Read Time:22 Minute

വാനനിരീക്ഷകർക്ക് ആഹ്ലാദം നൽകുന്ന മാസമാണ് മാര്‍ച്ച്. പരിചിത നക്ഷത്രഗണമായ വേട്ടക്കാരൻ, ചിങ്ങം, മിഥുനം, ഇടവം, പ്രാജിത തുടങ്ങിയ നക്ഷത്രരാശികളെയും, തിരുവാതിര, സിറിയസ്, കനോപ്പസ് എന്നിങ്ങനെ പ്രഭയേറിയ ഒറ്റ നക്ഷത്രങ്ങളെയും മാർച്ചിൽ പ്രയാസമില്ലാതെ തിരിച്ചറിയാന്‍ കഴിയും.

2023 മാർച്ച് 15ന് രാത്രി 8 മണിക്ക് മദ്ധ്യകേരളത്തിൽ കാണാൻ കഴിയുന്ന ആകാശദൃശ്യം (ഷാജി അരിക്കാട് എന്ന വിക്കിപീഡിയ ഉപയോക്താവ് സ്വതന്ത്രസോഫ്റ്റ്‌വെയർ ആയ കെസ്റ്റാർസ് ഉപയോഗിച്ച് സൃഷ്ടിച്ചത്)

പ്രധാന നക്ഷത്രങ്ങളും നക്ഷത്രഗണങ്ങങ്ങളും.

സൗരരാശികൾ

സന്ധ്യാകാശത്ത് നിരീക്ഷണം നടത്തുന്നവര്‍ക്ക് പടിഞ്ഞാറുനിന്നും യഥാക്രമം മേടം, ഇടവം, മിഥുനം, കര്‍ക്കിടകം, ചിങ്ങം എന്നീ സൗര രാശികളെ മാർച്ചില്‍ നിരീക്ഷിക്കാൻ സാധിക്കും. ക്രാന്തിപഥത്തിലായാണ് ഇവയെ കാണാൻ കഴിയുക. ഇവിടെ കൊടുത്തിട്ടുള്ള നക്ഷത്രമാപ്പിന്റെ സഹായത്താല്‍ ഇവയെ തിരിച്ചറിയാവുന്നതാണ്.

ക്രാന്തി പഥം

ഖഗോളത്തിലൂടെ സൂര്യൻ സഞ്ചരിക്കുന്നതായി കാണപ്പെടുന്ന പാതയാണ് ക്രാന്തിപഥം (ecliptic). ക്രാന്തി പഥത്തിനിരുവശത്തുമായി 18° വീതിയിൽ ഭൂമിക്കു് ചുറ്റുമുള്ള സാങ്കല്പിക വൃത്തമാണ് രാശിചക്രം. രാശിചക്രത്തെ 30° വീതമുള്ള 12 സമഭാഗങ്ങളാക്കി, ഓരോന്നിനും അവയിലുള്ള ഓരോ നക്ഷത്രഗണത്തിന്റെ പേരു നൽകിയിട്ടുണ്ട്. ഇവയാണ് ചിങ്ങം മുതല്‍ കര്‍ക്കിടകം വരെയുള്ള സൗര രാശികള്‍. ഇവയില്‍ നാലു രാശികളെയെങ്കിലും രാത്രിയില്‍ ഒരേ സമയത്ത് പൂര്‍ണമായും നമുക്ക് നിരീക്ഷിക്കാനാകും.

