Read Time:44 Minute

ഷ്ണമേഖലയിൽപ്പെടുന്ന ഏഷ്യയിലെയും ആഫ്രിക്കയിലെയും മനുഷ്യർ ആദ്യമായി വളർത്തിയെടുത്ത വിളകളാണ് ചെറുധാന്യങ്ങൾ അഥവാ മില്ലറ്റുകൾ; 5000 വർഷമെങ്കിലും പഴക്കം ഇവക്ക് മതിക്കുന്നുണ്ട്. മില്ലറ്റുകളെ വളർത്താൻ എളുപ്പമാണെന്നും, ചെറിയ വളർച്ചാ ചക്രമേ  ഉള്ളുവെന്നും, ദീർഘകാലത്തേക്ക് സൂക്ഷിക്കാൻ കഴിയുമെന്നും ആദ്യകാല കർഷകർ കണ്ടെത്തി. ഇവയുടെ ധാന്യം വളരെ പോഷകഗുണമുള്ളതാണെന്നും ആരോഗ്യമുള്ള ജീവിതം നിലനിർത്താൻ കഴിയുമെന്നും അവർ നിരീക്ഷിച്ചു. അവക്ക് വളരാനും വിത്ത് ഉല്പ്പാദിപ്പിക്കാനും തരതമ്യേന ദിവസങ്ങൾ കുറച്ചു മതി എന്നതിനാൽ നട്ടുവളർത്താനും പരിപാലിക്കാനും എളുപ്പമാണ്. മാത്രമല്ല, മാറുന്ന കാലാവസ്ഥയും പാരിസ്ഥിതിക സാഹചര്യങ്ങളുമായി മികച്ച പൊരുത്തപ്പെടലും ഉണ്ട്.



ഐക്യരാഷ്ട്രസഭയുടെ ഭക്ഷ്യ കാർഷിക സംഘടന (FAO) ചെറുധാന്യങ്ങളുടെ (millets) കൃഷിയും ഉപയോഗവും വർദ്ധിപ്പിക്കുന്നതിനുദ്ദേശിച്ചുള്ള പ്രചാരണങ്ങൾ ശക്തമാക്കാനാണ് 2023 അന്താരാഷ്ട്ര മില്ലറ്റ് വർഷം ആയി ആചരിക്കണമെന്ന് തീരുമാനിക്കുന്നത്. ഇന്ത്യ 2018 ദേശീയ മില്ലറ്റ് വർഷമായി  ആചരിച്ചിരുന്നു. ഇതിനെത്തുടർന്നു അന്താരാഷ്ട്ര മില്ലറ്റ് വർഷം (International Year of Millets, IYM) എന്ന ആശയം  2021 ൽ തന്നെ ഇന്ത്യ മുന്നോട്ട് വെക്കുകയുണ്ടായി. ചെറുധാന്യങ്ങൾക്ക് മഴ കുറഞ്ഞ വരണ്ട നിലങ്ങളിൽ കുറഞ്ഞ അനുസാരികളോടെ വളരാനും കാലാവസ്ഥാ വ്യതിയാനങ്ങളെ ഒരു പരിധിവരെ പ്രതിരോധിക്കാനും കഴിയും. പ്രതികൂലവും മാറിക്കൊണ്ടിരിക്കുന്നതുമായ കാലാവസ്ഥാ സാഹചര്യങ്ങളിൽ ചെറുധാന്യങ്ങളുടെ പോഷക-ആരോഗ്യ ഗുണങ്ങളെക്കുറിച്ചും അവയുടെ കൃഷിയെക്കുറിച്ചും അവബോധം വളർത്തുന്നതിന് അന്താരാഷ്ട്ര മില്ലറ്റ് വർഷം  ഗുണകരമായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

വലിയ ധാന്യങ്ങളും ചെറുധാന്യങ്ങളും

ലോകത്തെവിടെയും മനുഷ്യരാശിയുടെ പ്രധാന ഭക്ഷണം ധാന്യങ്ങളാണ്. ഇവയിൽ  വലുപ്പക്കൂടുതലുള്ള ധാന്യങ്ങളായ നെല്ല്, ഗോതമ്പ്, മക്കച്ചോളം, ബാർലി, ഓട്സ് എന്നിവയെ വലിയധാന്യങ്ങൾ അഥവാ സീറിയൽസ് (cereals) എന്നു വിളിക്കുന്നു. വലുപ്പക്കുറവുള്ള ചെറുധാന്യങ്ങളാണ് മില്ലറ്റുകൾ (millets). ധാന്യം എന്നർഥമുള്ള മിലിയം (Milium)എന്ന ലാറ്റിൻ പദത്തിൽ നിന്നാണ് “മില്ലറ്റ്” എന്ന പദം ഉണ്ടായത്. മലയാളത്തിൽ യോജിച്ച സമാന പദങ്ങളൊന്നുമില്ല. ‘ചെറുധാന്യം’ എന്നാണ് ഇപ്പോൾ പലരും പ്രയോഗിച്ച് കാണുന്നത്. ‘മില്ലറ്റ്’ എന്നു തന്നെ മലയാളത്തിലും വിളിക്കുന്നത് കൊണ്ട് കുഴപ്പമൊന്നുമില്ല!

ധാന്യങ്ങളാണ് മനുഷ്യരുടെ പ്രധാന ആഹാരമെങ്കിലും എല്ലാ ധാന്യങ്ങൾക്കും ഒരേപോലുള്ള പ്രാധാന്യമില്ല. ലോകജനതയില്‍ പകുതിയിലധികം പേരുടെയും മുഖ്യാഹാരം അരിയാണ്.  പക്ഷേ, നന്നായി മഴ കിട്ടുന്ന അല്ലെങ്കിൽ ജലസേചന സൌകര്യമുള്ള പ്രദേശങ്ങളിൽ മാത്രമേ നെൽകൃഷി സാധിക്കൂ. തണുപ്പ് കാലാവസ്ഥയിൽ മാത്രം വളരുന്ന സസ്യമാണ് ഗോതമ്പ്. ജലസേചനം അത്യാവശ്യമാണ് താനും!  മഴ കുറഞ്ഞതോതിൽ മാത്രം കിട്ടുന്ന, ജലസേചന  സൗകര്യമില്ലാത്ത പ്രദേശങ്ങളിൽ മനുഷ്യൻ ചെറുധാന്യങ്ങളെ കണ്ടെത്തുകയും കൃഷി ചെയ്യാൻ ആരംഭിക്കുകയും ചെയ്തുവെന്നു കരുതാം. ചൈനയിൽ നെൽകൃഷി ആരംഭിക്കുന്നതിന് മുമ്പ് തന്നെ തിന (foxtail millet) കൃഷി ചെയ്തിരുന്നുവെന്നു അനുമാനിക്കുന്നുണ്ട്, ഏതാണ്ട് 8000 വർഷങ്ങൾക്ക് മുമ്പ്!   ലോകത്തിലെ വരൾ,  അർദ്ധ-വരൾ ഉഷ്ണമേഖലാ പ്രദേശങ്ങളിൽ (arid & semiarid tropics) വസിക്കുന്ന ദശലക്ഷക്കണക്കിന് ആളുകളുടെ ഒരു ഉപജീവന ഭക്ഷ്യഉൽപന്നമായി ചെറുധാന്യങ്ങൾ മാറി. ജലസേചന സൌകര്യങ്ങൾ വർദ്ധിച്ചതോടെ, കൃഷിക്രമങ്ങളിലും ആഹാര രീതികളിലുമൊക്കെ മാറ്റങ്ങൾ വരുന്നുണ്ടെങ്കിലും ഇപ്പോഴും മില്ലറ്റുകൾക്ക്  പ്രസക്തിയുണ്ട്. ക്ഷാമസാഹചര്യങ്ങളിൽ വിളവ് ഉറപ്പുനൽകുന്ന വിളയായതിനാൽ മില്ലറ്റുകളെ ക്ഷാമവിളകൾ (famine crops) എന്നും വിളിക്കാറുണ്ട്.

