Read Time:13 Minute

 2013 ല്‍ ആഗസ്റ്റ് 20 ന് ആസൂത്രിതമായി കൊല്ലപ്പെട്ട, ശാസ്ത്രബോധ പ്രവര്‍ത്തനങ്ങളുടെ മുന്നണിപ്പോരാളിയായിരുന്ന ഡോ നരേന്ദ്ര ധാബോല്‍കറോടുള്ള ആദരസൂചകമായി ഇന്ത്യയൊട്ടാകെ ഇന്ന് ശാസത്രാവബോധദിനമായി ആചരിക്കുകയാണ്.  ദേശീയ ശാസ്ത്രാവബോധദിനവുമായി ബന്ധപ്പെട്ട് അഖിലേന്ത്യാജനകീയ ശാസ്ത്രപ്രസ്ഥാനം ഇറക്കിയ  പ്രസ്താവന വായിച്ച് നിങ്ങള്‍ക്കും ഒപ്പ് ചേര്‍ക്കാം

വായിച്ചതിന് ശേഷം പ്രസ്താവനയിൽ ഒപ്പിടുന്നതിനായി  ക്ലിക്ക് ചെയ്യുക

[button color=”blue” size=”small” link=”https://aipsn.in/contact/nstd_signature_campaign” icon=”” target=”false”]ക്ലിക്ക് ചെയ്യുക[/button]

ജനകീയ ശാസ്ത്ര പ്രസ്ഥാനങ്ങളുടെ അഖിലേന്ത്യ ശൃംഖലയായ AIPSN ന്റെ 2018 ഫെബ്രുവരിയില്‍ നടന്ന 16-‍ാമത് ദേശീയ സമ്മേളനം ആഗസ്ത് 20 ദേശീയ ശാസ്ത്രാവബോധ ദിനമായി ആചരിക്കാന്‍ തീരുമാനിച്ചിരുന്നു. വലതുപക്ഷ വര്‍ഗീയ ഭീകരന്മാരാല്‍ 2013 ല്‍ ആഗസ്റ്റ് 20 ന് ആസൂത്രിതമായി കൊല്ലപ്പെട്ട, ശാസ്ത്രബോധ പ്രവര്‍ത്തനങ്ങളുടെ മുന്നണിപ്പോരാളിയായിരുന്ന ഡോ നരേന്ദ്ര ധാബോല്‍കറോടുള്ള ആദരസൂചകമായാണിത്. ഡോ നരേന്ദ്ര ധാബോല്‍ക്കര്‍ ബന്ധപ്പെട്ടിരുന്ന , അവസാന ശ്വാസം വരെ അദ്ദേഹത്തിന്റെ പ്രവര്‍ത്തനവേദിയായിരുന്ന മഹാരാഷ്ട്ര അന്ധ നിര്‍മൂലന്‍ സമിതിയും(MANS) AIPSN -ടൊപ്പം ഈ ദിനാചരണ പ്രഖ്യാപനത്തില്‍ പങ്കാളിയാണ്.

