Read Time:5 Minute

കണ്ണാന്തളി/കാച്ചിപ്പൂ/ഓണപ്പൂ ശാസ്ത്രീയനാമം :Exacum tetragonum Roxb.  കുടുംബം : Gentianaceae ഇംഗ്ലീഷ് : Bicolor Persian Violet

കണ്ണാന്തളിയും കാട്ടുകുറിഞ്ഞിയും 

കണ്ണാടിനോക്കും ചോലയിൽ..”

(അനുഭവം(1985) എന്ന സിനിമയിൽ ബിച്ചുതിരുമല എഴുതിയ ഗാനം) പലർക്കും കവിതകളിലും ഗാനങ്ങളിലും കഥകളിലും കണ്ണാന്തളിയെന്ന പേര് പരിചിതമാണ്. ഉത്തരമലബാറിലെ കുന്നുകളിൽ പലതും മേൽഭാഗം പരന്നതും വിശാലവുമാണ്. ഇവയെ പാറപ്പരപ്പുകൾ എന്നും വിളിച്ചുവരുന്നു. ഓണക്കാലത്ത് ഈ പ്രദേശങ്ങളിലെ കുന്നുകൾ പൂക്കൾ കൊണ്ട് നിറഞ്ഞിരിക്കും. കാക്കപ്പൂക്കളും കൃഷ്ണപൂക്കളും ചൂതും പാറനീലിയും ഇവിടെ അതിമനോഹഹരങ്ങളായ പൂക്കളമൊരുക്കിയിട്ടുണ്ടാകും. ഇക്കാലത്ത് കണ്ണാന്തളിപ്പൂക്കൾ കണ്മിഴിച്ചിരിക്കും. കുന്നിൻ ചെരിവുകളിലുള്ള പുൽമേടുകളിൽ, പോഷകമുള്ള കറുത്ത മണ്ണുള്ള കൊച്ചു കൊച്ചു തുരുത്തുകളിലാണ് അവ തലയുയർത്തി നിൽക്കുക. ഇവ അതിമനോഹരങ്ങളായ ഓർക്കിഡ് പൂക്കളെ ഓർമ്മിപ്പിക്കും.

ഇന്ത്യയിൽ ഡെക്കാൻ പീഠഭൂമി മുതൽ സഹ്യാദ്രി വരെയുള്ള പ്രദേശങ്ങളിലെ പുൽമേടുകളിലും കുന്നിൻ ചെരിവുകളിലുമാണ് കണ്ണാന്തളിപ്പൂക്കൾ കാണാൻ കഴിയുക. 50 മീറ്റർ മുതൽ 200 മീറ്റർ വരെ ഉയരമുള്ള  ചെങ്കൽകുന്നുകളിലും 1350 മീറ്റർ വരെ ഉയരമുള്ള പുൽമേടുകളിലും വളരുന്ന ഈ ചെടി തെക്കേ ഇന്ത്യയിലെ ഒരു സ്ഥാനിക (endemic)സസ്യമാണ്. നേത്രരോഗങ്ങൾക്ക് ഈ സസ്യത്തിന്റെ സത്ത് കണ്ണിലൊഴിക്കാറുണ്ട്. അതുകൊണ്ടായിരിക്കണം കണ്ണാന്തളിയെന്ന പേര് ലഭിച്ചിരിക്കുക.

ഇടവപ്പാതിയോടെ മുളപൊട്ടുന്ന കണ്ണാന്തളിയുടെ തണ്ടുകൾ ചതുരാകൃതിയിലാണ്. അൽപ്പം നീണ്ടതും മൂന്ന് ഞരമ്പുകൾ വ്യക്തമായി കാണുന്നതുമായ ഇലകൾ സമ്മുഖമായി വിന്യസിച്ചിരിക്കുന്നു. ഇലകൾക്ക് എഴ് സെന്റീമീറ്റർ വരെ നീളവും ഒന്നര സെന്റീമീറ്റർ വരെ വീതിയും കാണും. 50 സെന്റീമീറ്റർ മുതൽ 120 സെന്റീമീറ്റർ വരെ പൊക്കത്തിൽ വളരാറുണ്ട്.