മേടം (Aries)

മാർച്ച് മാസം സന്ധ്യയ്ക്ക് പടിഞ്ഞാറ്-വടക്കുപടിഞ്ഞാറെ ചക്രവാളത്തിൽ നിന്നും ഏകദേശം 20°മുതൽ 35° വരെ മുകളിലായി നീണ്ടുമെലിഞ്ഞ ത്രികോണാകൃതിയില്‍ കാണപ്പെടുന്ന രാശിയാണ് മേടം (Aries). ത്രികോണം പോലെയുള്ള ഈ നക്ഷത്രഗണത്തിന് ആടിന്റെ ആകൃതി സങ്കല്പിച്ചിരിക്കുന്നു. മേടം രാശിയിലെ ഏറ്റവും തിളക്കമുള്ള നക്ഷത്രം ഹമാൽ (Hamal) ആണ്. ഹമാലും അതിനെക്കാൾ തിളക്കം കുറഞ്ഞ മറ്റുരണ്ടു നക്ഷത്രങ്ങളുമാണ് മേടത്തിലെ പ്രധാന നക്ഷത്രങ്ങൾ. കൂടാതെ തിളക്കം കുറഞ്ഞ മറ്റൊരു നക്ഷത്രത്തെയും രാശിയുടെ തുടക്കത്തിലായി കാണാം. മേടം രാശിയുടെ തുടക്കത്തിലുള്ള മൂന്നു നക്ഷത്രങ്ങള്‍ ചേര്‍ന്നതാണ് ചാന്ദ്രഗണമായ അശ്വതി. ഇതേ രാശിയിൽ തന്നെ, അശ്വതിക്കും കിഴക്കായി സമഭുജത്രികോണാകൃയില്‍ കാണപ്പെടുന്ന മങ്ങിയ നക്ഷത്രങ്ങളുടെ കൂട്ടമാണ് ഭരണി.

ഇടവം (Taurus)

മാർച്ചിൽ സന്ധ്യയ്ക്ക്, ശീർഷബിന്ദുവിൽ നിന്നും 30° പടിഞ്ഞാറായി കാണുന്ന തിളക്കമുള്ള ചുവന്ന നക്ഷത്രവും അതിനു മുകളിൽ (കിഴക്ക്-വടക്കുകിഴക്കായി) കാണുന്ന തിളക്കമുള്ള രണ്ട് നക്ഷത്രങ്ങളും ഉള്‍പ്പെടുന്ന രാശിയാണ് ഇടവം (Taurus). ഒരു കാളയുടെ ആകൃതിയാണ് ഇടവത്തിനു സങ്കല്പിച്ചിട്ടുള്ളത്. കാളയുടെ കണ്ണിന്റെ സ്ഥാനത്തുള്ള ചുവന്ന നക്ഷത്രത്തിന്റെ പേര് ബ്രഹ്മഹൃദയം (Aldebaran) എന്നാണ്. ബ്രഹ്മഹൃദയത്തിന്റെ അടുത്തായി V എന്ന ആകൃതിയിൽ ഒരു നക്ഷത്രക്കൂട്ടത്തെ കാണാം. ഇതാണ് ചാന്ദ്രഗണമായ രോഹിണി. രോഹിണിയും അതിനു മുകളിൽ കാണുന്ന തിളക്കമുള്ള രണ്ട് നക്ഷത്രങ്ങളും ചേര്‍ന്നതാണ് ഇടവം എന്നും പറയാം.

മിഥുനം (Gemini)

ശീർഷബിന്ദുവിൽനിന്നും ഏകദേശം 25° വടക്ക്-കിഴക്കായി തിളക്കമുള്ള രണ്ട് നക്ഷത്രങ്ങളെ കാണാം. വരെ മുകളിലായി മിഥുനം രാശിയെ കാണാം. ഇതിൽ വടക്ക് ഭാഗത്തായുള്ളത് കാസ്റ്ററും (Castor) തെക്ക് ഭാഗത്തായുള്ളത് പോളക്സും (Pollux) ആണ്. കാസ്റ്ററും പോളക്സും പ്രധാന നക്ഷത്രങ്ങളായി വരുന്ന നക്ഷത്രഗണമാണ് മിഥുനം (Gemini). ഏവർക്കും എളുപ്പത്തിൽ തിരിച്ചറിയാൻ കഴിയുന്ന ശബരൻ (Orion) നക്ഷത്രഗണത്തിന്റെ വടക്കുകിഴക്കായണ് മിഥുനത്തിന്റെ സ്ഥാനം. ഇരട്ടകളുടെയോ യുവ മിഥുനങ്ങളുടെയോ മിഥുനത്തിന്റെ ആകൃതി സങ്കല്പിച്ചിരിക്കുന്നു.

