ഒക്ടോബർ 23 – മോൾ ദിനം

സംഗീത ചേനംപുല്ലി

രസതന്ത്രത്തിലെ ഒരു പ്രധാന അളവായ മോളിനോടുള്ള ആദരവ് പ്രകടിപ്പിക്കുന്നതിനായി എല്ലാവർഷവും ഒക്ടോബർ 23ന് രാവിലെ 6:02 മണിമുതൽ വൈകിട്ട് 6:02 മണിവരെ അന്താരാഷ്ട്ര മോൾ ദിനം ആഘോഷിക്കുന്നു.

[dropcap]ശാ[/dropcap]സ്ത്രം പഠിച്ചവർ ഒരിക്കലെങ്കിലും കേട്ടിരിക്കാനിടയുള്ള വാക്കാണ് മോൾ. ഇതാരുടെ മോളാണാവോ എന്തിനാപ്പോ ഇതിനെ മോൾ എന്ന് വിളിക്കണേ എന്നൊക്കെ ചിന്തിക്കാത്തവർ കുറവായിരിക്കും. അമീദിയോ അവോഗാഡ്രോ എന്ന ശാസ്ത്രജ്ഞനാണ് മോൾ സങ്കൽപ്പത്തിന് പിന്നിൽ. [box type=”info” align=”” class=”” width=””]Counting by weighing principle ആണ് മോൾ സങ്കൽപ്പനത്തിന്റെ അടിസ്ഥാനം.[/box] അതായത് ആറ്റങ്ങളും തന്മാത്രകളുമൊക്കെ വളരെ വളരെ ചെറുതായത് കൊണ്ട് ഒരു സൂചിമുനയുടെ തലപ്പത്ത് തന്നെ പതിനായിരക്കണക്കിന് ആറ്റങ്ങൾക്ക് സുഖമായി ഇരിക്കാനാവും. ഒരു ഗ്രാം വസ്തുവിൽ കോടിക്കണക്കിന് ആറ്റങ്ങൾ ഉണ്ടായിരിക്കും. ഇവയെ എണ്ണിത്തിട്ടപ്പെടുത്തുക സാധ്യമല്ല. അവിടെയാണ് മോൾ സങ്കൽപ്പനത്തിന്റെ പ്രസക്തി.

അമീദിയോ അവോഗാഡ്രോ | കടപ്പാട് : വിക്കിപീഡിയ

മാസിനേയും ആറ്റം / തന്മാത്ര കളുടെ എണ്ണത്തേയും ബന്ധിപ്പിക്കുന്ന ഒരു പാലമാണ് മോൾ. ഒരു വാതകത്തിന്റെ വ്യാപ്തം (അതായത് ആ വാതകത്തിന് സ്ഥിതി ചെയ്യാന്‍ വേണ്ട സ്ഥലം) അതില്‍ അടങ്ങിയ തന്മാത്രകൾ അല്ലെങ്കില്‍ ആറ്റങ്ങളുടെ എണ്ണവുമായി ബന്ധപ്പെട്ടിരിക്കുന്നു ‍എന്നും വാതകത്തിന്റെ സ്വഭാവം പോലും ഇക്കാര്യത്തില്‍ പ്രസക്തമല്ല എന്നും അവഗാഡ്രോ അഭിപ്രായപ്പെട്ടു. ഇത് Standard condition ല്‍ (പൂജ്യം ഡിഗ്രി സെല്‍ഷ്യസ്, ഒരു ബാര്‍ പ്രഷര്) 22.414 ലിറ്റര്‍ ആണെന്നും കണ്ടെത്തി. അതുപോലെ മൂലകങ്ങളുടെ അറ്റോമിക ഭാരത്തിനു തുല്യമായ മാസില്‍, (ഓരോ മൂലകത്തിന്റെയും അറ്റോമിക ഭാരം വ്യത്യസ്തമാണെങ്കിലും) ഒരേ എണ്ണം ആറ്റങ്ങള്‍ ആണ് ഉണ്ടായിരിക്കുക ‍എന്നും അവോഗാഡ്രോ പറഞ്ഞു. ഇത് 6.02214076×10^23 ആണെന്ന് ജോസഫ് ലോഷ്സ്മിത്ത്പില്‍ക്കാലത്ത് കണക്കാക്കി. (602214076000000000000000). 2019 മേയ് 20-നു നിലവിൽ വന്ന പുതിയ നിർവചനപ്രകാരം ഒരു മോളിലുള്ള കണികകളുടെ എണ്ണം കൃത്യം 6.02214076×10^23 ആണ്.

ഉദാഹരണത്തിന് ഹൈഡ്രജന്റെ അറ്റോമിക് ഭാരം ഒന്നായെടുത്താല്‍ ഒരു ഗ്രാം ഹൈഡ്രജനില് ‍‍6.02214076×10^23 ആറ്റങ്ങള്‍ ഉണ്ടാവും. 12 ഗ്രാം കാര്‍ബണ്‍ എടുത്താലും ഇതേ എണ്ണം ആറ്റങ്ങളാണ് ഉണ്ടാവുക. കാരണം കാര്‍ബണിന്റെ അറ്റോമിക ഭാരം പന്ത്രണ്ടാണ്.‍

സമാനമായി സംയുക്തങ്ങളുടെ തന്മാത്രാഭാരത്തിനു തുല്യമായ മാസ് അളന്നെടുത്താല്‍ അതിലുള്ളതും ഇതേ എണ്ണം തന്മാത്രകള്‍ ആയിരിക്കും. ജലത്തിന്റെ തന്മാത്രാ ഭാരം പതിനെട്ടാണ്. പതിനെട്ടുഗ്രാം ജലത്തില്‍ 6.02214076×10^23 ജലതന്മാത്രകള്‍ ഉണ്ടാവും. ആറ്റം, തന്മാത്ര എന്നീ ആശയങ്ങളെ ബന്ധിപ്പിക്കാന്‍ സഹായിച്ചത് അവോഗാഡ്രോ ആണ്. പത്ത് ഘാതം ഇരുപത്തിമൂന്ന് എന്നത് കണക്കിലെടുത്ത് എല്ലാ വര്‍ഷവും ഒക്ടോബര്‍ 23 മോള്‍ ദിനമായി ആചരിക്കുന്നു.
Compound Chemistry തയ്യാറാക്കിയ മോള്‍ പോസ്റ്റര്‍


ഒരു മോള്‍ വീഡിയോ


പോസ്റ്ററിന് compound chemistry സന്ദര്‍ശിക്കുക

Leave a Reply