Read Time:31 Minute

ശാസ്ത്രഗതി 2023 ഫെബ്രുവരി ലക്കത്തിൽ പ്രസിദ്ധീകരിച്ച ലേഖനം

ഒരാളിന്റെ ഭ്രമചിന്തകളിലേക്ക് ക്രമേണ മറ്റുള്ളവർ അടുക്കുകയും പൊതു ഭ്രമകല്പനകളിൽ പൂർണ്ണ വിശ്വാസത്തോടെ പങ്കെടുത്തതായും കാണാം. ഇത് പങ്കാളിത്ത മതിഭ്രമം എന്ന രോഗാവസ്ഥയെ സൂചിപ്പിക്കുന്നു.

നരബലി വലിയ ചർച്ചയ്ക്ക് തിരി കൊളുത്തിയിരിക്കുന്നു. ഇപ്പോൾ അതെല്ലാം പോലീസ് കഥകളിലും മീഡിയ വർത്തകളിലുമായി ഒതുങ്ങി നിൽക്കുന്നതിനാൽ പൂർണ്ണസത്യമെന്നപോലെ അതിലേക്ക് കടക്കുന്നതിൽ സാംഗത്യമില്ല. എന്നാൽ, ആചാരങ്ങളുമായി ബന്ധപ്പെട്ടു നടക്കുന്ന ക്രിമിനൽ പ്രവർത്തനങ്ങൾക്ക് സാമൂഹികാരോഗ്യ വശങ്ങളുണ്ട്. പലപ്പോഴും നിർദോഷികളും ദുർബലരും ഒറ്റപ്പെട്ടവരും ഇരകൾ ആക്കപ്പെടുന്നു എന്നതിനാൽ ഇത് സാമൂഹിക പ്രശ്നം കൂടിയാകുന്നു. അവ സൂക്ഷ്മമായി വിശകലനം ചെയ്യുന്നത് തീർച്ചയായും ആവശ്യമാണ്. ആചാരവുമായി ബന്ധപ്പെട്ട ആത്മഹത്യകളും കൊലപാതകങ്ങളും ഇടയ്ക്കിടെക്കെങ്കിലും റിപ്പോർട്ട് ചെയ്യപ്പെടുന്നുവെന്നത് സമൂഹത്തിൽ അദൃശ്യമായി നിലകൊള്ളുന്ന അന്ധവിശ്വാസങ്ങളുമായി അവയ്ക്കുള്ള ബന്ധം മൂലമാണ്.

കുറ്റകൃത്യങ്ങളെ തടയാനും സാമൂഹിക പ്രതിരോധം സജ്ജമാക്കാനും അന്ധവിശ്വാസത്തിന്റെ പരിസരത്ത് സംഭവിക്കുന്ന മരണങ്ങൾ പഠന വിധേയമാക്കുന്നത് തീർച്ചയായും സഹായിക്കും. കുറ്റകൃത്യങ്ങളുടെ ശാസ്ത്രീയവും മാനസ്സികവുമായ വശങ്ങളും അതിനോട് സമൂഹത്തിന്റെ പ്രതികരണവും ഗൗരവമായ ചർച്ചയ്ക്കും അന്വേഷണങ്ങൾക്കും വിധേയമാക്കുകയും വേണം. സാമൂഹികാരോഗ്യം നിലനിർത്താനുതകുന്ന സംവാദങ്ങളും അറിവുകളും ഉറപ്പാക്കാനിത് ആവശ്യമാണ്.

പങ്കാളിത്ത മതിഭ്രമം (shared psychotic disorder)