തിന

“വലിയ” ധാന്യങ്ങളേക്കാൾ വളരെ കുറച്ച് പഠന ഗവേഷണങ്ങൾ മാത്രമേ മില്ലറ്റുകളിൽ നടന്നിട്ടുള്ളൂ. സാധാരണക്കാരുടെ ഭക്ഷണം എന്ന വിശേഷണം വിനയായിട്ടുണ്ടാകും! ചരിത്രപരമായി മില്ലറ്റുകൾക്കെതിരെയുള്ള പടിഞ്ഞാറൻ രാജ്യങ്ങളുടെ പക്ഷപാതിത്വവുമുണ്ട്. പ്രത്യേകിച്ച്, പടിഞ്ഞാറൻ യൂറോപ്പിലെ മുൻ കൊളോണിയൽ ശക്തികൾ മില്ലറ്റ് കൃഷിയെ വളരെ നിസ്സാരമായാണ് കണ്ടിരുന്നത്! അത് കൊണ്ടാണ് വലിയ ധാന്യങ്ങളായ നെല്ല്, ഗോതമ്പ്, മക്കച്ചോളം എന്നിവയെ അപേക്ഷിച്ച് ഇവയിൽ കാര്യമായ വികസനമൊന്നുമില്ലാതെ പോയതും അവ “അനാഥ” വിളകൾ ആയി തുടർന്നതും! മറ്റ് വലിയ ധാന്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ, ചെറുധാന്യങ്ങൾ മണ്ണിൽ നിന്ന് കാര്യമായൊന്നും ആവശ്യപ്പെടുന്നില്ല. അതുപോലെതന്നെ, വലിയ തോതിലുള്ള വളപ്രയോഗമോ, നനയോ, മറ്റ് പരിചരണമുറകളോ ഇല്ലാതെ കുറഞ്ഞ ചെലവിൽ കൃഷി ചെയ്തെടുക്കാം. മഴയെ ആശ്രയിച്ചാണ് മിക്കവാറും കൃഷി. മാത്രമല്ല കൃഷിയിടത്തിലോ സംഭരണത്തിലോ കാര്യമായ കീട-രോഗ ശല്യങ്ങളുമില്ല.

ദീർഘകാലം അവഗണന നേരിട്ട ഈ വിളകൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ദരിദ്രരുടെ ഭക്ഷണം, പോഷകാഹാര സുരക്ഷ, ഉപജീവന മാർഗ്ഗങ്ങൾ എന്നിവയിൽ മഹത്തായ പങ്ക് വഹിക്കുന്നു. മാത്രമല്ല അവ നമ്മുടെ ഭക്ഷണത്തെ വിവിധ വിഭവങ്ങളുമായി  വൈവിധ്യവത്കരിക്കുകയും ചെയ്യുന്നു. വലിയ ധാന്യങ്ങളെക്കാൾ പോഷകഗുണങ്ങൾ പൊതുവേ മില്ലറ്റുകളിൽ കൂടുതലുണ്ട്. ദരിദ്രരുടെ ക്ഷാമവിളയായാണ് അറിയപ്പെടുന്നതെങ്കിലും ‘ഗ്ലൂട്ടൻ രഹിതം’  എന്ന വിശേഷണം, പ്രമേഹവുമായി ബന്ധപ്പെട്ട കുറഞ്ഞ ഗ്ലൈസെമിക് ഇൻഡക്സ് (glycemic index), വർദ്ധിച്ചുവരുന്ന ആരോഗ്യ അവബോധം, ജീവിതശൈലി രോഗങ്ങൾ, പാരിസ്ഥിതിക ഉത്കണ്ഠ, കാലാവസ്ഥാ വ്യതിയാനത്തെ അതിജീവിക്കാൻ നമ്മുടെ ഭക്ഷണ സമ്പ്രദായങ്ങൾ നവീകരിക്കേണ്ടതിന്റെ ആവശ്യകത എന്നിവയാൽ ആദ്യകാല ധാന്യങ്ങളായ മില്ലറ്റുകൾക്ക് ഒരു പുനർജന്മം ഉണ്ടായിരിക്കുകയാണ്! ഇത് കൊണ്ടൊക്കെയാവും ഇവയുടെ ആഗോള ഡിമാൻഡ് സംശയരഹിതമായി ഉയർന്നത്; വിലയും കൂടി! ചെറുധാന്യങ്ങളിലുള്ള പാശ്ചാത്യരുടെയും വരേണ്യവർഗത്തിന്റെയും താത്പര്യം ഇതേപോലെ തുടർന്നാൽ ഏഷ്യയിലും ആഫ്രിക്കയിലുമുള്ള വരൾ-അർദ്ധ വരൾപ്രദേശങ്ങളിലെ വിഭവ ദാരിദ്രമനുഭവിക്കുന്ന സാധാരണക്കാരായ കർഷകരുടെ തലവരയും മാറും!

ചെറുധാന്യങ്ങളുടെ വൈവിധ്യം 

പുല്ലുകൾ ഉൾപ്പെടുന്ന പോയെസി (poaceae) എന്ന സസ്യകുടുംബത്തിലാണ് മില്ലറ്റുകൾ ഉൾപ്പെടുന്നത്. ഇവ പാനിക്കം, സെറ്റേറിയ, എക്കിനോക്ലോവ, സെൻക്രസ് (പെന്നിസെറ്റം), പാസ്പാലം, എല്യൂസിൻ, ഇറാഗ്രൊസ്റ്റീസ്, ബ്രേക്കിയേറിയ, ഡിജിറ്റേറിയ, കോയിക്സ് (Panicum, Setaria, Echinochloa, Cenchrus, Paspalam, Eleusine, Eragrostis, Brachiaria, Digitaria, & Coix) എന്നീ 10 സസ്യ ജനുസ്സുകളിൽ പെടുന്നു. ഈ ജനുസ്സുകളിൽ പെട്ട സസ്യങ്ങൾ എല്ലാം തന്നെ ലോകത്തിലെ ഉഷ്ണമേഖലാ പ്രദേശങ്ങളിലും മിതശീതോഷ്ണമേഖലാ പ്രദേശങ്ങളിലും വ്യാപകമായി കാണുന്നുണ്ട്.

പുൽവർഗ്ഗമല്ലങ്കിലും ധാന്യം പോലെ ഉപയോഗിക്കാവുന്ന ചില വിളകളും മില്ലറ്റുകളോടൊപ്പം  പറയാറുണ്ട്. പുല്ലുകൾ ഏകബീജ പത്രികളാണ്(monocots). പക്ഷേ, ഈ പുതിയ ധാന്യങ്ങളൊക്കെയും ദ്വീബീജപത്രികളാണ്(dicots). പുൽവർഗ്ഗമല്ലാത്തത് കൊണ്ട് ഇത്തരം വിളകളെ ‘കപടധാന്യം’ (pseudocereal) എന്നാണ് വിളിക്കുന്നത്. നിലവിൽ മൂന്നു സസ്യ കുടുംബങ്ങളിൽ (Amaranthaceae, Lamiaceae, Polygonaceae) ഉൾപ്പെടുന്ന നാലു കപടധാന്യങ്ങളാണ് മില്ലറ്റിന്റെ കൂട്ടത്തിൽ ഉൾപ്പെടുത്തുന്നത്. കുട്ടു ഗോതമ്പ് (buck wheat), ചീരധാന്യം  (grain amaranth),  ചിയ (chia), കീൻവാ (quinoa)  എന്നിവയാണ്  അറിയപ്പെടുന്ന കപടധാന്യങ്ങൾ.