ആഗസ്ത് മുതൽ നവംബർ വരെയുള്ള മാസങ്ങളാണ് ഇതിന്റെ പൂക്കാലം. വിരിഞ്ഞു കഴിഞ്ഞാൽആദ്യത്തെ രണ്ടോ മൂന്നോ ദിവസം സന്ധ്യയാകുന്നതോടെ കൂമ്പുകയും പിറ്റേന്ന് കാലത്ത വീണ്ടും വിടരുകയും ചെയ്യും.പിന്നീട്  ഒരാഴ്ചയിലധികം കൊഴിയാതെ നിൽക്കും. ദളങ്ങളുടെ അറ്റം വയലറ്റ് നിറത്തിലാണ്. ദിവസം കഴിയുന്തോറും ദളങ്ങളുടെ അറ്റത്തെ വയലറ്റ് നിറം കൂടുതൽ കടുപ്പമുള്ളതാവുകയും ദളങ്ങളുടെ ഇതരഭാഗങ്ങളിലേയ്ക്ക് വ്യാപിക്കുകയും ചെയ്യും. കേസരങ്ങൾ നാല്.കേസരങ്ങൾക്ക് സ്വർണ മഞ്ഞനിറമാണ്.രണ്ട് അറകളുള്ള ചെറിയ ഫലത്തിൽ അനേകം ചെറുവിത്തുകൾ കാണപ്പെടുന്നു.

ഉത്തരകേരളത്തിൽ പലയിടങ്ങളിലും ഓണപ്പൂവ് എന്ന പേരിൽ അറിയപ്പെടുന്നു. ഓണക്കാലത്ത് വിരിയുന്നതിനാലാകണം ഈ പേര് ലഭിച്ചത്. മലപ്പുറം ജില്ലയിൽ പല പ്രദേശങ്ങളിലും കാച്ചിപ്പൂ എന്ന പേരാണുള്ളത്. പഴയ കാലത്ത് മുസ്ലീം സ്ത്രീകൾ ഉപയോഗിച്ചിരുന്ന കാച്ചിമുണ്ടിന്റെ കരയുടെ നിറമുള്ളതിനാലാകണം ഈ പേര്. കണ്ണാന്തളിയുടെ ശാസ്ത്രീയനാമം Exacumtetragonumഎന്നാണ്. Gentianaceae  സസ്യകുടുംബത്തിൽ ഉൾപ്പെടുന്നു. Bicolor Persian Violet  എന്നാണു  ഇംഗ്ലീഷ് നാമം.

അഞ്ചാറു ദശാബ്ദം മുമ്പുവരെ ഓണക്കാലത്ത് തൃക്കാക്കരയപ്പനെ അണിയിച്ചൊരുക്കുന്നതിനു കണ്ണാന്തളിപ്പൂക്കൾ ഉപയോഗിച്ചിരുന്നു. മഴക്കാലം കഴിയുന്നതോടെ  ഉണങ്ങിപ്പോകുന്ന ഇവ അടുത്തമഴക്കാലത്തോടെ  വീണ്ടും മുളച്ചുപൊന്തുകയും  വളർന്നുവരികയും ചെയ്യുന്നു. വിത്തുകളിൽ നിന്ന് പുതിയ തൈകളുണ്ടാകുന്നത് വളരെ കുറവാണ്. ഇടനാടൻ കുന്നുകളുടേയും പുൽമേടുകളുടേയും നാശം കണ്ണാന്തളി പോലുള്ള സസ്യങ്ങളുടെ നിലനിൽപ്പിന് വലിയ ഭീഷണിയാണ്.  നാടു നീങ്ങുന്ന കുന്നുകളെക്കുറിച്ച്  ‘കണ്ണാന്തളിപ്പൂക്കളുടെ കാല’ത്തിൽ എം.ടി. വാസുദേവൻ നായർ ആശങ്കപ്പെടുന്നുണ്ട്.


എഴുത്ത് : വി.സി.ബാലകൃഷ്ണൻ

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post സൗരയൂഥത്തിന് പുറത്ത് കല്ലുപോലൊരു ഗ്രഹം കണ്ടെത്തി
Next post കാക്കപ്പൂ
Close