കർക്കിടകം (Cancer)

ശീർഷബിന്ദുവിൽ നിന്നും ഏകദേശം 30°കിഴക്ക്-വടക്കുകിഴക്ക് മാറി, മിഥുനത്തിനും കിഴക്കായാണ് ഈ മാസം കര്‍ക്കിടകം (Cancer) രാശിയുടെ സ്ഥാനം. തെളിഞ്ഞ നക്ഷത്രങ്ങളൊന്നും തന്നെ ഈ രാശിയിലില്ല. മിഥുനം, ലഘുലുബ്ധകൻ (Canis Minor) എന്നീ നക്ഷത്രഗണങ്ങൾക്ക് മധ്യത്തിൽ നിന്നും അല്പം കിഴക്ക്മാറി കർക്കിടകത്തിലെ മങ്ങിയ നാലു നക്ഷത്രങ്ങളെ നല്ല ഇരുട്ടുള്ള രാത്രിയിൽ തിരിച്ചറിയാം. ഞണ്ടിന്റെ ആകൃതി സങ്കല്പിച്ചിരിക്കുന്ന നക്ഷത്രരാശിയാണ് കർക്കിടകം.

ചിങ്ങം (Leo)

കിഴക്ക്-വടക്കുകിഴക്കെ ചക്രവാളത്തിൽ നിന്നും 15° മുതൽ 40° വരെ മുകളിലായി സന്ധ്യയ്ക്ക് ചിങ്ങം (Leo) രാശിയെ കാണാനാകും. ചിങ്ങം രാശിയുടെ തലഭാഗത്ത്, അരിവാൾ പോലെ (ചോദ്യചിഹ്നം പോലെ) തോന്നിക്കുന്ന നക്ഷത്രക്കൂട്ടത്തിൽ ഏറ്റവും തെക്കുഭാഗത്തായി കാണുന്ന റെഗുലസ് (Regulus) ആണ് ചിങ്ങത്തിലെ ഏറ്റവും പ്രഭയേറിയ നക്ഷത്രം. റെഗുലസും അതോടു ചേര്‍ന്ന് തോൾ ഭാഗത്തുള്ള നക്ഷത്രവും ചേര്‍ന്നതാണ് മകം എന്ന ചാന്ദ്രഗണം. കാലിന്റെയും അരക്കെട്ടിന്റെയും ഭാഗത്തുള്ള രണ്ടു നക്ഷത്രങ്ങൾ ചേര്‍ന്നത് പൂരവും വാൽ ഭാഗത്തുള്ള നക്ഷത്രം ഉത്രവുമാണ് (Denebola).

മറ്റു നക്ഷത്രഗണങ്ങള്‍

ശബരൻ എന്ന വേട്ടക്കാരൻ (Orion)

മാർച്ചിലെ സന്ധ്യാകാശത്ത് നിരീക്ഷിക്കാന്‍ കഴിയുന്ന പ്രധാനപ്പെട്ട നക്ഷത്ര സമൂഹമാണ് ശബരൻ എന്ന വേട്ടക്കാരന്‍. സന്ധ്യയ്ക്ക് തലയ്ക്കു മുകളിൽ അല്പം തെക്കുപടിഞ്ഞാറായി ഇതു ദൃശ്യമാകും. ഖഗോള മദ്ധ്യ രേഖയില്‍ സ്ഥിതി ചെയ്യുന്ന ഈ ഗണത്തിന് ബാബിലോണിയൻ-ഗ്രീക്കു സങ്കല്പമനുസരിച്ച് ഒരു വേട്ടക്കാരന്റെ (Orion the Hunter) രൂപമാണുള്ളത്. ഇന്ത്യൻ പേര് ശബരൻ.