അന്ധവിശ്വാസവുമായി നേർബന്ധമുള്ള മരണങ്ങൾ ഇടയ്ക്കിടെ റിപ്പോർട്ട് ചെയ്യപ്പെടുന്നു. അടുത്തകാലത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട പ്രധാനപ്പെട്ട സംഭവം ഡൽഹി സന്ത് നഗറിൽ നടന്ന മരണങ്ങളാണ്. ബുരാരി മരണങ്ങൾ (Burari Deaths) എന്നറിയപ്പെടുന്ന സംഭവം 2018 ജൂലൈ മാസമാണ് നടന്നത്. ഒരു കുടുംബത്തിലെ പതിനൊന്നു പേര് മരണപ്പെട്ടതാണ് നാടിനെ നടുക്കിയത്. പത്തു പേർ തൂങ്ങിമരിക്കുകയായിരുന്നു; ഒരാൾ കഴുത്തു ഞെരിച്ചു കൊല്ലപ്പെട്ടതായി കാണപ്പെട്ടു. കൂട്ടുകുടുംബ മാതൃകയിൽ താമസിച്ചിരുന്ന ബന്ധുക്കളായിരുന്നു മരിച്ചവരെല്ലാം. എൺപതു മുതൽ പതിനഞ്ചു വയസ്സുവരെ പ്രായമുള്ളവരാണ് മരണപ്പെട്ടത്. അതിനാൽത്തന്നെ, കൊലപാതക സാധ്യത തള്ളിക്കളയാനാവില്ലെന്ന അനുമാനത്തിലാണ് അന്വേഷണം ആരംഭിച്ചത്. കുട്ടികളും പ്രായാധിക്യമുള്ള വ്യക്തിയും ആത്മഹത്യ ചെയ്യാൻ സ്വതന്ത്ര തീരുമാനമെടുക്കുമെന്ന് കരുതാൻ പ്രയാസമാണല്ലോ. പിന്നീട് കണ്ടെടുത്ത പതിനൊന്ന് ഡയറിക്കുറിപ്പുകളിലൂടെ മരണം ആചരിച്ച് കഥയുടെ ചുരുളഴിഞ്ഞു വന്നു. ഓരോ വ്യക്തിയും മരിക്കേണ്ടതെങ്ങനെയെന്ന് സൂക്ഷ്മമായി കുറിപ്പുകളിൽ കണ്ടു. പതിനൊന്നു വർഷത്തോളം ദൈർഘ്യമുണ്ടായിരുന്നു ഡയറികൾക്ക്. മുന്നേ മരിച്ചു പോയ കുടുംബനാഥന്റെ ആത്മാവ് തന്നിലുണ്ടെന്ന് വിശ്വസിച്ച ഒരാൾ ക്രമേണ തന്റെ ഭ്രമകല്പനകളിലേക്ക് മറ്റുബന്ധുക്കളെ മാന്ത്രികവും രഹസ്യാത്മകവുമായ ആചാരങ്ങളിലേക്ക് ആനയിക്കുകയുമാണ് ഉണ്ടായത്. ഓരോ വ്യക്തിയും തികഞ്ഞ അറിവോടെയാണ് മരണം എന്ന ആചാരം നടപ്പാക്കിയത്. ഡയറിക്കുറിപ്പുകൾ മറ്റൊരു കാര്യം കൂടി വ്യക്തമാക്കി. അവർ മരിച്ചുപോകുമെന്ന് വിശ്വസിച്ചിരുന്നില്ല; മുന്നേ മരിച്ചുപോയ കുടുംബനാഥന്റെ ആത്മാവ് പ്രസ്തുത അനുഷ്ഠാനം കഴിയുമ്പോൾ പ്രത്യക്ഷപ്പെടുമെന്നും ജീവിതത്തിൽ അവർ അനുഭവിക്കുന്ന ക്ലേശങ്ങളിൽ നിന്ന് രക്ഷപ്പെടുത്താൻ വിമോചകനായി എത്തുമെന്നും വിശ്വസിച്ചിരുന്നു. എല്ലാവരുടെയും കെട്ടഴിച്ചു കൂടുതൽ സന്തോഷ പ്രദമായ ജീവിതത്തിലേക്ക് സ്വാഗതം ചെയ്യുമെന്നും അവർ ആത്മാർഥമായി കരുതിയിരുന്നു.

സാമൂഹിക ജീവിതത്തിൽ ആചാരാനുഷ്ഠാനങ്ങൾ എത്രകണ്ട് രൂഢ മൂലമാണെന്നും മതചിന്തകളുമായി എങ്ങനെ അവ കെട്ടുപിണഞ്ഞിരിക്കുന്നുവെന്നും വ്യക്തമാക്കുന്ന സംഭവമാണിതെന്ന് കാണാതെ വയ്യ. ഒരു കുടുംബത്തിൽ ഒന്നിച്ചു താമസിക്കുന്ന, രക്തബന്ധമുള്ളവരും വിവാഹിതരായി വന്നുചേർന്നവരും ഉൾപ്പെടുന്നവരായിരുന്നു മരണപ്പെട്ട പതിനൊന്നുപേർ. തീർച്ചയായും അവർ മരണം, തുടർജീവിതം, എന്നിവയെക്കുറിച്ചു സമാന വിശ്വാസങ്ങൾ വെച്ചു പുലർത്തിയിരുന്നു. എന്നാൽ, അവരിൽ ഒരാളിന്റെ ഭ്രമചിന്തകളിലേക്ക് (delusion) ക്രമേണ മറ്റുള്ളവർ അടുക്കുകയും പൊതു ഭ്രമകല്പനകളിൽ പൂർണ്ണ വിശ്വാസത്തോടെ പങ്കെടുത്തതായും ഇത് പങ്കാളിത്ത മതിഭ്രമം (shared psychotic disorder) എന്ന രോഗാവസ്ഥയെ സൂചിപ്പിക്കുന്നു. അടുത്ത ബന്ധമുള്ള രണ്ടോ അതിലധികമോ വ്യക്തികളിൽ കാണപ്പെടുന്ന അവസ്ഥയാണിത്. വിവാഹപങ്കാളികൾ, സഹോദരർ, കുടുംബത്തിൽ ദീർഘകാലം ഒന്നിച്ചു കഴിയുന്നവർ തുടങ്ങിയവർ രോഗത്തിൽ പങ്കാളികളാകാം. ഒരുവ്യക്തിയിൽ ആരംഭിച്ചു മറ്റുള്ളവരിലേക്ക് സാവധാനം വ്യാപിക്കുന്ന മാനസ്സിക രോഗാവസ്ഥ എന്നനിലയിൽ ഇതിനെ കാണാം. പാശ്ചാത്യ പഠനങ്ങളനുസരിച്ചു ഉദ്ദേശം 2% സൈക്കോട്ടിക് (psychotic) രോഗാവസ്ഥകൾ പങ്കാളിത്ത സ്വഭാവം കാണിക്കുന്നു. മാനസ്സികരോഗങ്ങൾ പൊതുവേ രഹസ്യമായി സൂക്ഷിക്കുകയും വലിയ കുടുംബങ്ങളായി ജീവിക്കുകയും ചെയ്യുന്ന ഇന്ത്യൻ സമൂഹത്തിൽ ഇതിന്റെ തോത് കൂടുതലാകാനാണ് സാധ്യത. ആത്മഹത്യയും കൊലപാതകവും തമ്മിൽ വേർതിരിക്കാനാവാത്ത രീതിയിലാകും അനുഷ്ഠാന മരണങ്ങൾ അരങ്ങേറുന്നത്.