മുമ്പ് സൂചിപ്പിച്ചത് പോലെ പ്രധാന ധാന്യവിളകളുമായി താരതമ്യം ചെയ്യുമ്പോൾ നന്നേ ചെറിയ ധാന്യമണികളോടു കൂടിയതും പുല്ലുകളുടെ വര്‍ഗ്ഗത്തിൽ ഉൾപ്പെട്ടതുമായ വിളകളെയണല്ലോ ചെറുധാന്യങ്ങൾ അഥവാ “മില്ലറ്റുകൾ”എന്നു വിളിക്കുന്നത്. നെല്ല്, ഗോതമ്പ് എന്നിവയൊഴിച്ചുള്ള ധാന്യങ്ങളെയൊക്കെ, ചെറുധാന്യങ്ങൾ ഉൾപ്പെടെ, പരുക്കൻ ധാന്യങ്ങൾ (coarse cereals) എന്നാണ് ഇന്ത്യയിലെ സ്ഥിതിവിവര കണക്കിലൊക്കെ ഉൾപ്പെടുത്തുന്നത്. നെല്ല്, ഗോതമ്പ് എന്നിവയെ  ശ്രേഷ്ഠ ധാന്യങ്ങൾ (fine cereals)എന്നു പറയുന്നതും സാധാരണം.  ഇങ്ങനെ വിശേഷിപ്പിക്കുന്നത് ഇവയെക്കാൾ താഴെയാണ് മില്ലറ്റുകൾ  എന്നൊരു ധാരണ പരക്കാൻ ഇടയാക്കിയിട്ടുണ്ട്. അത് മാറ്റുക എന്ന ഉദ്ദേശത്തോടെ 2018 ൽ കേന്ദ്ര സർക്കാർ 10 മില്ലറ്റുകളെ പോഷക ധാന്യങ്ങളായി (nutricereals) പ്രഖ്യാപിച്ചു. ബജ്റ, മണിച്ചോളം, റാഗി, ചാമ, പനിവരക്, തിന, വരക്, കുതിരവാലി എന്നിങ്ങനെ എട്ട് ചെറുധാന്യങ്ങളോടൊപ്പം രണ്ട് കപട ധാന്യങ്ങളും (pseudocereals) ഇക്കൂട്ടത്തിൽ  ഉൾപ്പെടുത്തിയിട്ടുണ്ട് (ബക് വീറ്റ്, ചീരധാന്യം).

ചെറുധാന്യങ്ങളുടെ വൈവിദ്ധ്യം പട്ടിക 1ൽ കൊടുത്തിരിക്കുന്നത് കാണുക.  ചെറുധാന്യങ്ങളിൽ ബജ്റ, മണിച്ചോളം, റാഗി എന്നിയവയാണ് ഇന്ത്യയിൽ ഏറ്റവുമധികം സ്ഥലത്ത് കൃഷി ചെയ്യുന്നത്. ഇക്കൂട്ടത്തിൽ ബജ്റയും മണിച്ചോളവും ഇന്ത്യയിലെ ധാന്യവിളകളുടെ ആകെ വിസ്തൃതിയിൽ യഥാക്രമം നാലും അഞ്ചും സ്ഥാനങ്ങൾ വഹിക്കുന്നവയാണ് (ആദ്യ സ്ഥാനങ്ങൾ നെല്ല്, ഗോതമ്പ്, മക്കച്ചോളം എന്നിവക്കാണ്).

പട്ടിക 1. ചെറുധാന്യങ്ങളുടെ വൈവിധ്യം 

ക്രമ നംപേര് മലയാളത്തിൽപേര്

ഇംഗ്ലീഷിൽ

ശാസ്ത്രീയ നാമംമൂപ്പ് (ദിവസം)വിളവ്

(ടൺ /ഹെ)

1മണിച്ചോളം, ജോവര്‍Sorghum,

Great millet

Sorghum bicolor 90-1202.5-4.5
2കമ്പം, ബജ്റPearl millet,

Bulrush millet,

Candle millet

Cenchrus americanus,

Pennisetum americanum, P. glaucum  

80-1002.5-3.5
3റാഗി, കൂവരക്,

പഞ്ഞപ്പുല്ല്,

മുത്താറി

Finger millet,

Indian millet

Eleusine coracana 90-1202.5-4.5
4തിനFoxtail millet,

Italian millet

Setaria italica 80-1202.0-3.0
5പനിവരക്Proso milletPanicum mliaceum 60-901.2-1.5
6കുതിര വാലിBarn yard milletEchinochloa frumentacea 60-901.5-2.5
7വരക്Kodo milletPaspalum scrobiculatum 120-1501.5-1.8
8ചാമLittle milletPanicum sumatrense (P.miliare) 60-751.0-1.5
9ടെഫ്TeffEragrostis tef60-1202.0
10വെള്ള ഫോണിയോWhite fonio (hungry  rice)Digitaria exilis 60-751.0
11കറുത്ത ഫോണിയോBlack fonioDigitaria iburua60-751.0
12കുലച്ചാമ/

കൊറലെ

Browntop milletBrachiaria ramosa  (Urochloa ramosa) 75-800.5-0.8
13സികിയCrab finger, Polish milletDigitaria sanguinalis  
14ജോബിJob’s tears, Adlay millet, Chinese pearl barleyCoix lacryma-jobi120-1502-4

കൃഷി കുറഞ്ഞെങ്കിലും കേരളത്തിൽ ഇപ്പോഴും ആവശ്യക്കാരുള്ള ഒരു ചെറുധാന്യമാണ് റാഗി. മുത്താറി, പഞ്ഞ പുല്ല്, കൂവരക്എന്നീ പേരുകളിലും റാഗി അറിയപ്പെടുന്നു. റാഗി ധാന്യങ്ങളിലുള്ള അന്നജം പെട്ടെന്ന് ദഹിക്കുന്നവയായതിനാൽ രോഗികള്‍ക്കും കുട്ടികള്‍ക്കും അത്യുത്തമമാണ്. ഇന്‍സ്റ്റന്‍റ് ബേബി ഫുഡുകളോ മറ്റ് പാക്കറ്റ് ശിശു ആഹാരങ്ങളോ ലഭ്യമല്ലാതിരുന്ന കാലത്ത് പെട്ടെന്ന് ദഹിക്കുന്നതും അവശ്യപോഷകങ്ങൾ നല്‍കുന്നതുമായ ഒന്ന് എന്ന നിലയിലാണ് ഇത് പ്രചാരത്തിലായത്.  ചോളം എന്ന പേരിൽ രണ്ട് വിളകളുണ്ട്. വലുപ്പക്കൂടുതലുള്ള ധാന്യങ്ങൾ നല്കുന്ന മക്കച്ചോളം അഥവാ പൊതിച്ചോളം (maize/corn) വലിയ ധാന്യമാണ്(cereal). ചെറിയ ധാന്യങ്ങൾ നല്കുന്ന മണിച്ചോളം അഥവാ ജോവർ മില്ലറ്റ് ഗണത്തിൽ  പെടുന്നു.