മുകളിലെ ചാർട്ടിൽ വേട്ടക്കാരനെ കാണിച്ചിരിക്കുന്ന ഭാഗത്തേക്ക് സന്ധ്യക്ക് നോക്കുക. ഒരു ചതുര്‍ഭുജത്തിന്റെ നാല് കോണുകളിൽ സ്ഥാപിച്ചവ എന്നപോലെ നാലു നക്ഷത്രങ്ങളെ കാണാം. ഇതിൽ വടക്ക് കിഴക്കായി കാണുന്ന ചുമപ്പ് നിറത്തിലുള്ള നക്ഷത്രമാണ് തിരുവാതിര (Betelgeuse). വടക്ക് പടിഞ്ഞാറായി കാണുന്ന നീല നക്ഷത്രം ബെല്ലാട്രിക്സാണ് (Bellatrix). തിരുവാതിരയും ബെല്ലാട്രിക്സും വേട്ടക്കാരന്റെ തോളുഭാഗത്തായാണുള്ളത്. ചതുർഭുജത്തിന്റെ തെക്കുഭാഗത്ത്, കാൽ മുട്ടിന്റെ ഭാഗത്തുള്ള നക്ഷത്രങ്ങൾ റിഗലും (Rigel) സെയ്ഫുമാണ് (Saiph). പടിഞ്ഞാറുള്ളത് റിഗലും കിഴക്കുള്ളത് സെയ്ഫും. ഈ ചതുര്‍ഭുജത്തിന്റെ മദ്ധ്യത്തിലായി, ഒരു വരിയിൽ എന്നപോലെ, തിളക്കമുള്ള മൂന്ന് നക്ഷത്രങ്ങളുണ്ട്. ഇവയെ വേട്ടക്കാരന്റെ അരപ്പട്ടയായി (belt) സങ്കല്പിച്ചിരിക്കുന്നു. മിന്താക (Mintaka), അൽനിനം (Alninam), അൽനിനാക് (alninak) എന്നിവയാണ് അരപ്പട്ടയിലെ നക്ഷത്രങ്ങൾ. വടക്കു ഭാഗത്തുള്ള വലിയ രണ്ട് നക്ഷത്രങ്ങളുടെ മദ്ധ്യത്തിൽനിന്നും അല്പം വടക്ക് മാറി തിളക്കം കുറഞ്ഞ മൂന്ന് നക്ഷത്രങ്ങള്‍ കൂടിച്ചേര്‍ന്ന നിലയിൽ കാണുന്നു. ഇതാണ് മകയിരം എന്ന ചാന്ദ്രഗണം (ചിത്രം നോക്കുക) അരപ്പട്ടയിലെ മധ്യനക്ഷത്രത്തിൽ നിന്ന് തെക്കോട്ട് ഏതാനും മങ്ങിയ നക്ഷത്രങ്ങൾ വരിയായി നിൽക്കുന്നത് ബെൽറ്റിൽ നിന്നു തൂക്കിയിട്ട വാളായി സങ്കല്പിച്ചിരിക്കുന്നു. ഒറൈൻ, ഓട്ടക്കാരൻ എന്നീ നെബുലകൾ ഈ ഭാഗത്ത് കാണാം. വാളും ബെൽറ്റിലെ മധ്യ നക്ഷത്രവും തലയും ചേർത്ത് വരച്ചാൽ ശരിയായ തെക്കു വടക്കു ദിശ കിട്ടും.

ഓറിയോണ്‍ – ഒരു വഴികാട്ടി

ഓറിയണിന്റെ ബെല്‍റ്റിൽ നിന്നും വടക്കു പടിഞ്ഞാറേക്ക് ഒരു രേഖ സങ്കല്പിച്ചാൽ അത് രോഹിണിയിലും തുട‍ർന്നു കാര്‍ത്തികയിലും എത്തും. ബെൽറ്റിൽ നിന്നും തെക്കുകിഴക്കു ദിശയിലേക്ക് ഒരു രേഖ സങ്കല്പിച്ചാൽ അത് സിറിയസ് എന്ന നക്ഷത്രത്തിലേക്ക് നീളും.