പങ്കാളിത്ത മതിഭ്രമം ദീർഘകാല രോഗാവസ്ഥയാണ്. നേരത്തേതന്നെ കണ്ടെത്തിയാൽ ചികിത്സിക്കാനും സങ്കീർണ്ണതകൾ പ്രതിരോധിക്കാനുമുള്ള അവസരം ലഭിച്ചേക്കാം. മാനസ്സികാസ്വാസ്ഥ്യങ്ങളോട് വിപ്രതിപത്തിയുള്ള സമൂഹങ്ങളിൽ അപകടസാധ്യതയേറും. തന്നെ ആരൊക്കെയോ വേട്ടയാടുകയും ഹിംസിക്കാൻ പദ്ധതിയിടുകയും ചെയ്യുന്നുവെന്ന ധാരണയിലാണ് രോഗമുള്ള വ്യക്തി. മതപരമോ ആത്മീയാനുഭവങ്ങളുമായോ ബന്ധപ്പെട്ട പീഡകളും അവരെ ഉപദ്രവിക്കാറുണ്ട്. ക്രമേണ ഒപ്പം താമസിക്കുന്ന മറ്റുള്ളവരിലേക്കും ചിന്തകൾ വ്യാപിക്കുകയും ഭീതിയും വിശ്വാസവും സ്ഥാപിക്കപ്പെടുകയും ചെയ്യും. തങ്ങളെ ബാധിക്കാനിരിക്കുന്ന പീഡകളിൽ നിന്ന് മുക്തിനേടുവാനായി ആഭിചാരങ്ങളും അനുഷ്ഠാനങ്ങളും നടത്തുന്നതിനുള്ള മാനസ്സിക തയ്യാറെടുപ്പുകൾ ക്രമമാ യി ഉണ്ടാവുകയും ചെയ്യു ന്നു. മതിഭ്രമത്തിന്റെ മറ്റു സൂചനകളും ഈ സമയം കാണാറുണ്ട്. സാമൂഹത്തിൽ നിന്ന് പിന്മാറ്റം, സ്വയം ഹനനം സാധൂകരിക്കുന്ന ചിന്തകൾ, വിഭാന്തി, എന്നിവയും അസാധാരണമല്ല. ആധിപത്യം, വിധേയത്വം എന്നിവയുടെ സമവാക്യങ്ങൾ പങ്കാളികളുടെ പരസ്പര ബന്ധത്തിൽ പ്രകടമായിരിക്കും.

സമൂഹവിരുദ്ധമായ വ്യക്തിത്വ വ്യതിയാനങ്ങളുമായി ജീവിക്കുന്നവരുമുണ്ട്. അനേകം വ്യക്തിത്വ വ്യതിയാനങ്ങളിൽ ഒന്നാണത്. ഒരു സമൂഹത്തിൽ ഉദ്ദേശം നാല് ശതമാനം വ്യക്തികളിൽ ഇതുണ്ടാകാമെന്ന് കരുതപ്പെടുന്നു. ഈ അവസ്ഥ ആന്റിസോഷ്യൽ പേഴ്സണാലിറ്റി ഡിസോർഡർ (Antisocial personality disorder) എന്നാണറിയപ്പെടുക. സമൂഹത്തിൽ നിലനിൽക്കുന്ന ശരിതെറ്റുകളെക്കുറിച്ചോ തങ്ങളുടെ പ്രവൃത്തികൾ മറ്റു ള്ളവരെ എങ്ങനെ ബാധിക്കുമെന്നോ അവർ ചിന്തിക്കുന്നതേയില്ല. അതിനാൽത്തന്നെ, മറ്റുള്ളവരോട് ക്രൂരമായി പെരുമാറാനോ ചൂഷണം ചെയ്യാനോ മടിതോന്നാറുമില്ല. മറ്റുള്ളവർക്ക് ഹാനികരമായ എന്തെങ്കിലും ചെയ്താലും കുറ്റബോധമോ ദുഃഖമോ അവരെ അലട്ടുന്നില്ലെന്നതും അവരുടെ സ്വഭാവവിശേഷമായി കാണാം. പലപ്പോഴും ക്രിമിനൽ കുറ്റങ്ങളിൽ ഏർപ്പെടുകയും നിയമനിഷേധം നടത്തുകയും അക്രമണോത്സുകാരായി ജീവിക്കുകയും ചെയ്യും. ചിലപ്പോൾ മദ്യം, മയക്കുമരുന്നുകൾ, എന്നിവയുടെ ഉപയോഗവുമായി ബന്ധപ്പെട്ട പെരുമാറ്റങ്ങളും കാണാം. സമൂഹത്തിലോ കുടുംബത്തിലോ ഉത്തരവാദിത്വത്തോടെ ഇടപെടാനുള്ള കഴിവ് അവർക്ക് പരിമിതമായിരിക്കും എന്നത് പ്രധാനമാണ്. കൗമാരപ്രായം മുതൽ പെരുമാറ്റ വ്യതിയാനങ്ങൾ ഇവരിൽ കാണാമെങ്കിലും മാനസ്സികാരോഗ്യ സേവനങ്ങളിൽ എത്തിപ്പെടാത്തതുമൂലം ഫലപ്രദമായ പരിചരണം പലർക്കും ലഭിക്കാതെ പോകുന്നു. അതിവിളരമായേ സോഷ്യോപ്പതി കാണാറുള്ളൂ എന്ന ധാരണ ശരിയല്ല; ആയിരം പേരിൽ പത്തു മുതൽ നാല്പത് വ്യക്തികൾ ഈ അവസ്ഥയുമായി ജീവിക്കുന്നവരാണ്. അതിഗൗരവമായി നാം കാണുന്ന കാൻസർ ആയിരം പേരിൽ രണ്ടു പേർക്കുപോലും ഇല്ലെന്നതാണ് സത്യം. കാൻസറാകട്ടെ, പ്രായം കൂടിവരുമ്പോൾ പ്രത്യക്ഷപ്പെടുന്ന രോഗമാണ്; സോഷ്യോപ്പതി കൗമാരത്തിലും. സമൂഹത്തിനുമേൽ ഉണ്ടാകുന്ന ബാധ്യത ഒട്ടും കുറവല്ലെന്നു സാരം.

ഡിജിറ്റൽ മീഡിയയും ഇരുൾ ത്രയവും (dark triad)

ഡിജിറ്റൽ മീഡിയയുടെ ആവിർ ഭാവത്തോടെ വ്യക്തിത്വ വ്യതിയാനങ്ങളെക്കുറിച്ച് കൂടുതൽ പഠനങ്ങൾ ഉണ്ടാകുന്നു. നോർമൽ എന്ന് നാം കരുതുന്ന ചില വ്യക്തികളിൽ പ്രതീക്ഷിക്കാത്തത് സങ്കീർണ്ണത സാമൂഹിക ക്രയവിക്രയങ്ങളിലും പെരുമാറ്റങ്ങളിലും ഉള്ളതായി ശ്രദ്ധിക്കപ്പെട്ടു. ഗവേഷകരായ പോളസ്സ്, മക്ഹോസ്കി (Paulhus and McHoskey) എന്നിവർ അമേരിക്കൻ സൈക്കോളജി സംഘടനാ സമ്മേളനത്തിൽ ഇതേക്കുറിച്ചൊരു പ്രബന്ധം ആദ്യമായി അവതരിപ്പിക്കുകയുണ്ടായി. ഏതാനും വർഷങ്ങൾക്കുള്ളിൽ പോളസ്സ്, വില്ല്യംസ്, (Paulhus, Williams, 2002) എന്നിവർ ‘ഇരുൾ ത്രയം’ (dark triad) എന്ന പേരിൽ തികച്ചും വ്യതിരിക്തമായ വ്യക്തിത്വ വിശേഷത്തെ കൂടുതൽ വ്യക്തതയോടെ അവതരിപ്പിച്ചു. മൂന്ന് മാനസ്സിക തമോഗുണങ്ങൾ ചേരുന്ന അവസ്ഥയാണിത്. കുടിലതന്ത്രജ്ഞത (Machiavellianism), ആത്മരതി (narcissism), മതിഭ്രഷ്ടത (psychopathy) എന്നിവയാണ് അവ.

ഇവയെല്ലാം നിഷേധാത്മകവും പ്രതികൂലവും ആയ ജീവിതശൈലികളാണ്; സമൂഹത്തോട് ശത്രുതയും വിദ്വേഷവും അനുതാപരാഹിത്യവും കാണിക്കുന്നതിൽ അവർ അല്പം പോലും മടിക്കുന്നുമില്ല. മൂന്നു തമോഗുണങ്ങൾ ഓരോന്നിനെയും നിർദിഷ്ട സ്കെയിൽ ഉപയോഗിച്ച് വിശകലനം ചെയ്യാനാകും. മൂന്നിലും ഉയർന്ന സ്കോർ ഉള്ളവർ സമൂഹത്തിൽ ദുരിതങ്ങളുണ്ടാക്കുകയും കുറ്റകൃത്യങ്ങൾക്ക് കാരണമാകുകയും തങ്ങളുടെ നിർദയമായ പ്രവൃത്തികളോട് പശ്ചാത്താപമില്ലായ്മയും പ്രദർശിപ്പിക്കും. ഇവർ അധികാര സ്ഥാനങ്ങളിലോ നേതൃനിരയിലോ പ്രവർത്തിക്കുന്നുവെങ്കിൽ പ്രശ്നങ്ങളുടെ നിരതന്നെ പ്രതീക്ഷിക്കാം. ഇരുൾ ത്രയം, സൈക്കോപ്പതി എന്നിവ സാമൂഹത്തിൽ പ്രത്യക്ഷപ്പെടുന്നത് വർണ്ണ രാജി (spectrum) എന്നോണമാണ്. ഏറ്റവും തീക്ഷ്ണമായ അവസ്ഥയിൽ സങ്കീർണ്ണവും ഹിംസയും അടങ്ങുന്ന ക്രൈം പ്രതീക്ഷിക്കാമെങ്കിൽ ലഘുവായ അളവിൽ ഇരുൾ ത്രയം ഉള്ളവർ ചില കുത്സിത പ്രവർത്തനങ്ങളിൽ ഒതുങ്ങുന്നു. മറ്റു മാനസ്സികാരോഗ്യ അവസ്ഥകളും മസ്തിഷ്ക പ്രവർത്തനങ്ങളും ഇവയെ സ്വാധീനിക്കുന്നതായും കാണാം.

