ഡോ.നരേന്ദ്ര അച്യുത ധാബോൽക്കറുടെ രക്തസാക്ഷിത്വത്തിന് 11 വർഷം തികയുകയാണ്.
ധാബോൽക്കറെ പോലെ ഇക്കാലത്തിനിടയിൽ അന്ധവിശ്വാസങ്ങൾക്കെതിരായ പോരാട്ടത്തിലെ മുന്നണിപ്പോരാളികളായിരുന്ന ഗോവിന്ദ് പൻസാരെ, പ്രൊഫസർ എം.എം. കൽബുർഗി , ഗൗരി ലങ്കേഷ് എന്നിവരുടെ ആസൂത്രിത കൊലപാതകങ്ങളും നാം കണ്ടു. ഗോവിന്ദ് പൻസാരെ 2015 ഫെബ്രുവരി 16 നും എം.എം. കൽബുർഗി 2015 ആഗസ്ത 30 നും ഗൗരി ലങ്കേഷ് 2017 സപ്തംബർ 17 നും സമാന സാഹചര്യങ്ങളിൽ വധിക്കപ്പെട്ടു. രാജ്യമെമ്പാടും അതിശക്തമായ പ്രതിഷേധങ്ങൾ ഉയർന്നുവെങ്കിലും ഈ നാല് നേതാക്കളുടെയും വധവുമായി ബന്ധപ്പെട്ട കേസുകളുടെ അന്വേഷണത്തിൽ കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല. ആകെ ഉണ്ടായ ഒരു സംഭവവികാസം, ധാബോൽക്കർ വധത്തിലെ പ്രതികളെന്നു സംശയിക്കപ്പെടുന്ന അഞ്ചുപേർ വർഷങ്ങൾക്കു ശേഷം അറസ്റ്റ് ചെയ്യപ്പെടുകയും സുപ്രീം കോടതിയിൽ അതു സംബന്ധിച്ച വിചാരണ നടന്നുവരികയും ചെയ്യുന്നു എന്നതാണ്.
ധാബോൽക്കറുടെ രക്തസാക്ഷിത്വദിനമായ ആഗസ്ത് 20, ജനകീയശാസ്ത്ര പ്രസ്ഥാനങ്ങളുടെ നേതൃത്വത്തിൽ ദേശീയ ശാസ്ത്രാവബോധദിനമായി ആചരിച്ചുവരുന്നു. 2018 ൽ – MANS ധാബോൽക്കറുടെ ഓർമ്മയ്ക്കായി ശാസ്താവബോധ പ്രവർത്തനങ്ങൾക്കുള്ള അവാർഡ് ഏർപ്പെടുത്തിയപ്പോൾ, ആദ്യ അവാർഡ് നൽകപ്പെട്ടത് കേരള ശാസ്ത്രസാഹിത്യ പരിഷത്തിനായിരുന്നു.
ആരായിരുന്നു നരേന്ദ്ര ധാബോൽക്കർ ?