“ചോദ്യമുയര്‍ത്തൂ എന്തുകൊണ്ടെന്ന് ” (Ask why) എന്ന തലവാചകത്തോടെ സംഘടിപ്പിച്ച 2018 ആഗസ്ത് 20 ലെ ദേശീയ ശാസ്ത്രാവബോധദിനം വന്‍ വിജയമായിരുന്നു. AIPSNന്റെ പ്രവര്‍ത്തനങ്ങളില്‍ നാളിതുവരെ ബന്ധപ്പെടാതിരുന്ന പലരും ഈ ദിനാചരണത്തിന്റെ ഭാഗമായി ശാസ്ത്രബോധത്തെ പ്രതിരോധിക്കാന്‍ മുന്നോട്ട് വന്നു എന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം. അത് സൂചിപ്പിക്കുന്നത് ദേശീയ ശാസ്ത്രാവബോധ ദിനാചരണം ശരിയായ സമയത്തെടുത്ത ശരിയായ തീരുമാനമാണെന്നും പിന്തുണയുമായി പ്രസ്താവനകളിറക്കിയ നിരവധി ശാസ്ത്രജ്ഞരുള്‍പ്പടെ  ശാസ്ത്രത്തിനും ശാസ്ത്രാവബോധത്തിനും വേണ്ടി നിലകൊള്ളുന്നവരുടെ നിര വളരെ വിപുലമാണെന്നുമാണ്. വളര്‍ന്നുകൊണ്ടിരിക്കുന്ന ഒരു പ്രസ്ഥാനമായി ഇതിനെ ഇനിയും മുന്നോട്ട് കൊണ്ടുപോവുക എന്ന ലക്ഷ്യത്തോടെ ഇപ്പോഴും പ്രസക്തമായ ആ മുദ്രാവാക്യം മുന്‍നിര്‍ത്തി AIPSN, MANS ഉള്‍പ്പടെയുള്ള മറ്റ് സമാന മനസ്കരായ സംഘടനകളുമായി ചേര്‍ന്ന് ഈവര്‍ഷവും ദേശീയ ശാസ്ത്രാവബോധദിനം ആചരിക്കയാണ്.

ധാബോല്‍ക്കറിന്റെ കൊലപാതകം രാഷ്ട്രത്തെ ഞെട്ടിച്ചിരുന്നു. എന്നാല്‍ തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ സമാനമായ കൊലപാതകങ്ങള്‍ ഇതേ ശക്തികള്‍ ആസൂത്രണം ചെയ്തു നടപ്പാക്കി എന്നത് കൂടുതല്‍ ഞെട്ടലുളവാക്കുന്നതായിരുന്നു. മഹാന്മാഗാന്ധിയെ വധിച്ചവരെ മഹത്വവല്‍ക്കരിക്കുന്നതിനെ അപലപിച്ച,ശിവജിയുടെ യഥാര്‍ത്ഥ പൈതൃകത്തെ വെളിപ്പെടുത്തി പ്രഭാഷണങ്ങള്‍ നടത്തിയ, ജാതിരഹിത വിവാഹങ്ങളെ പിന്തുണച്ച ഗോവിന്ദ പന്‍സാരെ 2015 ല്‍ കൊല്ലപ്പെട്ടു. കര്‍ണാടകത്തില്‍ പന്ത്രണ്ടാം നൂറ്റാണ്ടില്‍ സാമൂഹ്യവും മതപരവുമായ രംഗങ്ങളില്‍ ആരംഭിച്ച നവോത്ഥാന പ്രസ്ഥാനങ്ങളെകുറിച്ചും അവയുമായി ബന്ധപ്പെട്ട മതങ്ങളുടെ ചരിത്രത്തെ കുറിച്ചും പഠിച്ച എം എം കല്‍ബുര്‍ഗി എന്ന പണ്ഡിതശ്രേഷ്ഠന്‍ 2016 ല്‍ കൊല്ലപ്പെട്ടു.നിര്‍ഭയയായ പോരാളിയും മതസ്പര്‍ദ്ധയുടെ തീവ്രവിമര്‍ശകയുമായിരുന്ന ഗൗരി ലങ്കേഷ് 2017 ല്‍ തോക്കിനിരയായി.ഇതില്‍ പലകൊലപാതകങ്ങളും ഒരേ മതതീവ്രവാദിസംഘം ചെയ്തിരിക്കാനാണ് സാധ്യത. ഇവയിലെല്ലാമുള്ള പൊതുവായ സംഗതിയെന്നത് ഇവരെല്ലാം മതസ്പര്‍ദ്ധക്കും അസഹിഷ്ണുതക്കുമെതിരെ യുക്തിയുടെയും ശാസ്ത്രബോധത്തിന്റെയും അടിസ്ഥാനത്തില്‍ പ്രചരണം നടത്തിയത് മതതീവ്രസംഘങ്ങള്‍ക്ക് ഭീഷണിയായിരുന്നു എന്നതാണ്. മതപരമായ വെറുപ്പ് വളര്‍ത്തുന്ന പ്രചരണങ്ങള്‍, അവയെ ചോദ്യം ചെയ്യുന്നവര്‍ക്കെതിരെയുള്ള അക്രമങ്ങള്‍, അസത്യവാര്‍ത്തകള്‍ സൃഷ്ടിച്ച് പ്രചരിപ്പിക്കല്‍,ബദല്‍ വസ്തുതകളും അസത്യമായ ചരിത്രരചനയും,ശാസ്ത്രപാരമ്പര്യത്തെ വികൃതമാക്കല്‍ തുടങ്ങി ഉന്നതമായ രാഷ്ട്രീയ സ്ഥാനങ്ങളില്‍ അവരോധിക്കപ്പെട്ടവര്‍ ഉള്‍പ്പടെ നടത്തിയ വിദ്വേഷപ്രചരണ പരമ്പരയുടെ അനന്തരഫലമാണിത്.