ഇരുൾ ത്രയം (dark triad) ഉള്ളവരിൽ അതിന്റെ എല്ലാ ഘടകങ്ങളും ഒരുപോലെ ശക്തമായി പ്രകടമാകണമെന്നില്ല. അതുപോലെ ഒരു ഘടകം ശക്തമായും മറ്റുള്ളവ ദുർബലമായും ചിലരിൽ പ്രവർത്തിക്കുന്നതായി കാണാം. ഇതോടൊപ്പം സൈക്കോപ്പതി (psychopathy) കൂടി ഉണ്ടാകുന്നത് പെരുമാറ്റ രീതിയുടെ സങ്കീർണ്ണത വർധിപ്പിക്കും. ഇരുൾതയ ഘടകങ്ങൾ വീര്യംകുറഞ്ഞ അളവിലാണുള്ളതെങ്കിൽ അയാളിലെ കുറ്റവാസന എളുപ്പത്തിൽ പ്രകടമായിക്കൊള്ളണമെന്നില്ല. ജീവിതത്തിൽ കുറ്റ കൃത്യങ്ങളിൽ (crime) ഏർപ്പെട്ടില്ലെന്നും വരാം. ഇരുൾത്രയം എത്രകണ്ട് വൈറ്റ് കോളർ ക്രൈമുമായി (White Collar Crime) ബന്ധപ്പെട്ടിരിക്കുന്നു എന്ന് കണ്ടെത്താനുള്ള ശ്രമത്തിന് അടുത്തകാലത്തായി ആക്കം കൂടിയിട്ടുണ്ട്. ഹിംസാത്മകമായതും അക്രമണ സ്വഭാവമുള്ളതുമായ ക്രൈംകാണുകയില്ല. പണം തട്ടിയെടുക്കുന്ന ഭാവനാപൂർണ്ണമായ അനേകം പദ്ധതികളുമായി സമൂഹത്തിലെത്തുന്നവരാണ് ഇതിനു പിന്നിൽ. അവരിൽ സർക്കാർ ഉദ്യോഗസ്ഥർ, ബിസ്സിനസ്സുകാർ, വ്യക്തികൾ എന്നിവർ ഉൾപ്പെടും. ലോകമെമ്പാടും ഇത്തരം തട്ടിപ്പു സംഘങ്ങൾ ഭീമമായ തുക വസൂലാക്കി അപ്രത്യക്ഷരാകുകയോ പിടിക്കപ്പെടുകയോ ചെയ്യും. വലിയ ബിസിനസ്സ് സ്ഥാപനങ്ങളിലെ ക്രൈമും തട്ടിപ്പും നടത്തുന്നവരിൽ ഇരുൾ ത്രയം പൂർണ്ണമായോ ഭാഗികമായോ കാണുന്നത് ശ്രദ്ധിക്കപ്പെടുന്നുണ്ട്. ബലപ്രയോഗം, അമിതമായ സമ്മർദം (coercion), അസ്വസ്ഥമാക്കുന്ന തരം പിന്തുടരൽ (stalking), പീഡനം (harassment), വഴക്കുണ്ടാക്കി കാര്യം സാധിക്കുക (bullying), അംഗീകരിക്കപ്പെടാത്ത ലൈംഗിക പ്രവൃത്തികൾ. ആക്രമണം എന്നിവയെല്ലാം ഏറിയും കുറഞ്ഞും ഇരുൾ ത്രയം ഉള്ളവരിൽ കാണുന്നുണ്ട്.

സോഷ്യൽ മീഡിയക്കാലത്ത് “ഇരുൾ ത്രയം‘ പ്രത്യേക ശ്രദ്ധ ആകർഷിക്കുന്നു. സോഷ്യൽ മീഡിയ പെരുമാറ്റ വൈകല്യം (social media disorder) പഠനവിധേയമാക്കിയ ടെങ്, റെയർ (Teng and Reer, 2022) ഇവതമ്മിൽ പരസ്പരം ബന്ധമുള്ളതായി കണ്ടു. വ്യക്തിത്വത്തിൽ തമോ ഗുണങ്ങൾ ശക്തമായുള്ളവരിൽ സോഷ്യൽ മീഡിയ പെരുമാറ്റവൈകല്യം തങ്ങളുടെ മാനസ്സിക വ്യാപാരങ്ങൾ സമൂഹത്തിന്റെ ഓരത്തു നിർത്താൻ സഹായിക്കുന്നു.

നരബലിയും അതിക്രൂരമായ മറ്റു ഹിംസകളും സമൂഹത്തിലെ ആത്മീയ, സാംസ്കാരിക, മാനസ്സികാരോഗ്യ പശ്ചാത്തലത്തിൽ വിലയിരുത്തപ്പെടേണ്ടതാണ്. മറ്റുള്ളവരെ പ്രതികൂലമായി ബാധിക്കുന്ന നിസ്സാര അന്ധവിശ്വാസങ്ങൾ ഉൾപ്പടെ എല്ലാം പരസ്പരം ബന്ധപ്പെട്ടിരിക്കുന്നതായി നമുക്ക് കാണാം. കൂടുതൽ പഠനങ്ങളും ചർച്ചകളും സമൂഹത്തിന്റെ ഗതിവിഗതികൾ മനസ്സിലാക്കാനും സാമൂഹികാരോഗ്യം നിലനിർത്താനും സഹായിക്കുമെന്നതിൽ സംശയമില്ല.