മഹാരാഷ്ട്രയിലെ സത്താറയിൽ പ്രവർത്തിക്കുന്ന ഒരു മെഡിക്കൽ ഡോക്ടറായിരുന്നു അദ്ദേഹം. ഭാര്യ ഷൈല ധാബോൽക്കർ. അവിടെ പ്രശസ്തയായ ഒരു ഗൈനക്കോളജിസ്റ്റ്. മകൻ ഹമീദ് ധാബോൽക്കർ ഒരു സൈക്കോളജിസ്റ്റായി ജോലിചെയ്യുന്നു. മകൾ മുക്ത ധാബോൽക്കർ – ഒരു വിദ്യാഭ്യാസപ്രവർത്തകയാണ്. പന്ത്രണ്ട് വർഷക്കാലം ഡോക്ടറായി ജോലി ചെയ്ത നരേന്ദ്ര ധാബോൽക്കർ പിന്നീട് സമൂഹത്തെ ചികിത്സിക്കാനായി സാമൂഹ്യപ്രവർത്തനത്തിന്റെ വഴി സ്വീകരിക്കുകയായിരുന്നു. അന്ധവിശ്വാസങ്ങൾക്കെതിരായാണ് അദ്ദേഹം ഏറെ എഴുതുകയും സംസാരിക്കുകയും പ്രവർത്തിക്കുകയും ചെയ്തത്. ഇതിനായി അദ്ദേഹത്തിന്റെ മുൻകൈയിൽ സ്ഥാപിച്ച സംഘടനയാണ് മഹാരാഷ്ട്ര അന്ധശ്രദ്ധ നിർമൂലൻ സമിതി (MANS). അന്ധവിശ്വാസങ്ങൾക്കെതിരായി മറാത്തി ഭാഷയിൽ ഇരുപതോളം ഗ്രന്ഥങ്ങൾ അദ്ദേഹം രചിക്കുകയുണ്ടായി. ഇവയിൽ പലതും ഇംഗ്ലീഷിലേക്കും ഹിന്ദിയിലേക്കും വിവർത്തനം ചെയ്യപ്പെട്ടിട്ടുമുണ്ട്. ധാബോൽക്കർ കുടുംബം ഒന്നടങ്കം വർഷങ്ങളായി അന്ധവിശ്വാസങ്ങൾക്കെതിരായ കുരിശുയുദ്ധത്തിൽ ഏർപ്പെട്ടിരിക്കുന്നു. ശാസ്ത്രാവബോധ രംഗത്ത്
ധാബോൽക്കറുടെ മറ്റൊരു പ്രധാന സംഭാവന, പ്രമുഖ ശാസ്ത്രജ്ഞൻ ഡോ. ജയന്ത്, വി.നർലിക്കർ, ഡോ.സുധാകർ കുണ്ട് എന്നിവരുമായി ചേർന്ന് ജ്യോതിഷ പ്രവചനത്തെക്കുറിച്ച് നടത്തിയ സ്റ്റാറ്റിസ്റ്റിക്കൽ പഠനമാണ്. ജ്യോതിഷപ്രവചനത്തിന് ശാസ്ത്രീയ അടിത്തറയില്ലെന്ന് സ്ഥാപിച്ച ഈ പഠനത്തിന് അന്താരാഷ്ട്ര തലത്തിൽ വലിയ അംഗീകാരം ലഭിക്കുകയുണ്ടായി.
ധാബോൽക്കർ വധം സൃഷ്ടിച്ച നാടകീയ സംഭവവികാസം, ധാബോൽക്കറുടെ നേതൃത്വത്തിൽ മഹാരാഷ്ട്ര അന്ധശ്രദ്ധ നിർമൂലൻ സമിതി (MANS) തയ്യാറാക്കിയ അന്ധവിശ്വാസ പ്രവർത്തന നിരോധന ബിൽ നിയമമാക്കുന്നതിനായി 2010 മുതൽ നടത്തിവന്ന ശ്രമങ്ങൾ ഒരൊറ്റ ദിവസംകൊണ്ട് ഫലവത്തായി എന്നതാണ് മൂന്ന് വർഷക്കാലത്തിനിടയിൽ ഏഴുതവണ നിയമസഭാ സെലക്ട് കമ്മിറ്റിയുടെ പരിഗണനയ്ക്ക് വിട്ട ഈ ബിൽ ഒരൊറ്റ ദിവസം കൊണ്ടാണ് മഹാരാഷ്ട്ര സർക്കാർ പാസ്സാക്കിയത്. 