ബൃഹച്ഛ്വാനം (Canis Major)

സൂര്യന്‍ കഴിഞ്ഞാല്‍ ഏറ്റവും പ്രഭയോടെ കാണപ്പെടുന്ന നക്ഷത്രമായ സിറിയസ് (Sirius – രുദ്രൻ) ഉള്‍പ്പെടുന്ന നക്ഷത്രസമൂഹമാണ് ബൃഹച്ഛ്വാനം അഥവ ബൃഹദ് ശ്വാനൻ. വേട്ടക്കാരന് തെക്ക് കിഴക്കായി കാണുന്ന തിളക്കമേറിയ നക്ഷത്രമാണ് സിറിയസ്. മാർച്ചിൽ സന്ധ്യക്ക് ശീർഷബിന്ദുവിൽ നിന്നും 30°തെക്കായി സിറിയസ്സിനെ കാണാം. രോഹിണിയിലെ ചുവന്ന നക്ഷത്രവും വേട്ടക്കാരന്റെ ബെല്‍റ്റും ചേര്‍ത്ത് ഒരു രേഖ സങ്കല്പിച്ച് തെക്ക് കിഴക്ക് ഭാഗത്തേക്ക് നീട്ടിയാല്‍ സിറിയസിനെ കണ്ടെത്താം (മുകളിലെ ചിത്രം നോക്കുക).

ലഘുലുബ്ധകൻ (Canis Minor)

തിരുവാതിരയ്ക്ക് കിഴക്കായി, സിരിയസ്സിനു വടക്കായി തിളക്കമേറിയ ഒരു നക്ഷത്രത്തെയും ഒപ്പം തിളക്കം കുറഞ്ഞ ഒരു നക്ഷത്രത്തെയും കാണാം. ഇവ ചേർന്നുണ്ടാകുന്ന നക്ഷത്രഗണമാണ് ലഘുലുബ്ധകൻ. ഇതിലെ തിളക്കമേറിയ നക്ഷത്രം പ്രോസിയോണും തിളക്കം കുറഞ്ഞ നക്ഷത്രം ഗൊമെയ്സയുമാണ്.

കാര്‍ത്തിക (Pleiades)

വേട്ടക്കാരന്റെ ബെല്‍റ്റ്, രോഹിണി എന്നിവ യോജിപ്പിച്ച് സങ്കല്‍പ്പിക്കുന്ന രേഖ വടക്ക് പടിഞ്ഞാറ് ദിശയില്‍ നീട്ടിയാല്‍ മുന്തിരിക്കുലപോലെയുള്ള നക്ഷത്രങ്ങളുടെ ഒരുകൂട്ടം കാണാം. ഏഴോ എട്ടോ നക്ഷത്രങ്ങളെ ഇതില്‍ കാണാന്‍ കഴിഞ്ഞേക്കും. ഈ നക്ഷത്രക്കൂട്ടമാണ് കാര്‍ത്തിക (Pleiades / seven sisters). ഇതൊരു തുറന്ന താരവ്യൂഹം (Open cluster) ആണ്.

ഒരു ഭീമൻ തന്മാത്രാ മേഘത്തിൽ നിന്ന് ഏതാണ്ട് ഒരേ കാലത്ത് രൂപം കൊണ്ട നക്ഷത്രത്തങ്ങളുടെ കൂട്ടമാണ് തുറന്ന താരവ്യൂഹം.

പ്രാജിത (Auriga)

Auriga

വേട്ടക്കാരന്റെ നേരേ വടക്കായി ഒരു വിഷമ ഷഡ്ഭുജാകൃതിയിൽ 6 നക്ഷത്രങ്ങളും ഉള്ളിലായി ഒരു നക്ഷത്രവും ചേര്‍ന്ന ഗണമാണ് പ്രാജിത (Auriga). അതിലെ ഏറെ പ്രഭയുള്ള നക്ഷത്രമാണ് ഷഡാസ്യൻ (Capella).