പനി വരക് നിരന്നതിന് ശേഷം

ഉമിയുള്ള ചെറു മില്ലറ്റുകളിൽ (minor millets) ഉൾപ്പെടുന്നതാണ് തിന (foxtail millet), ചാമ (little  millet), വരക്( kodo millet),  കുതിരവാലി (barnyard millet), പനി വരക് (proso millet), കുലച്ചാമ/കൊറലെ (browntop millet), ജോബി (Job’s tears) എന്നിവ. ഇവ ഇന്ത്യയുടെ ചില ഭാഗങ്ങളിൽ പ്രാദേശികമായി കൃഷി ചെയ്തു വരുന്നുണ്ട് ഇന്ത്യയിൽ കമ്പം 76.52 ലക്ഷം ഹെക്ടറിലും, മണിച്ചോളം 43.78 ലക്ഷം ഹെക്ടറിലും, റാഗി 11.59  ലക്ഷം ഹെക്ടറിലും കൃഷി ചെയ്യുമ്പോൾ ചെറു മില്ലറ്റുകൾ എല്ലാം കൂടി 4.44 ലക്ഷം ഹെക്ടറിലെ കൃഷിയുള്ളൂ

പട്ടിക 1 ൽ പറഞ്ഞിരിക്കുന്ന കുലച്ചാമ (browntop millet), സികിയ (crabfinger millet), ജോബി (Job’s tears) എന്നിവ ഇന്ത്യയിൽ വ്യാപകമായി കൃഷി ചെയ്യപ്പെടുന്നവയല്ല. കുലച്ചാമ അഥവാ കൊറലെ കർണാടകയിൽ ചെറിയ തോതിൽ കൃഷിയുണ്ട്. മദ്ധ്യ പ്രദേശിലെ  ആദിവാസികളുടെ ഇടയിൽ സാധാരണമായ ഒരു മില്ലറ്റാണ് സികിയ. കുലച്ചാമയും സികിയയും കേരളത്തിൽ വന്യമായി പാടവരമ്പുകളിലും പറമ്പുകളിലും കാണപ്പെടുന്നുണ്ട്. വടക്ക്-കിഴക്കൻ സംസ്ഥാനങ്ങളിൽ ജോബി കൃഷിചെയ്യുന്നുണ്ട്. ജോബിച്ചെടി രണ്ടു തരമുണ്ട്, ഒന്ന് വന്യഇനമാണ്, കോയിക്സ് ലാക്രിമാ-ജോബി  ഇനം ലാക്രിമാ-ജോബി (Coix lacrymajobi var lacrymajobi). വന്യ ഇനങ്ങളുടെ വിത്തിന്റെ പുറന്തോടിന് നല്ല കട്ടിയുള്ളത് കൊണ്ട് ആഹാരമാക്കാൻ കൊള്ളില്ല. മുത്ത് മണികൾ പോലുള്ള കായ്കൾ ഉപയോഗിച്ച് കൊന്ത, മാല  എന്നിവ കോർക്കാൻ ഉപയോഗിക്കും.  കേരളത്തിൽ ഇത് പലയിടത്തും വളരുന്നുണ്ട്. പൂച്ചയുടെ കണ്ണുപോലെ തിളങ്ങുന്നത് കൊണ്ടാവും  മലയാളത്തിൽ “പൂച്ചക്കുരു” എന്നു വിളിക്കുന്നത്! കൃഷി ചെയ്യുന്ന ജോബി, ‘കോയിക്സ് ലാക്രിമാ- ജോബി  ഇനം മായുൻ’ (Coix lacryma-jobi  var. mayun) ആണ്. ഇതാണ് യഥാർത്ഥ ജോബിയരി. ഇവയാണ് ധാന്യവിളയായി കൃഷി ചെയ്യുന്നത്. ജോബിയുടെ ഉപയോഗം ഏതാണ്ട് നെല്ലരി പോലെ തന്നെയാണ്. കഞ്ഞിയായും പൊടിച്ച് മാവാക്കിയും ഉപയോഗപ്പെടുത്താം.

പട്ടിക 2 – കപട ധാന്യങ്ങൾ (Pseudocereals)

1കൂട്ടു ഗോതമ്പ്,Buck wheatFagopyrum esculentum80-901.0-1.5
2ചീരധാന്യംGrain amaranthAmaranthus caudatus,
  • hypochondriacus,
  • cruentus 
100-1151.6-2.2
3ചിയChiyaSalvinia hispanica1200.6 to 0.8
4കീൻവാQuinoaChenopodium quinoa90-1201.0 to 2.0

പട്ടിക 1 ൽ പറഞ്ഞിരിക്കുന്ന ടെഫ് (teff), ഫോണിയോ (fonio), എന്നീ ആഫ്രിക്കൻ മില്ലറ്റുകൾ ഇന്ത്യയിൽ സാധാരണ കാണുന്നവയല്ല, പക്ഷേ, ഇറക്കുമതി ചെയ്തവ വാങ്ങാൻ കിട്ടും.  ഇവ ചില ആഫ്രിക്കൻ രാജ്യങ്ങളിൽ ധാരാളമായി കൃഷിയും ഉപയോഗവുമുണ്ട്. എത്യോപ്പിയ, എറിട്രിയ എന്നിവിടങ്ങളിൽ വളരെ പ്രശസ്തമാണ് ടെഫ്. ടെഫ് മാത്രമല്ല ആഫ്രിക്കയിലെ ഗോത്രവർഗക്കാരുടെ ഇടയിൽ സാധാരണമായിരുന്ന വൈറ്റ് ഫോണിയോയും ബ്ലാക്ക് ഫോണിയോയുമൊക്കെ ആഫ്രിക്കക്ക് പുറത്ത് കൃഷിയോ, ഉപയോഗമോ അപൂർവമായിരുന്നു. പക്ഷേ, ഇവയുടെ പോഷകമേന്മകളും ഗ്ലൂട്ടൻരഹിത സ്വഭാവവും കുറഞ്ഞ ഗ്ലൈസെമിക് ഇൻഡക്സും പാശ്ചാത്യരുടെ ഇടയിൽ ഈ ആഫ്രിക്കൻ ധാന്യങ്ങൾക്ക് വൻപ്രീതി നേടിക്കൊടുത്തിരിക്കയാണ്. അതോടെ ഇറക്കുമതിയും വർദ്ധിച്ചു.

അടുത്ത കാലത്ത് ആഗോള പ്രാധാന്യം നേടിയ കപട ധാന്യങ്ങളാണ് കുട്ടു ഗോതമ്പ് (buck wheat), ചീരധാന്യം (grain amaranth), ചിയ (chia), കീൻവാ (quinoa) എന്നിവ (പുതിയ വിളകളായത് കൊണ്ട് മലയാളത്തിൽ ചിയക്കും  കീൻവാക്കും  പ്രത്യേക പേരുകൾ ഉണ്ടായിട്ടില്ല; ഉച്ചാരണം ശ്രദ്ധിക്കുക, ക്വിനോവയല്ല, ‘കീൻവാ’ ആണ്). ഇവയിൽ കുട്ടു ഗോതമ്പും ചീരധാന്യവും   ഭാരതത്തിൽ കൃഷി ചെയ്യാൻ തുടങ്ങിയിട്ട് കാലങ്ങളായി. തെക്കേ അമേരിക്കൻ സ്വദേശികളായ ചിയയും, കീൻവായും അടുത്ത കാലത്ത് മാത്രം വന്നവരാണ്. സീലിയാക് രോഗവും ഗ്ലൂട്ടൻ പേടിയും കൊണ്ട് പാശ്ചാത്യരുടെ ഇടയിൽ വലിയ പ്രാധാന്യമാണ് ഈ കപട ധാന്യങ്ങൾക്ക് ലഭിച്ചിരിക്കുന്നത്. ഇന്ത്യയിലും ചിയ, കീൻവാ എന്നിവയ്ക്ക് ഉപഭോക്താക്കളുണ്ട്! കർണാടക, രാജസ്ഥാൻ പോലുള്ള സംസ്ഥാനങ്ങൾ ചിയയും കീൻവായുമൊക്കെ കൃഷി ചെയ്യാൻ താത്പര്യമെടുക്കുന്നുണ്ട്. അരി പോലെ തന്നെ ഉപയോഗിക്കാൻ പറ്റുന്ന കീൻവാ സിനിമാ നടന്മാരൊക്കെയാണ് ഇപ്പോൾ കഴിക്കുന്നത്, വില ഒരു കിലോഗ്രാമിന് 400 രൂപയ്ക്ക് മുകളിലാണ്! മറ്റു ചെറുധാന്യങ്ങൾ പോലെ ഒരു മുഴുവൻ ആഹാരമെന്ന രീതിയിൽ കഴിക്കാൻ പറ്റുന്ന ഒന്നല്ല ചിയ വിത്തുകൾ. ഒരു പോഷക സപ്ലിമെന്റ് എന്നു പറയാം. ഒരാൾക്ക് ഒരു ദിവസം കഴിക്കാവുന്നത് 20-30 ഗ്രാം മാത്രം.