29 ഭേദഗതികളോടെ പരമാവധി ദുർബലമാക്കപ്പെട്ട ഈ നിയമം നിലവിൽ വന്നതിനുശേഷം അറുപതിലധികം കേസുകൾ രജിസ്റ്റർ ചെയ്യപ്പെട്ടുവെങ്കിലും കേവലം നാലെണ്ണം മാത്രമാണ് ശിക്ഷിക്കപ്പെട്ടത്. മുഴുവൻ കേസുകളും MANS പ്രവർത്തകരുടെ പരാതികളുടെ അടിസ്ഥാനത്തിലാണ് രജിസ്റ്റർ ചെയ്യപ്പെട്ടത് എന്നതും ഒരൊറ്റ കേസ് പോലും സർക്കാർ സംവിധാനം സ്വമേധയാ എടുത്തിട്ടില്ലെന്നതും ഇക്കാര്യത്തിൽ സർക്കാരിന് ഒട്ടും ആത്മാർത്ഥതയില്ലെന്നും മറ്റു വഴികൾ ഇല്ലാത്തതിനാൽ ജനരോഷത്തിൽ നിന്ന് രക്ഷനേടാൻ വേണ്ടിയുള്ള ഉപായം എന്ന നിലയിലാണ് പാസാക്കപ്പെട്ടതെന്നും വളരെ വ്യക്തമാണ്. പ്രൊഫ. കൽബുർഗ്ഗിയുടെയും ഗൗരിലങ്കേഷിന്റെയും വധത്തെ തുടർന്ന് കർണാടകത്തിലും അന്ധവിശ്വാസ പ്രയോഗ നിരോധന നിയമം കൊണ്ടുവരാൻ ശക്തമായ ജനകീയ സമ്മർദ്ദങ്ങൾ ഉയർന്നുവരികയും അവിടെയും നിയമം നിലവിൽ വരികയും ചെയ്തിട്ടുണ്ട്. അന്ധവിശ്വാസ പ്രചരണം ഒരു ദേശീയ പ്രശ്നമാണെന്നതിനാലും ഇന്ത്യൻ ഭരണഘടനയിൽ ശാസ്ത്രബോധ പ്രചരണത്തിന് വലിയ പ്രാധാന്യം നൽകിയിട്ടുള്ളതിനാലും ദേശീയതലത്തിൽ തന്നെ അന്ധവിശ്വാസ പ്രയോഗ നിരോധന നിയമം കൊണ്ടുവരണമെന്ന് ആവശ്യമുയർന്നിട്ടുണ്ടെങ്കിലും കേന്ദ്രസർക്കാർ ഇതുവരെ കേട്ടതായി ഭാവിച്ചിട്ടില്ല. ഭരണഘടന ആഹ്വാനം ചെയ്ത വിധത്തിൽ അന്ധവിശ്വാസ ചൂഷണത്തെ ചെറുക്കാനായി വ്യവസ്ഥാപിത മാർഗ്ഗങ്ങളിലൂടെ സമാധാനപരമായി പ്രവർത്തിച്ച ഈ നാല് പണ്ഡിതരുടെ കൊലപാതകങ്ങൾ സംസ്ഥാന-ദേശീയ ഭരണം നിലപാടുകളിൽ കാര്യമായ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല എന്നാണ് ഇതെല്ലാം സൂചിപ്പിക്കുന്നത്.
ആരായിരുന്നു ധാബോൽക്കറുടെ ഘാതകർ ?
