ഡോ. ശ്യാമ
2012 ൽ സൗദി അറേബ്യയിൽ ആദ്യമായി തിരിച്ചറിഞ്ഞ കൊറോണ വൈറസ് (MERS CoV) മൂലമുണ്ടാകുന്ന വൈറൽ ശ്വസന രോഗമാണ് മിഡിൽ ഈസ്റ്റ് റെസ്പിറേറ്ററി സിൻഡ്രോം (മെര്‍സ്).
ജലദോഷം മുതൽ അക്യൂട്ട് റെസ്പിറേറ്ററി സിൻഡ്രോം (SARS) വരെയുള്ള രോഗങ്ങൾക്ക് കാരണമാകുന്ന വൈറസുകളുടെ ഒരു വലിയ കുടുംബമാണ് കൊറോണ വൈറസുകൾ. പനി, ചുമ, ശ്വാസം മുട്ടൽ എന്നിവയാണ് സാധാരണ മെർസിന്റെ ലക്ഷണങ്ങൾ. ന്യുമോണിയ എല്ലായ്പ്പോഴും ഉണ്ടായെന്ന് വരില്ല. വയറിളക്കം ഉൾപ്പെടെയുള്ള ലക്ഷണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. MERS-CoV അണുബാധയുടെ ലബോറട്ടറി സ്ഥിരീകരിച്ച ചില കേസുകൾ അസിംപ്റ്റോമാറ്റിക് ആയി റിപ്പോർട്ട് ചെയ്യപ്പെടുന്നു, ഇതിനർത്ഥം അവയ്ക്ക് ക്ലിനിക്കൽ ലക്ഷണങ്ങളൊന്നുമില്ല എന്നാണ്. ലബോറട്ടറി സ്ഥിരീകരിച്ച കേസിന്റെ കണിശമായ കോൺടാക്റ്റ് കണ്ടെത്തലിനെ തുടർന്നാണ് ഈ അസിംപ്റ്റോമാറ്റിക് കേസുകളിൽ ഭൂരിഭാഗവും കണ്ടെത്തിയത്.
MERS-CoV അണുബാധയുടെ മരണ നിരക്ക് ഏകദേശം 35% ആണ്. നിലവിലെ ശാസ്ത്രീയ തെളിവുകൾ സൂചിപ്പിക്കുന്നത് ചില ഒട്ടകങ്ങൾ MERS-CoV യുടെ പ്രധാന റിസർവോയർ ഹോസ്റ്റാണെന്നും മനുഷ്യര്‍ MERS അണുബാധയുടെ സ്രോതസ്സാണെന്നും ആണ്. എങ്കിലും വൈറസ് പകരുന്നതിൽ ഒട്ടകങ്ങളുടെ കൃത്യമായ പങ്കും വ്യാപനത്തിന്റെ കൃത്യമായ വഴിയും കണ്ടെത്തിയിട്ടില്ല. രോഗികളുമായുള്ള സുരക്ഷ കൂടാതെയുള്ള സമ്പർക്കം വൈറസ് ഒരു വ്യക്തിയിൽ നിന്ന് മറ്റൊരു വ്യക്തിയിലേക്ക് പകരാന്‍ കാരണമാകുന്നു.
MERS-CoV വ്യാപനം
സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്സ്, റിപ്പബ്ലിക് ഓഫ് കൊറിയ മുതലായ രാജ്യങ്ങളിലാണ് രോഗം പ്രധാനമായും ബാധിച്ചത്.
- 2012 സെപ്റ്റംബറില്‍ സൗദി അറേബ്യയിൽ ആണ് ആദ്യമായി രോഗം റിപ്പോർട്ട് ചെയ്തത്.
- 2012 സെപ്റ്റംബർ മുതൽ, ലബോറട്ടറി സ്ഥിരീകരിച്ച 2521 MERS കേസുകളാണ് ലോകാരോഗ്യ സംഘടന അറിയിച്ചിരിക്കുന്നത്.
- 858 MERS-CoV അനുബന്ധ മരണങ്ങൾ ആണ് സ്ഥിരീകരിച്ചിരിക്കുന്നത്.