കറു (Kuru) രോഗവും സാംസ്കാരിക ആപേക്ഷികത്വവും

അനുഷ്ഠാനം എന്നതരത്തിൽ നടക്കുന്ന നരബലികൾ റിപ്പോർട്ട് ചെയ്യപ്പെടാറുണ്ട്. എന്നാൽ, നരഭോജനം നടക്കുന്നുണ്ടെങ്കിൽ പോലും വാർത്തകളിൽ ഇടം പിടിക്കാറില്ല. അത്യന്തം അവജ്ഞയോടും ഞെട്ടലോടും കൂടി മാത്രമേ സമൂഹം അതിനെ കാണുകയുള്ളൂ. കഴിഞ്ഞ രണ്ടു നൂറ്റാണ്ടുകളിൽ നടന്ന നരഭോജനത്തിന്റെ കഥകൾ ലഭ്യമാണ്. അതിജീവന സമ്മർദങ്ങൾക്ക് വഴങ്ങി ഇരുപതാം നൂറ്റാണ്ടിൽപ്പോലും മനുഷ്യർ നരമാംസം ഭക്ഷിച്ചതായ തെളിവുകളുണ്ട്; നിയാണ്ടർത്താലുകൾ നരഭോജനം നടത്തിയിരുന്നതായി എലിസബേത് ക്യുലോട്ട (Elizabeth Culotta, 1999) പറയുന്നു. ഫ്രാൻസിൽ കിട്ടിയ അനേകം അസ്ഥികളിൽ നടത്തിയ പഠനങ്ങളാണ് ഈ അനുമാനത്തിൽ എത്തിച്ചത്. ഫെർണാണ്ടോ റോട്ട്സി (Fernando Rozzi) പറയുന്നത് നമ്മുടെ പൂർവികരായ മനുഷ്യരും നിയാണ്ടെർത്തലുകളെ കൊന്നുതിന്നതായ തെളിവുകളുണ്ടെന്നാണ്. ആധുനിക മനുഷ്യരിലെ മസ്തിഷ്കം മനുഷ്യ മാംസം ഭക്ഷിക്കുന്നതിനെതിരെ പ്രവർത്തിക്കുന്നതായി അനുമാനിക്കപ്പെടുന്നു. മനുഷ്യമാംസം ഭക്ഷിക്കുന്നത് ഒരുതരത്തിലും അംഗീകരിക്കാനാവില്ലെന്ന് ഭൂരിപക്ഷംപേരും കരുതുന്നു.

യുദ്ധങ്ങളിലും കെടുതികളിലും നരഭോജനം നടക്കാറുണ്ട്; അതിനെ ശക്തമായി സമൂഹവും സർക്കാരുകളും എതിർക്കാറുമുണ്ട്. ലൈബീരിയ, കോംഗോ ജനാധിപത്യ റിപ്പബ്ലിക് എന്നിവിടങ്ങളിൽ നടന്ന നരഭോജനം അന്താരാഷ്ട്ര സമൂഹവും ഐക്യരാഷ്ട്ര സഭയും അപലപിച്ചത് ഈ നൂറ്റാണ്ടിൽത്തന്നെയാണ്. അനുഷ്ഠാനപരമായ നരമാംസഭോജനം എന്തായാലും പൊതുസമൂഹത്തെ അലോസരപ്പെടുത്തുന്നതായി കാണാതെ വയ്യാ.. പാപുവ ന്യൂഗിനീ എന്ന ശാന്തസമുദ്ര ദ്വീപുകളിൽ ഭാഗിക നരഭോജനം ആചാരമായി നടന്നിരുന്നു. ആത്മാവിനെ സ്വതന്ത്രമാക്കാൻ മരണപ്പെട്ട വ്യക്തിയുടെ മസ്തിഷ്കം ഭക്ഷിക്കുക എന്നതായിരുന്നു ആചാരം. ഇതിനുള്ള അവകാശം സ്ത്രീകൾക്ക് മാത്രമായിരുന്നു. മസ്തിഷ്കം ഭക്ഷിക്കുന്ന സ്ത്രീകൾക്കൊപ്പം കുട്ടികൾ ഉണ്ടെങ്കിൽ അവരും ഭക്ഷിക്കാറുണ്ടായിരുന്നു. മസ്തിഷ്ക കോശങ്ങൾ ക്രമേണ കേടാവുകയും മാംസപേശികളുടെ നിയന്ത്രണം നഷ്ടപ്പെടുയും ചെയ്യുന്ന വിചിത്ര രോഗം കണ്ടുവന്നതോടെ ദ്വീപ് ലോകശ്രദ്ധ ആകർഷിച്ചു. ദ്വീപിൽ കറു (Kuru) എന്നറിയപ്പെട്ടിരുന്ന രോഗം ബാധിച്ചവർ ഏതാനും വർഷങ്ങൾക്കുള്ളിൽ മരണപ്പെട്ടു. ഡാനിയേൽ കാൾട്ടൻ ഗാജ് സെക് (Daniel Carleton Gajdusek) ഈ വിചിത്ര രോഗത്തെ പിന്തുടർന്ന് ദ്വീപിലെത്തി പരീക്ഷണങ്ങൾ തുടങ്ങി. അദ്ദേഹത്തിന്റെ ശ്രമഫലമായി ഇതൊരു ആർജിത രോഗമാണെന്നും സെറിബെല്ലം ഉൾപ്പടെയുള്ള നാഡീ കേന്ദ്രങ്ങൾ നശിച്ചുപോകുന്നതായും കണ്ടെത്തുകയുണ്ടായി. രോഗകാരണം ഇതുവരെ നമുക്ക് പരിചിതമല്ലാത്ത വൈറസ് ആകാനിടയുണ്ടെന്നും സ്ത്രീകൾ മസ്തിഷ്കം ഭക്ഷിക്കുന്നതിനാലാണ് അതുണ്ടാകുന്നതെന്നും അദ്ദേഹത്തിന് സ്ഥാപിക്കാനായി. സുപ്രധാനമായ ഈ കണ്ടെത്തലിന് 1976 ലെ നൊബേൽ പുരസ്കാരം ലഭിച്ചു.