2014 ൽ ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് അടിസ്ഥാനത്തിലാണ് ധാബോൽക്കർ വധക്കേസിൽ CBI അന്വേഷണം ആരംഭിച്ചത്. സനാതൻ സൻസ്ഥ എന്ന ഹൈന്ദവ സംഘടനയുടെ നേതൃത്വത്തിൽ ഡോ. വീരേന്ദ്രസിങ്ങ് തവാഡ എന്ന ENT സർജൻ, സച്ചിൻ അണ്ടുരെ, ശാരദ് കലാസ്ക്കർ, സജീവ് പുനലേക്കർ, വിക്രം ഭാവ എന്നിങ്ങനെ അഞ്ച് പേരെയാണ് ഇതുവരെയായി അറസ്റ്റ് ചെയ്തിട്ടുള്ളത്. ഇന്ത്യൻഭരണകൂടം കഴിഞ്ഞ 10 വർഷക്കാലമായി പിന്തുടരുന്ന ശാസ്ത്രവിരുദ്ധവും വിശ്വാസപ്രധാനവുമായ നിലപാടുകൾ നിരീക്ഷിക്കുമ്പോൾ ധാബോൽക്കർ, ഗോവിന്ദ് പൻസാരെ, എം.എം. കലബുർഗി, ഗൗരി ലങ്കേഷ് വധങ്ങൾ വളരെ ആസൂത്രിതമായ ഒരു പദ്ധതിയുടെ ഭാഗമാണെന്ന് കാണാൻ പ്രയാസമൊന്നുമില്ല. 2014 ഒക്ടോബറിൽ ബോംബെയിലെ റിലയൻസ് ആശുപ്രതി ഉദ്ഘാടന വേളയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ കുപ്രസിദ്ധമായ പ്രസംഗം മുതൽ 102, 103 ശാസ്ത്ര കോൺഗ്രസ് വേദികളിലും മറ്റു നിരവധി വേദികളിലും ഈ സമീപനത്തിന്റെ ആവർത്തനം നമുക്ക് കാണാം.
- ഭാരതീയ ശാസ്ത്രം ലോകത്തിലെ ഏറ്റവും മികച്ചതായിരുന്നു പാശ്ചാത്യ അധിനിവേശം ഭാരതീയ ശാസ്ത്ര പാരമ്പര്യത്തെ തകർത്തു
- ഇന്ന് പാശ്ചാത്യ ശാസ്ത്രത്തിൻറെ നേട്ടമായി പറയുന്ന മിക്ക കാര്യങ്ങളുടെയും അടിസ്ഥാനം ഇന്ത്യൻ ശാസ്ത്രവും നമ്മുടെ വേദങ്ങളുംനമ്മുടെ ഇതിഹാസങ്ങളിൽ പ്രസ്താവിച്ചിട്ടുള്ള എല്ലാ കാര്യങ്ങളും വസ്തുതകളാണ്.
- അതിനെ ചോദ്യം ചെയ്യുന്നത് ശരിയല്ലതുടങ്ങിയ
വാദങ്ങളാണ് നരേന്ദ്ര മോദിയും അദ്ദേഹത്തിൻറെ മന്ത്രിസഭയിലെ സഹമന്ത്രിമാരും പല സന്ദർഭങ്ങളിലായി പറഞ്ഞുകൊണ്ടിരിക്കുന്നത്. ഗണപതിയും പ്ലാസ്റ്റിക് സർജറിയും കർണന്റെ ജനനവും ഐ.വി സാങ്കേതികവിദ്യയും കൗരവരുടെ ജനനവും ജനിതക സാങ്കേതികവിദ്യയും ഭരദ്വാജമുനിയും വൈമാനികശാസ്ത്രവും പരമശിവനും പരിസ്ഥിതി പ്രവർത്തനവും എന്നു തുടങ്ങി ഇതിഹാസകഥകളെ ആധുനിക ശാസ്ത്ര സാങ്കേതിക വിദ്യകളുമായി കൂട്ടിക്കെട്ടാനുള്ള ഗവേഷണാത്മക പ്രവർത്തനങ്ങൾ ഭരണകൂടത്തിന്റെ ഒത്താശയോടുകൂടി നടക്കുന്നു. സഞ്ജീവനിയെ കണ്ടെത്താനും സരസ്വതി നദിയെ തെരഞ്ഞു പിടിക്കാനും കേന്ദ്ര സർക്കാർ പിന്തുണയോടെ ഗവേഷണ പദ്ധതികൾ തയ്യാറാവുന്നു രാമായണത്തിലെ സേതുബന്ധനം യഥാർത്ഥത്തിൽ സംഭവിച്ചതാണെന്നും വരുത്താൻ നാസയുടെ കള്ള സർട്ടിഫിക്കറ്റ് ഹാജരാക്കുന്നു ഈ പ്രവർത്തനങ്ങൾക്കെല്ലാം സൈദ്ധാന്തിക പിന്തുണ നൽകുന്ന ചില പാശ്ചാത്യ കപട ശാസ്ത്രജ്ഞന്മാരുടെ സഹായത്തോടെ വെബ്സൈറ്റുകൾ പ്രവർത്തിപ്പിക്കുകയും വാട്സ്ആപ്പ് ഫേസ്ബുക്ക് പോസ്റ്റുകളിലൂടെ തെറ്റിദ്ധരിപ്പിക്കുകയും നുണകൾ പ്രചരിപ്പിക്കുകയും ചെയ്യുന്നു. ഈ വിശ്വാസാന്തരീക്ഷത്തിന് സാംസ്കാരിക നിറം പകരാൻ ഉജ്ജയിൻ മേള പോലുള്ള സർക്കാർ പദ്ധതികളും യാഗങ്ങളും നടക്കുന്നു. ഛത്തീസ്ഗഡിലെ കർഷകരുടെ ആത്മഹത്യയ്ക്ക് കാരണമെന്തെന്ന് നിയമസഭാ ചോദ്യത്തിന് ഭൂതപ്രേത ബാധയെന്ന് അവിടുത്തെ ബിജെപി മന്ത്രി ഉത്തരം നൽകുന്നു. ദേശീയ സംസ്ഥാന സർക്കാരുകളുടെ മേൽനോട്ടത്തിലാണ് ഇത് നടക്കുന്നത് എന്നതിനാൽ ഇതിനൊക്കെ ആധികാരിക ഒരു പരിവേഷവും ലഭിക്കുന്നു. വേലി തന്നെ വിള തിന്നുമ്പോൾ പരിഹാരമെന്ത് ? ഇന്ത്യൻ ഭരണഘടനയനുസരിച്ച് പ്രവർത്തിക്കേണ്ട സർക്കാരുകൾ ആണല്ലോ ഇവയൊക്കെ.
ആർട്ടിക്കിൾ 51 എച്ച് അവരെ ആര് പഠിപ്പിക്കും ? യുണിയൻ സർക്കാരിനെ നിയന്ത്രിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ ജനകീയ തലത്തിലുള്ള ഇടപെടലുകൾ മേൽപ്പറഞ്ഞ രാഷ്ട്രീയ പദ്ധതിയെ വളരെ അപകടകരമായ ഒരു തലത്തിലേക്ക് എത്തിക്കുന്നുണ്ട്. ബിജെപി ഭരണത്തിലുള്ള ഗുജറാത്ത്, മധ്യപ്രദേശ്, ഛത്തീസ്ഘടഢ്, രാജസ്ഥാൻ സംസ്ഥാനങ്ങളിൽ ഒക്കെയും മേൽ സൂചിപ്പിച്ച വിധത്തിലുള്ള ഇതിഹാസ- ശാസ്ത്രബന്ധം സ്ഥാപിക്കുന്ന കഥകളും ലേഖനങ്ങളും ഉൾക്കൊള്ളുന്ന പുസ്തകം അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും വായനാ സാമഗ്രിയായി നിർദ്ദേശിക്കപ്പെട്ടു കഴിഞ്ഞു. കുട്ടികളിൽ അബദ്ധധാരണകൾ ഉറപ്പിക്കുക വഴിതലമുറയുടെ വിശ്വാസ വഴി ഉറപ്പിക്കുകയാണ് ഈ സർക്കാരുകൾ.