- ഇതിനകം 27 രാജ്യങ്ങളിൽ MERS-CoV കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
- 2015 ല്‍ റിപ്പബ്ലിക് ഓഫ് കൊറിയയിലാണ് ഏറ്റവും വലിയ വ്യാപനം സ്ഥിരീകരിച്ചിരിക്കുന്നത്.
ലക്ഷണങ്ങള്‍
MERS-CoV- ന്റെ ഇൻകുബേഷൻ കാലാവധി 2 മുതൽ 14 ദിവസം വരെയാണ്. പനി, ചുമ, ശ്വാസംമുട്ടൽ എന്നിവയാണ് MERS-CoV രോഗത്തിന്‍റെ ഒരു സാധാരണ ലക്ഷണം. വയറിളക്കം പോലെയുള്ള ലക്ഷണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ന്യുമോണിയ എല്ലായ്പ്പോഴും ഉണ്ടായിക്കൊള്ളണമെന്നില്ല. കഠിനമായ അസുഖം ശ്വാസകോശ സംബന്ധമായ തകരാറിന് കാരണമാകും, ഇത്തരം ഘട്ടങ്ങളില്‍ തീവ്രപരിചരണ വിഭാഗത്തിൽ മെക്കാനിക്കൽ വെന്റിലേഷനും ആവശ്യമായിവരും. പ്രായമായവരിലും രോഗപ്രതിരോധ ശേഷി കുറവുള്ളവരിലും, വൃക്കസംബന്ധമായ രോഗം, കാൻസർ, വിട്ടുമാറാത്ത ശ്വാസകോശരോഗങ്ങൾ, പ്രമേഹം തുടങ്ങിയ രോഗങ്ങള്‍ ഉള്ളവരിലും ഈ വൈറസ് കൂടുതൽ കഠിനമായ രോഗത്തിന് കാരണമാകുന്നു. രോഗത്തെക്കുറിച്ച് കൂടുതൽ അറിയുന്നതിനു മുമ്പ് മരണപ്പെട്ടവരുടെ എണ്ണം ക്യത്യമായി ലഭ്യമല്ലാത്തതിനാല്‍ MERS വൈറസ്ബാധമൂലം റിപ്പോര്‍ട്ട് ചെയ്ത മരണനിരക്ക് യഥാര്‍ത്ഥ മരണനിരക്കിനേക്കാള്‍ കുറവായിരിക്കും.
വൈറസിന്റെ ഉറവിടം
മെർസ് ഒരു ജന്തുജന്യ രോഗമാണ്, അതിനർത്ഥം ഇത് മൃഗങ്ങളില്‍ നിന്നും മനുഷ്യരിലേക്ക് പകരുന്നുവെന്നാണ്. രോഗം ബാധിച്ച അറേബ്യൻ ഒട്ടകങ്ങളുമായി നേരിട്ടോ അല്ലാതെയോ ബന്ധപ്പെടുന്നതിലൂടെയാണ് മനുഷ്യരെ ബാധിക്കുന്നതെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. മിഡിൽ ഈസ്റ്റ്, ആഫ്രിക്ക, ദക്ഷിണേഷ്യ എന്നിവിടങ്ങളിലെ ഒട്ടകങ്ങളിൽ മെർസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഈ വൈറസിന്‍റെ ഉത്ഭവം പൂർണ്ണമായും മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടില്ല, എന്നാൽ വ്യത്യസ്ത വൈറസ് ജീനോമുകളുടെ വിശകലനം ചെയ്തതിന്റെ ഫലമായി ഇത് വവ്വാലുകളിൽ നിന്ന് ഉത്ഭവിച്ചതാകാമെന്നും വിദൂര ഭൂതകാലത്തിൽ ഒട്ടകങ്ങളിലേക്ക് പകര്‍ന്നതാകാമെന്നും ആണ് ഇപ്പോഴത്തെ കണ്ടെത്തല്‍.
മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്ന വഴി പൂർണ്ണമായി മനസ്സിലായിട്ടില്ല, പക്ഷേ അറേബ്യൻ ഒട്ടകങ്ങളാണ് മെഴ്‌സ്-കോവിന്റെ പ്രധാന റിസർവോയർ ഹോസ്റ്റും മനുഷ്യരിൽ അണുബാധയുടെ ഒരു മൃഗ സ്രോതസ്സും. ഈജിപ്ത്, ഒമാൻ, ഖത്തർ, സൗദി അറേബ്യ എന്നിവയുൾപ്പെടെ നിരവധി രാജ്യങ്ങളിലെ അറേബ്യൻ ഒട്ടകങ്ങളിൽ നിന്ന് മനുഷ്യരിലെ സ്ട്രൈനിന് സമാനമായ MERS-CoV യുടെ സ്ട്രൈന്‍ വേര്‍തിരിച്ചെടുക്കുകയുണ്ടായി.
പ്രതിരോധവും ചികിത്സയും
MERS-CoV വൈറസിനെതിരെ വാക്‌സിനോ നിർദ്ദിഷ്ട ചികിത്സയോ നിലവിലില്ലെങ്കിലും അത് വികസിപ്പിച്ചെടുക്കാനുള്ള ശ്രമം നടന്നുകൊണ്ടിരിക്കുന്നു. ഒരു പൊതു മുൻകരുതൽ എന്ന നിലയിൽ, കൃഷിസ്ഥലങ്ങൾ, ചന്തകൾ, കളപ്പുരകൾ, ഡ്രോമെഡറി ഒട്ടകങ്ങളോ മറ്റ് മൃഗങ്ങളോ ഉള്ള സ്ഥലങ്ങൾ സന്ദർശിക്കുന്നവർ മൃഗങ്ങളെ സ്പർശിക്കുന്നതിന് മുമ്പും ശേഷവും പതിവായി കൈ കഴുകുകയും മറ്റ് ശുചിത്വ നടപടികൾ സ്വീകരിക്കുകയും ചെയ്യണം. കൂടാതെ രോഗികളായ മൃഗങ്ങളുമായി സമ്പർക്കം ഒഴിവാക്കണം. പാലും മാംസവും ഉൾപ്പെടെ മൃഗങ്ങളില്‍ നിന്നുമുള്ള ഉത്പന്നങ്ങള്‍ പച്ചക്കോ മതിയായി വേവിക്കാതെയോ കഴിക്കുന്നത് മൂലം അണുബാധ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. പാചകം അല്ലെങ്കിൽ പാസ്ചറൈസേഷൻ വഴി ഉചിതമായ രീതിയിൽ പ്രോസസ്സ് ചെയ്യുന്ന ഉൽപ്പന്നങ്ങൾ ഉപഭോഗത്തിന് സുരക്ഷിതമാണ്. പ്രമേഹം, വൃക്കസംബന്ധമായ രോഗം, വിട്ടുമാറാത്ത ശ്വാസകോശരോഗങ്ങൾ, രോഗപ്രതിരോധശേഷിയില്ലാത്തവർ എന്നിവർ ഹൈറിസ്ക് ആയിട്ടാണ് കണക്കാക്കുന്നത്.
ഡോ. ശ്യാമ , എം.ഡി കമ്മ്യൂണിറ്റി മെഡിസിൻ വിദ്യാർത്ഥിനി , അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്
പരമ്പരയില്‍ പ്രസിദ്ധീകരിച്ച മറ്റു ലേഖനങ്ങള്‍
1 | വൈറോളജിക്ക് ഒരാമുഖം | ഡോ. ഷാന ഷിറിൻ |
2 | എബോള വൈറസ് | ഡോ. സ്റ്റെഫി ആൻ വര്‍ഗീസ് |
3 | നിപ വൈറസ് | ഡോ. സ്നേഹ ജോർജി |
4 | സാര്‍സ് വൈറസ് |
ഡോ. ബേസിൽ സാജു |
5 | മെര്‍സ് വൈറസ് |
ഡോ.ശ്യാമ |