ഇന്ത്യയിൽ ‘ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ’ (FSSAI) പട്ടിക 1 ൽ പറഞ്ഞിരിക്കുന്ന 18 വിവിധ മില്ലറ്റുകൾക്കും ബാധകമായ ഗുണമേന്മയുടെ മാനദണ്ഡങ്ങൾ നിഷ്കർഷിച്ചു കൊണ്ട് ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്. ആഭ്യന്തര, ആഗോള വിപണികളിൽ നല്ല നിലവാരമുള്ള മില്ലറ്റുകളുടെ ലഭ്യത ഉറപ്പാക്കാൻ ഇവ സഹായിക്കും

വിളവെടുക്കാൻ പാകമായ കുതിരവാലി

ഉമി ഉള്ളതും ഇല്ലാത്തതുമായ ധാന്യങ്ങൾ 

നെല്ലിന്റെ പുറമെയുള്ള ഉമി (husk) പോലെ ചില ചെറുധാന്യങ്ങൾക്ക്  ദഹിക്കാൻ പ്രയാസമുള്ള കട്ടിയുള്ള ഒരു ആവരണം ഉണ്ടായിരിക്കും. നെല്ല് കുത്തുമ്പോൾ ആദ്യം ഇത് നീക്കം ചെയ്യുന്നു. ഇതോടൊപ്പം കുറച്ചു തവിടും നീക്കം ചെയ്യപ്പെടും. ഇതിനാണ് പോളീഷിംഗ് എന്നു പറയുന്നത്. തിന, ചാമ,  വരക്, പനിവരക്, കുതിരവാലി, കുലച്ചാമ മുതലായ ചെറുമില്ലറ്റുകൾക്കും ഉമി ഉണ്ട്. കഠിനവും ദഹിക്കാത്തതുമായ ഉമിയുടെ പാളി മാറ്റിയത്തിന് ശേഷം മാത്രമേ ഇത്തരം ധാന്യങ്ങൾ ഭക്ഷണമാക്കാൻ കഴിയൂ. ഉമി ഉള്ള ധാന്യങ്ങൾക്ക് സംസ്കരണത്തിന്റെ ആവശ്യകത കൂടുതലായിരിക്കും, പ്രത്യേകിച്ച്, പ്രാഥമിക സംസ്കരണം.

റാഗി, കതിർ നിരന്നതിന് ശേഷം

ഗോതമ്പും മക്കച്ചോളവും ഉമിയില്ലാത്ത നഗ്നധാന്യങ്ങളുടെ ഗ്രൂപ്പിൽ പെടുന്നു. ഇവക്ക് തവിടിന് പുറത്ത് ആവരണമുണ്ടായിരിക്കില്ല. റാഗി, കമ്പം, മണിച്ചോളം എന്നിവക്കും  ഉമിയില്ല. ഇപ്പറഞ്ഞ നഗ്നധാന്യങ്ങൾക്ക് കഠിനവും ദഹിക്കാത്തതുമായ ഉമിയുടെ പാളി ഇല്ലാത്തതിനാൽ മനുഷ്യ ഉപയോഗത്തിനായി സംസ്ക്കരിക്കുന്നത് താരതമ്യേന എളുപ്പമാണ്. വിളവെടുപ്പിനുശേഷം ഈ മില്ലറ്റുകൾ വൃത്തിയാക്കിയെടുത്താൽ മതി, അവ ഉപയോഗിക്കാൻ കഴിയും. അതായത്, ഉമിനീക്കൽ എന്ന പ്രാഥമിക സംസ്കരണം ഇല്ലാതെ തന്നെ നേരെ പൊടിച്ചെടുക്കാം.  ഇക്കാരണം കൊണ്ട് കൂടിയാണ് ഈ മൂന്നു ധാന്യങ്ങൾ കൂടുതൽ സ്ഥലത്ത് കൃഷി  ചെയ്യുന്നതും പ്രധാന മില്ലറ്റുകൾ (major millets) ആയി മാറിയതും.

ചാമ, കതിര് നിരന്നതിന് ശേഷം

ഉമിയുള്ള ചെറുധാന്യങ്ങളുടെ ഉമി നീക്കം ചെയ്യുന്നത് ചെറുധാന്യ സംസ്ക്കരണത്തിന്റെ പ്രാഥമിക ദൗത്യമാണ്. ഈ പ്രാഥമിക സംസ്കരണത്തിന് ശേഷം, ഇവ വിവിധ പാചകരീതികളിൽ അരിയൊ ഗോതമ്പോ  ഉപയോഗിക്കുന്ന അതേ രൂപത്തിലും രീതിയിലും ഉപയോഗിക്കാം. കഴിഞ്ഞ നൂറ്റാണ്ടുകളിൽ ഇവ നെല്ല് കുത്തുന്നത് പോലെ തന്നെ കൈകൊണ്ട് കുത്തുകയായിരുന്നു പതിവ്. യന്ത്രങ്ങൾ മാറ്റങ്ങൾ കൊണ്ടുവന്നുവെങ്കിലും നെല്ലിന്റെ യന്ത്രസംസ്കരണത്തിലെ വേഗത കൈവരിക്കാത്തതിനാൽ ചെറു മില്ലറ്റുകൾ മിക്കവയും ജനപ്രിയമല്ലാതായി. കർഷകർ ചെറു മില്ലറ്റുകൾ കൃഷിചെയ്യാൻ മടിക്കുന്നതിന്റെ പ്രധാന കാരണം ഈ ഉമി നീക്കം ചെയ്യൽ ശ്രമകരമാണ് എന്നതാണ്. ഇതിന്റെ ഫലമാണ് തിന, ചാമ, വരക്, കുതിരവാലി എന്നിവ കുറച്ചു മാത്രം സ്ഥലങ്ങളിൽ കൃഷി ചെയ്യപ്പെടുന്നതും ഇപ്പോഴും ചെറു മില്ലറ്റുകൾ (minor millets) ആയി തുടരുന്നതും .

വരക് ചെടികൾ

പോഷക ഗുണങ്ങൾ 

പ്രധാന ധാന്യങ്ങളെപ്പോലെത്തന്നെ ചെറുധാന്യങ്ങളും അന്നജ പ്രധാനമാണ്. 100ഗ്രാം ചെറുധാന്യത്തില്‍ നിന്നും ശരാശരി 327 കലോറി ഊര്‍ജ്ജം ലഭ്യമാകുമെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. ഇവയില്‍ പൊതുവെ 60–68 ശതമാനം അന്നജം, 6–12 ശതമാനം പ്രോട്ടീൻ, 1.7–5.4 ശതമാനം കൊഴുപ്പ്, 6–12 ശതമാനം ഡയറ്ററി ഫൈബർ, 1.3–2.7  ശതമാനം ലവണങ്ങൾ എന്നിവയും നല്ലതോതിൽ വിറ്റാമിനുകൾ, ഫൈറ്റോകെമിക്കൽസ് മുതലായവയും അടങ്ങിയിരിക്കുന്നു. നെല്ലുമായി താരതമ്യം ചെയ്യുമ്പോൾ പ്രോട്ടീൻ, ധാതുലവണങ്ങൾ, നാരുകൾ എന്നിവയുടെ അളവ് ചെറുധാന്യങ്ങളിൽ വളരെ കൂടുതലാണെന്ന്  കാണാം. മാത്രമല്ല, അവശ്യഅമിനോ അമ്ലങ്ങളുടെ കാര്യത്തിലും ഇവ സമ്പന്നമാണ്.