വളര്‍ന്നുകൊണ്ടിരിക്കുന്ന ഈ വിജ്ഞാനവിരോധത്തെ പ്രതിരോധിക്കേണ്ടതുണ്ട്. 2019 ഡിസംബര്‍ 26 ന് തെക്കേ ഇന്ത്യയിലും 2020 ജൂണ്‍ 21 ന് വടക്കേ ഇന്ത്യയിലും നടക്കുന്ന സൂര്യഗ്രഹണങ്ങള്‍ അന്ധവിശ്വാസങ്ങളെ തുറന്നുകാണിക്കാനുള്ള ഒരവസരമാണ്. കൂട്ടത്തോടെയുള്ള സുരക്ഷിതമായ വാന നിരീക്ഷണം നടത്തിയും പൊതുസ്ഥലങ്ങളില്‍വെച്ചു കൂട്ടമായി ഭക്ഷണം കഴിച്ചും സൂര്യഗ്രഹണത്തെ ജനങ്ങളുടെ ഉത്സവമാക്കി മാറ്റണം.

സബ്കാ ദേശ് ഹമാരാ ദേശ് അതായത് രാജ്യം എല്ലാവരുടെതുമാണ്, എല്ലാവരും രാജ്യത്തിനു വേണ്ടിയുമാണ് എന്ന കാമ്പയിന്റെ ഭാഗം കൂടിയാണ് ദേശീയ ശാസ്ത്രാവബോധ ദിനാചരണം.ഈ ഐക്യത്തിന്റെ ആശയം ശാസ്ത്രബോധം നിത്യജീവിതത്തില്‍ പകര്‍ത്തുന്നതിന്റെ ഫലമായി ഉണ്ടാകുന്നതാണ്. അതായത് രാജ്യത്തെ എല്ലാ പൗരന്‍മാരും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു.മുന്‍വിധിയോ പ്രീതിയോ കൂടാതെ എല്ലാ പൗരന്‍മാരെയും ഒന്നായി കണ്ടാല്‍ മാത്രമേ രാജ്യം എന്നസങ്കല്‍പത്തിനര്‍ത്ഥമുള്ളു. ലോകത്തിലെയെന്നപോലെ രാജ്യത്തെയും വിഭവങ്ങള്‍ പങ്കിടുന്നതില്‍ ഈ തുല്യത വേണം.

 

2019ലെ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ കരട് രേഖ ശാസ്ത്രബോധത്തിനും ബഹുസ്വരതക്കുമെതിരെയുള്ള വലിയ കയ്യേറ്റമാണ്.  വൈവിധ്യത്തെ അംഗീകരിക്കാതുള്ള കേന്ദ്രീകരണം-  ഹിന്ദി-ഹിന്ദു- പിന്ദുസ്ഥാന്‍ എന്നു വിളിക്കുന്ന വിജ്ഞാനവിരോധത്തിന്റെ ഏകസംസ്കാരം രാജ്യമാകെ അടിച്ചേല്‍പിക്കല്‍ തുടങ്ങി നിരവധി പിഴവുകള്‍ ഈ രേഖയിലുണ്ട്. അതോടൊപ്പം വരേണ്യവിഭാഗത്തിന് മാത്രം ഗുണമേന്മയുള്ളവിദ്യാഭ്യാസം എന്ന ലക്ഷ്യത്തോടെ വിദ്യാഭ്യാസത്തെ ആഗോള വ്യവസായത്തിന്റെ ഭാഗമാക്കുകയും ചെയ്യുന്നു.