പശു എന്നൊരു പ്രതീകം എത്ര വേഗത്തിലാണ് ഒരു സമൂഹ വിഭജന ആയുധമായതെന്നു നോക്കൂ. പശുവിനെ കൊല്ലുന്നതും വ്യാപാരം ചെയ്യുന്നതും കടത്തിക്കൊണ്ടുപോകുന്നതും എന്തിന്, തൊലിയുരിക്കുന്നതു പോലും കുറ്റമായി കണക്കാക്കപ്പെടുമ്പോൾ വലിയൊരു വിഭാഗം വീടുകളിലെ സാർവതിക ജീവനോപാധിയായ ഈ മൃഗം, ജനതയുടെ മുഴുവൻ ചിന്തകളെ നിയന്ത്രിക്കുന്ന ഒരു സൂചകമായി മാറുന്നു. ഭയാന്തരീക്ഷം സൃഷ്ടിച്ച് വരുതിയിൽ വരുത്തുക എന്ന ഫാസിസ്റ്റ് രീതിയുടെ ഒരു ഉത്തമ മാതൃകയാണിത്. ഈ ദീർഘകാല സാമൂഹ്യ ആക്രമണ പദ്ധതിക്കു തടയിടാൻ നമുക്ക് മുന്നിൽ വേറെ വഴികളില്ല. ജവഹർലാൽ നെഹ്റുവിൻറെ വാക്കുകൾ നമ്മെ വീണ്ടും വീണ്ടും ഓർമിപ്പിക്കുന്നു. രാഷ്ട്ര പുരോഗതിക്ക് ശാസ്ത്രബോധം അനിവാര്യമാണ് . It is way of thinking, a method of acting and engaging with fellow men. ശാസ്ത്രത്തിൻറെ രീതിയിൽ ചിന്തിക്കുകയും പ്രവർത്തിക്കുകയും അതിനായി സമൂഹത്തെ പ്രാപ്തമാക്കുകയും ചെയ്യുക, ശാസ്ത്രബോധത്തെ സാമാന്യബോധമാക്കുക അതിനാകട്ടെ എല്ലാ ശ്രമങ്ങളും.
അന്ധവിശ്വാസ പ്രവർത്തന നിരോധന നിയമങ്ങൾ
ഇതിനകം 8 സംസ്ഥാനങ്ങളിൽ അന്ധവിശ്വാസം പ്രചരിപ്പിക്കുന്ന പ്രവർത്തനങ്ങൾക്കെതിരായ നിയമങ്ങൾ പാസ്സാക്കപ്പെട്ടിട്ടുണ്ട്. ബീഹാർ, ഝാർഖണ്ഡ്, മഹാരാഷ്ട്ര, കർണ്ണാടക, ഛത്തിസ്ഗഢ്, ആസ്സാം, ഒഡീഷ, രാജസ്ഥാൻ എന്നിവയാണ് ഈ സംസ്ഥാനങ്ങൾ. എന്നാൽ 2013 മുതൽ തന്നെ നിരന്തരമായ ആവശ്യങ്ങൾ ഉയർന്നിട്ടും അന്ധവിശ്വാസപ്രചോദിതമായ നിരവധി കുറ്റകൃത്യങ്ങൾ അരങ്ങേറിയിട്ടും കേരളത്തിൽ ഇതുവരെയായി ഇത്തരമൊരു നിയമം കൊണ്ടുവരാൻ ഗൗരവമായ ശ്രമങ്ങൾ നടന്നിട്ടില്ല എന്നു കാണാം. ഇന്ത്യൻ ഭരണഘടനയിലെ 51 A (h) വകുപ്പനുസരിച്ച് ദേശീയസർക്കാരിനും ഇത്തരത്തിൽ ഒരു നിയമം കൊണ്ടുവരാൻ ധാർമ്മികമായ ഉത്തരവാദിത്തമുണ്ട്. അതും നിർവഹിക്കപ്പെട്ടിട്ടില്ല. അതിനായുള്ള ആവശ്യം നിരന്തരമായി ഉയർത്തേണ്ട സമയമാണ് ശാസ്ത്ര നിരാസത്തിന്റേതായ ഈ കാലഘട്ടം.