മില്ലറ്റുകൾ ഗ്ലൂട്ടൻരഹിതവും അലർജിയുണ്ടാക്കാത്തതുമാണ്. മില്ലറ്റ് കഴിക്കുന്നത് ട്രൈഗ്ലിസറൈഡുകളും സി-റിയാക്ടീവ് പ്രോട്ടീനും കുറയ്ക്കുകയും അതുവഴി ഹൃദയ സംബന്ധമായ അസുഖങ്ങൾ തടയാൻ സഹായിക്കുകയും ചെയ്യുന്നു (നമ്മുടെ കരൾ നിർമ്മിക്കുന്ന ഒരു പ്രോട്ടീനാണ് സി-റിയാക്ടീവ് പ്രോട്ടീൻ, CRP). എല്ലാ ചെറുധാന്യങ്ങളിലും  ഭക്ഷ്യ നാരുകൾ അടങ്ങിയിട്ടുണ്ട്. ഡയറ്ററി ഫൈബറിന് വെള്ളം ആഗിരണം ചെയ്യാനുള്ള കഴിവുണ്ട്. ഈ കഴിവ് കുടലിൽകൂടി   ഭക്ഷണം കടന്നു പോകുന്ന സമയം വർദ്ധിപ്പിക്കുന്നു. ഈ പ്രക്രിയ ദഹനവുമായി ബന്ധപ്പെട്ട രോഗങ്ങളുടെ അപകടസാധ്യത കുറയ്ക്കുന്നതിനും ശരീരത്തിലെ വിഷാംശം ഇല്ലാതാക്കുന്ന ഏജന്റായി പ്രവർത്തിക്കുന്നതിനും സഹായിക്കുന്നു. മാത്രമല്ല, മില്ലറ്റുകൾ ആഹാരസാധനൾ കുടൽവ്യൂഹത്തിൽ ജലമയമായി ഇരിക്കുന്നതിന് സഹായിക്കുകയും മലബന്ധം ഒഴിവാക്കുകയും ചെയ്യുന്നു.  മില്ലറ്റുകളിൽ അടങ്ങിയിരിക്കുന്ന നിയാസിൻ (niyacin/vitamin B3) കൊളസ്റ്റെറോൾ കുറയ്ക്കാൻ  സഹായിക്കുന്നു. ആഹാരത്തിന്റെ ഭാഗമായി മില്ലറ്റുകൾ ഉൾപ്പെടുത്തുന്ന പ്രവണത പാശ്ചാത്യ ലോകത്തും വർദ്ധിച്ചു വരുന്നുണ്ട്.

പോഷകപരവും സാമ്പത്തികവുമായ നേട്ടങ്ങൾ പരിഗണിച്ച് ധാന്യങ്ങളെ അടിസ്ഥാനമാക്കിയുള്ള ഉൽപ്പന്നങ്ങളിൽ മില്ലറ്റ് ചേർക്കുന്ന രീതി പ്രചാരത്തിലുണ്ട്. പരമ്പരാഗത ഭക്ഷണങ്ങൾ, ബേക്കറി ഉൽപന്നങ്ങൾ, അനുബന്ധ മിശ്രിതങ്ങൾ എന്നീ വിഭാഗങ്ങളിൽപ്പെട്ട മൂല്യവർധിത ഭക്ഷ്യ വിഭവങ്ങൾ മില്ലറ്റുകൾ ചേർത്ത് ശരിയായ തയ്യാറെടുപ്പിലൂടെ, ഗ്രാമീണ-നഗരവാസികൾക്ക് കുറഞ്ഞ ചെലവിൽ സൗകര്യപ്രദമായി തയ്യാറാക്കാൻ കഴിയും. വിവിധ ലഘുഭക്ഷണങ്ങളിൽ അരിപ്പൊടിക്ക് പകരമായി മില്ലറ്റ് മാവ് ഉപയോഗിക്കാൻ കഴിയും. പല കമ്പനികളും അടുത്ത കാലത്തായി പോഷക ഗുണങ്ങൾ വർദ്ധിപ്പിക്കുന്നതിന് മില്ലറ്റ് മാവു കൂടി ചേർത്ത്  ‘മൾടിഗ്രയിൻ ആട്ട’ പോലുള്ള ഉല്പ്പന്നങ്ങൾ വിപണിയിൽ ഇറക്കിയിട്ടുണ്ട്.

ഗോതമ്പ്, ബാർലി, റൈ എന്നിവയുൾപ്പെടെ ചില ധാന്യങ്ങളിൽ സ്വാഭാവികമായി കാണപ്പെടുന്ന ഒരു പ്രോട്ടീനാണ് ഗ്ലൂട്ടൻ. ഇത് ഒരു ബൈൻഡർ പോലെ പ്രവർത്തിക്കുന്നു, ഗ്ലൂട്ടൻ ഉള്ളത് കൊണ്ടാണ് പൊറോട്ട വീശിയടിക്കാൻ കഴിയുന്നതും,  ബ്രഡ്, പിസ്സ, ചപ്പാത്തി എന്നിവ എളുപ്പത്തിൽ ഉണ്ടാക്കാൻ കഴിയുന്നതും. ഗ്ലൂട്ടൻ ഇല്ലെങ്കിൽ, കുഴച്ചമാവ് വീശുമ്പോൾ എളുപ്പത്തിൽ കീറിപ്പോകും. നമ്മുടെ ഭക്ഷണ ക്രമത്തിൽ ധാരാളമായി അടങ്ങിയിരിക്കുന്ന ഗോതമ്പ് അടങ്ങിയ ഭക്ഷണങ്ങളുമായി ഗ്ലൂട്ടൻ ബന്ധപ്പെട്ടിരിക്കുന്നു. പക്ഷേ സീലിയാക് രോഗമുള്ള ആളുകൾക്ക് ഗ്ലൂട്ടൻ രഹിത ഭക്ഷണക്രമം ആവശ്യമാണ്. ഗ്ലൂട്ടനോടുള്ള സ്വയം രോഗപ്രതിരോധ പ്രതികരണം എന്ന നിലയിൽ ശരീരം ചെറുകുടലിനെ പ്രതിരോധിച്ച് വയറുവേദന, ഓക്കാനം, വയറിളക്കം എന്നിവയുണ്ടാകും. സീലിയാക് രോഗമുള്ള ആളുകൾക്ക് ഒരു തരത്തിലും ഗ്ലൂട്ടൻ സഹിക്കാൻ കഴിയില്ല, മാത്രമല്ല അവരുടെ ജീവിതകാലം മുഴുവൻ ഗ്ലൂട്ടൻ-രഹിത ഭക്ഷണക്രമം പിന്തുടരേണ്ടതുണ്ട്. ‘ഗ്ലൂട്ടൻ’ എന്ന വസ്തു തീരെയില്ലാത്ത ചെറുധാന്യങ്ങൾ, ഗ്ലൂട്ടൻ അലർജി അഥവാ ‘സീലിയാക്’ എന്ന രോഗത്താൽ ബുദ്ധിമുട്ടുന്നവർക്ക് അനുഗ്രഹമാകുന്നത് അങ്ങിനെയാണ്.

അത്പോലെ തന്നെ, ചെറുധാന്യങ്ങളുടെ ‘ ഗ്ലൈസെമിക് ഇൻഡക്സ്’ (glycemic index, GI) കുറവായതിനാൽ ചയാപചയം നടക്കുമ്പോൾ ഗ്ലൂക്കോസ് രക്തത്തിൽ കലരുന്ന പ്രക്രിയ സാവധാനത്തിലേ നടക്കുകയുള്ളൂ. അതിനാൽ ടൈപ്–2 പ്രമേഹ രോഗികൾക്ക് ഇതു മികച്ച ഭക്ഷണമാണ്. ഗ്ലൈസെമിക് ഇൻഡക്സ് എന്നത് ഒരു ഭക്ഷണത്തിന് ഒരാളുടെ രക്തത്തിലെ പഞ്ചസാര (ഗ്ലൂക്കോസ്) എത്ര വേഗത്തിൽ വർദ്ധിപ്പിക്കാൻ കഴിയും എന്നതിന്റെ അളവുകോലാണ്.