കാശ്യപി (Cassiopeia)

വടക്കേ ആകാശത്ത് M എന്ന അക്ഷരത്തിന്റെ ആകൃതിയില്‍ കാണപ്പെടുന്ന നക്ഷത്രസമൂഹമാണ് കാശ്യപി (Cassiopeia). മാർച്ച് സന്ധ്യയ്ക്ക് ഇത് വടക്ക്-വടക്കുപടിഞ്ഞാറെ ചക്രവാളത്തിൽ അസ്തമിക്കുകയാകും. വടക്കുപടിഞ്ഞാറു ദിശയിൽ കാശ്യപി അസ്തമിക്കുന്നതോടെ വടക്ക് കിഴക്കു ദിശയിൽ സപ്ത‍‍ർഷിമണ്ഡലം ഉദിച്ചുയരും.

സപ്തർഷിമണ്ഡലം (Ursa Major)

സപ്തർഷിമണ്ഡലവും ധ്രുവനക്ഷത്രവും
സപ്തർഷിമണ്ഡലവും ധ്രുവനക്ഷത്രവും

വടക്കേ ചക്രവാളത്തിൽ നിരീക്ഷിക്കാൻ സാധിക്കുന്ന പ്രധാന താരാഗണമാണ് സപ്തർഷി മണ്ഡലം (വലിയ കരടി / Big Bear / Big dipper). മാർച്ച് മാസത്തിലെ സന്ധ്യയ്ക്ക് ഇത് വടക്കുകിഴക്കു ദിശയിൽ ഉദിച്ചുയരും. സപ്തര്‍ഷി മണ്ഡലത്തിലെ തിളക്കമേറിയ ഏഴു നക്ഷത്രങ്ങള്‍ ഒരു തവിയുടെ (dipper) ആകൃതിയിൽ കാണപ്പെടുന്നു. ഇവയുടെ പേരുകൾ യഥാക്രമം ക്രതു (Dubhe), പുലഹൻ (Merkel), പുലസ്ത്യൻ (Phecda), അത്രി (Megrez), ആംഗിരസ് (Alioth), വസിസ്ഠൻ (Mizar), മരീചി (Benetnasch) എന്നിവയാണ്.

അംഗിരസ്-വസ്ഷ്ഠ-മരീചി നക്ഷത്രങ്ങളെ ചേര്‍ത്ത് ഒരു വളഞ്ഞവര നീട്ടുകയാണെങ്കിൽ അത് അവ്വപുരുഷൻ (Boötes) എന്ന നക്ഷത്രഗണത്തിലെ ചോതി (Arcturus)നക്ഷത്രത്തിലെത്തും.

അഗസ്ത്യൻ (Canopus)

തെക്കൻ ചക്രവാളത്തിനു മുകളിൽ ഏകദേശം 25° ഉയരത്തിൽ കാണാൻ കഴിയുന്ന പ്രഭയേറിയ നക്ഷത്രമാണ് അഗസ്ത്യൻ (Canopus). പപ്പിസ് (Puppis) എന്ന നക്ഷത്രസമൂഹത്തിന്റെ ഭാഗമാണിത്.

ഗ്രഹങ്ങൾ

ആകാശത്ത് നഗ്നനേത്രങ്ങളാൽ കാണാൻ കഴിയുന്ന അഞ്ചുഗ്രഹങ്ങളാണ് ബുധൻ, ശുക്രൻ, ചൊവ്വ, വ്യാഴം, ശനി എന്നിവ. ഈ അഞ്ചുഗ്രഹങ്ങളെയും ഒന്നിച്ചു നിരീക്ഷിക്കാൻ സാധിക്കുന്നത് അപൂര്‍വ്വമായ അവസരങ്ങളിൽമാത്രമാണ്. ഇവയിൽ 3 ഗ്രഹങ്ങളെ ഈ മാസം സന്ധ്യയ്ക്ക ഒന്നിച്ചുകാണാൻ സാധിക്കും. ശുക്രൻ (Venus), വ്യാഴം (Jupiter), ചൊവ്വ (Mars), എന്നിവയാണവ.