ശാസ്ത്രബോധത്തെ പ്രോത്സാഹിപ്പിക്കുമ്പോള്‍ നാം തിരിച്ചറിയേണ്ടത് സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തിന്റെ ഭാഗമായി ഉയര്‍ന്നു വന്ന ആശയമാണതെന്നതാണ്. ഇന്ത്യ ഒരു ഐക്യ രാഷ്ട്രമാണ്. ഇതിലെ എല്ലാ വിഭാഗങ്ങള്‍ക്കും രാജ്യത്തിന്റെ പുരോഗതി തീരുമാനിക്കുന്നതില്‍ ഒരേ അവകാശമാണ്. അതാണ് നമ്മുടെ ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്ന സത്ത. ദൗര്‍ഭാഗ്യവശാല്‍ അതിന്ന് വിസ്മരിക്കപ്പെടുകയും അത് വഴി ജനങ്ങള്‍ വഞ്ചിക്കപ്പെടുകയും ചെയ്തിരിക്കുന്നു.

വികസനപദ്ധതികള്‍ ആസൂത്രണം ചെയ്യുന്നത് വേണ്ടത്ര ഗവേഷണമില്ലാതെയും ആവശ്യമായ ശാസ്ത്ര സാങ്കേതിക വിദ്യകള്‍ പരിഗണിക്കാതെയുമാണ്. ശാസ്ത്രീയ വിവരങ്ങള്‍ പൊതുമണ്ഡലത്തില്‍ ലഭ്യമാക്കാതെ വന്‍പദ്ധതികള്‍ ഏറ്റെടുക്കപ്പെടുന്നു. കൃഷിയിലും വ്യവസായത്തിലും മാത്രമല്ല ഊര്‍ജം,കല്‍ക്കരി, പെട്രോളിയം,വൈദ്യുതി,ഗതാഗതം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളിലും ഭക്ഷണം, ജലം, ആരോഗ്യം തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങളിലും സാധാരണക്കാരന്റെയും പാവപ്പെട്ട ജനങ്ങളുടെയും താല്പര്യം പരിഗണിക്കാതെയും ശാസ്ത്രീയമായ പൊതു സംവാദങ്ങള്‍ ഇല്ലാതെയും കോര്‍പറേറ്റ് താല്പര്യം മുന്‍നിര്‍ത്തിയുള്ള തീരുമാനങ്ങളാണ് ഉണ്ടാകുന്നത്. പാരിസ്ഥിതികമായ ഉല്കണ്ഠകള്‍ക്ക് ഒരു പരിഗണനയും കല്‍പിക്കപ്പെടുന്നില്ല.

ശാസ്ത്ര സാങ്കേതിക ഗവേഷണത്തിന്റെ പടിപടിയായ മൂല്യ ശോഷണവും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പൊതുസമൂഹത്തിലും വിമര്‍ശനാത്മകചിന്തക്ക് പകരം നടത്തുന്ന കാവിവല്‍ക്കരണവും രാജ്യത്തിന്റെ ഭാവിയെ വളരെ പ്രതികൂലമായി ബാധിക്കും, വിശേഷിച്ച് ഈ വിജ്ഞാനയുഗത്തിലെ യുവതയെ . ശാസ്ത്ര സാങ്കേതിക ഗവേഷണത്തിലെ പൊതുനിക്ഷേപവും പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ സാമ്പത്തികസഹായവും പടിപടിയായി വര്‍ധിപ്പിക്കേണ്ടത് രാജ്യത്തിന് ഏറ്റവും ആവശ്യമായ ഘട്ടമാണിത്.