ചെറുധാന്യങ്ങളിൽ നിരോക്സീകാരകങ്ങൾ (antioxidants) ധാരാളം ഉള്ളതിനാൽ  പ്രതിരോധശേഷി വര്‍ദ്ധിക്കുകയും കാന്‍സർ പോലുള്ള രോഗങ്ങളെ ഒരു പരിധി വരെ തടയുകയും ചെയ്യുന്നു. നിരോക്സീകാരികൾ ശരീരത്തിലെ ഹാനികരമായ ഓക്സീകരണത്തെ ചെറുക്കുകയും കോശങ്ങൾക്കുണ്ടാകുന്ന കേടുപാടുകൾ തടയുകയും ചെയ്യുന്നു. അത്പോലെ തന്നെ, ചെറുധാന്യങ്ങളിലെ ഭക്ഷ്യനാരുകൾ വൻകുടലിൽ കാണപ്പെടുന്ന ഗുണകരമായ ബാക്ടീരിയകൾക്ക് ഭക്ഷണമാകുകയും വളർച്ചയെ ത്വരിതപ്പെടുത്തി ദഹനവ്യവസ്ഥയെ മെച്ചപ്പെടുത്തുകയും ചെയ്യുന്നു.

ആരോഗ്യം, പോഷകങ്ങൾ ഇവയുമായി ബന്ധപ്പെട്ട് ചില  പ്രത്യേകതകൾ  കൂടിയുണ്ട്.  മിക്കവാറും ചെറുധാന്യങ്ങളും നാരുകളാൽ സമ്പുഷ്ടമാകയാൽ ദഹനപ്രക്രിയ സുഗമമാക്കുന്നു. കൊളസ്ട്രോള്‍  കുറയാനും അതുവഴി ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കുന്നു. മില്ലറ്റുകളിൽ ധാരാളമായി അടങ്ങിയിരിക്കുന്ന ധാതുലവണങ്ങള്‍  എല്ലിനും പല്ലുകൾക്കും  ബലം നല്‍കുന്നു. ഇരുമ്പിന്‍റെ അംശം ഉള്ളതിനാൽ  വിളര്‍ച്ച തടയുന്നതിനും ഉതകും.

കമ്പം , കതിരുകൾ നിരന്നതിന് ശേഷം

പോഷകങ്ങളുടെയും ധാതുലവണങ്ങളുടെയും മികച്ച സ്രോതസ്സാണങ്കിലും മില്ലറ്റുകളിൽ ചില പോഷകവിരുദ്ധ ഘടകങ്ങളും അടങ്ങിയിട്ടുണ്ട്. ഇവ പോഷകങ്ങളുടെയും ധാതുക്കളുടെയും  ആഗിരണവും ദഹനക്ഷമതയും  കുറയ്ക്കുന്നതിലൂടെ പോഷക മൂല്യങ്ങളെ പ്രതികൂലമായി ബാധിക്കുന്നു. അത്പോലെ തന്നെ, തൈറോയ്ഡ് സംബന്ധമായ കുഴപ്പങ്ങളുടെ ചരിത്രമുള്ളവർ കമ്പം അഥവാ ബജറാ അടിസ്ഥാനമാക്കിയുള്ള ഭക്ഷണക്രമം സ്വീകരിക്കരുതെന്ന് ശുപാർശ ചെയ്യാറുണ്ട്. മിക്ക ധാന്യങ്ങളിലും കൂടിയും കുറഞ്ഞുമായി ഇവ ഉണ്ടെങ്കിലും കൂടുതൽ പ്രശ്നമായി കാണുന്നത് ചെറുമില്ലറ്റുകളിൽ (minor millats), പ്രത്യേകിച്ച്, വരക്, ചാമ എന്നിവയിലാണ്. സാധാരണ ഗാർഹിക ഭക്ഷ്യസംസ്കരണ വിദ്യകളായ ഉമി കളയൽ, പോളീഷിംഗ്, കുതിർത്ത് വെക്കൽ, മുളപ്പിക്കൽ,  പൊരിക്കൽ, കഴുകിയൂറ്റൽ,  പാചകം എന്നിവ ഉപയോഗിച്ച് ഈ പോഷകവിരുദ്ധ ഘടകങ്ങളുടെ പ്രതികൂല സ്വാധീനം പൂർണമായും ഇല്ലാതാക്കുകയോ കുറയ്ക്കുകയോ ചെയ്യാവുന്നതാണ്. റാഗിക്ക് സാധാരണ കഴുകൽ, പാചക രീതികളൊക്കെ മതിയാകും.  ചാമ, വരക് തുടങ്ങിയ ചെറുമില്ലറ്റുകളിൽ നിന്നുള്ള പോഷക വിരുദ്ധ ഘടകങ്ങൾ കുറയ്ക്കുന്നതിനുള്ള എളുപ്പത്തിലുള്ള  ഒന്നാണ് വെള്ളത്തിൽ കുതിർക്കൽ. ഇവയുടെ ദഹനം എളുപ്പമാക്കാൻ കുറഞ്ഞത് ഒരു രാത്രി, അതായത് 6-8 മണിക്കൂറെങ്കിലും കുതിർത്ത് വെക്കുക. ചെറുമില്ലറ്റുകൾ രാത്രി മുഴുവൻ കുതിർക്കുന്നത് സുരക്ഷിതമായ ഒരു രീതിയാണ്.

വിളവെടുപ്പിന് പാകമായ മണിച്ചോളം

കേരളത്തിലെ സാധ്യതകൾ 

കേരളത്തിൽ ജനങ്ങൾക്ക് ഏറ്റവും പരിചിതമായ ചെറുധാന്യങ്ങൾ റാഗി, മണിച്ചോളം, ചാമ, തിന, വരക് എന്നിവയായിരുന്നു. ഇവയിൽ സാധാരണ ജനങ്ങളുടെ ഇടയിൽ ഏറ്റവുമധികം പ്രശസ്തിയുള്ളത് രണ്ട് ചെറുധാന്യങ്ങള്‍ക്കാണ്, റാഗിയും മണിച്ചോളവും. പട്ടിക 1 ൽ സൂചിപ്പിച്ച എല്ലാ ചെറു ധാന്യങ്ങളും കേരളത്തിലേക്ക് യോജിച്ചവയല്ല. ചിയ, കീൻവാ എന്നിവ പലരും പരീക്ഷിക്കുന്നുണ്ട്. ഒക്ടോബർ പകുതിക്ക് ശേഷം തണുപ്പുകാലം നോക്കി കൃഷി ചെയ്താൽ  വിജയിക്കാൻ സാധ്യതയുണ്ട്. രാജസ്ഥാൻ, ഗുജറാത്ത്, കർണാടക സംസ്ഥാനങ്ങളിൽ മഴ കുറവുള്ള പ്രദേശങ്ങളിൽ ഇവ വിജയകരമായി കാണുന്നു.

വടക്കേ ഇന്ത്യയിൽ അരങ്ങേറിയ ഹരിത വിപ്ലവവും വികസിച്ചുവന്ന ഭക്ഷ്യ പൊതു വിതരണ   സമ്പ്രദായവുമൊക്കെ  ഭക്ഷ്യവിളകളുടെ കൃഷിയിൽ വൻ മാറ്റമാണ് കേരളത്തിൽ ഉണ്ടാക്കിയത്. നെൽകൃഷി കുറഞ്ഞു എന്നു മാത്രമല്ല മറ്റു ഭക്ഷ്യ വിളകളായ മരച്ചീനി, ചെറുധാന്യങ്ങൾ എന്നിവയുടെ കൃഷിയും വൻതോതിൽ കുറഞ്ഞു. റാഗിയും, മണിച്ചോളവും  ഒരളവു വരെ പിടിച്ചു നിൽക്കുന്നുണ്ട്. പക്ഷേ, ഉമി നീക്കം ചെയ്യൽ അവശ്യമായ ചെറുമില്ലറ്റുകൾ പലതും ഇല്ലാതായി എന്നു പറയാം.  മരച്ചീനി തിന്നു ശീലമില്ലാത്ത ആദിവാസി മേഖലകളിലും ചെറു ധാന്യങ്ങൾ അവശേഷിച്ചു.