വ്യാഴം

വ്യാഴം

അസ്തമനത്തോടെ പടിഞ്ഞാറെ ആകാശത്ത് കാണപ്പെടുന്ന തിളക്കമേറിയ, നക്ഷത്രസമാനമായിതോന്നുന്ന രണ്ടുവസ്തുക്കളിൽ തിളക്കം കുറ‍ഞ്ഞുകാണപ്പെടുന്ന വസ്തുവാണ് വ്യാഴം (Jupiter). മാസാദ്യം രണ്ടുവസ്തുക്കളും അടുത്തടുത്തായിരിക്കും. വ്യാഴത്തിനു തൊട്ടടുത്തായി കാണുന്ന തിളക്കമേറിയ വസ്തു ശുക്രനാണ്. ക്രമേണ വ്യാഴം കുടൂതൽ കൂടുതൽ ചക്രവാളത്തോട് ചേർന്നുവരികയും ശുക്രനിൽ നിന്നും അകന്നുപോവുകയും, മാസാവസാനത്തോടെ നിരീക്ഷിക്കാൻ കഴിയാതെ വരികയും ചെയ്യും.

12 വർഷം കൊണ്ടാണ് വ്യാഴം ക്രാന്തിപഥത്തലൂടെ ഒരു പരിക്രമണം പൂർത്തിയാക്കുന്നത്. അതിനാൽ ഓരോ വർഷവും ഓരോ രാശിയിയിലായാണ് വ്യാഴത്തെ കാണാൻ കഴിയുക. ഇപ്പോൾ മീനം രാശിയിൽ കാണാനാകുന്ന വ്യാഴത്തെ അടുത്ത വർഷം മേടം രാശിയിലായിരിക്കും കാണാനാവുക.

ശുക്രൻ

അസ്തമനത്തോടെ പടിഞ്ഞാറെ ആകാശത്ത് ചക്രവാളത്തിനു മുകളിലായി ദൃശ്യമാകുന്ന ഏറ്റവും തിളക്കമേറിയ, നക്ഷത്രസമാനമായിതോന്നുന്ന വസ്തുവാണ് ശുക്രൻ (Venus). മീനം രാശിയിലാണ് ഇപ്പോൾ വ്യാഴത്തിന്റെ സ്ഥാനം. സൂര്യനും ചന്ദ്രനും കഴിഞ്ഞാൽ ആകാശത്തു കാണാൻ കഴിയുന്ന ഏറ്റവും തിളക്കമേറിയ വസ്തുവാണ് ശുക്രൻ. മാസാദ്യം ശുക്രനും വ്യാഴവും ഏറ്റവും അടുത്തടുക്കായി കാണാനാകും.

ആകാശത്തിൽ തിളക്കമുള്ള വസ്തുവായി കാണപ്പെടൂന്നതിനാൽ ശുക്രൻ പലപ്പോഴും പറക്കുംതളികയായി തെറ്റിദ്ധരിക്കപ്പെട്ടിട്ടുണ്ട്. 1969ൽ അമേരിക്കൻ പ്രസിണ്ടന്റായിരുന്ന ജിമ്മി കാർട്ടർ ഒരു പറക്കുംതളികയെ കണ്ടതായി പറഞ്ഞിരുന്നു, പിന്നീട് നടത്തിയ വിശകലനങ്ങളിൽ അത് ഈ ഗ്രഹത്തിനെ തെറ്റിദ്ധരിച്ചതായിരിക്കുമെന്ന് കണ്ടെത്തിയിരുന്നു. മറ്റു പലരും ശുക്രനെ അന്യഗ്രഹത്തിൽ നിന്നുള്ളതെന്ന രീതിയിൽ തെറ്റിദ്ധരിച്ചിട്ടുണ്ട്. മലയാളികള്‍ വെള്ളിനക്ഷത്രം എന്ന് വിളിച്ചതും ഈ ഗ്രഹത്തെയാണ്.

