക്ഷിച്ചത്. താരതമ്യേന തണുത്ത നക്ഷത്രത്തിനു ചുറ്റുമുള്ള കറക്കമായതിനാല്‍ ഗ്രഹത്തിന്റെ പ്രകാശം ഗ്രഹനിരീക്ഷണത്തെ കാര്യമായി തടസ്സപ്പെടുത്തിയും ഇല്ല. അതോടെ ഗ്രഹത്തെക്കുറിച്ചുള്ള വിലപ്പെട്ട വിവരങ്ങളും നമുക്കരികിലെത്തി!

ഈ ഗ്രഹത്തിന് അന്തരീക്ഷമില്ല എന്ന നിഗമനത്തില്‍ എത്തിയത് എങ്ങനെയാണ് എന്നറിയേണ്ടേ? അന്തരീക്ഷമുള്ള ഒരു ഗ്രഹമായിരുന്നെങ്കില്‍ ഗ്രഹത്തിന്റെ ഇരുവശത്തുമുള്ള താപവ്യതിയാനം കാരണം നിരന്തരം കാറ്റുവീശിയേനെ. അങ്ങനെ വീശുന്ന ചൂടുകാറ്റുമൂലം ഗ്രഹത്തിന്റെ മറുവശം കുറെയൊക്കെ ചൂടുപിടിച്ചേനെ. പക്ഷേ അങ്ങനെയൊരു സാധ്യത നിരീക്ഷണത്തില്‍ കണ്ടില്ല. ഗ്രഹത്തിന്റെ മറുവശത്തുനിന്നും ചൂടിന്റെ ഒരു ലക്ഷണവും ഇല്ല. അതായത് ചൂടുള്ള വശത്തുനിന്നും ആ ചൂടിനെ മറുവശത്തെത്തിക്കാന്‍ പറ്റിയ അന്തരീക്ഷം ആ ഗ്രഹത്തിന് ഇല്ല!


അധിക വായനയ്ക്ക് 

  1. നേച്ചര്‍ജേണലില്‍ വന്ന ലേഖനം 
  2. നാസ വെബ്സൈറ്റില്‍ വന്ന വാര്‍ത്ത  

Leave a Reply