ടെക്നോസമൂഹം

വിവിധ സമൂഹങ്ങളെ കാണുന്നതും പഠിക്കുന്നതും അവരുടെ സാംസ്കാരിക വൈവിധ്യത്തെ അംഗീകരിച്ചുകൊണ്ടാകണം എന്ന തത്വം നരവംശശാസ്ത്രം സമ്മതിക്കുന്നു. സാംസ്കാരിക ഭൂപടത്തിൽ വ്യത്യസ്ത ജീവിത, ആചാര രീതികളുണ്ടാകുന്നതും ശരിതന്നെ. സാംസ്കാരിക ആപേക്ഷികത്വം (cultural relativism) എന്ന ആശയത്തിന്റെ പരിധികൾ നിർണ്ണയിക്കുന്നതിൽ നരമാംസഭോജനം വെല്ലുവിളി ഉയർത്തുന്നു. ശരീരഭാഗങ്ങൾ ആചാരപൂർവം ഭക്ഷിക്കുന്നത് അനുവദിക്കാൻ മനുഷ്യരുടെ സാമൂഹിക പെരുമാറ്റ രീതികൾ ഇനിയും കഴിയുന്നില്ല. എന്നാൽ, പുതിയ കാലത്ത് ഇത് മറ്റുചില ചർച്ചകളിലേയ്ക്ക് നയിക്കുന്നുണ്ട്.

മാംസാഹാരങ്ങൾ പരീക്ഷണശാലകളിൽ ഉൽപാദിപ്പിക്കാമെന്ന നിലയിലേയ്ക്ക് ശാസ്ത്രം വളർന്നിരിക്കുന്നു. ഇത് വാണിജ്യാടിസ്ഥാനത്തിലേക്ക് വളരാൻ ഇനിയും സമയം വേണമെന്നത് ശരിതന്നെ. അടുത്ത ഏതാനും ദശകങ്ങൾ കഴിഞ്ഞാൽ ഫാക്ടറിയിൽ വികസിപ്പിച്ച മാംസം ലഭ്യമാകാനുള്ള സാധ്യത തള്ളിക്കളയുന്നില്ല. ഇത് മറ്റൊരു വിവാദത്തിലേക്ക് നയിക്കുന്നു. ഇപ്പോൾ ഭക്ഷണത്തിനുപയോഗിക്കുന്ന മൃഗമാംസങ്ങൾ കൃത്രിമമായി ഉൽപാദിപ്പിക്കുന്നത് അംഗീകരിക്കാമെങ്കിൽ ഇതേ ടെക്നോളജി മനുഷ്യമാംസം ഉൽപാദിപ്പിക്കാൻ ഉപയോഗിക്കില്ലെന്നാരു കണ്ടു? റിച്ച് വേർഡ്സ്വർത്ത് (Rich Words- worth) “മനുഷ്യരെ ഭക്ഷിക്കുന്നതിൽ എന്താണ് തെറ്റ്?’ എന്ന ചോദ്യമുയർത്തുന്നു. മനുഷ്യരുടെ രക്തം, കോശങ്ങൾ, എന്നിവ വൈദ്യശാസ്ത്രത്തിൽ ഉപയോഗിക്കുകയും ചെയ്യുന്നു. ബിൽ ഷൂട്ട് (Bill Schutt, Eat Me: A Natural and Unnatural History of Cannibalism) നരമാംസഭോജനത്തിന്റെ ചരിത്രവഴികൾ വിശദീകരിക്കുന്നു. ശരീരഭാഗങ്ങൾ ഭക്ഷണമാക്കുന്നത് അടുത്തകാലം വരെ അപൂർവമല്ലായിരുന്നു എന്നകാര്യമാണ് പുസ്തകം പറഞ്ഞുവെയ്ക്കുന്നത്. എന്നാൽ, കോർത് വൻ മെൻസ്യൂട് (Koert Van Mens voort, The In Vitro Meat Cookbook) രചിച്ച പരീക്ഷണശാലയിലെ പാചക പുസ്തകം പുതിയ സാധ്യതകളിലേയ്ക്ക് നമ്മുടെ ശ്രദ്ധയാകർഷിക്കുന്നു. പുസ്തകത്തിലെ വിഭവങ്ങൾ ഒന്നു പോലും ഇപ്പോൾ ലഭ്യമല്ല; അടുത്ത ഭാവിയിൽ ഉണ്ടായിക്കൂടെന്നുമില്ല. മൃഗങ്ങളുടെ കോശങ്ങളിൽ നിന്ന് മാംസം വികസിപ്പിച്ചെടുത്തു ഭക്ഷണമാക്കുക എന്നതാണ് പുസ്തകം പറയുന്നത്. ഈ സാധ്യതയുമായി നമ്മെ പൊരുത്തപ്പെടുത്തുന്നു എന്നതും പുസ്തകം ചെയ്യുന്ന ധർമ്മമാണ്. ഇതേ രീതിയിൽ മനുഷ്യകോശങ്ങളിൽ നിന്നും മാംസാഹാരം വികസിപ്പിച്ചു നമ്മുടെ പാത്രങ്ങളിൽ എത്തിക്കാമെന്നും പുസ്തകം പറയുന്നു. ഇപ്രകാരം തയ്യാറാക്കിയ വിഭവങ്ങൾ സെലിബ്രിറ്റികളുടെ കോശങ്ങളിൽ നിന്നുമാകാമല്ലോ. പാപുവ ന്യൂഗിനി ദ്വീപിലെ ഭക്ഷണരീതിയെ അംഗീകരിക്കാത്ത നാം പുതിയ സാങ്കേതിക കാലത്ത് എന്ത് നിലപാടുകൾ സ്വീകരിക്കും?