ചൊവ്വ

സന്ധ്യയ്ക്ക്, ശീർഷവിന്ദുവിൽ നിന്നും ഏതാണ്ട് 15° വടക്കുമാറി ചൊവ്വയെ (Mars) കാണാം. മാസാദ്യം ഇടവം രാശിയിലായിരിക്കുന്ന ചൊവ്വ പിന്നീട് മിഥുനം രാശിയിലേക്ക് പ്രവേശിക്കും. സന്ധ്യാനേരത്ത് മധ്യആകാശത്ത് അല്പം വടക്കുമാറി നക്ഷത്രസമാനമായി തോന്നുന്നതും ഇളം ചുവപ്പ് നിറത്തിൽ ഏറ്റവും ശോഭയോടെ കാണുന്നതുമായ വസ്തുവാണ് ചൊവ്വ. ചൊവ്വയ്ക്ക് അല്പം പടിഞ്ഞാറായി ഇളംചുവപ്പ് നിറത്തിലുള്ള ബ്രഹ്മഹൃദയവും (രോഹിണിയിലെ ചുവന്ന നക്ഷത്രം) കാണാം. ഇങ്ങനെ പ്രയാസം കൂടാതെ ചൊവ്വയെ തിരിച്ചറിയാനാകും.

ബുധൻ

സൂര്യസമീപമായതിനാൽ ബുധനെ നിരീക്ഷിക്കാനാകില്ല.

ശനി

പുലർച്ചെയാണ് ശനിയെ കാണാനാവുക. രാവിലെ അഞ്ചരയോടെ കിഴക്ക്-തെക്കുകിഴക്ക് ചക്രവാളത്തിനു മുകളിൽ (ഏകദേശം 10°) ശനിയെ കാണാം. ചക്രവാളത്തിനോട് ചേർന്ന് കാണപ്പെടുന്നതിനാൽ തടസ്സങ്ങളില്ലാതെ ചക്രവാളം കാണാൻ കഴിയുന്ന സ്ഥലത്തുനിന്നും നോക്കായാൽ മാത്രമെ ശനിയെ കാണാനാകൂ.

നിരീക്ഷണ കലണ്ടർ – മാർച്ച് 2023


മാർച്ചിൽ ഓർമ്മിക്കാൻ

മാർച്ച് 20 – EQUINOX (വസന്ത വിഷുവം)

മാർച്ച് 22 – CONJUNCTIONS – വ്യാഴവും ചന്ദ്രനും

മാർച്ച് 23 – CONJUNCTIONS – ശുക്രനും ചന്ദ്രനും

മാർച്ച് 28 – CONJUNCTIONS – ചൊവ്വയും ചന്ദ്രനും

ഫെബ്രുവരി 28 – LUNAR OCCULATION – ചൊവ്വ

കുറിപ്പ്

  • ചിത്രങ്ങള്‍ തോതനുസരിച്ചുള്ളവയല്ല.
  • 2023 മാർച്ച് 15-നു മദ്ധ്യകേരളത്തിൽ സന്ധ്യയ്ക്ക് 7.30 നുള്ള സമയം കണക്കാക്കിയാണ് വിവരണം, ചിത്രങ്ങള്‍ എന്നിവ തയ്യാറാക്കിയിട്ടുള്ളത് (പ്രത്യേകം പരാമർശിച്ചിട്ടുള്ളവ ഒഴികെ).
വാനനിരീക്ഷണ കലണ്ടർ
Happy
Happy
75 %
Sad
Sad
25 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post മാനസ്സിക വ്യതിയാനവും സാമൂഹികാരോഗ്യവും
Next post ഇന്ത്യയിലെ കാർബൺ അസമത്വം – ഒരു വിശകലനം
Close