കേരളത്തിൽ ചെറുധാന്യങ്ങളുടെ കൃഷി നിലവിൽ വളരെ പരിതാപകരമായ അവസ്ഥയിലാണുള്ളത്.  ഉദാഹരണത്തിന്, 2004-05ല്‍ മണിച്ചോളം 2566 ഹെക്ടറിലും, റാഗി 1383 ഹെക്ടറിലും, ചെറുമില്ലറ്റുകൾ എല്ലാം കൂടി 955 ഹെക്ടറിലും കൃഷിചെയ്തു, ആകെ 4904 ഹെക്ടർ. 2021-22ല്‍ മണിച്ചോളത്തിന്‍റെ വിസ്തീര്‍ണ്ണം കേവലം 194 ഹെക്ടറായും, റാഗിയുടേത് 168 ഹെക്ടറായും, ചെറുമില്ലറ്റുകൾ 34 ഹെക്ടറായും കുറഞ്ഞു, ആകെ 396  ഹെക്ടർ മാത്രം!  ഉല്പ്പാദനമാവട്ടെ, മണിച്ചോളം 281 ടൺ, റാഗി 279 ടൺ,   ചെറുമില്ലറ്റുകൾ 41 ടൺ; ആകെ 601 ടൺ. എന്നാൽ, ശരാശരി ഉൽപ്പാദനം അഖിലേന്ത്യാ ശരാശരിയോടു ഏതാണ്ട് കിടപിടിക്കുന്നതാണ്. 2021-22 ൽ മണിച്ചോളത്തിന്റെ   ശരാശരി ഉൽപ്പാദനം ഹെക്ടറിന് 1448 കി. ഗ്രാം; റാഗി 1661  കി. ഗ്രാം; ചെറുമില്ലറ്റുകൾ 1206 കി. ഗ്രാം എന്നിങ്ങനെയായിരുന്നു. മൊത്തം പറഞ്ഞാൽ ഹെക്ടറിന് 1438 കി. ഗ്രാം.

കേരളത്തിൽ ഏറ്റവും കൂടുതൽ മില്ലറ്റ് കൃഷിയുള്ളത് പാലക്കാട് ജില്ലയിലാണ്.  പുറകെ, ഇടുക്കി, വയനാട്  എന്നീ ജില്ലകൾ. പ്രത്യേകിച്ച്  അട്ടപ്പാടി , മറയൂർ, കാന്തല്ലൂർ മേഖലകളിൽ. മഴ കുറഞ്ഞ ഈ പ്രദേശങ്ങളിൽ ചെറുധാന്യങ്ങൾക്ക് പ്രസക്തിയുണ്ട്. മഴ കൂടുതലുള്ള, മറ്റു വിളകൾ കൃഷി ചെയ്യാൻ പറ്റുന്ന മേഖലകളിൽ ചെറുധാന്യങ്ങൾ വ്യാപിപ്പിക്കുവാൻ പ്രയാസമാണ്. കർഷകർക്ക് ലാഭകരമായ മറ്റു  കൃഷികൾ പറ്റും എന്നതാണ് കാരണം. ഉല്പ്പാദന ശേഷി കൂടിയ ഇനങ്ങളുടെ ലഭ്യതയും, നല്ല വിത്തും, കൃഷിരീതികളും,  സംസ്കരണ സൗകര്യങ്ങളുമൊക്കെ ഉണ്ടായി വരണം.  ചെറുമില്ലറ്റുകളുടെ (minor millets) കാര്യമാണ് കൂടുതൽ പ്രശ്നമായിരിക്കുന്നത്. വളരെ ചെറിയ ധാന്യമണികളിൽ നിന്ന് ഉമി വേര്‍പെടുത്തി അരിച്ചെടുക്കുന്ന ശ്രമകരമായ ജോലി ചെറുമില്ലറ്റുകളുടെ സംസ്കരണത്തിലെ ഒരു പ്രശ്നമാണ്. കൃഷി ചെയ്യുന്നതിലെ ബുദ്ധിമുട്ടും, പ്രാഥമിക സംസ്കരണത്തിന്‍റെ ആവശ്യകതയും, കുറഞ്ഞ ഉല്പാദനക്ഷമതയും കൊണ്ട് കര്‍ഷകർ ചെറുമില്ലററുകൾ കൃഷി ചെയ്യാൻ മടിക്കുന്ന സാഹചര്യം ഉണ്ട്. ഗവേഷണങ്ങള്‍ നടക്കേണ്ട ഒരു മേഖലയാണിത്.

മഴ കുറവുള്ള പ്രദേശങ്ങൾക്ക് ഊന്നൽ കൊടുത്തു കൊണ്ടുള്ള  നടപടികളാണ് വേണ്ടത്. കേരളത്തിൽ മുണ്ടകന് കൃഷിക്കു ശേഷം മൂന്നാം വിളയായി മില്ലറ്റുകൾ വളർത്താൻ  എളുപ്പമായിരിക്കും. നടുന്ന സമയത്ത് ഈർപ്പം മണ്ണിൽ ഉണ്ടാകണം അതോടൊപ്പം ഇവയുടെ പോഷക-ആരോഗ്യ ഗുണങ്ങൾക്ക് പ്രചാരം കിട്ടണം. വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്യുന്ന ചെറുധാന്യങ്ങളെക്കാൾ എന്തുകൊണ്ടും മെച്ചം നമ്മുടെ നാട്ടിൽ വളരുന്ന ഇനങ്ങൾക്കാണ് എന്ന പൊതു ബോധമുണ്ടാകണം. ന്യായമായ വില, വിപണി, മൂല്യ വർദ്ധിത ഉല്പ്പന്നങ്ങൾ ഇവയൊക്കെയും ഉറപ്പ് വരുത്തുകയും വേണം.

കേരള സർക്കാർ ചെറുധാന്യങ്ങളുടെയും പയർ വർഗ്ഗങ്ങളുടെയും ഉൽപ്പാദനം വർദ്ധിപ്പിക്കുന്നതിന് “പോഷക സമൃദ്ധി പദ്ധതി” എന്ന പേരിൽ ഒരു പദ്ധതി 1199 ചിങ്ങം 1 ന്  (2023 ആഗസ്റ്റ് 17)തുടക്കം കുറിച്ചിരിക്കയാണ്. മൂന്നു വർഷം കൊണ്ട് മില്ലറ്റ് ഉൽപ്പാദനം 3000 ടണ്ണും പയർവർഗ്ഗങ്ങൾ 10,000 ടൺ ആക്കാനുമാണ് പദ്ധതി ലക്ഷ്യമിടുന്നത്. അത് പോലെ തന്നെ 6 മില്ലറ്റ് പ്രോസസിങ് യൂണിറ്റുകൾ തുടങ്ങാനും പ്ലാനുണ്ട്. ഇതോടൊപ്പം ഉല്പ്പന്നങ്ങൾക്ക് ന്യായമായ വില കിട്ടുന്ന സാഹചര്യവും സൃഷ്ടിക്കപ്പെടണം. ഇത്തരം പദ്ധതികൾ നടപ്പിലാക്കുന്നത് വഴി കേരളത്തിലെ മില്ലറ്റ്കൃഷിയും ഉല്പ്പാദനവും മെച്ചപ്പെടുമെന്ന് പ്രതീക്ഷിക്കാം.


അനുബന്ധ വായനയ്ക്ക്

Happy
Happy
60 %
Sad
Sad
0 %
Excited
Excited
35 %
Sleepy
Sleepy
2 %
Angry
Angry
0 %
Surprise
Surprise
4 %

Leave a Reply

Previous post നെഹ്റുവിനെ അങ്ങനെ മായ്ച്ചുകളയുവാന്‍ കഴിയുമോ?
Next post അന്തരീക്ഷ മലിനീകരണത്തിൽ പടക്കങ്ങളുടെ സ്വാധീനം
Close