പല വികസിത രാജ്യങ്ങളിലും പ്രസവത്തിനു ശേഷം പുറന്തള്ളുന്ന പ്ലാസെന്റ് (മറുപിള്ള) ഭക്ഷണമാക്കുന്നത് ഫാഷൻ ആയി വരുന്നതും നമ്മിൽ ഒളിഞ്ഞിരിക്കുന്ന നരഭോജനത്തിന്റെ ഓർമ്മകളുമായി ബന്ധമുണ്ടോ എന്നറിയില്ല, പ്ലാസെന്റ ഭക്ഷിക്കുന്നത് ഗുൺപരമല്ല എന്ന് ഗുമയോ ക്ലിനിക് പോലെ പല സ്ഥാപനങ്ങളും പറയുന്നുണ്ട്. ബേണിഷെക്, ചീനി എന്നീ ഗവേഷകർ (Daniel C Beny-shek, Melissa Cheyney) പ്ലാസെന്റ ഭാഗികമായെങ്കിലും ഭക്ഷിക്കുന്നത് അപൂർവമല്ല എന്ന് കണ്ടെത്തി. അവർ പരിശോധിച്ച 23242 പ്രസവങ്ങളിൽ 30% പേരും ഏതെങ്കിലും രീതിയിൽ പ്ലാസെന്റ ഭക്ഷ്യ വിഭവമാക്കിയിരുന്നു. ഇതിന് എന്തെങ്കിലും ഗുണമുണ്ടെന്ന് ശാസ്ത്രീയമായി ഇനിയും തെളിയിക്കപ്പെട്ടിട്ടില്ലെന്നതും ശ്രദ്ധേയമാണ്. അതായത്, വിശ്വാസമാണ് ഇതിനു പിന്നിൽ എന്നുതന്നെ പറയേണ്ടിവരുന്നു.

ആചാരാനുഷ്ഠാനങ്ങളുമായി ബന്ധപ്പെട്ട കൊലപാതകം, നരമാംസഭോജനം എന്നിവ പുരാതനകാലം മുതൽക്കേ നമ്മോടൊപ്പമുണ്ടായിരുന്നു. ഇന്നത്തെ ടെക്നോയുഗത്തിൽ പഴയ ആചാരങ്ങളെ നാം തള്ളിക്കളയുന്നു. പുതിയ ആശയങ്ങൾ കടന്നുവരുന്നത് നാം കാണാതിരുന്നുകൂടാ. അതിനുപിന്നിൽ പ്രവർത്തിക്കുന്ന സാംസ്കാരികവും മാനസ്സികവുമായ വശങ്ങൾ പഠന വിധേയമാകുകയും വേണം.

അവതരണം കാണാം


ശാസ്ത്രഗതി മാസിക ഓൺലൈനായി വരിചേരാം..


References

1. https://en.wikipedia.org/wiki/Burari_deaths
2. https://en.wikipedia.org/wiki/Folie_% C3�_deux
3. José, M S; Mary S: Shared Psychotic disorders, A Critical Review of Literature; Apr 2017; Canadian Jour of Psychuatry
4. Paulhus, D L; Williams KL: The Dark Triad of Personality Narcissism, – Machiavellianism, and psychopathy: Dec 2002; Jour. of Research in Persona- lity
5. Amos, B; Longpré, N; de Roos, M: The Dark Triad of Personality: Attitudes and Beliefs Towards White-Collar Crime: Aug 2022; Jour of White Collar and Corporate Crime
6. Culotta, E; Neanderthals Were Canni- bals: Sept 1999 – Science News (doi: 10.1126/article.38152)
7. https://en.wikipedia.org/wiki/Human_ cannibalism
8. Wordsworth, R: What’s wrong with eating people? – https://www.wired. co.uk/article/lab-grown-human-meat- cannibalism
9. Benyshek, D C: Cheyney, M et al., Placentophagy among women planning community births in the United States: Frequency, rationale, and associated neonatal outcomes (2018): DOI: 10.1111/ birt. 12354


മാനസികാരോഗ്യം

മാനസികാരോഗ്യവുമായി ബന്ധപ്പെട്ട് ലൂക്ക ഇതേവരെ പ്രസിദ്ധീകരിച്ച ലേഖനങ്ങൾ വായിക്കാം

Happy
Happy
0 %
Sad
Sad
0 %
Excited
Excited
100 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post വാക്കുകൾ ആസ്വദിച്ച മനുഷ്യൻ
Next post 2023 മാർച്ചിലെ ആകാശം
Close