ശാസ്ത്രബോധം, ബഹുസ്വരത, സമാധാനപരമായസഹവര്‍ത്തിത്വം, സാംസ്ക്കാരിക വൈവിധ്യം ഇവ പ്രോത്സാഹിപ്പിക്കേണ്ടത് നമ്മുടെ ഭരണഘടനയിലെ നിര്‍ദ്ദേശകതത്വത്തില്‍ അനുശാസിക്കുന്നപോലെ ഓരോ വ്യക്തിയുടെയും അടിസ്ഥാന ചുമതലയാണ് ,വിശേഷിച്ച് പ്രൊഫഷണല്‍ ശാസ്ത്രജ്ഞരുടെയും സാമൂഹ്യശാസ്ത്രജ്ഞരുടെയും . ചോദ്യം ചെയ്യാനുള്ളഅവകാശമെന്നപോലെ ചുമതലയും ശാസ്ത്രത്തിനു മാത്രമല്ല ജനാധിപത്യത്തിനും പരമ പ്രധാനമാണ്.

ഇന്ത്യന്‍ ജനാധിപത്യത്തെയും ഭരണഘടനയെയും സംരക്ഷിക്കുന്നതില്‍ ശാസ്ത്രത്തിന് സുപ്രധാന പങ്കാണ് വഹിക്കാനുള്ളത്. അതിനാല്‍ ശാസ്ത്രബോധം പ്രചരിപ്പിക്കാന്‍ പ്രതിജ്ഞാബദ്ധമായ എല്ലാസംഘടനകളും സ്ഥാപനങ്ങളും വ്യക്തികളും ഒരുമിച്ചു പ്രവര്‍ത്തിക്കേണ്ട ഘട്ടമാണിതെന്നും അതിനായി ഒരുമിക്കണമെന്നും AIPSN അഭ്യര്‍ത്ഥിക്കുന്നു. അതിലൂടെ വിദ്വേഷത്തിന്റെ ആശയസംഹിതയെയും രാഷ്ട്രീയത്തെയും പരാജയപ്പെടുത്തി യുക്തിചിന്തയിലും മാനവികതയിലും ഊന്നി വിജ്ഞാനത്തിലൂടെ പ്രബുദ്ധരായ പൗരന്‍മാരുടെ രാജ്യമായി ഇന്ത്യയെ മാറ്റാനുള്ള ശ്രമത്തില്‍ നമുക്ക് പങ്കാളികളാകാം.

ശാസ്ത്രബോധത്തിനും വിമര്‍ശനാത്മകചിന്തക്കും ബഹുസ്വരതക്കും എതിരെയുള്ള ഏത് കടന്നാക്രമണത്തെയും ശക്തിയായി പ്രതിരോധിക്കയെന്നത് പരമപ്രധാനമാണ്. കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി മുമ്പെങ്ങുമില്ലാത്തവിധം അവ എന്തുകൊണ്ട് തുടരുന്നു എന്ന് തിരിച്ചറിയാനും മാറ്റമുണ്ടാക്കാനും വേണ്ടിയാണ് “Ask Why” എന്ന കാമ്പയിന്‍.

AIPSN 2019 ആഗസ്ത് 20 ന്റെ ദേശീയ ശാസ്ത്രാവബോധദിനവുമായി ബന്ധപ്പെട്ടിറക്കിയ ഈ പ്രസ്താവനയെ ഞാന്‍ അംഗീകരിക്കുന്നു, പങ്കാളിയാകുന്നു.

പ്രസ്താവനയില്‍ ഒപ്പിടുന്നതിനായി ക്ലിക്ക് ചെയ്യുക

[button color=”blue” size=”small” link=”https://aipsn.in/contact/nstd_signature_campaign” icon=”” target=”false”]ക്ലിക്ക് ചെയ്യുക[/button]
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

One thought on “ശാസ്ത്രാവബോധത്തിനായി ഒപ്പുചേർക്കാം

Leave a Reply

Previous post 118 മൂലക ലേഖനങ്ങള്‍ കൂട്ടായി എഴുതാം
Next post സൗരയൂഥത്തിന് പുറത്ത് കല്ലുപോലൊരു ഗ്രഹം കണ്ടെത്തി
Close